പിതാച്ചന്‍ പടിയിറങ്ങുമ്പോള്‍

പിതാച്ചന്‍ പടിയിറങ്ങുമ്പോള്‍

സി. ആന്‍സി മാപ്പിളാപറമ്പില്‍ SABS
പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍, എറണാകുളം

ഇന്നും കാതുകളില്‍ മുഴ ങ്ങുന്നു പിതാച്ചാ…. പിതാച്ചാ….

അരമനയുടെ പടിവാതില്‍ക്കല്‍ വീല്‍ച്ചെയറില്‍ തളയ്ക്കപ്പെട്ട തങ്കമണി എന്ന അനാഥ ജന്മത്തിന്‍റെ രോദനം… എന്‍റെ കാര്യം എന്‍റെ പൊന്നുപിതാച്ചന്‍ നോക്കിക്കൊള്ളും എന്ന് ഉരുവിട്ടുകൊണ്ടിരുന്ന ഈ തമിഴ് നാട്ടുകാരിയുടെ നെടുവീര്‍പ്പുകളില്‍ അഭിവന്ദ്യ സെബാസ്റ്റ്യന്‍ എടയന്ത്രത്തു പിതാവിന്‍റെ കാരുണ്യത്തിന്‍റെ കരം പതിഞ്ഞത് ചുറ്റുവട്ടത്തെപ്പറ്റി വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകാന്‍ സന്യസ്തര്‍ക്ക് പ്രചോദനമായി… സമൂഹത്തിന്‍റെ അരികുകളിലേയ്ക്കിറങ്ങണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം നെഞ്ചിലേറ്റി തന്‍റെ കര്‍മ്മവീഥികളെ കാരുണ്യതീര്‍ത്ഥങ്ങളാക്കി ഇടയന്‍റെവഴി കാരുണ്യപ്രവൃത്തികളുടെ പാതയാണെന്ന് തിരിച്ചറിഞ്ഞ വന്ദ്യപിതാവ് സമര്‍പ്പിതര്‍, മറ്റുള്ളവര്‍ക്ക് കരുതലും കാവലുമേകുന്ന കാരുണികരായി മാറുവാന്‍ നിരന്തരം ആഹ്വാനം ചെയ്തിരുന്നു. മനുഷ്യഹൃദയങ്ങളെ ദൈവത്തിന്‍റെ കൃപകള്‍കൊണ്ട് തൊടണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന പിതാവ് എറണാകുളം പട്ടണത്തില്‍ സിറ്റി ഇവാഞ്ചലൈസേഷന്‍റെ സാരഥിയായി സന്യസ്തര്‍ക്കു മുന്‍പേ നടന്നു. "പാവങ്ങളെ മറന്നുപോകരുത് അവരാണ് നമുക്ക് രക്ഷ കരഗതമാക്കിത്തരുന്നത്" എന്ന പിതാവിന്‍റെ ആഹ്വാനം സന്യസ്തരെ പുതിയ തീരങ്ങളിലേയ്ക്ക് നയിച്ചു.

2008-ലെ ക്രിസ്തുമസ്സ്. മൂലമ്പള്ളി കുടിയിറക്കല്‍ സമരകാലം. കുടിയിറക്കപ്പെട്ടവരോടൊപ്പം മറൈന്‍ഡ്രൈവില്‍ കഞ്ഞി വച്ചു കുടിച്ച് ക്രിസ്തുമസ്സ് ആഘോഷിച്ച ഈ വൈദികശ്രേഷ്ഠന്‍ ഗുരുവിന്‍റെ മനമറിഞ്ഞ് വീണവായിക്കുന്നവനായപ്പോള്‍ പാരമ്പര്യവാദികള്‍ക്കും യാഥാസ്ഥിതികര്‍ക്കും ചോദ്യചിഹ്നമായി. വിമര്‍ശനങ്ങളെ വകവയ്ക്കാതെ പരിമിതികളെ പഴിചാരാതെ അഗ്രാഹ്യമായവയെ ഹൃദയത്തില്‍ സംഗ്രഹിച്ച് ലാളിത്യത്തിന്‍റെ ലാവണ്യം നിറഞ്ഞ ജീവിതശൈലികളിലൂടെ ഇടയ ജീവിത സമര്‍പ്പണ വഴികളില്‍ വിശ്വസ്തതയോടെ ചരിക്കുന്ന കര്‍മ്മയോഗിയാകാന്‍ പിതാവിനെപ്പോലെ വിശ്വാസത്തില്‍ പക്വതപ്രാപിച്ചവര്‍ക്കു മാത്രമേ കഴിയൂ. അതെ, കെടാത്ത വിശ്വാസ കനല്‍ നെഞ്ചകത്തെരിയുന്നവര്‍ക്കു മാത്രമേ ഗുരുവിന്‍റെ മൊഴികള്‍ക്ക് പ്രത്യുത്തരം കൊടുക്കാനാവൂ.

കരിന്തിരി കത്തിപ്പുകയുന്ന കുടുംബവിളക്കുകള്‍… മിഴിനീര്‍ വറ്റിക്കുഴിഞ്ഞ കണ്ണുകള്‍… ദുഃഖം നിശബ്ദമാക്കിയ പടിപ്പുരകള്‍… ഏകാന്തതടവിന്‍റെ സ്വകാര്യ ദുഃഖം പേറുന്ന ജീവിതങ്ങള്‍… ബന്ധത്തകര്‍ച്ചയുടെ നീറുന്ന ഓര്‍മ്മകളില്‍ പിടയുന്നവര്‍… മദ്യം മലീമസമാക്കുന്ന ഉമ്മറപ്പടികള്‍… ഇവിടങ്ങളില്‍ പുതിയ വെളിപാടിന്‍റെ അദ്ധ്യായം മെനഞ്ഞ് ജീവിതത്തിന്‍റെ നിറം പകരാനെത്തുന്ന ഈ ആത്മീയഗുരു നവ സുവിശേഷവത്ക്കരണത്തില്‍ സന്യസ്തര്‍ക്കൊരു പാഠപുസ്തകമാണ്.

ഓര്‍മ്മയുടെ മട്ടുപ്പാവില്‍ തേജസ്സോടെ നില്‍ക്കുന്ന തിരുവോണനാള്‍ – ചെറ്റക്കുടിലുകളിലും വഴിയോരങ്ങളിലും ഒതുങ്ങുന്ന, മേല്‍വിലാസമില്ലാത്ത അനേകരെ സമൂഹത്തിന്‍റെ പുറമ്പോക്കിലേയ്ക്ക് തള്ളപ്പെട്ടവരെ കൂട്ടിച്ചേര്‍ത്ത് ഓണപ്പുടവയും ഓണ സദ്യയുമേകിയത് – അവരെ കുളിപ്പിച്ചൊരുക്കിയെടുത്താണെന്ന് നമുക്ക് മറക്കാതിരിക്കാം. മഴമേഘങ്ങള്‍ പെയ്യാന്‍ മടിച്ചു നില്‍ക്കുമ്പോളും കരളലിവോടെ സ്നേഹത്തിന്‍റെ പേമാരിയായി നമുക്ക് മനുഷ്യഹൃദയങ്ങളില്‍ പെയ്തിറങ്ങാം എന്ന് സമര്‍പ്പിതരോട് ആഹ്വാനം ചെയ്യുന്ന പിതാവ് കൂട്ടിച്ചേര്‍ക്കും നമ്മുടെ ചുറ്റു പാടുകളില്‍ പീഡനങ്ങളുടെ എണ്ണം പെരുകുന്നതും… നിണവഴികള്‍ നിറയുന്നതും മിഴിനീര്‍കണങ്ങള്‍ ഒഴുകുന്നതും… സ്നേഹം മരിക്കുമ്പോഴല്ലേ? മനസ്സുമരവിച്ച മനുഷ്യര്‍ ഉണ്ടാക്കുന്ന ചോരപ്പാടുകള്‍ക്ക് പകരം അപരനുവേണ്ടി ഒരു കണ്ണീര്‍കണം തൂകാനുള്ള ഹൃദയനൊമ്പരം നമുക്കുണ്ടാകട്ടെ. വിശുദ്ധിയുടെ, സമാധാനത്തിന്‍റെയൊക്കെ പ്രചാരകരാകാനുള്ള ഇച്ഛാശക്തിയില്‍ നിന്നു മാത്രമേ കാരുണ്യത്തിന്‍റെ ഉറവകള്‍ പുറപ്പെടുകയുള്ളൂ. എന്‍റെ ദൈവവിളി സ്നേഹമാണെന്നു പറഞ്ഞ ചെറുപുഷ്പത്തെ അനുസ്മരിക്കാം. സ്നേഹശുശ്രൂഷയേകുന്ന സമര്‍പ്പിതജീവിതങ്ങളെ വാനോളം പുകഴ്ത്തുവാന്‍ കഴിയുന്ന സമര്‍പ്പിത സുവിശേഷമാണ് വന്ദ്യ പിതാവ് എന്ന് എനിക്ക് നിസ്സംശയം പറയാനാകും. എടയന്ത്രത്തു പിതാവിന്‍റെ യാത്രാ മൊഴികളില്‍നിന്ന് അടര്‍ത്തിയെടുത്താല്‍ "സന്യസ്തര്‍ അതി രൂപതയുടെ പരിമളമാണ്, അവരെ ചേര്‍ത്തുനിര്‍ത്തി പ്രേഷിത പ്രവര്‍ത്തനം ശക്തിപ്പെടുത്തണം" സമര്‍പ്പിതജീവിതം എന്ന അപ്പസ്തോലിക ലേഖനത്തില്‍ നാം വായിക്കുന്നു – സഭയുടെ ഹൃദയത്തില്‍ തന്നെയുള്ള ഈ സമര്‍പ്പിതജീവിതം സഭയുടെ ജീവിതത്തിന്‍റെയും, വിശുദ്ധിയുടെയും, ദൗത്യത്തിന്‍റെയും ദൃഢബദ്ധമായ ഒരു ഭാഗമാണ്. ദൈവജനത്തിന് വര്‍ത്തമാന കാലത്തും ഭാവിയിലും അമൂല്യവും അവശ്യാവശ്യകവുമായ ഒരു ദാനവും കൂടിയാണ്.

ദൈവിക കരുതലിന്‍റെ ചരിത്രം എഴുതുമ്പോള്‍ ശീര്‍ഷകങ്ങള്‍ക്ക് പേരുകള്‍ തികയുന്നില്ല. സൗഹൃദത്തിന്‍റെ പുതിയ ഭാഷ്യങ്ങള്‍ എന്നും സമര്‍പ്പിതര്‍ക്ക് പകര്‍ന്നേകിയ വന്ദ്യപിതാവിന്‍റെ വാങ്മയചിത്രം വരയ്ക്കാന്‍ നമ്മുടെ വാക്കുകള്‍ക്കാവില്ല. എങ്കിലും ഞാനൊന്നു കുറിക്കട്ടെ:

  • മിഴികളില്‍ തെളിയുന്ന ദൈവരാജ്യകാഴ്ചകള്‍ മൊഴികളില്‍ വിരിയിക്കുന്ന ദൈവരാജ്യ പ്രഘോഷകന്‍.
  • നസ്രായന്‍റെ പഥ്യം ഇടുങ്ങിയവഴിയാണെന്ന് തിരിച്ചറിഞ്ഞ് ലളിതവഴികളിലൂടെ വിശുദ്ധിയുടെ പന്ഥാവ് തീര്‍ത്തവന്‍.
  • കടന്നുപോന്ന വഴികളിലും കണ്ടുമുട്ടിയ വ്യക്തികളിലും കാരുണ്യത്തിന്‍റെ കെടാവിളക്കു തെളിച്ചവന്‍.
  • ജീവിതത്തെ തനിക്കു വേണ്ടിമാത്രം പൂട്ടി സൂക്ഷിക്കുന്ന പത്തായമാക്കാതെ മുറിച്ചു നല്‍കുന്ന അത്താഴമേശയാക്കിയ ബലിയര്‍പ്പകന്‍.
  • തിരസ്ക്കരിക്കപ്പെട്ടപ്പോഴും തമസ്ക്കരിക്കപ്പെട്ടപ്പോഴും ക്ഷമിക്കുക, അനുഗ്രഹിക്കുക, എന്ന കൃപാവചസ്സുകളേകിയവന്‍.
  • വര്‍ത്തമാനശൈലിയില്‍ ലാളിത്യവും ആര്‍ദ്രതയും ആര്‍ജ്ജവവും അനുഭവവേദ്യമാക്കുന്ന ആദര്‍ശധീരന്‍.
  • സഭയുടെയും സമൂഹത്തിന്‍റെയും ചരിത്ര ഇടനാഴികളില്‍ ദൈവത്തിന്‍റെ ഛായാചിത്രം വരച്ചവന്‍.
  • മുറിയപ്പെടാതെ ലോകത്തിന് ഒന്നും കൊടുക്കാനാവില്ല എന്ന് സ്വജീവിതത്തില്‍ പകര്‍ത്തിയവന്‍.
  • ധാര്‍മ്മികതയുടെയും നന്മയുടെയും അടിത്തറ പാകാന്‍ സര്‍വ്വശ്രദ്ധയും ജാഗ്രതയും പുലര്‍ത്തിയവന്‍.
  • മനുഷ്യമനസ്സുകളുടെ കഠിനവറുതികളില്‍ നീര്‍ച്ചാലായിത്തീര്‍ന്നവന്‍.
  • ആഢംബരങ്ങളും ധൂര്‍ത്തും വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ സ്വാര്‍ത്ഥതയും സ്പര്‍ദ്ധയും വിഭാഗിയതയും പെരുകുമ്പോള്‍ കരുതലിന്‍റെയും സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും പ്രവൃത്തികളിലൂടെ അസാധ്യതകളെന്ന് ഗണിച്ചിരുന്നവയെ സാധ്യതകളാക്കി സഹജരിലേയ്ക്ക് എത്തിക്കുന്ന നല്ലിടയന്‍.
  • സഹനങ്ങളെ ക്രൂശിതന്‍റെ കൂടെയുള്ള യാത്രയായി കണ്ട്, ബലം പ്രാപിക്കുന്ന നിമിഷങ്ങളാക്കി മാറ്റിക്കൊണ്ട് ദൈവപിതാവിന്‍റെ തിരുഹിത നിര്‍വ്വഹണത്തിനുവേണ്ടി വില കൊടുത്ത ഒരു ജീവിതത്തിനുടമയായ പിതാവ്.
  • ഒളിഞ്ഞിരുന്ന് നന്മ ചെയ്യുന്നവരെയും കര്‍ട്ടനു പിന്നിലിരുന്ന് അദ്ധ്വാനിക്കുന്നവരെയും ആരും ഗൗനിക്കാത്തപ്പോഴും അവരെ തേടിപ്പിടിച്ച് മുന്‍പന്തിയില്‍ എത്തിക്കുന്ന പിതാവ്.
  • ദാഹാര്‍ത്തരെ ജലാശയത്തിലേയ്ക്ക് വരുവിന്‍ (ഏശയ്യ 55:1) ജലാശയത്തിന്‍റെ യഥാര്‍ത്ഥ സ്രോതസ്സ് തിരഞ്ഞ് സമീപിക്കാനുള്ള ദൈവക്ഷണത്തെ വിവേചിച്ചറിഞ്ഞ് അജഗണങ്ങള്‍ക്കായി തന്‍റെ ജീവിതം സംലഭ്യമാക്കിയ പിതാവ്.

"പഴയപാതകള്‍ അവസാനിക്കുമ്പോള്‍ അതിനെക്കാള്‍ സുന്ദരവും മഹത്തരവുമായ പുതിയ പാത ഈശ്വരന്‍ എനിക്കായിതു റക്കുന്നു" എന്ന ഗീതാഞ്ജലിയിലെ പദ്യശകലങ്ങള്‍ കുറിക്കുമ്പോള്‍ വന്ദ്യപിതാവിന് ഞാന്‍ യാത്രാമൊഴികളേകട്ടെ… ഹൃദയത്തില്‍ ദൈവികസ്നേഹത്തിന്‍റെ അഗ്നിസൂക്ഷിച്ച് ജ്വലിച്ചും ജ്വലിപ്പിച്ചും, എറണാകുളം അതിരൂപതയെ പ്രോജ്ജ്വലിപ്പിച്ച അഭിവന്ദ്യ പിതാവേ… ചുറ്റും ഇരുളുനിറയുമ്പോള്‍ പുതിയ ഉദയങ്ങളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച പ്രവാചകസാന്നിദ്ധ്യമേ… ജീവിത ത്തില്‍ അപ്രതീക്ഷിതമായി എത്തുന്ന ചില ഇരുട്ടുകള്‍ മനസ്സിനെ വല്ലാതെ മടുപ്പിക്കരുത്. ആരറിഞ്ഞു മറ്റൊരു വെളിച്ചത്തിന്‍റെ സൗമ്യസാന്നിദ്ധ്യം അറിയാനാവും ഈ ഇരുട്ട് എന്ന്. പ്രാര്‍ത്ഥനാപൂര്‍വ്വം പ്രണമിച്ചു കൊണ്ട്… ഹൃദയം നിറയേ സ്നേഹവുമായി നേരുന്നു… മംഗളങ്ങള്‍…. ആശംസകള്‍…. പ്രാര്‍ത്ഥനാമന്ത്രങ്ങള്‍. ദേശാന്തരങ്ങള്‍ക്കപ്പുറം കാലഭേദങ്ങള്‍ക്കിപ്പുറം ഓര്‍മ്മയുടെ മണ്‍ചിരാതില്‍ നെയ്ത്തിരിയായ്…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org