അറിയാതെ ദൈവദൂതന്മാരെ സല്‍ക്കരിക്കുന്നവരുടെ രാഷ്ട്രീയം

അറിയാതെ ദൈവദൂതന്മാരെ സല്‍ക്കരിക്കുന്നവരുടെ രാഷ്ട്രീയം
ഫ്രത്തേല്ലി തൂത്തി അതിരുകള്‍ ഭേദിച്ച ചാക്രികലേഖനമാണ്. റോമാനഗരത്തിനു പുറത്തുവച്ച് മാര്‍പാപ്പ ഒപ്പിട്ട ആദ്യത്തെ ചാക്രികലേഖനമായ ഫ്രത്തേല്ലി തൂത്തി അതിന്റെ ഉള്ളടക്കം കൊണ്ടും അതിര്‍ത്തികള്‍ പൊളിക്കുന്നതാണ്. ''മാനവിക സാഹോദര്യത്തിനും ഐക്യദാര്‍ഢ്യത്തിനുമെന്ന'' ഉപശീര്‍ഷകം തന്നെ വിഭജിത ലോകത്തിലുയരുന്ന മതിലുകള്‍ പൊൡക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. ''അടഞ്ഞ ലോകത്തിനുമേല്‍ ഇരുണ്ട മേഘങ്ങള്‍'' മൂടിനില്‍ക്കുന്ന ഒരു കാലത്തില്‍ നിന്നും മനുഷ്യമഹത്വത്തിന്റെ സാര്‍വത്രികതയിലേക്കുയരേണ്ടതിന്റെ ആവശ്യകത പങ്കുവയ്ക്കുന്നു ഈ ചാക്രികലേഖനം. ഫ്രത്തേല്ലി തൂത്തി മുന്നോട്ടുവയ്ക്കുന്ന പുതിയ കാലത്തിന്റെ രാഷ്ട്രീയ രീതികളെക്കുറിച്ചുള്ള ഒരു വിലയിരുത്തലാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

സ്റ്റേറ്റില്‍ നിന്ന് മാര്‍ക്കറ്റിലേക്കുള്ള ''പരിശുദ്ധന്റെ'' പലായനം

അമേരിക്കന്‍ ദൈവശാസ്ത്രജ്ഞനായ വില്യം ടി കാവനൗ (William T. Cavanaugh) തന്റെ Migrations of the Holy (പരിശുദ്ധന്റെ പലായനം) എന്ന ഗ്രന്ഥത്തില്‍ വിവിധ കാലഘട്ടങ്ങളിലെ അധികാര നിര്‍ണ്ണയകേന്ദ്രങ്ങളെക്കുറിച്ച് സൂചന നല്കുന്നുണ്ട്. മധ്യകാലഘട്ടത്തിലത് മതമാണ്. ദേശരാഷ്ട്രങ്ങളുടെ ഉത്ഭവത്തോടെ അത് മതത്തില്‍നിന്ന് രാഷ്ട്രത്തിലേക്കു കൂടുമാറി; മതത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്കുള്ള മാറ്റമാണത്. ശീതയുദ്ധത്തിനു (Cold War) ശേഷം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ബെര്‍ലിന്‍ മതിലിന്റെ പതനവും ഫ്രാന്‍സിസ് ഫുക്കുയാമ പ്രവചിച്ചതുപോലെ കമ്പോള മുതലാളിത്തത്തിന് ആധിപത്യമുള്ള ഏകധ്രുവലോകത്തിലേക്കാണെത്തിച്ചത്. 2017-ല്‍ വിഖ്യാതമായ ലുവെയ്ന്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പ്രബന്ധാവതരണത്തില്‍ വില്യം ടി. കാവനൗ പുതിയ കാലത്തെ മാറ്റത്തെ വിശേഷിപ്പിച്ചത് സ്‌റ്റേറ്റില്‍ നിന്നു മാര്‍ക്കറ്റിലേക്കുള്ള പരിശുദ്ധന്റെ പലായനമായിട്ടാണ്, അഥവാ അധികാര നിര്‍ണ്ണയ കേന്ദ്രങ്ങളുടെ വച്ചുമാറ്റമായാണ്: ദേശരാഷ്ട്രത്തില്‍നിന്നും മാര്‍ക്കറ്റിലേക്കുള്ള പരിശുദ്ധന്റെ പലായനം. ഇത് രാഷ്ട്രീയത്തെ (Politics) സാമ്പത്തിക ഘടകങ്ങള്‍ (Economics) നിയന്ത്രിക്കുന്ന പുതിയ കാലഘട്ടത്തിന്റെ സൂചനയാണ്. മാര്‍ക്കറ്റും കോര്‍പ്പറേറ്റുകളും രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന കമ്പോള മുതലാളിത്തത്തിന്റെ ആധിപത്യത്തിനെതിരായാണ് ഫ്രാന്‍സിസ് പാപ്പ മെച്ചപ്പെട്ട രാഷ്ട്രീയ രീതികളെക്കുറിച്ച് ഫ്രത്തേല്ലി തൂത്തിയുടെ അഞ്ചാം അധ്യായത്തില്‍ വിവരിക്കുന്നത്. അദ്ദേഹത്തിന്റെ ലക്ഷ്യം നീതി രാഷ്ട്രീയത്തിന്റെ ശാക്തീകരണം തന്നെ!

ഫ്രാന്‍സിസ് പാപ്പ മുന്നോട്ടു വയ്ക്കുന്ന മെച്ചപ്പെട്ട രാഷ്ട്രീയം മുതലാളിത്തം മുന്നോട്ടുവച്ച സാമ്പത്തിക ആഗോളവത്കരണ സിദ്ധാന്തത്തെ നഖശിഖാന്തം എതിര്‍ക്കുന്നതിനൊപ്പം സ്വകാര്യ സ്വത്തിനെക്കുറിച്ചുള്ള സഭയുടെ ചില കാഴ്ചപ്പാടുകളെ പുതുക്കിപ്പണിയുകയും ചെയ്യുന്നുണ്ട്. 1991-ല്‍ 'ചെന്തേസ്സിമൂസ് ആന്നൂസ്' എന്ന സാമൂഹ്യസ്വഭാവമുള്‍ക്കൊള്ളുന്ന ചാക്രികലേഖനത്തില്‍ നി യന്ത്രിതമായ കമ്പോളവ്യവസ്ഥിതി ഭാവിലോകത്തിന്റെ മാര്‍ഗമായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അവതരിപ്പിക്കുന്നുണ്ട്. ''ചരിത്രത്തിന്റെ അവസാനം'' (The End of History) എന്ന പേരില്‍ ഫ്രാന്‍സിസ് ഫുക്കുയാമ അവതരിപ്പിച്ച സാ മൂഹ്യമാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ജോണ്‍ പോള്‍ പാപ്പയുടെ വാക്കുകളെ വിലയിരുത്താന്‍. കമ്മ്യൂണിസ്റ്റ് റഷ്യയുടെ പതനത്തിനുശേഷം മുതലാളിത്തത്തിന്റെ ഏകശിലാത്മകതയില്‍ ലോകം ക്രമീകരിക്കപ്പെട്ട പശ്ചാത്തലമാണിത്. ഗോര്‍ബച്ചേവിന്റെ ഗ്ലാസ്‌നോസ്റ്റ് (Glasnost - തുറന്ന സമീപനം) പെരിസ്‌ട്രോയിക്ക (Perestroika - അഴിച്ചുപണി, പുനഃസംവിധാനം) എന്നിവ റഷ്യയി ലും മന്‍മോഹന്‍ സിങ്ങിന്റെ ഉദാരവത്കരണ നയങ്ങള്‍ ഇന്ത്യയിലും പ്രചുരപ്രചാരം നേടുന്നത് ഈ സമയത്താണ്.

എന്നാല്‍ സ്വകാര്യ താത്പര്യത്തില്‍ മാത്രം അടിസ്ഥാനമിട്ട ഒരു കമ്പോളവ്യവസ്ഥിതി ആര്‍ക്കും നിയന്ത്രിക്കാന്‍ പറ്റാത്ത രാക്ഷസ രൂപം കൈവരിക്കുന്ന പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് പാപ്പ ബദല്‍ നിര്‍ദേശങ്ങളുമായി കളം നിറയുന്നത്. നിയോ-ലിബറലിസം മാര്‍ക്കറ്റിനെ ദൈവസ്ഥാനീയനാക്കി. മാമ്മോനെ എല്ലാറ്റിന്റെയും മാനദണ്ഡമാക്കി. ജനക്ഷേമ രാഷ്ട്രീയം നിയന്ത്രിക്കേണ്ട മാര്‍ക്കറ്റ് കോര്‍പ്പറേറ്റുകളുടെ പിന്‍ബലത്തില്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ചു തുടങ്ങി. ജനക്ഷേമത്തിനുള്ള പ്രാദേശിക ബദലുകളെ നിയോ-ലിബറലിസത്തിന്റെ ഏകശിലാത്മക ഭാവങ്ങള്‍ നിശ്ശബ്ദമാക്കി. ''കോര്‍പ്പറേറ്റ് താത്പര്യങ്ങളും ഭരണകൂടവും തമ്മിലുള്ള സമ്പൂര്‍ണ്ണ ലയനമാണ് ഫാസിസം'' എന്ന ബെനിറ്റോ മുസ്സോളിനിയുടെ വാക്കുകളെ ശരിവയ്ക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തുമ്പോഴാണ് പ്രതിസംസ്‌കാരത്തിന്റെ വജ്രവീര്യവുമായി ഫ്രാന്‍സിസ് പാപ്പ പറയുന്നത്: മാര്‍ക്കറ്റിന്റെ സര്‍വാധിപത്യത്തിനെതിരെ, മനുഷ്യമഹത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പുതിയ തരം മെച്ചപ്പെട്ട രാഷ്ട്രീയം ഉയര്‍ന്നുവരാനാണ് പാപ്പ ആഗ്രഹിക്കുന്നത്. ആധുനിക സമഗ്രാധിപത്യ (Modern Totalitarianism)ത്തിന്റെ ഉറവിടം മനുഷ്യമഹത്വത്തിന്റെ നിരാസമാണെന്ന പാപ്പയുടെ വിലയിരുത്തല്‍ ഈ സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്. മനുഷ്യനെന്നാല്‍ വില്‍ക്കാനും വാങ്ങാനും കഴിയുന്ന ഒരു ചരക്ക് (commodity) മാത്രമാണെന്ന ഉപഭോഗ മുതലാളിത്തത്തിന്റെ നിര്‍വചനത്തെ മാര്‍പാപ്പ തകര്‍ക്കുന്നത് അതിഭൗതികമാനങ്ങളുള്ള മനുഷ്യമഹത്വം (Transtendent Human Dignity) എന്ന ആശയത്തെ ഉയര്‍ത്തിപ്പിടിച്ചാണ്. ഉദാരവത്കൃത മുതലാളിത്തമെന്ന ഏകപ്രത്യയശാസ്ത്രം ആധിപത്യം പുലര്‍ത്തുന്ന ലോകക്രമം സൃഷ്ടിക്കുന്ന പ്രതിസന്ധിയായാണ് മൗലികവാദങ്ങളുടെ വളര്‍ച്ചയെ പാപ്പ കാണുന്നത്. ഇടുങ്ങിയ ദേശീയതയും പോപ്പുലിസവുമൊക്കെ ഈ പ്രതിസന്ധിഘട്ടങ്ങളെ ചൂഷണം ചെയ്ത് വളരുന്ന പരാദ(parasite)ങ്ങളാണ്.

സാഹോദര്യത്തിന്റെ രാഷ്ട്രീയം

രണ്ടാം ക്രിസ്തുവെന്ന് വിശേഷിപ്പിക്കപ്പെട്ട ഫ്രാന്‍സിസിന്റെ കബറിടത്തില്‍ വച്ച് ഒപ്പുവയ്ക്കപ്പെട്ട ചാക്രിക ലേഖനമാണ് ഫ്രത്തേല്ലി തൂത്തി. അസ്സീസിയിലെ മെത്രാനച്ചന്റെ മുമ്പില്‍ വച്ച് ഉടുതുണിയൂരി അപ്പനായ പീറ്റര്‍ ബെര്‍ണാഡിനെ ഏല്പിച്ച് ദൈവത്തെ പിതാവേയെന്ന് വിളിച്ച ഫ്രാന്‍സിസിന്റെ വിശ്വസാഹോദര്യ സങ്കല്പങ്ങള്‍ ഫ്രത്തേല്ലി തൂത്തിയില്‍ പ്രതിഫലിക്കുന്നുണ്ട്. അപകടകരമായ വിധം മതധ്രുവീകരണം നടക്കുന്ന നമ്മുടെ കാലത്തിനിത് ഔഷധഗുണം ചെയ്യുമെന്നുറപ്പാണ്.

1996-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട The Clash of Civilizations and the Remaking of World Order എന്ന ഗ്രന്ഥത്തിലാണ് അമേരിക്കന്‍ രാഷ്ട്രീയ ചിന്തകനായ സാമുവല്‍ പി ഹണ്ടിംഗ്ടണ്‍ ''സംസ്‌കാരങ്ങളുടെ സംഘട്ടനം'' എന്ന പരികല്പ്പന മുന്നോട്ടുവച്ചത്. ശീതയുദ്ധത്തിനുശേഷം നടക്കാന്‍ പോകുന്ന യുദ്ധങ്ങള്‍ രാഷ്ട്രങ്ങള്‍ തമ്മിലായിരിക്കില്ലെന്നും സംസ്‌കാരങ്ങള്‍ തമ്മിലായിരിക്കുമെന്നുമായിരുന്നു ഹണ്ടിംഗ്ടണിന്റെ വിലയിരുത്തല്‍. ഇസ്‌ലാമിക രാജ്യങ്ങളും ചൈനയും ഒരു വശത്തും പാശ്ചാത്യ ക്രൈസ്തവ രാജ്യങ്ങളും യഹൂദരും വലതുപക്ഷ ഹിന്ദുത്വവും (Right wing Hindutva) മറുവശത്തുമാകുന്ന സമകാലിക ലോകക്രമം സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനമെന്ന പരികല്പനയെ യാഥാര്‍ത്ഥ്യവല്‍ക്കരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ വേണം സാഹോദര്യത്തിന്റെ രാഷ്ട്രീയമെന്ന പോപ്പ് ഫ്രാന്‍സിസിന്റെ നിര്‍ദേശം മനസ്സിലാക്കുവാന്‍.

ഇസ്‌ലാമിക മൗലികവാദവും നവനാസി (Neo-Nazi) പ്രത്യയശാസ്ത്രങ്ങളുടെ വളര്‍ച്ചയും സംഘര്‍ഷത്തിലാക്കുന്ന ലോകത്തിന് പ്രതീക്ഷ നല്കുന്നതായിരുന്നു 2019 ഫെബ്രുവരിയില്‍ അബുദാബിയില്‍ ഒപ്പുവയ്ക്കപ്പെട്ട ''Document on Human Fraternity for World Peace and Living Together.'' സുന്നി മുസ്ലീംകളുടെ ആത്മീയാചാര്യനായ ഗ്രാന്റ് ഇമാം അഹമ്മദ് അല്‍ തയ്യിബും ഫ്രാന്‍സിസ് പാപ്പയും ഒപ്പുവച്ച ഈ രേഖ ഫ്രത്തേല്ലി തൂത്തി മുന്നോട്ടുവയ്ക്കുന്ന സാഹോദര്യ രാഷ്ട്രീയത്തിന്റെ ആദ്യപടിയായിരുന്നു. അതിനാല്‍തന്നെ ആ രേഖയുടെ ജനനത്തെപ്പറ്റിയുള്ള ഫ്രാന്‍സിസ് പാപ്പയുടെ വിലയിരുത്തല്‍ പ്രസക്തമാണ്. ''It was not mere diplomatic gesture, but a reflection born of dialogue and common commitment.'' നയതന്ത്രജ്ഞതയുടെ ഉപരിപ്ലവ നിലപാടല്ല മറിച്ച് സംവാദത്തിനും പൊതു നന്മയ്ക്കും വേണ്ടിയുള്ള ഒരു ശ്രമമായിരുന്നു അത്.

2020 ഒക്‌ടോബര്‍ 4-ന് ഈ ചാക്രിക ലേഖനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത് വിശ്വസാഹോദര്യത്തിന്റെ അവധൂതനായിരുന്ന അസ്സീസിയിലെ ഫ്രാന്‍സിസിനുള്ള ഒരു പ്രണാമം കൂടിയായിരുന്നു. 1144-ല്‍ സുറിയാനി ക്രിസ്ത്യാനികളുടെ കേന്ദ്രമായിരുന്ന എദേസ്സ മുസ്ലീങ്ങള്‍ പിടിച്ചെടുത്തതോടുകൂടിയാണ് എവുജിന്‍ മൂന്നാമന്‍ പാപ്പ രണ്ടാം കുരിശുയുദ്ധം പ്രഖ്യാപിച്ചത് - രണ്ടാം കുരിശുയുദ്ധം പ്രസംഗിച്ചത് ക്ലെയര്‍ വോയിലെ ബെര്‍ണാഡായിരുന്നു. എന്നാല്‍ ഫ്രത്തേല്ലി തൂത്തി പ്രസിദ്ധീകരിക്കുമ്പോള്‍ പോപ്പ് ഫ്രാന്‍സിസ് മാതൃകയാക്കുന്നത് കുരിശുയുദ്ധം പ്രസംഗിച്ച ബെര്‍ണാഡിനെയല്ല; മറിച്ച് മതാതിര്‍ത്തികളുടെ നിയന്ത്രണരേഖ മുറിച്ചുകടന്ന് ഇസ്‌ലാമിക് സുല്‍ത്താന്‍ മാലിക് അല്‍ തമീലുമായി സംവാദത്തിനുപോയ ഫ്രാന്‍സിസിനെയാണ്. പാരസ്പര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മധ്യകാല മാ തൃകയായ ഫ്രാന്‍സിസിന്റെ നാമധേയം സ്വീകരിച്ച പാപ്പ ചാക്രികലേഖനത്തിന്റെ പേര് സ്വീകരിക്കുന്നത് ഫ്രാന്‍സിസിന്റെ രചനകളില്‍ നിന്നാണ്. ''പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തെ ഗ്രഹങ്ങളെക്കുറിച്ചറിയാം മനുഷ്യര്‍ക്ക്; പക്ഷേ, അടുത്തു നില്‍ക്കുന്ന മനുഷ്യരെക്കുറിച്ചറിയില്ല.'' പാപ്പയുടെ ഈ ആകുലത മതവിഭജനത്തിന്റെയും മൗലികവാദത്തിന്റെയും ഫത്‌വകള്‍ തീര്‍ത്ത മതിലുകള്‍ക്കുള്ളില്‍ കുരുങ്ങിപ്പോകുന്ന സാധാരണ മനുഷ്യരെക്കുറിച്ചാണ്. ജാതിക്കും മതത്തിനും സമുദായത്തിനും മുകളില്‍ വഴിയില്‍ മുറിവേറ്റ മനുഷ്യനെ ശുശ്രൂഷിച്ച സമരിയാക്കാരന്‍ ക്രിസ്തുവിനും പാപ്പയ്ക്കും ഉദാത്തനാകുന്നത് സാബത്ത് മനുഷ്യനുവേണ്ടിയാണെന്ന ദര്‍ശനം മനസ്സില്‍ പേറുന്നതുകൊണ്ടാണ്.

ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങളായിരുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെക്കുറിച്ച് സംസാരിക്കുന്ന പാപ്പ, വിപ്ലവത്തിനുശേഷമുള്ള മനുഷ്യാവകാശ/പൗരാവകാശ പ്രഖ്യാപനങ്ങളിലും സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപന(Universal De-claration of Human rights)ത്തിലുമുള്ള കുറവുകളെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. സാഹോദര്യം (Fraternity) എന്ന മൂര്‍ത്തരൂപവുമായി ബന്ധമില്ലെങ്കില്‍ സ്വാതന്ത്ര്യവും (Liberty) സമത്വവും (Equality) എന്നിവ കടലാസ്സിലൊതുങ്ങുന്ന അമൂര്‍ത്ത പരികല്പനകളായി ചുരുങ്ങും എന്നാണ് പാപ്പ പറയുന്നത്. ഏട്ടിലെ പശു പുല്ലു തിന്നാറില്ലല്ലോ! ചുരുക്കത്തില്‍ ദൈവത്തിന്റെ പിതൃത്വമാണ് മാനവസാഹോദര്യ(Universal Brotherhood) മെന്ന സങ്കല്പത്തിനാധാരം. ഈ അടിസ്ഥാനത്തെ മുറിച്ചുനീക്കിയാല്‍ സ്വാതന്ത്ര്യത്തിനും സമത്വത്തിനും അര്‍ത്ഥമില്ലാതെ പോകുമെന്നാണ് പാപ്പ പറയുന്നത്.

പോപ്പുലിസം, ദേശീയത

പ്രീണനത്തിന്റെ പോപ്പുലിസ്റ്റ് ഭാവങ്ങള്‍ക്കെതിരെയും ദേശീയതാ നിര്‍വചനങ്ങള്‍ പുറത്താക്കുന്ന നിസ്സഹായരായ മനുഷ്യരെക്കുറച്ചും ഫ്രാന്‍സിസ് പാപ്പ ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ജനങ്ങളെ വിഭജിക്കുകയും അതില്‍തന്നെ ഒരു വിഭാഗത്തിന്റെ അപ്പസ്‌തോലന്മാരായി ചമഞ്ഞ് അധികാരസ്ഥാപനങ്ങളില്‍ പിടിമുറുക്കുന്ന നവനാസി പ്രസ്ഥാനങ്ങളും തീവ്ര വലതുപക്ഷക്കാരും ''ജനത'' എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നിന്ന് വളരെ അകലെയാണെന്നും തുറന്ന ജനതാസങ്കല്പ (open-ended meaning of people) ത്തെ അവര്‍ ഇടുങ്ങിയ അര്‍ത്ഥങ്ങളിലേക്ക് നയിക്കുന്നുവെന്നുമാണ് പാപ്പ പറയുന്നത് (Fratelli Tutti - No. 159-160).

ഹിറ്റ്‌ലര്‍ ജര്‍മ്മനിയിലും സര്‍വര്‍ക്കറും ഗോള്‍വാള്‍ക്കറും ഇന്ത്യയിലും സൃഷ്ടിച്ച ഇടുങ്ങിയ ദേശീയതകളിലൂടെ അപരവിദ്വേഷം ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്തവരാണ്. കുടിയേറ്റക്കാരോടുള്ള ഭയം, ബഹുമത സമൂഹ ജീവിത(Plurality)ത്തോടുള്ള അലര്‍ജി, അപരമത വിദ്വേഷം, സെനോഫോബിയ എന്നിവ പോപ്പുലിസ്റ്റുകളും ഇടുങ്ങിയ ദേശീയതാ വാദികളും മാറിമാറി പരീക്ഷിക്കുന്ന ചേരുവകളാണ്. ഇത്തരം ചെറിയ മനസ്സുകള്‍ക്ക് ബദലായി പ്രകാശം പരത്തിയ മഹാത്മാഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍, ഡെസ്മണ്ട് ടുട്ടു എന്നിവരെ പാപ്പ പ്രത്യേകം ശ്ലാഘിക്കുന്നുണ്ട്.

അതിതീവ്രമായ ദേശീയതയും വംശീയതയും നിയന്ത്രിക്കുന്നതില്‍ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കുള്ള പങ്കിനെപ്പറ്റി പാപ്പ എഴുതുന്നുണ്ട്. മതത്തിന്റെയോ വംശത്തിന്റെയോ ദേശത്തിന്റെയോ സങ്കുചിത ഭാവങ്ങളിലേക്ക് വീഴാതിരിക്കാന്‍ പുതിയ കത്തോലിക്കാ രാഷ്ട്രീയ പാര്‍ട്ടികളോ സമാന സ്വഭാവമുള്ള പാര്‍ട്ടികളോ ഉണ്ടാക്കരുതെന്നു തന്നെയാണ് പാപ്പ പറയുന്നത്. രാഷ്ട്രീയം അക്കാദമിക തലംവിട്ട് ചേരികളിലേക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലേക്കുമൊക്കെ എത്തുമ്പോഴാണ് പുതിയ തുറവികളിലേക്കും ജനതയുടെ യഥാര്‍ത്ഥ നിര്‍വചനത്തിന്റെ വീണ്ടെടുപ്പിലേക്കുമൊക്കെ നമുക്ക് എത്താനാകുന്നത്. ജനതകളുടെ പുരോഗതിക്കും ഐക്യദാര്‍ഢ്യത്തിനും വേണ്ടി രാഷ്ട്രീയ നേതാക്കളും സാധാരണക്കാരായ മനുഷ്യരും എന്തു ചെയ്തു എന്ന ഇഗ്നേഷ്യന്‍ അന്വേഷണത്തോടെയാണ് മെച്ചപ്പെട്ട രാഷ്ട്രീയ രീതികളെക്കുറിച്ചുള്ള പാപ്പയുടെ വിചിന്തനം അവസാനിക്കുന്നത്.

ഉപസംഹാരം

2019-ലെ ലോക കുടിയേറ്റ ദിനത്തില്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പ ഒരു ശില്പം അനാവരണം ചെയ്തു. ആ ശില്പത്തിന്റെ പേര് കൗതുകകരമാണ്. ''Angels Unawares.'' കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളേയും ആഥിത്യമനോഭാവത്തോടെ സ്വീകരിക്കണമെന്ന സന്ദേശമുയര്‍ത്താന്‍വേണ്ടിയാണ് ഈ ശില്പം സ്ഥാപിക്കപ്പെട്ടത്. അറിയാതെ ദൈവദൂതന്മാരെ സല്‍ക്കരിച്ച് അനുഗ്രഹീതനായ അബ്രാഹത്തിന്റെ ഓര്‍മ്മയാണ് ഈ ശില്പത്തിന്റെ പേര് നമ്മിലുണര്‍ത്തുക. ദൈവത്തിന്റെ പിതൃത്വവും മനുഷ്യരുടെ സാഹോദര്യവും ഊന്നിപ്പറഞ്ഞുകൊണ്ട് പാപ്പ പറഞ്ഞു: This statue is "to remind everyone of the evangelical challenge of hospitality." ഫ്രത്തേല്ലി തൂത്തി ഉണര്‍ത്തുന്ന രാഷ്ട്രീയ ചിന്തകളുടെ കാതലും അതുതന്നെ: എല്ലാവരും സഹോദരന്മാരാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org