സ്റ്റാനിനൊപ്പം നവീകരിക്കപ്പെടേണ്ട രാഷ്ട്രീയം

സ്റ്റാനിനൊപ്പം നവീകരിക്കപ്പെടേണ്ട രാഷ്ട്രീയം

ഫാ. ജോസ് വള്ളിക്കാട്ട് എം.എസ്.ടി.

ഝാര്‍ഖണ്ഡില്‍ ശുശ്രൂഷ ചെയ്യുന്ന വയോധികനായ ജെസ്യൂട്ട് മിഷനറി ഫാദര്‍ സ്റ്റാന്‍ സ്വാമിയെ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) ഭീകര വിരുദ്ധ നിയമം ചാര്‍ത്തി അറസ്റ്റ് ചെയ്തത് കത്തോലിക്കാ സഭയും ഇന്ത്യയിലെ നാഗരിക സമൂഹവും അഭിമുഖീകരിക്കുന്ന ദൗര്‍ഭാഗ്യകരമായ സംഭവമാണ്. മാവോയിസ്റ്റ് ബന്ധവും ഭീമ കൊറേഗാവ് കേസിലെ പങ്കും കാരണമായി ആരോപിച്ചു അദ്ദേഹത്തെ എന്‍ഐഎ രണ്ടു വര്‍ഷമായി വേട്ടയാടിയിരുന്നു. അരുണ്‍ ഫെറെയിറ, സുധാ ഭരദ്വാജ്, തുടങ്ങിയ പൊതുപ്രവര്‍ത്തകര്‍, വെര്‍നോണ്‍ ഗോണ്‍സാല്‍വെസ്, വരവര റാവു തുടങ്ങിയ എഴുത്തുകാര്‍ എന്നിവരടക്കം പ്രസ്തുത കേസില്‍ അറസ്റ്റുചെയ്യപ്പെട്ട 16 പേരില്‍ ഏറ്റവും പുതിയ ആളാണ് ഫാദര്‍ സ്റ്റാന്‍ സാമി.
അറസ്റ്റിനെ തുടര്‍ന്ന് ഇന്ത്യ ഒട്ടാകെ പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നു. അറസ്റ്റിനെ അപലപിച്ചു കൊണ്ട് അന്താരാഷ്ട്ര ജെസ്യൂട്ട് സമൂഹം പുറപ്പെടുവിച്ച പ്രസ്താവന ഇങ്ങനെയാണ്: "ദുര്‍ബലരായ ആദിവാസികളോട് സംസ്ഥാനവും പൊലീസും ചെയ്യുന്ന ഏതെങ്കിലും തരത്തിലുള്ള അനീതികളെ ചോദ്യം ചെയ്യുമ്പോഴും ഇന്ത്യന്‍ ഭരണഘടനയോടുള്ള തന്റെ പ്രതിബദ്ധതയും വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനുള്ള സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാനുള്ള നിശ്ചയദാര്‍ഢ്യവും സ്റ്റാനിന് കൈവശമായിരുന്നു, 'അധികാര കേന്ദ്രങ്ങളോട് സത്യം സംസാരിക്കാനും, തീവ്രവാദ വിരുദ്ധ നിയമങ്ങളും, രാജ്യദ്രോഹ നി യമങ്ങളും ഉപയോഗിച്ച് വലിയ തോതില്‍ അധികാര ദുര്‍വിനിയോഗം നടത്താനും, വേണ്ടത്ര ആലോചന നടത്താതെ ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കാനുമുള്ള സര്‍ക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യാനും ഫാ. സ്റ്റാന്‍ കാട്ടിയ ക്രിസ്തീയ ധൈര്യത്തെ ജെസ്യൂട്ട് സമൂഹം പ്രശംസിക്കുന്നു.
നമ്മുടെ പൊതുഭവനം ആയ ഭൂമിയുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നതിനും, അത്യാഗ്രഹികളായ ഖനി മുതലാളിക ളില്‍ നിന്ന് നമ്മുടെ സഹോദരര്‍ ആയ ആദിവാസികളെ രക്ഷിക്കു ന്നതിനും വേണ്ടിയുള്ള സ്റ്റാനിന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ ഭരണകൂടത്തിന്റെ കണ്ണിലെ കരടാക്കി മാറ്റി എന്നതില്‍ അതിശയം ഇല്ല. ആ പ്രക്രിയയില്‍ "അവരുടെ വിഭവങ്ങള്‍ സംരക്ഷിക്കാനുള്ള അവകാശം ഉപയോഗിച്ചതിന് വ്യാജമായി കുറ്റം ചുമത്തപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്ത നൂറുകണക്കിന് ആദിവാസി യുവാക്കളുടെ കഷ്ടപ്പാടുകള്‍ അദ്ദേഹം കൃത്യമായി രേഖപ്പെടു ത്തുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്" എന്ന് ജെസ്യൂട്ട് ഗ്ലോബല്‍ റിപ്പോര്‍ട്ട് പറയുന്നു.


നാടുകടത്തല്‍, ഭൂമി അന്യവല്‍ക്കരണം, ഗ്രാമസഭകളുടെയും ജയിലിലെ ആദിവാസികളുടെയും അവകാശങ്ങള്‍ തുടങ്ങിയ കാര്യ ങ്ങളെക്കുറിച്ച് താന്‍ എങ്ങനെ ഇടപെട്ടു എന്ന് അറസ്റ്റിന് രണ്ട് ദിവസം മുമ്പ് പുറത്തിറക്കിയ വീഡിയോയില്‍ ഫാ. സ്റ്റാന്‍ തന്നെ വിവരിക്കുന്നുണ്ട്. ആയിരക്കണക്കിന് ചെറുപ്പക്കാരായ ആദിവാസികളെയും മൂലവാസികളെയും "മാവോ യിസ്റ്റുകള്‍" എന്ന് മുദ്രകുത്തി നടത്തിയ "വിവേചനരഹിതമായ" അറസ്റ്റിനെ അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്. ഭീമ-കൊറെഗാവ് കേസില്‍ തന്നെ കുടുക്കാനുള്ള കാരണമായി അദ്ദേഹം കരുതുന്നത് ഇതാണ്.
ഫാ. സ്റ്റാനിന്റെ അറസ്റ്റ് നമ്മെ അലട്ടേണ്ടത് അദ്ദേഹം ഒരു ക്രിസ്ത്യാനി ആയതുകൊണ്ടല്ല; അദ്ദേഹം കത്തോലിക്കാ പുരോഹി തന്‍ ആയതുകൊണ്ടുമല്ല. അബലരും, ശബ്ദഹീനരും, ചൂഷിതരുമായ ദളിത് ജനങ്ങളുടെ ശബ്ദമായതിനാല്‍ ആണ്. അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതിനാല്‍ ആണ്. സ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള ചൂഷകര്‍ക്കെതിരെ പൊരുതുന്നതിനാല്‍ ആണ്. മണ്ണിനു വേണ്ടിയും, ഭൂമിക്കുവേണ്ടിയും നിലപാടുകള്‍ എടുത്തതിനാല്‍ ആണ്.
ഓരോ ഇന്ത്യന്‍ പൗരനും ഇത്തരം അന്യായ തടങ്കലുകളില്‍ ആകുലരാകേണ്ടതുണ്ട്, കാരണം ഇത് പൗരന്മാരുടെ അവകാശങ്ങളും ശബ്ദവും നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗങ്ങളാണ്. സ്വേച്ഛാധിപത്യപരവും ഫാസിസ്റ്റ് പ്രവണതകള്‍ ഉള്ളതുമായ ഒരു ഭരണകൂടത്തിലേക്ക് നമ്മുടെ രാജ്യത്തെ നയിക്കുന്ന പടികളാണ്. ശക്തരായ രാഷ്ട്രീയക്കാരുടെയും അത്യാഗ്രഹികളായ വ്യവസായികളുടെയും ബിസിനസ്സ് വ്യവസായികളുടെയും ശബ്ദങ്ങള്‍ മാത്രമേ അവിടെ കേള്‍ക്കപ്പെടുന്നുള്ളൂ.
ഇത് നമ്മുടെ ഭരണഘടനയുടെ ആത്മാവിനും അതിന്റെ ഉയര്‍ന്ന മൂല്യങ്ങള്‍ക്കും എതിരാണ്. സ്വാതന്ത്ര്യ സമരത്തിലൂടെ കഠി നാധ്വാനം ചെയ്തു നാം നേടിയെടുത്ത നമ്മുടെ അവകാശങ്ങളും സ്വാതന്ത്ര്യവും കശാപ്പ് ചെയ്യപ്പെടുകയും ശ്രേഷ്ഠമായ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കപ്പെടുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണിവ. തീക്ഷ്ണതയുള്ള മിഷനറിയായ സ്റ്റാന്‍ തന്നെ ഇത് പ്രസ്താവിക്കുന്നുണ്ട്: "എനിക്ക് സംഭവിക്കുന്നത് എനിക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ല. ഇത് രാജ്യത്തുടനീളം നടക്കുന്ന വിശാലമായ പ്രക്രിയയാണ്."
"ആദിവാസികളുടെ ജീവിതത്തെയും ഉപജീവനത്തെയുംകാള്‍ മുന്‍ഗണന ഖനന കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കുന്നതിനാണ് എന്നതിനാല്‍ മോദി ഭരണകൂടം ആദിവാസികളെ അടിച്ചമര്‍ത്താനും നിശബ്ദമാക്കാനും ശ്രമിക്കുന്നു"വെന്ന് രാംചന്ദ്ര ഗുഹ ട്വീറ്റ് ചെയ്തു. "ബിജെപി സര്‍ക്കാരിന്റെയും എന്‍ഐഎയുടെയും ജനവിരുദ്ധതയ്ക്ക് അതിരുകളില്ല" എന്ന് പ്രശാന്ത് ഭൂഷണ്‍ കുറിച്ചു. ഫാസിസ്റ്റ് ഭീഷണി "ദൃശ്യമാകുന്നതിനേക്കാള്‍ വേഗത്തില്‍" നമ്മെ സമീപിക്കുന്നുവെന്ന് സതീഷ് ആചാര്യ തന്റെ കാര്‍ട്ടൂണിലൂടെ മുന്നറിയിപ്പ് നല്‍കി.


ഫാ. സ്റ്റാനിന് പിന്നില്‍ രാജ്യം അണിനിരന്നപ്പോള്‍, നിരവധി ബിഷപ്പുമാരും പുരോഹിതന്മാരും തെരുവുകളില്‍ പ്രകടനം നട ത്താന്‍ പുറപ്പെട്ടു, മറ്റു പലരും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ശക്തമായ വാക്കുകളിലൂടെ പ്രതികരിച്ചു. ഫാ. സ്റ്റാനിന്റെ അറസ്റ്റ് 'നഗ്‌നമായ മനുഷ്യാവകാശ ലംഘനവും ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ഏടും ആണ്' എന്ന് കണ്ണൂരില്‍ നടന്ന പൊതു പ്രതിഷേധത്തില്‍ ബിഷപ് അലക്‌സ് വടക്കുംതല പ്രസ്താവിച്ചു. "ആദിവാസികള്‍ അനുഭവിക്കുന്ന ചൂഷണത്തിനും അനീതിക്കുമെതിരെ ശബ്ദമുയര്‍ത്തുന്നത് തെറ്റാണെങ്കില്‍ ആ തെറ്റിന്റെ പക്ഷത്താകും ക്രിസ്തു നിലയുറപ്പിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്" എന്ന് മഹാവ്യാധിയുടെ നിയന്ത്രണങ്ങള്‍ക്കിടയിലും ദേശീയപാതയില്‍ ഒറ്റയ്ക്ക് പ്രതിഷേധിക്കാന്‍ തുനിഞ്ഞിറങ്ങിയ ഫാ. ജോണ്‍സണ്‍ കൂവേലി പറഞ്ഞു.
മനുഷ്യാവകാശത്തോടും സാമൂഹ്യനീതിയോടും ഉള്ള സഭയുടെ പ്രതികരണത്തിന്റെ കാതല്‍ മനുഷ്യന്റെ അന്തസ്സ് എന്ന ആശ യം ആണ്. വ്യക്തികളുടെയും (നമ്മുടെ സഹോദരന്മാര്‍), ഭൂമിയുടെയും (നമ്മുടെ പൊതുഭവനം) അന്തസ്സിനെ പരിപാലിക്കുന്നതും പരിരക്ഷിക്കുന്നതും പൊതുനന്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് സഭയുടെ സുവിശേഷവത്കരണ ദൗത്യത്തില്‍ അന്തര്‍ലീനമാണ്. കത്തോലിക്കാസഭയുടെ വേദോപദേശം പൊതുവായ നന്മയെ നിര്‍വചിക്കുന്നത് വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും അവരുടെ മുഴുവന്‍ കഴിവിലും എത്തിച്ചേരാനും പൂര്‍ണ്ണ മനുഷ്യജീവിതം നയിക്കാനും കഴിയുന്ന ശരിയായ സാമൂഹിക സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും നല്‍കുകയും ചെയ്യുക എന്നതാണ് 'പൊതുനന്മ' എന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം നിര്‍വചിക്കുന്നു (CCC # 1906). സഹജരുടെ അന്തസ്സ് സംരക്ഷിക്കുന്നത് ക്രിസ്തീയ ദൈവവിളിയുടെ അവിഭാജ്യഘടകമാണ് (CCC # 1929). തങ്ങളുടെ പ്രേഷിത ശുശ്രൂഷ വഴി ഫാ. സ്റ്റാനിനെ പോലുള്ള നിരവധി കത്തോലിക്കാ മിഷനറിമാര്‍ ലക്ഷ്യമിടുന്നത് അതാണ്.
അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രതീക്ഷയോടും ധൈര്യത്തോടും പ്രതിബദ്ധതയോടും കൂടി മുന്നോട്ട് കൊണ്ടുപോകാന്‍ ഏറ്റവും അനുയോജ്യമായ സന്ദര്‍ഭം ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയിട്ടുണ്ട്. മാര്‍പ്പാപ്പ അടുത്തിടെ ലോകത്തിനു പ്രദാനം ചെയ്ത ചാക്രിക ലേഖനമായ ഫ്രത്തെല്ലി തൂത്തി (FT) 'മികച്ച തരത്തിലുള്ള ഒരു രാഷ്ട്രീയം" സൃഷ്ടിക്കാന്‍ ആവശ്യപ്പെടുന്നു. സമീപകാല ദശകങ്ങളില്‍ ജീര്‍ണ്ണമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ മണ്ഡലത്തെ വിശുദ്ധീകരിക്കാന്‍ ഉള്ള ആഹ്വാനം നല്‍കുക വഴി ലോക രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുവര്‍ണ്ണ നിമിഷത്തെ അടയാളപ്പെടുത്തുകയാണ് ഈ ചാക്രിക ലേഖനം. കത്തോലിക്കാ സാമൂഹ്യ ഉദ്‌ബോധനങ്ങളുടെ ഭാഗമായി മാറുന്ന ഈ ലേഖനം ജനങ്ങളുടെ സാഹോദര്യബോധത്താല്‍ ഉത്തേജിപ്പിക്കപ്പെടുന്ന ഒരു പുതിയ രാഷ്ട്രീയം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു.


വിഭാഗീയ രാഷ്ട്രീയം പ്രയോഗിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് അത്തരമൊരു രാഷ്ട്രീയ നവീകരണം അടിയന്തിരമായി ആവശ്യമാണ്. അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ആദിവാസികള്‍, ദലിതര്‍, ആനുകൂല്യങ്ങള്‍ കുറഞ്ഞ ഇതര വിഭാഗങ്ങള്‍ എന്നിവയ്ക്കായി പാപ്പാ മുന്നോട്ടുവെയ്ക്കുന്ന ഈ തത്ത്വങ്ങള്‍ പൊതു മണ്ഡലത്തില്‍ നടത്താന്‍ ഇന്ത്യയിലെ സഭ ശ്രദ്ധിക്കണം.
വ്യക്തിപരമായ നേട്ടത്തിനായോ അധികാരത്തുടര്‍ച്ച ലക്ഷ്യം വച്ചും മോഹനമായ പ്രത്യയശാസ്ത്രത്തിന്റെ മറവില്‍ വ്യക്തികള്‍ ക്ക് രാഷ്ട്രീയമായി ഒരു ജനതയുടെ സംസ്‌കാരത്തെ ചൂഷണം ചെയ്യാന്‍ സാധിക്കും. അപ്പോള്‍ രാഷ്ട്രീയം അനാരോഗ്യകരമായ "ജനകീയത"യിലേക്ക് അധഃപതിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ മുന്നറിയിപ്പ് നല്‍കുന്നു. എന്നിരുന്നാലും, യഥാര്‍ത്ഥ രാഷ്ട്രീയം "പരിവര്‍ത്തനത്തിന്റെയും വളര്‍ച്ചയുടെയും സ്ഥിരമായ ഒരു കാഴ്ചപ്പാടിന്റെ അടിസ്ഥാനമായി മാറണം, അതില്‍ പൊതുനന്മയ്ക്കാ യി മറ്റുള്ളവര്‍ക്ക് ഇടം നല്‍കുന്നത് ഉള്‍പ്പെടുന്നു (FT #159).
മതവികാരങ്ങള്‍ മുതലെടുക്കുന്ന ഘടകങ്ങള്‍ ചേര്‍ത്ത് പാകപ്പെടുത്തുന്ന ഒരു കോക്‌ടെയ്ല്‍ രാഷ്ട്രീയമാണ് ഒരു വശത്തു ഇന്ത്യ ഉണ്ടാക്കുന്നതെങ്കില്‍, മറുവശത്ത് ആനുപാതികമല്ലാത്ത മുതലാളിത്ത ലക്ഷ്യങ്ങള്‍ രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുന്നു. ഇന്ത്യയിലെ വ്യവസായ അനുകൂല, കോര്‍പ്പറേറ്റ് നയങ്ങള്‍ മൂലം ഇന്ത്യയിലെ ദരിദ്രരുടെ അവസ്ഥ മഹാമാരിക്ക് മുമ്പും ശേഷവും വര്‍ദ്ധിച്ചുവരികയാണെന്നതിന് നമ്മള്‍ സാക്ഷികളാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിപ്രായ ത്തില്‍ "സ്വതന്ത്ര വിപണി" നമ്മു ടെ പ്രശ്‌നങ്ങളുടെ അന്തിമ പരിഹാരമല്ല. പകരം "മനുഷ്യന്റെ അന്തസ്സിനു പ്രാമുഖ്യം നല്‍കുകയും, ആ സ്തംഭത്തിന്മേല്‍ നമുക്ക് ആവശ്യമായ ബദല്‍ സാമൂഹിക ഘടനകള്‍ നിര്‍മ്മിക്കുകയും വേണം" (FT #168). പൊതുമണ്ഡലത്തില്‍ ഇടപെടാന്‍ ഫാ. സ്റ്റാനിനെ പോലുള്ള ആളുകളെ പ്രേരിപ്പിച്ചത് വാസ്തവത്തില്‍ ഭൂമിയോടും ജനങ്ങളോടുമുള്ള പ്രതിബദ്ധത ആണ്.
"ഗുരുതരമായ ഘടനാവൈകല്യങ്ങളാല്‍ വലയുന്ന" ആഗോള സമൂഹത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ രാഷ്ട്രീയ സ്‌നേഹത്തിന്റെ യും സാമൂഹിക സൗഹൃദത്തിന്റെയും ഒറ്റമൂലി നിര്‍ദ്ദേശിക്കുന്നു, അത് "എല്ലാവരേയും നമ്മുടെ സഹോദരീ സഹോദരന്മാരായി അംഗീകരിക്കുന്നു… ഇതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് നിര്‍ണ്ണായകമായ പ്രതിബദ്ധത ആവശ്യമാണ്. സാമൂഹികവും രാഷ്ട്രീയവുമായ ഒരു ക്രമത്തിനായി നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഫ്രാന്‍സിസ് പാപ്പ ഇതിനെ "പൊളിറ്റിക്കല്‍ ചാരിറ്റി" (FT #179þ 180) എന്ന് വിളിക്കുന്നു.
പൊതുമേഖലയില്‍ സഭ വ്യാപൃതരാകുന്നത് "സഹജമായ" സ്‌നേഹത്തിന് ഉപരിയായി "ആജ്ഞാപിക്കപ്പെട്ട" സ്‌നേഹത്താല്‍ പ്രചോദിതരായിക്കൊണ്ട് ആണ്. "കൂടുതല്‍ മികച്ച സ്ഥാപനങ്ങള്‍, കൂടുതല്‍ ന്യായമായ നിയമങ്ങള്‍, കൂടുതല്‍ സഹായകരമായ ഘടനകള്‍ എന്നിവ സൃഷ്ടിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനം ഇത് വഴി സൃഷ്ടിക്കപ്പെടും." ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും ഇല്ലാത്ത വിവേചനരഹിതമായ ഒരു സമൂഹത്തെ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്ന സ്‌നേഹപ്രവൃത്തിയാണിത് (FT #186). 'രാഷ്ട്രീയത്തിന്റെ ആത്മീയഹൃദയമാണ് ചാരിറ്റി അഥവാ ഉപവി പ്രവര്‍ത്തനങ്ങള്‍." "അടിസ്ഥാന മനുഷ്യാവകാശങ്ങളെ ഭീഷണിപ്പെടുത്തുന്നതോ ലംഘിക്കുന്നതോ ആയ എല്ലാ കാര്യങ്ങളെയും ചെറുക്കാന്‍" സഭയെയും നല്ല രാഷ്ട്രീയക്കാരെയും ഇത് സഹായിക്കുന്നു (FT #187þ88).


വലിയൊരു വിഭാഗം ആളുകള്‍ അനീതി അനുഭവിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സങ്കീര്‍ണ്ണത വര്‍ദ്ധിക്കുന്നതിന്റെയും, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ഉദ്‌ബോധനങ്ങളുടെയും പശ്ചാത്തലത്തില്‍, ഇന്ത്യയിലെ സഭ ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനു പകരം രാഷ്ട്രീയത്തിന്റെയും പൊതുജീവിതത്തിന്റെയും മണ്ഡലത്തിലേക്ക് ധൈര്യത്തോടെ കാല്‍വയ്ക്കണം. "അടിമത്തത്തെയും വിവിധ തരത്തിലുള്ള അക്രമങ്ങളെയും അപലപിക്കാന്‍ സഭ കാലതാമസം വരുത്തുന്നത് എന്തുകൊണ്ടാണ് എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്" എന്ന് പറഞ്ഞു കൊണ്ട് പ്രതികരണ ശേഷിയിലും ഇടപെടല്‍ ധര്‍മ്മത്തിലും സഭ പുലര്‍ത്തുന്ന ആലസ്യത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ചോദ്യം ചെയ്യുന്നു. ഇനിയാകട്ടെ നാം വികസിപ്പിച്ചിട്ടുള്ള ആത്മീയതയു ടെയും ദൈവശാസ്ത്രത്തിന്റെയും പശ്ചാത്തലത്തില്‍ നമുക്ക് ഒഴികഴി വുകളൊന്നും പറയാനില്ല" (FT #86). പൊതുരംഗത്ത് ക്രിയാത്മ കമായി ഇടപഴകുന്നതിലൂടെ, ചില രാഷ്ട്രീയക്കാരുടെ തെറ്റുകള്‍, അഴിമതി, കഴിവുകേട് എന്നിവയാല്‍ മലിനമായ രാഷ്ട്രീയത്തിന്റെ 'അരുചികള്‍' നീക്കംചെയ്യാനും പ്രതിസന്ധിയുടെ വിവിധ വശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഇന്റര്‍ ഡിസിപ്ലിനറി സമീപനം വഴി 'ദീര്‍ഘദൃഷ്ടിയുള്ളതും, പുതിയതും, സമഗ്രവും, ഫലവത്തുമായ ഒരു രാഷ്ട്രീയം' സൃഷ്ടിച്ച് പഴയതിനെ മാറ്റി സ്ഥാപിക്കാനും ക്രൈസ്തവര്‍ക്ക് കഴിയും" (FT #176þ77).
ഫാദര്‍ സ്റ്റാന്‍ നമ്മുടെ ജീര്‍ണ്ണ കാലഘട്ടത്തിലെ ശുദ്ധിയുടെ പ്രതീകമാണ്. സമാധാന പൂര്‍വ്വകവും, തുല്യ അവകാശങ്ങള്‍ ഉള്ള തുമായ ഒരു ദേശത്തെക്കുറിച്ചുള്ള പ്രത്യാശയുടെ അണയാത്ത ദീപം ആണ്. സര്‍വോപരി ദിനംപ്രതി ഫാസിസ്റ്റ് ആയി മാറിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്തെ ഞെരുക്കപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ അവകാശങ്ങളുടെയും, ശബ്ദങ്ങളുടെയും ചെറുത്തു നില്‍പ്പുകളുടെ ശക്തമായ പ്രതീകം ആണ്. ഒരു ജനകീയ നേതാവാകാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചില്ല, അതെ സമയം അടിച്ചമര്‍ത്തപ്പെട്ട ആദിവാസികളോടൊപ്പം നില്‍ ക്കാനും നടക്കാനും അദ്ദേഹം ശ്രമിച്ചു. യഥാര്‍ത്ഥ ക്രിസ്തീയ സാ ക്ഷ്യം വലിയ ത്യാഗങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന ബലിക്കല്ലി ലേക്കുള്ള യാത്രയാണ് എന്ന് ഓര്‍മ്മിപ്പിക്കുന്ന ഫാ. സ്റ്റാനിന്റെ ശുശ്രൂഷകളില്‍ നാം അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഇതാണ്: "ഞാന്‍ നിശബ്ദ കാഴ്ചക്കാരനല്ല, കളിയുടെ ഭാഗമാണ്, അതിന്റെ വില എത്ര വലുതാണ് എങ്കിലും നല്‍കാന്‍ തയ്യാറാണ്."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org