ഞാനറിയുന്ന ബെനഡിക്ട് പതിനാറാമന്‍

ഞാനറിയുന്ന ബെനഡിക്ട് പതിനാറാമന്‍
Summary

വൈദികനായിരുന്ന കാലത്തുതന്നെ ബെനഡിക്ട് പതിനാറാമനുമായി സൗഹൃദമുണ്ടായിരുന്ന ലേഖകന്‍, ആ സൗഹൃദം രൂപപ്പെട്ടതിന്റെയും വളര്‍ന്നതിന്റെയും ഓര്‍ മ്മകള്‍ പങ്കുവയ്ക്കുന്നു; ഒപ്പം ആ വ്യക്തിത്വത്തിന്റെ വാങ്മയ ചിത്രവും.

വത്തിക്കാന്റെ പൂന്തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന മാത്തെര്‍ എക്ലേസിയ ആശ്രമത്തില്‍ ഇതുവരെ എല്ലാം ശാന്തവും ധന്യവും വിശുദ്ധവുമായിരുന്നു. അവിടത്തെ കുളിര്‍മയാര്‍ന്ന അന്തരീക്ഷത്തില്‍ ത്രസിച്ചു നിന്നത് ജീവിതത്തിന്റെ വ്യാകരണം ഒരിക്കലും തെറ്റാന്‍ അനുവദിച്ചുകൊടുക്കാതിരുന്ന ഒരു യോഗീവര്യന്റെ സ്വച്ഛസ്പന്ദനങ്ങളായിരുന്നു. പരിക്ഷീണമായ ആ മുഖത്ത് എപ്പോഴും മന്ദഹാസത്തിന്റെ പ്രകാശരശ്മികള്‍ കാണാമായിരുന്നു. ഭ്രമാത്മക ലോകത്തെ നിര്‍ന്നിമേഷനായി നോക്കിനിന്ന നാളുകള്‍, ആര്‍ദ്രമായ ഓര്‍മ്മകള്‍ കൊണ്ട് സമ്പന്നമാണ് പൊയ്‌പ്പോയ യുഗാന്തരങ്ങള്‍. വൈദികനായും കര്‍ദിനാളായും മാര്‍പാപ്പയായും സഭയെ സേവിച്ച സന്ദര്‍ഭങ്ങളില്‍ വിശ്വാസത്തിന്റെ അഗ്നിപരീക്ഷകളെ അതിജീവിക്കുവാനും പ്രതിലോമശക്തികളെ പരാജയപ്പെടുത്തുവാനും നടക്കേണ്ടി വന്ന പാതകള്‍. ഒരു കാലഘട്ടത്തിന്റെ ഭയാശൂന്യതയ്ക്കും സ്‌നേഹരാഹിത്യത്തിനും സാക്ഷ്യം വഹിക്കേണ്ടി വന്ന ബാല്യകാലം. മനുഷ്യര്‍ ക്രൂരവും പൈശാചികവുമായി തിമിര്‍ത്താടിയ അവസരങ്ങളില്‍ സ്വന്തം ദൈവവിശ്വാസത്തെ കാത്തുസൂക്ഷിക്കാന്‍ അനുഭവിച്ച നോവുകള്‍. അവസാനം മനസ്സിനെ കീറിമുറിച്ചും പ്രാതികൂല്യങ്ങളെ കീഴടക്കിയും കണ്ണുകളെ ജലാര്‍ദ്രമാക്കിയും എടുക്കേണ്ടിവന്ന സ്ഥാനത്യാഗ തീരുമാനം. ഓര്‍ത്തു നോക്കുമ്പോള്‍ എല്ലാം ദൈവഹിതം പരിപൂര്‍ണ്ണതയിലെത്താനുള്ള നിമിത്തങ്ങളായിരുന്നുവെന്നു മാത്രം. അതെ, സഭയുടെയും ലോകത്തിന്റെയും നന്മമാത്രം ആഗ്രഹിച്ച നിഷ്‌കാമകര്‍മ്മിയായ ഒരു ദൈവശാസ്ത്രജ്ഞന്‍ ചരിത്രം ബാക്കിവച്ചാണ് യാത്രയാകുന്നത്.

സംഘര്‍ഷഭരിതമായ എട്ടുവര്‍ഷകാലം ആഗോള കത്തോലിക്കാ സഭയെ സുധീരം നയിച്ചശേഷം സ്ഥാനത്യാഗം ചെയ്ത ബെനഡിക്ട് പാപ്പ ഒമ്പതു വര്‍ഷം വത്തിക്കാന്റെ നിശ്ശബ്ദതയില്‍ പ്രാര്‍ത്ഥനാനിരതനായിരുന്നു. ഒരേസമയം യാഥാസ്ഥിതികനും പുരോഗമന വാദിയുമായിരുന്നു ബെനഡിക്ട് പതിനാറാമന്‍.

കത്തോലിക്കാസഭ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞന്‍ ഈയുള്ളവന്റെ ഗുരുതുല്യനായ സുഹൃത്തായിരുന്നുവെന്ന് ഓര്‍മ്മിക്കുമ്പോള്‍ മനസ്സും ശരീരവും ഒരുപോലെ ഇടറുന്നു. എന്റെ ഓര്‍മ്മകള്‍ എഴുപതുകളുടെ ആരംഭത്തിലേക്ക് പോവുകയാണ്. അന്ന് ഞാന്‍ മ്യൂണിക്കിലെ ലുഡ്‌വിഗ് - മാക്‌സിമിലിയന്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ നോബേല്‍ സമ്മാന ജേതാക്കളെ സമ്മാനിച്ച സര്‍വകലാശാലകളില്‍ പതിനേഴാം സ്ഥാനമലങ്കരിക്കുന്നു ലുഡ്‌വിഗ് - മാക്‌സിമിലിയന്‍ യൂണിവേഴ്‌സിറ്റി. ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍, മാക്‌സ് പ്ലാങ്ക്, തോമസ് മന്‍ തുടങ്ങിയവരടക്കം 35 നോബല്‍ പുരസ്‌കാര ജേതാക്കളെയാണ് മ്യൂണിക് യൂണിവേഴ്‌സിറ്റി ലോകത്തിന് സമ്മാനിച്ചത്. 1472-ല്‍ സ്ഥാപിതമായ ജര്‍മ്മനിയിലെ ഏറ്റവും മികച്ച ഈ യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ പ്രവേശം ലഭിച്ചത് ദൈവം എന്നോട് കാണിച്ച കൃപാകടാക്ഷം. മ്യൂണിക് യൂണിവേഴ്‌സിറ്റിയില്‍ അന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ക്ലാസ് മുറികളുടെ അടുത്താണ് തിയോളജി ക്ലാസുകളും നടന്നിരുന്നത്. തിയോളജി ക്ലാസുകള്‍ നയിച്ചിരുന്നത് ലോകപ്രശസ്ത ദൈവശാസ്ത്രജ്ഞനായ ജോസഫ് റാറ്റ്‌സിംഗറച്ചന്‍. അദ്ദേഹത്തെ പരിചയപ്പെടാനുള്ള ഉത്ക്കടമായ ആഗ്രഹത്തോടെ തിയോളജി ക്ലാസ് മുറിയില്‍ പറ്റിക്കൂടി. എല്ലാവരും വെളുത്ത നിറമുള്ള ജര്‍മ്മന്‍കാര്‍, അതുകൊണ്ടുതന്നെ ക്ലാസിന്റെ മൂലയില്‍ തലകുനിച്ചിരുന്ന എന്നെ റാറ്റ്‌സിംഗറച്ചന്‍ ശ്രദ്ധിച്ചു. ക്ലാസ് കഴിഞ്ഞ് അദ്ദേഹം എന്നെ അരികിലേക്ക് വിളിച്ചു. 'Sind Sie aus Indien??' (താങ്കള്‍ ഇന്ത്യയില്‍ നിന്നാണോ?) എന്ന് ചോദിച്ചു. അതെയെന്നു പറഞ്ഞപ്പോള്‍ കേരളത്തില്‍ നിന്നല്ലേയെന്നു ചോദിച്ചു. കേരളത്തിലെ കത്തോലിക്കാ വിശ്വാസികള്‍ എന്നും ജപമാല ചൊല്ലുമെന്ന് അദ്ദേഹത്തിനറിയാമെന്ന് പറഞ്ഞു. ആ സംസാരം നീണ്ടു, ആ ബന്ധം അങ്ങനെ ആഴത്തിലായി. ആ തുടക്കവും സ്‌നേഹപ്രകടനവും റാറ്റ്‌സിംഗറച്ചന്റെ കുടുംബത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി.

മരുഭൂമിയില്‍ ജ്വലിച്ചിറങ്ങുന്ന സൂര്യോദയംപോലെ അദ്ദേഹത്തിന്റെ കൃതികള്‍ എക്കാലവും വായിക്കപ്പെടും. വിശ്വാ സസംരക്ഷണത്തിന്റെ കരങ്ങള്‍ ദുര്‍ബലമാകുമ്പോള്‍ ഭാവിയില്‍ സഭാനേതാക്കള്‍ അഭയം തേടുന്നത് റാറ്റ്‌സിംഗര്‍ രചിച്ച ഗ്രന്ഥങ്ങളിലായിരിക്കും.

1969-ല്‍ റേഗന്‍സ്ബുര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ ഡോഗ്മാറ്റിക് തിയോളജിയുടെ പ്രൊഫസറായി അധ്യാപനം തുടങ്ങിയ വര്‍ഷം മുതല്‍ 1977-ല്‍ മ്യൂണിക്കിലെയും ഫ്രൈസിങ്ങിലെയും ആര്‍ച്ച്ബിഷപ്പായി വാഴിക്കുന്നതുവരെ റാറ്റ്‌സിംഗറച്ചന്‍ റേഗന്‍സ്ബുര്‍ഗിനടുത്തുള്ള പെന്റ്‌ലിംഗ് എന്ന ഗ്രാമത്തിലെ സ്വവസതിയിലാണ് താമസിച്ചത്. ഒരു ദിവസം ക്ലാസ് കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തെ കാണുവാന്‍ കാത്തുനിന്നു. കണ്ടപ്പോള്‍ സൗഹൃദസംഭാഷണങ്ങള്‍ക്കു ശേഷം പെന്റ്‌ലിങ്ങിലെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ വരണമെന്നു പറഞ്ഞു. മ്യൂണിക്കില്‍നിന്ന് ട്രെയ്‌നില്‍ യാത്ര ചെയ്ത് റേഗന്‍സ്ബുര്‍ഗ് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയ എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ റാറ്റ്‌സിംഗറച്ചന്‍ കാറുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പെന്റ്‌ലിങ്ങിലെ വസതിയില്‍ അവിവാഹിതയായി മൂത്തസഹോദരി മരിയയോടൊപ്പം ജ്യേഷ്ഠന്‍ ജോര്‍ജ് റാറ്റ്‌സിംഗറച്ചനും താമസിച്ചിരുന്നു. സഹോദരങ്ങള്‍ക്കു ഭക്ഷണം പാകം ചെയ്തു കൊടുക്കുന്നതും വീട്ടുകാര്യങ്ങള്‍ നടത്തുന്നതും സഹോദരി മരിയയായിരുന്നു. ജോര്‍ജ് റാറ്റ്‌സിംഗറച്ചന്‍ അടുത്തുള്ള റേഗന്‍സ്ബുര്‍ഗ് കത്തീഡ്രലിലെ ഗായകസംഘ മേധാവി. ആ മൂന്നു സഹോദരങ്ങള്‍ ഒരുമിച്ചു കഴിഞ്ഞിരുന്ന അവസാന വേളയായിരുന്നു പെന്റ്‌ലിങ്ങിലെ കാലമെന്ന് പിന്നീട് മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്. പല ഞായറാഴ്ചകളിലും ഞാന്‍ പെന്റ്‌ലിങ്ങില്‍ പോയി റാറ്റ്‌സിംഗര്‍ സഹോദരങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ ഞാനും ജോസഫ് റാറ്റ്ംസിഗറച്ചനും ഒരുമിച്ച് പലപ്പോഴും കഴികിയിട്ടുണ്ട്. സഹോദരി മരിയ മ്യൂണിക്കിലെ ആര്‍ച്ചുബിഷപ്‌സ് ഹൗസിലും വത്തിക്കാനിലും കുഞ്ഞനുജനു കൂട്ടായി 1991-ല്‍ മരിക്കുന്നതുവരെ ഒപ്പമുണ്ടായിരുന്നു.

റേഗന്‍സ്ബുര്‍ഗില്‍ പഠിപ്പിച്ചും പുസ്തകങ്ങള്‍ എഴുതിയും കത്തോലിക്കാസഭയെ, വിശ്വാസത്തിലും ആരാധനാക്രമങ്ങളുടെ പ്രസക്തിയിലും, നവീകരിച്ചും ശുദ്ധീകരിച്ചും മുന്നോട്ടുപോകവെയാണ് 1977-ല്‍ ജോസഫ് റാറ്റ്‌സിംഗര്‍ മ്യൂണിക്-ഫ്രൈസിങ്ങ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി സ്ഥാനാരോഹണം ചെയ്യുന്നത്.

മ്യൂണിക്കിലെ ലുഡ്‌വിഗ് - മാക്‌സിമിലിയന്‍ യൂണിവേഴ്‌സിറ്റിയില്‍ എന്റെ പഠനം സാമ്പത്തിക പരാധീനതകളോടെ മന്നോട്ടു പോയ്‌ക്കൊണ്ടിരുന്ന സമയം. റാറ്റ്‌സിംഗറച്ചന്‍ ആര്‍ച്ചുബിഷപ്പും കര്‍ദിനാളുമായതോടെ എന്റെ കഷ്ടപാടുകള്‍ക്ക് അറുതിവരുമെന്ന് കരുതി. അങ്ങനെതന്നെ സംഭവിക്കുകയും െചയ്തു. അരമനയുടെ കീഴിലുള്ള ചെലവുകുറഞ്ഞ ഹോസ്റ്റലില്‍ എനിക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിത്തന്നു. മാത്രമല്ല ജര്‍മ്മന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സില്‍നിന്നും സ്‌കോളര്‍ഷിപ്പും വാങ്ങിത്തന്നു. അന്ന് ആഫ്രോ-ഏഷ്യന്‍ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റായിരുന്ന ഞാന്‍ വിദേശവിദ്യാര്‍ത്ഥികളുടെ ഓരോ പ്രശ്‌നങ്ങള്‍ക്കായി പിതാവിനെ കാണാന്‍ അരമനയില്‍ പോയിരുന്നു. കര്‍ദിനാളിനോടും മരിയയോടുമൊപ്പം അത്താഴം കഴിച്ചശേഷം മടങ്ങാന്‍ നേരം പഴ്‌സില്‍ നിന്നും നൂറുമാര്‍ക്കെടുത്ത് (അന്നത്തെ ജര്‍മ്മന്‍ കറന്‍സി) പോക്കറ്റില്‍ ഇട്ടുതരുമായിരുന്നു. ആ സന്ദര്‍ശനങ്ങളും ഊഷ്മളമായ ബന്ധവും 1981 വരെ തുടര്‍ന്നു. 1981-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാള്‍ റാറ്റ്‌സിംഗറെ വിശ്വാസ തിരുസംഘത്തിന്റെ പ്രിഫെക്ടായി നിയമിച്ചുകൊണ്ട് വത്തിക്കാനിലേക്ക് വിളിക്കുന്നു. കൂടാതെ ബിബ്ലിക്കല്‍ കമ്മീഷന്റെയും അന്താരാഷ്ട്ര പൊന്തിഫിക്കല്‍ തിയോളജി കമ്മീഷന്റെയും പ്രസിഡന്റായും ഉയര്‍ത്തപ്പെടുന്നു. അതേത്തുടര്‍ന്ന് മ്യൂണിക്കില്‍ നിന്ന് വത്തിക്കാനിലേക്കു പോയതോടെ ഞാന്‍ അനാഥനായ പ്ര തീതിയുണ്ടായി. എന്താവശ്യത്തിനും എപ്പോഴും കടന്നു ചെല്ലാന്‍ മ്യൂണിക്ക് അരമനയില്‍ ആരുമില്ലാത്ത ശൂന്യത. വത്തിക്കാനില്‍ എപ്പോഴും പോയി കാണുക എളുപ്പമുള്ള കാര്യമല്ല. ദൂരെയാത്രയ്ക്കു പണച്ചെലവും. എന്നാലും മെഡിസിന്‍ പഠനം കഴിഞ്ഞപ്പോള്‍ അനുഗ്രഹം വാങ്ങിക്കാനും മറ്റു പല കാര്യങ്ങള്‍ക്കുമായി പലവട്ടം വത്തിക്കാനില്‍ ട്രെയിനില്‍ പോയി സന്ദര്‍ശിച്ചു. 1992-ല്‍ ജര്‍മ്മനിയോട് ഞാന്‍ യാത്ര പറയുന്നതുവരെ ആ സന്ദര്‍ശനങ്ങള്‍ ഊഷ്മളമായി തുടര്‍ന്നു. 1993-ല്‍ ലൂര്‍ദ് ആശുപത്രിയില്‍ ഹൃദ്രോഗ വിഭാഗം തുടങ്ങുവാനായി കൊര്‍ണേലിയസ് ഇലഞ്ഞിക്കല്‍ പിതാവിന്റെ ക്ഷണപ്രകാരം ഞാന്‍ എറണാകുളത്തെത്തി.

2005-ല്‍ കര്‍ദിനാള്‍ റാറ്റ്‌സിംഗറെ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലേക്ക് 265-ാമത്തെ പിന്‍ഗാമിയായി തിരഞ്ഞെടുത്തതോടെ ഞാനേറെ സന്തോഷവാനായി. ആഹ്ലാദത്തിമിര്‍പ്പില്‍ പൊതിഞ്ഞ ഞെട്ടലാണ് അന്നെനിക്കുണ്ടായത്. വിശ്വസിക്കാന്‍ പ്രയാസം തോന്നി, പഴയകാല സുഹൃത്ത് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍. ഞാന്‍ ഉടന്‍ വത്തിക്കാനിലേക്ക് എഴുതി, മറുപടി പെട്ടെന്നാണ് വന്നത്. വത്തിക്കാനില്‍ കുടുംബസമേതം വരണമെന്ന്. 2006 സെപ്തംബര്‍ മാസത്തില്‍ വത്തിക്കാനിലേക്ക് പോകാന്‍ ഇറ്റലിയുടെ വിസ എനിക്കും ഭാര്യ ശുഭയ്ക്കും ലഭിച്ചു. സെപ്തംബര്‍ 20-ാം തീയതി പരിശുദ്ധ പിതാവിനെ കാണാനുള്ള സ്വകാര്യ ഓഡിയന്‍സിനുള്ള അനുമതി ലഭിച്ചു. 1992-ല്‍ ജര്‍മ്മനി വിട്ടശേഷം 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും കാണുകയാണ്. കണ്ടാല്‍ തിരിച്ചറിയുമോ? ഞാന്‍ ആശങ്കപ്പെട്ടു. എന്നാല്‍ പിതാവ് എന്നെ കണ്ടയുടന്‍ അടുത്തുവന്ന് രണ്ടു കരങ്ങളും ഗ്രസിച്ചു. കുശലസംഭാഷണം ദീര്‍ഘനേരം തുടര്‍ന്നു. ഭാര്യ ശുഭയെ പരിചയപ്പെടുത്തി. എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കി. റേഗന്‍സ്ബുര്‍ഗില്‍ പോയി ജ്യേഷ്ഠന്‍ ജോര്‍ജ് റാറ്റ് സിംഗറച്ചനെ കാണണമെന്ന് പറഞ്ഞു. പോരാന്‍ നേരം കൈകൂപ്പി യാത്രയയച്ചു. പിന്നീട് മൂന്നു പ്രാവശ്യം വത്തിക്കാനില്‍ പോയി കണ്ടു; 2013-ല്‍ സ്ഥാനത്യാഗം ചെയ്യുന്നതുവരെ.

ബെനഡിക്ട് പാപ്പയെ സംബന്ധിച്ചിടത്തോളം വായനയും എഴുത്തും ഒരു പാഷനായിരുന്നു. അ തുകൊണ്ടാണ് റേഗന്‍സ്ബുര്‍ഗ്ഗിലേക്ക് മടങ്ങാന്‍ തന്നെ അനുവദിക്കണമെന്നും ശിഷ്ടകാലം വായനയിലും എഴുത്തിലും വിരാജിക്കാനാണ് ആഗ്രഹമെന്നും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയോട് പലവട്ടം പറഞ്ഞത്. റാറ്റ്‌സിംഗറുടെ ദൈവശാസ്ത്ര തത്വചിന്തകളുടെ രചനാകാലഘട്ടം, അജപാലകനെന്ന നിലയില്‍ കത്തോലിക്കാ സഭ ആഗോളതലത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള താത്വികവും പ്രായോഗികവുമായിട്ടുള്ള മറുപടികളായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. തികഞ്ഞ ഗവേഷകനും ദൈവശാസ്ത്ര അധ്യാപകനുമായി ചെലവഴിച്ച കാലം (1953-1977); ആര്‍ച്ച്ബിഷപ്പും കര്‍ദിനാളുമായി മ്യൂണിക്കില്‍ ചെലവഴിച്ച കാലഘട്ടം; അതിനുശേഷം വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനായി വത്തിക്കാനില്‍ പ്രവര്‍ത്തന നിരതമായ കാലയളവ് (1977-2005); പിന്നീട് മാര്‍പാപ്പ ആയതിനുശേഷം കത്തോലിക്കാ സഭയെ വിശ്വാസത്തിന്റെ തീക്ഷ്ണതയില്‍ നയിച്ച കാലഘട്ടം (2005-2012). 35 വയസ്സുള്ളപ്പോഴാണ് റാറ്റ്‌സിംഗര്‍ കൊളോണിലെ കര്‍ദിനാള്‍ ഫ്രിങ്ങ്‌സിന്റെ ദൈവശാസ്ത്ര ഉപദേശകനായി വത്തിക്കാന്‍ സൂനഹദോസില്‍ പങ്കുചേരുന്നത്. ലോകത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ് അതിലേക്ക് വാതിലുകള്‍ തുറന്നിടുവാനും യഥാര്‍ത്ഥ ക്രിസ്തീയ ദര്‍ശനത്തിന്റെ വേരുകള്‍ കണ്ടെത്താനുള്ള കര്‍ദിനാള്‍ ഫ്രിങ്ങ്‌സിന്റെ ആഹ്വാനം റാറ്റ്‌സിംഗറുടെ സംഭാവനയായിരുന്നു. ജോസഫ് റാറ്റ്‌സിംഗറുടെ 'ക്രൈസ്തവികതയ്ക്ക് ഒരാമുഖം' എന്ന ഗ്രന്ഥം കത്തോലിക്കാ സഭയിലുണ്ടായ ഒരു ഇതിഹാസ കൃതി എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. വാസ്തവത്തില്‍ ജോസഫ് റാറ്റ്‌സിംഗര്‍ എന്ന ദൈവശാസ്ത്രജ്ഞന്‍ കത്തോലിക്കാ സഭയുടെ തലപ്പത്ത് എത്തിച്ചേരാന്‍ നിമിത്തമായതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ഗ്രന്ഥം തന്നെ. ഇതിഹാസ സമാനമായ ഈ കൃതി അപ്പസ്‌തോലന്മാരുടെ വിശ്വാസ പ്രമാണങ്ങളിലെ പന്ത്രണ്ട് ഭാഗങ്ങളുടെ ഗാഢമായ വ്യാഖ്യാനമാണ്. ക്രിസ്തീയ വിശ്വാസത്തെ അടിമുടി എതിര്‍ക്കുന്നവര്‍ക്കുള്ള ചുട്ടമറുപടിയാണ് ഈ പുസ്തകമെന്നു പറയാം.

റാറ്റ്‌സിംഗറുടെ മാസ്റ്റര്‍പീസ് മൂന്നു വാല്യങ്ങളിലായി എഴുതപ്പെട്ട 'നസ്രത്തിലെ യേശു' എന്ന കൃതിയാണ്. റാറ്റ്‌സിംഗര്‍ രചിച്ച സുവിശേഷമെന്നാണ് ഈ ബൃഹത്കൃതി അറിയപ്പെടുന്നത്. അന്ധമായ ശാസ്ത്രത്തിന്റെയും പച്ചയായ ചരിത്രത്തിന്റെയും പശ്ചാത്തലത്തില്‍ യേശുവെന്ന വ്യക്തിയെ ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ വേര്‍തിരിച്ച് കാണാന്‍ വെമ്പല്‍കൊണ്ട പുരോഗമന വാദികള്‍ക്കു മുമ്പില്‍ ഈ ഗ്രന്ഥം കത്തോലിക്കാ വിശ്വാസ സംരക്ഷണത്തിന്റെ ആണിക്കല്ലായി മാറി. ചരിത്രത്തിലും വിശ്വാസത്തിലും കാണുന്ന യേശു രണ്ടല്ല ഒന്നുതന്നെയെന്ന് റാറ്റ്‌സിംഗര്‍ സമര്‍ത്ഥിച്ചു. കത്തോലിക്കാ പുരോഹിതരുടെ ബ്രഹ്മചര്യം സംബന്ധിച്ച വിഷയങ്ങളെപ്പറ്റി ശക്തമായ നിലപാടുകളെടുത്തുകൊണ്ട് കര്‍ദിനാള്‍ റോബര്‍ട്ട് സാറായോടൊപ്പം 2020-ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് പിതാവിന്റെ അവസാനത്തെ ഗ്രന്ഥം. എന്നാല്‍ വിവാദങ്ങള്‍ക്കു വിധേയമാകാന്‍ സാധ്യതയുള്ള വിഷയമായതുകൊണ്ട് പുസ്തകത്തിന്റെ സഹഗ്രന്ഥ കര്‍ത്താവിന്റെ സ്ഥാനത്തു നിന്ന് ബെനഡിക്ട് പാപ്പാ പിന്നീട് പിന്മാറി.

ബെനഡിക്ട് പതിനാറാമനെ ലോകം സ്മരിക്കുക ദൈവശാസ്ത്ര പണ്ഡിതനായ മാര്‍പാപ്പ എന്ന രീതിയിലായിരിക്കും. മരുഭൂമിയില്‍ ജ്വലിച്ചിറങ്ങുന്ന സൂര്യോദയം പോലെ അദ്ദേഹത്തിന്റെ കൃതികള്‍ എക്കാലവും വായിക്കപ്പെടും. വിശ്വാസസംരക്ഷണത്തിന്റെ കരങ്ങള്‍ ദുര്‍ബലമാകുമ്പോള്‍ ഭാവിയില്‍ സഭാ നേതാക്കള്‍ അഭയം തേടുന്നത് റാറ്റ്‌സിംഗര്‍ രചിച്ച ഗ്രന്ഥങ്ങളിലായിരിക്കും.

എന്തുകൊണ്ടും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു ബെനഡിക്ട് പാപ്പയുടെ ക്യൂബന്‍ സന്ദര്‍ശനം. കത്തോലിക്കാ വിശ്വാസം ഏറെ പ്രചാരത്തിലുണ്ടായിരുന്ന ക്യൂബയില്‍ ഭരണകൂടം മതപരമായ എല്ലാ ചടങ്ങുകളും നിരോധിക്കാന്‍ തുടങ്ങി. എന്നാല്‍ വിശ്വാസത്തിന്റെ തീപ്പൊരി ആളിപ്പടര്‍ന്ന് ക്യൂബയെ കീഴടക്കിയത് 2012-ല്‍ ബെനഡിക്ട് പാപ്പ ക്യൂബ സന്ദര്‍ശിച്ചതോടെയാണ്. മറ്റെങ്ങും കിട്ടാത്ത സ്വീകരണമാണ് ക്യൂബയില്‍ അന്ന് പാപ്പായ്ക്ക് ലഭിച്ചത്. സോഷ്യലിസ്റ്റ് ക്യൂബ മതപരമായ എല്ലാ സ്വാതന്ത്ര്യവും അനുവദിക്കുമെന്നും കത്തോലിക്കാ സഭയുമായി നല്ല ബന്ധം പുനഃസ്ഥാപിക്കുമെന്നും കാസ്‌ട്രോ പാപ്പായ്ക്ക് വാക്കു കൊടുത്തു.

വൈദികനായിരുന്നപ്പോള്‍ മുതല്‍ മാര്‍പാപ്പ ആയതുവരെ ജോസഫ് റാറ്റ്‌സിംഗറെ നാലു പതിറ്റാണ്ടുകളോളം ഏറെ അടുത്ത് അറിഞ്ഞിരുന്ന മറ്റൊരാള്‍ കേരളത്തിലുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു. അത് ദൈവം എനിക്കു തന്ന സവിശേഷകാരുണ്യം. ബെനഡിക്ട് പാപ്പയും ഈയുള്ളവനുമായുള്ള ബന്ധത്തിന്റെ കഥയാണ് ഈയിടെ പ്രസിദ്ധീകരിച്ച 'സ്വര്‍ണ്ണം അഗ്നിയിലെന്നപോലെ' എന്ന എന്റെ പുസ്തകം. റാറ്റ്‌സിംഗറുടെ നിഴലില്‍ ഞാന്‍ വലുതായ എന്റെ അനുഭവസാക്ഷ്യങ്ങള്‍. ബെനഡിക്ട് പതിനാറാമന്റെ ജീവചരിത്രകാരനാകാന്‍ സാധിച്ചതില്‍ ദൈവത്തിന് സ്തുതി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org