
എന്തൊരു വേദന.. സഹിക്കാന്‍ വയ്യേ... എന്നു പറഞ്ഞ് അസഹ്യതപ്പെടുന്നത് വേദന എന്ന 'റിയാലിറ്റി'യുടെ പാരമ്യത്തില്‍ വച്ചാണ്, വേദനയ്ക്ക് ഒരു നിര്‍വചനം എടുത്തണിയാമെങ്കില്‍ വേദന എന്നാല്‍ അത് വേദന തന്നെയാണ്. വേദം എന്നാല്‍ അറിവ്, വേദനയോ സഹികെട്ടുപോകുന്ന ഒരനുഭവവും. എന്തെന്തു വേദനകള്‍ അവ എത്ര തരങ്ങള്‍ എന്ന ചോദ്യം ഉന്നയിക്കേണ്ടതിന്റെ ആവശ്യ കത അരോചകം തന്നെ... ഏതു സമയത്തും അവനെ കരുതിയിരിക്കാം... ചെറുതായിട്ടും, വലുതായിട്ടും... അതീവ വലുതായിട്ടുമൊക്കെ ജീവിതത്തിന്റെ യാത്രാപഥങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വേദനകളില്‍ പദമൂന്നിയല്ലാതെ മനുഷ്യര്‍ക്ക് മുന്നോട്ടെടുക്കാനായിട്ടില്ല. വേദനയ്ക്ക് ഒരു 'ഇമാജിനേഷന്‍' ഇല്ല. അത് അനുഭവ സംവേദനം തന്നെ.
പ്രകൃതിയുടെ വ്യാപ്തിയില്‍, ജീവന്‍ അങ്കുരിച്ചത് ജലത്തിലാണ് എന്ന ശാസ്ത്രീയതയുടെ കണക്കെടുപ്പില്‍ വച്ചുതന്നെ വേദനയും ശരീരത്തില്‍ 'ഡിപോസിറ്റ്' ചെയ്തിട്ടുണ്ട്. നിരീശ്വരവാദി പോലും ചില വേദനകളുടെ ഉച്ചസ്ഥായിയില്‍ വച്ച് ദൈവമേ എന്നു ഒന്നു വിളിക്കാതിരുന്നിട്ടില്ല - ഒച്ച വെച്ചും ഒച്ചയില്ലാതേയും.
വേന വേദന ലഹരി പിടിക്കും
വേദന ഞാനതില്‍ മുഴുകട്ടെ...
എന്ന ഇരുവരികളില്‍ കവി ഒതുക്കി വച്ചരിക്കുന്നത് തന്റെ മേനി വേദനയെക്കുറിച്ചായിരിക്കില്ല. പ്രതിഭാജ്വലനങ്ങളിലും, ആന്തരിക സംഘര്‍ഷങ്ങളിലും നീറി നീറി വൈകാരികതയില്‍ വേദനിക്കാന്‍ എഴുതിപ്പോയതായിരിക്കണം ഒരു 'മസോക്കിസ്റ്റി'ന്റെ ഉള്‍വലിയലോടെ.
ജീവിതം എന്ന ത്രൈയാക്ഷരിയെ പകിടപകിട ഈരാറു പന്ത്രണ്ടായി ഉരുട്ടുമ്പോള്‍ തന്നെ ഒരു നിര്‍വചനം അതിനു കൂട്ടുപോയാലോ? അത് സുഖദുഃഖ ചേരുവകള്‍ എന്നു വാക്യപ്പെടും. രാപ്പകലുകള്‍ പോലെ... കയറ്റിറക്കങ്ങള്‍ പോലെ... കൂട്ടലും കിഴിക്കലും പോലെ. അത്തരം വൈരുധ്യങ്ങളിലാണ് അതിന്റെയൊക്കെ ബാലന്‍സും നിലനില്പും. ജനിച്ചുവീണ് അന്ത്യപ്പെടുന്നതുവരെ എന്തെന്തു വിഷമങ്ങളാണ് മനുഷ്യനെ കാത്തിരിക്കുന്നത് മാനസികമായും ശാരീരികമായും അതായിരിക്കാം 'നര ജീവിതമായ വേദന' എന്നു കുമാരകവി കോറിയിട്ടത്.
വേദനകളില്‍ ഏറ്റവും വലുത് പ്രസവവേദന എന്നൊക്കെ ഇന്നലെകളില്‍ പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കില്‍, അത്തരം ശരിയില്‍ ഇന്നു ശരി കേടു കാണാം. അര്‍ത്ഥവത്തായ ഒരു സൃഷ്ടികര്‍മ്മത്തിന്റെ വിലപിടിപ്പിനു ഒന്നും നൊമ്പരപ്പെടാനില്ലെങ്കിലോ? ആധുനികോത്തരതയില്‍ പ്രസവിക്കാന്‍ വേദനയേ വേണ്ട എന്നു ചില സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ അജന്റയില്‍ സ്വാഗതമാണ്.
വേദനകളും കഷ്ടനഷ്ടങ്ങളും അവഗണനകളും ഒക്കെ കേട്ടറിഞ്ഞ്, അവയെ സ്വയം ഏറ്റെടുക്കാനാണല്ലോ ചിലര്‍ ചരിത്രത്തിന്റെയും കാരുണ്യത്തിന്റെയും ഇടനാഴികളില്‍ വച്ച് ഫാദര്‍ ഡാമിയനായതും, മദറായതും ഫ്‌ളോറന്‍സ് നൈറ്റിംഗേലായതു മൊക്കെ.
രോഗങ്ങളുടെ നൈരന്തര്യത്തിലും നോവുകളുടെ അസ്ഥിനുറുങ്ങലിലും സഹികെട്ടല്ലേ പലരും ആശുപത്രികളിലേക്ക് എടുത്തെറിയപ്പെടുന്നതും മരുന്നുകളിലും മറ്റും സമാശ്വാസം തലച്ചുമടേന്തുന്നതും. ഇത്തിരിപ്പോന്നവനാണെങ്കിലും പഴുതാര ഒന്നു കുത്തിയാലും, എല്ല് ഒന്നൊടിഞ്ഞാലും, ഒരു പല്ലുവേദന ഗാഢതപ്പെട്ടാലും ഒരു ചെവി വേദന ആഴ്ന്നിറങ്ങിയാലും മൈഗ്രേനില്‍ കുടുങ്ങിപ്പോയാലും... അങ്ങനെയങ്ങനെ കുറച്ച് ഉദാഹരണങ്ങള്‍ നിരത്തിവയ്ക്കാം. വേദനകളുടെ പിന്നാമ്പുറത്തെ കാരണങ്ങളില്‍. ചില കാന്‍സറുകളിലും മറ്റും ഒച്ചവയ്ക്കാതെ കിടക്കുന്ന വേദനകളോ...
വേദനയെക്കുറിച്ചുള്ള ബോധംതന്നെ നമ്മെ കാര്യമായി വേദനിപ്പിക്കുന്നു എന്നതാണല്ലോ മറ്റു വേദന. സങ്കടങ്ങളുടെ ഗദ്‌സമേനിയില്‍ നിന്നും കാല്‍വരിയിലേക്കും കുരിശിലേക്കും അടുത്ത നിമിഷം ഒടുങ്ങാവേദനകളിലേക്കുമല്ലേ സ്വയം പീഡനങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ട് 'പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്കറിഞ്ഞുകൂടാ ഇവരോടു ക്ഷമി ക്കണമേ'' എന്നു വിലപിച്ച ആ വൈകാരികതയല്ലേ അന്നും ഇന്നും നാളേക്കുമുള്ള ഏറ്റവും വലിയ വേദന. മനുഷ്യജന്മങ്ങള്‍ ചെയ്തു വലുതാക്കിയ എല്ലാ പാപകര്‍മ്മങ്ങള്‍ക്കും വേണ്ടിയല്ലേ തന്റെ മാംസാദികളിലും അകങ്ങളിലും ആ നസ്രത്തുകാരന്‍ സഹനങ്ങള്‍ വാരിക്കൂട്ടിയത്.
വേദന ദൈവം തരുന്ന ഒരു 'റെഡ് സിഗ്ന'ലാണ്. നമ്മുടെയൊക്കെ ശരീരത്തെ വേണ്ടവിധത്തില്‍ ഓര്‍ത്തു രക്ഷിക്കാനുള്ള ഒരുപാധി. ശരീരത്തിന്റെ ആകെത്തുകയില്‍ എവിടെയൊക്കെയോ എന്തോ തകരാറുണ്ടെന്നു ബോധ്യപ്പെടുത്താനല്ലേ വേദനയങ്ങനെ നെട്ടോട്ടമോടുന്നതും ശ്രദ്ധ ക്ഷണിക്കുന്നതും. വേദനകള്‍ ഒരനിവാര്യതയായി പരിണമിച്ചിരിക്കയാണല്ലോ.
'ഹാര്‍ട്ട് അറ്റാക്കുമായി' മറ്റൊരു വേദന ആരെയൊക്കെയാണാവോ നെഞ്ചിന്‍ കൂടിനുള്ളില്‍ കൊളുത്തിവലിക്കാനിരിക്കുന്നത്. അത്തരം അവസ്ഥകളിലൂടെ കടന്നുപോയവര്‍ക്കറിയാം വിവരിക്കാനാവാത്ത ആ നൊമ്പരാഘാതം. ചിലപ്പോള്‍ അവന്‍ വേദനയൊന്നുമേ തൊട്ടു നോക്കാതെയും വന്നു പോകാം. ആ അറ്റാക്കിന്റെ സഹ്യനുമേലേ വച്ചല്ലേ വല്ലാത്ത പരവേശവും, പരിഭ്രമവും, അസ്വാസ്ഥ്യവും, കാഴ്ചമങ്ങലും, നെഞ്ചിന്റെ പടപെടപ്പും ചാവാതെ ചാവാനുള്ള പരാക്രമങ്ങളും, ഉടന്‍ ചികിത്സയ്ക്കായി കൊണ്ടുപോയില്ലെങ്കിലോ...
എന്‍.എന്‍. പിള്ള തന്റെ ഒരു നാടകത്തില്‍ ഒരു കഥാപാത്രത്തെക്കൊണ്ട് ഡയലോഗ് എടുപ്പിക്കുന്നതോ... അങ്ങേര് അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ഏങ്കോണിപ്പിച്ച് ഒരു ശരീരോം തന്നിട്ടുണ്ട് പിന്നെ എണ്ണിത്തീരാനാവാത്ത കുറെ രോഗങ്ങളും. അതിലേറെ വേദനകളും. അതു കേട്ട മാത്രയില്‍ മറ്റൊരുവന്‍ സമാധാനിക്കാന്‍ ആഗ്രഹിക്കുന്നു. ഒന്നു രണ്ടു രോഗോം മൂന്നാലു വേദനേം മത്യായിരുന്നു, പോട്ടേ ഒന്നു രണ്ടെണ്ണോം കൂടി കൂട്ടിയാലും മതി. അങ്ങേര്‍ക്കും അഡ്ജസ്റ്റ് ചെയ്യാനറിഞ്ഞുകൂടാ...
മുതിര്‍ന്നവരുടെയും കുട്ടികളുടെയും നൊമ്പരങ്ങളുടെ തോതിനു വ്യത്യാസങ്ങളുണ്ടല്ലോ. ഒരു തരി നൊമ്പരം പോലും കുഞ്ഞുങ്ങള്‍ക്ക് സഹിക്കാനാവില്ല.
വേദനകളുടെ സയന്‍സിലേക്ക് ഒന്നു നടന്നു കയറിയാലോ? നാഡികളാണ് വേദനയുടെ പ്രോദ്ഘാടകന്‍. നാഡിയുടെ അഗ്രങ്ങള്‍ക്കോ, നാഡീ തന്തുക്കള്‍ക്കോ ഉണ്ടാകുന്ന മുറിവോ നാശമോ വേദനയെ ക്ഷണിച്ചു കൊണ്ടുവരുന്നു. അതേ നാഡികളിലൂടെ ഞരമ്പുകള്‍ വഴി മസ്തിഷ്ക്കത്തില്‍ എത്തിക്കുന്നു. അവിടെയെത്തുന്ന സംവേദനങ്ങള്‍ ജൈവ രാസ പ്രക്രിയയായി പരിണമിച്ചു വേദനയ്ക്ക് തീകൊളുത്തുന്നു. ഒരാളുടെ വേദന അറിയാനുള്ള തോത് അയാളുടെ മസ്തിഷ്ക്കത്തിലെ ടെര്‍മിനല്‍ പെയ്ന്‍ സെന്‍സിറ്റീവ് ഏരിയ (terminal pain senstitive area) യുമായി സന്നിവേശിപ്പിച്ചിരിക്കുന്നു. നാഡികളുടെ വിന്യാസങ്ങള്‍ അധികമാകുന്നിടത്ത് വേദനകളും തീവ്രതപ്പെടുന്നു.
വേദനയുടെ അപ്പുറത്തേക്കുള്ള വേദനാകാരണത്തില്‍ വച്ച് വേദന അറിയാതിരിക്കാനുള്ള ആ ഒരൊറ്റ സൂത്രമല്ലേ ബോധമില്ലായ്മയുടെ സംത്രാസവും. ഒരു ഒരൊറ്റയടി തലമണ്ടയില്‍ ആഞ്ഞു വീണാലോ, ആ ഒരൊറ്റ വേദനയും ബോധംപോകലും പതനവും പെട്ടെന്നു തന്നെ. ചില രോഗചികിത്സയില്‍ ബോധത്തെ കൊന്നൊടുക്കുകയല്ലേ? ആധുനിക രോഗ ചികിത്സയില്‍ അത് അനസ്‌തേഷ്യയും, പിന്നെ ചെറിയ ചെറിയ വേദനാസംഹാരികളും. വേദനയെക്കുറിച്ചുള്ള പഠനത്തിന്റെ ഇന്റര്‍നാഷണല്‍ സംഘടനയുടെ പേരാണ് പെയ്ന്‍. കുറച്ചുനാള്‍ മുമ്പുവരെ ആ സംഘടനയ്ക്ക് അതേ പേരില്‍ ഒരു മാഗസിനും ഉണ്ടായിരുന്നു.
ഒരു റഷ്യന്‍ കഥ ഇങ്ങനെ. എപ്പോഴും അയാള്‍ക്ക് എവിടെയെങ്കിലുമൊക്കെ വേദനകളാണ്. മരുന്നുകളും മറ്റും വെറുതെയായി. വേദന ഒട്ടും തന്നെ ദേഹത്തു നിന്നും വിട്ടകലുന്നുമില്ല. ഒട്ടേറെ ആലോചിച്ചാലോചിച്ച് അയാള്‍ ഒരു അപ്രായോഗിക വിലയിരുത്തലിലെത്തി. നന്നേ മൂര്‍ച്ചയുള്ള ഒരു കത്തിയെടുത്ത് കൈ ആഴത്തില്‍ മുറിച്ചു. ചോര ചീറ്റിത്തുടങ്ങിയപ്പോള്‍ ഒരു കോട്ടണ്‍കൊണ്ട് കെട്ടി. എന്തൊരു വേദന! ദേഹവേദനയുടെ ആകമാനവും ആ മുറിവിലേക്ക് ഒടിക്കൂടിയപ്പോള്‍ അയാള്‍ക്കു തോന്നി ഇനി ഈ വേദന ശ്രദ്ധിച്ചാല്‍ മതിയല്ലോ.
ഏറിയും കുറഞ്ഞുമൊക്കെ കുത്താടികളായി നുരഞ്ഞു പുളയുന്ന വേദനകള്‍ക്ക് ഒരു റിസല്‍ട്ടുണ്ടല്ലോ. കരച്ചിലുകളും കണ്ണീര്‍പ്പെയ്ത്തുകളുമൊക്കെ ഒരേ ചെടിയില്‍ പുഷ്പിച്ചും കായ്ച്ചും ഒരേ പാത്രത്തില്‍ നിന്നും ഭുജിച്ചുമൊക്കെയല്ലേ അവ നിലനിന്നു പോകുന്നത്.
വിദേശത്തുനിന്നും നാട്ടിലെത്തിയിരിക്കയാണ് അവര്‍. മമ്മിയും മകളും. ഒരു മരണാവശ്യത്തില്‍ പങ്കെടുക്കാന്‍. എയ്‌റോ ഡ്രോമില്‍ നിന്നും ടാക്‌സി പിടിച്ചു തറവാട്ടിലേക്ക് തിടുക്കപ്പെടു മ്പോള്‍ മമ്മി മകളോട് - ദേ ഒരു കാര്യം മമ്മി പറഞ്ഞേക്കാം. ഗ്രാന്റ്മയുടെ ബോഡിക്കടുത്തുനിന്നു കരഞ്ഞു ബഹളം വെച്ചാലുണ്ടല്ലോ. ഉള്ള സ്റ്റാറ്റസ് കളയണ്ട. പറഞ്ഞേക്കാം. പ്രായപൂര്‍ത്തിയായ മ കള്‍ ടണ്‍ കണക്കിനു ഓര്‍മ്മകളും ദുഃഖങ്ങളും പേറി ഒന്നു പൊട്ടിക്കരയാന്‍ വിതുമ്പി നില്‍ക്കുകയാണ്. തന്റെ മൗനമുടക്കാതെ അവള്‍ കൂറെക്കൂടി മൗനം വാരിപ്പുതച്ച് ആ ഗ്രാന്റ്മ വാരിക്കോരി സ്‌നേഹാമൃതം ചൊരിഞ്ഞതും, വാത്സല്യത്തിലിട്ട് മെതിച്ചതും ചാരെ പൊത്തിപ്പിടിച്ച് കിടത്തിയുറക്കിയതും ആഹാരം വാരിവാരി കൊടുത്തതുമൊക്കെ തെറ്റാതെ എണ്ണിക്കൂട്ടുകയായിരുന്നു. പറഞ്ഞുവരുമ്പോള്‍ മമ്മിയുടെ അമ്മയാണ്... ഹോ... എന്തൊരു കഷ്ടം....
ഡെഡ്‌ബോഡി ചിതയിലേക്ക് എടുക്കുമ്പോഴേക്കും പെയ്യാന്‍ ഇരുണ്ടുനിന്നിരുന്ന കരച്ചില്‍ മേഘങ്ങള്‍ തണുത്തു പൊട്ടിക്കരച്ചിലും കണ്ണീര്‍പ്പുഴയുമായി. സാന്ദര്‍ഭികമായിട്ടും വൈകാരികമായിട്ടും സംഭവിച്ചുപോകുന്ന ദുഃഖത്തിന്റെ അലയൊലികളും ആര്‍ക്കാണാവോ 'ബ്‌ളോക്ക്' ചെയ്യാനാവുക? അതില്‍ ചുറ്റുപാടിനെ നോക്കിയും സ്റ്റാറ്റസിലുരുമി മേയ്ക്കപ്പിട്ടും ധീരത വരുത്താന്‍ മാത്രം കരയാതിരിക്കാനാവുമോ?
ക്യാമ്പസിന്റെ പിന്നാമ്പുറത്തെ മാവിന്‍ചോട്ടിലെ നനുത്ത തണലിലും, ലൈബ്രറിയുടെ ഇടനാഴിയിലും, പിന്നെ അവിചാരിതമായി കണ്ടുമുട്ടുമ്പോഴുമൊക്കെ അവരില്‍ അനുരാഗം കിളിര്‍ത്തതും വളര്‍ന്നതും അവര്‍ പോലു മറിയാതെയായിരുന്നല്ലോ. ആ അടുപ്പത്തിന്റെ നെടുവീര്‍പ്പുകളില്‍ ഒന്നില്‍വച്ച് വിവാഹിതരാകാനും അവര്‍ ആഗ്രഹിച്ചിരുന്നല്ലോ. പക്ഷേ, ജീവിതപ്രാരാബ്ധങ്ങളുടെ കയങ്ങളില്‍ കൈകാലിട്ടടിക്കവെ ബിരുദാനന്തര ബിരുദത്തിന്റെ അവസാന നാളില്‍ അവന്‍ അവളുടെ ഓട്ടോഗ്രാഫിന്റെ റോസാനിറത്തിലേക്ക് കോറിയിട്ടതോ - ഐ ഹാവ് എ വേള്‍ഡ്, യു ഹാവ് എ വേള്‍ഡ്, വി ഹാവ് നോട്ട് എ വേള്‍ഡ്. (എനിക്കുമുണ്ടൊരു ലോകം; നിനക്കുമുണ്ടൊരു ലോകം, നമുക്കില്ലൊരു ലോകം). അവളിലെ നിഷ്‌ക്കളങ്കതയ്ക്ക് അവന്റെ അക്ഷരസാന്നിദ്ധ്യങ്ങളുടെ പൊരുള്‍ തിരിച്ചറിഞ്ഞതും അവള്‍ ഒന്നു നിശ്ചലപ്പെട്ടതും പെട്ടെന്നായിരുന്നു. അതു വായിച്ചുതീര്‍ന്നതോടെ അവളുടെ മിഴിനീര്‍ തുടിപ്പുകള്‍ അവന്‍ ശ്രദ്ധിച്ചുവോ? മെല്ലെ അവന്റെ അകല്‍ച്ചയില്‍, അവന്‍ ഒന്നു പിന്നോക്കം നോക്കിയപ്പോള്‍ അവനിലും വിരഹവേദന കണ്ണീര്‍ക്കടലാക്കിയോ?
'പുത്രന്‍ മടിയില്‍ മരിക്കുന്നൊ രമ്മതന്‍
ഇറ്റിറ്റു വീഴുന്ന കണ്ണീരാണ് ഞാന്‍'
ആ അമ്മയുടെ വ്യാകുലത ചൊരിഞ്ഞ കണ്ണീരോളം വരുമോ സൂര്യനു കീഴെ മറ്റേതൊരമ്മയും തൂവിപ്പോയ ദുഃഖാശ്രുക്കള്‍.
തോന്നുമ്പോഴും തോന്നാത്തപ്പോഴുമൊക്കെ കരച്ചിലും ബഹളവും തകൃതമാക്കുന്നത് കുഞ്ഞുങ്ങളാണല്ലോ. അവര്‍ അങ്ങനെയാണു താനും. കരച്ചിലാണല്ലോ അവരുടെ നിര്‍ദോഷമായ വാചാലതയും അറിയിപ്പുകളും. അവരെയൊന്നു പിണങ്ങിയാലോ അവര്‍ അതിലേറെ കരയും. അവരെ സംബന്ധിച്ചിടത്തോളം അവരുടെ ആശയവിനിമയ വഴികളാണല്ലോ കരച്ചിലുകളുടെ ഏറ്റക്കുറച്ചിലുകള്‍. മൂന്നാലു വയസ്സുവരെ അങ്ങനെയൊക്കെ ഉണ്ടാവാം. കാര്യം കണ്ടാല്‍ കരച്ചില്‍ നില്‍ക്കുകയും ചെയ്യും. പിന്നെ കള്ളക്കരച്ചില്‍ എന്നൊരു സംഗതിയും ഉണ്ടല്ലോ. അത് മുതിര്‍ന്നവര്‍ക്കുമുണ്ടാവാം. ചില താല്‍ക്കാലിക രക്ഷപ്പെടലാണ് അത്. കണ്ണില്‍ കരടോ, എരിവോ തൊട്ടാലോ കണ്ണീരാവാം. ഒരു ഓറഞ്ചു തൊണ്ടുകൊണ്ടും കണ്ണീരുണ്ടാക്കാമല്ലോ.
എല്ലാ നൊമ്പരങ്ങള്‍ക്കും കരച്ചിലുകള്‍ക്കും കണ്ണീരുകള്‍ക്കും പിന്നാലെ ചരിത്രം അറിഞ്ഞോ അറിയാതെയോ മുക്കിത്താഴ്ത്തിയ ഒടുങ്ങാവിലാപങ്ങള്‍ ഒത്തിരിയൊത്തിരി ഇന്നും ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയല്ലേ?
കണ്ണീരിന്റെയും കരച്ചിലിന്റെയും പിന്നിലൊക്കെ ഒരു ശാസ്ത്രം ഉണ്ടല്ലോ.
നമുക്കനുഭവപ്പെടുന്ന സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും ലഘൂകരിക്കാന്‍ കരച്ചിലിനു കഴിയുമ്പോള്‍, ആ കരച്ചിലിനു സാധ്യതയേകാനായി എന്തു വഴിയാണാവോ പ്രവൃത്തി പഥത്തിലെത്തുന്നത്? കുറച്ചു കരഞ്ഞു കഴിയുമ്പോള്‍ ശരീരത്തിലെ ഹോര്‍മോണുകളുടെ സമനില വീണ്ടെടുക്കാനാവും. പ്രോലാക്റ്റിന്‍ എ, സി, ടി, എച്ച് - നു സമാനമായ ചില പ്രോട്ടീന്‍ കരച്ചിലിന്റെ കൂടെ യുണ്ട്, എന്റോര്‍ഫിനും മറ്റു രാസ ഘടകങ്ങളും ചേര്‍ന്നു വരുമ്പോള്‍ കരച്ചിലിനെ ത്വരിതപ്പെടുത്തുന്നു. കണ്ണീര്‍ ഗ്രന്ഥികളുടെ വികാസ ച്ചുരുക്കങ്ങളില്‍ കണ്ണീരുമുണ്ട്. ലോകമാകമാനമുള്ള മനുഷ്യരുടെ കണ്ണീരിനു ഒരുമകളുണ്ടല്ലോ. നിറമില്ല, മണമില്ല. പക്ഷേ, രുചിയുണ്ട്. ഒരു ലവണ രസം. മനുഷ്യവര്‍ഗങ്ങള്‍ പലതാണെങ്കിലും അവരൊ ക്കെ ഒരൊറ്റ തറവാട്ടുകാരും, ഒന്നാണെന്നും ബോധ്യപ്പെടുത്താനുള്ള ഒരേകത്വം.
''ഇടയ്ക്കു കണ്ണീരുപ്പു പുരളാ-
തെന്തിനു ജീവിതപലഹാരം''
കവി ചോദിച്ചതു അര്‍ത്ഥസാന്ദ്രമായ ഒരു സംഗതിയെ നുള്ളി നോവിപ്പിച്ചുകൊണ്ടാണ്. ജീവിതാനുഭവങ്ങള്‍ തൊട്ടുനോക്കാതെ, കുറച്ചെങ്കിലും വെന്തും നൊന്തും സ്വാസ്ഥ്യം കെടാതെ സുഖച്ചുമടുകളുമായി നടന്നിട്ടെന്തു കിട്ടാനാണ്.
സീസറിന്റെ മരണത്തില്‍ റോമന്‍ ജനതയ്ക്ക് കണ്ണീരുണ്ടെങ്കില്‍ അതിപ്പോള്‍ പൊഴിക്കുക (If you have tears shed them out now) എന്നാണ് സീസറിന്റെ മറ്റൊരാത്മാവും 'കംപാനിയനു'മായ മാര്‍ക് ആന്റണി ഗദ്ഗദത്തോടെ റോമന്‍ ജനതയെ അറിയിച്ചത്.
റ്റിയര്‍ 'കണ്ണീരിന്റെ' ആംഗലേയതയാകുമ്പോള്‍ ഇരുകണ്ണുകളും ഈറനാവുന്നതു കൊണ്ടായിരിക്കാം റ്റിയറിനേക്കാള്‍ 'റ്റിയേഴ്‌സ്' (Tears) എന്ന ബഹുവചനനിര്‍മ്മിതിയെ ഏറെയായി സ്വീകരിച്ചത്.
കരച്ചിലിനു കേമന്മാരേക്കാള്‍ കേമിമാരാണല്ലോ കെങ്കേമരായിട്ടുള്ളത്. ടെക്‌നോളജി പരിധി ചാടി മുന്നേറുമ്പോഴും, സ്ത്രീ പുരുഷ സമത്വം സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോഴും കരച്ചിലിന്റെ വക്ക ത്തേക്കൊന്നും കേമിമാര്‍ പദസഞ്ചലനം നടത്താറില്ല. പെണ്‍കുട്ടി കളില്‍ പതിമൂന്നിനും പതിനാറിനും ഇടയ്ക്ക് പ്രോലാറ്റിന്‍ ശരീരത്തില്‍ ഏറെയായി ഉല്പ്പാദിപ്പിക്കുന്നതു കൊണ്ടാണ് അവരില്‍ കരച്ചിലും കണ്ണീര്‍ക്കണങ്ങളും മറ്റുള്ളവരേക്കാള്‍ കൂട്ടുകൂടുന്നത്. സ്ത്രീകളുടെ രക്തത്തില്‍ പുരുഷന്മാരേക്കാള്‍ അറുപതു ശതമാനം പ്രോ ലാക്റ്റിന്‍ വര്‍ദ്ധിതപ്പെടുമ്പോള്‍ അവര്‍ ചില വൈകാരികതകളിലും പ്രശ്‌നവിഷയങ്ങളിലും കരച്ചിലിനു കീഴ്‌പ്പെട്ടുപോകുന്നു. അതേ പ്രോ ലാക്റ്റിന്‍ തന്നെയാണ് മുലപ്പാലിനും ജീവനമേകുന്നത് എന്നത് മറ്റൊരു ബയോളജി.
കരച്ചിലിനെ അപഗ്രഥനത്തിലിട്ട് ചാഞ്ചാട്ടുമ്പോള്‍ അണിയറയില്‍ ചിലതൊക്കെ വേഷം മാറാറുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ ചിലരില്‍ കണ്ണു നിറയാറില്ലേ? ഹൈപര്‍ സെക്രേഷന്‍ (Hyper secretion) ആണ് അതിന്റെ കാണാമറയത്ത് നിശബ്ദതപ്പെട്ടിരിക്കുന്നത്. കണ്ണീര്‍ വരാതെ കണ്ണുകള്‍ ഏറെ നാള്‍ കഴിയുമ്പോള്‍ വരണ്ടുണങ്ങി നേത്രരോഗത്തിനു കീഴ്‌പ്പെടുകയും ചെയ്യും.
സന്തോഷാധിക്യത്താല്‍ ചിലര്‍ കരഞ്ഞുപോകാറില്ലേ? ആനന്ദബാഷ്പം എന്നും, സന്തോഷാശ്രുക്കള്‍ എന്നും മലയാളത്തില്‍ അവയെ മനോഹര പദങ്ങളാക്കി യിരിക്കുന്നു. തേങ്ങിക്കരച്ചിലും, വാവിട്ടു കരച്ചിലും, പൊട്ടിക്കരച്ചിലും, അലറിക്കരച്ചിലുമൊക്കെയായി കരച്ചിലുകള്‍ പല വഴികള്‍ തേടുന്നു.
'ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍
ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെ കരയാന്‍
തന്‍ നിഴല്‍ മാത്രം വരും.'
എന്ന ചലച്ചിത്ര ഗാനം അന്നും ഇന്നും നാളെയും സത്യമായി, സജീവമായി മൗനം തേടുമ്പോള്‍ ചിരികളില്‍ നിന്നും ചിരികളിലേക്ക് വേഗമാര്‍ജിക്കാമെങ്കിലും കരിച്ചിലിനു ദൈര്‍ഘ്യം പോരാ. അത് ഒരുവന്റെ സ്വന്തം അവന്റെ സ്വകാര്യത... എവിടെയാണാവോ അങ്ങനെ ഒന്നു വായിച്ചു മറന്നിട്ടും മറക്കാത്തത്? നിന്റെ ഈ ദുഃഖത്തിനും ദുരിതത്തിനും പപ്പയുടെ കൈയ്യില്‍ ഒന്നുമില്ല മോളേ ആശ്വാസത്തിനായി. എന്റെ മുമ്പില്‍ നീ തേങ്ങി തേങ്ങി കരഞ്ഞു നുറുങ്ങുമ്പോള്‍ എനിക്ക് പറയാനുള്ളത്... കരഞ്ഞോളൂ... വേണ്ടത് കരഞ്ഞോളൂ... മോള്‍ക്ക് ആശ്വാസമുണ്ടാകും.
''ഒരു കണ്ണീര്‍ക്കണം മറ്റള്ളവര്‍ ക്കായി
ഞാന്‍ പൊഴിക്കവെ
ഉദിക്കയാണെന്നാത്മാവില്‍ ആയിരം
സൗരമണ്ഡലം''
അപരന്റെ കണ്ണീര്‍ക്കണം സ്വന്തം കണ്ണീര്‍ക്കണമാകേണ്ടി വന്ന തിക്തതയില്‍ വച്ചായിരിക്കണം ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന് അങ്ങനെ അക്ഷ രജീവിതം കാവ്യസമ്പന്നമായത്.
എല്ലാ നൊമ്പരങ്ങള്‍ക്കും കര ച്ചിലുകള്‍ക്കും കണ്ണീരുകള്‍ക്കും പിന്നാലെ ചരിത്രം അറിഞ്ഞോ അറിയാതെയോ മുക്കിത്താഴ്ത്തിയ ഒടുങ്ങാവിലാപങ്ങള്‍ ഒത്തിരിയൊത്തിരി ഇന്നും ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയല്ലേ? പരാധീനതകളുടെ പ്രാന്തങ്ങളില്‍ കൂട്ടം കൂട്ടമായി കൂരകളില്ലാതെ അലയുന്നവര്‍... കലാപങ്ങളുടെ കണ്ണില്‍ച്ചോരയില്ലായ്മയില്‍ വേട്ടയാടപ്പെട്ടവര്‍... യുദ്ധങ്ങളുടെ ദേശീയ അപസ്മാരതയില്‍ സര്‍വവും ഇല്ലാതായവര്‍.. വംശീയതകളും വര്‍ഗീയതകളും വളര്‍ത്തിയെടുത്തവരുടെ ഇരകളായിത്തീര്‍ന്ന അഭയാര്‍ത്ഥി പ്രവാഹങ്ങള്‍... അങ്ങനെയങ്ങനെ എത്രയോ 'സെക്ഷനുകള്‍' ജീവി തത്തിന്റെ തിളച്ച പകലുകളിലും ശൈത്യമുറഞ്ഞ രാവുകളിലും 'ദൈവമേ' എന്നൊക്കെ വിളിച്ച് ഒടുങ്ങാ നിലവിളികളില്‍ ഒതുങ്ങു മ്പോഴും പിന്നെയും ബാക്കിയാവുന്നതും ആ നിലവിളികള്‍ മാത്രം.