പി ഡി ഡി പി സുവര്‍ണ്ണ ജൂബിലി നിറവില്‍

പി ഡി ഡി പി സുവര്‍ണ്ണ ജൂബിലി നിറവില്‍

സേവന പാതയില്‍ 50-ാം വര്‍ഷം (1973 - 2023)

എറണാകുളം-അങ്കമാലി ആര്‍ച്ചുബിഷപ്പ് കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടിലിന്റെ രക്ഷാകര്‍തൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വെല്‍ഫെയര്‍ സര്‍വീസിന്റെ സെക്രട്ടറിയായി 1973 ല്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ആരാധ്യനായ റവ. ഫാദര്‍ ജോസഫ് മുട്ടുമന 'പശു വളര്‍ത്തല്‍ പദ്ധതി'ക്ക് രൂപം നല്‍കിയത്. പ്രാരംഭഘട്ടത്തില്‍ പശു വളര്‍ത്തല്‍ ലാഭകരമാക്കാന്‍ ഏറെ പ്രയത്‌നിക്കേണ്ടി വന്നിട്ടുണ്ട്. തീറ്റ പുല്ല് ശാസ്ത്രീയമായി പിടിപ്പിക്കലും നാടന്‍ പശുക്കളില്‍ വര്‍ഗോദ്ധാരണത്തിനായി ബീജസങ്കലനം ചെയ്യലും തുടര്‍ന്ന് സങ്കരയിനം പശുക്കളെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരലും ആയതോടെ ഈ രംഗം അടുക്കും ചിട്ടയും ഉള്ളതായി വളര്‍ന്നു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ സമൂഹ്യസേവന വിഭാഗമായ സോഷ്യല്‍ സര്‍വീസ് സൊ സൈറ്റിയുടെ ഭാഗമായാണ് 1973-83 പി ഡി ഡി പി പ്രസ്ഥാനം പ്രവര്‍ത്തിച്ചിന്നത്. 1983-ല്‍ കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവ് പി ഡി ഡി പി യുടെ വളര്‍ച്ചയ്ക്കുവേണ്ടി ഈ സ്ഥാപനത്തെ ഒരു സ്വതന്ത്ര സംഘമായി രൂപീകരിച്ചു.

പശുക്കളെ വാങ്ങാന്‍ പണം ലഭ്യമാക്കാന്‍ മലയാറ്റൂര്‍ പള്ളിയില്‍ നിന്നും പലിശ രഹിതമായി ലഭ്യമായ 55000 രൂപയാണ് പി ഡി ഡി പി യുടെ ആദ്യ ഉറവിടം. തുടര്‍ന്ന് പാല്‍ സംഭരിക്കുന്ന പ്രഥമ യൂണിറ്റ് ആരംഭിച്ചത് മലയാറ്റൂരില്‍ തന്നെയായിരുന്നു. സഹായ മെത്രാനായിരുന്ന മാര്‍ (ഡോ.) സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവിനെയും മലയാറ്റൂര്‍ വികാരിയായിരുന്ന റവ. ഫാദര്‍ ജോസഫ് വടക്കുംപാടന്‍ അച്ചനെയും ഇത്തരുണത്തില്‍ സ്മരിക്കുന്നു. അങ്ങനെ 1973 മാര്‍ച്ച് 18 എന്ന തീയതി പി ഡി ഡി പി യുടെ ചരിത്രത്തിലെ പ്രഥമ ദിനമായി മാറി.

പിന്നീടു നടന്നത് പുല്ല് കൃഷി വ്യാപിപ്പിക്കല്‍, പശു ലോണ്‍ നല്‍കല്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സങ്കരയിനം പശുക്കളെ കൊണ്ടുവരല്‍, സെമിനാറുകളും പഠന ക്ലാസുകളും സംഘടിപ്പിക്കല്‍, സംഘങ്ങള്‍ ആരംഭിക്കല്‍, ഡയറി അസിസ്റ്റന്റുമാര്‍ക്ക് പരിശീലനം നല്‍കല്‍, കാര്‍ഷിക സര്‍വകലാശാല - ഡയറി വിഭാഗം ഉദ്യോഗസ്ഥരുടെ സഹായം തേടല്‍ എന്നിവയുടെ ഘട്ടങ്ങളായിരുന്നു. സംഭരിക്കുന്ന പാല്‍ വെല്‍ഫയര്‍ സൊസൈറ്റിയുടെ ആസ്ഥാന കേന്ദ്ര ഓഫീസ് നിലകൊണ്ടിരുന്ന കളമശ്ശേരിയിലും പരിസരപ്രദേശങ്ങളിലുമാണ് വില്പന നടത്തിയിരുന്നത്.

സംഘങ്ങളുടെ എണ്ണം വര്‍ധിച്ചു, പാല്‍ സംഭരണം വര്‍ധിച്ചു, വില്പനയേക്കാള്‍ പാലളവു കൂടി, പ്രതിസന്ധികള്‍ നേരിട്ടു തുടങ്ങി. അങ്ങനെ 1983 ജൂണ്‍ 25 പി ഡി ഡി പി ചരിത്രത്തില്‍ അടുത്ത അധ്യായം തുടങ്ങി. പ്രതിദിനം 5000 ലിറ്റര്‍ പാലെടുത്തിരുന്ന 'മില്‍മ' അതില്‍ നിന്നും ഒഴിവായി. മുട്ടുമനയച്ചനും ഭരണസമിതിയും കര്‍ഷകരും ഒന്ന് പതറി. ആ 'പതര്‍ച്ച' മണിക്കൂറുകള്‍ക്കുള്ളില്‍ പരിഹരിച്ചു. ആത്മാഭിമാനം പണയം വയ്ക്കാതെ, സ്വത്വം തീറെഴുതാതെ, സ്വന്തം വിപണി കണ്ടെത്താന്‍ അച്ചന്‍ മുന്നിട്ടിറങ്ങി. ചുറുചുറുക്കുള്ള ക്ഷീരോല്‍പാദകര്‍ പിന്നില്‍ അണിനിരന്നു. സംഭരിക്കുന്ന മുഴുവന്‍ പാലും വിറ്റഴിക്കാനുള്ള വിപണി കണ്ടെത്തി. അവിടെ നിന്നും ആരംഭിച്ച ജൈത്രയാത്ര വച്ചടി വച്ചടി പുരോഗതിയിലേക്ക് ആയി. ഇന്നത്തെ പി ഡി ഡി പി ആയി.

റവ. ഫാദര്‍ ജോസഫ് മുട്ടുമന പ്രായാധിക്യത്തെയും ശാരീരിക ക്ഷീണത്തെയും തെല്ലും വകവയ്ക്കാതെ നടത്തിയ പ്രയത്‌നങ്ങള്‍ വഴി കേരളത്തിലെ ക്ഷീരോല്‍പാദന വിപണന മേഖലയില്‍ വിപ്ലവകരമായ മാറ്റം കുറിക്കുവാന്‍ പി ഡി ഡി പി ക്ക് കഴിഞ്ഞു. ഇതര സമാന്തര പാല്‍ സംഘങ്ങളില്‍ അഴിമതിയും അന്യായവും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും കൂത്താടുന്ന സാഹചര്യങ്ങള്‍ വന്നപ്പോള്‍ പി ഡി ഡി പി എന്ന പ്രസ്ഥാനം അത്തരം മേഖലകളില്‍ കത്തി പടരുകയായിരുന്നു.

ആരംഭകാലത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച പി ഡി ഡി പി ഇന്ന് വളര്‍ന്ന് പന്തലിച്ച് കൊച്ചിന്‍ എയര്‍പോര്‍ട്ടിന് സമീപം 15 ഏക്കര്‍ വരുന്ന സ്വന്തം സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്.

  • പി ഡി ഡി പി ഒറ്റനോട്ടത്തില്‍

  1. 1973 മുതല്‍ ക്ഷീര കര്‍ഷകരുടെ കൂട്ടായ്മയും സേവനരംഗത്തെ നിറഞ്ഞ സാന്നിധ്യവും.

  2. എറണാകുളം-അങ്കമാലി അതിരൂപത വൈദികരുടെ നേതൃത്വം.

  3. ക്ഷീര കര്‍ഷക പ്രതിനിധികളടങ്ങുന്ന ഭരണസംവിധാനം.

  4. 200 ഓളം പ്രാദേശിക പാല്‍ സംഭരണ സംഘങ്ങള്‍.

  5. 20000 ല്‍പ്പരം ക്ഷീരകര്‍ഷകരുടെ കൂട്ടായ്മ

  6. സ്വന്തമായി നടത്തുന്ന 7 മൃഗാശുപത്രികളും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും

  7. മധ്യകേരളത്തില്‍ ക്ഷീരകര്‍ഷകരെയും പാല്‍ ഉപഭോക്താക്കളെയും കോര്‍ത്തിണക്കുന്ന ധാര്‍മ്മിക സേവന ശൃംഖല.

  8. ഒരു ലക്ഷം ലിറ്റര്‍ പാല്‍ സ്ഥാപിതശേഷിയുള്ള ആധുനിക ഡയറി പ്ലാന്റ്.

  9. 6 ടണ്‍ സ്ഥാപിതശേഷിയുള്ള അത്യാധുനിക പാല്‍പ്പൊടി പ്ലാന്റ്.

  10. 240 ടണ്‍ കാലിത്തീറ്റ ഉത്പാദിപ്പിക്കാവുന്ന കാലിത്തീറ്റ ഫാക്ടറി.

  11. ശുദ്ധമായ പാലും ക്രീമും ചേര്‍ത്തു തയ്യാറാക്കുന്ന ഐസ്‌ക്രീം.

  12. തൈര്, നെയ്യ്, ബട്ടര്‍, പനീര്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉപ ഉല്പന്നങ്ങള്‍.

  13. രണ്ടായിരത്തിലധികം മില്‍ക്ക് ബൂത്തുകള്‍ അടങ്ങുന്ന വിപണന ശ്രേണി.

  14. 800 ല്‍പ്പരം സേവന സന്നധരായ ജീവനക്കാര്‍

  • പ്രതിസന്ധികള്‍ ഒഴിയുന്നു

2018 ലെ അതിഭീകര വെള്ളപ്പൊക്കവും തുടര്‍ന്നു വന്ന 'കൊറോണ' പകര്‍ച്ചവ്യാധിയും പി ഡി ഡി പി യെ 'ഒന്ന് ഉലച്ചു'വെങ്കിലും അതില്‍ നിന്നെല്ലാം കരകയറി നല്ല രീതിയില്‍ ഇപ്പോള്‍ പി ഡി ഡി പി പ്രവര്‍ത്തിച്ചുവരുന്നു.

റവ ഫാദര്‍ തോമസ് മങ്ങാട്ട് ചെയര്‍മാനായും റവ ഫാദര്‍ ബിജോയ് പാലാട്ടി വൈസ് ചെയര്‍മാനായും കര്‍ഷക പ്രതിനിധികളായ 9 ബോര്‍ഡ് അംഗങ്ങളും നോമിനിമാരും ചേര്‍ന്ന് നിലവില്‍ പി ഡി ഡി പി യെ നയിച്ചു വരുന്നു

മുട്ടുമനയച്ചന്റെ ജന്മദിനമായ ജനുവരി 3 പി ഡി ഡി പി ഡേ ആയും (3-1-1923) മരണദിനമായ ഒക്‌ടോബര്‍ 11 പി ഡി ഡി പി അനുസ്മരണ ദിനമായും (11-10-2010) ആചരിച്ചു വരുന്നു

logo
Sathyadeepam Weekly
www.sathyadeepam.org