
ഒരു സമൂഹത്തിന്റെ ജീവിതം, ഭാഷ, ആചാര രീതികള്‍, കലകള്‍, കഥാപാരമ്പര്യങ്ങള്‍, മിത്തുകള്‍ തുടങ്ങി എല്ലാം ആ വിഭാഗത്തിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഓരോ സംസ്‌കാരത്തിനും അതിന്റേതായ ആഘോഷരീതികളുണ്ട്. ജീവിതരൂപീകരണത്തിനിടയില്‍ മനുഷ്യരെ കൂടുതല്‍ കര്‍മ്മോത്സുകരാക്കുവാനും ചെയ്തുതീര്‍ത്തവയെ ഓര്‍ത്തു സന്തോഷിക്കുവാനും ദൈനംദിനജീവിതത്തിന്റെ വൈഷമ്യങ്ങള്‍ മറക്കുവാനും ഇത്തരം ആഘോഷങ്ങള്‍ വഴിയൊരുക്കുന്നു. കേരളത്തിനുമുണ്ട് വ്യത്യസ്തങ്ങളായ ആഘോഷങ്ങള്‍. അത് പ്രാചീനകാലം മുതല്‍ തലമുറകളായി കൈമാറിപ്പോരുന്നവയാണ്. അതില്‍ ഏറ്റവും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് ഓണം. മലയാളിയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് ഓണാഘോഷം. മലയാളികള്‍ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം ഓണാഘോഷങ്ങളുണ്ടാകും. മലയാളിയുടെ കൂട്ടായ്മയുടെ തനിമയാണ് ഇത്തരം ആഘോഷങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.
കേരളസംസ്‌കാരവും ഓണവും
സംസ്‌ക്കാരം എന്ന സംജ്ഞ കേന്ദ്രീകൃതമായ ഒരാശയത്തില്‍ നിര്‍വ്വചിക്കുക എളുപ്പമല്ല. കാരണം, നമ്മുടെ സുകുമാരകലകള്‍ രൂപപ്പെട്ടുവന്നതും അവയുടെ വര്‍ഗീകരണവും ആവിഷ്‌കാരവും നടന്നതും വര്‍ത്തമാനകാലഘട്ടത്തില്‍നിന്നും വളരെ വ്യത്യസ്തമായ ഘട്ടത്തിലാണ്. വസ്തുക്കളുടെ മുകളില്‍ പ്രവര്‍ത്തിക്കാനുള്ള ക്ഷമത നമുക്കുള്ളതിനേക്കാള്‍ കുറവായിരുന്ന ഒരു ഘട്ടത്തിലാണ് ഈ കലകളെല്ലാം ആരംഭിച്ചതെന്ന് സംസ്‌കാര നിരൂപകനായ വാള്‍ട്ടര്‍ ബെഞ്ചമിന്‍ പറയുന്നു. ആധുനിക ജീവിത രീതി രൂപംകൊള്ളുന്നതിന് മുമ്പേതന്നെ സംസ്‌കാരരൂപീകരണം ആരംഭം കുറിച്ചു എന്ന വസ്തുതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഓണത്തിന്റെ ഐതിഹ്യം കേരളീയരുടെ സാംസ്‌കാരിക സ്മൃതിയെയാണ് വെളിപ്പെടുത്തുന്നത്. കര്‍ക്കിടകമാസത്തില്‍ കാലവര്‍ഷം സൃഷ്ടിക്കുന്ന പേടിസ്വപ്നവും ക്ഷാമവും മൂലം കാലിയായ പത്തായപ്പുരകള്‍ക്ക് സമൃദ്ധിയുടെ ഉണര്‍വ്വുനല്‍കുന്നതാണ് പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവോണം. ചിങ്ങമാസത്തില്‍ മത്തപ്പൂവിരിയുന്നതും വട്ടന്റെ ചുണ്ടു ചുമക്കുന്നതും കാണുമ്പോള്‍ ഓണമായി എന്ന പ്രതീക്ഷയാണ് കേരളീയരുടെ ഓണസങ്കല്‍പത്തിന്റെ പ്രാചീന ചിന്തകളിലുള്ളത്.
ഉല്‍പാദനപ്രക്രിയയുമായി ബന്ധപ്പെട്ട് പ്രാചീനകാലം മുതല്‍ ഓണം മലയാളികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിരുന്നു. സംസ്‌കാരം എന്ന ആശയം സമകാലികമാണെന്നും ഉല്‍പാദനപ്രക്രിയയുമായി ബന്ധം പുലര്‍ത്തുന്നതാണ് സംസ്‌കാരരൂപീകരണത്തിന് ആധാരം എന്നും റെയ്മണ്ട് വില്യംസ് സൂചിപ്പിക്കുന്നു. പ്രാചീന ഗോത്രസമൂഹത്തെ സംബന്ധിച്ച് അവരുടെ ഉത്പാദനപ്രക്രിയ എന്നത് വേട്ടയാടലും കായ്കനികള്‍ ശേഖരിക്കലും ആണ്. അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പ്രസ്തുത ഉത്പാദനപ്രക്രിയയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. മലയാളിയുടെ സംസ്‌കാരത്തില്‍ ഓണത്തിനുള്ള സ്ഥാനം കാര്‍ഷികവൃത്തിയെന്ന ഉല്‍പാദനപ്രക്രിയയുമായി ബന്ധപ്പെട്ടതാണ്. കാര്‍ഷികവൃത്തി ഒരു സമൂഹത്തിന് നല്‍കുന്ന സംതൃപ്തിയും സന്തോഷവും വിശദീകരിക്കുകയാണ് ഓണപ്പാട്ടുകളും കഥകളും ഐതിഹ്യങ്ങളും. ഓ. എന്‍.വിയുടെ വരികള്‍ ഇപ്രകാരമാണ്,
മാവേലി വാഴും കാലം
എന്നെന്നും തിരുവോണം
ശീവോളി എഴുന്നള്ളി
പൂതൂകും തിരുമുറ്റം
ഉണ്ണാനും ഉടുക്കാനും
പുന്നല്ലരി പൂമ്പട്ട്....
കിണ്ണത്തില്‍ ഒതുക്കി നീ
നെഞ്ചിലെ തുടിതാളം
മാവേലിനാടിന്റെ മഹത്വം വിളമ്പുന്ന വരികളാണ് ഒ.എന്‍.വി. ഇവിടെ കുറിച്ചിരിക്കുന്നത്. സന്തോഷത്തിന്റെയും സംതൃപ്തിയുടെയും സമാധാനത്തിന്റെയും ഇന്നലെകളെ ഇവിടെ സൂചിപ്പിച്ചിരിക്കുന്നു. അതില്‍നിന്നും ആവേശം ഉള്‍ക്കൊണ്ടുകൊണ്ടാണ് മനുഷ്യന്‍ ജീവിക്കുന്നത്. നാളെയുടെ നല്ല പ്രതീക്ഷകളെ നമുക്ക് കൈവിടാതെ കാത്തുസൂക്ഷിക്കാം.
സാംസ്‌കാരികത്തനിമയുടെയും സമൃദ്ധിയുടെയും ആഘോഷമായി ഓണത്തെ കണ്ടിരുന്നുവെങ്കിലും അതിന് മതപരമായ പുതിയൊരുമാനം കൈവരുന്നുണ്ട്. മനുഷ്യന് ഏതൊരു ആഘോഷത്തോടൊപ്പവും ആചാരങ്ങളും വിശ്വാസങ്ങളും ഉത്സവങ്ങളും പണ്ടുകാലം മുതലേ ഇഴപിരിയാതെ കൂടികലര്‍ന്നിരുന്നു. മിത്തോളജിയുടെ സവിശേഷസ്വഭാവവും കൂടിച്ചേരുമ്പോള്‍ വിശ്വാസത്തിന് കൂടുതല്‍ കരുത്ത് പകരുകയും ദൈവസങ്കല്പങ്ങളിലേക്ക് അത് വഴിമാറുകയും ചെയ്യുന്നു. പന്മന രാമചന്ദ്രന്‍ നായര്‍ സൂചിപ്പിക്കുന്നു, ഒരു സമൂഹത്തിന്റെ വിശ്വാസസംഹിതകളും ആചാരാനുഷ്ഠാനങ്ങളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണ്. മാന്ത്രികവും മതപരവുമായ വിശ്വാസങ്ങളുടെ ക്രിയാവ്യാപാരങ്ങളായ ആചാരാനുഷ്ഠാനങ്ങള്‍ മനുഷ്യന്‍ പ്രയോഗിച്ചുവന്നത് ജീവിതത്തെ അര്‍ത്ഥപൂര്‍ണവും കെട്ടുറപ്പുള്ളതും ആക്കിതീര്‍ക്കുക എന്ന ലക്ഷ്യം മുന്‍ നിറുത്തിയാണ്. ഇതിന്റെ അനുരണനങ്ങളാണ് തൃക്കാക്കരയപ്പനെന്ന സങ്കല്‍പത്തെ രൂപീകരിക്കുന്നതിനാധാരമായി മാറുന്നത്. തൃക്കാക്കത്തേവര്‍ സമ്പല്‍സമൃദ്ധിയുടെ ദേവതാത്മാവും കേരളത്തിന്റെ പരദൈവവുമായിട്ടാണ് ഐതിഹ്യങ്ങള്‍ വിലയിരുത്തുന്നത്. തൃക്കാക്കരയപ്പന്‍ വീടുതോറും സന്ദര്‍ശനം നടത്തി ഐശ്വര്യം പകരും എന്നതാണ് സങ്കല്‍പ്പം. ഇത്തരത്തിലുള്ള നിരവധി സങ്കല്‍പ്പങ്ങളും വിശ്വാസങ്ങളും നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും കേരളത്തിനുപുറത്തും ഓണത്തിന്റെ സ്വഭാവസവിശേഷതകള്‍ നിലനിന്നിരുന്നതായി സംഘകാലസാഹിത്യകൃതികളും സൂചന നല്‍കുന്നുണ്ട്. കേരളത്തിലും മധുര ഉള്‍പ്പെട്ട തമിഴ്‌നാട്ടിലും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘകാലകൃതിയായ മധുരൈകാഞ്ചി സൂചന നല്‍കുന്നുണ്ട്. മധുരൈകാഞ്ചിയിലാണ് ഓണത്തെക്കുറിച്ചുള്ള ആദ്യപരാമര്‍ശം കാണുന്നത്. തിരുമാള്‍ (മഹാവിഷ്ണു)ന്റെ ജന്മദിനമായിട്ടാണ് ഓണം ആഘോഷിച്ചിരുന്നതെന്ന് മധുരൈകാഞ്ചി 590 മുതലുള്ള അടികളില്‍ സൂചിപ്പിക്കുന്നുണ്ട്. കേരളത്തിലെ മലയരയര്‍ക്കിടയിലും ഈ സൂചനകള്‍ വായ് മൊഴിയായി നിലനില്‍ക്കുന്നത് കാണുവാന്‍ സാധിക്കും. വിളവെടുപ്പുമായി ബന്ധപ്പെട്ടു മാത്രമല്ല, കര്‍ക്കിടകമാസത്തിന്റെ ഇരുണ്ടമാനത്തില്‍നിന്നും ഐശ്വര്യത്തിന്റെ അടയാളമായ ചിങ്ങമാസത്തിലാണ് വിദേശകപ്പലുകള്‍ സുഗന്ധവ്യാപാരത്തിനായി കേരളത്തില്‍ അടുത്തിരുന്നത്. അങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാന്‍ തുടങ്ങി. പരശുരാമകഥയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഐതിഹ്യവും പ്രചാരത്തിലുണ്ട്. വരുണനില്‍നിന്ന് കേരളക്ഷേത്രത്തെ മോചിപ്പിച്ച് ബ്രാഹ്മണര്‍ക്ക് ദാനം നല്‍കിയ പരശുരാമന്‍ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്തു. അതനുസരിച്ച് ചിങ്ങമാസത്തില്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്നാണ് ഐതിഹ്യം. ഈ ദിവസമാണ് ഓണമെന്നും സങ്കല്‍പമുണ്ട്. പതിനാലാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടിട്ടുള്ള ഉണ്ണുനീലിസന്ദേശത്തിലും അഞ്ചാം ശതകത്തില്‍ രചിക്കപ്പെട്ടിട്ടുള്ള ഉദ്ദണ്ഡശാസ്ത്രികളുടെ കൃതികളിലും ഓണത്തെക്കുറിച്ച് പരാമര്‍ശം കാണാം. ഏ.ഡി. 1200-ല്‍ കേരളം സന്ദര്‍ശിച്ച അഡീറിയക്കാരന്‍ പിനോര്‍ ജോണ്‍ തന്റെ ഓര്‍മ്മകളില്‍ എന്ന കൃതിയില്‍ കേരളത്തിലെ ആഘോഷങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത് ഓണത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്, 'ഇവിടെ സവിശേഷമായ ഒരു ഉത്സവം നടക്കുന്നുണ്ട്. നല്ലവനായ ഒരു ഭരണാധികാരിയുടെ സ്മരണയാണ് അതില്‍ നിറഞ്ഞുനില്‍ക്കുന്നത്. ജനങ്ങള്‍ വളരെ സന്തോഷത്തോടെയാണ് ഈ നാളുകളില്‍ കഴിയുന്നത്. പല കളികളും കാണിച്ച് അവര്‍ സന്തോഷം പങ്കിടുന്നു.' ഓണ സങ്കല്‍പ്പത്തെക്കുറിച്ച് വിദേശികള്‍ക്കും സ്വദേശികള്‍ക്കുമിടയില്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടെങ്കിലും ഓണം നല്‍കുന്ന സന്തോഷവും സമൃദ്ധിയും ഉത്സവപ്രതീതിയും എല്ലാ മലയാളികളും ജാതി മതഭേദമന്യേ ആഘോഷിച്ചുവരുന്നു. ദൈവസങ്കല്‍പ്പത്തെക്കാള്‍ സാംസ്‌കാരപരിവര്‍ത്തനത്തെയും സമ്പല്‍സമൃദ്ധിയുടെ ഇന്നലെകളെയും നാളെയുടെ പ്രതീക്ഷകളെയും ഓര്‍മ്മപ്പെടുത്തുന്നതുമാണ് ഓണം.
ഓണാഘോഷത്തിന്റെ ആഹ്ലാദത്തിന് അനുയോജ്യമായ അന്തരീക്ഷം ഇവിടുത്തെ പ്രകൃതിയും ഒരുക്കിയിട്ടുണ്ട്. കര്‍ക്കിടകത്തിലെ സങ്കടങ്ങള്‍ക്കു പകരം പൂക്കളും പച്ചപ്പും കാര്‍ഷിക വിളകളും നിറച്ച് പ്രകൃതിതന്നെ ചിങ്ങത്തിലെ ഓണത്തെ വരവേല്‍ക്കുന്നു. പ്രാചീനകാലം മുതല്‍ ഐശ്വര്യത്തിനുവേണ്ടി അദ്ധ്വാനിച്ച് ശീലിച്ചിട്ടുള്ള കര്‍ഷകര്‍ക്ക് ഓണം എന്നും ഒരു സംതൃപ്തിയുടെ ഉത്സവമായിരുന്നു. കര്‍ക്കിടകത്തിലെ പഞ്ഞത്തില്‍നിന്നും കരകയറി ജീവിതത്തിലെ തടസ്സങ്ങളെ മാറ്റിയെടുക്കുന്ന അതിജീവനത്തിന്റെ ആഘോഷമാണ് ഓണം.
വാണിജ്യവത്കരിക്കപ്പെടുന്ന ഓണാഘോഷങ്ങള്‍
ആബാലവൃദ്ധം ജനങ്ങളും ഉത്സവലഹരിയോടെ ആഘോഷിക്കുന്ന ഓണം ഇന്ന് വാണിജ്യവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഓണസംസ്‌കാരത്തിന്റെ സ്വഭാവം വഴിമാറിക്കഴിഞ്ഞു. മണ്ണിന്റെയും കൃഷിയുടെയും ഗന്ധമറിഞ്ഞ മലയാളിയിന്ന് 'ഹൈടെക്കായി' മാറിയിരിക്കുകയാണ്. മണ്ണിന്റെ താളം അറിയാതെ, കാടുകള്‍ വെട്ടിനിരത്തി അതിനുനടുവില്‍ വലിയ കൊട്ടാരങ്ങള്‍ പണിത് 'ഇക്കോഫ്രണ്ട്‌ലി' യായി ജീവിക്കുന്നു. തെങ്ങും കവുങ്ങും പ്ലാവും തേക്കും കപ്പയും തുടങ്ങി കൃഷിയെ സ്‌നേഹിച്ചിരുന്നവര്‍ ഇന്ന് ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. മുന്തിയ ഇനം ഹോട്ടലുകളില്‍ ഓണസദ്യ ഉണ്ണുവാനാണ് മലയാളി ഇന്ന് ഇഷ്ടപ്പെടുന്നത്. അച്ഛനും അമ്മയും മുത്തച്ഛനും മുത്തശ്ശിയും മക്കളും കൊച്ചുമക്കളുമായി ആഘോഷിച്ചിരുന്ന ഓണം ഹോട്ടലുകളിലേക്ക് വഴിമാറുമ്പോള്‍ ഒരു സാംസ്‌കാരികത്തനിമതന്നെയാണ് നഷ്ടമാകുന്നത്. കൃഷി ചെയ്യുന്നതിലുള്ള അഭിമാനംപോലും മറന്ന് അതെല്ലാം ഒരു സൈഡ് ബിസിനസ്സായി മാത്രം കൊണ്ടുനടക്കുകയാണ്. നദികളില്‍ അഴുക്കും പ്ലാസ്റ്റിക്കും, പൂന്തോട്ടങ്ങളില്‍ ഹൈബ്രിഡ് പുഷ്പങ്ങള്‍. അതിനിടയില്‍ വളര്‍ന്നുവരുന്ന മുല്ലയും മുക്കുറ്റിയും തുമ്പയുമെല്ലാം മുറ്റത്തിന് പുറത്ത് നിര്‍ത്തേണ്ട കാട്ടുപുല്ലായി മാറ്റപ്പെട്ടിരിക്കുന്നു.
ഓണമായാല്‍ ഉത്സവമാകുന്നത് ഇന്ന് അന്യസം സ്ഥാനങ്ങളിലുള്ള കര്‍ഷകര്‍ക്കല്ലേ? അത്തപ്പൂക്കളം തീര്‍ക്കാനും സദ്യ ഒരുക്കുവാനും മലയാളി ആശ്രയിക്കുന്നത് അന്യസംസ്ഥാനങ്ങളെയാണ്. പയറും പരിപ്പും അരിയും പൂക്കളും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിയെങ്കില്‍ മാത്രമെ മലയാളിക്കിന്ന് ഓണസദ്യ വിളമ്പാനും അത്തപ്പൂക്കളം ഒരുക്കുവാനും സാധിക്കുകയുള്ളൂ. ഈ പൂക്കളെല്ലാം നിരത്തി ഓണം ആഘോഷിക്കുമ്പോള്‍ 'ഓണം മലയാളികളുടെ ദേശിയോത്സവ'മാകുന്നതെങ്ങനെയെന്ന ചോദ്യമുണ്ട്. കാര്‍ഷികവൃത്തിയുടെ സംതൃപ്തിയായിരുന്ന ഓണം മലയാളി മറന്നുപോയി കൊണ്ടിരിക്കുകയാണ്. ഓണത്തിന്റെ സംസ്‌കാരം വിദേശത്തും അന്യസംസ്ഥാനങ്ങളിലുമാണ് ഇന്ന് കുടിയേറിയിരിക്കുന്നത്. നാട്ടില്‍ ചില സാംസ്‌കാരികവേദികളും കലാലയങ്ങളും ഇതിന് അവസരമൊരുക്കുന്നു. അവിടെ കൂട്ടായ്മയുടെ വിരുന്നൊരുക്കുവാനായി മലയാളികള്‍ ഒത്തുചേരുകയും ഓണം ആഘോഷിക്കുകയും ചെയ്യുന്നു.
നമുക്ക് നമ്മുടെ നന്മകളുടെ സ്മരണകള്‍ ഉണര്‍ത്തുന്ന ഓണത്തെയും കാര്‍ഷികവൃത്തിയെയും വീണ്ടെടുക്കാം. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സ്മരണകള്‍ ഉയര്‍ത്തുന്ന ഓണക്കാലത്തിന്റെ ഓര്‍മ്മകളിലേക്ക് നമുക്ക് മടങ്ങാം. ഈ ഓണക്കാലത്ത് ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാതെ തെരുവോരങ്ങളിലും മക്കളെക്കാത്ത് അനാഥരായിരിക്കുന്ന പ്രായമായവരിലേക്കും നമ്മുടെ ശ്രദ്ധപതിപ്പിക്കാം. മണ്ണിനെ പൊന്നാക്കുന്ന കാര്‍ഷികസംസ്‌കാരത്തിന്റെ സ്മരണകളിലേക്കും ജീവിതരീതികളിലേക്കും യാത്രയാകാം.