
2021 നവംബര്‍ 25 വ്യാഴം രാവിലെ 11.30. അഭിവന്ദ്യ ആന്റണി കരിയില്‍ മെത്രാപ്പോലീത്തയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ലൈബ്രറിയില്‍ സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി നിശ്ചയിച്ചു നല്കിയ സമയം. അരമണിക്കൂര്‍ മുമ്പേ കാത്തിരിപ്പിന്റെ മുറിയിലെത്തി. അവിടെ വച്ചു കാണാനിടയായ ഒരു മോണ്‍സിഞ്ഞോറിനോടു കരിയില്‍ പിതാവിന്റെ ആഗമനോദ്ദേശ്യത്തെപ്പറ്റി സംസാരിക്കാനിടയായി. അപ്പോള്‍ അദ്ദേഹം പറഞ്ഞ ആശ്വാസവാക്കുകള്‍ ശ്രവിച്ചശേഷമാണ് മാര്‍പാപ്പയുടെ ലൈബ്രറിയില്‍ പ്രവേശിച്ചത്. ആ മോണ്‍സിഞ്ഞോര്‍ പറഞ്ഞു: ''ഫ്രാന്‍സിസ് പാപ്പ വലിയ വിവേചനം (great discernment) ഉള്ള അജപാലകനാണ്. നിങ്ങള്‍ പറയുന്നതില്‍ കാര്യമുണ്ടെങ്കില്‍, അദ്ദേഹം അതു പെട്ടെന്നു തിരിച്ചറിയും.''
അജഗണങ്ങളുടെ നന്മയില്‍ അതീവശ്രദ്ധയുള്ള ഒരു അജപാലകനെയാണ് മാര്‍പാപ്പയില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞത്. ഏകീകൃത കുര്‍ബാനയര്‍പ്പണ രീതി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നവംബര്‍ 28-ാം തീയതി നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ഉണ്ടാകാനിടയുള്ള അജപാലന പ്രതിസന്ധി കരിയില്‍ മെത്രാപ്പോലീത്ത മാര്‍പാപ്പയുടെ മുമ്പില്‍ അവതരിപ്പിച്ചു. അപ്പോള്‍ പരിശുദ്ധ പിതാവിന്റെ പ്രതികരണം ഒരു നിയമ ദാതാവിന്റേതായിരുന്നില്ല; മറിച്ച്, നലംതികഞ്ഞ ഒരജപാലകന്റേതായിരുന്നു. കാനോന്‍ നിയമത്തിലെ 1538-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന ഒഴിവിനെ(dispensation)പ്പറ്റിയല്ല അദ്ദേഹം ചിന്തിച്ചതെന്നു തോന്നി. രൂപതയ്ക്കുള്ളില്‍ അശാന്തിയും അനൈക്യവും ഉണ്ടാകാതിരിക്കാന്‍ അതതു രൂപതയിലെ മെത്രാനുള്ള ഉത്തരവാദിത്വത്തെപ്പറ്റിയാണ് മാര്‍പാപ്പ ആദ്യം സംസാരിച്ചത്. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞു.
കരിയില്‍ പിതാവിന്റെ ആകുലതകളെ തന്റെ ഹൃദയത്തോടു ചേര്‍ത്തുവയ്ക്കുന്ന ഒരു വത്സലപിതാവിനെയാണ് ആ സമയത്ത് ഞാന്‍ ദര്‍ശിച്ചത്. അദ്ദേഹത്തിന്റെ മുഖഭാവം അതു വെളിപ്പെടുത്തി. ഇടയന്മാര്‍ക്ക് ആടുകളുടെ മണമുണ്ടായിരിക്കണമെന്നും സഭയുടെ ഭരണകേന്ദ്രങ്ങളില്‍ കസ്റ്റംസ് ഓഫീസിന്റെ കാര്‍ക്കശ്യമുണ്ടായിരിക്കരുതെന്നും മറ്റും പറഞ്ഞിട്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ഞാന്‍ നേരിട്ട് അനുഭവിച്ച നിമിഷങ്ങളായിരുന്നവ. തുടര്‍ന്നാണ് കാനോന്‍ 1538-ന്റെ സാധ്യതയെപ്പറ്റി പാപ്പ സംസാരിച്ചത്. സിനഡിന്റെ തീരുമാനം നടപ്പില്‍വരാന്‍ രണ്ടു ദിവസം കൂടിയേ അവശേഷിക്കുന്നുള്ളുവെന്ന വസ്തുത ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, പൗരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള കാര്യാലയത്തില്‍ വിവരം ധരിപ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പിറ്റേ ദിവസം പ്രസ്തുത കാര്യാലയത്തിന്റെ പ്രീഫെക്റ്റ് കര്‍ദ്ദിനാള്‍ സാന്ദ്രിയെ സന്ദര്‍ശിക്കുന്നുണ്ടെന്നറിയിച്ചപ്പോള്‍, താന്‍ തന്നെ കര്‍ദ്ദിനാള്‍ സാന്ദ്രിയുമായി ഫോണില്‍ സംസാരിച്ചു കൊള്ളാമെന്നു പറഞ്ഞു.
ഏതാണ്ട് 30 മിനിറ്റ് സമയം മാര്‍പാപ്പയുടെ ലൈബ്രറിയില്‍ ചിലവഴിക്കാന്‍ അവസരം ലഭിച്ചു. അതില്‍ ആദ്യത്തെ ഏതാനും നിമിഷങ്ങള്‍ ഫോട്ടോ സെഷന്‍, സമ്മാനം കൈമാറല്‍, കുശലാന്വേഷണം എന്നിവയ്ക്കായി ചെലവഴിച്ചു. തുടര്‍ന്ന് 10 മിനിറ്റ് കരിയില്‍ മെത്രാപ്പോലീത്ത എഴുതിക്കൊണ്ടു വന്നിരുന്ന അപേക്ഷ വായിച്ചു. മെത്രാപ്പോലീത്ത ഇംഗ്ലീഷില്‍ വായിച്ചതിന്റെ ഇറ്റാലിയന്‍ പരിഭാഷ മാര്‍പാപ്പയ്ക്കായി ഇറ്റാലിയനില്‍ തയ്യാറാക്കിയിരുന്നു. അടുത്ത 10 മിനിറ്റുകൂടി മാര്‍പാപ്പയുമായി പിതാവും ഞാനും സംസാരിച്ചു. സംഭാഷണം അവസാനിപ്പിച്ചശേഷം, മാര്‍പാപ്പ എഴുന്നേറ്റ് ഞങ്ങള്‍ നിന്ന സ്ഥലത്തേക്കുവന്ന് ഹസ്തദാനം നടത്തി. തുടര്‍ന്ന് ശിരസ്സു നമിച്ചുനിന്ന ഞങ്ങളെ ആശീര്‍വദിക്കുകയും വാതില്‍ക്കല്‍ വരെ വരികയും ചെയ്തു.
മാര്‍പാപ്പയുടെ ആശ്വാസവാക്കുകള്‍ ശ്രവിച്ചശേഷം, പിറ്റേ ദിവസം രാവിലെ കര്‍ദ്ദിനാള്‍ സാന്ദ്രിയെ സന്ദര്‍ശിക്കുന്നതിന് പൗരസ്ത്യ സഭാകാര്യാലയത്തില്‍ ചെന്നു. മാര്‍പാപ്പ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും കാര്യങ്ങള്‍ സംസാരിച്ചുവെന്നുമാണ് കര്‍ദ്ദിനാള്‍ സാന്ദ്രി ആമുഖമായി പറഞ്ഞത്. മാര്‍പാപ്പ പറഞ്ഞ കാര്യങ്ങള്‍ കുറിച്ചെടുത്ത ഒരു പേപ്പറും അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. അതു ഞങ്ങളുടെ നേരേ നീട്ടിക്കൊണ്ട്, മാര്‍പാപ്പ തന്റെ അഭിപ്രായങ്ങള്‍ അറിയിച്ചിരിക്കുവെന്നു പറഞ്ഞു. ഏതാണ്ട് ഒരു പേജോളം വരുന്ന ഒരു കുറിപ്പായിരുന്നു അത്. മാര്‍പാപ്പ കര്‍ദ്ദിനാളിനോടു ഫോണില്‍ സംസാരിച്ചുവെന്നതും, കരിയില്‍ പിതാവ് അദ്ദേഹത്തോടു പറഞ്ഞ കാര്യങ്ങള്‍ കര്‍ദ്ദിനാള്‍ സാന്ദ്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നതും തികഞ്ഞ ആശ്ചര്യത്തോടുകൂടി മാത്രമേ ഇന്നും ഓര്‍ക്കാന്‍ കഴിയൂ. കാരണം, ആഗോള സഭയെ സംബന്ധിക്കുന്ന നൂറു നൂറു കാര്യത്തില്‍ വ്യാപൃതനായിരിക്കുന്ന മാര്‍പാപ്പ, ഒരു ചെറുസമൂഹത്തിന്റെ രോദനം കേള്‍ക്കാന്‍ സമയം കണ്ടെത്തിയത് നിസ്സാര കാര്യമല്ലല്ലോ. സഭയില്‍ സമാധാനവും ഐക്യവും പുലരണമെന്നതില്‍ വലിയ മുക്കുവനുള്ള തീക്ഷ്ണത എത്ര വലുതാണെന്ന് എനിക്കു നേരിട്ടു ബോധ്യമായി.
മാര്‍പാപ്പ, കര്‍ദ്ദിനാള്‍ സാന്ദ്രിയുമായി സംസാരിച്ചതിന്റെ വെളിച്ചത്തിലും ഏകീകൃത കുര്‍ബാനയര്‍പ്പണരീതി അതിരൂപതയില്‍ നടപ്പിലാക്കിയാല്‍ സംഭവിക്കാനിടയുള്ള ഗൗരവതരമായ അജപാലന പ്രതിസന്ധി പരിഗണിച്ചും ഒരു പരിഹാരം ഉടനടി വേണ്ടതാണെന്നു കര്‍ദ്ദിനാളിനും ബോധ്യമായെന്നുവേണം മനസ്സിലാക്കാന്‍. റോമിന്റെ തീരുമാനം എന്തെന്ന് രേഖാമൂലം ലഭിക്കേണ്ടതിന്റെ ആവശ്യകത കരിയില്‍ പിതാവ് കര്‍ദ്ദിനാള്‍ സാന്ദ്രിയെ അറിയിച്ചപ്പോള്‍, വൈകുന്നേരം നല്കാമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. കാത്തിരിക്കാന്‍ തയ്യാറാണെന്നു ഞങ്ങള്‍ പറഞ്ഞപ്പോള്‍, കുറച്ചുസമയം കാത്തിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഏതാണ്ട് രണ്ടു മണിക്കൂര്‍, കഴിഞ്ഞപ്പോള്‍ ഒരു പേജുള്ള കത്ത് തയ്യാറാക്കിക്കൊണ്ടുവന്നു. അത്രയും സമയം എടുത്തതുകൊണ്ട് വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയിരിക്കുമെന്ന് ഞാനൂഹിക്കുന്നു.
മാര്‍പാപ്പ, കരിയില്‍ പിതാവിനു അനുവദിച്ച സ്വകാര്യ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായി വേണം ആ കത്തിനെ വിലയിരുത്താന്‍ കാരണം, "I write, following your Audience with the Holy Father" എന്നാണ് അതിലെ ആമുഖവാക്യം. മാര്‍പാപ്പയുടെ ഇടപെടലിന്റെ വെളിച്ചത്തില്‍, പൗരസ്ത്യ സഭാ കാര്യാലയം നല്കിയ കത്തിന്റെ ആധികാരികതയും പ്രാമുഖ്യവും മറ്റു കത്തുകളെ അതിശയിക്കുന്നതാണല്ലോ. പരിശുദ്ധ പിതാവിന്റെ പ്രഥമ പരിഗണന, വിശ്വാസികളുടെ നന്മയും സഭയിലുണ്ടാകേണ്ട ഐക്യവും സമാധാനവുമാണെന്നാണ് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്.