ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇടയന്മാര്‍ക്ക് ഫ്രാന്‍സിസ് പാപ്പയുടെ അഷ്ടഭാഗ്യങ്ങള്‍

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഇടയന്മാര്‍ക്ക് ഫ്രാന്‍സിസ് പാപ്പയുടെ അഷ്ടഭാഗ്യങ്ങള്‍
  • ദാരിദ്ര്യവും പങ്കുവയ്ക്കലും തന്റെ ജീവിതശൈലി യാക്കുന്ന മെത്രാന്‍മാര്‍ അനുഗൃഹീതര്‍, എന്തെന്നാല്‍ അവരുടെ സാക്ഷ്യം ദൈവരാജ്യം പടുത്തുയര്‍ത്തുന്നു.

  • കണ്ണീരൊഴുക്കാന്‍ ഭയപ്പെടാത്ത മെത്രാന്‍മാര്‍ അനുഗൃഹീതര്‍, എന്തെന്നാല്‍ ജനത്തിന്റെ ദുഃഖവും വൈദികരുടെ അദ്ധ്വാനവും അവരില്‍ പ്രതിഫലിക്കുന്നു, സഹിക്കുന്നവരെ ആശ്ലേഷിക്കുമ്പോള്‍ അവര്‍ ദൈവത്തിന്റെ സമാശ്വാസം കണ്ടെത്തുന്നു.

  • തന്റെ ശുശ്രൂഷയെ അധികാരമായിട്ടല്ല, സേവനമായി കാണുന്ന, ബലഹീനതയെ ബലമാക്കുന്ന, ഹൃദയത്തില്‍ എല്ലാവര്‍ക്കും ഇടമേകുന്ന മെത്രാന്മാര്‍ അനുഗൃഹീതര്‍.

  • ഭരണമന്ദിരങ്ങളില്‍ സ്വയം അടച്ചു പൂട്ടാത്ത, മുഖങ്ങളേക്കാള്‍ കണക്കുകള്‍ക്കും ജീവിതകഥകളേക്കാള്‍ നടപടിക്രമങ്ങള്‍ക്കും ശ്രദ്ധ കൊടുക്കുന്ന ഉദ്യോഗസ്ഥമേധാവിയാകാത്ത, ദൈവത്തിന്റെ നീതിയെന്ന സ്വപ്നത്തിനായി മനുഷ്യര്‍ക്കൊപ്പം പോരാടുന്ന മെത്രാന്മാര്‍ അനുഗൃഹീതര്‍. എന്തുകൊണ്ടെന്നാല്‍, അനുദിന പ്രാര്‍ത്ഥനയുടെ നിശബ്ദതയില്‍ കണ്ടുമുട്ടുന്ന ദൈവം അവരെ പോഷിപ്പിക്കും.

  • ലോകത്തിന്റെ ദുരിതത്തില്‍ ഹൃദയാലുവാകുന്ന മെത്രാന്മാര്‍ അനുഗൃഹീതര്‍. എന്തുകൊണ്ടെന്നാല്‍, ദൈവത്തിന്റെ സ്വര്‍ണം കണ്ടെത്തുന്നതിനു വേണ്ടി, മനുഷ്യാത്മാവിന്റെ ചെളി കൊണ്ട് കൈകളില്‍ പൊടി പുരളുന്നതു ഭയപ്പെടാത്ത, മറ്റുള്ളവരുടെ പാപവും ബലഹീനതയുമറിഞ്ഞു ഉതപ്പുണ്ടാകാത്ത അവര്‍ക്ക് സ്വന്തം ദുരിതങ്ങളെ കുറിച്ചറിയാം, ഉത്ഥിതനായ ക്രൂശിതന്റെ ദൃഷ്ടി അനന്തമായ ക്ഷമയുടെ മുദ്രയായിരിക്കുകയും ചെയ്യുന്നു.

  • * ഹൃദയകാപട്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന, തിന്മയ്ക്കിടയില്‍ പോലും നന്മ കാണുന്ന മെത്രാന്മാര്‍ അനുഗൃഹീതര്‍, എന്തുകൊണ്ടെന്നാല്‍ ജന നഗരത്തിലെ ചെളിക്കുണ്ടുകളില്‍ പ്രതിബിംബിക്കുന്ന ദൈവത്തിന്റെ മുഖം നോക്കി ആഹ്ലാദിക്കാനും അവര്‍ക്കു സാധിക്കും.

  • സമാധാനത്തിനു വേണ്ടി യത്‌നിക്കുന്ന, അനുരഞ്ജനത്തിന്റെ പാതയിലൂടെ നടക്കുന്ന, വൈദികരുടെ ഹൃദയങ്ങളില്‍ കൂട്ടായ്മയുടെ വിത്തുകള്‍ വിതക്കുന്ന, ഭിന്നിതമായ സമൂഹത്തെ അനുരഞ്ജനപാതയിലൂടെ അനുധാവനം ചെയ്യുന്ന മെത്രാന്മാര്‍ അനുഗൃഹീതര്‍, എന്തുകൊണ്ടെന്നാല്‍, ദൈവം അവരെ തന്റെ പുത്രന്മാരായി അംഗീകരിക്കും.

  • സുവിശേഷത്തിനു വേണ്ടി ഒഴുക്കിനെതിരെ നീന്താന്‍ ഭയപ്പെടാത്ത, ജെറുസലേമിലേയ്ക്കു പോകുന്ന യേശുവിനെ പോലെ തെറ്റിദ്ധാരണകളുടെയും പ്രതിബന്ധങ്ങളുടെയും മുമ്പില്‍ പതറിപ്പോകാത്ത മെത്രാന്മാര്‍ അനുഗൃഹീതര്‍, എന്തുകൊണ്ടെന്നാല്‍ ലോകത്തിനെതിരെയാണു ദൈവം തന്റെ രാജ്യത്തെ നീക്കുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നു.

(ഇറ്റാലിയന്‍ മെത്രാന്‍ സംഘത്തിന്റെ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്.)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org