ക്രിസ്മസ്: തിരുപ്പിറവിയുടെ ദാര്‍ശനിക ഭാവം

ക്രിസ്മസ്: തിരുപ്പിറവിയുടെ ദാര്‍ശനിക ഭാവം
യുദ്ധത്തിന്റെ വറുതിയില്‍പ്പോലും, ക്രിസ്മസ് സമാധാനമായി അവതരിക്കുന്നു. വെളിച്ചവും അന്നവും സംഗീതവുമായി നമുക്ക് മുന്നില്‍ നില്‍ക്കുന്നു. മഹാവെളിച്ചമില്ല, നക്ഷത്രത്തിന്റെ / മെഴുകുതിരി യുടെ നുറുങ്ങുവെട്ടം; മഹാസംഗീതവുമില്ല, കരോളിന്റെ നേര്‍ത്ത സംഗീതം; അന്നത്തിന്റെ ധാരാളിത്തവുമില്ല, കേക്കിന്റെ ഒരു ചെറുകഷണം.

ഒന്നാം ലോകമഹായുദ്ധം തുടങ്ങിയതിനുശേഷമുള്ള ആദ്യത്തെ ക്രിസ്മസ്. ജര്‍മ്മന്‍ ഫ്രഞ്ച് അതിര്‍ത്തിയുടെ അപ്പുറവും ഇപ്പുറവും (ലാ ഷപ്പേല്‍ ഡാ ആര്‍മെന്റിയേഴ്‌സ് നഗരത്തിന് സമീപം) തമ്പടിച്ചിരിക്കുന്ന ശത്രുസൈന്യങ്ങള്‍ യുദ്ധത്തിന്റെ പിരിമുറുക്കത്തില്‍ കഴിയുന്നു. ക്രിസ്മസ് ദിനത്തിലോ പുതുവത്സരത്തിലോ ജര്‍മ്മന്‍ ആക്രമണം ഉണ്ടാകുമെന്നായിരുന്നു സഖ്യശക്തികളുടെ (ഫ്രാന്‍സ്, ബ്രിട്ടണ്‍, അമേരിക്ക...) കണക്കു കൂട്ടല്‍.

എന്നാല്‍ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ക്രിസ്മസിന്റെ തലേന്ന് രാത്രി ഏഴുമണിയോടെ ജര്‍മ്മന്‍ ക്യാമ്പില്‍ വെളിച്ചത്തിന്റെ മഹോത്സവം. നക്ഷത്രങ്ങളുടെയും ശരറാന്തലുകളുടെയും തീപ്പന്തങ്ങളുടെയും ഘോഷയാത്ര. നടുവില്‍ ജര്‍മ്മന്‍ പടയാളികളുടെ ക്രിസ്മസ് ഗാനാലാപനവും. 'മൗനരാത്രി, പുണ്യരാത്രി' (Still Nachat, Heilige Nacht...). ഇതോടെ ഇപ്പുറത്ത് സഖ്യശക്തിയിലെ സൈനികരും ആവേശഭരിതരായി. അവര്‍ മറുപാട്ട് ഇങ്ങനെ, 'ദ ഫസ്റ്റ് നൊവേല്‍...' ('The First Noel...'). തുടര്‍ന്ന്, ഇരുകൂട്ടരും വെടി ഉതിര്‍ക്കുന്നതിനു പകരം പാട്ടുകള്‍ തൊടുത്തു വിട്ടു. അവസാനം അവര്‍ ഒന്നായി പാടി, 'വിശ്വാസികളെ വരു തുഷ്ടമാനസരായി...' (O Come, All Ye Faithful...).

ആഘോഷങ്ങള്‍ അവിടംകൊണ്ടും അവസാനിച്ചില്ല. ക്രിസ്മസ് ദിനത്തില്‍ മുള്ളുവേലിക്ക് ഇരുവശവും നിന്നുകൊണ്ട് പ്രതിയോഗികള്‍ ഹസ്തദാനം നടത്തുകയും ക്രിസ്മസ് സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു. തന്റെ സൈനിക ജീവിതത്തിലെ അനര്‍ഘനിമിഷമെന്നാണ് ഈ സംഭവത്തെ ബ്രിട്ടീഷ് സേനയുടെ രണ്ടാം ക്യൂന്‍സ് റെജിമെന്റ് മേധാവി, ആല്‍ബെര്‍ട്ട് മൊറേന്‍, വിശേഷിപ്പിച്ചത്. പ്രശസ്ത ഡച്ച് ചരിത്രകാരന്‍, റൂറ്റര്‍ ബ്രെഗ്മാന്‍, അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്ന സംഭവമാണ് മേല്‍വിവരിച്ചത്.

യുദ്ധത്തിന്റെ വറുതിയില്‍പ്പോലും, ക്രിസ്മസ് സമാധാനമായി അവതരിക്കുന്നു. വെളിച്ചവും അന്നവും സംഗീതവുമായി നമുക്ക് മുന്നില്‍ നില്‍ക്കുന്നു. മഹാവെളിച്ചമില്ല, നക്ഷത്രത്തിന്റെ/മെഴുകു തിരിയുടെ നുറുങ്ങുവെട്ടം; മഹാ സംഗീതവുമില്ല, കരോളിന്റെ നേര്‍ത്ത സംഗീതം; അന്നത്തിന്റെ ധാരാളിത്തവുമില്ല, കേക്കിന്റെ ഒരു ചെറു കഷണം. വെളിച്ചവും സംഗീതവും അന്നവും തമ്മിലുള്ള ഈ ഉള്‍ച്ചേരലിന് ഒരു ദാര്‍ശനികതയുണ്ട്. മനുഷ്യന്‍ അപ്പം കൊണ്ടു മാത്രം ജീവിക്കുന്നില്ല എന്ന ബൈബിള്‍ വചനം ഓര്‍ക്കുക. അവന് മറ്റു പലതും ആവശ്യമുണ്ട്, പ്രത്യേകിച്ച് വെളിച്ചവും വചനവും. വചനം ഇവിടെ സംഗീതമാണ്. സംഗീതത്തിന്റെ അടിത്തറയാവട്ടെ സ്വരച്ചേര്‍ച്ചയും ശ്രുതി മാധുര്യവും. ഇതിന്റെ അര്‍ത്ഥം, നമ്മുടെ വചനം അന്‍പുള്ളതായിരിക്കണം എന്നാണ്. മനുഷ്യരെ തമ്മില്‍ അടിപ്പിക്കുന്നതിനും അകറ്റുന്നതിനും പകരം അവരെ തമ്മില്‍ അടുപ്പിക്കുന്നതിനും ആകര്‍ഷിക്കുന്നതിനുമാവണം അത് ഉപയോഗിക്കേണ്ടത്. വചനത്തെപ്പോലെ അന്നവും നാക്കില്‍ മധുരമായിട്ടാണ് വിളയാടുന്നത്.

മറുവശത്ത്, വെളിച്ചം നക്ഷത്രത്തിന്റേത് / മെഴുകുതിരിയുടേതാണ്. മറ്റുള്ളവര്‍ക്കുവേണ്ടി പ്രകാശിച്ചും ഉരുകി എരിഞ്ഞുംതീര്‍ന്ന ദൈവപുത്രന്റെ പ്രതീകം, ത്യാഗത്തിന്റെ മഹാചിഹ്നം. വെളിച്ചം പ്രതീക്ഷയ്ക്ക് വകനല്കുന്നു എന്ന സത്യവും അവശേഷിക്കുന്നു. ധനുമാസ രാവിലെ മഞ്ഞിനെ വകഞ്ഞുമാറ്റി വഴികാട്ടിയായി അത് മൗനസാന്നിധ്യം കുറിക്കുന്നു. വാഴികാട്ടികള്‍ തുറന്നുവയ്ക്കുന്നത് പ്രതീക്ഷയുടെ കിളിവാതിലുകളാണല്ലോ. ഇതിനര്‍ത്ഥം എല്ലാം ശുഭപര്യവസായി ആകുമെന്നല്ല. എന്ത് സംഭവിച്ചാലും അതിന് അതിന്റേതായ യുക്തിയും അര്‍ത്ഥവും ഉണ്ടായിരുക്കുമെന്നാണ്. പ്രതീക്ഷയ്ക്ക് മറ്റൊരു തലംകൂടിയുണ്ട്. നടന്ന കാര്യങ്ങളെ മായ്ച്ചു കളയുന്നതിനുപകരം വരാന്‍ പോകുന്നതിനെ നേരിടാനും സ്വാഗതം ചെയ്യാനും അത് നമ്മെ പ്രേരിപ്പിക്കുന്നു.

ക്രിസ്മസ് നല്‍കുന്ന ഒന്നിനും, വെളിച്ചമായാലും അന്നമായാലും വചനമായാലും, ധാരാളിത്തത്തിന്റെ അംശമില്ലെന്നത് അതിന്റെ മറ്റൊരു ദാര്‍ശനിക ഭാവത്തെ കുറിക്കുന്നു. ഇവിടെ മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് ചുറ്റുംവേലി കെട്ടി അവയ്ക്ക് അളവ് ഏര്‍പ്പെടുത്തുകയാണ് ക്രിസ്മസ്. പ്രശ്‌നം ലളിതജീവിതത്തിന്റേത് മാത്രമല്ല; അതിനപ്പുറം ഭൂമിയുടെ അവകാശികള്‍ മനുഷ്യന്‍ മാത്രമല്ലെന്ന വെളിപാട് ഉണ്ട്. 'ദൈവം രണ്ട് മഹാ ദീപങ്ങള്‍ സൃഷ്ടിച്ചു. പകലിനെ നയിക്കാന്‍ വലുത്, രാത്രിയെ നയിക്കാന്‍ ചെറുത്' എന്ന ബൈബിള്‍ വചനം ഓര്‍ക്കുക. നമ്മെ നയിക്കുന്നത് തന്നെ വലുതും ചെറുതുമാണെങ്കില്‍, പ്രപഞ്ചത്തില്‍ നാം കാണുന്ന വലുതിനെയും ചെറുതിനെയും ഉള്‍ക്കൊള്ളേണ്ട ബാധ്യത നമുക്കില്ലേ? ആര് ചെറുത് ആര് വലുത് എന്ന ചോദ്യം തന്നെ ഇവിടെ അപ്രസക്തമാവുന്നു.

എല്ലാറ്റിനോടും സസ്യജീവ ജാലങ്ങളോടും, പ്രകൃതിയോട് തന്നെയും സമരസപ്പെട്ട് കഴിയാന്‍ വിധിക്കപ്പെട്ടവനാണ് മനുഷ്യന്‍. വെളിച്ചത്തോടും അന്നത്തോടും സംഗീതത്തോടുമൊപ്പം, ഒരു ചെറുമരവും ക്രിസ്മസിനെ അടയാളപ്പെടുത്തുന്നുണ്ട്. ചില പ്രദേശങ്ങളില്‍ കായ്ക്കാത്ത മരങ്ങളെ മുറിച്ചു കളയുന്നതിനു പകരം ക്രിസ്മസ് ദിനത്തില്‍ അവയ്ക്ക് ചുറ്റും ചെണ്ടകൊട്ടി പാട്ടു പാടുന്ന രീതിയുള്ളതായി കേട്ടിട്ടുണ്ട്. മനുഷ്യന് മുന്നില്‍ മാത്രമല്ല കായ്ക്കാത്ത മരങ്ങള്‍ക്ക് മുന്നിലും ക്രിസ്മസ് സംഗീതം പൊഴിക്കുന്നു. മനുഷ്യനോടെന്നപോലെ മരങ്ങളോടും അവയുടെ കര്‍ത്തവ്യത്തെക്കുറിച്ചുള്ള സൗമ്യമായ ഓര്‍മ്മപ്പെടുത്തലായി അത് മാറുന്നു. ഇങ്ങനെ നോക്കിയാല്‍ ബൃഹദാരണ്യക ഉപനിഷത്തില്‍ പറയുന്നത് ക്രിസ്മസിലും നമുക്ക് വായിച്ചെടുക്കാം 'സര്‍വ ചരാചരങ്ങളുടെയും മധുവാണ് ഭൂമി. ഭൂമിയുടെ മധുവാണ് സര്‍വ ചരാചരങ്ങളും.'

ക്രിസ്മസില്‍ അളവറ്റതായി ഒന്നു മാത്രമേ ഉള്ളൂ. അത് പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥന പവിത്രവുമാണ്. മനുഷ്യജീവിതത്തില്‍ പവിത്രമായി എന്തൊക്കെയുണ്ടോ അവയ്‌ക്കൊന്നും ദൈവം പരിധി കല്പിക്കുന്നില്ല. പര്‍വതങ്ങളെ അപേക്ഷിച്ച് ഗോപുരങ്ങള്‍ ചെറുതാണെന്ന് പറയും പോലെ, പവിത്ര മായവയ്ക്ക് മുന്നില്‍ മനുഷ്യന്‍ ചെറുതാകുന്നു. ക്രിസ്മസിന്റെ ഈ പവിത്രതാ സങ്കല്പം പ്രാര്‍ത്ഥനയില്‍ മാത്രം ഒതുക്കേണ്ടതുമല്ല തന്നെ. അത് പ്രാര്‍ത്ഥനയെയും കടന്ന് മനുഷ്യബന്ധങ്ങളിലേക്ക് നീണ്ടുപോകുന്നു. ഭാര്യാ ഭര്‍തൃബന്ധത്തില്‍ തുടങ്ങി അയല്‍ക്കാര്‍ തമ്മിലുള്ള ബന്ധത്തില്‍വരെ ഇതിന്റെ നിഴലാട്ടം കാണാം. മനുഷ്യബന്ധങ്ങളുടെ സംസ്‌കൃത രൂപത്തിലും പവിത്രതയല്ലാതെ മറ്റെന്താണ് ഉള്ളത്?

നാം ഓരോരുത്തരും, ഏത് മതവിശ്വാസിയായാലും, ഈ ജീവിതത്തില്‍നിന്ന് ജീവനോടെ തിരിച്ചുപോകില്ലെങ്കില്‍ പിന്നെ ജനനത്തിനും മരണത്തിനും ഇടയിലുള്ള കാലയളവില്‍ പരസ്പര സ്‌നേഹത്തിലും വിശ്വാസത്തിലും കഴിയുന്നതല്ലേ ഉത്തമം? 'രണ്ടു മര്‍ത്യരടുക്കുമ്പോള്‍ / ദുഃഖം പങ്കിട്ടെടുത്തിടും / ശക്തിയപ്പോളിരട്ടിക്കും /കാലം കാലവിമുക്തമാം' എന്ന് മഹാകവി അയ്യപ്പപ്പണിക്കര്‍ ഗോത്രയാനത്തില്‍ പറഞ്ഞത് എത്ര വാസ്തവം. പക്ഷേ ഇത്തരം തിരിച്ചറിവ് ഉണ്ടാകണമെങ്കില്‍ ഭൗതികതയും ആത്മീയതയും തമ്മില്‍ സന്തുലനവും മനുഷ്യര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ സംവാദത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന ബോധ്യവും ഉണ്ടാകേണ്ടിയിരിക്കുന്നു.

അതിഭൗതികതയ്ക്കും അമിതമായ ആത്മീയതയ്ക്കും അവയുടേതായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇതില്‍ ആദ്യത്തേതിന്റെ അന്തസ്സാര ശൂന്യത രണ്ട് കഥാസന്ദര്‍ഭങ്ങളിലൂടെ വെളിപ്പെടുത്താം. ഇതില്‍ ഒന്ന് ഓര്‍സോണ്‍ വെല്‍സ് (Orson Wells) സംവിധാനം ചെയ്ത സിറ്റിസണ്‍ കെയ്ന്‍ (Citizen Kane) എന്ന സിനിമയില്‍ നിന്നുള്ളതാണ്. സര്‍വ ഭൗതിക സുഖങ്ങളും അനുഭവിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രം ചാള്‍സ് ഫോസ്റ്റര്‍ കെയ്ന്‍ മരണത്തോട് അടുക്കുമ്പോള്‍ ആഗ്രഹിക്കുന്നത് ഒന്നു മാത്രം, കുട്ടിക്കാലത്ത് കളിക്കാനുപയോഗിച്ചിരുന്ന കാളവണ്ടി! രണ്ടാമത്തേത് സ്റ്റീന്‍ ബെക്കിന്റെ നോവലിലെ നായകന്റെ അനുഭവമാണ്. തനിക്ക് കിട്ടിയ മുത്ത് തന്റെ കുടുംബത്തിന്റെ സംഗീതം തകര്‍ക്കുന്നു എന്ന് കണ്ടപ്പോള്‍ അത് അദ്ദേഹം കടലിലേക്കു തന്നെ തിരിച്ചെറിയുന്നു. ജീവിതത്തില്‍ പക്ഷേ അന്തസ്സാര ശൂന്യമായ ഇത്തരം ഭൗതിക സുഖങ്ങള്‍ക്കുവേണ്ടി മല്ലിടുന്ന മനുഷ്യന് പരസ്പരം സ്‌നേഹിക്കാന്‍, പ്രകൃതിയോട് ഓരം ചേര്‍ന്ന് നടക്കാന്‍ മനസ്സ് എവിടെ?

അമിതമായ ആത്മീയതയുടെ കാര്യവും വിഭിന്നമല്ല. എന്തും അളവ് കെട്ടാല്‍ അപകടം ക്ഷണിച്ചു വരുത്തും എന്നതാണ് അനുഭവം. ആത്മീയത ഭ്രാന്തും മൗലികവാദവുമൊക്കെയായി മാറുന്നത് ഇങ്ങനെ അളവ് കെടുമ്പോഴാണ്. വ്‌ലാദിമിര്‍ നബക്കൊവ് അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നതു പോലെ, രണ്ട് നിത്യതകള്‍ക്ക് നടുവിലെ ചെറുവെളിച്ചമാണ് മനുഷ്യ ജീവിതം എന്ന ലോകസത്യം ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം മറന്നു പോകുന്നു. ഇതോടെ ഓരോ മനുഷ്യനും അയാളുടെതായ ലോകത്തില്‍ അകപ്പെടുന്നു, പരസ്പര സ്‌നേഹത്തിന് പോയിട്ട് സംവാദത്തിനു പോലും അവസരം ഇല്ലാതാവുന്നു.

ജീവന്റെ പുസ്തകം ഏകാന്തതയില്‍ വായിക്കാനാവുമോ? ഏതെങ്കിലും ഒരു ജാതി/മത/രാഷ്ട്രീയ സംഘത്തിന് മാത്രമായി വായിക്കാനാവുമോ അതിനെ? ഇല്ലെന്നാണ് ഉത്തരം. അതുകൊണ്ടാണ് ദൈവം ഏശയ്യയോട് പറയുന്നത്: 'വരു നമുക്കിത് പറഞ്ഞു തീര്‍ക്കാം. ഇത് കേള്‍ക്കാന്‍ നീ തയ്യാറാണെങ്കില്‍ നിനക്ക് വലിയ ഭാവിയുണ്ട്. മറിച്ചായാല്‍ നീ വാളിന് ഇരയാകും.' സംവാദം കൊടുക്കലും വാങ്ങലുമാണ്. സ്വരച്ചേര്‍ച്ചയാണ്. വൈരുധ്യങ്ങളെ സമരസ പ്പെടുത്തലാണ്. പൊതുഭാഗധേയത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്. ക്രിസ്മസിന്റെ സന്ദേശം ഇതാണ്.

എന്നാല്‍ ഇതെല്ലാം തമസ്‌കരിച്ചുകൊണ്ട്, സ്വയം വാളിന് ഇരയാവാന്‍ തീരുമാനിച്ചുറച്ചതു പോലെയാണ് നമ്മുടെ ഇപ്പോഴത്തെ പ്രവൃത്തികള്‍. ചുറ്റും സാഗര ഗര്‍ജനം പോലെ ശബ്ദ കോലാഹലങ്ങള്‍. ഇതിന് നടുവില്‍ യോജിപ്പിന്റെ ഒരു നനുത്ത ശബ്ദം പോലും കേള്‍ക്കാനാവുന്നില്ല. ഫലമോ, സമൂഹം ആള്‍ക്കൂട്ടമായി മാറുകയും, ആള്‍ക്കൂട്ടം അതിന്റെ ശത്രുവിനെത്തേടി അലയുകയും ചെയ്യുന്നു. ഏതന്‍സിന്റെ തെരു വീഥികളിലൂടെ മനുഷ്യനെ അന്വേഷിച്ച്, കത്തിച്ച പന്തവുമായി നടന്ന ഡയൊജനീസിന്റെ സ്ഥാനത്ത്, കൊലക്കത്തിയുമായി നടക്കുന്നവരാണ് നമ്മുടെ തെരുവീഥികളില്‍. സ്‌കോട്ട്‌ലാന്‍ഡിലെ രാജ്ഞിയായിരുന്ന മേരി സ്റ്റുവര്‍ട്ടിനെ (1542-1587) ശിരച്ഛേദത്തിന് കൊണ്ടുപോയപ്പോള്‍ അവര്‍ ഏറ്റവുമധികം വ്യാകുലപ്പെട്ടത് സ്വന്തം തൊപ്പിയെക്കുറിച്ചായിരുന്നു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെയാണ് നമ്മുടെ അവസ്ഥയും. പുര കത്തുമ്പോഴും നാം വീണവായിക്കുന്നു.

ഇതിനെതിരെ ധാര്‍മ്മികരോഷം എങ്ങു നിന്നും ഉയരുന്നില്ല. ഒറ്റപ്പെട്ടവയാകട്ടെ ആള്‍ക്കൂട്ടത്തിന്റെ അട്ടഹാസങ്ങളില്‍ മുങ്ങിപ്പോകുന്നു. ഇവിടെ നാം ദൈവത്തില്‍ നിന്ന് അകലുകയാണോ അതോ ദൈവം നമ്മളില്‍ നിന്ന് അകലുകയാണോ? സത്യസന്ധമായ ധാര്‍മ്മികരോഷം ദൈവത്തിന്റെ ശബ്ദമാണെന്നാണ് വില്യം ബ്ലേക്ക് പറയുന്നത്. അങ്ങനെയെങ്കില്‍, ദൈവവും മനുഷ്യനും വഴിപിരിഞ്ഞ കെട്ടകാലമാണിത് എന്ന് പറയേണ്ടിവരും. ഇതിനെക്കുറിച്ചുള്ളൊരു ഓര്‍മ്മപ്പെടുത്തലാണ് ക്രിസ്മസ്. കാരണം സത്യസന്ധമായ ധാര്‍മ്മിക രോഷത്തിന്റെ അടയാള മായാണല്ലോ ഉണ്ണിയേശുവിന്റെ തിരുപ്പിറവി നമുക്ക് മുന്നില്‍ നില്ക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org