
ആ റഷ്യന്‍ ഗ്രാമത്തില്‍ വൈകുന്നേരം അടങ്ങിക്കഴിഞ്ഞിട്ടില്ല. പക്ഷേ, വിളക്കുകളെല്ലാം തെളിഞ്ഞു കഴിഞ്ഞു. ക്രിസ്മസിന്റെ തലേന്നത്തെ സന്ധ്യ ആഘോഷിക്കുവാന്‍ തിരക്കിട്ടിരിക്കുകയാണെല്ലാവരും. അകത്തളങ്ങളില്‍ വിസ്മയഭരിതരായി കുട്ടികള്‍ ഓടി നടന്നു. അടച്ചിട്ട ജനലുകള്‍ക്കും വാതിലുകള്‍ക്കുമുള്ളില്‍ പൊട്ടിച്ചിരികളും കലമ്പലുകളും അടങ്ങാന്‍ തുടങ്ങിയിരിക്കുന്നു.
ഗ്രാമത്തിലെ വൃദ്ധനായ ചെരുപ്പുകുത്തി തന്റെ കടയ്ക്കു പുറത്തേക്കു കടന്ന് ചുറ്റും ഒന്നു നിരീക്ഷിച്ചു. സന്തോഷത്തിന്റെ സ്വരങ്ങള്‍, പ്രകാശം പൊഴിക്കുന്ന വിളക്കുകള്‍, ആഹാരം പാചകം ചെയ്യുന്നതിന്റെ നനുത്തതെങ്കിലും ഹൃദ്യമായ ഗന്ധം എന്നിവയൊക്കെയും അയാള്‍ക്കനുഭവപ്പെട്ടു. പൊടുന്നനെ അയാള്‍ തന്റെ പൊയ്‌പോയ ക്രിസ്മസ്‌കാലങ്ങളെ ഓര്‍മ്മിച്ചു. അന്ന് തന്റെ ഭാര്യയും കൊച്ചുകുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഇപ്പോഴവരില്ല. പുഞ്ചിരിക്കുമ്പോള്‍ കണ്ണുകളുടെ വശങ്ങളില്‍ ചെറിയ ചുളുക്കുകള്‍ വീഴാറുണ്ടായിരുന്ന ആ മുഖം മ്ലാനമായി. എങ്കിലും ഉറച്ച കാല്‍വയ്പ്പുകളോടെ അയാള്‍ അകത്തു കയറി, കല്‍ക്കരി കത്തിച്ച് തിളപ്പാത്രത്തില്‍ ചായ ശരിയാക്കി. അതിനുശേഷം ദീര്‍ഘനിശ്വാസത്തോടെ തന്റെ വലിയ കൈക്കസേരയിലേക്കമര്‍ന്നിരുന്നു.
സാധാരണ അയാള്‍ ഒന്നും വായിക്കാറുണ്ടായിരുന്നില്ല. പക്ഷേ, ഇന്ന് അയാള്‍ തന്റെ പഴഞ്ചന്‍ ബൈബിള്‍ പൊടിതട്ടിയെടുത്തു. അത് കുടുംബസ്വത്തായിരുന്നു. ജര വീണ വിരലുകള്‍ കൊണ്ട് വരികളിലൂടെ ഓടിച്ച് അയാള്‍ ക്രിസ്മസിനെക്കുറിച്ചുള്ള പുരാവൃത്തം കണ്ടെത്തി. ബത്‌ലേഹമിലേക്കുള്ള യാത്രയില്‍ മേരിയും ജോസഫും ക്ഷീണിച്ചു വലഞ്ഞ കഥ വായിച്ചു. ഒരു സത്രമുറിയെങ്കിലും കണ്ടുപിടിക്കുവാനവര്‍ക്കായില്ല. അതിനാല്‍ ഒരു പശുത്തൊഴുത്തിലാണ് ഉണ്ണിയേശു പിറന്നു വീണത്.
''പ്രിയപ്പട്ടവനേ... പ്രിയപ്പെട്ടവനേ... അവരീ വീട്ടിലേക്കു വന്നിരുന്നെങ്കിലോ? ഞാനെന്റെ മെത്ത അവര്‍ക്കു കൊടുക്കുമായിരുന്നു. കുഞ്ഞിനെ പുതപ്പിക്കുവാന്‍ കസവുതുന്നിയ എന്റെ പുതപ്പും കൊടുക്കുമായിരുന്നുവല്ലോ.''
കുഞ്ഞിന് പാരിതോഷികങ്ങളുമായി വന്ന ജ്ഞാനിമാരെപ്പറ്റിയും അയാള്‍ വായിച്ചു. ''പക്ഷേ, ആ കുഞ്ഞിന് സമ്മാനിക്കാന്‍ പറ്റിയ യാതൊന്നും എന്റെ കൈവശമില്ലല്ലോ'' പാപ്പാ ഖേദിച്ചു.
പെട്ടെന്ന് അയാളുടെ മുഖം പ്രകാശമാനമായി. ആ ചെറിയ മുറിയുടെ മൂലയില്‍ക്കിടന്നിരുന്ന ഉയരമുള്ള ഒരലമാരയ്ക്കു മുകളില്‍ നിന്നും ഒരു ചെറിയ, പൊടിപിടിച്ച പെട്ടി അയാള്‍ താഴേക്കിറക്കി. കുഞ്ഞുങ്ങള്‍ക്കു പറ്റിയ ഒരു ജോഡി ചെരുപ്പുകളാണതില്‍ സൂക്ഷിച്ചു വച്ചിരു ന്നത്. തൃപ്തിയോടെ പാപ്പാ പാനോവ് മന്ദഹസിച്ചു. താന്‍ നിര്‍മ്മിച്ചവയില്‍ വച്ചേറ്റവും മനോഹരങ്ങളാ യ ചെരിപ്പുകളാണവയെന്ന് അയാള്‍ അറിഞ്ഞിരുന്നു. ആ ചെരുപ്പുകള്‍ വീണ്ടും സൂക്ഷിച്ചുവച്ച ശേഷം അയാള്‍ ആത്മഗതം ചെയ്തു. ''ഉണ്ണീശോയെ ഞാനീ ചെരുപ്പുകളണയിച്ചേനെ...'' അയാള്‍ വീണ്ടും കസേരയിലേക്കു വീണു.
പിന്നീട് വായിക്കുവാനയാള്‍ കുഴഞ്ഞു. ക്ഷീണവും മയക്കവും ബാധിച്ച് അക്ഷരങ്ങള്‍ അയാള്‍ക്ക് അവ്യക്തമായി. അധികം വൈകാതെ ആ കസേരയില്‍ക്കിടന്ന് ഉറക്കമായി. സ്വപ്നത്തില്‍ ക്രിസ്തുവിനെ അയാള്‍ കണ്ടു. തന്റെ ഇടുങ്ങിയ മുറിക്കുള്ളില്‍ ക്രിസ്തു പ്രവേശിച്ചിരിക്കുന്നു.
''പാപ്പാ പാനോവ്... നിങ്ങള്‍ എന്നെ കാണണമെന്നാഗ്രഹിക്കുകയല്ലേ? നാളെയാകട്ടെ നമുക്കു വഴിയുണ്ടാക്കാം. നാളെ ക്രിസ്മസ് ദിനം. ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കും. പക്ഷേ, വേഷ പ്രച്ഛന്നനായിട്ടേ വരൂ. നിങ്ങള്‍ക്കെന്നെ കണ്ടുപിടിക്കാനാവുമോ എന്നു നോക്കാം.''
പാപ്പാ ഉണരുമ്പോഴേക്കും എങ്ങും മണിയടികള്‍ കേട്ടു തുടങ്ങി. പ്രകാശത്തിന്റെ ഒരു ചീള് ജനാലയിലെ ദ്വാരത്തിലൂടെ അരിച്ചിറങ്ങി വന്നിരുന്നു. പാപ്പാ ചാടിയെണീറ്റു. ''ആഹാ എന്റെ ആത്മാവ് അനുഗൃഹീതമാകട്ടെ. ക്രിസ്മസ് പുലര്‍ന്നിരിക്കുന്നു.''
അയാള്‍ മൂരി നിവര്‍ത്തി. തലേന്നു സന്ധ്യയ്ക്കു കണ്ട സ്വപ്നം അയാളെ ആഹ്ലാദഭരിതനാക്കി. ഈ ക്രിസ്മസ് തനിക്കു വിശേഷപ്പെട്ടതായിത്തീരും. ക്രിസ്തു തന്നെ സന്ദര്‍ശിക്കുവാനെത്തുന്നുണ്ട്. എന്നാല്‍ അദ്ദേഹം എങ്ങനെ ഏതു രൂപത്തിലാവും പ്രത്യക്ഷപ്പെടുക? ആദ്യത്തെ ക്രിസ്മസ് ദിനത്തിലെന്നപോലെ ഉണ്ണീശോ ആയിട്ടാവുമോ? അതോ - ഒരു മഹാരാജാവിനെപ്പോലെ ദൈവപുത്രനായോ? ഏതു രൂപത്തില്‍ വന്നാലും തനിക്ക് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ ജാഗ്രതയോടും ശ്രദ്ധയോടുംകൂടി ഇന്ന് സകല കാര്യങ്ങളും നിരീക്ഷിക്കേണ്ടിയിരിക്കുന്നു.
തിളപ്പാത്രത്തില്‍ ചായ തയ്യാറാക്കിയ ശേഷം അയാള്‍ ജനാലതുറന്ന് തെരുവിലേക്കു നോക്കി. തെരുവ് വിജനമായിരുന്നു. തൂപ്പുകാരന്‍ മാത്രം. എന്നത്തെപ്പോലെയും. ദുരിതം പിടിച്ച രൂപഭാവങ്ങള്‍. മുഷിഞ്ഞ വേഷം. ക്രിസ്മസ് പ്രഭാതത്തിലും അയാള്‍ക്ക് വേലക്കിറങ്ങാതെ വയ്യ - കടുത്ത തണുപ്പും മഞ്ഞും അയാളെ ആക്രമിക്കുമ്പോഴും.
പാപ്പാ കടയുടെ വാതില്‍ തുറന്ന് തണുത്ത കാറ്റിനെ ഉള്ളിലേക്ക് സ്വാഗതം ചെയ്തു. ഉച്ചത്തില്‍ അയാള്‍ തെരുവിലെ തൂപ്പുകാരനെ ക്ഷണിച്ചു. ''കയറി വരൂ.. അല്പം ചായ കുടിച്ചു തണുപ്പകറ്റാം... വരൂ.''
തന്റെ ചെവികളെ അവിശ്വസിക്കുന്നതുപോലെ തൂപ്പുകാരന്‍ ഞെട്ടി ചുറ്റും നോക്കി. ചൂല്‍ താഴെ വെച്ച് അയാള്‍ റോഡുമുറിച്ച് കടന്നുവന്ന് ആ ചെറുമുറിയിലേക്കു കയറി. ചൂടന്‍ ചായക്കോപ്പ കൈകളിലെടുത്ത് അയാള്‍ ചായ മൊത്തുന്നത് പാപ്പാ പാനോവ് സന്തോഷത്തോടെ നോക്കിയെങ്കിലും ഒരു നിമിഷം പോലും അയാളുടെ കണ്ണ് ജനാലയ്ക്കല്‍ നിന്നും മാറിയതേയില്ല. വിശിഷ്ടാതിഥി എപ്പോഴാണ് വരിക എന്നറിയില്ലല്ലോ.
ഒടുക്കം തൂപ്പുകാരന്‍ ശബ്ദിച്ചു: ''ആരെയെങ്കിലും കാത്തിരിക്കുകയാണോ?'' പാപ്പാ തന്റെ സ്വപ്നം തൂപ്പുകാരന് വിശദീകരിച്ചു:
''കൊള്ളാം. അദ്ദേഹം വരുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു. ക്രിസ്മസിന്റെ സന്തോഷം ഒരു തരി നിങ്ങള്‍ എനിക്കും പങ്കുവച്ചല്ലോ. ഞാനൊരിക്കലും ഇങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങളുടെ സ്വപ്നം സാക്ഷാത്കൃതമാകുന്നതിനുള്ള അര്‍ഹത തീര്‍ച്ചയായും നിങ്ങള്‍ക്കുണ്ട്.'' തൂപ്പുകാരന്‍ ശരിക്കും ചിരിച്ചു.
തൂപ്പുകാരന്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ ഉച്ചഭക്ഷണത്തിനായി പാപ്പാ പാനോവ് കാബേജ് സൂപ്പ് ഒരുക്കിയശേഷം വാതില്‍ക്കലേക്കു ചെന്ന് തെരുവില്‍ സൂക്ഷ്മ നിരീക്ഷണം നടത്തി. ആരുമേയില്ല. അല്ല. അയാള്‍ക്കു തെറ്റി. ദൂരെനിന്നും വരുന്നുണ്ട്.
ഒരു യുവതി എന്തോ താങ്ങിയെടുത്തു കൊണ്ടെന്നപോലെ വരുന്നതായി അയാള്‍ കണ്ടു. അവള്‍ വളരെ ക്ഷീണിതയാണെന്നു വ്യക്തം. അടുത്തെത്താറായപ്പോള്‍ ആ തുണിക്കെട്ടിനുള്ളില്‍ ഒരു ശിശുവിനെ
യാണ് അവള്‍ പൊതിഞ്ഞു പിടിച്ചിട്ടുള്ളതെന്ന് പാപ്പാ കണ്ടു. അവളുടെ മുഖം വിഷാദഭരിതമായിരുന്നു. കുഞ്ഞിന്റെ മുഖത്തും വേദന തിങ്ങിക്കിടക്കുന്നു. പാപ്പായുടെ ഹൃദയം വിങ്ങി. ആ യുവതിയെയും കുഞ്ഞിനെയും സഹായിക്കുവാന്‍ അയാള്‍ ഉദ്വിഗ്നനായി.
പുറത്തേക്കിറങ്ങിച്ചെന്ന് പാപ്പാ അവളെ ക്ഷണിച്ചു. ''എന്റെ വീട്ടിലേക്കു വരരുതോ? നിങ്ങള്‍ രണ്ടുപേര്‍ക്കും അല്പം ചൂട് അത്യാവശ്യമാണ്; കുറച്ചുവിശ്രമവും. വരൂ...''
ആ യുവതിയായ മാതാവ് അകത്തേക്ക് കയറിവന്ന് ആ വലിയ കസേരയില്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ ഉപവിഷ്ടയായി. പാനോവ് പറഞ്ഞു: ''കുഞ്ഞിന് ഞാനല്പ്പം പാല്‍ ചൂടാക്കാം... എനിക്കും കുഞ്ഞുങ്ങളുണ്ടായിരുന്നു. ഞാനീ കുഞ്ഞിന് പാല്‍ കൊടുത്തോളാം...''
പാല്‍ തിളപ്പിച്ച ശേഷം സാവധാനം ഒരു സ്പൂണ്‍ ഉപയോഗിച്ച് പാപ്പാ കുഞ്ഞിന് കൊടുത്തു. ആ കുഞ്ഞിക്കാലുകള്‍ അയാള്‍ നെരിപ്പോട് സ്ഥലത്തിന് നേരെ പിടിച്ചു - അവയ്ക്കു ചൂടുതട്ടുവാന്‍.
''ഈ കുഞ്ഞിന് ചെരുപ്പുകളാണാവശ്യം.'' അയാള്‍ അവനവനോടെന്ന പോലെ പറഞ്ഞു. അപ്പോള്‍ ആ യുവതി ആദ്യമായി ശബ്ദിച്ചു, ''എനിക്കതിനുള്ള പാങ്ങില്ല. എന്റെ ഭര്‍ത്താവിപ്പോഴില്ല. വല്ല വേലയും കിട്ടുമോ എന്നറിയാന്‍ അയല്‍ഗ്രാമത്തിലേക്കുള്ള യാത്രയിലാണ് ഞാന്‍...''
കഴിഞ്ഞ ദിവസം പരിശോധിച്ച തന്റെ കുഞ്ഞുച്ചെരുപ്പുകളെപ്പറ്റി പാപ്പായ്ക്ക് ഓര്‍മ്മ വന്നു, ഉണ്ണീശോയ്ക്കുവേണ്ടി താന്‍ കരുതിവച്ചിരിക്കുന്നതാണ് ആ സമ്മാനം. വീണ്ടും ആ കുഞ്ഞിപ്പാദങ്ങളിലേക്കു നോക്കിയ പാപ്പാ തന്റെ മനസ്സ് മാറ്റി.
''ഇവള്‍ക്കതൊന്നു പരീക്ഷിക്കാം.'' കുഞ്ഞിനെ അമ്മയ്ക്കു കൈമാറിക്കൊണ്ട് അയാള്‍ ചെരുപ്പുകള്‍ കുഞ്ഞിനെ ധരിപ്പിച്ചു. കിറുകൃത്യമെന്നോണം ആ ചെരുപ്പുകള്‍ കുഞ്ഞിന് പാകമായി. ആ യുവതിക്ക് സന്തോഷമായി, കുഞ്ഞും ആഹ്ലാദസ്വരം പുറപ്പെടുവിച്ചു.
പോകാന്‍ നേരം ആ യുവതി പറഞ്ഞു, ''നിങ്ങള്‍ ഞങ്ങളോട് കരുണ കാട്ടി. നിങ്ങളുടെ ക്രിസ്മസ് പ്രതീക്ഷകള്‍ എല്ലാം സാഫല്യമണിയുമാറാകട്ടെ.''