പരിസ്ഥിതി സംരക്ഷണത്തിലെ ആത്മീയാംശം

പരിസ്ഥിതി സംരക്ഷണത്തിലെ ആത്മീയാംശം

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

ജലം നമ്മെ ഇവിടെ ഒന്നിച്ചുകൂട്ടിയിരിക്കുന്നു. ജലത്തിന്‍റെ പേരില്‍ പോരുകള്‍ നടക്കുന്ന കാലമാണിത്. നമ്മുടെ കുടിവെള്ളം മുട്ടിയപ്പോള്‍ നമുക്ക് ഒന്നിച്ചുവരാതെ തരമില്ലാതായി. ഇതൊരു ശുഭസൂചന തന്നെയാണ്. ജലം സംരക്ഷിക്കാന്‍ റീത്ത്, സഭാ, മത വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യര്‍ ഒന്നിക്കുന്ന കാലമുണ്ടാകും. അവിടെ രാഷ്ട്രീയ വ്യത്യാസങ്ങളും ഒടുവില്‍ അപ്രസക്തമാകും. അതിന്‍റെയെല്ലാം ചെറുതുടക്കമായി ഈ കൂടിവരവിനെ നമുക്ക് കാണാന്‍ കഴിയും.
ഉല്‍പത്തി പുസ്തകം ഒന്നാം അധ്യായം രണ്ടാം വാക്യം വെള്ളത്തെപ്പറ്റിയാണു പരാമര്‍ശിക്കുന്നത്. "ദൈവത്തിന്‍റെ ചൈതന്യം വെള്ളത്തിനു മീതെ ചലിച്ചുകൊണ്ടിരുന്നു." വെളിപാടിന്‍റെ പുസ്തകത്തില്‍ 22-ാം അധ്യായം 17-ാം വചനം "ദാഹിക്കുന്നവന്‍ വരട്ടെ. ആഗ്രഹമുള്ളവന്‍ ജീവന്‍റെ ജലം സൗജന്യമായി സ്വീകരിക്കട്ടെ" എന്നു പറയുന്നു. ബൈബിള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും ജലത്തെക്കുറിച്ചുള്ള പരാമര്‍ശത്തോടു കൂടിയാണ്. എന്താണിതു സൂചിപ്പിക്കുന്നത്? വെള്ളം എന്ന വിഷയം ദൈവത്തിന്‍റെ അരൂപി സജീവമായി ഇടപെട്ടു പ്രവര്‍ത്തിച്ച് രൂപപ്പെടുത്തേണ്ട തലമാണ് എന്നതാണ്.
പഴയനിയമത്തില്‍ നാം കാണുന്ന മോശ ചെയ്ത പ്രധാനപ്പെട്ട കാര്യം അദ്ദേഹം ദൈവത്തിന്‍റെ വചനം, ദൈവത്തിന്‍റെ അരുളപ്പാട് ജനങ്ങള്‍ക്കു കൊടുത്തു എന്നതാണ്. ഈ വചനശുശ്രൂഷ ചെയ്തിരുന്ന മോശതന്നെയാണ് വെള്ളത്തിന്‍റെയും അപ്പത്തിന്‍റെയും ശുശ്രൂഷയ്ക്ക് ഇടനിലക്കാരനാകുന്നത്. ദൈവവചന ശുശ്രൂഷ ചെയ്ത മോശ ഒരു മടിയും കൂടാതെ വെള്ളത്തിന്‍റെയും അപ്പത്തിന്‍റെയും ശുശ്രൂഷകനായിട്ടു മാറുന്നു. ദൈവജനത്തിന്‍റെ മധ്യസ്ഥരായി നില്‍ക്കുന്ന നാമും വെള്ളത്തിന്‍റെയും ശുശ്രൂഷകരായി മാറുന്നത് വളരെ സ്വാഭാവികമായ സംഗതിയാണ്.
വെള്ളത്തിന്‍റെ പ്രശ്നം, പെരിയാറിന്‍റെ പ്രശ്നം ഇന്നൊരു ജീവന്‍-മരണ വിഷയമാണ്. നാം ഇതില്‍ ഇടപെട്ടു ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇത് ഒന്നാമതായി പാവപ്പെട്ടവന്‍റെ പ്രധാന പ്രശ്നം ആയതുകൊണ്ടാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ 'ലൗദാത്തോസി' എന്ന അപ്പസ്തോലിക ലേഖനത്തിന്‍റെ 49-ാം ഖണ്ഡികയില്‍ പറയുന്നത് ഭൂമിയുടെ കരച്ചിലും പാവപ്പെട്ടവന്‍റെ കരച്ചിലും ഒന്നുപോലെയാണ് എന്നാണ്. ഭൂമിയുടെ കരച്ചില്‍ കേള്‍ക്കുക എന്നു പറയുന്നത് പാവപ്പെട്ടവന്‍റെ പക്ഷം ചേരുന്നതിന്‍റെ ഭാഗമാണ്. കാരണം പ്രകൃതി ദുരന്തങ്ങള്‍ ആദ്യം ബാധിക്കുന്നത് പാവപ്പെട്ടവരെയാണ്. കൊച്ചിയിലെ ഒരു പ്രധാനപ്പെട്ട പ്രശ്നം കൊതുകാണ്. കൊതുക് ഏറ്റവും കൂടുതല്‍ കടിക്കുന്നത് പാവപ്പെട്ടവനെയാണ്. ലോകത്തില്‍ എവിടെയാണെങ്കിലും വരള്‍ച്ചയുണ്ടായാല്‍ ആദ്യം ബാധിക്കുന്നത് പാവപ്പെട്ടവരെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പാമ്പുകടിയേല്‍ക്കുന്നതും പാവപ്പെട്ടവര്‍ക്കാണ്. ഇതിനെല്ലാം കാരണം, ഇത്തരം പ്രകൃതിനാശങ്ങളെയും ഭീഷണികളെയും പ്രതിരോധിക്കാനും എതിരിടാനുമുള്ള കഴിവ് പാവപ്പെട്ടവര്‍ക്ക് കുറവാണ് എന്നതാണ്. അതുപോലെ, ഇവയില്‍നിന്ന് സ്വയം മൂടിപ്പൊതിഞ്ഞ് ജീവിക്കലും അവര്‍ക്ക് എളുപ്പമല്ല.

പെരിയാറിന്‍റെ പ്രശ്നവും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്നാട്ടിലെ പാവപ്പെട്ടവരെയാണ്. അതിനാല്‍ പെരിയാറിന്‍റെ സംരക്ഷണത്തിനുവേണ്ടി നാമെടുക്കു ന്ന ഓരോ ചുവടും പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ളതാണ് എന്ന ചിന്ത നമുക്കുണ്ടാകണം. ഒരു ഘട്ടം കഴിയുമ്പോള്‍ പാവപ്പെട്ടനും പണക്കാരനും എന്ന ഭേദമെന്യേ ഇത് എല്ലാവരെയും ബാധിക്കുന്ന പ്രശ്നമായിത്തീരും. ഈ സാമൂഹികചിന്ത മനസ്സില്‍ വച്ചുകൊണ്ട്, എന്തുകൊണ്ട് നാം ഈ രംഗത്തേക്കിറങ്ങണം എന്നതിനെക്കുറിച്ചുള്ള ചില ദൈവശാസ്ത്ര ചിന്തകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
നാം അധിവസിക്കുന്ന പ്രകൃതിയില്‍ വെള്ളമായിക്കൊള്ളട്ടെ, വായു ആയിക്കൊള്ളട്ടെ അവിടെ ദൈവസാന്നിധ്യം സജീവമായി ഉണ്ട്. പ്രകൃതിയില്‍ ദൈവത്തിന്‍റെ സാന്നിധ്യമുണ്ട്. ക്രിസ്തുമതത്തിനു വന്നിട്ടുള്ള ഒരു പ്രശ്നം ദൈവത്തിന്‍റെ അപരിമേയത്വം സ്ഥാപിക്കാനുള്ള വ്യഗ്രതയില്‍ ഭൂമിയില്‍നിന്ന് ദൈവത്തെ മാറ്റിക്കളയുന്ന ആത്മീയശീലങ്ങളുണ്ടാക്കി എന്നതാണ്. പക്ഷെ ബൈബിളില്‍ അങ്ങനെയല്ല കാണുന്നത്. എഫേസൂസ് 4:6: "സകലതിലുമുപരിയും സകലതിലൂടെയും സകലതിലും വര്‍ത്തിക്കുന്നവനും നമ്മുടെയെല്ലാം പിതാവുമായ ഒരുവന്‍ മാത്രം." എല്ലാത്തിലും എല്ലാത്തിലൂടെയും വര്‍ത്തിക്കുന്നവനാണ് ദൈവം. അതിനാല്‍ പ്രകൃതിയില്‍ ദൈവമുണ്ടെന്ന സൂചനയാണ് ഇവിടെ കൃത്യമായി പറയുന്നത്. തോമസ് അക്വിനാസ് പറയുന്നത്, നമ്മുടെ ശരീരത്തില്‍ ആത്മാവ് എങ്ങനെ വര്‍ത്തിക്കുന്നുവോ അതേ രീതിയില്‍ ഭൂമിയില്‍ ദൈവം വസിക്കുന്നു എന്നാണ്. അപ്പോള്‍ നമ്മുടെ ഭൂമി എത്രമാത്രം അശുദ്ധമാക്കപ്പെട്ടാലും അതു വിശുദ്ധ സ്ഥലമാണ്. അതില്‍ ദൈവികാംശമുണ്ട്. അതുകൊണ്ട് ആദരപൂര്‍വം കൈകാര്യം ചെയ്യേണ്ട ഒരു മേഖലയാണത്, അതു വെള്ളമായാലും വായു ആയാലും.
രണ്ടാമതായി ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നത്, ദൈവാലയം പോലെ പരിശുദ്ധമാണ് പ്രകൃതി എന്നാണ്. അതുകൊണ്ട് ദൈവാലയത്തില്‍ പെരുമാറുന്നതുപോലെ ഭൂമിയില്‍ പെരുമാറണം. കര്‍ത്താവിന്‍റെ ആലയത്തില്‍ ശുശ്രൂഷ ചെയ്ത ലേവ്യരെപ്പോലെ എന്നാണ് സംഖ്യയുടെ പുസ്തകം 3-ല്‍ പറയുന്നത്. ഇതിന്‍റെ ആദ്യരൂപമാണ് ഉത്പത്തി പുസ്തകത്തില്‍ ഭൂമിയെ പരിപാലിക്കുന്ന കാര്യം നാം കാണുന്നത് (ഉത്പത്തി 1:27). ഭൂമിയെ നാം ആരാധിക്കേണ്ട കാര്യമില്ല, അതിനെ ഭയപ്പെടേണ്ട കാര്യമില്ല, പക്ഷേ അതിനെ ആദരവൂര്‍വം കാണണം. ഇതു പുറപ്പാടു പുസ്തകത്തില്‍ കാണുന്നുണ്ട് (പുറപ്പാട് 13:5). ദൈവം മനുഷ്യര്‍ക്കു കൊടുക്കുന്ന വലിയ ദാനമാണ് ഭൂമി എന്നാണു പറയുന്നത്. അതുകൊണ്ടാണ് ലേവ്യര്‍ 25:4-7 ല്‍ പറയുന്നത്, ഭൂമി ഒരിക്കലും വിറ്റു കളയരുത്. ഭൂമി കര്‍ത്താവിന്‍റേതാണ്. നാം അതില്‍ അതിഥികളാണ്. അതിഥികള്‍ വരുകയും പോവുകയും ചെയ്യും പക്ഷെ, ഭൂമി നിലനില്‍ക്കും, നിലനില്‍ക്കണം. നാം പുരോഹിതരാകുന്നത്, ദേവാലയത്തിലെ പുരോഹിതരാകാന്‍ മാത്രമല്ല, ഭൂമിയിലെ പുരോഹിതരാകാന്‍ കൂടിയാണ്. മനുഷ്യരെല്ലാവരും ഭൂമിയിലെ പുരോഹിതരാണ് എന്നൊരു സങ്കല്‍പമുണ്ട്. അതുകൊണ്ട് വൈദികരായ നമ്മള്‍ ദേവാലയത്തിലെ പുരോഹിതര്‍ മാത്രമല്ല, പൗരോഹിത്യത്തിന്‍റെ പരിശുദ്ധിയോടെ നാം ഭൂമിയെ കാണേണ്ടിവരും, അതിനെ സ്വീകരിക്കേണ്ടിവരും.
മൂന്നാമതായി, പ്രകൃതി ദൈവത്തിന്‍റെ ദാനമാണ്. സങ്കീര്‍ത്തനം 34:1-2 ല്‍ 'എല്ലാം കര്‍ത്താവിന്‍റേതാണ്' എന്നു വ്യക്തമാക്കുന്നു. എല്ലാ ജോലികളും കര്‍ത്താവാണ് ചെയ്യുന്നത്. അതിനര്‍ത്ഥം നാം ഉടമകളല്ല, നാം ദാനമായി സ്വീകരിച്ചിരിക്കുന്നവരാണ്. അതിന്‍റെ ആത്യന്തികമായ അര്‍ത്ഥം പ്രപഞ്ചത്തിലെ സകലകാര്യങ്ങളിലും ദൈവത്തിന്‍റേതായ ഒരു പദ്ധതിയുണ്ട് എന്നാണ്. പ്രകൃതിയുടെ ക്രമത്തെക്കുറിച്ച്, പ്രകൃതി ചക്രത്തെക്കുറിച്ച്, ദൈവത്തിന്‍റേതായ ഒരു പദ്ധതിയുണ്ട്. അതിനു വഴിപ്പെടുക, കീഴടങ്ങുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് എവിടെ അട്ടിമറിക്കപ്പെടുന്നുവോ അവിടെ രോഗമുണ്ടാകും, അക്രമമുണ്ടാകും, തര്‍ക്കങ്ങളുണ്ടാകും, അവിടെ പ്രശ്നങ്ങളുണ്ടാകും. ഈ കാര്യങ്ങള്‍ മനസ്സിലാക്കുക എന്നു പറയുന്നതും ഈ ദാനത്തെ സ്വീകരിക്കുക എന്നതും മനസ്സിലാക്കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ കേരളത്തില്‍ ഈ മനസ്സിലാക്കലിന്‍റെ കുറവുണ്ട്. ധാരണപിശകുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ട്. പശ്ചിമഘട്ടത്തെപ്പറ്റിയുള്ള തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും കേരളത്തില്‍ ഓര്‍ക്കാവുന്ന ഒരു ഉദാഹരണമാണ്. പശ്ചിമഘട്ടത്തിലെ പാറയും തീരപ്രദേശത്തു താമസിക്കുന്ന ഞാനും തമ്മില്‍ എന്തുബന്ധം എന്നു ചിന്തിക്കുന്നത് അതു മനസ്സിലാക്കാതെയാണ്. മലനിരകളില്‍ താമസിക്കുന്നവരും സമതലങ്ങളില്‍ താമസിക്കുന്നവരുമായി ബന്ധമുണ്ട്. ഉദാഹരണത്തിന് ഒരു കാര്യം മാത്രം പറയാം. വിദൂരപ്രദേശങ്ങളിലെ പാറകളിലുള്ള ഫോസ്ഫറസ് എന്ന ഘടകത്തിന്‍റെ അംശം നമ്മുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഫോസ്ഫറസ് തലച്ചോറിനെ ആക്ടിവേറ്റ് ചെയ്യാന്‍ ആവശ്യമായ സംഗതിയാണ്. അതു നമ്മിലേക്ക് എത്തുന്നത് സുദീര്‍ഘമായ ഒരു പ്രകിയയിലൂടെയാണ്. പാറയിലുള്ള ഫോസ്ഫറസ് ജലവും പ്രകാശവുമായി പ്രതിപ്രവര്‍ത്തിച്ച് അതു ജലത്തില്‍ കലര്‍ന്ന് സൂക്ഷ്മകോശത്തിന്‍റെ ഭാഗമാകുന്നു. അത് മത്സ്യങ്ങള്‍ കഴിക്കുന്നു. അതു കഴിക്കുന്ന വ്യക്തിയിലേക്ക് അത് എത്തുന്നു. എന്നു പറഞ്ഞാല്‍ അങ്ങകലെയുള്ള പാറക്കെട്ടുകളും നമ്മുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനവും കൂടി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നാണ്. ഇത്തരത്തില്‍ നമുക്കു പെട്ടെന്ന് മനസ്സിലാക്കാന്‍ പറ്റാത്ത ഒരുപാടു കാര്യങ്ങളുണ്ട്. പ്രകൃതിയോടു ബന്ധപ്പെട്ട് ഒട്ടേറെ പാഠങ്ങള്‍ നാം പഠിക്കേണ്ടതുണ്ട്.
പ്രകൃതിയുമായി ബന്ധപ്പെട്ട് ഒരുപാട് ഉള്‍ക്കാഴ്ചകള്‍ ഉണ്ട്. അത് അതേപടി എടുക്കാന്‍ എല്ലാവര്‍ക്കും എപ്പോഴും പറ്റണമെന്നില്ല. ഉദാഹരണമായി ഒരു കാ ര്യം പറയാം. ഏറ്റവും ഉത്തമമായ ഭക്ഷ്യവസ്തു ഒരാള്‍ താമസിക്കുന്ന സ്ഥലത്തിന്‍റെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള സാധനങ്ങളാണ്. മണ്ണും വായുവും ജലവും ഉള്‍പ്പെടുന്ന ഒരാളുടെ ആവാസ വ്യവസ്ഥയോടു ബന്ധപ്പെട്ട ഭക്ഷ്യവസ്തുക്കളാണ് അയാള്‍ക്ക് ഏറ്റവും അനുഗുണവും ആരോഗ്യപ്രദവും എന്നാണു പറയുന്നത്. അപ്പോള്‍ നമ്മുടെ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട ഭക്ഷണം കഴിച്ചാല്‍ അവര്‍ക്കു രോ ഗങ്ങള്‍ വളരെ കുറവായിരിക്കും. അതിനര്‍ത്ഥം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഗള്‍ഫില്‍ നിന്നുള്ള ഈന്തപ്പഴം കഴിക്കണമെന്നില്ല; ഓസ്ട്രേലിയന്‍ ആപ്പിള്‍ കഴിക്കണമെന്നില്ല. പ്രകൃതിയിലെ ദാനത്തെ ദാനമായി സ്വീകരിക്കുമ്പോള്‍ അത് എത്രയോ വലിയ പ്രക്രിയയുടെ ഭാഗമായി ദൈവം ഒരുക്കിയിരിക്കുന്നതാണ് എന്ന് നാം തിരിച്ചറിയണം.
നാലാമത്തെ കാര്യം, നാം എപ്പോഴും രക്ഷയെപ്പറ്റി പറയുന്നുണ്ട്. രക്ഷയെ പലതരത്തിലാണ് ബൈബിള്‍ കാണുകയും മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിരിക്കുന്നത്. രക്ഷയെപ്പറ്റി ബൈബിളില്‍ ഒരുപാടു സങ്കല്‍പങ്ങളുണ്ട്. മനുഷ്യരക്ഷ, മനുഷ്യകുലത്തിന്‍റെ രക്ഷ, വ്യക്തികളുടെ രക്ഷ…. പക്ഷേ ബൈബിളിലെ രക്ഷാസങ്കല്‍പം വളരെ വിശാലമാണ്. പ്രകൃതി ഉള്‍പ്പെടെയു ള്ള എല്ലാത്തിന്‍റെയും രക്ഷയായിട്ടാണ് ബൈബിള്‍ അവതരിപ്പിക്കുന്നത് (റോമാ 3:24). അതില്‍ത്തന്നെ വളരെ മനോഹരമായ വീക്ഷണമാണ് ഏശയ്യാ 11 ല്‍ 6 മുതല്‍ 9 വരെയുള്ള വാക്യങ്ങള്‍. ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും പുള്ളിപ്പുലിയും കോലാടിന്‍ കുട്ടിയും…." പരസ്പരം ഏറ്റുമുട്ടുമെന്നു നാം പറയുന്ന ജീവിഗണങ്ങള്‍ ഒന്നിച്ചുകഴിയുന്ന അവസ്ഥയാണ് രക്ഷയുടെ ഒരു സങ്കല്പം. ഇതിന്‍റെ സൂചന, പ്രകൃതിയില്‍ ദൈവത്തിന്‍റെ രക്ഷ സമഗ്രതയുടെ ഭാഗമാണ് എന്നാണ്. മത്സരങ്ങള്‍ പരമാവധി കുറയുന്ന അവസ്ഥയാണ് അതു വ്യക്തമാക്കുന്നത്. നാം മനുഷ്യകുലത്തിനു വേണ്ടി പണിയെടുക്കുന്നവര്‍, ലോകത്തിന്‍റെ രക്ഷയ്ക്കു വേണ്ടി സമര്‍പ്പിച്ചിട്ടുള്ളവര്‍ ചിന്തിക്കേണ്ടത്, നമ്മുടെ പരിശ്രമത്തിന്‍റെ പരിധിയില്‍ ഭൂമി ഉള്‍പ്പെടുന്നുണ്ട്, ഉള്‍പ്പെടണം എന്നതാണ്. കൊളോസോസ് 1:20-ല്‍ പൗലോസ് ശ്ലീഹ ഇക്കാര്യം പറയുന്നുണ്ട്. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്ന് തന്നോട് അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയ രക്തംവഴി സമാധാനം സ്ഥാപിക്കുകയും ചെയ്തു." ഇതു ഭൂമി മുഴുവന്‍റെയും രക്ഷയെക്കുറിച്ചുള്ള സൂചനയാണ്. അങ്ങനെയെങ്കില്‍ കര്‍ത്താവിന്‍റെ രക്ഷാകര പദ്ധതിയില്‍ പങ്കുകാരാകുന്ന പ്രേഷിതര്‍ എന്ന നിലയില്‍ ഈ ഭൂമിയുടെ രക്ഷയ്ക്കുവേണ്ടി നിലകൊള്ളേണ്ടവരാണെന്ന ബോധ്യം നമുക്കുണ്ടാകണം. ഭൂമിയും മനുഷ്യരും തമ്മില്‍ അടുക്കുമ്പോള്‍ അതിന്‍റെ ഒന്നാമത്തെ അടയാളമാണ് രോഗങ്ങള്‍ കുറയുക എന്നത്. വൈരുധ്യങ്ങള്‍ കുറയുമ്പോള്‍ രോഗങ്ങള്‍ കുറയും. മറ്റൊന്ന് ഭൂമിയില്‍ സുഖകരമായ ഒരവസ്ഥ അനുഭവിക്കാന്‍ കഴിയും. പ്രകൃതി വെറുക്കപ്പെടേണ്ടതോ ഒഴിവാക്കപ്പെടേണ്ടതോ ആയ സംഗതി ആകാതെ മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ഒരു ലയം സൃഷ്ടിക്കപ്പെടണം. എന്നാല്‍ അതില്‍ നിന്നെല്ലാം മാറിപ്പോകുന്നു എന്നതാണ് ഈ കാലഘട്ടത്തില്‍ കാണാനാകുന്നത്. ഭൂമിയും അതിലെ സകല സൃഷ്ടവസ്തുക്കളും തമ്മില്‍ ഒരു ലയം സൃഷ്ടിക്കപ്പെടണം. രക്ഷയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന നാമെല്ലാവരും പരമാവധി ഇത്തരം അവസ്ഥ സൃഷ്ടിക്കാന്‍ ഇടയാക്കുന്ന സാഹചര്യങ്ങളിലേക്കു വരണം.
അഞ്ചാമതായി പ്രകൃതിക്ക് ആന്തരിക മൂല്യമുണ്ട്; അതില്‍ത്തന്നെ മൂല്യമുണ്ട്. നമുക്ക് ഉപകാരമില്ല എന്നു തോന്നുന്ന സംഗതികള്‍ക്കും വിലയുണ്ട്, മൂല്യമുണ്ട്. നമുക്ക് എല്ലാ കാര്യങ്ങളുടെയും വില മനസ്സിലാകണമെന്നില്ല. പക്ഷെ മൂല്യമുണ്ട്. ബൈബിളിലെ ജോബിന്‍റെ പുസ്തകത്തില്‍ മനുഷ്യര്‍ക്ക് ഉപയോഗിക്കാനോ മെരുക്കാനോ കൈകാര്യം ചെയ്യാനോ പറ്റാത്ത മൃഗങ്ങളെപ്പറ്റി പറയുന്നുണ്ട് (അധ്യായം 25 മുതല്‍ 41 വ രെ). അതൊരു സൂചനയാണ്. പ്രകൃതിയും പ്രകൃതിയിലെ വസ്തുക്കളും നമ്മുടെ ഉപയോഗത്തിനു മാത്രമുള്ളതല്ല, അവ ദൈവത്തിന്‍റെ മഹത്ത്വത്തിനു വേണ്ടിയുള്ളതാണ്. പ്രകൃതിയിലെ എല്ലാത്തിനും ആന്തരികമായ മൂല്യമുണ്ട്, അതുപോലെ ആത്യന്തികമായ മൂല്യവും ഉണ്ട്. അതു നമുക്കു മനസ്സിലാക്കാന്‍ പറ്റുന്നില്ല എന്നേയുള്ളൂ. മൂല്യമുള്ള വസ്തുക്കളെ കൈകാര്യം ചെയ്യുന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. കൊതുകിനെ ദൈവം എന്തിനാണു സൃ ഷ്ടിച്ചതെന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ പ്രകൃതിയില്‍ കൊതുകിന് അതിന്‍റെ സ്ഥാനമുണ്ട്. ഇന്തോനേഷ്യയിലെ ചെറിയൊരു ദ്വീപില്‍ കൊതുകു വര്‍ദ്ധിച്ചപ്പോള്‍ അതുമൂലം മലേറിയ പിടിപെടുമെന്ന ഭയത്താല്‍ അവയെ നശിപ്പിക്കാന്‍ തീരുമാനിച്ചു. അതിനുവേണ്ടി ഡിഡിടി നന്നായി പ്രയോഗിച്ചു. എന്നാല്‍ കൊതുകുകള്‍ ഇ ല്ലാതായപ്പോള്‍ അതോടൊപ്പം പൂ ച്ചകളും ഇല്ലാതായി. കൊതുകുപോയി, മലേറിയയും പോയി പൂച്ചകളും പോയി. പൂച്ച പോയതോടെ എലികള്‍ പെരുകി. എലി പെരുകിയതോടെ പ്ലേഗു വന്നു. ഫലത്തില്‍ എന്തായി കാര്യം? മലേറിയ വന്നു മരിക്കണോ പ്ലേഗുവന്നു മരിക്കണോ എന്നപോലെയായി കാര്യങ്ങള്‍.
ആറാമതായി, പ്രകൃതിവസ്തുക്കളുടെ ഉപയോഗം. എന്തുമാത്രം പ്രകൃതിയില്‍ നമുക്ക് ഇടപെടാം, എന്തുമാത്രം ഇടപെടണം, എന്തുമാത്രം ഉപയോഗിക്കണം തുടങ്ങിയവ ഗൗരവമുള്ള ചോദ്യങ്ങളാണ്. വേറെ വാക്കുകളില്‍, പുഴയില്‍നിന്ന് എന്തുമാത്രം ജലമെടുക്കാം; എന്തുമാത്രം മണലൂറ്റാം; കായലില്‍നിന്ന് എന്തുമാത്രം മീന്‍പിടിക്കാം… നമുക്കറിയാം പ്രകൃതിയെ ഉപയോഗിക്കാതെ നമുക്ക് അതിജീവനമില്ല. അതിജീവനം മാത്രമല്ല, വികസനവും ഒരു പ്രധാനകാര്യമാണ്. വികസനം എന്തുമാത്രം പ്രകൃതിയെ വിനിയോഗിക്കണം, ഉപയോഗിക്കണം എന്നുള്ളതാണ് ആലോചിക്കേണ്ട കാര്യം. തത്ത്വത്തില്‍ സുസ്ഥിരമായ വികസനം വേണ്ടതാണ് എന്ന് പറയാം. എ ന്നാല്‍ അത് പ്രകൃതിവിരുദ്ധം എന്ന തലത്തിലേക്ക് പോകാതിരിക്കാനുള്ള ആര്‍ജ്ജവം നമ്മുടെ ഭാഗത്ത് ഉണ്ടാകണം. മണ്ണു തൊട്ടാല്‍ ആകെ വൃത്തികേടാകും; അയ്യേ എന്നു പിള്ളേരെക്കൊണ്ടു പറയിപ്പിക്കുന്ന തരത്തില്‍ മണ്ണിനെ അവതരിപ്പിക്കുന്നവരുണ്ട്. ഇത്തരത്തില്‍ ഒരുപാടു സംഗതികളുണ്ട്. മണ്ണിലിറങ്ങരുത്; മഴ നനയരുത്; കാറ്റടിക്കരുത്… അങ്ങനെ എന്തെല്ലാം മുന്‍കരുതലുകള്‍. ഇപ്പോള്‍ അത് ശരിക്കും പറയേണ്ട സ്ഥിതിയിലാണ്. പെരിയാറ്റില്‍ ഇറങ്ങരുത്; അതില്‍ കുളിക്കരുത്; അതിലെ വിഷം കുടിക്കരുത്; അതിന്‍റെ കാറ്റുപോലും ഏല്ക്കരുത്… കാരണം, അതൊരു വിഷവാഹിനിയാണ്.
വസ്തുക്കള്‍ ഉപയോഗിക്കാതെ നമുക്ക് നിലനില്പ്പില്ല. പക്ഷേ അതിനോടുള്ള നിലപാടുകള്‍, അതിനെ എങ്ങനെ കാണുന്നു, അവതരിപ്പിക്കുന്നു, എങ്ങനെ മനസ്സിലാക്കുന്നു എന്നത് പ്രധാനപ്പെട്ടതാണ്. മുറ്റത്തെ മരങ്ങള്‍ വെട്ടിക്കളഞ്ഞിട്ട് എല്ലാ മുറിയിലും പ്ലാസ്റ്റിക്മരം വച്ചിട്ടെന്താ കാര്യം? വസ്തുക്കള്‍ ഉപയോഗിക്കുകയും അതിനോടു നിലപാടുകള്‍ സ്വീകരിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ കാഴ്ചപ്പാടുകളില്‍ തുറവുണ്ടാകണം, ദൈവമഹത്ത്വം എന്ന ചിന്തയുണ്ടാകണം. അതുപോലെ മനുഷ്യവംശത്തിന്‍റെ നന്മയെപ്പറ്റിയുള്ള ധാരണയും വേണം. വൈദികരെന്ന നിലയില്‍ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് ജലസംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം, ജീവിതശൈലി ഇതൊക്കെ വളരെ പ്രധാനപ്പെട്ട കാര്യമായി മാറണം. നമ്മുടെ ജീവിതശൈലി എത്രമാത്രം പ്രകൃതി സൗഹൃദമാകണം എന്നത് ഇതിനോടു ചേര്‍ന്നു വരുന്ന കാര്യമാണ്. അതുപോലെതന്നെ നാം എന്തുമാത്രം വേസ്റ്റ് ഉത്പാദിപ്പിക്കുന്നു എന്നതും അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും അനുബന്ധ വിഷയമാണ്. ജീവിതശൈലിയുടെ ഒരു കാര്യം സൂചിപ്പിക്കാം. ഇക്കാലത്തെ പല ഓഫീസുകളും വീടുകളും (പള്ളികളുടെ കാര്യം എനിക്കത്ര നിശ്ചയം പോര) പണിയുന്ന രീതി നമുക്കറിയാമല്ലോ. ഭംഗിയായി മുറികള്‍ പണിയുന്നു. വിശാലമായ ജനലുകള്‍ വയ്ക്കുന്നു. ആ ജനലുകള്‍ കൊട്ടിയടച്ച് നല്ല കനത്തിലുള്ള കര്‍ട്ടനുകള്‍ ഇടുന്നു. ഇ പ്പോള്‍ മുറിയില്‍ നല്ല ഇരുട്ടായി; വായുവിനെ ബന്ധിക്കുകയും ചെയ്തു. ഈ മുറിയില്‍ ജീവിക്കാന്‍ വേണ്ടി ലൈറ്റുകള്‍ തെളിക്കുന്നു; എസി ഓണാക്കുന്നു. അതും പോരാഞ്ഞ്, ഇത്തരത്തില്‍ മുറികള്‍ ക്രമീകരിക്കാത്തവര്‍ക്കു നേരെ ഒരുതരം വക്രിച്ച ചിരിയെറിയുന്നു. എല്ലാം ശുഭം.
ഏഴാമതായി, പ്രകൃതിക്കെതിരെയുള്ള പാപം. പ്രകൃതിയുമായി ദൈവം ഉദ്ദേശിക്കുന്ന ബന്ധം തകരുമ്പോള്‍ അതു പാപകരമാകുന്നു. ദൈവം ഉദ്ദേശിക്കുന്ന തരത്തിലുള്ള ബന്ധം പ്രകൃതിയുമായി നമുക്കില്ലെങ്കില്‍ അതു പാപകരമായ അവസ്ഥയാണ്. പലപ്പോഴും ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അതില്‍ പ്രകൃതി വരുന്നില്ല എന്നത് ചിന്തിക്കേണ്ട കാര്യമാണ്. പ്രകൃതിക്കെതിരെ ചെയ്യുന്ന പാപങ്ങള്‍ കുമ്പസാരത്തില്‍ ഏറ്റുപറയുന്നത് എത്രയോ തുച്ഛമാണ്. അതായത് പച്ചക്കറി കൃഷിചെയ്തപ്പോള്‍ വിഷമടിച്ച് അത് നാട്ടുകാരെ തീറ്റിച്ച കാര്യം കുമ്പസാരത്തില്‍ പറയുന്ന എത്ര പേരുണ്ടാകും? അത് പ്രകൃതിക്കെതിരായ പാപം മാത്രമല്ല, നീതിലംഘനവും കൂടിയാണ്, ചതിയുമാണ്. സാമൂഹികപാപങ്ങളുടെ പട്ടികയില്‍ വരേണ്ട ഒരു കാര്യമായിട്ട് പ്രകൃതിക്കെതിരായ പാപങ്ങളെ 2008-ല്‍ വത്തിക്കാനിലെ രേഖയില്‍ സൂചിപ്പിട്ടുണ്ട്. പക്ഷേ അതൊന്നും വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ഏതു നദിയും ഏതു ജലസ്രോതസ്സും മലിനമാക്കുന്നത് വാസ്തവത്തില്‍ ദൈവവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ കാര്യമാണ്. ജലമാകാം, ഊര്‍ജ്ജം ഉപയോഗിക്കുന്ന കാര്യമാകാം, അതുമൂലമുണ്ടാകുന്ന സാമൂഹിക തിന്മകള്‍ പരിഗണിക്കപ്പെടണം. പ്രത്യേകിച്ച് കേരളത്തില്‍ വലിയ വരള്‍ച്ചയും വൈദ്യുതി ക്ഷാമവും മുന്നില്‍ കാണുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ ജനങ്ങളെ ഇക്കാര്യത്തെക്കുറിച്ച് അവബോധമുള്ളവരാക്കി മാറ്റേണ്ടതുണ്ട്. ഇതു നമ്മുടെ ശുശ്രൂഷയുടെ ഭാഗമായി കാണുമ്പോഴേ ഇതില്‍ ഇടപെടാന്‍ തോന്നുകയുള്ളൂ. അല്ലെങ്കില്‍ പാര്‍ട്ട് ടൈം സോഷ്യല്‍ സര്‍വീസായി മാത്രമേ തോന്നൂ. സമയം കിട്ടുമ്പോള്‍ ചെയ്യാവുന്ന ഒരു സാമൂഹ്യപ്രവര്‍ത്തനം. അതിനാല്‍ ഇതു നമ്മുടെ ശുശ്രൂഷയുടെയും ജീവിതവീക്ഷണത്തിന്‍റെയും ഭാഗമാണ്.
ഇതൊരു നദിയുടെ വിഷയം മാത്രമല്ല. പ്രകൃതിയെ നശിപ്പിക്കുന്ന, പാവപ്പെട്ടവരെ കൊള്ളയടിക്കുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിലോമശക്തികള്‍ക്കെതിരായ നീ ക്കം കൂടിയാണ്. പെരിയാര്‍ പോലുള്ള വിഷയങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ വരുമ്പോള്‍ ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ടാകും. അതിനു പിന്നില്‍ സാമ്പത്തികവും രാഷ്ട്രീയവുമായ കൂട്ടുകെട്ടുകള്‍ കാണും. അവിടെ ആത്മാര്‍ത്ഥതയോടെയുള്ള ഇടപെടലുകള്‍ ഉണ്ടാകണം. പിന്നെ കുറേ കഴിയുമ്പോള്‍ ഇതൊരു ടെസ്റ്റ് കേസായി മാറും. സഭയുടെ വിശ്വാസ്യതയുടെ ടെസ്റ്റ് കേസായി മാറും. തീര്‍ച്ചയായും ആ വിധത്തില്‍ സഭയ്ക്ക് ഇത്തരം വിഷയങ്ങളില്‍ ഇടപൊടാനും പ്രകൃതിക്കുവേണ്ടി, ഇവിടത്തെ മനുഷ്യര്‍ക്കുവേണ്ടി ഇടപെടാനും ശബ്ദമുയര്‍ത്താനും ഇടയാകട്ടെ.
(വരാപ്പുഴ, എറണാകുളം അതിരൂപതകളിലെ വൈദികര്‍ക്കായി നടത്തിയ സംയുക്ത മാസധ്യാന അവസരത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ നിന്ന്.)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org