ഭൂപടത്തില്‍ ഇല്ലാത്ത ഇടങ്ങളും വ്യക്തികളും

ഭൂപടത്തില്‍ ഇല്ലാത്ത ഇടങ്ങളും വ്യക്തികളും
Published on
'നിന്റെ ആഘോഷരാവിന് എരിഞ്ഞുതീര്‍ന്ന മെഴുകുതിരി ഞാന്‍ പുലരിയില്‍ എന്റെ ഉരുകിത്തീര്‍ന്ന മെഴുക് തുടച്ചുമാറ്റാന്‍ മറക്കരുത്.'

ചരിത്ര പുസ്തകത്തിന്റെ ചില താളുകളുടെ കോണില്‍ നിന്നോ മറവില്‍ നിന്നോ ചില മനുഷ്യര്‍ പൊടുന്നനെ നമ്മുടെ മുന്നിലേക്ക് ചാടി വീഴും. ചിലതെല്ലാം തിടുക്കത്തില്‍ പറഞ്ഞും ചെയ്തും വന്നതിനേക്കാള്‍ വേഗത്തില്‍ അവര്‍ മറഞ്ഞു പോകുകയും ചെയ്യും. തിടുക്കത്തില്‍ ചെയ്ത് തീര്‍ക്കേണ്ടുന്ന സിനിമയിലെ ചെറിയ റോളുകള്‍ പോലെ അത്ര ചെറുത്. കുറച്ചുനാള്‍ നമ്മുടെയൊക്കെ ഓര്‍മ്മകളെ അലോസരപ്പെടുത്തി അവര്‍ പിന്നെയും മറവിയില്‍ നിന്നും മറഞ്ഞുപോകും. ഓര്‍മ്മകള്‍ക്കു പോലും ഓര്‍ക്കാനോ എത്തിപ്പിടിക്കാനോ ആവാത്ത വിധം അത്ര ദൂരത്തേക്ക്.

മാരായമുട്ടം സ്വദേശിയായ വടകര മലഞ്ചരിവ് വീട്ടില്‍ പരേതനായ നേശമണിയുടെയും മെല്‍ഹിയുടെയും മകനാണ് ജോയ്. 47 വയസ്സ്.

കേരളസംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ അനേകം അഴുക്കുചാലുകളില്‍ ഒന്നായ ആമയിഴഞ്ചാന്‍ തോട്ടില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കാന്‍ അധ്വാനിക്കവേ, പൊടുന്നനെ മുങ്ങിതാണു പോയി. മൂന്നാം ദിനം തോടിന്റെ മറ്റൊരു ഭാഗത്ത് കഥാവശേഷനായി കാണപ്പെട്ടു. 1500 രൂപയെന്ന വിശപ്പിന്റെ വിലയിലാണ് ജോയി വീണുപോയത്.

ആദ്യം സൂചിപ്പിച്ച, ആ അപ്രധാന റോളുകളില്‍ ഒന്നില്‍, തനിക്കനുവദിച്ച ജീവിതത്തിന്റെ ആ ചെറിയ സീനില്‍ തിടുക്കത്തില്‍ പ്രത്യക്ഷപ്പെട്ട ജോയി എന്ന സാധുമനുഷ്യന്‍/അപ്രധാന നടന്‍ പെട്ടെന്ന് കടന്നുപോയി.

രാഷ്ട്രീയ ഞടുക്കങ്ങളും കണ്ണീരുമൊക്കെയായി പ്രധാന നടീനടന്മാരുടെ അഭിനയം അരങ്ങുതകര്‍ക്കുകയാണ്.

പെട്ടെന്ന് ഓര്‍മ്മവന്നതുക്കൊണ്ട് ചോദിക്കുകയാണ്; പറഞ്ഞുറപ്പിച്ച് മോഹിപ്പിച്ച് മാലിന്യകൂമ്പാരത്തിലേക്ക് ജോയിയെ തള്ളിയിട്ട ഭരണകൂടം ആ 1500 രൂപ ജോയിക്ക് കൊടുത്തിട്ടുണ്ടാകും അല്ലെ? രാത്രി ജോലികഴിഞ്ഞ് വഴി പോലും ഇല്ലാത്ത വീട്ടില്‍, ഇരുട്ടു നിറഞ്ഞ ആ ഒറ്റമുറി ഷെഡില്‍ തിരിച്ചുവരുമ്പോള്‍ അയാള്‍ അമ്മയ്ക്കു പതിവായി കരുതുന്ന പലഹാരത്തിനും വീട്ടുചിലവിനുമുള്ള പണമാണ്; ഒരു മനുഷ്യന്റെ ജീവന്റെ വിലയായ 1500 രൂപ.

ഇതിനു മുന്‍പും ജോയി അവിടെ തന്നെയുണ്ടായിരുന്നു. മാരായമുട്ടത്തെ, ഒരു വഴിപോലും ഇല്ലാത്ത, ചുറ്റും കാടുപിടിച്ചു കിടക്കുന്ന ഒറ്റമുറി ഷെഡില്‍, വൈദ്യുതിയോ ശുചിമുറികളോ ഇല്ലാത്ത, വീടെന്ന് വിളിക്കുന്ന ആ ചെറിയ ഇടത്തില്‍. നമുക്കാര്‍ക്കും അറിയില്ലായിരുന്നു ജോയിയെ. ഭരണകൂടത്തിനും അധികാരികള്‍ക്കും സാംസ്‌കാരിക നായകര്‍ക്കും എനിക്കും നിങ്ങള്‍ക്കും ഒന്നും അറിയാത്ത ജോയ്, ആര്‍ക്കും പിടിതരാതെ അയാളങ്ങനെ നഗരത്തിന്റെ മാലിന്യങ്ങള്‍ക്കിടയില്‍ ഉപജീവനം തേടി മറഞ്ഞു നടന്നു. അങ്ങനെ അധികം നാള്‍ പിടിതരാതെ നടക്കാന്‍ നമ്മള്‍ ആരെയെങ്കിലും അനുവദിക്കുമോ? ഒടുക്കം ജോയ് കീഴടങ്ങി.

ജോയ് - സന്തോഷം എന്ന് മലയാളത്തില്‍ നമുക്ക് പരാവര്‍ത്തനം ചെയ്യാനാകുന്ന ഒരു പേര്. അതു തന്നെയാണ് തന്റെ പേരെന്ന് അയാള്‍ക്കറിയാമായിരുന്നോ? സന്തോഷം എന്ന മനോഹരമായൊരു പേരാണ് തന്റേതെന്ന്! പുലര്‍ച്ച അഞ്ചു മുതല്‍ രാവോളം പണിയെടുത്ത് കൂടണയുന്ന പുള്ളിക്കാരന്‍ അതൊക്കെ ചിന്തിച്ചിരിക്കാന്‍ വഴി കാണുന്നില്ല... അതെ, വഴി കാണുന്നില്ല; ജോയിയുടെ ഒറ്റമുറി വീട്ടിലേക്കും, അങ്ങനെയുള്ള പരശതം ജോയിമാരുടെ വീട്ടിലേക്കുള്ള വഴികളൊന്നും ഇതുവരെയും നമുക്ക് കാണാനാകുന്നില്ല. ഭൂപടങ്ങളിലില്ലാത്ത ചില ഒറ്റപ്പെട്ട വഴികള്‍.

''അപ്പോള്‍; വീണ്ടുമൊരു ജോയ്, ഭൂപടത്തില്‍ കാണിക്കാത്ത ഒരിടത്തില്‍ നിന്ന് നമ്മളെ ഞെട്ടിക്കാനായി ചരിത്രത്തിന്റെ മറഞ്ഞിരിക്കുന്ന കോണില്‍ നിന്ന്, ഒരു വലിയ കോലുമായി മാലിന്യപുഴയിലേക്ക് ചാടിയിറങ്ങും...''

ഇതര സംസ്ഥാന തൊഴിലാളികളായ തപന്‍ ദാസും വിശ്വജിത്ത് മണ്ഡലും ജോയിയുടെ ഒപ്പമുണ്ടായിരുന്നു. അവരോട് കരയ്ക്കു നിന്ന് സഹായം നല്‍കിയാല്‍ മതി എന്നും നിര്‍ദേശിച്ചാണ് അയാള്‍ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യത്തിലേക്ക് ഇറങ്ങുന്നത്. മനുഷ്യവിസര്‍ജ്ജ്യവും പ്ലാസ്റ്റിക്കും തെര്‍മ്മോകോളും കമ്പിയും ഷീട്ടും മറ്റെല്ലാ ഖരമാലിന്യങ്ങളും ചേര്‍ന്ന് തോട്ടിലെ ടണലിലേക്കുള്ള ഒഴുക്കിനെ തടഞ്ഞിരിക്കുകയാണ്. മാലിന്യത്തിലേക്കിറങ്ങി, ഒരല്‍പം മാലിന്യങ്ങള്‍ തള്ളി മാറ്റിയതും അതുവരെ കെട്ടിക്കിടന്ന വെള്ളം ശക്തിയായി ടണലിലേക്ക് ഒഴുകി. ജോയിയുടെ നില തെറ്റി. കൂട്ടം കൂടി നിന്നിരുന്ന മനുഷ്യരുടെ നേരെ നിസ്സഹായനായി ഒരു വട്ടം കൂടി കണ്ണയച്ച് ജോയി ചെളിയിലേക്ക് മുങ്ങിത്താഴ്ന്നു.

വളരെ നാളുകള്‍ക്കു മുന്‍പാണ്. ഒരു സ്ത്രീയുടെ സ്വര്‍ണ്ണ മാല കുളിച്ചുക്കൊണ്ടിരിക്കുമ്പോള്‍ അബദ്ധത്തില്‍ ഊരി കക്കൂസില്‍ വീണു. വെള്ളത്തോടൊപ്പം അത് താഴോട്ട് ഒഴുകി നഷ്ടമായിപോയി. അഞ്ചര പവന്റെ സ്വര്‍ണ്ണ മാല അങ്ങനെയങ്ങ് വിട്ടുകളയാനാകുമോ. കൊലോത്തുംപാടത്ത് പുറമ്പോക്കില്‍ താമസിക്കുന്ന തമിഴന്മാരോട് പറഞ്ഞാല്‍ അവര്‍ ടോയ്‌ലെറ്റ് പിറ്റില്‍ നിന്നും മാല എടുത്തു തരും. ഇരുപത്തയ്യായിരമെങ്കിലും ചുരുങ്ങിയത് കൊടുക്കേണ്ടി വരും. കൂട്ടംകൂടിയ അയല്‍ക്കാരിലൊരാള്‍ പറഞ്ഞു.

'എത്രവേണമെങ്കിലും കൊടുക്കാം, സാധനം കിട്ടിയാല്‍ മതി.'

തമിഴന്മാരെ അന്വേഷിച്ച് ഇറങ്ങാന്‍ ഒരുങ്ങുന്ന ഗൃഹനാഥനെ, മറ്റൊരു അയല്‍ക്കാരന്‍ തടഞ്ഞു. 'പിന്നേ, ഇരുപത്തയ്യായിരം. ചേട്ടനിവിടെ നില്‍ക്ക്... ഞാന്‍ സെന്ററില്‍ പോയി ആ രാജാ മണി ഉണ്ടോയെന്ന് നോക്കട്ടെ. അവനൊരു കുപ്പി വാങ്ങികൊടുത്താല്‍ മതി. കാര്യം നടക്കും.'

കാര്യങ്ങളെല്ലാം എടിപിടിയെന്നു നടന്നു. രാജാ മണി വന്നു. ഒരു കുപ്പി മണ്ണെണ്ണ വാങ്ങി ദേഹം മുഴുവന്‍ പുരട്ടി. സ്ലാബ് മാറ്റി മാലിന്യത്തിലേക്കിറങ്ങി മുങ്ങിത്തപ്പി മാല വീണ്ടെടുത്തു. കണ്ട് നിന്നവര്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം ആശ്വാസം. പറമ്പിലേക്ക് മാറി നിന്ന് മോട്ടര്‍ അടിച്ച് ആ വെള്ളത്തില്‍ കുളിച്ച്, 'ഒര് ആയിരം രൂപയിങ്ങ് തന്നെ' എന്നും പറഞ്ഞ് രാജാമണി നടന്നുപോയി. മാല കിട്ടിയതിനേക്കാള്‍ ആശ്വാസമായിരുന്നു, ഇരുപത്തിനാലായിരം രൂപ ലാഭിച്ചതില്‍.

നമ്മുടെ മാലിന്യങ്ങളില്‍ മുങ്ങിതപ്പിയും, ആഴമുള്ള കിണറ്റിലും ഉപയോഗശൂന്യമായ കുളങ്ങളിലും റെയില്‍ ട്രാക്കുകളിലുമൊക്കെ വീണുകിടക്കുന്ന മനുഷ്യ ശരീരങ്ങളും മൃഗങ്ങളുടെ അവശിഷ്ടങ്ങളുമൊക്കെ പെറുക്കിക്കൂട്ടാന്‍ ഈ മനുഷ്യര്‍ തെരുവിന്റെ ഓരങ്ങളില്‍ നിന്നും വെളിച്ചത്തിലോട്ടു കേറി വരും. കാര്യം കഴിഞ്ഞാല്‍ പിന്നെ അവരെയാരും തിരക്കാറില്ലല്ലോ. അവര്‍ ഇരുട്ടിലേക്കു തന്നെ മടങ്ങും.

അപകടം നടന്നയുടന്‍ വിവിധ വകുപ്പുകളിലെ സ്‌കൂബ ഡൈവര്‍മാര്‍ ഉള്‍പ്പെടെ അനേകമാളുകള്‍ മാലിന്യകൂമ്പാരങ്ങള്‍ക്കിടയില്‍ ജോയിയെ അന്വേഷിച്ചിറങ്ങി.

ഉത്തരവാദിത്വം പരസ്പരം ഏല്‍പ്പിച്ച് കോര്‍പ്പറേഷന്‍ അധികാരികളും റെയില്‍വെയും തമ്മില്‍ വാഗ്വാദം തുടങ്ങിക്കഴിഞ്ഞു. ഇനി റോബോട്ടുകളെ മാലിന്യം വാരാന്‍ ഉപയോഗിക്കാം എന്ന് റെവന്യൂ മന്ത്രി. ജോയിയുടെ അമ്മയ്ക്ക് വീട്, പത്തു ലക്ഷം സഹായം, ആശ്രിത നിയമനം... ഔദാര്യങ്ങള്‍ ഉറവപൊട്ടി ഒഴുകുകയാണ്. ഒരു ജീവന്‍ നഷ്ടപ്പെട്ടിട്ട് വേണമായിരുന്നു എല്ലാവര്‍ക്കും കണ്ണു തുറക്കാന്‍. പിന്നെ ജോയിയുടെ വീട് അന്വേഷിച്ച് ഇറങ്ങുകയായി. ഇങ്ങനെയും ഒരു വീടോ... ഇങ്ങനെയും ജീവിതങ്ങളോ ... അതും കേരളത്തില്‍! രാജ്യത്തിന്റെ തലസ്ഥാനത്ത്! അമ്പരപ്പ് അധികാരികള്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമല്ല, നമുക്കൊരോരുത്തര്‍ക്കുമാണ്. ബെന്യാമിന്‍ എഴുതിയതു പോലെ, 'നമ്മളനുഭവിച്ചു തീര്‍ക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുക്കഥകളാണ്.'

വര്‍ഷങ്ങള്‍ക്കു മുമ്പ് മാലിന്യം വൃത്തിയാക്കാന്‍ മാന്‍ഹോളില്‍ ഇറങ്ങിയ രണ്ട് തൊഴിലാളികളും അവരെ രക്ഷിക്കാന്‍ ഇറങ്ങിയ നൗഷാദ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറും ദാരുണമായി മരണമടഞ്ഞത് അങ്ങ് കോഴിക്കോടാണ്. അന്ന് നമ്മളൊന്ന് ഞെട്ടിയതാ, പിന്നെയൊന്ന് ഞെട്ടാന്‍ ഇത്രയും നാള്‍ കാത്തിരിക്കേണ്ടി വന്നു.

തിരുവനന്തപുരം മാത്രമല്ല, കേരളം മുഴുവന്‍ ഒരു മാലിന്യക്കൂമ്പാരമായി 'മാലിന്യ മലയായി' മാറിയിട്ട് വര്‍ഷങ്ങളായി. ബ്രഹ്മപുരം മാലിന്യമല കത്തിയത് (അതോ കത്തിച്ചതോ) മാസങ്ങള്‍ക്കു മുന്‍പല്ലേ? അന്ന് പടര്‍ന്ന രാസമാലിന്യ പുക എത്ര നാളാണ് മനുഷ്യരുടെ സ്വസ്ഥ ജീവിതത്തെ തടസ്സപ്പെടുത്തിയത്? എന്ത് പാഠമാണ് നമ്മളും നമ്മുടെ ഭരണാധികാരികളും പഠിച്ചത്?

മാലിന്യം കൂട്ടിയിടുകയും കുഴിച്ചിടുകയും തരം കിട്ടുമ്പോഴെല്ലാം കത്തിക്കുകയും ചെയ്യുന്നതാണ് നമ്മുടെ മാലിന്യ മാനേജ്‌മെന്റ്. (മറ്റ് മാര്‍ഗമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ. അല്ലെങ്കില്‍ വേറെ ഏതെങ്കിലും ജലസ്രോതസ്സുകളിലോ മറ്റോ കൊണ്ട് തട്ടാമായിരുന്നു. എന്തു ചെയ്യാം എല്ലായിടത്തും ചാലിയാറും പെരിയാറും ഉണ്ടാവില്ലല്ലോ)

മലയാളിയുടെ വ്യക്തിപരിസര ശുചിത്വ നാട്യം കാപട്യമാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. നാളുകള്‍ക്കു മുന്‍പാണ് വീട്ടിലെ മാലിന്യം ഫുട്‌ബോള്‍ തട്ടുന്ന അനായാസതയോടെ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന ഏതോ ഒരു പഞ്ചായത്തു മെമ്പര്‍ കാലുകൊണ്ട് തെരുവിലേക്ക് വലിച്ചെറിഞ്ഞത് എന്ന് നമ്മള്‍ ഓര്‍ക്കണം. എന്റെ ഇടത്തിലെ മാലിന്യമെല്ലാം ഞാന്‍ അപ്പുറത്തെ പുരയിടത്തിലേക്ക് വലിച്ചെറിയുന്നതോടെ എന്റെ മാലിന്യ സംസ്‌കരണം പൂര്‍ത്തിയായി എന്നതാണ് നമ്മുടെ നയം. മണ്ണില്‍ കുഴിച്ചിടുന്ന മാലിന്യം (സംസ്‌ക്കരിക്കുന്നു എന്നതാണ് ഒഫീഷ്യല്‍ പ്രയോഗം) മണ്ണില്‍ ചേര്‍ന്ന് ജലാശയങ്ങളെയും കിണറുകളെയും മലിനമാക്കി മാരക സാംക്രമിക രോഗങ്ങളുടെ കേന്ദ്രമായി നമ്മുടെ നാടിനെ മാറ്റിക്കഴിഞ്ഞില്ലേ. കൊച്ചിക്കടുത്തുള്ള വേങ്ങൂര്‍ എന്ന ഗ്രാമം മഞ്ഞപ്പിത്തത്തിന്റെ പിടിയിലായിട്ട് നാളുകളായി. നമ്മള്‍ കാലങ്ങളായി നിര്‍മ്മാര്‍ജ്ജനം ചെയ്‌തെന്ന് വിശ്വസിച്ചിരുന്ന പകര്‍ച്ചവ്യാധികള്‍ ജപ്പാന്‍ ജ്വരമായും, ഷിഗല്ലായായും, കറുത്ത പനിയായുമൊക്കെ തിരിച്ചുവരുന്നതും കണ്ട് അന്തംവിട്ട് നോക്കിയിരിക്കുകയാണ് ആരോഗ്യരംഗം. നിപ്പയും ഡെങ്കുവും ചിക്കുന്‍ഗുനിയയും ഒക്കെ പതിവുകാരായി മാറി. മണ്‍സൂണ്‍ എന്നാല്‍ രോഗങ്ങളുടെ പ്രളയക്കാലം കൂടിയാണ്. പകര്‍ച്ചവ്യാധി മൂലം പാലാ പട്ടണം തന്നെ അക്ഷരാര്‍ത്ഥത്തില്‍ വിജനമായത് കൊറോണക്കാലത്തിനും വളരെ മുന്‍പ് 2005-2006 കാലഘട്ടത്തിലാണ്.

തിരുവനന്തപുരത്തെ ജലസ്രോതസ്സുകള്‍ പാര്‍വതി പുത്തനാര്‍ അടക്കം മാലിന്യതോടുകളായി മാറിയിട്ട് വര്‍ഷങ്ങളായി. ഒരു ചാറ്റല്‍ മഴയെങ്ങാനും പെയ്താല്‍ നഗരം പ്രളയത്തിലായി. അടിഞ്ഞുകൂടി കിടക്കുന്ന മാലിന്യമെല്ലാം വീടുകളിലേക്കും ഹോട്ടലുകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും ഒലിച്ചുകേറാന്‍ നിമിഷങ്ങള്‍ മാത്രം മതി. ഇതൊക്കെത്തന്നെയാണ് കൊച്ചിയടക്കം കേരളത്തിലെ മുഴുവന്‍ പട്ടണങ്ങളുടെയും തെരുവുകളുടെയും സ്ഥിതി. പുഴയ്ക്കല്‍ പാടങ്ങളും, കമ്മട്ടിപാടങ്ങളും, കോലോത്തുംപാടങ്ങളുമൊക്കെ വമ്പന്‍ കൊര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതികൊടുക്കുമ്പോള്‍, കൊടിയേറ്റത്തിലെ ഗോപിയെ പോലെ ഉടുവസ്ത്രത്തില്‍ ചെളി തെറിപ്പിച്ച് പാഞ്ഞുപോയ കാറിനെ നോക്കി 'എന്തൊരു സ്പീഡ്' എന്ന് ആശ്ചര്യപ്പെട്ടു മിഴിച്ചുനില്‍ക്കാനെ പൊതുജനത്തിന് കഴിയുകയുള്ളൂ. അത്രയ്ക്കുണ്ട് വികസനത്തിന്റെ സ്പീഡ്.

എന്നാല്‍, ഭരണസിരാകേന്ദ്രമായ ഒരു നഗരത്തില്‍, മുഖ്യമന്ത്രിയും മേയറും അനേകായിരം രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമൊക്കെയുള്ള ഒരു ഇടത്തിന്റെ മാലിന്യ മാനേജ്‌മെന്റ് ഇതാണെങ്കില്‍ അനന്തപുരിയിലെ സാക്ഷാല്‍ അനന്തന് പോലും രക്ഷയുണ്ടാകാന്‍ വഴിയില്ല.

പരിഹാരമെന്താണെന്ന് ഭരണവര്‍ഗത്തിന് അറിയാതെയൊന്നുമല്ല. 2015 ല്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടപ്പിലാക്കാന്‍ ഇറങ്ങിയ 'ഓപ്പറേഷന്‍ അനന്തയ്ക്ക്' എന്താണ് സംഭവിച്ചത്? അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണും, ജില്ലാ കലക്റ്റര്‍ ആയിരുന്ന ബിജു പ്രഭാകറിനുമായിരുന്നു പദ്ധതിയുടെ നടത്തിപ്പു ചുമതല. ചുമതലയേല്‍ക്കുമ്പോള്‍, ഒരൊറ്റ ഉറപ്പേ അവര്‍ക്ക് വേണ്ടിയിരുന്നുള്ളൂ. 'പണി തുടങ്ങിക്കഴിഞ്ഞാല്‍ രാഷ്ട്രീയ-മത ഇടപെടലുകള്‍ ഒന്നും ഉണ്ടാകരുത്. ആ വാക്കിന്റെ ഉറപ്പില്‍ അവര്‍ 28 കി.മി. നീളത്തിലുള്ള തോടുകളുടെ കയ്യേറ്റം ഒഴിപ്പിക്കാന്‍ പദ്ധതിയിട്ടു. തമ്പാനൂര്‍, ചാല, പഴവങ്ങാടി മേഖലകളിലുള്ള ഓടകളിലെയും തോടുകളിലെയും കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു. ആദ്യ ഘട്ടത്തില്‍ തോടുകളിലെയും ഓടകളിലെയും മണ്ണെടുത്തു മാറ്റിയതു തന്നെ ഏകദേശം 800 ലോഡുകള്‍ വരുമായിരുന്നുവത്രേ. 2016 ല്‍ ഭരണം മാറി. പദ്ധതി രണ്ടാം ഘട്ടത്തിലേക്കു കടന്നു. എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ വന്‍കിട മുതലാളിമാരുടെ ഭാഗത്തേക്കു തിരിഞ്ഞതോടെ, എതിര്‍പ്പുകള്‍ ശക്തമായി. വ്യവസായ ലോകം, ഭൂ മാഫിയ എന്നിവ ഒന്നാകെ പദ്ധതിക്ക് എതിരായി. 'ഓപ്പറേഷന്‍ അനന്ത' അവസാനിച്ചു. ജനം വീണ്ടും ദുരിതപ്രളയത്തില്‍ തുടര്‍ന്നു.

ഇന്നിപ്പോള്‍ അതൊരു ജീവനെ കവര്‍ന്നിരിക്കുന്നു.

ഈ വിലാപങ്ങളും അതിനെത്തുടര്‍ന്നുള്ള നാടകങ്ങളും പായാരങ്ങളും അടങ്ങും. ഓ ബി വാനുകള്‍ മടങ്ങും. അന്തിചര്‍ച്ചകള്‍ പതിവു പൂരപ്പാട്ടിലേക്ക് തിരിയും.

അപ്പോള്‍; വീണ്ടുമൊരു ജോയ്, ഭൂപടത്തില്‍ കാണിക്കാത്ത ഒരിടത്തില്‍ നിന്ന് നമ്മളെ ഞെട്ടിക്കാനായി ചരിത്രത്തിന്റെ മറഞ്ഞിരിക്കുന്ന കോണില്‍ നിന്ന്, ഒരു വലിയ കോലുമായി മാലിന്യപുഴയിലേക്ക് ചാടിയിറങ്ങും... കഥ തുടരും...

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org