
ഫാ. ഡോ. ജോയി പുതുശ്ശേരി ISch
General Councilor, Schoenstatt Father
ഷ്വേണ്‍സ്റ്റാട്ട് മാതാവിന്റെ തിരുസ്വരൂപം വഴിയായി ഷ്വേണ്‍സ്റ്റാട്ട് കപ്പേളയുടെ കൃപകളും സന്ദേശങ്ങളും സമൂഹങ്ങളിലേക്കും കുടുംബങ്ങളിലേക്കും ഭവനങ്ങളിലേക്കും കൊണ്ടുവരുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഷ്വേണ്‍സ്റ്റാട്ട് ജപമാല പ്രചരണം (Schoenstatt Rosary Campaign) ഷ്വേണ്‍സ്റ്റാട്ട് പ്രസ്ഥാനത്തിന്റെ ഒരു അതിപ്രധാന ദൗത്യമാണ്.
സെപ്റ്റംബര്‍ 10 ന്, അന്താരാഷ്ട്ര ഷ്വേണ്‍സ്റ്റാട്ട് കുടുംബം ബ്രസീലിലെ സാന്താ മരിയയില്‍ 'തീര്‍ഥാടക മാതാവ്' പ്രസ്ഥാനത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചു. എഴുപത്തിയഞ്ച് വര്‍ഷം മുമ്പ് ജോണ്‍ ലൂയിസ് പോസോബോണ്‍ എന്ന ഒരു സാധാരണക്കാരന്‍ ലോകവ്യാപകമായ ഈ മരിയന്‍ അപ്പസ്‌തോലിക ദൗത്യത്തിന് തുടക്കം കുറിച്ചു.
1904 ഡിസംബര്‍ 12 ന് ബ്രസീലിലെ റിബെയ് റാവോയില്‍ ജനിച്ച ജോണ്‍ ലൂയിസ് പോസോബോണ്‍ 1940 കളുടെ അവസാനത്തില്‍, ബ്രസീലിലെ ഷ്വേണ്‍സ്റ്റാട്ട് ഫാദേഴ്‌സിന്റെ തുടക്കക്കാരില്‍ ഒരാളായ ഫാ. സെലസ്റ്റിനോ വിസാന്റെയും സിസ്‌റ്റേഴ്‌സ് ഓഫ് മേരിയുടെയും മാര്‍ഗനിര്‍ദേശത്തിലൂടെ പോസോബോണ്‍ ഷ്വേണ്‍സ്റ്റാട്ടുമായി കണ്ണി ചേര്‍ക്കപ്പെട്ടു. വിവാഹം കഴിച്ച് ഏഴ് മക്കളുടെ പിതാവായ അദ്ദേഹം ഒരു ഭര്‍ത്താവ്, പിതാവ്, ചെറുകിട കര്‍ഷകന്‍, കടയുടമ എന്നീ ഉത്തരവാദിത്വങ്ങള്‍ക്കിട യിലും ഷ്വേണ്‍സ്റ്റാട്ട് ആത്മീയതയുടെ ആഴത്തില്‍ ജീവിച്ചു. അപ്പസ്‌തോലിക ദൗത്യത്തോടുള്ള തന്റെ അഭിനിവേശം ഉണ്ടായിരുന്നിട്ടും, സ്വന്തം വീട്ടിലെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് പോസോബോണ്‍ ആഴത്തില്‍ ബോധവാനായിരുന്നു. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു: ''എന്റെ കുടുംബത്തെ അവഗണിച്ചാല്‍, ഞാന്‍ വലിയ കാര്യങ്ങള്‍ ചെയ്താലും അതിന് പ്രസക്തിയില്ല.'' തന്റെ ആദ്യത്തെ വിളി കുടുംബത്തോടാണെന്നും അതില്‍നിന്നാണ് മറ്റുള്ളവരെ സേവിക്കാനുള്ള ശക്തി തനിക്ക് ലഭിച്ചതെന്നും പോസോബോണ്‍ എപ്പോഴും വിശ്വസിച്ചിരുന്നു.
1950 സെപ്റ്റംബര്‍ 10 ന്, ഷ്വേണ്‍സ്റ്റാട്ട് സിസ്‌റ്റേഴ്‌സ് ഓഫ് മേരിയില്‍ നിന്ന് 'ഷ്വേണ്‍സ്റ്റാട്ട് മാതാവിന്റെ ഒരു ചിത്രവും കുടുംബങ്ങളില്‍ ചിത്രം കൊണ്ടുപോയി ഒരുമിച്ച് ജപമാല ചൊല്ലാന്‍ അവരെ പ്രേരിപ്പിക്കുക എന്ന ഒരു ദൗത്യവും അദ്ദേഹത്തിന് ലഭിച്ചു. അടുത്ത 35 വര്‍ഷം അദ്ദേഹം ആ വലിയ, ഭാരമുള്ള ചിത്രം 1,40,000 കിലോമീറ്ററിലധികം കാല്‍നടയായി ചുമന്ന് വീടുകള്‍, ആശുപത്രികള്‍, ജയിലുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ദിവസവും പുലര്‍ച്ചെ 4 മണിക്ക് അദ്ദേഹം ഉണര്‍ന്ന് പ്രാര്‍ഥിക്കുകയും ദിവ്യബലിയില്‍ പങ്കെടുക്കുകയും ചെയ്തശേഷമാണ് യാത്ര പുറപ്പെട്ടിരുന്നത്. ''ഞാനല്ല ചിത്രം ചുമന്നത്, അമ്മയാണ് എന്നെ ചുമന്നത്'' എന്ന് അദ്ദേഹം പറയുമായിരുന്നു. അങ്ങനെ ഷ്വേണ്‍സ്റ്റാട്ട് തീര്‍ഥാടകമാതാവ് ജപമാല പ്രചാരണത്തിന് വഴിയൊരുങ്ങി.
ഷ്വേണ്‍സ്റ്റാട്ട് സിസ്‌റ്റേഴ്‌സ് ഓഫ് മേരിയില്‍ നിന്ന് 'ഷ്വേണ്‍സ്റ്റാട്ട് മാതാവിന്റെ ഒരു ചിത്രവും, കുടുംബങ്ങളില്‍ ചിത്രം കൊണ്ടുപോയി ഒരുമിച്ച് ജപമാല ചൊല്ലാന്‍ അവരെ പ്രേരിപ്പിക്കുക എന്ന ഒരു ദൗത്യവും അദ്ദേഹത്തിന് ലഭിച്ചു. അടുത്ത 35 വര്‍ഷം അദ്ദേഹം ആ വലിയ, ഭാരമുള്ള ചിത്രം 1,40,000 കിലോമീറ്ററിലധികം കാല്‍നടയായി ചുമന്ന് വീടുകള്‍, ആശുപത്രികള്‍, ജയിലുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി.
1950 ല്‍ പോസോബോണ്‍ തുടക്കം കുറിച്ച് തീര്‍ഥാടകമാതാവിന്റെ ജപമാല പ്രചാരണ സംരംഭം ബ്രസീലിലെ ഏറ്റവും വലിയ മരിയന്‍ അപ്പസ്‌തോലിക ദൗത്യങ്ങളിലൊന്നായി മാറുകയും 90 ലധികം രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.
1972 ല്‍ അദ്ദേഹം സ്ഥിരം ഡീക്കനായി അഭിഷിക്തനായി. അമ്മയുടെ ചിത്രം തോളില്‍ ചുമന്ന് ദിവ്യബലിക്ക് പോകുന്ന വഴിക്ക് 1985 ജൂണ്‍ 27 ന് ഒരു വാഹനാപകടത്തില്‍പ്പെട്ട് മരിച്ചു. 1994 ല്‍ വിശുദ്ധീകരണത്തിനുള്ള നടപടികള്‍ ആരംഭിച്ചു. 2025 ജൂണ്‍ 20 ന് അദ്ദേഹത്തെ വണക്കയോഗ്യനായി (Venerable) പ്രഖ്യാപിച്ചു.
മിഷനറി പ്രവര്‍ത്തനങ്ങള്‍ കൂടുതലും പുരോഹിതരും സന്യസ്തരും നയിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ അല്‍മായ വിശുദ്ധിയുടെ രൂപാന്തരീകരണ ശക്തി പോസോബോണ്‍ കാണിച്ചുതന്നു. ഔപചാരിക ദൈവശാസ്ത്ര വിദ്യാഭ്യാസമില്ലാതെ, അദ്ദേഹം ഒരു മിഷനറിയും സാധാരണ ജീവിതത്തിലെ വിശുദ്ധിയുടെ മാതൃകയുമായി മാറി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം വികസിച്ച അല്‍മായ പ്രസ്ഥാനങ്ങള്‍ക്ക് വഴിയൊരുക്കി.
ഷ്വേണ്‍സ്റ്റാട്ട് വൈദികരുടെയും സിസ്‌റ്റേഴ്‌സിന്റെയും നേതൃത്വത്തില്‍ 1990 കളുടെ അവസാനത്തോടെ ഈ പ്രസ്ഥാനം കേരളത്തില്‍ എത്തി. പ്രാദേശിക സഹകാരികളാണ് ആദ്യത്തെ തീര്‍ഥാടക മാതാവിന്റെ ചിത്രങ്ങള്‍ അവതരിപ്പിച്ചത്. ജര്‍മ്മനിയിലെ ഷ്വേണ്‍സ്റ്റാട്ട് സമൂഹങ്ങള്‍ ഇതിന് പിന്തുണ നല്‍കി.
1995 നവംബര്‍ 6 ന് ലേഡീസ് ഓഫ് ഷ്വേണ്‍സ്റ്റാട്ടിലെ നാല് അംഗങ്ങള്‍ (മേരി, ഗ്രേസി, മറിയമ്മ, ആലീസ്) ജര്‍മ്മനിയില്‍നിന്ന് കൊണ്ടുവന്നതാണ് കേരളത്തില്‍ എത്തിയ ആദ്യത്തെ തീര്‍ഥാടകമാതാവിന്റെ രൂപം. 1996 മാര്‍ച്ച് 10 ന് ഇരിങ്ങാലക്കുടയിലെ മരിയഭവനില്‍ ആദ്യത്തെ ഭവനസന്ദര്‍ശനം ആരംഭിച്ചു. 1998 ഓഗസ്റ്റ് 21 ന് ഇരിങ്ങാലക്കുടയുടെ ആദ്യ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ ജപമാല പ്രചരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ഇന്ന് കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ രൂപതകളില്‍ ഷ്വേണ്‍സ്റ്റാട്ട് വൈദികരുടെയും സിസ്‌റ്റേഴ്‌സിന്റെയും മാര്‍ഗനിര്‍ദേശത്തില്‍ നിരവധി തീര്‍ഥാടകമാതാവിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഈ സന്ദര്‍ശനങ്ങള്‍ അനേകം കുടുംബങ്ങള്‍ക്ക് പുതുക്കിയ വിശ്വാസവും യേശുവുമായി ആഴത്തിലുള്ള ബന്ധവും നല്‍കുന്നു.
പരിചിതമായ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള തീര്‍ഥാടനത്തെ, 'തീര്‍ഥകേന്ദ്രത്തില്‍ നിന്നുള്ള തീര്‍ഥാടനമായി' മാറ്റിയതോടെ, തീര്‍ഥാടനത്തിന് മനുഷ്യാവതാരത്തിന്റെ രൂപം ലഭിച്ചു. ഇത് പരമാത്മാവിലേക്കുള്ള ജീവാത്മാവിന്റെ യാത്രയെ സൂചിപ്പിക്കുന്നു. ഈ ആത്മീയതയെ യഥാര്‍ഥത്തില്‍ അന്വര്‍ഥമാക്കുന്നതാണ് ഷ്വേണ്‍സ്റ്റാട്ടിന്റെ തീര്‍ഥാടക മാതാവിന്റെ പ്രേഷിതത്വവും. വിശുദ്ധ ജീവിതം നയിച്ച ജോണ്‍ ലൂയിസ് പോസോബോണ്‍ എത്രയും വേഗം അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെടട്ടെ എന്നതാണ് ഈ ജൂബിലി ആഘോഷവേളയില്‍ ഷ്വേണ്‍സ്റ്റാട്ട് സമൂഹാംഗങ്ങളുടെ പ്രാര്‍ഥന.