

“ഒറ്റ പുസ്തകം മാത്രം വായിക്കു ന്നവർ” എന്നത് കുസുമാന്തര ലോലന്റെ ഗവേഷണ വിഷയമാണ്. ആരാണീ “കുസുമാന്തര ലോലൻ?” അടുത്ത കാലത്ത് മലയാളത്തി ലിറങ്ങിയ ആക്ഷേപഹാസ്യ നോവലാണ് വി എസ് അജിത്തിന്റെ “കുസുമാന്തര ലോലൻ.” ഈ നോവലിൽ ഒറ്റ പുസ്തകംമാത്രം വായിക്കുന്നവരെയും ഒറ്റക്കവിത മാത്രം പാടുന്നവരെയും ഒരു നോവൽ മാത്രം വായിക്കുന്ന വരേയും കുറിച്ചാണ് കുസുമാന്തര ലോലൻ ഗവേഷണം നടത്തുന്നത്. സത്യത്തിൽ ഒരു പുസ്തകം മാത്രം വായിക്കുന്നതിന്റെ അപകടം എന്താണ്?
ഫ്രഞ്ച് മിസ്റ്റിക്കും കവയത്രിയു മായ Marie Noel ഇപ്രകാരം എഴുതി: “ദൈവമേ നീയൊരു വിശുദ്ധനല്ലാത്തതുകൊണ്ട് ഞാൻ നിന്നെ സ്തുതിക്കുന്നു.” കാരണം ഒരു വിശുദ്ധനാണ് പൂക്കളെ സൃഷ്ടിച്ച തെങ്കിൽ ഇവിടെ വെള്ളപ്പൂക്കൾ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. എന്നാൽ ദൈവം സൃഷ്ടിച്ചതു കൊണ്ട് പല നിറത്തിലുള്ള ചെത്തിയും ചെമ്പരത്തിയും മഞ്ഞക്കോളാമ്പി പൂവുമൊക്കെ ഇവിടെയുണ്ടായി. വിശുദ്ധനാണ് സൃഷ്ടിച്ചതെങ്കിൽ ഇവിടെ ആൺപ്രാവുകൾ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. എന്നാൽ ദൈവം സൃഷ്ടിച്ചതുകൊണ്ട് ഇവിടെ ആൺപ്രാവും പെൺ പ്രാവും ഉണ്ടായി. അതുകൊണ്ട് Marie Noel വീണ്ടും എഴുതി: “ദൈവമേ നീയൊരു വിശുദ്ധനല്ലാത്തതു കൊണ്ട് ഞാൻ നിന്നെ സ്തുതിക്കുന്നു.” എല്ലാ പൂക്കളും വിരിയുന്ന ഒരു ഇടമായിട്ടല്ലേ ദൈവം ലോകത്തെ സൃഷ്ടിച്ചത്? ഒറ്റപ്പുസ്തകം മാത്രം വായിക്കുന്നവർ അതിനെ ഒരൊറ്റ നിറത്തിലേക്ക് ചുരുക്കുകയാണോ?
ദൈവത്തെ അറിയാൻ വേദഗ്രന്ഥത്തോടൊപ്പം പ്രപഞ്ചഗ്രന്ഥവും വായിക്കണമെന്ന് പറഞ്ഞ തെർത്തുല്യനും അഗസ്റ്റിനുമൊക്കെയാകും ഏറ്റവും വലിയ ഒറ്റപ്പുസ്തക വിരോധികൾ.
സത്യത്തിൽ ഒരു പുസ്തകം മാത്രം വായിക്കുന്നതിന്റെ അപകടം എന്താണ്? ഒരു ഭാഷ, ഒരു മതം, ഒരു സംസ്കാരം മാത്രം ഒരു രാജ്യത്ത് മതി എന്നൊക്കെയുള്ള സൈദ്ധാന്തിക ബലംപിടുത്തങ്ങളും തുടർന്നുള്ള ബലപ്രയോഗങ്ങളും ഉടലെടുക്കു ന്നത് ഞാൻ വായിക്കുന്ന ഒറ്റപ്പുസ്തകം മാത്രം നാട്ടുകാരെല്ലാം വായിച്ചാൽ മതി എന്നു കരുതുന്ന വരിൽ നിന്നാണ്. നാട്ടുഭാഷയിൽ “ഒറ്റബുദ്ധികൾ” എന്ന് പറയപ്പെടുന്ന ഇത്തരക്കാരാണ് ബഹുസ്വരതയെ (Polyphony) ഇല്ലാതാക്കി ഏകസ്വര തയെ (Monophony) വാഴിക്കുന്ന ഫാസിസ്റ്റുകൾ! രാഷ്ട്രീയത്തിലും മതാധിപത്യ സമൂഹങ്ങളിലുമൊക്കെ ഈ ഒറ്റപുസ്തക വായനക്കാരുടെ ഫത്.വകളുണ്ട്. കാരണം, അടച്ചുവച്ച കിത്താബ് വിട്ടൊരു കളിയില്ല ഇക്കൂട്ടർക്ക്!
“ഞാനെന്റെ മുരിങ്ങമരത്തിന്റെ ചോട്ടിൽ നിന്നാണ് ആകാശം കാണുന്നതെന്ന്” പറയുന്നവർ കാണാതെ പോയ ആകാശങ്ങ ളെത്രയാണ്? തന്റെ പ്രത്യയശാസ്ത്ര പുസ്തകം പൂർണ്ണവും അന്തിമവുമാണ് എന്ന ഒറ്റബുദ്ധികളുടെ ചിന്ത വിമർശനത്തിനും പുതുക്കലിനും നവീകരണത്തിനും ഇടമില്ലാത്ത ആകാശങ്ങളാണ് സൃഷ്ടിക്കുന്നത്. ചുരുങ്ങിപ്പോകുന്ന അത്തരം ആകാശങ്ങളിൽ മൗലികവാദങ്ങളുടെ (Fundamentalism) മേഘസ്ഫോടനങ്ങൾ ഏറുകയാണ്. ഈ മേഘസ്ഫോടനങ്ങൾ സൃഷ്ടിക്കുന്ന പ്രളയ ത്തിൽ മുങ്ങിപ്പോകുന്നത് വ്യത്യസ്ത നിറങ്ങളിൽ സൃഷ്ടിക്കപ്പെട്ട ചെത്തിയും ചെമ്പരത്തിയും മഞ്ഞക്കോളാമ്പിയുമൊക്കെയാണ്.
ഒറ്റപുസ്തകം മാത്രം വായിക്കുന്നവർ ചിലപ്പോൾ സംസ്കാര ത്തിന്റെ കുഴിവെട്ടികളായി പരിണമിക്കാനുള്ള സാദ്ധ്യത കൂടുത ലാണ്. കാരണം അടഞ്ഞ ജ്ഞാനപദ്ധതികളിലേക്ക് (Epistemic Closure) അടക്കപ്പെടുന്ന ഇത്തരക്കാർ ഭൂതകാലത്തിന്റെ ശവപ്പറമ്പുകളിൽ കഴിയാൻ വിധിക്കപ്പെട്ടവരാണ്. അതും പോരാഞ്ഞിട്ട്, ഭൂതകാലത്തിന്റെ ഈ കുഴിവെട്ടികൾ ഭാവിയിൽ ജനിക്കാനിരിക്കുന്നവർക്കുവേണ്ടികൂടിയുള്ള കല്ലറകൾ നിർമ്മിച്ചി ട്ടാണ് അരങ്ങൊഴിയുന്നത്. “കുഴിവെട്ടി മൂടുക വേദനകൾ, കുതികൊൾക ശക്തിയിലേക്ക് നമ്മൾ” എന്നെഴുതിയ ഭാവിയുടെ കവി ഇടശ്ശേരി മരിച്ചുപോയി!
പുസ്തകത്തെ ഭൂതകാലത്തിൽ തളച്ചിടുന്ന ഏക ശിലാത്മക വ്യാഖ്യാനക്കാർ നിർമ്മിക്കുന്നത് ചോദ്യം ചെയ്യപ്പെടാൻ പറ്റാത്ത സംവിധാനങ്ങളാണ്. ചോദ്യങ്ങളില്ലാത്ത സമൂഹം എല്ലാക്കാല ത്തും അപകടകരം തന്നെയാണ്. സ്പാനിഷ് ഇൻക്വിസിഷൻ മതഗ്രന്ഥങ്ങളുടെ ഏകശിലാത്മക വായനയും വ്യാഖ്യാനവുംവഴി അക്രമത്തെയും ബലപ്രയോഗത്തെയും ന്യായീകരിച്ചു. മതമില്ലാത്ത ഇടങ്ങളിലും ഏകഗ്രന്ഥ വായനയും ഏകശിലാത്മക വ്യാഖ്യാനവും അപകടം സൃഷ്ടിച്ചിട്ടുണ്ട്. ചൈനയിലെ സാംസ്കാരിക വിപ്ലവത്തിന്റെ കാലത്ത് മാവോ സേതൂങ്ങിന്റെ ഉദ്ധരണികളടങ്ങിയ Little Red Book ഏകാധിപത്യത്തെ സാധൂകരിക്കാൻ ഉപയോഗിക്കപ്പെട്ടു. ഉറപ്പുകൾ നേടാനുള്ള മനുഷ്യപ്രവണതയെ ഇത്തരം ഒറ്റപുസ്തക പ്രേമികൾ പ്രയോജനപ്പെടുത്തുന്നു.
ഒറ്റപുസ്തകം മാത്രം വായിക്കുന്നവർ ചിലപ്പോൾ സംസ്കാരത്തിന്റെ കുഴിവെട്ടികളായി ത്തീരാൻ ഇടയുണ്ട്. ഭൂതകാലത്തിൽ മാത്രം ജീവിക്കുന്ന ഈ കുഴിവെട്ടികൾ ഭാവിയിൽ ജനിക്കാനിരി ക്കുന്നവർക്കുവേണ്ടി കൂടിയുള്ള കല്ലറകൾ നിർമ്മിച്ചിട്ടാണ് അരങ്ങൊഴിയുന്നത്. കാരണം, അടച്ചുവച്ച പുസ്തകവിട്ടൊരു കളിയില്ല ഇക്കൂട്ടർക്ക്. അവരുടെ ഫത് വകൾ എല്ലായിടത്തു വിലക്കുകൾ നിർമ്മിക്കുന്നു.
റഷ്യയിൽ സ്റ്റാലിന്റെ ഭരണകാലത്ത് ഭരണകൂടത്തിന്റെ വേണ്ടപ്പെട്ടവനായ ട്രോഫിം ലൈസെങ്കോ (Trofim Lysenko)യുടെ മണ്ടൻ ആശയങ്ങൾ ശാസ്ത്രത്തിന് പകരം സ്വീകരിക്കപ്പെട്ടു. ഗ്രിഗർ മെന്റലിന്റെ ജനിതകശാസ്ത്രം ബൂർഷാ ശാസ്ത്രം (bourgeois science) ആയി തള്ളപ്പെട്ടു. മെന്റലിന്റെ ജനിതക ശാസ്ത്രത്തെ പിന്തുണച്ചവർ തുറുങ്കിലടക്കപ്പെട്ടു. ശാസ്ത്രം വ്യാജ ശാസ്ത്രമായി! ഇതിന്റെ ഫലം റഷ്യയുടെ കാർഷിക മേഖലയിൽ വലിയ പരാജയവും ദുരന്തവുമായിരുന്നു. ആശയപരമായ അടച്ചിടൽ (Epistemic Closure) യാഥാർത്ഥ്യ ലോകത്തും നാശം വിതയ്ക്കുമെന്ന് ഇത് കാണിക്കുന്നു.
മഹാകവി ഉള്ളൂരിന്റെ “കാക്കേ, കാക്കേ കൂടെവിടെ?” എന്ന കുട്ടിക്കവിത ചിന്തകനായ എം ഗോവിന്ദൻ രൂപമാറ്റം വരുത്തിയത് ഇങ്ങനെയാണ്: “വാക്കേ, വാക്കേ കൂടെവിടെ?” അർത്ഥവത്തായ രൂപപരിണാമം! വാക്കിനു കൂടുണ്ടോ? വാക്കിനെ ഏതെങ്കിലും സങ്കുചിതാർഥത്തിന്റെ കൂട്ടിലടക്കാൻ പറ്റുമോ? നമുക്ക് ഒറ്റപുസ്തകം മാത്രം വായിക്കുന്നത് നിർത്താം; കുറേ പുസ്തകങ്ങളുള്ള ലൈബ്രറിയിലേക്ക് നടക്കാം നമുക്ക്.
പിൻമൊഴി
“അദ്വൈത പത്മം നല്ലൊരാശയമല്ലേ” എന്ന അനുജയുടെ ചോദ്യത്തിന് കുസുമാന്തര ലോലൻ നൽകുന്ന മറുപടി ഇങ്ങനെയാണ്: “ഒരിക്കലുമല്ല, ഏകശിലാത്മകമാണത്.” എന്നിട്ട് ലോലൻ പാടുന്നത് കുമാരനാശാന്റെ വരികളാണ്. “പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി, പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം.” ഫ്രഞ്ച് മിസ്റ്റിക് Marie Noel നമ്മോട് ഇന്നും ചോദിക്കുന്നുണ്ട്, നിങ്ങൾക്ക് ആരെയാണിഷ്ടം, ദൈവത്തെയോ വിശുദ്ധനെയോ? ഇന്നുതന്നെ ഒരു ലൈബ്രറി മെമ്പർഷിപ്പ് എടുക്കുകയല്ലേ?