നീതിയുടെ വഴിയിൽ

നീതിയുടെ വഴിയിൽ
Published on
ഭൂമിയിലെ ഏറ്റവും വലിയ മതവിഭാഗമെന്ന നിലയിൽ, എല്ലാവരേയും ചേർത്തുപിടിക്കാൻ നമുക്ക് ചുമതലയുണ്ട്, ഇന്ത്യയിൽ ക്രിസ്ത്യാനികൾ ഒരു ചെറുന്യൂനപക്ഷമാണെങ്കിലും. ഇപ്പോഴത്തെ ലോകവ്യാപകമായ അന്ധാളിപ്പിൽനിന്ന് പുറത്തുകടന്ന് പതറാതെ മുന്നോട്ടു പോകാൻ തുടർന്നും നമുക്ക് കഴിയണം.

സഭാസ്ഥാപനങ്ങൾ ഉയർന്ന മൂല്യബോധത്തോടെ പ്രവർത്തിക്കുന്നതു കാണുമ്പോൾ ഹൃദയം തുറന്ന് സന്തോഷിക്കുന്ന ആളുകളുണ്ട്. അങ്ങനെയല്ലാതെ കാര്യങ്ങൾ അനുഭവപ്പെടുന്ന സന്ദർഭങ്ങളിൽ അവർ കലഹിക്കുകയും ചെയ്യും. അതിനർഥം അവർ വിശ്വാസവിരുദ്ധരാണെന്നോ സഭാവിരുദ്ധരാണെന്നോ അല്ല. ക്രൈസ്തവികത, ഭൂമിയിൽ നടപ്പാക്കിക്കാണാനാഗ്രഹിക്കുന്ന മൂല്യബോധം ചിലരെങ്കിലും ലാഭനഷ്ടക്കണക്കിൽ കയ്യൊഴിയുന്നതു കാണുമ്പോൾ ഉണ്ടാകുന്ന അവരുടെ വികാരവിക്ഷോഭങ്ങളാണ് പ്രധാനം. എങ്കിലും വിമർശിക്കപ്പെടുന്നതിനേക്കാൾ നമ്മൾ ഭയപ്പെടേണ്ടത് വിമർശിക്കപ്പെടാത്ത അവസ്ഥയാണ്. പ്രതീക്ഷയുടെ ഒരു ചെറുതരിയെങ്കിലും ഉള്ളിലുള്ളതുകൊണ്ടാണല്ലോ വിമർശനങ്ങൾ.

നൂറ്റാണ്ടുകളായി എത്രയോ സന്യസ്തർ രൂപപ്പെടുത്തിയെടുത്തതാണ് സഭാസ്ഥാപനങ്ങൾ. എങ്കിലും കാലം മാറുമ്പോൾ അവരുടെ സഫലമായ ചരിത്രംപോലും വിസ്മരിക്കപ്പെടാം. പണം ദൈവമായി മാറുന്ന വർത്തമാനകാല ലോകസാഹചര്യത്തിൽ വിശേഷിച്ചും. അപ്പോൾ വിമർശനങ്ങളുടെ ചെറിയ വെളിച്ചംപോലും സുപ്രധാനമായി മാറും. എവിടെനിന്നാണ് സത്യം തിരശ്ശീല നീക്കിവരുന്നതെന്ന് പറയാൻ പറ്റില്ല.

ധനാധിപത്യംപോലെ ലോകത്തെ ഗ്രസിച്ചിരിക്കുന്ന മറ്റൊരു വിപത്താണ്, എല്ലാ വിഭാഗം മനുഷ്യരും അവരുടെ മാളങ്ങളിലേക്ക് ഉൾവലിയുന്ന സ്ഥിതി. സ്വന്തം മതത്തിനോ ജാതിക്കോ പാർട്ടിക്കോ അപ്പുറം നോട്ടം ചെല്ലാത്ത മനുഷ്യർ. അവരുടെ നോട്ടമെത്താത്ത ഇടങ്ങളിലും മനുഷ്യരുണ്ട്. അശരണരുടേതുകൂടിയാണ് ലോകം. ഭൂമിയിലെ ഏറ്റവും വലിയ മതവിഭാഗമെന്ന നിലയിൽ, എല്ലാവരേയും ചേർത്തുപിടിക്കാൻ നമുക്ക് ചുമതലയുണ്ട്, ഇന്ത്യയിൽ ക്രിസ്ത്യാനികൾ ഒരു ചെറുന്യൂനപക്ഷമാണെങ്കിലും.

ഇപ്പോഴത്തെ ലോകവ്യാപകമായ അന്ധാളിപ്പിൽനിന്ന് പുറത്തുകടന്ന് പതറാതെ മുന്നോട്ടു പോകാൻ തുടർന്നും നമുക്ക് കഴിയണം. അതിന്, ഉയർന്ന മൂല്യബോധം നമുക്ക് തുണയാകണം. മതത്തിനും ജാതിക്കും പാർട്ടിക്കും അപ്പുറം എല്ലാ വിഭാഗം മനുഷ്യരുടേയും സങ്കടങ്ങൾ നമ്മൾ ഉൾക്കൊള്ളണം.

നൂറുവയസ് പിന്നിടുന്ന സത്യദീപത്തിന് എന്റെ വിനീതമായ ആശംസകൾ.

logo
Sathyadeepam Online
www.sathyadeepam.org