പകലില്‍ മറഞ്ഞിരുന്നൊരാള്‍

പകലില്‍ മറഞ്ഞിരുന്നൊരാള്‍
Published on

നാടകസമിതി : വള്ളുവനാട് ബ്രഹ്മ

രചന : ഹേമന്ദ് കുമാര്‍

സംവിധാനം : രാജേഷ് ഇരുളം

സ്വയം ഒറ്റപ്പെടുന്ന, സംസാരിക്കാന്‍ മറന്നുപോകുന്ന, സാമൂഹിക മാധ്യമങ്ങള്‍ നമ്മുടെ ജീവിതത്തെയും ചിരികളെയും വിഴുങ്ങി ക്കളയുന്ന ഒരു കാലത്ത് നമ്മുടെ സംഭാഷണങ്ങളെ തിരികെ കൊണ്ടുവരണ മെന്ന് പ്രഖ്യാപിക്കുന്ന ഒരു നാടകം. അതിനു വളരെ സ്വാഭാവികമായ ഒരു കഥാപാത്രത്തെയാണ് നാടകകൃത്ത് തിരഞ്ഞെടുത്തി രിക്കുന്നത്. എപ്പോഴും ഗൗരവവും അമര്‍ഷവും കുറ്റബോധവും കൊണ്ടു നടക്കുന്ന ജോസ് എന്ന കഥാപാത്രം. അദ്ദേഹം ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജീവനക്കാരനായിരുന്നു. ഇപ്പോള്‍ അവധി എടുത്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭാഗത്തെ കൈപിഴ കൊണ്ട് നാട്ടുകാര്‍ക്കൊക്കെ സഹായിയും പ്രിയപ്പെട്ടവനുമായ രാജേഷ് എന്ന ലൈന്‍മാന്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. നാട്ടുകാര്‍ ജോസിനെ രാജേഷിന്റെ കൊലപാതകി എന്ന പോലെ കാണുന്നു. ജോസ് സ്വമേധയാ അത് അംഗീകരിച്ചമട്ടാണ്.

കുറ്റബോധവും നാട്ടുകാരുടെ അടക്കം പറച്ചിലുകളും അദ്ദേഹത്തെ ഭയപ്പെടുത്തുകയും മൗനിയാക്കുകയും ചെയ്യുന്നു. വീട്ടില്‍ അമ്മയോടും ഭാര്യയോടും പോലും സംസാരിക്കാന്‍ സാധിക്കാതാകുന്ന മനുഷ്യന്‍. രാജേഷിന്റെ സഹോദരന്‍ രാകേഷ് കാണുമ്പോഴൊക്കെ പരിധിവിട്ട് ജോസിനോട് സംസാരിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്യുന്നു.

ജോസിന്റെ മൗനത്തിന് സമാന്തരമായി നാടകം പ്രേക്ഷകരെ ഒരു ചായക്കടയിലേക്ക് ക്ഷണിക്കുന്നുണ്ട്. ഗ്രാമവാസികള്‍ മുഴുവന്‍ ഒത്തുകൂടുന്ന ഒരു ചായക്കട. അത് കൊച്ചുവര്‍ത്തമാനങ്ങളുടെ ഇടമാണ്. വരുന്നവരെയൊക്കെ സംഭാഷണങ്ങളുടെ മായിക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചായക്കടയിലെ കഥാപാത്രങ്ങള്‍.

മറ്റുള്ളവര്‍ക്ക് ദോഷകരമാകാത്തത് എന്തും സംസാരിക്കാം എന്നാണ് അവരുടെ പക്ഷം. അവിടെ രസകഥകളുടെ ഒരു പ്രപഞ്ചം തന്നെ സൃഷ്ടിക്ക പ്പെടുന്നു. നാടകത്തിലെ വളരെ മനോഹരവും സ്വാഭാവികവുമായ ഭാഗമാണ് ചായക്കടയിലെ അവതരണങ്ങള്‍. ജോസിന്റെ മൗനവും ഗ്രാമവാസികളുടെ സംഭാഷണങ്ങളും സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങള്‍ ക്കിടയിലേക്ക് ഒരു ഫാന്റസി എലമെന്റ് കൂടി നാടകകൃത്ത് കൊണ്ടുവരികയാണ്. പിന്നീട് അതാണ് ജോസിന്റെ മൗനങ്ങളു മായി അങ്കംവെട്ടുന്നത്.

കഥാപാത്രങ്ങളുടെ തിളക്കമാര്‍ന്ന പ്രകടനങ്ങളും സംഭാഷണങ്ങളു മാണ് ഈ നാടകത്തിന്റെ ഹൈലൈറ്റ്. കണ്ണീരും ചിരിയും വേദിയിലും പ്രേക്ഷകര്‍ക്കിടയിലും കൂടിക്കലരുന്നു. മികച്ച ശബ്ദ സംവിധാനവും രംഗചിത്രീകരണവും കൊണ്ട് സമ്പന്നമാണ് നാടകം. ഏത് തരം കാണികളെയും വളരെ വേഗം സംസാരിക്കുന്ന പ്രമേയത്തിന്റെ ആരാധകരാക്കുന്ന അവതരണം. കാണുന്നവരുടെ മനസ്സുകളെയൊക്കെ ശുദ്ധീകരിക്കുന്ന ഒരു കലാമികവും നാടകത്തിനുണ്ട്. തീര്‍ച്ചയായും പ്രചോദനാത്മകമായ വൈകാരിക അനുഭവം പകരുന്ന ഈ നാടകത്തിനാണ് പി ഒ സി നാടകമേളയില്‍ ഒന്നാം സ്ഥാനം.

  • ഫോണ്‍ : 75939 74483

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org