മാനവ സാഹോദര്യവും മതസൗഹാര്‍ദ്ദവും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാഴ്ചപ്പാടുകള്‍

മാനവ സാഹോദര്യവും മതസൗഹാര്‍ദ്ദവും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാഴ്ചപ്പാടുകള്‍

ഡോ. സക്കറിയാസ് പറനിലം

യുഗപരിവര്‍ത്തന ശേഷിയുള്ളതാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഈയിടെ പ്രസിദ്ധീകരിച്ച ചാക്രിക ലേഖനമായ "ഫ്രത്തെല്ലി തൂത്തി" (സകലരും സഹോദരര്‍). പരിസ്ഥിതി പ്രാധാന്യമുള്ള "അങ്ങേയ്ക്ക് സ്തുതി" (2015) യുടെ തുടര്‍ച്ചയാണിത്. ചരിത്രമായി മാറിയ "മാനവ സാഹോദര്യം" (Human Fraternity for World Peace and Living Together) എന്ന മതാന്തര രേഖ "ഫ്രാത്തെല്ലി തൂത്തി"യ്ക്ക് വഴി തെളിച്ചു. ഈജിപ്തിലെ ഗ്രാന്റ് ഇമാമും ഫ്രാന്‍സിസ് മാര്‍പാപ്പയും അബുദാബിയില്‍ വച്ചാണ് ഈ രേഖ സംയുക്തമായി 2019-ല്‍ പ്രസിദ്ധീകരിച്ചത്. മതാന്തര രേഖയും ചാക്രിക ലേഖനവും ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും കത്തോലിക്കാസഭയുടെയും മതാ ന്തര നിലപാട് വ്യക്തമാക്കുന്നു. ചാക്രിക ലേഖനത്തിന്റെ 8-ാം അധ്യായം ഇങ്ങനെയാണ്: "മതങ്ങള്‍ സാഹോദര്യത്തിന്" (Religion at the service of Fraternity in our world).

1) മതങ്ങള്‍ മനുഷ്യനുവേണ്ടി

ക്രിസ്തുമതത്തേയും ഇതര മതങ്ങളെയും ഒന്നിച്ചു കണ്ടുകൊണ്ട് എഡ്വേര്‍ഡ് സ്‌കില്ലെബെക്‌സ് പറയുന്നു, "മനുഷ്യര്‍ ചരിത്രത്തിലെ ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ട് ബോധവാന്മാരും ബോധവതികളുമാകുന്ന ഇട ങ്ങളാണ് മതങ്ങള്‍" (Church, The Human Story of God p.12, 1989). ക്രിസ്തു മതത്തിന്റെ തനിമയെക്കുറിച്ച് ചാക്രിക ലേഖനം പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട് (നമ്പര്‍ 277-279). എന്നാല്‍ ഇതര മതങ്ങളേയും സഭയേയും ചാക്രിക ലേഖനം പലപ്പോഴും ഒന്നിച്ച് മതമായി കാണുന്നു.
മതം എന്താണെന്നും എന്തല്ലെന്നും ചാക്രിക ലേഖനം ചര്‍ച്ച ചെയ്യുന്നുണ്ട്. ജീവന്റെ വിശുദ്ധിയും, ഇതരരുടെ മഹത്വവും സ്വാതന്ത്ര്യവും ആദരിക്കുന്നതിലും എല്ലാവരുടെയും ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരാകുന്നതിലുമാണ് ആത്മാര്‍ത്ഥമായ ദൈവാരാധന; വിവേചന, വിദ്വേഷം, അക്രമം തുടങ്ങിയവയിലല്ല (നമ്പര്‍ 283). മനുഷ്യരെ സ്‌നേഹിക്കാത്തവന്‍ ദൈവത്തെ സ്‌നേഹിക്കുന്നില്ല (1 യോഹ. 4:8) ഭീകരതയും അക്രമവും മതത്തിന്റെ പേരിലാകുമ്പോള്‍ കൂടുതലായും അപലപനീയം.
മതം മനുഷ്യര്‍ക്കുവേണ്ടിയാണ്. അവരെയെല്ലാം ദൈവത്തിന്റെ സൃഷ്ടികളായി അത് തിരിച്ചറിയുന്നു. സമൂഹത്തില്‍ സാഹോദര്യം സൃഷ്ടിക്കാനും നീതി സംരക്ഷിക്കാനും സാരമായ സംഭാവന നല്കാന്‍ മതത്തിനു കഴിയും (നമ്പര്‍ 271).
ഇന്നത്തെ ദുരന്തങ്ങളുടെ അവഗണിക്കാനാകാത്ത ഒരു കാരണമായി ചാക്രികലേഖനം കാണുന്നത് മതമൂല്യങ്ങളില്‍ നിന്നുള്ള അകല്‍ച്ചയും, തല്‍ഫലമായുള്ള മനസ്സാക്ഷിയുടെ മരവിപ്പുമാണ് (desensitised human conscience). നൂറ്റാണ്ടുകളുടെ അനുഭവത്തിന്റെയും വിജ്ഞാനത്തിന്റെയും കലവറകളാണ് മതപാരമ്പര്യങ്ങള്‍. മതാന്തര പശ്ചാത്തലത്തില്‍ ക്രിസ്തു മതം എന്തായിരിക്കണമെന്ന മാര്‍പാപ്പയുടെ സ്വപ്നം ഇങ്ങനെ ഇതള്‍ വിടര്‍ത്തുന്നു: യേശു മുന്‍ഗണന കൊടുത്ത പാവപ്പെട്ടവര്‍ക്കു വേണ്ടിയും യേശുവിന് ജീവിത സാക്ഷ്യം നല്കുന്നതിനു വേണ്ടി യുമാണ് സഭ പ്രവര്‍ത്തിക്കേണ്ടത്. വാതിലുകള്‍ തുറന്ന് സൂക്ഷിക്കുന്ന ഭവനമാകണം സഭ. ഒരു സേവന സമൂഹമായി, ഇതരരുടെ കൂടെ സഞ്ചരിച്ച് ഐക്യത്തിന്റെ അടയാളമായി… പാലം പണിയാന്‍, മതിലുകള്‍ അനാവശ്യമാ ക്കാന്‍, അനുരഞ്ജനത്തിന്റെ വിത്ത് പാകാന്‍ ക്രൈസ്തവ സഭ പൊതുജീവിതത്തില്‍ ഇടപെടണം.

2) ഡയലോഗിന്റെ സംസ്‌കാരം

മതനേതാക്കള്‍ വിളിക്കപ്പെട്ടിരിക്കുന്നത് യഥാര്‍ത്ഥ ഡയലോഗ് വ്യക്തികളാകാനാണ് (people of dialogue). അവര്‍ കേവലം ഇടനി ലക്കാരല്ല (Intermediaries) മറിച്ച് അനുരഞ്ജകരാണ് (Mediators). സമാധാനമാണ് മുഖ്യനേട്ടമെന്ന് അറിഞ്ഞുകൊണ്ട് സകലതും ത്യജിച്ച് അതിന്റെ ശില്പികളാകുന്ന വരാണ് അനുരഞ്ജകര്‍; എന്തു വിലകൊടുത്തും വിദ്വേഷാഗ്നി കെടുത്തി സമാധാനപാത തുറക്കുന്നവര്‍.
മതാന്തര സംഭാഷണത്തെ കേവലം നയതന്ത്രമായി കണ്ടുകൂടാ. ഭാരതീയ മെത്രാന്മാരുടെ വാക്കുകള്‍ കടമെടുത്തുകൊണ്ട് "സത്യത്തിന്റെയും സ്‌നേഹത്തിന്റെയും അടിസ്ഥാനത്തില്‍ സൗഹൃദവും സമാധാനവും സഹകരണവും സ്ഥാപിക്കാനും ആത്മീയവും ധാര്‍മ്മികവുമായ മൂല്യങ്ങളും അനുഭവങ്ങളും പരസ്പരം പങ്കുവയ്ക്കാനുമാണ് മതസംഭാഷണം" (CBCI, 2016) എന്ന് ചാക്രികലേഖനം പറയുന്നു.

മതം മനുഷ്യര്‍ക്കുവേണ്ടിയാണ്. അവരെയെല്ലാം
ദൈവത്തിന്റെ
സൃഷ്ടികളായി അത് തിരിച്ചറിയുന്നു.
സമൂഹത്തില്‍ സാഹോദര്യം

സൃഷ്ടിക്കാനും നീതി സംരക്ഷിക്കാനും സാരമായ
സംഭാവന നല്കാന്‍ മതത്തിനു കഴിയും.


സംഭാഷണത്തിനുവേണ്ടി മതങ്ങള്‍ തനിമ മറച്ചുവയ്‌ക്കേണ്ടതില്ല. മതതനിമ യഥാര്‍ത്ഥ സത്തയില്‍ നിന്നുള്ളതെങ്കില്‍, മൗലിക വാദപരമല്ലെങ്കില്‍, പങ്കാളികള്‍ക്ക് ധന്യത പകരും. മതേതര ബന്ധത്തില്‍ സംഭാഷണ സംസ്‌കാരത്തെ പാതയായും സഹകരണത്തെ പ്രവര്‍ത്തനനിയമമായും പരസ്പരധാരണയെ രീതി (method) യും പതാകയുമായിട്ടും സ്വീകരിക്കണമെന്ന് ചാക്രികലേഖനം പ്രഖ്യാപിക്കുന്നു (നമ്പര്‍ 285).

3) ബഹുസ്വരതയുടെ മഹത്വം

മതങ്ങളുടെ ബഹുത്വത്തെക്കുറിച്ചും വൈവിധ്യത്തെക്കുറിച്ചും മുന്‍സൂചിപ്പിച്ച രേഖയില്‍ ഫ്രാന്‍സിസ് പാപ്പായും ഗ്രാന്റ് ഇമാമും പറഞ്ഞിരിക്കുന്നത് ഇതരമത ദൈവശാസ്ത്രത്തെ ഭാവിയില്‍ ഗുണ കരമായി വളര്‍ത്തും. "മതങ്ങളുടെ ബഹുത്വവും വൈവിധ്യവും ദൈവം തന്നെ ആഗ്രഹിച്ചതാണ്" (The pluralism and the diversity of religions are willed by God in his wisdom through which he created human beings). ഈ ദൈവികജ്ഞാനം മതസ്വാതന്ത്ര്യത്തിന്റെ സ്രോതസ്സാണ്. ഏതെങ്കിലും മതം ആരുടെയെങ്കിലും മേല്‍ അടിച്ചേ ല്പ്പിക്കുന്നത് അനീതിയും സ്‌നേ ഹരാഹിത്യവുമാകും.
മതപരിവര്‍ത്തനത്തെയും ഇത രമതങ്ങളുമായുള്ള ബന്ധത്തെയും കുറിച്ചുള്ള സ്‌കാള്‍ഫാരിയുടെ ചോദ്യത്തിന് പാപ്പാ കൊടുത്ത മറുപടി (2013 ഒക്‌ടോബര്‍ 18) ചാക്രികലേഖനത്തിന്റെ പശ്ചാത്തലത്തില്‍ പ്രസക്തമാണ്: "സഭ ജീവന്റേയും സ്‌നേഹത്തിന്റേയും പുളി മാവായിരിക്കണം… മതപരിവര്‍ത്തനം ചെയ്യിക്കുകയല്ല ലക്ഷ്യം. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സ്വപ്നം കണ്ടതായ ആധുനിക സംസ്‌കാരത്തിലേക്ക് പ്രവേശിക്കുക എന്നതിന്റെ അര്‍ത്ഥം മതസൗഹാര്‍ദ്ദവും സഭൈക്യവും അവിശ്വാസികളുമായുള്ള സംഭാഷണവുമാണ്." പ്രേഷിത പ്രവര്‍ത്തനം അപ്രസക്തമാവുന്നില്ല. അതിന്റെ രീതിശാസ്ത്രവും കാഴ്ചപ്പാടുകളും ദൈവിക വെളിപാടിനും കാലത്തിനും അനുസൃതമാക്കേണ്ടതുണ്ട്. മെച്ചപ്പെട്ട സമൂഹത്തെ മെനയുന്നതിന് ആവശ്യമായ ആത്മീയ ഊര്‍ജ്ജം ഉണര്‍ത്താന്‍ ഇതരമതങ്ങളോട് ചേര്‍ന്ന് സഭ കര്‍മ്മോത്സുകയാകണം. ക്രിസ്തീയ തനിമയായ "സുവിശേഷത്തിന്റെ സംഗീ തം" (the music of Gospel) അനു കമ്പയുടെ ആനന്ദവും പരസ്പര വിശ്വാസത്തില്‍നിന്ന് വിടരുന്ന സ്‌നേഹവും അനുരഞ്ജനത്തി നുള്ള ഊര്‍ജ്ജവും നല്കുന്നു (No. 277).

4) ഇതരമത ദൈവശാസ്ത്രം

ക്രൈസ്തവസഭയ്ക്ക് ഇതര മതങ്ങളോടുള്ള സമീപനം എന്താ യിരിക്കണമെന്ന് പഠിക്കുന്ന ദൈ വശാസ്ത്രശാഖയാണ് ഇതരമത ദൈവശാസ്ത്രം (Theology of religions). ഈ വിഷയത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ ഗണ്യമായ മുന്നേറ്റമാണുണ്ടായത്. പുതിയ തുറവി ഗുണകരമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മത വൈവിധ്യത്തെ ദൈവികപദ്ധതിയായി ഫ്രാന്‍സിസ് മാര്‍പാപ്പ കാണുന്നുവെന്ന കാര്യം സൂചിപ്പിക്കുകയുണ്ടായല്ലോ. ഇതരമതങ്ങള്‍ അവരവരുടെ ഉറവിടങ്ങളില്‍ നിന്ന് ഊര്‍ജ്ജവും വെളിച്ചവും നേടും എന്നതാണ് നിലപാട്: "Others drink from other sources." മതങ്ങളെക്കുറിച്ച് സംയുക്തമായി പരാമര്‍ശിക്കുന്ന പലയിടത്തും ക്രിസ്തുമതത്തെ മാത്രമല്ല ഇതര മതങ്ങളേയും ഭാവാത്മകമായാണ് ചാക്രികലേഖനം പരിഗണിക്കുന്നത്. ഇതര മതങ്ങളെക്കുറിച്ച് സവിശേഷമായി പറയുന്നിടത്ത് അവയില്‍ "ദൈവം പ്രവര്‍ത്തിക്കുന്നു" എന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇതര മതങ്ങളില്‍ സത്യവും വിശുദ്ധവുമായ പലതുമുണ്ടെന്നും അവരുടെ ധാര്‍മ്മിക കല്പനകളിലും വിശ്വാസ പ്രമാണങ്ങളിലും ദൈവികവെളിച്ചം പ്രതിഫലിക്കുന്നുവെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറഞ്ഞിട്ടുള്ളതാണ് (N.A.2).

5) ശാന്തിതീരത്ത് ഭീകരത

ആത്മാര്‍ത്ഥമായ മതജീവിതം വിവേചനവും, വിദ്വേഷവും അക്ര മവും അല്ല; ജീവന്റെ വിശുദ്ധിയോടും സ്വാതന്ത്ര്യത്തിന്റെ മഹത്വത്തോടും ആദരവു കാട്ടുകയും എല്ലാവരുടെയും ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയുമാണ്. മത ബോധ്യങ്ങളില്‍ അക്രമത്തിന് സ്ഥാനമില്ല. മതങ്ങളുടെ സമാധാനത്തിലുള്ള തീര്‍ത്ഥയാത്ര സാധ്യമാണ്. ഇത് തിരിച്ചറിയാന്‍ യഥാര്‍ത്ഥമായ ദൈവാന്വേഷണം സഹായിക്കുന്നുണ്ട്. ഈ ശാന്തിതീരത്ത് ഭീകരതയും അക്രമവും കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ചാക്രികലേഖനം അതിന്റെ കാരണങ്ങള്‍ കണ്ടെത്തുകയും പ്രതിവിധികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു (നമ്പര്‍ 281-285). വിശപ്പ്, ദാരിദ്ര്യം, അനീതി, അഭിമാനം തുടങ്ങിയവയോട് ബന്ധപ്പെട്ട തെറ്റായ നയങ്ങള്‍ (നമ്പര്‍ 283) ഭീകരതയ്ക്കും അക്രമങ്ങള്‍ക്കും കാരണമാകാറുണ്ട്. ഭീകരപ്രവര്‍ത്തനങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതും യുദ്ധോപകരണങ്ങളും സാങ്കേതിക വിദ്യകളും വിതരണം ചെയ്യുന്നതും ഭീകരതയെ മാധ്യമങ്ങളിലൂടെ നീതീകരിക്കുന്നതുമൊക്കെ അന്തര്‍ദേശീയ കുറ്റങ്ങളായി പരിഗണിക്കണം. ക്രിസ്തുമതത്തി ലുള്‍പ്പെടെയുള്ള മൗലികവാദ പ്രവണതയെയാണ് മതസൗഹാര്‍ദ്ദ ത്തിനെതിരായ മുഖ്യഭീഷണിയായി ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാട്ടുന്നത് (സുവിശേഷത്തിന്റെ സന്തോഷം, നമ്പര്‍ 250, 2013). മൗലികവാദം തീവ്രവാദവും, അക്രമവുമായി മാറുന്നു.
മതകാര്യങ്ങളുടെ തെറ്റായ വ്യാഖ്യാനമാണ് മതത്തിന്റെ പേരിലുള്ള തിന്മകള്‍ക്ക് മുഖ്യകാരണം. മതത്തിന്റെ പേരിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ മതഗ്രന്ഥങ്ങളുടെ തെറ്റായ വ്യാഖ്യാനത്തിന്റെ ഫലമാണ്. ഇക്കാര്യത്തിന് ഗ്രാന്റ് ഇമാമിനോട് ചേര്‍ന്ന് പ്രസിദ്ധീകരിച്ച രേഖയില്‍ നിന്ന് ഉദ്ധരിച്ചുകൊണ്ട് ചാക്രിക ലേഖനം വീണ്ടും അടിവരയിടുന്നു, മനുഷ്യഹൃദയങ്ങളിലുള്ള മതവികാരങ്ങളുടെ ശക്തി ദുരുപയോഗപ്പെടുത്തിക്കൊണ്ട് മുതലെടുപ്പ് നടത്തുന്ന ചില മതഗ്രൂപ്പുകളുടെ തെറ്റായ വ്യാഖ്യാന ഫലങ്ങളാണ് മതങ്ങളുടെ പേരില്‍ അരങ്ങേറുന്ന യുദ്ധങ്ങളും ശത്രുതയും തീവ്രവാദവും.
യഥാര്‍ത്ഥമായ ഈശ്വരഭക്തിയുടെ ഫലമല്ല ഭീകരതയെന്ന് ചാക്രികലേഖനം വചനാധിഷ്ഠിതമായി സ്ഥാപിക്കുന്നു: "സ്‌നേഹിക്കാത്തയാള്‍ ദൈവത്തെ അറിയുന്നില്ല എന്തെന്നാല്‍ ദൈവം സ്‌നേഹ മാകുന്നു" (1 യോഹ. 4:8).
മതഗ്രന്ഥങ്ങളും, ആചാരാനു ഷ്ഠാനങ്ങളും വ്യാഖ്യാനിക്കപ്പെടണം എന്നുള്ളതാണ് ആദ്യപടി. അവയില്‍ ചിലത് അക്ഷരാര്‍ത്ഥത്തിലോ പ്രത്യക്ഷാര്‍ത്ഥത്തിലോ സ്വീകരിക്കാനുദ്ദേശിക്കപ്പെട്ടിട്ടില്ല. അങ്ങനെ സ്വീകരിക്കുന്നത് അക്രമങ്ങള്‍ക്ക് കാരണമാകാറുണ്ട്. വ്യാഖ്യാനം (Hermeneutics) സത്യ സന്ധവും ശാസ്ത്രീയവുമാകണം. അതിന് പരിഗണിക്കേണ്ട പലതുണ്ട്. പാരമ്പര്യത്തിന്റെ ആരംഭചരിത്രവും ഗ്രന്ഥത്തിന്റെ രചനാകാല പ്രത്യേകതകളുമൊക്കെ പരിഗണി ക്കേണ്ടിവരും. ഇവിടെ വിശ്വാസഭാഷയും (Language of faith) മറ്റു ഭാഷയും തമ്മിലുള്ള വ്യത്യാസവും കണക്കിലെടുക്കണം. ശരിയായ ആകമാന സന്ദേശത്തിന് നിരക്കുന്ന വിധത്തിലാകണം മറ്റു ഭാഗങ്ങളുടെ വ്യാഖ്യാനം. ഇതുപോലുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ച് ശരിയെന്നു കരുതാവുന്ന സന്ദേശം കണ്ടുപിടിച്ചാലും സത്യം മറച്ചുവയ്ക്കുന്നതി നുള്ള പ്രലോഭനം പ്രതീക്ഷിക്കണം. ഇതില്‍ വീഴുന്നത് അക്രമത്തിന് തിരികൊളുത്തും.
മതദര്‍ശനവും മതാന്തരസംഭാഷണവും ബഹുസ്വരതയും, ഇതരമത ദൈവശാസ്ത്രവും മതത്തിന്റെ പേരിലുള്ള ഭീകരത ഇല്ലായ്മ ചെയ്യാനുള്ള മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യുന്ന മാര്‍പാപ്പയുടെ സംഭാവന മാനവ സാഹോദര്യവും മത സൗഹാര്‍ദ്ദവും വളര്‍ത്താതിരിക്കില്ല.

(KCBCയുടെ മതാന്തരസംഭാഷണ കമ്മീഷന്റെ സെക്രട്ടറിയും POCയുടെ ഡയറക്ടറും, KCB ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്നു ലേഖകന്‍.)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org