
എന്റെ അടുത്ത നാടകമാണ് 'വേദനയുടെ താഴ്‌വരയില്‍.' മദ്യപാനം ഒരു കുടുംബത്ത് എന്തെല്ലാം ദുരിതങ്ങള്‍ വിതയ്ക്കുന്നു എന്നു ഇതില്‍ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. തൊട്ടു തൊട്ടു സ്‌നേഹത്തോടെ കഴിയുന്ന പാവപ്പെട്ട ഔസേപ്പിന്റെയും ഇടത്തരക്കാരന്‍ പത്രോസിന്റെയും കുടുംബങ്ങള്‍. ഔസേപ്പിന്റെ മൂത്തമകന്‍ ജോസഫ് ഭാര്യയെ ഉപേക്ഷിച്ചു മദ്യപാനവും ശീട്ടുകളിയുമായി കഴിയുന്നു. രണ്ടാമത്തെ മകന്‍ തോമസ് ഉദ്യോഗാര്‍ത്ഥം ബോംബെയില്‍. ബാലനായ ഇളയമകന്‍ ബാബു ജന്മനാ അന്ധനാണ്. അമ്മയില്ലാത്ത ബാബുവിന് പത്രോസിന്റെ മകള്‍ മേരിയാണ് ആശ്രയം.
തോമസ് മാസം തോറും പിതാവിന്റെ പേര്‍ക്കയയ്ക്കുന്ന പണം ജോസഫ് കള്ളഒപ്പിട്ടു വാങ്ങി ധൂര്‍ത്തടിക്കുന്നു. വീടു പട്ടിണിയില്‍. വിശന്നു പൊരിയുന്ന ബാബു: അവനെ അകാരണമായി തല്ലുന്ന ജോസഫ്. എല്ലാം കണ്ടു വേദനിച്ചു തീ തിന്നു കഴിയുന്ന ഔസേപ്പ്. ചില തെറ്റിദ്ധാരണകളുടെ പേരില്‍ ഇരുകുടുംബങ്ങളും വഴക്കിട്ടു പിരിയുന്നു. സംഭവബഹുലവും സംഘര്‍ഷഭരിതവുമായ രംഗങ്ങളിലൂടെ നാടകം ശുഭമായി അവസാനിക്കുന്നു.
ലളിതമായ ഇതിവൃത്തം നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്ന സാധാരണ കഥാപാത്രങ്ങള്‍. സ്വാഭാവികമായ സംഭാഷണം. അസാധാരണത്വം ഒന്നുമില്ല. എന്നിട്ടും ഈ നാടകം ഹൃദയ സ്പര്‍ശിയായിരുന്നു. കാരണം ഇതില്‍ പച്ചയായ ജീവിതത്തിന്റെ പിടയ്ക്കുന്ന ചില കഷണങ്ങളുണ്ട്. നല്ല കുറെ മുഹൂര്‍ത്തങ്ങളുണ്ട്. രംഗങ്ങള്‍ക്ക് അനുയോജ്യമായ വികാരങ്ങളുണ്ട്. അവ വേണ്ടപോലെ പ്രകടിപ്പിക്കുന്ന മിഴിവുള്ള കഥാപാത്രങ്ങളുണ്ട്.
ഈ നാടകമെഴുതാനുള്ള പ്രചോദനം രണ്ടു വിധത്തിലാണ് എനിക്കു ലഭിച്ചത്. ഒന്ന്, ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ നടുക്കുന്ന ചില ഓര്‍മ്മകള്‍. രണ്ട്, മുതിര്‍ന്നശേഷം കേട്ടറിഞ്ഞ ഒരു സംഭവം.
ഞാന്‍ പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കാലത്തു ഞങ്ങളുടെ വീടിന്റെ അടുത്തായി ആഗസ്തി എന്നൊരു മനുഷ്യന്‍ താമസിച്ചിരു ന്നു. അയാള്‍ രാത്രി മൂക്കറ്റം കുടിച്ചുവന്ന് വാക്കേറ്റം നടത്തുകയും ഭാര്യയേയും കൊച്ചുമക്കളെയും നിഷ്‌ക്കരുണം മര്‍ദിക്കുകയം ചെയ്യുമായിരുന്നു. ഭര്‍ത്താവ് വരുമ്പോള്‍ ഭയവിഹ്വലയാവുന്ന ഭാര്യ. അപ്പനെ കാണുമ്പോള്‍ പേടിച്ചൊളിക്കുന്ന കുട്ടികള്‍. അടികൊണ്ടു വാവിട്ടു കരയുന്ന കുട്ടികളുടെ നിസ്സഹായതയും വേദനയും എന്റെ ബാലമനസ്സിനെ അന്നു വല്ലാതെ മഥിച്ചിരുന്നു. അപ്പന്‍ എന്ന ആ രാക്ഷസനെ കൊല്ലാനുള്ള അരിശമുണ്ടായിരുന്നു അന്നെന്നിക്ക്.
ഈ നാടകത്തില്‍ ബാബുവിനെ സൃഷ്ടിച്ചപ്പോള്‍, അവന്‍ ചേട്ടന്റെ അടികൊണ്ടു പുളഞ്ഞപ്പോള്‍ മദ്യപാനിയായ ആഗസ്തിയുടെ അടികൊണ്ടു അന്നു വാവിട്ടുകരഞ്ഞ കുട്ടിയായിരുന്നു എന്റെ മനസ്സില്‍. ഇങ്ങനെ മദ്യപാനത്തിന്റെ പേരില്‍ നാടിന്റെ നാനാഭാഗത്തും നിരന്തരം നരകയാതന അനുഭവിക്കുന്ന, നിത്യദുഃഖം പേറുന്ന എ ത്രയെത്ര കുടുംബങ്ങള്‍! അത്തരം കുടുംബങ്ങളില്‍ ഒന്നിന്റെ പ്രതിരൂപമോ പ്രതിനിധിയോ ആണ് ഈ നാടകത്തിലുള്ളത്.
അകലെനിന്നും മുടങ്ങാതെ അയച്ചു കൊടുത്തിരുന്ന പണം തുടര്‍ച്ചയായി കള്ള യൊപ്പിട്ടു വാങ്ങി ധൂര്‍ത്തടിച്ചു കഴിയുകയും പിന്നീടു പിടിക്കപ്പെടുകയും ചെയ്ത ചതിയനായ ഒരു മനുഷ്യന്റെ കഥ. ഞങ്ങളുടെ ഒരു ബന്ധുവില്‍നിന്നും ഞാന്‍ കേട്ടറിഞ്ഞിരുന്നു. ഈ രണ്ടു ഘടകങ്ങളും ഉള്‍ച്ചേര്‍ത്താണ് 'വേദനയുടെ താഴ്‌വരയില്‍' എന്ന നാടകത്തിന് ഇതിവൃത്ത രൂപമുണ്ടാ ക്കിയത്. ആവശ്യമെന്നു തോന്നിയ കഥാപാത്രങ്ങളെയും സംഭവങ്ങ ളെയും സ്വന്തമായി സൃഷ്ടിച്ചു. വൈവിധ്യത്തിനും കൂടുതല്‍ ഹൃദയ സ്പര്‍ശിത്വത്തിനും വേണ്ടിയാണ് ബാലനായ ബാബുവിനെ അന്ധനാക്കിയത് വളരെയേറെ സഹതാപം പിടിച്ചുപറ്റിയ ഒരു കഥാപാത്രമാണ് ബാബു.
ഈ നാടകം സംവിധാനം ചെയ്തതും മദ്യപാനിയായ ജോസ ഫിന്റെ റോള്‍ അഭിനയിച്ചതും ഞാനാണ്. തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ തിങ്ങി നിറഞ്ഞ സദസ്സില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു കൊച്ചു സംഭവമുണ്ടായി. ജോസഫ് മദ്യപിച്ചു വന്ന് അന്ധനും അവശനുമായ ബാബുവിനെ കരണത്തടിക്കുന്ന ഒരു ഭാഗമുണ്ടിതില്‍ അടിയേറ്റു അസ ഹ്യമായ വേദനയോടെ ബാബു വിതുമ്പിക്കരയുന്ന സമയത്ത് അപ്പന്‍ കയറിവന്നു. സങ്കടം സഹിക്കവയ്യാതെ അപ്പന്‍ ജോസഫിനോടു പറ ഞ്ഞു: ''പനിച്ചു കിടക്കുന്ന ഈ പച്ചപ്പാവത്തെ നീ അടിച്ചുവല്ലേ? കളങ്ക മില്ലാത്ത ഈ കുഞ്ഞനുജനെ നീ അടിച്ചുവല്ലേ? എടാ നിന്റെ അടി ഏതു ഭാഗത്തുനിന്നു വരുന്നു എന്നറിയാന്‍ പോലും ഈ കൊച്ചിനു കണ്ണില്ലല്ലോടാ.''
ഹൃദയദ്രവീകരണ ശക്തിയുള്ള ഒരു രംഗമാണിത്. അപ്പന്റെ വാക്കു കള്‍ക്ക് മറുപടിയായി ജോസഫ് എന്തോ ദുര്‍ന്യായം പുലമ്പിയപ്പോള്‍, കാണികളുടെ കൂട്ടത്തിലെ ഏതോ ഒരാള്‍ ഹാളിന്റെ പുറകില്‍ നിന്നു അമര്‍ഷത്തോടെ വിളിച്ചു പറഞ്ഞു: ''ആ തെണ്ടിയെ കൊല്ലെടാ!''
അന്തരീക്ഷം മറന്നുള്ള ഈ ആക്രോശം ജോസഫിനെ ഉദ്ദേശിച്ചായിരുന്നു. സത്യത്തില്‍ ആ നിമിഷത്തില്‍ ഞാന്‍ രോമാഞ്ചമണിയുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ എന്റെ അഭിനയത്തിനു ലഭിച്ച വലിയ അംഗീകാരമായിരുന്നില്ലേ അത്?
1959-ല്‍ അച്ചടിച്ചിറങ്ങിയ ഈ നാടകം അക്കാലത്തു കേരളത്തി ലെ നൂറുകണക്കിന് വിദ്യാലയങ്ങളിലും കലാസമിതി വാര്‍ഷികങ്ങളിലും അരങ്ങേറി. എന്നെ ഏറെ ആഹ്ലാദിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്തതു മറ്റൊന്നാണ്. തിരുവനന്തപുരം അന്ധവിദ്യാലയത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ വച്ച് 1960-ല്‍ ഈ നാടകം അന്ധവിദ്യാര്‍ത്ഥികള്‍ മാത്രം ചേര്‍ന്ന് അതിതന്മയത്വമായി അവതരിപ്പിച്ചു. അവരുടെ ചലനങ്ങളും ചുവടുവയ്പുകളും ഭാവഹാവാദികളും സംഭാഷണ പ്രയോഗങ്ങളും വളരെ കൃത്യമായിരുന്നു. ഹൃദ്യമായിരുന്നു.
എന്തൊരു സാഹസികവും ധീരവുമായ പരീക്ഷണം. വിദ്യാലയാ ധികൃതര്‍ അവകാശപ്പെട്ടതുപോലെ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി അന്ധവിദ്യാര്‍ത്ഥികളാല്‍ അഭിനയിക്കപ്പെടാനുള്ള ഭാഗ്യം ഈ നാടകത്തിനുണ്ടായി എന്നതില്‍ എനിക്ക് അതിയായ അഭിമാനവും ചാരിതാര്‍ത്ഥ്യവുമുണ്ട്.
(തുടരും)