പരിത്യക്തരുടെ പ്രാർത്ഥന

പരിത്യക്തരുടെ പ്രാർത്ഥന

ടോം ജോസ്, തഴുവംകുന്ന്

കേരളത്തിലെ കുടുംബജീവിതം ഏറെ അനുകരണീയവും അമൂല്യവുമാണെന്നു ലോകം സമ്മതിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കുടുംബജീവിതത്തിന്‍റെ വിശുദ്ധിയും പരസ്പരബന്ധിതമായ കെട്ടുറപ്പിന്‍റെ ജീവിതവും ഏറെ ആകര്‍ഷണീയമായിരുന്നു. കൂട്ടുകുടുംബവ്യവസ്ഥിതിയുടെ ശക്തിയില്‍നിന്നും അണുകുടുംബത്തിന്‍റെ സ്വാര്‍ത്ഥതയിലേക്കുള്ള 'വളര്‍ച്ച' നമ്മെ തകര്‍ച്ചയിലേക്കു വഴിനയിക്കുന്നുവോയെന്നു സംശയിക്കുന്നു. എന്നും യുവത്വമുള്ള കുറേ അത്യന്താധുനിക മനുഷ്യര്‍ ഉപയോഗമില്ലാത്തവരെ വലിച്ചെറിയുന്ന മൃഗീയതയാണ് ഇന്നു കാണുന്നത്. ദൈവനിക്ഷിപ്തമായ അവകാശങ്ങള്‍ ഓരോ മനുഷ്യരിലുമുണ്ടെന്നറിയണം. ഇന്നത്തെ മനുഷ്യര്‍ക്കു താന്‍ മാത്രമുള്ള ലോകം വിസ്തൃതമാക്കുകയെന്നതു മാത്രമാണു പദ്ധതി. അവശരും ആലംബഹീനരുമാകുവാന്‍ അധികസമയം വേണ്ടെന്നൊരു തിരിച്ചറിവ് നമുക്കുണ്ടാകണം.

മാതാപിതാക്കള്‍ മക്കളുടെ പകര്‍പ്പുപുസ്തകമാണെന്നറിയണം. അവരെക്കണ്ടും അവരില്‍നിന്നുമാണു നാം വളരുക; ഒപ്പം തലമുറകളിലേക്കുള്ള സുദൃഢമായ സന്ദേശം പകരുകയെന്നതും കുടുംബത്തിന്‍റെ കൂട്ടുത്തരവാദിത്വമാണെന്നറിയണം. ബലവാനും ധനവാനും മാത്രമല്ല ദുര്‍ബലനും ദരിദ്രനും ദൈവത്തിന്‍റെ പദ്ധതിയിലെ തുല്യശക്തികള്‍ തന്നെ! വൃദ്ധരുടെ കണ്ണീര്‍ മറ്റൊരു പ്രളയസാദ്ധ്യതകളെ കൊണ്ടെത്തിക്കുമോയെന്ന് ആത്മശോധന ചെയ്യണം. വൃദ്ധരെ ഉപേക്ഷിക്കാനുള്ള 'അപേക്ഷ' പൂരിപ്പിക്കുന്നത് ഇളംതലമുറ അടുത്തിരുന്നു കണ്ടുപഠിക്കുന്നുണ്ടെന്നറിയണം. നാം കൊ ടുക്കുന്നതെല്ലാം "അമര്‍ത്തിക്കുലുക്കിനിറച്ചളന്ന്" നമുക്കുതന്നെ തിരികെ ലഭിക്കുമെന്നറിയുന്നതു നല്ലതുതന്നെ!!

വൃദ്ധമന്ദിരങ്ങളും അഗതിമന്ദിരങ്ങളും മാതാപിതാക്കള്‍ ഒറ്റപ്പെട്ടു കഴിയുന്ന ജയില്‍ തുല്യമായ കൊട്ടാരങ്ങളും നമുക്കിടയില്‍ വര്‍ദ്ധിക്കുന്നു. നോക്കാനാളില്ലാത്തവരുടെ എണ്ണം മലയാളക്കരയില്‍ വര്‍ദ്ധിച്ചുവരുന്നു. എല്ലാമുള്ളപ്പോഴും ഒന്നുമില്ലാത്തവരുടെ ശൂന്യത ഇന്നത്തെ കുടുംബങ്ങളെ അലട്ടുന്നു. "നാലക്ഷരം പഠിച്ച്" വിദേശത്തു പോകുകയെന്നതു ജീവിതാഭിലാഷമാക്കി മക്കളെ വളര്‍ത്തുന്ന യുവമാതാപിതാക്കള്‍ ഏറിവരുന്നു. ഭാവിയിലേക്കുള്ള നല്ല ഒരുക്കമെന്നത് ഇന്നത്തെ കര്‍ത്തവ്യം ശരിയായി നിര്‍വഹിക്കുന്നതാണ്. എഴുത്തുകളില്ലാത്തതും എന്നാല്‍ എല്ലാവര്‍ക്കും വായിച്ചെടുക്കാവുന്നതുമായ ചരിത്രപുസ്തകമാണ് വൃദ്ധജനങ്ങള്‍!

എന്നാല്‍ വൃദ്ധജനങ്ങള്‍ എത്തുന്നിടത്തെല്ലാം അവഗണനയുടെ ഒരു ഭാവം ദൃശ്യമാണിന്ന്. ആരോഗ്യത്തെയും ആയുസ്സിനെയും പരിഗണിക്കാതെ പ്രായം നോക്കി ചികിത്സിക്കുന്ന ആശുപത്രികളുടെ ഒരു നിസ്സംഗതയുമിന്നു കാണാം. മുന്നോട്ടുള്ള പ്രയാണത്തിനു തടസ്സമാകുന്നതിനെ അവഗണിച്ചു മുന്നേറുമ്പോഴും പിന്നിലുള്ളവരുടെ ഒരു 'മനോനൊമ്പരം' അനുധാവനം ചെയ്യുന്നുണ്ടെന്ന ഒരു ബോധം നമുക്കുണ്ടാകണം. ഉന്നത നിലകളിലുള്ളതും മക്കളേറെയുള്ളതുമായ കുടുംബപശ്ചാത്തലങ്ങളില്‍ പോലും മാതാപിതാക്കള്‍ അഗതിമന്ദിരത്തിലാണെന്നതു നമ്മെ ബോധവത്കരിക്കാത്തത് എന്തുകൊണ്ട്? എന്തുണ്ടെങ്കിലും സന്തോഷമെന്നതിന് അര്‍ത്ഥമുണ്ടാകണമെങ്കില്‍ സ്നേഹമുള്ളവര്‍ ഒപ്പമുണ്ടാകണം. മക്കള്‍ സ്നേഹിക്കുന്നതും ആയമാരോ, ഹോം നേ ഴ്സുമാരോ, ഇതര ശുശ്രൂഷികളോ സ്നേഹിക്കുന്നതും തുല്യമാണോ? ഹൃദയം ഹൃദയത്തെ സ്പര്‍ശിക്കുമ്പോഴാണു കൃപകള്‍ സമൃദ്ധമായി പെയ്തിറങ്ങുന്നത്; ദൈവാനുഗ്രഹം നിറയുന്നത്.

ദയാവധവും സ്വവര്‍ഗാനുരാഗവുമൊക്കെ 'നിയമ' സാധുത തേടുമ്പോള്‍ മനുഷ്യത്വത്തോടുകൂടി ജീവിക്കണമെന്നതിനും നമുക്കു നിയമം വേണ്ടിവരുമോ? കരുണയെന്നതിനു ദൈവത്തിന്‍റെ ഛായയാണുള്ളത്. അതിനു നിയമോപദേശം ആവശ്യമില്ല. പിന്തിരിഞ്ഞു നോക്കാത്ത ഒരു തലമുറ രൂപപ്പെടുന്നുണ്ടെങ്കില്‍ അതു സമൂഹത്തിന്‍റെ അപകടമാണ്. പ്രളയം വന്നപ്പോള്‍ മനുഷ്യരുടെ കൂട്ടായ്മയുടെ ബലം നാം തിരിച്ചറിഞ്ഞു. മനുഷ്യശക്തിയുടെ അളക്കാനാകാത്ത ദൈവികത ദൃശ്യമായ അവസരമായിരുന്നു പ്രളയം. ഒന്നുമില്ലെങ്കിലും ജീവന്‍ വേണമെന്നു പറഞ്ഞ സമയം! ഏറെ വാര്‍ദ്ധക്യത്തിലെത്തിയവരെയും ശയ്യാവലംബികളെയും അവഗണിക്കാതെ കരുതലോടെതന്നെ രക്ഷിച്ച ജാഗ്രതയുടെ പ്രവര്‍ത്തനം ലോകശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റി. ആരോഗ്യവും പണവും സൗകര്യങ്ങളുമൊക്കെ നിഷ്പ്രഭമായ സമയമായിരുന്നു പ്രളയനാളുകള്‍. സ്വയം ചെയ്യാവുന്നതിനപ്പുറം മറ്റുള്ളവര്‍ ചെയ്യേണ്ടിയിരുന്നതിലേക്കു വിരല്‍ചൂണ്ടുന്ന സമയം! മരണതീരത്തുള്ളവരെന്നു മുദ്രകുത്തി വൃദ്ധരെ ഉപയോഗമില്ലാത്തവരായി വലിച്ചെറിയുംമുമ്പു "വൃദ്ധര്‍ ഞാനായിരുന്നെങ്കില്‍" എന്നു ചിന്തിക്കുന്നത് ഉചിതമായിരിക്കും.

ദാരിദ്ര്യംപോലും പങ്കിട്ടെടുത്തിരുന്ന പഴയ കൂട്ടുകുടുംബസംവിധാനത്തില്‍ ഇത്രമാത്രം പ്രശ്നങ്ങളുണ്ടായിരുന്നോ? പരസ്പരം തുണയാകാന്‍ മനുഷ്യരുണ്ടായിരുന്നതെന്നതാണു പഴമയുടെ ആശ്വാസം. ഒറ്റയ്ക്കു ജീവിക്കാന്‍ ശാസ്ത്രം തേടുന്ന ആധുനികമനുഷ്യന്‍ നൊമ്പരക്കടലിലാണു വാസം! എന്നും തിരയടിക്കുന്ന ഈ കടലിലെ വേലിയേറ്റം ജീവനുകളെ കവര്‍ന്നെടുക്കുന്നതായും കാണാം. ആശ്വാസതീരങ്ങളുടെ അഭാവം മൂലം അനുനിമിഷം മനുഷ്യര്‍ കാണാക്കയങ്ങളിലകപ്പെടുന്നു. ജീവിതസുഖവും സ്വാതന്ത്ര്യവും തേടി വൃദ്ധരെ മൂലയ്ക്കിരുത്തുമ്പോഴും പാറിപ്പറന്നു നടക്കേണ്ടവരിലേക്കു പ്രശ്നങ്ങളുടെ തോരാമഴ പെയ്തിറങ്ങുകയാണ്. ആശ്വാസമേകാനുണ്ടായിരുന്ന മുത്തച്ഛനും മുത്തശ്ശിയും എവിടെയോ ഒറ്റപ്പെടുമ്പോള്‍ ഭാവിതലമുറയും ആശ്വാസമില്ലാത്തവിധം ഒറ്റപ്പെടുകയാണ്. അച്ചടക്കത്തിലും അനുസരണയിലും വളരേണ്ടിയിരുന്നവര്‍ അനിയന്ത്രിതമായ 'സ്വാതന്ത്ര്യ' ത്തില്‍ ഇടറിവീണു ജീവിതം നഷ്ടമാക്കുന്നു. യുവതലമുറയുടെ അഭാവത്തിനും വൃദ്ധജനങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിനും കാരണം മുതിര്‍ന്ന തലമുറയെ ഒതുക്കിയിരുത്തിയതാണ്. കുടുംബത്തിലും തലമുറകള്‍ക്കിടയിലും വാര്‍ദ്ധക്യത്തിനു സ്ഥാനമുണ്ടാകണം; നരച്ച തലമുടി വിവേകത്തിന്‍റെ കിരീടമാണെന്നറിയണം. നാളെയുടെ നിലനില്പ് ഇന്നലെയുടെ സൂക്ഷിപ്പിലാണെന്നു തിരിച്ചറിയണം. വൃദ്ധര്‍ കാഴ്ചബംഗ്ലാവിലെ പുരാവാസ്തുവല്ല. മറിച്ചു വീടിന്‍റെ ഐശ്വര്യമാണ്, ആഢ്യത്തമാണ്. രാജാവിനെപ്പോലെ ആദരിച്ച് ഉപദേശം സ്വീകരിച്ചു പരിചരിച്ചു നമ്മുടെ ഭവനങ്ങളുടെ ഐശ്വര്യമായി നിലനിര്‍ത്തണം. വൃദ്ധരും മനുഷ്യരാണ്. അവരാഗ്രഹിക്കുന്നതും മനുഷ്യത്വമാണ്. വാട്സാപ്പും ടെലിവിഷനും പത്രമാധ്യമങ്ങളും ഉയര്‍ന്ന നിലവാരമുള്ള ഭക്ഷണവും കിട്ടുന്ന മന്ദിരങ്ങളല്ല. മറിച്ച് ഓലമേഞ്ഞ വീടെങ്കിലും മക്കളോടൊത്തു ജീവിക്കുകയെന്നതാണു മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്. കാലമെത്ര വളര്‍ന്നാലും ദൈവനിശ്ചയങ്ങളെ സാധൂകരിക്കുന്നതും സാധിതപ്രായമാക്കി മറ്റുള്ളവര്‍ക്കു ബോധനമേകുന്നതും മനുഷ്യര്‍തന്നെയെന്നറിയണം. അപേക്ഷകളുടെ ഉത്തരം തിരിച്ചറിയാന്‍ കാത്തിരിക്കാതെ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ ലോകത്തു വിഹരിച്ചാല്‍ സാത്താന്‍ മനുഷ്യജീവിതത്തില്‍ കയറിയിടപെടും, കരുണയുടെ മുഖം വികൃതമാക്കും, ശാസ്ത്രം വളരും, മനുഷ്യര്‍ തോല്ക്കും; ദൈവം ചില സന്ദേശങ്ങള്‍ പ്രളയമായും വരള്‍ച്ചയായും മനുഷ്യര്‍ക്കു കണക്കുകൂട്ടാനാകാത്ത പലതുമായും നമുക്കു നല്കും!

മാതാപിതാക്കളെയും വൃദ്ധരെയും നമുക്കു മറക്കാതിരിക്കാം. മക്കളോടൊത്തുള്ള ജീവിതത്തിനായുള്ള ക്രമീകരണം ഭാവിയുടെ പഠനമുറികള്‍ക്കു വിഷയമാകണം. കുഞ്ഞുമക്കളറിയണം ഞങ്ങള്‍ക്കു വല്യപ്പനും വല്യമ്മയും ഉറ്റവരും ഉടയവരും ഉണ്ടായിരുന്നെന്ന്. സാറ്റ്ലൈറ്റ് എഡ്യൂക്കേഷനേക്കാള്‍ നമുക്കാവശ്യം സാദ്ധ്യതകളോട് ആത്മാര്‍ത്ഥത പുലര്‍ത്തിയുള്ള ജീവിതമാണ്. വാത്സല്യമുള്ള മാതാപിതാക്കളും സ്നേഹമുള്ള മക്കളും കൊച്ചു മക്കളുമുള്ള കുടുംബം ഭൂമിയില്‍ സൗഭാഗ്യം കൊണ്ടെത്തിക്കും. പ്രാര്‍ത്ഥനകള്‍ക്കും അപേക്ഷകള്‍ക്കും ഉപേക്ഷകളില്ലാത്ത മറുപടികള്‍ നല്കി മനുഷ്യരെ ദൈവം ഉള്ളംകയ്യില്‍ പരിപാലിക്കും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org