പള്ളിക്കൊപ്പം പള്ളിക്കൂടം@1200

kerala school with church@1200
Published on
1793-ൽ കോഴിക്കോട് ബീച്ചിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വികാരിയായിരുന്ന പോർട്ടുഗീസുകാരനായ ഈശോ സഭാ മിഷണറി ഫാ. ഗബ്രിയേൽ ഗോൺസാൽവസ് പള്ളിയോടു ചേർന്ന് ഒരു യൂറോപ്യൻ സ്കൂൾ സ്ഥാപിച്ചു. അതാണ് ഇന്നത്തെ സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ. കേരളത്തിലെ ആദ്യ ആധുനിക വിദ്യാലയം.

പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന പരികല്പന ക്രൈസ്തവർക്കു പ്രിയംകരമാണ്. എങ്കിലും എന്നാണിതിന്റെ തുടക്കം, ആരാണിതിന്റെ ഉപജ്ഞാതാവ് എന്ന കാര്യങ്ങളിലൊക്കെ അഭിപ്രായഭേദമുണ്ട്. ഈ സാഹചര്യത്തിലാണ് ആ പരികല്പനയ്ക്ക് 1200 വർഷം തികഞ്ഞിരിക്കുന്നു എന്ന ചരിത്രവസ്തുത ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.

വാസ്തവത്തിൽ, കത്തോലിക്കാസഭയുമായി നാഭീനാളബന്ധമുള്ള ഒരു സങ്കല്പനമാണു പള്ളിക്കൊപ്പം പള്ളിക്കൂടം. എ.ഡി. 826-ൽ എവുജീനിയൂസ് രണ്ടാമൻ മാർപാപ്പ വിളിച്ചുചേർത്ത റോമൻ സിനഡാണ് ഈ ആശയം ലോകത്തിനു സമ്മാനിച്ചത്.

826 നവംബർ 15 നാണു സിനഡ് ആരംഭിച്ചത്. ഇറ്റലിയിൽ നിന്നുള്ള 62 മെത്രാന്മാർ ഇതിൽ പങ്കെടുത്തതായി കാണുന്നു. ഏതാനും ദിവസങ്ങളേ സിനഡ് നീണ്ടുനിന്നുള്ളൂ. പ്രധാനമായും വൈദികരുടെയും പൊതുസമൂഹത്തിന്റെയും വിദ്യാഭ്യാസത്തെക്കുറിച്ചായിരുന്നു സിനഡിലെ ചർച്ച. അക്കാലത്ത് കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലാത്ത വൈദികരും മെത്രാന്മാരും ഉണ്ടായിരുന്നത്രെ. ഇതിനു മാറ്റം വരുത്തണമെന്നും വൈദികരും മെത്രാന്മാരും സന്യസ്തരുമൊക്കെ വിദ്യാസമ്പന്നരായിരിക്കണ മെന്നും സിനഡ് നിശ്ചയിച്ചു. അങ്ങനെയാണ് എല്ലാ കത്തീഡ്രലുകളോടും ആശ്രമങ്ങളോടും ഇടവക ദേവാലയങ്ങളോടും ചേർന്നു സ്കൂളുകൾ ആരംഭിക്കണമെന്ന തീരുമാനം സിനഡിലുണ്ടായത്. അന്നു യൂറോപ്യൻ രാജ്യങ്ങളെല്ലാം തന്നെ കത്തോലിക്കാ രാജ്യങ്ങളായിരുന്നു. അവയുടെ മേൽ മാർപാപ്പയ്ക്കു പൊതുവായ നിയന്ത്രണാധികാരവുമുണ്ടായിരുന്നു. അക്കാരണത്താൽ സിനഡു തീരുമാനം ഇറ്റലിയിൽ മാത്രമല്ല മറ്റു യൂറോപ്യൻ രാജ്യങ്ങളിലും നടപ്പിലായി. അങ്ങനെ യൂറോപ്പിലാകെ പള്ളികളോടു ചേർന്നു പള്ളിക്കൂടങ്ങൾ സാർവത്രികമായി.

ഇതിന്റെ പിന്നിൽ ചാർലി മെയിൻ ചക്രവർത്തിയുടെ പ്രേരണകൂടിയുണ്ട് എന്നും ഓർമ്മിക്കേണ്ടിയിരിക്കുന്നു. എ.ഡി. 774 ലാണു ചാർലി മെയിൻ ഫ്രാൻസിലെ രാജാവായി സ്ഥാനമേറ്റത്. അദ്ദേഹത്തിന്റെ പിതാവു പെപ്പിൻ രാജാവു പേപ്പൽ സിംഹാസനത്തിന്റെ സംരക്ഷകനായിരുന്നു. പുത്രനും പിതാവിന്റെ പാത തന്നെ പിന്തുടർന്നു. പാപ്പായുടെ ശത്രുക്കളായ ലൊംബാർഡുകളെ നിശ്ശേഷം പരാജയപ്പെടുത്തിയ അദ്ദേഹം പേപ്പൽ സിംഹാസനത്തിന്റെ സുരക്ഷ ഉറപ്പാക്കി. മധ്യയൂറോപ്പിലെയും പടിഞ്ഞാറൻ യൂറോപ്പിലെയും ചെറുകിട രാജ്യങ്ങളെയെല്ലാം പിടിച്ചടക്കി തന്റെ രാജ്യത്തോടു ചേർത്ത് ഒരു വിശാല യൂറോപ്യൻ സാമ്രാജ്യത്തിനദ്ദേഹം അടിത്തറയിട്ടു. കീഴടങ്ങിയ രാജാക്കാന്മാരെയും ജനങ്ങളെയും കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ അദ്ദേഹം നിർബന്ധിച്ചു. ആവശ്യമുള്ളിടത്തെല്ലാം പള്ളികളും അവയോടനുബന്ധിച്ചു പള്ളിക്കൂടങ്ങളും സ്ഥാപിച്ച് ആത്മാവിനും ശരീരത്തിനും ഒരു പോലെ വിദ്യാസമ്പന്നത നേടാൻ വഴിയൊരുക്കി. യൂറോപ്പിനെ എഴുതാനും വായിക്കാനും പഠിപ്പിച്ചതു ചാർലി മെയിനാണെന്നു ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു.

ചാർലി മെയിൻ സഭയ്ക്കു നല്കിയ സേവനങ്ങൾക്ക് അംഗീകാരമായി ലെയോ മൂന്നാമൻ മാർപാപ്പ എ.ഡി. 800 ഡിസംബർ 25-ന് ക്രിസ്മസ് ദിനത്തിൽ ചാർലി മെയിൻ രാജാവിനെ യൂറോപ്പിന്റെയാകെ ചക്രവർത്തിയായി അഭിഷേകം ചെയ്തു. പഴയ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരുന്നു കിരീടധാരണം. സഭയും ചാർലി മെയിനുമായുണ്ടായിരുന്ന ദൃഢസൗഹൃദത്തിന്റെ സൂചകമായിട്ടാണ് ഈ സംഭവത്തെ വിലയിരുത്തേണ്ടത്.

താൻ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ചാർലി മെയിൻ ചക്രവർത്തി മാർപാപ്പയോട് എല്ലാ ആരാധനാലയങ്ങളോടും ചേർന്നു സ്കൂളുകൾ ആരംഭിച്ചു ജനങ്ങൾക്കു വിദ്യാഭ്യാസം നല്കണമെന്ന് ആവശ്യപ്പെട്ടത്രെ. ഈ പശ്ചാത്തലത്തിലാവണം 826-ലെ റോമൻ സിനഡ് വിപ്ലവകരമായ ആ തീരുമാനം എടുത്തത്. അപ്പോഴേക്കും ചാർലി മെയിൻ അന്തരിച്ച് 12 വർഷം കഴിഞ്ഞിരുന്നു.

റോമൻ സിനഡിന്റെ തീരുമാനം യൂറോപ്പിൽ ഒരു വിജ്ഞാനവിപ്ലവത്തിനു കളമൊരുക്കി. ലോകത്തിനു മുഴുവൻ നേട്ടമായി പരിണമിച്ച ശാസ്ത്ര സാങ്കേതിക സാഹിത്യ വികാസം യൂറോപ്പിൽ നിന്നു രൂപം കൊണ്ടതങ്ങനെയാണ്. ഈ വിജ്ഞാന വിപത്തിന്റെ സദ്ഫലങ്ങൾ ഉള്ളിലേറ്റിയാണു ക്രൈസ്തവ മിഷണറിമാർ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമെന്നതുപോലെ ഇന്ത്യയിലേക്കും എത്തിയത്. കത്തോലിക്കാ-അകത്തോലിക്കാ ഭേദമില്ലാതെ ആ മിഷണറിമാർ ഇന്ത്യയിൽ എവിടെയൊക്കെ സുവിശേഷം പ്രസംഗിച്ചുവോ, അവിടെയൊക്കെ പള്ളികളോടൊപ്പം പള്ളിക്കൂടങ്ങളും ഉണ്ടായി.

പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന പരികല്പന ക്രൈസ്തവർക്കു പ്രിയംകരമാണ്. എങ്കിലും എന്നാണിതിന്റെ തുടക്കം, ആരാണിതിന്റെ ഉപജ്ഞാതാവ് എന്ന കാര്യങ്ങളിലൊക്കെ അഭിപ്രായഭേദമുണ്ട്.

അന്നു കേരളം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി വേർതിരിഞ്ഞു കിടക്കുകയായിരുന്നു. ഇവയിൽ മിഷണറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനം ആദ്യം ആരംഭിക്കുന്നതു മലബാറിലാണെന്നു പറയാം. 1793-ൽ കോഴിക്കോട് ബീച്ചിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ വികാരിയായിരുന്ന പോർട്ടുഗീസുകാരനായ ഈശോ സഭാ മിഷണറി ഫാ. ഗബ്രിയേൽ ഗോൺസാൽവസ് പള്ളിയോടു ചേർന്ന് ഒരു യൂറോപ്യൻ സ്കൂൾ സ്ഥാപിച്ചു. അതാണ് ഇന്നത്തെ സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ. കേരളത്തിലെ ആദ്യ ആധുനിക വിദ്യാലയം.

തിരുവിതാംകൂറിലെത്തിയ ആദ്യ പ്രോട്ടസ്റ്റന്റ് മിഷണറി വില്യം ത്രാബിയാസ് റിംഗിൾ ടോബ് 1806-ൽ നാഗർകോവിലിനു സമീപം മൈലാടിയിൽ ഒരു ആധുനിക വിദ്യാലയം ആരംഭിച്ചു. അദ്ദേഹം ഒരു പള്ളിയും ഒപ്പം പള്ളിക്കൂടവും സ്ഥാപിക്കാനാണു ശ്രമിച്ചതെങ്കിലും പള്ളി പണിയാൻ ഗവൺമെന്റിന്റെ അനുവാദം ലഭിക്കാതിരുന്നതുകൊണ്ടു പള്ളിക്കൂടം മാത്രമേ ആരംഭിക്കാൻ കഴിഞ്ഞുള്ളൂ. റിംഗിൾ ടോബിനു പിന്നാലെ തെക്കൻ തിരുവിതാംകൂറിലെത്തിയ പ്രോട്ടസ്റ്റന്റ് മിഷണറി ചാൾസ് മീഡ് എല്ലാ പള്ളികളോടും ചേർന്നു പള്ളിക്കൂടങ്ങൾ എന്ന ആശയം പ്രാവർത്തികമാക്കുകയുണ്ടായി.

റിംഗിൾ ടോബിനും മീഡിനും പിന്നാലെ ഇവിടെയെത്തിയ സിഎംഎസ് മിഷണറിമാരായ തോമസ് നോർട്ടൺ ആലപ്പുഴ (1810)യിലും ബഞ്ചമിൻ ബയ്.ലി കോട്ടയ (1811) ത്തും ജയിംസ് ഡാസൺ കൊച്ചി (1811) യിലും പള്ളികളോടൊപ്പം പള്ളിക്കൂടങ്ങളും ആരംഭിക്കുന്നുണ്ട്. മാർത്തോമ്മാ സഭാസ്ഥാപകനായ പാലക്കുന്നത്ത് അബ്രാഹം മല്പാൻ 1841-ൽ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ഇടവകകളിലെല്ലാം ഇംഗ്ലീഷ് സ്കൂളുകൾ സ്ഥാപിക്കണമെന്നു കല്പന നല്കി. 1856-ൽ വരാപ്പുഴ മെത്രാൻ ബർണർദിൻ ബെച്ചിനെല്ലി എല്ലാ പള്ളികളോടും ചേർന്നു പള്ളിക്കൂടങ്ങൾ ആരംഭിക്കണമെന്ന് ഇടയലേഖനം വഴി ആവശ്യപ്പെട്ടു. അതു പക്ഷേ, സംക്ഷേപവേദാർത്ഥം എന്ന വേദപഠനഗ്രന്ഥം പഠിപ്പിക്കാനായിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമി ലെയൊണാർദ് മെല്ലാനോ മെത്രാപ്പോലിത്താ 1872-ൽ എല്ലാ പള്ളികളിലേക്കും അയച്ച ഇടയലേഖനത്തിൽ കുട്ടികളെ എഴുത്തും വായനയും മറ്റു വിഷയങ്ങളും പഠിപ്പിക്കാൻ ഇടവകകൾതോറും സ്കൂളുകൾ ആരംഭിക്കണമെന്നു വ്യക്തമായി കല്പിക്കുന്നുണ്ട്. ഇതിനിടയിൽ 1865-ലാണ് ചാവറയച്ചന്റെ പ്രഖ്യാതമായ സർക്കുലർ വിദ്യാഭ്യാസ വിപ്ലവത്തിനു തിരികൊളുത്തിയത്.

826-ലെ റോമൻ സിനഡു മുന്നോട്ടുവച്ച പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആശയം വിദേശമിഷണറിമാരാണ് ഇവിടെ എത്തിച്ചതെങ്കിലും അവരുടെ കാലത്തിനുശേഷവും കേരള ക്രൈസ്തവസമൂഹം ആ ദൗത്യം വിസ്മരിച്ചില്ല. പുതിയ രൂപതകളും ഇടവകകളും രൂപം കൊണ്ടപ്പോൾ അവിടങ്ങളിലെല്ലാം മുൻഗണന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായിരുന്നു. അങ്ങനെ കേരളം ഒരു സമ്പൂർണ്ണ സ്കൂൾ സംസ്ഥാനമായി നിറഞ്ഞു നില്ക്കുമ്പോഴാണ് 1964-ലെ ആർ. ശങ്കർ ഗവൺമെന്റ് സംസ്ഥാനത്തു ജൂനിയർ കോളജുകൾ ആരംഭിക്കാൻ തീരുമാനമെടുത്തത്. അപ്പോഴും പുതിയ കോളേജുകൾ സ്ഥാപിക്കാൻ രൂപതകളും സാമ്പത്തികശേഷിയുള്ള ഇടവകകളും മുന്നോട്ടു വന്നു. അവയെല്ലാം പില്ക്കാലത്ത് ഡിഗ്രി കോളേജുകളായി വളർന്നു. ഇപ്പോൾ അവയിൽ പലതും സ്വയം ഭരണകോളേജുകളായി വികസിച്ചിരിക്കുന്നു. ക്രൈസ്തവമിഷണറിമാർ തുടക്കം കുറിച്ച വിസ്മയകരമായ ഈ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ചരിത്രം, 1200 വർഷം മുമ്പ് എ.ഡി. 826-ൽ നടന്ന റോമൻ സിനഡിന്റെ ചരിത്രത്തോടു ചേർത്തു വച്ചാണു നമ്മൾ ചർച്ച ചെയ്യേണ്ടത്.

logo
Sathyadeepam Online
www.sathyadeepam.org