
സാങ്കല്‍പ്പിക രാജ്യമായ അംനേഷ്യയില്‍ നടക്കുന്ന നാല് വ്യത്യസ്ത കഥകളില്‍ സ്ത്രീകള്‍ക്കുമേല്‍ പുരുഷന്മാര്‍ നടത്തുന്ന മേല്‍ക്കോയ്മയാണ് നോവലിന്റെ ഉള്ളടക്കം. അധിനിവേശത്തിന് വിമര്‍ശനം എഴുതുമ്പോഴും ഇത്തരം നിഗൂഢാനന്ദങ്ങള്‍ നമുക്കു ചുറ്റും കൂടിക്കൊണ്ടിരിക്കുന്നു.
ഫാ. അരുണ്‍ വലിയവീട്ടില്‍
''യാക്കോബ് പ്രതിവചിച്ചു: ആദ്യം നിന്റെ കടിഞ്ഞൂലവകാശം എനിക്കു വിട്ടുതരുക'' (ഉല്‍. 25:31). വിശന്നുവലഞ്ഞുവന്ന ഏസാവ് തന്റെ കടിഞ്ഞൂല്‍ അവകാശം കൈമാറിയത് നോക്കുക?
''ഏസാവു പറഞ്ഞു: ഞാന്‍ വിശന്നു ചാകാറായി. കടിഞ്ഞൂലവകാശം കൊണ്ട് എനിക്കിനി എന്തു പ്രയോജനം?
യാക്കോബ് പറഞ്ഞു: ആദ്യം എന്നോടു ശപഥം ചെയ്യുക. ഏസാവ് ശപഥം ചെയ്തു. അവന്‍ തന്റെ കടിഞ്ഞൂലവകാശം യാക്കോബിനു വിട്ടുകൊടുത്തു.
യാക്കോബ് അവന് അപ്പവും പയറുപായസവും കൊടുത്തു. തീറ്റയും കുടിയും കഴിഞ്ഞ് അവന്‍ എഴുന്നേറ്റുപോയി. അങ്ങനെ ഏസാവ് തന്റെ കടിഞ്ഞൂലവകാശം നിസ്സാരമായി കരുതി'' (ഉല്‍. 25:32-34).
ബലഹീനതയേയും, നിസ്സഹായതയേയും ചൂഷണം ചെയ്യുന്ന അധീശത്വത്തിന്റെ ആനന്ദങ്ങള്‍ നമ്മുടെ ചുറ്റിനുമുണ്ട്. ഇന്നും അനസ്യൂതം തുടരുന്ന ഈ അധിനിവേശത്തിന്റെ ചങ്ങലകള്‍ സര്‍വത്ര പിടിമുറുക്കുന്നുണ്ട്. സര്‍വവ്യാപിയായി അസ്വാതന്ത്ര്യത്തിന്റെ വിത്തുവിതച്ച് താണ്ഡവമാടുന്നു.
അപ്പാപ്പന്‍ രണ്ട് ദിവസം വീട്ടിലുണ്ടായില്ല. പ്രാര്‍ത്ഥനയെത്തിക്കുമ്പോള്‍ അപ്പാപ്പന്‍ ഇരിക്കാറുള്ള കസേരയില്‍ അഞ്ചുവയസ്സുള്ള പേരക്കുട്ടി കയറിയിരുന്നു. അവന്‍ വിചാരിച്ചു എല്ലാരേയും പിണങ്ങാനും വീട്ടിലെ കാര്‍ന്നോരാകാനും ആ കസേരയില്‍ ഇരുന്നാല്‍ മതിയെന്ന്. അപ്പാപ്പന്‍ വന്നപ്പോള്‍ ആ അധികാരക്കസേര അവന്‍ കൊടുത്തില്ല. രണ്ടുദിവസം കൊണ്ട് അവന്‍ അധികാരം സ്ഥാപിച്ചു. മറ്റൊരവസരത്തില്‍ ഡാഡിയുടെ വലിയ ഷൂസുകള്‍ ഇട്ട് മമ്മിയെ മോന്‍ ചവിട്ടി. ഡാഡിയെപ്പോലെ മമ്മിയെ നിയന്ത്രിക്കാന്‍ ഡാഡിയുടെ ഷൂസിട്ടാല്‍ മതിയെന്ന് ആ പിഞ്ചുബാലന്‍ കരുതി. മേധാവിത്വം സ്ഥാപിക്കുക. അതൊരു ചെറിയ കാര്യത്തില്‍ ആയാലും ആനന്ദം കണ്ടെത്തുക മനുഷ്യസഹജമാണ്. പലരും ഈ അധീശത്വത്തിന്റെ ഇരകള്‍ ആവുന്നത് അവരുടെ സാഹചര്യത്തിന്റെ സമ്മര്‍ദം കൊണ്ടാണ്.
ശ്രീലങ്കന്‍ സാഹിത്യകാരനായ യാസ്മിന്‍ ഗുണരത്‌നയുടെ ഒരു നോവലിന്റെ പേര് 'Pleasures of Conquest' (അധിനിവേശത്തിന്റെ ആനന്ദം) എന്നാണ്. സാങ്കല്‍പ്പിക രാജ്യമായ അംനേഷ്യയില്‍ നടക്കുന്ന നാല് വ്യത്യസ്ത കഥകളില്‍ സ്ത്രീകള്‍ക്കുമേല്‍ പുരുഷന്മാര്‍ നടത്തുന്ന മേല്‍ക്കോയ്മയാണ് നോവലിന്റെ ഉള്ളടക്കം. അധിനിവേശത്തിന് വിമര്‍ശനം എഴുതുമ്പോഴും ഇത്തരം നിഗൂഢാനന്ദങ്ങള്‍ നമുക്കുചുറ്റും കൂടിക്കൊണ്ടിരിക്കുന്നു. കല്‍പറ്റ നാരായണ മേനോന്റെ 'ക്ലിയോപാട്രയുടെ പൂച്ച' എന്ന കൃതിയില്‍ പറയുന്ന സൂക്ഷമവിചാരം ചിന്തനീയമാണ്. ക്ലിയോപാട്ര അതീവ സുന്ദരിയാണെന്നും അവളെ സൗന്ദര്യത്തില്‍ വെല്ലാന്‍ ആരുമില്ലെന്നും അവള്‍ വിശ്വസിച്ചിരുന്നു. അവളുടെ മടിയില്‍ വിഹരിച്ചിരുന്ന പൂച്ചയെ കാണാന്‍ വളരെ സുന്ദരിയായിരുന്നു. തന്റെ കൈവശം ഉണ്ടായിരുന്ന പൂച്ചപോലും തന്റെ ഒപ്പം സൗന്ദര്യം ഇല്ലെങ്കില്‍ ഉപയോഗിക്കാനാവില്ല എന്നുള്ള ചിന്ത ക്ലിയോപാട്രയെ മതിച്ചിരുന്നു. ഒരുപക്ഷേ നമ്മള്‍ സ്വരൂക്കൂട്ടുന്നതൊക്കെയും നമ്മുടെ അധിശത്വത്തിന്റെ ഷോപീസുകള്‍ ആയി മാറാറുണ്ട് എന്ന് പരോക്ഷമായി കവിതയില്‍ സൂചിപ്പിക്കുന്നു.
കണ്ണാടിയുടെ വശങ്ങളില്‍ ഒട്ടിച്ചുവച്ച പൊട്ടിന്റെ പേരില്‍ അമ്മയെ കുറ്റപ്പെടുത്തുന്ന അപ്പനും മക്കളും, അവരറിഞ്ഞില്ല അമ്മയെ അധികകാലം കുറ്റം പറയാന്‍ പറ്റില്ലാന്ന്. കാന്‍സര്‍ അമ്മയെ കൊത്തിപ്പറിച്ചു. അമ്മയുടെ മരണം ബാക്കിവച്ച ആ പൊട്ടുകള്‍ 'അമ്മയുടെ അസ്വാതന്ത്ര്യത്തിന്റെ ദിനങ്ങള്‍' ഓര്‍മ്മിപ്പിച്ചു കൊണ്ട് കുടുംബത്തെ വേദനയോടെ വേട്ടയാടി. ചോറില്‍ മുടി വീണാല്‍ എന്തോ മഹാപരാധം ചെയ്തപോലെ ഭാര്യയെ അടിക്കുന്ന ഭര്‍ത്താവ്. 6 മാസം കൊണ്ട് 21 തവണ ഭാര്യയെ തല്ലുന്ന ഭര്‍ത്താവിനെ ഒരു പ്രാവശ്യം തിരിച്ചടിക്കുമ്പോള്‍ ഭാര്യയെ കുറ്റക്കാരിയാക്കുന്ന (Male Chauvenism) ആണ്‍മേധാവിത്വ സമൂഹം? സാമൂഹ്യക്രമങ്ങളില്‍ (Social Process) മാറ്റം വരുത്തിയാല്‍ അധിനിവേശത്തിന്റെ കറുത്ത കരങ്ങള്‍ പുതിയ സാമൂഹ്യ മനഃശാസ്ത്ര(social Psychology)ത്തിന് രൂപം കൊടുക്കുന്നു. ഭാര്യ ജോലിക്കുപോയി ഭര്‍ത്താവ് വീട്ടിലിരുന്നു മക്കളെ നോക്കിയാല്‍ ആണല്ലാണ്ടാക്കുന്ന ഒരു Social Ego നമുക്ക് ചുറ്റുമുണ്ട്. ഭാര്യയുടെ ലേബലില്‍ ഭര്‍ത്താവ് വിദേശത്ത് ജോലിക്ക് പോയാല്‍ പാവാട വിസ എന്ന് അധിക്ഷേപിക്കുന്ന അടക്കം പറച്ചിലുകള്‍.
ചരിത്രത്തില്‍ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഏറ്റുമുട്ടലുകള്‍ ഒരുപാട് നടന്നിട്ടുണ്ട്. ''ലോകത്തെങ്ങുമുള്ള തൊഴിലാളികളെ സംഘടിക്കുവിന്‍. നിങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ചങ്ങലകള്‍ മാത്രം. നേടുവാനോ ഒരു ലോകം മുഴുവനും'' എന്ന ആപ്തവാക്യവുമായി മുതലാളിത്തവര്‍ഗത്തിന്റെ ഉന്‍മൂലനത്തിലൂടെ തൊഴിലാളിവര്‍ഗത്തിന്റെ സര്‍വാധിപത്യത്തിന് നിയതമായ തുടക്കം കുറിച്ചത് കാറല്‍ മാര്‍ക്‌സും ഏംഗല്‍സും ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധപ്പെടുത്തിയതിനുശേഷമാണ്. ഈ പുസ്തകം റഷ്യയിലേക്ക് തര്‍ജിമ ചെയ്തുകൊണ്ട് ലെനിന്‍ പറഞ്ഞതിങ്ങനെ 'വര്‍ഗസമരത്തെയും പുതിയ കമ്മ്യൂണിസ്റ്റ് സമുദായത്തിന്റെ സ്രഷ്ടാവായ തൊഴിലാളിവര്‍ഗത്തിന്റെ ചരിത്രപ്രാധാന്യവും, വിപ്ലവപരവുമായ പങ്കിനെ സംബന്ധിച്ച സിദ്ധാന്തം.' പിന്നീട് രക്തരൂക്ഷിത വിപ്ലവങ്ങള്‍ക്ക് ചരിത്രം മൂകസാക്ഷി.
'ഏത് അനീതിയും നിന്നെ ക്രോധംകൊണ്ട് വിറകൊള്ളിക്കുമെങ്കില്‍, നിന്നെ ഞാന്‍ സഖാവേ (Comrade)' എന്നു വിളിക്കാമെന്ന് ചെഗുവേരയും രേഖപ്പെടുത്തി.
സ്വാതന്ത്ര്യത്തെ ഹനിക്കുന്ന അവകാശങ്ങളെ നിഷേധിക്കുന്ന അധിനിവേശങ്ങളെ കൂട്ടമായി പ്രതിരോധിച്ച ചരിത്രമാണ് ഫ്രഞ്ച് വിപ്ലവം. ഡാര്‍ട്ടണ്‍ എഴുതിയ The Great Cat Massacre and the other episodes in French cultural history എന്ന പുസ്തകത്തില്‍ ഫ്രാന്‍സില്‍ നടന്ന ഒരു സംഭവ കഥ വിവരിക്കുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഒരച്ചടിശാലയില്‍ വളര്‍ത്തിയിരുന്ന പൂച്ചയെ കൊന്നുകളയുന്ന കഥ. പ്രസാധകശാലയുടെ മുതലാളിയുടെ ഭാര്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പൂച്ചയുണ്ടായിരുന്നു. പേര് 'ലാ ഗ്രിസ്സ'. മുതലാളിമാര്‍ കഴിച്ചിരുന്ന മുന്തിയ തരം ഭക്ഷണമാണ് ആ പൂച്ച കഴിച്ചിരുന്നത്. തൊഴിലാളികള്‍ക്ക് കൊടുത്തിരുന്ന പഴകിയ പുളിച്ച ബ്രഡ്ഡുകളും ഇറച്ചി കഷ്ണങ്ങളും തിന്നാന്‍ ആ പൂച്ച വിസമ്മതിച്ചു. തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട പരിഗണന പൂച്ചയ്ക്ക് ലഭിച്ചത് തൊഴിലാളികളില്‍ അതൃപ്തി ഉളവാക്കി. അവര്‍ ആ പൂച്ചയെ കൊന്നുകളയുന്നു. ഡാര്‍ട്ടണ്‍ പറയുന്നത് ഫ്രഞ്ച് വിപ്ലവ ചരിത്രത്തില്‍ പൂച്ചയുടെ കൊലപാതകം ഈ ജീവികളുടെ ഉടമസ്ഥരായ ബൂര്‍ഷ്വാമുതലാളിത്തത്തിനെതിരെയുള്ള തൊഴിലാളി വര്‍ഗത്തിന്റെ സമരമാണ്.
വംശീയാധിപത്യത്തിന്റേയും രക്തരൂക്ഷിത വിപ്ലവങ്ങളുടേയും മതതീവ്രവാദത്തിന്റേയും ഭീകരപ്രവര്‍ത്തനങ്ങളും വഴി ഹിറ്റ്‌ലര്‍, മുസ്സോളിനി, ബിന്‍ ലാദന്‍ തുടങ്ങിയ എത്രയോ പേര്‍ അധീശത്വത്തിനായി ശ്രമിച്ചു. അനേകം ജീവനുകള്‍ പൊഴിഞ്ഞെന്നു മാത്രമല്ല അസ്വാതന്ത്ര്യത്തിന്റെ പുതിയ ചിലന്തിവലകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു.
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുറവിളികള്‍ വ്യക്തിജീവിതത്തിലും സമൂഹ ജീവിതത്തിലും ചങ്ങലകളില്‍ നിന്ന് ചങ്ങലകളിലേക്കുള്ള യാത്രയായിരുന്നു.
'ഒരു കുലത്തില്‍ പിറന്ന രൂപത്തിലും ഭാവത്തിലും സദൃശ്യരായ മൂന്ന് ആനകളുടെ അവസ്ഥകള്‍ വ്യത്യസ്തമാണ്. ആദ്യത്തെ ആനയെ ഗുരുവായൂര്‍ പുരന്ദന്‍ കോട്ടയില്‍ വച്ച് കണ്ടപ്പോള്‍ അന്തിയുറങ്ങാനും പന്തിയുള്ളവനും മൊന്ത നിറയെ തീറ്റ ഉള്ളവനും ചുറ്റുപാടും പരിചാരങ്ങള്‍ ഉള്ളവനും ആരാധകര്‍ സെല്‍ഫി എടുക്കാന്‍ ഉള്ളവനും ആണ്. പക്ഷേ ആനയുടെ കണ്ണുകളില്‍ തടവിലാക്കപ്പെട്ടവന്റെ നൊമ്പരവും കാലുകളില്‍ ചങ്ങലയും കാണപ്പെട്ടു. രണ്ടാമത്തെ ആനയെ കണ്ടത് ഒരു ഉത്സവത്തിന് അലങ്കാരത്തിന്റെ തിടമ്പേറ്റുകയും നൈവേദ്യത്തിന്റെ മധുരം ഉള്ളവനും വാദ്യഘോഷങ്ങളുടെ അകമ്പടി ഉള്ളവനാണ്. അവന്‍ സെലിബ്രിറ്റി ആണ്. പക്ഷേ വിങ്ങലൊളിപ്പിച്ച നേത്രങ്ങളും വിലങ്ങണിയിച്ച പാദങ്ങളുമാണ് അവനുള്ളത്. മൂന്നാമത്തെ ആനയെ ഊട്ടിയിലെ നീലഗിരികുന്നുകളില്‍ലാണ് കണ്ടത്. അലഞ്ഞു നടക്കുന്ന ഒറ്റയാനവന്‍. ഉള്ളംകൈ ശൂന്യമായവന്‍. മണ്ണും മഴയും മാത്രം സ്വന്തമായവന്‍. ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെയും മറഞ്ഞിരിക്കുന്ന തോക്കിന്‍ കുഴലുകളെയും ഒറ്റയ്ക്ക് നേരിടേണ്ടവന്‍. എന്നാല്‍ മിഴികളില്‍ ആനന്ദത്തിന്റെ പൊന്‍വെളിച്ചവും പാതകളും പാദങ്ങളും സ്വതന്ത്രവും ആണ്.'
മൂന്ന് ആനകളുടെ അവസ്ഥയെക്കുറിച്ച് കഥ പറയുന്ന യുവ കവയത്രി അലീസ ശിഹാബ് എഴുതിയ 'ചങ്ങലകളിലെ സ്വാതന്ത്ര്യം' എന്ന കവിത പുതുയുഗത്തിലെ വ്യത്യസ്ത ചങ്ങലകളെക്കുറിച്ചും, യഥാര്‍ത്ഥ സ്വാതന്ത്യത്തേയും വിവരിക്കുന്നു. ആര്‍ക്കാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം നല്‍കാന്‍ സാധിക്കുക? പൗലോസ് ശ്ശീഹയുടെ വാക്കുകള്‍ വളരെ പ്രസക്തമാണ്, 'നിങ്ങള്‍ അന്യോന്യം കടിച്ചുകീറുകയും വിഴുങ്ങുകയും ചെയ്ത് പരസ്പരം നശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍' (ഗലാ. 5:15). ശ്ലീഹ വീണ്ടും ഉദ്‌ബോധിപ്പിക്കുന്നു, 'സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്; ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്നുമാത്രം. പ്രത്യുത, സ്‌നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്പരം സേവിക്കുവിന്‍' (ഗലാ. 5:13).
ആരായിരിക്കും ഈ ശാശ്വത സ്വാതന്ത്ര്യം നല്‍കുക? ഒരേയൊരു ഉത്തരം മാത്രം.. 'സ്വാതന്ത്ര്യത്തിലേക്കു ക്രിസ്തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങള്‍ സ്ഥിരതയോടെ നില്‍ക്കുവിന്‍. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങള്‍ വിധേയരാകരുത്' (ഗലാ 5:1). 'അതുകൊണ്ട് പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാകും' (യോഹ. 8:36). ആ സ്വാതന്ത്യത്തില്‍ ഒരുവന്‍ ഉറച്ചു നില്‍ക്കുമ്പോള്‍ 'തന്റെ പ്രവൃത്തികളില്‍ അവന്‍ അനുഗൃഹീതനാകും' (യാക്കോ. 1:25). അതുവഴി അന്ധകാരത്തില്‍നിന്നും മരണത്തിന്റെ നിഴലില്‍നിന്നും അവിടുന്ന് അവരെ പുറത്തുകൊണ്ടുവരുകയും അവരുടെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിയുകയും ചെയ്യും (സങ്കീ. 107:14).
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാലം ചെയ്യുന്നതിനു മുമ്പ് പറഞ്ഞ വാക്കുകള്‍ ഏതൊരു ക്രിസ്ത്യാനിയും ഉരുവിടേണ്ടതാണ്. ആന്‍ഡ്രിയ ടോര്‍ണെല്ലിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പോപ്പ് എമരിത്തൂസ് ബെനഡിക്ട് അവസാനമായി സംസാരിച്ചത് ഏകദേശം രാവിലെ 3.00-ന് ആയിരുന്നു. ഡിസംബര്‍ 31 ന്, അദ്ദേഹത്തിന്റെ മരണത്തിന് ഏകദേശം 6 മണിക്കൂര്‍ മുമ്പ്, 'ദൈവമേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' (Jesus, ich liebe dich) എന്ന് ബെനഡിക്ട് XVI പറഞ്ഞതായി പോപ്പ് എമിരിറ്റസിന്റെ സെക്രട്ടറി ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് ഗാന്‍സ്‌വീന്‍ സാക്ഷ്യപ്പെടുത്തുന്നു. നാം ചങ്ങലകളിലല്ല, മറിച്ച് ക്രിസ്തു നല്കിയ സ്വാതന്ത്ര്യം അനുഭവിച്ച് ജീവിക്കുന്നു എന്ന് പ്രത്യാശിക്കാന്‍ ഈ പ്രാര്‍ത്ഥന നമ്മെ സഹായിക്കട്ടെ.