
പങ്കുവയ്ക്കലിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും വിനയത്തിന്റെയും ആത്മത്യാഗ സന്നദ്ധതയുടെയും ഈശ്വരന് സര്‍വസമര്‍പ്പണം ചെയ്യേണ്ടതിന്റെയും സ്വന്തം കര്‍മ്മങ്ങള്‍ യജ്ഞരൂപത്തില്‍ അനുഷ്ഠിക്കേണ്ടതിന്റെയും പ്രാധാന്യമാണ് ഓണമെന്ന പുരാവൃത്തം പുരുഷാന്തരങ്ങളിലൂടെ കേരള ജനതയെ അഭ്യസിപ്പിച്ചുക്കൊണ്ടിരിക്കുന്നത്.
ഓണം ഗൃഹാതുരതയുണര്‍ത്തുന്ന ഒരു ദേശീയോത്സവം. കേരളത്തിലാണത് പ്രധാനമായും ആഘോഷിക്കപ്പെട്ടു വന്നത്.പാരമ്പര്യത്തിന്റെ നന്മകളില്‍ ഒന്നായി ഇന്നും ആ കാര്‍ഷികോത്സവം പഴയ പകിട്ടില്ലെങ്കിലും ആഘോഷിക്കപ്പെട്ടു വരുന്നു. ചിങ്ങമാസത്തിലെ തിരുവോണം നാളില്‍ തന്റെ പ്രജകളായിരുന്ന കേരള ജനതയെ കാണാന്‍ പ്രജാക്ഷേമതല്‍പരനായിരുന്ന മഹാബലി പാതാളത്തില്‍ നിന്നും എഴുന്നള്ളുന്ന ദിനം. സോഷ്യലിസ്റ്റ് ആശയത്തെ ക്കുറിച്ചുള്ള ഒരു പ്രാചീന വിചാരം ഈ ഓണത്തിനു പിന്നിലുണ്ടെന്ന ത് അത്ഭുതമുളവാക്കും. ''മാലോകരെല്ലാരുമൊന്നുപോലെ'' എന്ന നാടോടിപ്പാട്ടിന്റെ പൊരുളില്‍ ''ഒരു മനുഷ്യന്റെ വാക്കുകള്‍ മറ്റൊരുവന്‍ സംഗീതം പോലെ ആസ്വദിക്കുന്ന കാലം'' എന്ന് ഒരു ആധുനിക ദാര്‍ശനികന്‍ കണ്ടെത്തിയ സങ്കല്പ സ്വര്‍ഗം ഒളിച്ചിരിക്കുന്നില്ലേ?
സൗന്ദര്യത്തിന്റെ കാലം കൂടിയാണ് ഓണക്കാലം. എവിടെയും പൂത്തുനില്‍ക്കുന്നു. മനസ്സുകളും ബാഹ്യപ്രകൃതിയും സുഗന്ധപൂരിതമാകുന്നു. ആനന്ദവും അത്ഭുതവും ആസ്വാദനവും എല്ലാ ജനവിഭാഗങ്ങളിലും നിര്‍ഭരമായൊഴുകുന്നു. പഴയ കാര്‍ഷികാനുഷ്ഠാനങ്ങളും പുരാവൃത്തങ്ങളും കൂടിയാണ് ഓണത്തെ സൃഷ്ടിച്ചത്. മലയാളിയുടെ കലണ്ടര്‍ അനുസരിച്ച് ആദ്യമാസമായ ചിങ്ങത്തിലാണിത് വരുന്നത് (കൊല്ലവര്‍ഷം). ആ അര്‍ത്ഥത്തില്‍ നവവത്സരാഘോഷം കൂടിയാകുന്നു ഓണം. മഹാബലിയുടേയും വാമനാവതാരത്തിന്റെയും പുരാവൃത്തത്തില്‍ വാമനന്‍ മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ് ത്തി എന്നു പറയുന്നുവെങ്കിലും ഭാഗവതം ആ കഥയ്ക്ക് മറ്റൊരു തലം നല്കുന്നുണ്ട്.
താനാണ് ഏറ്റവും നല്ല ചക്രവര്‍ത്തി എന്ന മഹാബലിയുടെ അഹങ്കാരം നശിപ്പിക്കുക മാത്രമായിരുന്നു വാമനന്റെ ലക്ഷ്യം. സുതലം എന്ന പാതാളഭാഗത്തേക്കാണ് മഹാബലി ചവിട്ടിത്താഴ്ത്തപ്പെട്ടത്. മഹാബലിക്ക് അവിടെ ഒരു സാമ്രാജ്യം നിര്‍മ്മിച്ചു നല്കുകയും ആ സാമ്രാജ്യത്തിന്റെ പടിവാതിലില്‍ ദ്വാരപാലകനായി നില്‍ക്കുകയും ചെയ്യുന്നു വാമനവേഷം ധരിച്ച വിഷ്ണു. വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണുവാന്‍ മഹാബലി കേരളത്തിലെത്തുകയും ചെയ്യുന്നു. ഈ വരവ് നാം ആഘോഷിക്കുന്നു - വിവിധ ആചാരാനുഷ്ഠാനങ്ങളിലൂടെ, പത്തു ദിവസങ്ങള്‍ അതിനായി മാറ്റിവയ്ക്കപ്പെടുന്നു. മതപരവും സാംസ്‌കാരികവുമായ ഈ ഉത്സവം വിവിധ സംസ്ഥാനങ്ങളില്‍ വിവിധ പേരുകളില്‍ വിളിക്കപ്പെടുന്നു. തമിഴ്‌നാട്ടില്‍ പൊങ്കല്‍, ബംഗാളില്‍ നബന്ന, ആസാമില്‍ ബിഹു, പഞ്ചാബില്‍ വൈശാഖി. കേരളത്തിന്റെ പാരമ്പര്യത്തി ന്റെയും സംസ്‌കൃതിയുടെയും അനേകവശങ്ങള്‍ ഓണാഘോഷത്തിലൂടെ പ്രകടമാകുന്നു. പ്രാചീനകാലത്ത് ഓണം തമിഴ്‌നാട്ടിലും ആഘോഷിക്കപ്പെട്ടിരുന്നുവെന്നതിന് പഴയ തമിഴ്ഗ്രന്ഥ ങ്ങളില്‍ ലക്ഷണങ്ങളുണ്ട്. മദുരൈകാഞ്ചി എന്ന പ്രചീന തമിഴ്ഗ്രന്ഥത്തിലാണ് ഓണം എന്ന പേര് കാണപ്പെടുന്നത്. മാങ്കുടി മരുതനാര്‍ എന്നയാളാണ് കവി. നെടുഞ്ചെഴിയന്‍ രണ്ടാമന്റെ രാജസദസ്സിലെ കവികളിലൊരാളായിരുന്നു മാങ്കുടി മരുതനാര്‍.
മഹാബലി - വാമനന്‍ പുരാവൃത്തവുമായി ബന്ധപ്പെട്ടതാണ് തൃക്കാക്കര (തിരു-കാല്‍-കര). ദിവ്യമായ പാദത്തിന്റെ ഇടം എന്നര്‍ത്ഥം. തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന ദേവത വാമനനാകുന്നു. ഉത്തര്‍പ്രദേശിലും ഗുജറാത്തിലും മഹാരാഷ്ട്രയിലുമെല്ലാം ചില പ്രദേശങ്ങളില്‍ മഹാബലിയുമായി ബന്ധപ്പെട്ട പുരാവൃത്തങ്ങള്‍ നിലനില്‍ക്കുന്നുണ്ടത്രേ. സര്‍വസമര്‍പ്പണം ദുഃഖങ്ങള്‍ക്കു നിവാരണമാകുന്നു എന്ന തത്വശാസ്ത്രപരമായ മൂല്യബോധമാകുന്നു ഇത്തരം പുരാവൃത്തങ്ങളുടെ തായ്‌വേര്. വ്യക്തിയോ, രാജാവോ, സാമ്രാജ്യമോ ഒന്നും തന്നെ കാലപ്രളയത്തിനു മുന്നില്‍ കടപുഴകാതിരിക്കുന്നില്ല. മൂല്യങ്ങള്‍ മാത്രം കാലാതിവര്‍ത്തിയാകുന്നു.
അത്തം നാളില്‍ ഓണത്തിന് കൊടിയുയരുന്നു. പൂക്കളം, പ്രാര്‍ത്ഥനകള്‍, ദാനം, സദ്യ എന്നിങ്ങനെ പലതരം അനുഷ്ഠാനങ്ങള്‍ ഒരുവശത്ത്. ജലയാത്രാമത്സരം, സാംസ്‌കാരിക സദസ്സുകള്‍, കേളീ മത്സരങ്ങള്‍, നൃത്ത പരിപാടികള്‍ അങ്ങനെ വേറെ ആഘോഷങ്ങള്‍. പത്തു ദിവസങ്ങള്‍ പൊടിപാറുന്നു. ഓണം കഴിഞ്ഞും മൂന്നു ദിവസം കൂടി വേണ്ടി വരുന്നു അതിന്റെ പൊടിയടങ്ങുവാന്‍.
തൃപ്പൂണിത്തുറയിലെ അത്തച്ചമയം ഓണവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണ്. പുരാതന കാലത്ത് പൂക്കളമിടുവാന്‍ ദശപുഷ്പങ്ങളാണുപയോഗിച്ചിരുന്നത്. ഇന്ന് പ്ലാസ്റ്റിക് പൂക്കള്‍ വരെ ഉപയോഗിക്കപ്പെടുന്നു. പൂക്കള മത്സരങ്ങള്‍ ഓണക്കാലത്ത് പൊതുവെ കേരളത്തില്‍ കാണപ്പെടുന്ന ഒരു ദൃശ്യവിരുന്നാണ്.
തിരുവാതിരക്കളി, കുമ്മാട്ടിക്കളി, പുലികളി, തുമ്പിതുള്ളല്‍, ഓണക്കളി എന്നിങ്ങനെ പല പാരമ്പര്യ നൃത്തരൂപങ്ങള്‍ ഓണത്തിന് അരങ്ങേറ്റപ്പെടുന്നു. തിരുവാതിര സ്ത്രീകളുടെ സംഘനൃത്തമാണ്. കുമ്മാട്ടിക്കളി മുഖംമൂടികള്‍ വെച്ചുള്ള നൃത്തം, വീടുവീടാനന്തരം കുമ്മാട്ടികള്‍ കയറിയിറങ്ങുന്നു. തൃശ്ശൂരാണ് പ്രധാനം. പുലികളിയും തൃശ്ശൂരിന്റെ വലിയ ആഘോഷമാണ് ഓണനാളുകളില്‍. ഓണത്താര്‍, ഓണത്തപ്പന്‍, ഓണേശ്വരന്‍ എന്നീ പേരുകളില്‍ മഹാബലി പലമട്ടില്‍ ഈ അനുഷ്ഠാനങ്ങള്‍ക്കിടയില്‍ ആരാധിക്കപ്പെടുകയും ചെയ്യുന്നു.
വള്ളംകളിയും ഓണസദ്യയും ഓണത്തിന്റെ മുഖമുദ്രകള്‍ തന്നെ. കായവറുത്തത്, ശര്‍ക്കരപുരട്ടി, പപ്പടം, ഇഞ്ചിക്കറി, തോരന്‍, മെഴുക്കുപുരട്ടി, കാളന്‍, ഓലന്‍, അവിയല്‍, സാമ്പാര്‍, രസം, കിച്ചടി, പച്ചടി, ചോറ് - എന്നിങ്ങനെ പലതരം വിഭവങ്ങളാണ് സദയ്ക്ക്. ഓരോ ഭവനത്തിലും ഓണത്തിന് മധ്യാഹ്നത്തില്‍ ഇത്തരം സദ്യയുണ്ടാകും. പായസം ഊണിനു ശേഷം നിര്‍ബന്ധവുമാണ്.
ഓണത്തിന് വനിതകളുടെ വേഷം കസവുസാരിയാണ്. പുരുഷന്മാര്‍ വെള്ളക്കുപ്പായമോ, കുര്‍ത്തയോ ധരിക്കുന്നു. കേരളീയ പാരമ്പര്യത്തില്‍ കസവുമുണ്ടിനും നേര്യതിനും വലിയ പ്രാധാന്യമാണല്ലോ. പത്തുദിവസങ്ങളുടെ ഈ ഉത്സവത്തിന് കേരളീയര്‍ അത്തദിനം മുതല്‍ സജ്ജരാകുന്നു. പ്രഭാതത്തില്‍ത്തന്നെ കുളിച്ച് മുറ്റത്ത് പൂക്കളമൊരുക്കിക്കൊണ്ടാണ് സ്ത്രീകളും കുട്ടികളും പ്രാര്‍ത്ഥനയോടെ ഈ വിശേഷാവസരം ആരംഭിക്കുക. എവിടെയും ഉത്സാഹത്തിന്റെയും ഉണര്‍വിന്റെയും ആരവങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങുന്നു. അത്തത്തെത്തുടര്‍ന്ന് ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം. തിരുവോണദിനമാണ് ഏറ്റവും സവിശേഷം.
2023-ലെ തിരുവോണം ആഗ സ്റ്റ് 29-നാണ് ആഘോഷിക്കപ്പെടുക. എല്ലാ മതവിഭാഗങ്ങളും ഓ ണത്തെ ഒരേപോലെ വരവേല്ക്കുന്നു. തിരുവോണം എന്ന പദത്തി ലെ 'തിരു' സംസ്‌കൃതത്തിലെ 'ശ്രീ' എന്ന പദത്തിനോട് സാധര്‍ മ്മ്യം പുലര്‍ത്തുന്നു. ഐശ്വര്യം എന്നാണ് അതിനര്‍ത്ഥം. പൂരാടദിനത്തില്‍ തന്നെ ഓണമാഘോഷിക്കുന്നതിനുള്ള സാധനസാമഗ്രികളെല്ലാം കേരളീയര്‍ വാങ്ങിവച്ചിരിക്കുമെങ്കിലും ഉത്രാട ദിനത്തില്‍ വൈകിട്ട് അവസാന മു ഹൂര്‍ത്തത്തില്‍ ഒരു പാച്ചില്‍ കൂടി കാണപ്പെടുന്നു. ഉത്രാടപ്പാച്ചില്‍ എന്ന പഴഞ്ചൊല്ല് ആ ധൃതികൂട്ടലില്‍ നിന്നും ഉത്ഭവിച്ചതാണല്ലോ. ചെരാതുകളില്‍ തിരിയിട്ടു കൊളുത്തി വീടും പരിസരവും പ്രഭാപൂരത്തിന്റെ സൗന്ദര്യം നിറച്ചുവക്കുന്ന കാഴ്ച എത്രയോ മനോമോഹകമാണ്.
അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപപ്പെടുത്തപ്പെട്ട 'പഞ്ചാംഗ' മനുസരിച്ചാണ് ഓണത്തിന്റെ തീയതി നിശ്ചയിക്കപ്പെടുന്നത്. വേദകാല ജ്യോതിഷമാണ് പഞ്ചാംഗത്തിന്റെ അടിസ്ഥാനം.
കുട്ടികളാണ് ഓണം ശരിക്കും ആഘോഷിച്ചിരുന്നത്. പോയകാലത്തെ ഓണാഘോഷങ്ങള്‍ മുതിര്‍ന്ന തലമുറയിലെ പലരും അയവിറക്കുന്നത് കുട്ടിക്കാലവുമായി ബന്ധപ്പെട്ടാണല്ലോ. ആ കാലം ഒരു മായികകാലമാണ്. സൃഷ്ട്യുന്മുഖതയുടേയും ഐശ്വര്യത്തിന്റെയും പൂതേടലിന്റെയും കാലം. പൂക്കള്‍ പറിക്കുന്നതിനായി കുട്ടികള്‍ പൂപ്പാലികയുമായി സംഘം ചേര്‍ന്നു ഗ്രാമത്തിലെവിടെയും അലഞ്ഞുതിരിയുന്നു. തുമ്പപ്പൂ ഓണത്തിന് പരമപ്രധാനമാണ്. ചെമ്പരത്തി, ചെത്തി എന്നീ പൂക്കള്‍ വളരെ സാധാരണമായിരുന്നു ഒരു കാലത്ത്. വേലികളില്‍ മഞ്ഞക്കോളാമ്പി പൂക്കള്‍ ആര്‍ത്തലച്ചു വിരിഞ്ഞു നില്‍ക്കുന്നുമുണ്ടാവും. പല നിറത്തിലും രൂപത്തിലുമുള്ള ഇലകളും പൂവിടാനുപയോഗിച്ചിരുന്നു; പൂക്കളമൊരുക്കുവാന്‍ കുട്ടികളെ സ്ത്രീകള്‍ സഹയിക്കുന്നു. പഴയ പല മാസികകളുടെയും മുഖചിത്രം പൂക്കളമൊരുക്കുന്ന ദൃശ്യമായിരുന്നുവെന്നു കാണാം.
ലോകത്തെവിടെയുമുള്ള മലയാളികളും പൂവിട്ടുതന്നെ ഓണത്തെ വരവേല്ക്കുന്നു. ഇന്ന് പൂ തേടിപ്പോകുന്ന കുട്ടികളെ അപൂര്‍വമായേ കാണുകയുള്ളൂ. പൂക്കള്‍ വാങ്ങാന്‍ കിട്ടുന്നു. ഓണത്തിന്റെ തനതു രീതികള്‍ പലതും കാലപ്രവാഹത്തില്‍ നമുക്കു നഷ്ടപ്പെട്ടുവെങ്കിലും മലയാളിയുടെ ആത്മാവിന്റെ ഭാഗമായിത്തന്നെ ഓണം ഇന്നും നിലനില്ക്കുന്നു. തുമ്പപ്പൂ ഇന്ന് വളരെ വിരളമായേ കിട്ടുന്നുള്ളൂ. വയല്‍വരമ്പില്‍ നിന്നിരുന്ന കാക്കാത്തിപ്പൂക്കളും ഇല്ലാതായി. വയലുകള്‍ തന്നെ ഇല്ലാതായല്ലോ. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ലോറിക്കണക്കിന് പൂക്കളാണ് ഓണക്കാലത്ത് കേരളത്തിലെത്തുന്നത്. പൂവിപണി ഓണക്കാലത്ത് സജീവമാകുന്നു. മുന്‍കാലങ്ങളില്‍ 'തൃക്കാക്കരയപ്പനെ'യും അനുബന്ധ വിഗ്രഹങ്ങളേയും മണ്ണിലാണ് ചമച്ചിരുന്നത്. മണ്‍പാത്രത്തൊഴിലാളികള്‍ വളരെ ഭംഗിയായി അവ നിര്‍മ്മിച്ച് വിടുകളിലെത്തിച്ചിരുന്നു. ഓരോ വര്‍ഷത്തെ ഉപയോഗത്തിനു മാ ത്രം ഉപകരിച്ചിരുന്ന ആ മണ്‍വിഗ്രഹങ്ങളുടെ സ്ഥാനത്ത് ഇന്ന് വര്‍ഷങ്ങളോളം സൂക്ഷിച്ചുവയ്ക്കാവുന്ന ദാരുനിര്‍മ്മിത വിഗ്രഹങ്ങള്‍ ആവിര്‍ഭവിച്ചിരിക്കുന്നു.
കേരളം കാര്‍ഷികജനതയുടെ നാടായിരുന്നു. കര്‍ഷകരും പാടങ്ങളും നിറഞ്ഞ നാട്. അമ്പതുകള്‍ വരെ നാം നമ്മുടെ സംസ്‌കാരം ഏറെക്കുറെ തനിമയോടെ സൂക്ഷിച്ചിരുന്നു. ആധുനികവല്‍ക്കരണവും ആഗോളീകരണവുമെല്ലാം ചേര്‍ന്ന് നമ്മുടെ പഴയ മൂല്യങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തിക്കഴിഞ്ഞിരിക്കുന്നു. ഓണത്തെപ്പോലെ അവശേഷിക്കുന്ന ചില സവിശേഷാവസരങ്ങള്‍ പൊയ് പ്പോയ നന്മകളിലേക്കും സുകൃതങ്ങളിലേക്കും പിന്തിരിഞ്ഞു നോക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അത്രയെങ്കിലുമുണ്ടല്ലോ എന്നാശ്വസിക്കുക. പങ്കുവയ്ക്കലിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും വിനയത്തിന്റെയും ആത്മത്യാഗ സന്നദ്ധതയുടെയും ഈശ്വരന് സര്‍വസമര്‍പ്പണം ചെയ്യേണ്ടതിന്റെയും സ്വന്തം കര്‍മ്മങ്ങള്‍ യജ്ഞരൂപത്തില്‍ അനുഷ്ഠിക്കേണ്ടതിന്റെയും പ്രാധാന്യമാണ് ഓണമെന്ന പുരാവൃത്തം പുരുഷാന്തരങ്ങളിലൂടെ കേരള ജനതയെ അഭ്യസിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഓരോ തവണയും ഓണം ശുഭാ പ്തി വിശ്വാസത്തിന്റെയും പുതുമയുടേയും അനുഭവം നമുക്കു പകര്‍ന്നു നല്കുന്നു. നമ്മിലുള്ള നന്മയേയും സന്തോഷത്തേയും അത് തൊട്ടുണര്‍ത്തുന്നു. മനുഷ്യബന്ധങ്ങളുടെ ഈ ആഘോഷം കുടുംബാംഗങ്ങള്‍ക്കിടയിലും സുഹൃത്തുക്കള്‍ക്കുമിടയിലുള്ള ബന്ധത്തെ ദൃഢതരമാക്കാനുപകരിക്കുന്നു. നമ്മുടെ തനതു സംസ്‌കൃതിയിലേക്ക്, കന്മഷ മേല്‍ക്കാത്ത ഹൃദയവിശാലതയിലേക്ക്, പ്രകൃതിയുടെ ശുദ്ധഭാവത്തിലേക്ക് തിരിച്ചു സഞ്ചരിക്കുവാനുള്ള ആഹ്വാനം കൂടിയാണ് ഈ ആഘോഷം.
ഓണത്തെക്കുറിച്ച് പരശുരാമനുമായി ബന്ധപ്പെട്ട ഒരു കഥ ചില പുരാണഗ്രന്ഥങ്ങളില്‍ കാണുന്നുണ്ടത്രേ. വിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ കേരളം സൃഷ്ടിച്ചുവെന്ന പുരാവൃത്തവുമായി ബന്ധപ്പെട്ടതാണത്.
ഈ വര്‍ഷവും ഓണമെത്തിയിരിക്കുന്നു. നമുക്ക് ഓണത്തെ വരവേല്‍ക്കാം.