'പടി'കടന്ന് നടന്നകന്നുപോയത് അതിരില്ലാ സൗഹൃദങ്ങളുടെ സുസ്‌മേരമുഖം

'പടി'കടന്ന് നടന്നകന്നുപോയത് അതിരില്ലാ സൗഹൃദങ്ങളുടെ സുസ്‌മേരമുഖം

ഉറ്റകൂട്ടുകാര്‍ക്ക് പടി. മറ്റു ചിലര്‍ക്ക് പടിയച്ചന്‍. ജീവിച്ചു കടന്നുപോയ മേഖലകളിലെല്ലാം നിറദീപം പോലെ കത്തിനിന്ന ജീവിതം. മോണ്‍സിഞ്ഞോര്‍ ജോസ് പടിയാരംപറമ്പില്‍ ഓര്‍മ്മയായെങ്കിലും, പരിചയപ്പെട്ട എല്ലാവരിലും പിന്‍നിലാവിന്റെ സൗഹൃദെവളിച്ചം ബാക്കിവച്ചാണ് വരാപ്പുഴ അതിരൂപതയുടെ വൈദിക നേതൃതലത്തിലെ ആ സജീവസാന്നിധ്യം കടന്നുപോയത്.

അറുപത്തിയൊമ്പതാം വയസ്സില്‍ മരണത്തിനു കീഴടങ്ങുമ്പോഴും, പടിയാരംപറമ്പിലച്ചന്‍ എറണാകുളം സെന്റ് ഫ്രാന്‍സീസ് അസ്സീസി കത്തീഡ്രല്‍ സ്ഥാപിച്ചതിന്റെ ഇരുന്നൂറാം വര്‍ഷവും, പുതിയ 'കപ്പല്‍പള്ളി'യുടെ നാല്പതാം വാര്‍ഷികവും ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്

പടിയച്ചനെക്കുറിച്ചുള്ള ഹൃദ്യമായ ഓര്‍മ്മ പങ്കുവച്ചുകൊണ്ട് ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വാട്‌സാപ്പില്‍ ഒരു ശബ്ദസന്ദേശം പങ്കുവച്ചിരുന്നു. 46 വര്‍ഷങ്ങള്‍ക്കു മുമ്പ് മംഗലപ്പുഴ സെമിനാരിയിലെ ഫിലോസഫി സെക്ഷനിലുള്ള ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍, എതിര്‍ടീമിന് ശക്തമായ പ്രതിരോധം തീര്‍ത്തിരുന്ന 'ഏറെ ഉന്നതനായ' വൈദിക വിദ്യാര്‍ത്ഥിയെക്കുറിച്ചുള്ള സെബാസ്റ്റ്യന്‍ പിതാവിന്റെ ഓര്‍മ്മകള്‍ ആ സന്ദേശത്തില്‍ ചിറകു വിരിച്ചു നിന്നിരുന്നു. ഇന്ന് ബിഷപ്പായിരിക്കുന്ന മാര്‍ സ്റ്റീഫന്‍ തോട്ടത്തില്‍, കാഞ്ഞിരപ്പള്ളിയിലെ ഫാ. ഉള്ളാട്ട് തുടങ്ങിയ അന്നത്തെ വൈദികവിദ്യാര്‍ത്ഥികള്‍ റീത്ത് വ്യത്യാസമില്ലാതെ കളിക്കളത്തില്‍ നിറഞ്ഞു നിന്നിരുന്നു അന്നത്തെ വൈദികവിദ്യാര്‍ത്ഥികള്‍. സെമിനാരിയിലെ മലയാള സമാജത്തിന്റെ നാടകങ്ങളില്‍ രംഗസജ്ജീകരണത്തിന്റെയും സംവിധാനത്തിന്റെയും അഭിനയത്തിന്റെയുമെല്ലാം വര്‍ണ്ണാഭമായ ചമയമാറ്റങ്ങള്‍ കൊണ്ട് സഹപാഠികളെ 'പടി ബ്രദര്‍' ഏറെ അത്ഭുതപ്പെടുത്തിയിരുന്നു.

പിന്നീട് 2002-ല്‍ എറണാകുളത്ത് സഹായമെത്രാനായി എത്തിയതോടെ, പടിയച്ചനുമായുള്ള തന്റെ സൗഹൃദം കുറെക്കൂടി കരുത്താര്‍ജ്ജിച്ചതായി പിതാവ് ഓര്‍മ്മിക്കുന്നു. കലൂര്‍ ഇടവകപള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി, അല്പം രോഗാതുരനായി കഴിഞ്ഞിരുന്ന പടിയച്ചനെയാണ് പിന്നീട് കാണുന്നത്. ആര്‍ച്ചുബിഷപ് ഡാനിയല്‍ പിതാവിന്റെ സംസ്‌കാരശുശ്രൂഷകള്‍ ഏറെ ചിട്ടയോടെ നടത്തുക മാത്രമല്ല അനുശോചന സമ്മേളനത്തിന്റെ എം.സിയായും 'പടിയച്ചന്‍' തിളങ്ങി. 2018-ല്‍ കത്തീഡ്രല്‍ വികാരിയായി വന്നശേഷം ക്രിസ്മസിനും ഈസ്റ്ററിനുമെല്ലാം ആശംസകള്‍ നേരാന്‍ ഞാന്‍ പടിയച്ചനെ കണ്ടിരുന്നു. അതിനു മുമ്പ് വരാപ്പുഴ അതിരൂപതാ വികാരിജനറാളായിരിക്കെ പല യോഗങ്ങളില്‍ പങ്കെടുക്കുമ്പോഴും തന്റെ രോഗത്തെക്കുറിച്ച് ഒരു വാക്കുപോലും പറയാതെ 'പടി'യച്ചന്‍ ഒഴിഞ്ഞു മാറിയതും ഞാന്‍ ഓര്‍മ്മിക്കുന്നു - വീരോചിതമായ ഒരു വൈദികജീവിതമായിരുന്നു പടിയച്ചന്റേതെന്ന് പിതാവ് ഓര്‍മ്മിക്കുന്നു.

കൊച്ചി മേയര്‍ എം. അ നില്‍കുമാര്‍

കൊച്ചി മേയര്‍ എം. അ നില്‍കുമാറിനും മോണ്‍സിഞ്ഞോറിന്റെ സ്‌നേഹവാത്സല്യങ്ങളെക്കുറിച്ച് പറയാന്‍ നൂറു നാവ്. ''എറണാകുളം നിയമസഭാ മണ്ഡലത്തിലെ തോല്‍വിക്കു ശേഷമുള്ള ദിവസങ്ങളിലാണ് കേരളാ ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷന്റെ ഒരു സെമിനാറില്‍ പങ്കെടുക്കാനായി അച്ചന്‍ എന്നെ വിളിച്ചത്. കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാനല്‍ ലീഡ് ചെയ്ത നാളുകളില്‍ ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പിതാവിന്റെ നിര്‍ദ്ദേശാനുസരണം ഞാന്‍ പടിയാരംപറമ്പിലച്ചനെ പോയിക്കണ്ടിരുന്നു. ആശയങ്ങളില്‍ പാര്‍ട്ടി നിലപാടുകള്‍ വ്യക്തമാക്കുമ്പോഴും പടിയാരംപറമ്പില്‍ അച്ചന്‍ സംയമനത്തോടെ കേട്ടിരിക്കും. കത്തീഡ്രല്‍ പള്ളിയിലെ ഒരു ഊട്ടുതിരുനാളില്‍ നേര്‍ച്ചസദ്യയുടെ ഉദ്ഘാടനത്തിന് എന്നെ വിളിച്ചത് ഞാന്‍ ഓര്‍മ്മിക്കുന്നു. മേയര്‍ പദവിയേറ്റശേഷം എം.ജി. വാഴ്‌സിറ്റിയുടെ സിന്‍ഡിക്കേറ്റംഗം എന്ന നിലയില്‍ എനിക്ക് അച്ചനോട് ചില കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നു പറഞ്ഞപ്പോഴും, ചിരിച്ചുകൊണ്ട് സമവായത്തിന്റെ മേഖലകള്‍ ചൂണ്ടിക്കാട്ടിയതും അതോടെ തര്‍ക്കങ്ങളുടെ മഞ്ഞുരുകിയതും എന്റെ മനസ്സിലുണ്ട്, വരാപ്പുഴ അതിരൂപതയിലെ മറ്റേതൊരു വൈദികനെക്കാളും പെട്ടെന്ന് ഫോണില്‍ കിട്ടുമായിരുന്നു അച്ചനെ. തിരക്കിലാണെങ്കില്‍ തിരിച്ചുവിളിക്കും, ആശയങ്ങളുടെ ഭിന്നതയ്ക്കപ്പുറം, വ്യക്തികളുമായുള്ള ബന്ധങ്ങള്‍ക്ക് വേലി കെട്ടാതിരിക്കാന്‍ അച്ചന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു.'' കൊച്ചി നഗരം കണ്ട ഏറ്റവും സൗമ്യനായ മേയര്‍ പറഞ്ഞു നിര്‍ത്തി.

ഡോ. കെ.എസ്. രാധാകൃഷ്ണന്‍

ഞാന്‍ ആദ്യം പടിയാരംപറമ്പിലച്ചനെ പരിചയപ്പെടുന്നത് എറണാകുളം ആശീര്‍ഭവനില്‍ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സംഘടിപ്പിച്ച ഒരു സെമിനാറില്‍ വച്ചാണെന്ന് മുന്‍. പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഓര്‍മ്മിച്ചു. അന്ന് ഫാക്ടില്‍ ജോലിയുണ്ടായിരുന്ന ജോയ് ഗോതുരുത്തും ഈ സെമിനാറിന്റെ നേതൃനിരയിലുണ്ടായിരുന്നു. ''അന്നത്തെ ആ സെമിനാറിന്റെ സംഘാടനത്തിലെ മികവ് ഞാന്‍ ഇന്നും ഓര്‍മ്മിക്കുന്നു. എല്ലാം സമയക്രമമനുസരിച്ച് നടത്തുന്നതില്‍ പടിയാരംപറമ്പിലച്ചന്‍ കാണിച്ച ജാഗ്രതയും സെമിനാറിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സ്‌റ്റേജിലിരുന്നുപോലും അച്ചന്‍ നല്കിയിരുന്ന നിര്‍ദ്ദേശങ്ങളും അന്ന് എന്നെ ഏറെ ആകര്‍ഷിച്ചു. പിന്നീട് എത്രയോ സമ്മേളനങ്ങള്‍, ആഘോഷങ്ങള്‍. ക്രൈസ്തവമൂല്യങ്ങള്‍ ഒരിക്കലും കൈമോശം വരാതെ ജീവിച്ച ആ വന്ദ്യ വൈദികന് പ്രാര്‍ത്ഥനാ പ്രണാമം.

ഇ.എസ്. ജോസ് ഈരേശ്ശേരില്‍

ഒരു ഇടവക വികാരിയെന്ന നിലയില്‍ പടിയാരംപറമ്പിലച്ചന്റെ കാര്യനിര്‍വ്വഹണ ശേഷി, തോളൊപ്പം ചേര്‍ന്നുനിന്ന് അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്ന് എടുസെഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഇ.എസ്. ജോസ് ഈരേശ്ശേരില്‍. കലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയുടെ പുനര്‍ നിര്‍മ്മാണ കമ്മിറ്റിയുടെ ചെയര്‍മാന്‍ പടിയാരംപറമ്പിലച്ചനും വൈസ് ചെയര്‍മാന്‍ ഇ.എസ്. ജോസുമായിരുന്നു. ആ ദേവാലയത്തിന്റെ ഓരോ ശിലാപാളികള്‍ക്കും മരത്തില്‍ തീര്‍ത്ത വോള്‍ പാനലുകള്‍ക്കുമെല്ലാം പടിയാരംപറമ്പിലച്ചന്റെ ശ്വാസം തിരിച്ചറിയാനാകും. ആ നവീന നിര്‍മ്മിതിയുടെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും തളരാതെ അന്നത്തെ ആര്‍ച്ചുബിഷപ് അച്ചാരുപറമ്പില്‍ പിതാവ് ഏല്പിച്ച ദൗത്യം സ്വന്തം അനാരോഗ്യം പോലും വകവയ്ക്കാതെ തന്നെ അച്ചന്‍ പൂര്‍ത്തിയാക്കി. ദേവാലയ ആശീര്‍വാദത്തോടനുബന്ധിച്ച പൊതുസമ്മേളനത്തില്‍ സ്വാഗതം പറയുന്നതിനു തൊട്ടുമുമ്പ് അച്ചനെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അച്ചനെ സഹായിച്ചിരുന്ന ആന്റണി മാസ്റ്ററുടെ അകാല വിയോഗവും അന്ന് അച്ചനെ ഉലച്ചിരിക്കാം.

ഇടവകയുടെ സ്വത്ത് ദൈവജനമാണെന്ന തിരിച്ചറിവ് അച്ചനുണ്ടായിരുന്നു. കലൂര്‍-കടവന്ത്ര റോഡും, കലൂര്‍ സ്റ്റേഡിയത്തിനടുത്തുള്ള വിശാലമായ റോഡുമെല്ലാം നഗര വികസനത്തിനായി കലൂര്‍പള്ളി ആര്‍ച്ചുബിഷപ്പിന്റെ അനുമതിയോടെ വിട്ടുകൊടുത്തതില്‍ പടിയാരംപറമ്പിലച്ചന്റെ ദീര്‍ഘവീക്ഷണമുണ്ടായിരുന്നു. ഇതൊടെ കുപ്പിക്കഴുത്തുപോലെയുള്ള റോഡുകളില്‍നിന്ന് കുറെ കുടുംബങ്ങള്‍ക്ക് മോചനം കിട്ടി. നല്ല വിലയ്ക്ക് ഭൂമിവിറ്റ് ജീവിതം കുറെക്കൂടി ഭദ്രമാക്കാന്‍ ആ വീട്ടുകാര്‍ക്ക് കഴിഞ്ഞു.

''പുതിയ ദേവാലയത്തിന്റെ അള്‍ത്താര നിര്‍മ്മാണത്തിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാനുള്ള ധീരമായ ശ്രമങ്ങളും ദേവാലയത്തിനുള്ളിലെ 'എക്കോ' ഇല്ലാതാക്കാന്‍ സൗജന്യവിലയ്ക്കു തേക്കിന്‍ തടികള്‍ സര്‍ക്കാര്‍ ഡിപ്പോയില്‍ നിന്ന് വാങ്ങിയെടുത്തതുമെല്ലാം ഞാന്‍ ഓര്‍മ്മിക്കുന്നു. പടിയാരംപറമ്പിലച്ചനെയും കൂട്ടി മന്ത്രിമാരുടെയും നഗരസഭാധികൃതരുടെയുമെല്ലാം ഓഫീസുകളിലേക്ക് സ്ഥിരമായി പോകേണ്ടി വന്ന ദിവസങ്ങളുണ്ട്. കലൂര്‍പള്ളിക്കു മുമ്പിലുള്ള രണ്ടേക്കര്‍ സ്ഥലമാണ്. റോഡ് വികസനത്തിനായി അച്ചന്‍ ഇടപെട്ട് സര്‍ക്കാരിന് സൗജന്യമായി നല്കിയത്. സങ്കുചിതമായ താത്പര്യങ്ങള്‍ക്കപ്പുറം നാടിന്റെ വികസനം ലക്ഷ്യമാക്കിയുള്ള നിരവധി തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ അച്ചന്‍ ധീരത കാണിച്ചിട്ടുണ്ട്. മരിക്കുമ്പോഴും, വരാപ്പുഴ അതിരൂപതയുടെ 'രാഷ്ട്രീയമില്ലാത്ത' രാഷ്ട്രീയ കാര്യ സമിതി അധ്യക്ഷനായിരുന്നു പടിയാരംപറമ്പില്‍ അച്ചന്‍. പരസ്പരം സ്‌നേഹിച്ചും ശക്തിപ്പെടുത്തിയും ജീവിച്ച പോയകാലത്തെ ദിനസ്മരണകള്‍ക്കു മുമ്പില്‍ ഹൃദയത്തില്‍തൊട്ട എന്റെ പ്രാര്‍ത്ഥനകളര്‍പ്പിക്കുന്നു.

വരാപ്പുഴ അതിരൂപതയുടെ 'ട്രബിള്‍ഷൂട്ടറാ'യിരുന്നു പടിയാരംപറമ്പിലച്ചന്‍. 'നുറുവര്‍ഷം ഏറെ ധന്യം' എന്ന ചരിത്രഗ്രന്ഥം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഡോ. പ്രീമൂസ് പെരിഞ്ചേരിയേയും ഈ ലേഖകനെയും നാലു ദിവസത്തേയ്ക്ക് പള്ളിമേടയില്‍ താമസിപ്പിച്ച് ആ ഗ്രന്ഥത്തിന്റെ പ്രസാധനം പൂര്‍ത്തിയാക്കിയത് ഇവിടെ ഓര്‍മ്മിക്കട്ടെ. അതിരൂപത ഒത്തുകൂടിയപ്പോഴെല്ലാം തലയെടുപ്പോടെ 'എല്ലാം നന്നായി നടത്താന്‍' മോണ്‍സിഞ്ഞോര്‍ പടിയാരംപറമ്പിലുണ്ടായിരുന്നു. അതിരൂപതയുടെ ഏതൊരു കൂടിവരവുകളിലും ആ സാന്നിധ്യം കൊണ്ടുതന്നെ ഊര്‍ജ്ജപ്രവാഹത്തിന്റെ പ്രസരിപ്പ് പടര്‍ത്തിയ ധന്യനിമിഷങ്ങള്‍ക്കു മുന്നില്‍ ചങ്കുലച്ചിലോടെ സമര്‍പ്പിക്കട്ടെ, ഈ ഓര്‍മ്മച്ചെപ്പ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org