രാഷ്ട്രീയം, സന്മനസ്സുള്ളവരുടെ അഭയസ്ഥാനം

രാഷ്ട്രീയം, സന്മനസ്സുള്ളവരുടെ അഭയസ്ഥാനം
Published on
രാഷ്ട്രീയത്തെ അവസാനത്തെ അഭയസ്ഥാനമായി കരുതേണ്ടത് സാമൂഹ്യവിരുദ്ധരല്ല, മറിച്ച് സമൂഹനന്മയില്‍ തല്‍പരരായ നല്ല മനുഷ്യരാണ് എന്ന് കരുതുന്ന ആളാണ് ഡോ. ബിമല്‍ അകോയ്ചം. ജെ എന്‍ യു പ്രൊഫസറും എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഡോ. ബിമല്‍ അങ്ങനെ കരുതുക മാത്രമല്ല പ്രവര്‍ത്തിക്കുകയും ചെയ്തു. മണിപ്പൂരില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം കഴിഞ്ഞ പാര്‍ലമെന്റ്് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മണിപ്പൂരില്‍ മത്സരിച്ചു. കലാപത്തിന്റെ കടുത്ത വേദന പേറുന്ന മണിപ്പൂരുകാര്‍, ചരിത്രത്തിലെങ്ങും കണ്ടിട്ടില്ലാത്ത വന്‍ ഭൂരിപക്ഷത്തില്‍ അദ്ദേഹത്തെ വിജയിപ്പിച്ചു. ഇന്ന് പാര്‍ലമെന്റിലും പുറത്തും മണിപ്പൂരില്‍ നിന്നുള്ള വിവേകത്തിന്റെയും വേദനയുടെയും ശബ്ദമായി അദ്ദേഹം നിലകൊള്ളുന്നു. കടമക്കുടി അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹം ഈയിടെ കേരളത്തില്‍ എത്തി. കടമക്കുടി കായലിലൂടെ സംഘാടകര്‍ ഏര്‍പ്പെടുത്തിയ ബോട്ട് യാത്ര സകുടുംബം ആസ്വദിക്കുന്നതിനിടെ, സത്യദീപവുമായി സംസാരിക്കാനും അദ്ദേഹം സന്നദ്ധനായി.

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഇടയായത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം നല്‍കിക്കൊണ്ടാണ് അദ്ദേഹം സംഭാഷണം ആരംഭിച്ചത്: ''കഴിഞ്ഞ 30 ഓളം വര്‍ഷമായി ഞാന്‍ പത്രങ്ങളില്‍ എഴുതുന്നു. രാഷ്ട്രീയക്കാരോട് അവര്‍ ചെയ്യേണ്ടതും പ്രവര്‍ത്തിക്കേണ്ടതും എന്തൊക്കെ എന്ന് ഉപദേശിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ഇങ്ങനെ എഴുതുകയും പറയുകയും മാത്രം ചെയ്തുകൊണ്ടിരിക്കുന്നതില്‍ കാര്യമില്ല എന്ന് എനിക്കൊരു ഘട്ടത്തില്‍ തോന്നി. രാഷ്ട്രീയക്കാരോട് പറയുന്നതിനേക്കാള്‍ കൂടുതല്‍ നല്ലത് ഞാന്‍ നേരിട്ട് തന്നെ ഒരു രാഷ്ട്രീയക്കാരനാകുന്നതായിരിക്കും. അതാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. എന്റെ അടിസ്ഥാനപരമായ ഉല്‍ക്കണ്ഠ സമൂഹത്തിലെ നീതിയാണ്. പത്രങ്ങളില്‍ എഴുതുമ്പോഴായാലും പഠിപ്പിക്കുമ്പോഴായാലും സിനിമ എടുക്കുമ്പോഴായാലും സാമൂഹ്യനീതിയാണ് ഞാന്‍ ലക്ഷ്യം വച്ചിരുന്നത്.

എഴുതുകയും പറയുകയും മാത്രം ചെയ്തുകൊണ്ടിരിക്കുന്നതില്‍ കാര്യമില്ല എന്ന് എനിക്കൊരു ഘട്ടത്തില്‍ തോന്നി. രാഷ്ട്രീയക്കാരോട് പറയുന്നതിനേക്കാള്‍ കൂടുതല്‍ നല്ലത് ഞാന്‍ നേരിട്ട് തന്നെ ഒരു രാഷ്ട്രീയക്കാരനാകുന്നതായിരിക്കും. അതാണ് ഞാനിപ്പോള്‍ ചെയ്യുന്നത്.

അതിനായി പല മാധ്യമങ്ങള്‍ ഉപയോഗിച്ചു എന്നു മാത്രം. ഞാന്‍ ക്ലാസ് മുറിയില്‍ ഒതുങ്ങി നിന്നിരുന്ന ഒരു അധ്യാപകനല്ല. ജീവിതത്തിലുടനീളം ഞാന്‍ പൊതുജനങ്ങളോട് സംസാരിച്ചിരുന്നു, ബഹുജനപ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിരുന്നു. രാഷ്ട്രീയം എനിക്ക് അന്യമായിരുന്നില്ല. ഇപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സമയമായി എന്ന് എനിക്കു തോന്നി. ഗിയര്‍ മാറ്റി, രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. എഴുത്തും പാട്ടും പ്രസംഗവും സിനിമയും രാഷ്ട്രീയവും എനിക്കൊരുപോലെയാണ്. ഹ്രസ്വകാലത്തേക്കായിരിക്കും എന്റെ രാഷ്ട്രീയ പ്രവേശനം എന്ന് ഞാന്‍ കരുതിയിരുന്നു. രാഷ്ട്രീയക്കാര്‍ എങ്ങനെ ആകണമെന്ന് അവര്‍ക്കൊരു മാതൃക കാണിച്ചു കൊടുത്തിട്ട് അഞ്ച് വര്‍ഷം കഴിയുമ്പോഴോ മറ്റോ പിന്‍വാങ്ങാം എന്നായിരുന്നു വിചാരം. പക്ഷേ ഞാന്‍ ജനങ്ങളുമായി ഇണങ്ങിക്കഴിഞ്ഞു, അവരെന്നെ ആഗ്രഹിക്കുന്നുണ്ട്. കുറച്ചധികം കാലം കൂടി രാഷ്ട്രീയ രംഗത്ത് തുടര്‍ന്നേക്കാമെന്ന് ഇപ്പോള്‍ തോന്നുന്നു.''

മണിപ്പൂരില്‍ ഇതുവരെ പതിനായിരമോ ഇരുപതിനായിരമോ മാത്രമായിരുന്നു ഭൂരിപക്ഷം എങ്കില്‍ ഇപ്രാവശ്യം അത് ഒരു ലക്ഷത്തിലേറെയായിരുന്നു. പ്രവാസികളായ മണിപ്പൂരുകാര്‍, ഡോ. ബിമലിനെ പോലും അറിയിക്കാതെ തിരഞ്ഞെടുപ്പു കാലത്ത് നാട്ടില്‍ വരികയും കൈയില്‍ നിന്ന് പണം മുടക്കി അദ്ദേഹത്തിനുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തു. അത്രമാത്രം വിശ്വാസം അവര്‍ ഡോ. ബിമലില്‍ അര്‍പ്പിച്ചിട്ടുണ്ട്. അത് കാത്തുപാലിക്കുക എന്നത് സ്വാഭാവികമായും അദ്ദേഹം തന്റെ ചുമതലയായി കരുതുന്നു.

മണിപ്പൂരിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും സമാധാനത്തിനായി ദാഹിക്കുകയാണ് എന്ന് ഡോ. ബിമല്‍ പറയുന്നു. ''കലാപത്തെ ഗവണ്‍മെന്റ് കൈകാര്യം ചെയ്ത രീതിയെ ജനങ്ങള്‍ തികച്ചും എതിര്‍ക്കുന്നു. ഇതെല്ലാം സംഭവിക്കാന്‍ ഭരണകൂടം ഇടയാക്കി. കലാപം അവസാനിപ്പിക്കാനോ സംഭാഷണങ്ങള്‍ നടത്താനോ സര്‍ക്കാര്‍ തയ്യാറായില്ല.

സര്‍ക്കാര്‍ ചെയ്യേണ്ടത് ഒന്നും തന്നെ സര്‍ക്കാര്‍ ചെയ്തില്ല എന്നതാണ് ഈ കലാപവുമായി ബന്ധപ്പെട്ടുണ്ടായ ഏറ്റവും വലിയ നിരാശ. ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു സംഭവം വേറെ ഉണ്ടായിട്ടില്ല. അറുപതിനായിരത്തിലധികം മനുഷ്യര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. അനേകം ആളുകള്‍ കൊല്ലപ്പെട്ടു. ഒരു സമുദായത്തില്‍പ്പെടുന്ന ആളുകള്‍ക്ക് മറ്റൊരു സമുദായത്തിന്റെ പ്രദേശത്തേക്ക് പോകാന്‍ കഴിയില്ല. നിങ്ങള്‍ എക്‌സ് കമ്മ്യൂണിറ്റിയില്‍പ്പെട്ട ഒരു പൊലീസ് ഓഫീസറാണെങ്കില്‍ വൈ കമ്മ്യൂണിറ്റിയുടെ സ്ഥലത്ത് നിങ്ങളെ നിയമിക്കുകയില്ല. ഐ എ എസ് ഓഫീസറാണെങ്കിലും ഇതാണ് സ്ഥിതി. എന്തൊരു അസംബന്ധമാണിത്! ഭരണകൂടം ഇത് അനുവദിക്കുകയാണ്. നിങ്ങള്‍ ഇത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഉത്തരേന്ത്യയില്‍ ഹിന്ദു മുസ്ലീം കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹിന്ദു മുസ്ലീം ഓഫീസര്‍മാരെ അതത് പ്രദേശങ്ങളില്‍ മാത്രം നിയമിക്കുന്ന രീതി കണ്ടിട്ടുണ്ടോ? ഒരിക്കലുമില്ല. മണിപ്പൂരില്‍ അതും നടക്കുന്നു.''

സര്‍ക്കാര്‍ ചെയ്യേണ്ടത് ഒന്നും തന്നെ സര്‍ക്കാര്‍ ചെയ്തില്ല എന്നതാണ് ഈ കലാപവുമായി ബന്ധപ്പെട്ടുണ്ടായ ഏറ്റവും വലിയ നിരാശ. ഈ രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഇങ്ങനെയൊരു സംഭവം വേറെ ഉണ്ടായിട്ടില്ല. അറുപതിനായിരത്തിലധികം മനുഷ്യര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. അനേകം ആളുകള്‍ കൊല്ലപ്പെട്ടു.

മണിപ്പൂരില്‍ ഇങ്ങനെയൊരു സംഘര്‍ഷത്തിന്റെ സാധ്യത 2015 മുതല്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ആളായിരുന്നു താനെന്നു ഡോ. ബിമല്‍ ഓര്‍മ്മിപ്പിച്ചു. ''അങ്ങനെയൊരു കലാപം അനുവദിച്ച ഗവണ്‍മെന്റിന്റെ നിലപാടാണ് ഏറ്റവും അപലപലനീയമായിട്ടുള്ളത്. ഗവണ്‍മെന്റ് കൃത്യമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഒരിക്കലും ഈ കലാപം ഇത്രമാത്രം നീണ്ടുപോകുമായിരുന്നില്ല. കലാപത്തിന് പല ഘടകങ്ങള്‍ കാരണമായിട്ടുണ്ട്. വംശീയത അതില്‍ പ്രധാനമാണ്.

ഇതില്‍ ബി ജെ പി വഹിച്ച പങ്ക് കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്. കലാപത്തിന് ബി ജെ പി പ്രേരണ നല്‍കിയിട്ടുണ്ടാകാനുള്ള സാധ്യതയുണ്ട്. കാരണം കലാപം അടിച്ചമര്‍ത്താന്‍ അവര്‍ യാതൊന്നും ചെയ്തില്ല. പ്രധാനമന്ത്രി ഇതുവരെയും മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ല. എന്തിനാണ് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത് എന്നാണ് ബി ജെ പി ചോദിക്കുന്നത്. ദുരന്തങ്ങള്‍ സംഭവിക്കുന്ന ഒരുപാട് സ്ഥലങ്ങളില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിട്ടുണ്ട്. അതുകൊണ്ട് മണിപ്പൂരിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക എന്നത് വളരെ സ്വാഭാവികവും ന്യായവും ആണ്. ഉദ്യോഗസ്ഥ സംവിധാനം പോലും വംശീയാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്ന ഒരിടത്ത് അദ്ദേഹം സന്ദര്‍ശനം നടത്താതിരിക്കുന്നത് ദുരൂഹമായിരിക്കുന്നു. ഒരു പ്രധാനമന്ത്രിയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത നിരുത്തരവാദിത്വപരമായ പെരുമാറ്റമാണിത്.''

വംശഹത്യ എന്ന് മണിപ്പൂര്‍ കലാപത്തെ വിശേഷിപ്പിക്കുന്നതിനോട് ഡോ. ബിമല്‍ യോജിക്കുന്നില്ല. 'നിക്ഷിപ്ത താല്‍പര്യങ്ങളുള്ള ആളുകള്‍ കലാപത്തെക്കുറിച്ച് പല കഥകളും പ്രചരിപ്പിച്ചു. ദേശീയ മാധ്യമങ്ങള്‍ ഈ കലാപം റിപ്പോര്‍ട്ട് ചെയ്ത രീതിയും ശരിയായിരുന്നില്ല. ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഞങ്ങള്‍ ഇതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തി. അത് ആര്‍ക്കും പരിശോധിക്കാം. വളരെ മോശമായ റിപ്പോര്‍ട്ടിംഗാണ് ദേശീയ മാധ്യമങ്ങള്‍ മണിപ്പൂര്‍ കലാപത്തെക്കുറിച്ച് നടത്തിയിട്ടുള്ളത് എന്ന് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നു. എരിതീയില്‍ എണ്ണയൊഴിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്.''

'കേരള സ്റ്റോറി' പോലെയുള്ള സിനിമകള്‍ക്ക് പ്രേക്ഷകരെ കബളിപ്പിക്കാന്‍ സാധിക്കുകയില്ലെന്നു, ചലച്ചിത്രങ്ങള്‍ എടുക്കുകയും അവയെക്കുറിച്ച് പഠിപ്പിക്കുകയും ചെയ്യുന്ന ഡോ. ബിമല്‍ അഭിപ്രായപ്പെട്ടു. ''അത്തരം സിനിമകളുടെ ലക്ഷ്യങ്ങള്‍ പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും. എല്ലാ സിനിമകളും ഒരര്‍ത്ഥത്തില്‍ പ്രൊപ്പഗാന്റ സിനിമകളാണ്. എന്തെങ്കിലും ആശയങ്ങള്‍ എല്ലാ സിനിമകളും കലാസൃഷ്ടികളും സംവേദനം ചെയ്യാന്‍ ശ്രമിക്കുന്നു.''

നിങ്ങള്‍ എക്‌സ് കമ്മ്യൂണിറ്റിയില്‍പ്പെട്ട ഒരു പൊലീസ് ഓഫീസറാണെങ്കില്‍ വൈ കമ്മ്യൂണിറ്റിയുടെ സ്ഥലത്ത് നിങ്ങളെ നിയമിക്കുകയില്ല. ഐ എ എസ് ഓഫീസറാണെങ്കിലും ഇതാണ് സ്ഥിതി. എന്തൊരു അസംബന്ധമാണിത്! ഭരണകൂടം ഇത് അനുവദിക്കുകയാണ്. നിങ്ങള്‍ ഇത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?

ഇത്തരം സിനിമകള്‍ നിരോധിക്കുന്നതിനോട് ഒരു റൊമാന്റിക് ലിബറല്‍ വാദി എന്ന നിലയില്‍ താന്‍ യോജിക്കുന്നില്ല എന്നും ഡോ. ബിമല്‍ വ്യക്തമാക്കി. ''അത്തരം സിനിമകളെ വിമര്‍ശിക്കുക, തുറന്നുകാട്ടുക എന്നതാണ് പ്രതിവിധി. അവര്‍ എന്താണ് ചെയ്യുന്നത് എന്ന് ഉറക്കെ വിളിച്ചു പറയുക. അതാണ് നിരോധനത്തേക്കാള്‍ ഫലം ചെയ്യുക. അത്തരം സിനിമകള്‍ക്കു ബദലായി സിനിമകള്‍ ചെയ്യുക. വസ്തുതാപരമായ തെറ്റുകള്‍ വരുത്തിയിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക.''

ഇന്ത്യയില്‍ മതങ്ങള്‍ വിഭാഗീയത വളര്‍ത്താനാണ് കൂടുതല്‍ സംഭാവനകളര്‍പ്പിച്ചിട്ടുള്ളതെന്ന് ഡോ. ബിമല്‍ കുറ്റപ്പെടുത്തി. ''നീതിയും സമാധാനവും സൗഹൃദവും മെച്ചപ്പെടുത്താന്‍ മത നേതാക്കള്‍ക്ക് സഹായിക്കാന്‍ കഴിയും. പക്ഷേ, അവര്‍ അതിന് തയ്യാറാകണം.''

കേരളത്തില്‍ നിന്ന് മണിപ്പൂരില്‍ വന്ന് സേവനം ചെയ്യുന്ന നിരവധി ക്രിസ്ത്യന്‍ മിഷണറിമാരെ തനിക്കറിയാമെന്ന് ഡോ. ബിമല്‍ പറഞ്ഞു. ''പലരും കോളേജിലും മറ്റും സഹപാഠികള്‍ ആയിരുന്നു. നിരവധി മലയാളികള്‍ അവിടെ സ്‌കൂളുകളും മറ്റും നടത്തുന്നുണ്ട്. വലിയ സേവനമാണ് അവരുടേത്.''

കേരളത്തില്‍ നിന്നുള്ള നിരവധിപേര്‍ യൂണിവേഴ്‌സിറ്റിയില്‍ ഡോ. ബിമലിന്റെ വിദ്യാര്‍ത്ഥികള്‍ ആയിരുന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനത്തിന് കീഴില്‍ ഗവേഷണം ചെയ്യുന്ന മലയാളികള്‍ ഇപ്പോഴുമുണ്ട്.

കല നമ്മുടെ മാനവികതയെ ഉയര്‍ത്തുന്നു എന്ന് ഡോ. ബിമല്‍ അഭിപ്രായപ്പെട്ടു, ''നമ്മിലെ മാനവികത ഉണരുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് അത് പരിഹാരമാകുന്നു.''

കേരളവും മണിപ്പൂരും തമ്മില്‍ ധാരാളം സാമ്യങ്ങള്‍ ഉണ്ടെന്ന് ഡോ. ബിമല്‍ ചൂണ്ടിക്കാട്ടി. ''സമാന്തര സിനിമ, ബദല്‍ നാടകങ്ങള്‍, ഫുട്‌ബോള്‍, ആയോധനകലകള്‍ തുടങ്ങിയവയിലെല്ലാം സമാന താല്‍പര്യങ്ങള്‍ പങ്കുവയ്ക്കുന്നവരാണ് കേരളീയരും മണിപ്പൂരികളും.''

എം പി എന്ന നിലയില്‍ കേരളത്തിലെയും മണിപ്പൂരിലെയും വിദ്യാര്‍ത്ഥികളുടെ പരസ്പര സാംസ്‌കാരിക വിനിമയ പരിപാടികളും സാംസ്‌കാരിക ഉത്സവങ്ങളും നടത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org