റഷ്യയുടെ ഉക്രൈന്‍ അധിനിവേശം രണ്ടു മാസം പിന്നിട്ടിരിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും നാശോന്മുഖവും മനുഷ്യത്വരഹിതവുമായ യുദ്ധത്തിന്റെ കെടുതികള്‍ രൂക്ഷമാകുന്നു എന്നല്ലാതെ എന്തെങ്കിലും നേട്ടം റഷ്യ ഈ അധിനിവേശത്തിലൂടെ കൈവരിച്ചതായി കണക്കാക്കപ്പെടുന്നില്ല. ഏറ്റവും പുതിയ കണക്കനുസരിച്ച് യുദ്ധം ആരംഭിച്ചതിനു ശേഷം ആറ് ദശലക്ഷത്തോളം അഭയാര്‍ത്ഥികള്‍ ഉക്രൈനില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്. യുദ്ധക്കെടുതിയില്‍ ജീവഹാനി സംഭവിച്ച പൗരന്മാരുടെ എണ്ണം ഇതുവരെയും തിട്ടപ്പെടുത്തിയിട്ടില്ല. യുദ്ധത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെയോ ഉക്രൈയിന്‍ സൈനികരുടെയോ കണക്കുകളും ലഭ്യമല്ല. യുദ്ധഫലമായി ഉക്രൈയിനില്‍ മാത്രമല്ല, റഷ്യയിലും ദാരിദ്ര്യവും പട്ടിണിയും അസ്വസ്ഥതകളും പെരുകിയിരിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തികച്ചും അനീതിപരവും അക്രമോത്സുകമായ ഈ അധിനിവേശം തടയുന്നതില്‍ മാത്രമല്ല ഇത് അവസാനിപ്പിക്കുന്നതിലും ലോകരാഷ്ട്രങ്ങള്‍ ദയനീയമായി പരാജയപ്പെടുകയാണ്. മാനവരാശിയുടെ തന്നെ നിലനില്പിനു ഹാനികരമായ ഈ അധിനിവേശത്തില്‍ നിന്ന് പിന്മാറാനോ യുദ്ധം അവസാനിപ്പിക്കാനോ റഷ്യ കാര്യമായി ശ്രമിക്കുന്നില്ല എന്നതാണ് വസ്തുത.
ഉക്രൈന്‍ അധിനിവേശത്തിന് റഷ്യയ്ക്ക് രാഷ്ട്രീയവും സൈനികവുമായ നിരവധി കാരണങ്ങള്‍ നിരത്താനുണ്ടാവും. ഈ ആരോപണങ്ങളില്‍ ഭാഗികമായി വസ്തുതകളും കണ്ടേക്കാം. എന്നിരുന്നാലും അവയൊന്നും ഇത്തരം ഒരു യുദ്ധം ന്യായീകരിക്കുവാന്‍ പര്യാപ്തമല്ല. ഈ അധിനിവേശത്തില്‍ റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമര്‍ പുടിനോടൊപ്പം വിമര്‍ശനവിധേയമായിട്ടുള്ള ഒന്നാണ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അധിപനായ പാത്രിയാര്‍ക്കിസ് കിറിലിന്റെ നിലപാടുകളും യുദ്ധത്തോടുള്ള സമീപനവും. പുടിന്റെ താല്‍പര്യങ്ങള്‍ കേവലം രാഷ്ട്രീയ മേല്‍ക്കോയ്മ മാത്രമല്ല, മറിച്ച് സാര്‍ചക്രവര്‍ത്തിമാരുടെ സാമ്രാജ്യകാലഘട്ടത്തിലെ പ്രാചീന റഷ്യയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുക എന്നതാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ റഷ്യയും ഉക്രൈനും ഇന്നും ഒരേ രാജ്യം തന്നെയാണ്. ഉക്രൈന്‍ സാംസ്‌കാരികമായും മതപരമായും റഷ്യയുടെ ഹൃദയം തന്നെയെന്ന് പുടിന്‍ കരുതുകയും ചെയ്യുന്നു. ആധുനിക ഉക്രൈന്‍ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത് കമ്മ്യൂണിസ്റ്റ് റഷ്യയുടെ ഭരണത്തിനു കീഴിലാണെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെയായുള്ള പാശ്ചാത്യ സ്വാധീനഫലമായി നഷ്ടമായ തനിമയും സ്വത്വവും വീണ്ടെടുത്ത് പൗരാണിക റഷ്യയുടെ മഹത്വം തിരിച്ചുപിടിക്കാനുള്ള ശ്രമമായിട്ടാണ് പുടിന്‍ ഈ അധിനിവേശത്തെ വ്യാഖ്യാനിക്കുന്നത് .
ഉക്രൈനു തനതായ പൈതൃകവും റഷ്യയില്‍നിന്നും വിഭിന്നമായ സാംസ്‌ക്കാരിക പശ്ചാത്തലവും ഉണ്ടെങ്കിലും ഈ രണ്ടു രാജ്യങ്ങളും പങ്കുവയ്ക്കപ്പെടുന്ന ഒട്ടനവധി ചരിത്ര സമാനതകളുമുണ്ട്. ഈ രണ്ടു രാജ്യങ്ങളുടെയും സ്വത്വനിര്‍മ്മിതിക്ക് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വളരെ നിര്‍ണ്ണായകമായ സ്ഥാനമാണുള്ളതും. പേഗണ്‍ സംസ്‌ക്കാരത്തില്‍ നിന്നും ക്രിസ്തുമതം സ്വീകരിച്ച വ്‌ലാഡിമര്‍ ഒന്നാമന്‍ ചക്രവര്‍ത്തി (980-1015) പ്രഥമ റഷ്യന്‍ സാമ്രാജ്യം സ്ഥാപിച്ചപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയെ റഷ്യയുടെ ഓദ്യോഗികമതമായി പ്രഖ്യാപിച്ചു. അന്നു മുതലുള്ള റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ചരിത്രം റഷ്യന്‍ രാഷ്ട്രീയവുമായി ഇഴപിരിയാതെ ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. പരിശുദ്ധ റഷ്യന്‍ മാതൃരാജ്യം (The Holy Russian Motherland) എന്ന സങ്കല്പം സാര്‍ചക്രവര്‍ത്തിമാര്‍ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കായി നന്നായി ഉപയോഗിച്ച സങ്കേതികപദമാണ്. ഓര്‍ത്തഡോക്‌സ് സഭയാകട്ടെ അതിന് വഴിപ്പെടുകയും ചെയ്തു. 1917-ലെ കമ്മ്യൂണിസ്റ്റ് വിപ്ലവാനന്തരം റഷ്യന്‍ രാഷ്ട്രീയത്തില്‍ മതത്തിന്റെ സ്വാധീനം കുറഞ്ഞുവെങ്കിലും കമ്മ്യൂണിസ്റ്റാനന്തര റഷ്യയില്‍ ഓര്‍ത്തഡോക്‌സ് സഭ അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുവാനുള്ള ശ്രമത്തിലായിരുന്നു. 2004-ല്‍ പുടിന്‍ പ്രസിഡണ്ട് ആയപ്പോള്‍ മുതല്‍ ഭരണകൂടവും സഭയും തമ്മിലുള്ള ബന്ധം സുദൃഢമായി. പ്രസിഡണ്ട് പുടിന്റെ ആത്മീയ ഉപദേഷ്ടാവായിട്ടാണ് പാത്രിയാക്കിസ് കിറിലിനെ ആഗോള മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതും.
2018-ല്‍ ഉക്രൈന്‍ ഓര്‍ത്തഡോക്‌സ് സഭ സ്വതന്ത്ര വ്യക്തിത്വം സ്വീകരിച്ചതിനെ വളരെ ശക്തമായി എതിര്‍ക്കുകയും ഇത് അംഗീകരിച്ചതിനു കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കിസ് ബര്‍ത്തലോമിയ പ്രഥമനെ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുള്ളയാളാണ് റഷ്യന്‍ പാത്രിയാര്‍ക്കിസ് കിറില്‍. പുടിനെപ്പോലെ തന്നെ കിറിലും മുന്‍ കെജിബി അംഗമായിരുന്നു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാശ്ചാത്യ ലോകത്തോടു പൊതുവെയും സമകാല യൂറോപ്പിലെ പുരോഗമനോന്മുഖമായ നിലപാടുകളോട് പ്രത്യേകിച്ചും കിറിലിനുള്ള എതിര്‍പ്പ് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. 2006 ഏപ്രിലില്‍ നടന്ന ആഗോള ഓര്‍ത്തഡോക്‌സ് സഭാസംഗമത്തില്‍, സാംസ്‌കാരിക പൈതൃകങ്ങളുടെ നിരാസത്തിന് കാരണക്കാരായാണ് പാശ്ചാത്യ മനുഷ്യാവകാശ പ്രവര്‍ത്തകരെ അദ്ദേഹം അവതരിപ്പിച്ചത്. കാരുണ്യവധത്തിനും ചൂതാട്ടത്തിനും സ്വവര്‍ഗ്ഗ സംഭോഗത്തിനും പ്രേരിപ്പിക്കുന്ന ഏകാധിപതികളാണവര്‍. മനുഷ്യാവകാശങ്ങളെക്കാള്‍ ഒട്ടും താഴെയല്ലാത്ത അവകാശങ്ങളാണ് വിശ്വാസവും ധാര്‍മികതയും സാംസ്‌കാരികമൂല്യങ്ങളുടെയും വിശുദ്ധനാടിന്റെയും സംരക്ഷണവുമെന്ന് ഈ കൗണ്‍സില്‍ പ്രമേയം പാസാക്കുകയും ചെയ്തു. പിന്നീട് താന്‍ പാത്രിയാര്‍ക്കിസ് സ്ഥാനമേറ്റെടുത്തതിനു ശേഷം കിറില്‍ നടത്തിയ പ്രസ്താവനയില്‍ മദ്ധ്യകാലഘട്ടത്തില്‍ പൗരോഹിത്യത്തിന്റെ പരമാധികാരത്തെ സൂചിപ്പിക്കുവാന്‍ പൊതുവായി ഉപയോഗിച്ചിരുന്നതും എന്നാല്‍ സമകാല സഭാവിജ്ഞാനീയത്തില്‍ ഏറെക്കുറെ വിസ്മരിക്കപ്പെട്ടിരുന്നതുമായ 'സിംഫോണിയ' (Symphonia) എന്ന പദത്തിന്റെ പ്രയോഗത്തിന് വ്യാപകമായ മാനങ്ങള്‍ ഉള്ളതായി നിരീക്ഷകര്‍ അന്നു തന്നെ വിലയിരുത്തിയിട്ടുണ്ട്.
വിശ്വാസത്തിന്റെ ദുരുപയോഗം
റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമിര്‍ പുടിന്റെ മതവിശ്വാസം ഇതിനകംതന്നെ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ പിതാവ് ഉറച്ച കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നുവെങ്കിലും തികച്ചും യാഥാസ്ഥിതിക ഓര്‍ത്തഡോക്‌സ് വിശ്വാസം പുലര്‍ത്തിയിരുന്ന അമ്മ, അദ്ദേഹത്തിന് രഹസ്യമായി മാമ്മോദീസ നല്‍കി. ശൈശവത്തില്‍ തന്നെ മതപരമായ അനുഷ്ഠാനങ്ങളോട് അദ്ദേഹം പ്രതിപത്തിയുള്ളവനായിരുന്നുവെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ കഴിഞ്ഞ ഓര്‍ത്ത ഡോക്‌സ് ഈസ്റ്റര്‍ ദിനത്തില്‍ മോസ്‌കോയിലെ കത്തീഡ്രലില്‍ ദിവ്യബലിക്ക് നില്‍ക്കുന്ന പുടിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വളരെ വ്യാപകമായ പ്രചരണം നേടിയിട്ടുണ്ട്.
പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്റെ സൈനികവും രാഷ്ട്രീയവുമായ താല്പര്യങ്ങള്‍ക്ക് റഷ്യയിലെ ഔദ്യോഗിക മതമായ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ വഴിപ്പെട്ടിരിക്കുന്ന രീതി ഒരു ജനതയുടെ മത വികാരങ്ങളെ രാഷ്ട്രീയം എപ്രകാരം ചൂഷണം ചെയ്യാം എന്നതിന്റെ ഏറ്റവും പരിഹാസ്യമായ സമകാല ഉദാഹരണമായി മാറിയിരിക്കുന്നു. മധ്യകാലയൂറോപ്പില്‍ സര്‍വ്വസാധാരണവും പില്‍ക്കാലത്ത് വളരെ വിമര്‍ശന വിധേയമാവുകയും ചെയ്ത മതാധിപത്യത്തിന്റെ ദുരുപയോഗമാണ് ഒരര്‍ത്ഥത്തില്‍ ഇപ്പോള്‍ റഷ്യയില്‍ നടക്കുന്നത്. സത്യാനന്തരലോകത്തിന് വളരെ പരിചിതമായ വ്യാജവാര്‍ത്ത നിര്‍മ്മിതിയും ഇതിന്റെ ആസൂത്രിതമായ പ്രചരണവും റഷ്യന്‍ ജനതയുടെ മതവികാരങ്ങളുടെ ചൂഷണത്തിന് കൃത്യമായി ഉപയോഗിച്ചിട്ടുമുണ്ട്. പുടിന്റെ വീക്ഷണത്തില്‍, ഉക്രൈന്‍ റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗം തന്നെയാണ്. രാഷ്ട്രീയവും സാംസ്‌കാരികവും മതപരവുമായി റഷ്യയില്‍ നിന്ന് വേറിട്ട് ഉക്രൈന്‍ സ്വതന്ത്രമായ അസ്തിത്വം നേടുന്നത് ഒരു കാരണവശാലും അദ്ദേഹത്തിന് സ്വീകാര്യമല്ല. മഹത്തായ വിശുദ്ധ റഷ്യന്‍ സാമ്രാജ്യത്തിന്റെ (The Great Holy Russian Empire) മൂല്യങ്ങള്‍ക്ക് കടകവിരുദ്ധവമായ ഇത്തരം ചിന്തകളെ തികച്ചും ദേശദ്രോഹകരമായ പ്രവൃത്തിയായാണ് പുടിന്‍ കാണുന്നതും വ്യാഖ്യാനിക്കുന്നതും. ഇന്നത്തെ ഉക്രൈന്റെ യഥാര്‍ത്ഥ ശില്പി കമ്മ്യൂണിസ്റ്റ് റഷ്യയും അതിന്റെ പ്രഗത്ഭരായ ഭരണകര്‍ത്താക്കളുമാണെന്നാണ് അദ്ദേഹത്തിന്റെ അവകാശ വാദം. മാത്രവുമല്ല റഷ്യയ്ക്ക് തികച്ചും അസ്വീകാര്യമായ പാശ്ചാത്യ ദര്‍ശനങ്ങളുടെ സ്വാധീനത്തിന് ഉക്രൈന്‍ അതി തീവ്രമായി വശപ്പെട്ടിരിക്കുകയുമാണ്. 2018-ല്‍ ഉക്രൈന്‍ ഓര്‍ത്തഡോക്‌സ് സഭ, റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നും വേറിട്ട് സ്വതന്ത്ര വ്യക്തിത്വം സ്വീകരിച്ചത് ഇതിന്റെ ഏറ്റവും പ്രകടമായ തെളിവായി പുടിന്റെ അനുയായികള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഉക്രൈന്റെ ഭാഗമായിരുന്ന ക്രിമിയയില്‍ 2014-ല്‍ താന്‍ നടത്തിയ അധിനിവേശത്തെ വിശുദ്ധ റഷ്യന്‍ സാമ്രാജ്യത്തിന്റെ വീണ്ടെടുപ്പ് എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. ഈയൊരു മതസാംസ്‌ക്കാരികരാഷ്ട്രീയ മിശ്രിതത്തിന് റഷ്യയില്‍ ശക്തമായ സ്വാധീനം ചെലുത്തുവാനും കഴിഞ്ഞിട്ടുണ്ട്. റഷ്യയുടെ വിശുദ്ധവും നിര്‍മ്മലവുമായ മതപാരമ്പര്യങ്ങളെ തകര്‍ക്കുവാനാണ് ഉക്രൈന്‍ ശ്രമിക്കുന്നത് എന്ന തികച്ചും അടിസ്ഥാന രഹിതമായ ആരോപണം, ഉക്രൈന്‍ അധിനിവേശത്തിനു മുമ്പായി കഴിഞ്ഞ ഫെബ്രുവരി 21-ന് പുടിന്‍ ഉന്നയിച്ചത് വൈകാരികതയുടെ ഇത്തരം താത്ക്കാലിക ഭ്രമങ്ങളെ ചൂഷണം ചെയ്ത് റഷ്യയിലെ സാമാന്യജനത്തിന്റെ പിന്തുണ തനിക്ക് ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നു. യുദ്ധത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഇതില്‍ അദ്ദേഹം ഏറെക്കുറെ വിജയിക്കുകയും ചെയ്തു.
പുടിനെ സംബന്ധിച്ചിടത്തോളം മഹത്തായ റഷ്യന്‍ സംസ്‌കാരത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും വീണ്ടെടുപ്പാണ് ഈ യുദ്ധം ലക്ഷ്യമിടുന്നത്. മാത്രവുമല്ല തങ്ങള്‍ക്ക് തികച്ചും അസ്വീകാര്യമായ പാശ്ചാത്യ യൂറോപ്പ്യന്‍ മത സാംസ്‌കാരിക അധിനിവേശത്തെ ചെറുക്കേണ്ടത് റഷ്യയുടെ ആത്മാഭിമാനം സംരക്ഷിക്കുവാന്‍ അനിവാര്യമാണ് താനും. ഇങ്ങനെ വളരെ ശക്തവും തീവ്രവുമായി ദേശീയബോധത്തെയും മതവികാരങ്ങളെയും അരക്കിട്ടുറപ്പിക്കാന്‍ പുടിന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.
നീതിനിരാസത്തിലെ കനത്ത മൗനം
റഷ്യന്‍ ഭരണനേതൃത്വത്തിന്റെ എല്ലാവിധ ആനുകൂല്യങ്ങളും സമൃദ്ധമായി ആസ്വദിക്കുന്ന സമകാല റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം ഈ കാലഘട്ടങ്ങളില്‍ റഷ്യ നടത്തിയിട്ടുള്ള വിവിധ മനുഷ്യാവകാശ ധ്വംസനങ്ങളിലും ജനാധിപത്യ വിരുദ്ധതയിലും എന്നും നിശബ്ദത പാലിച്ചിട്ടുള്ളതേയുള്ളൂ. ഒരു രാഷ്ട്രം എന്ന നിലയില്‍ റഷ്യ നേരിടുന്ന ജനാധിപത്യധാര്‍മ്മിക അപഭ്രംശങ്ങളില്‍ നിശബ്ദമായിരുന്നിട്ടുള്ള പാത്രിയാക്കിസ് കിറിലിന്റെ ഉക്രൈന്‍ അധിനിവേശത്തെ സംബന്ധിച്ച നിലപാടുകള്‍ രാഷ്ട്രീയ നിരീക്ഷകരെ ഒട്ടും അത്ഭുതപ്പെടുത്തുന്നുമില്ല. അന്താരാഷ്ട്ര നിയമങ്ങളെ യാതൊരു മാനദണ്ഡവുമില്ലാതെ ലംഘിച്ച പുടിന്റെ നയങ്ങളെയോ രീതികളെയോ എതിര്‍ക്കുവാന്‍ പോയിട്ട് വിമര്‍ശനാത്മകമായി സമീപിക്കാന്‍ പോലും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം ശ്രമിച്ചില്ല. മാത്രവുമല്ല ഉക്രൈന്‍ അധിനിവേശത്തിന് പുറപ്പെട്ട റഷ്യന്‍ സൈനികരെ വിശുദ്ധ യുദ്ധത്തിനായി ഇറങ്ങിത്തിരിക്കുന്ന പോരാളികള്‍ക്കുള്ള മതാത്മകമായ ചില അനുഷ്ഠാനങ്ങളോടെയാണ് ചില വൈദികര്‍ യാത്രയാക്കിയത്. ഇതിന് നിശബ്ദമായി പാത്രിയാക്കിസിന്റെ പിന്തുണയും ഉണ്ടായിരുന്നു.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് മുമ്പ് കഴിഞ്ഞ ഫെബ്രുവരി 23-നാണ് റഷ്യന്‍ ദേശീയ ദിനമായ റെഡ് ആര്‍മി ഡേ (Red army day) ആഘോഷിച്ചത്. ദൈര്‍ഘ്യമേറിയ അന്നത്തെ തന്റെ പ്രഭാഷണത്തില്‍ പാത്രിയാര്‍ക്കിസ് കിറില്‍ ഊന്നല്‍ നല്‍കിയത് സുസ്ഥിരമായ ദേശീയതയ്ക്കായിരുന്നു. റഷ്യന്‍ ദേശീയത ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളികളെയും സമാധാനത്തിന് എതിരായ ഛിദ്രശക്തികളെയും കുറിച്ച് ഈ പ്രഭാഷണത്തില്‍ അദ്ദേഹം വാചാലനായി. തങ്ങളുടെ പവിത്രമായ പിതൃഭൂമിയുടെ (The Holy Fatherland) അതിര്‍ത്തികള്‍ സംരക്ഷിക്കേണ്ടത് അനിവാര്യതയാണെന്നും അതിനായുള്ള പോരാട്ടം വിശുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അദ്ദേഹത്തെ പാത്രിയാര്‍ക്കിസായി അംഗീകരിക്കുന്ന ഇതരരാജ്യങ്ങളുടെ അതിര്‍ത്തികളെക്കുറിച്ചോ അവരുടെ സ്വയംഭരണത്തെക്കുറിച്ചോ അദ്ദേഹം ഒട്ടുമേ അലോസരപ്പെട്ടുമില്ല. തീവ്രദേശീയത നിറഞ്ഞതും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സാമ്രാജ്യത്വ പരമാധികാരത്തെ ഊട്ടിയുറപ്പിക്കുന്നതു മായ ഈ സന്ദേശത്തിനു ശേഷം കേവലം ഇരുപത്തിനാല് മണിക്കൂറിനകമാണ് ഉക്രെയിന്‍ അധി നിവേശത്തിന് പുടിന്‍ നിര്‍ദ്ദേശം നല്‍കിയത് എന്നത് ഈ സന്ദേശത്തിന്റെ ഉദ്ദേശത്തെ തന്നെ സംശയത്തിന്റെ നിഴലില്‍ എത്തിച്ചിരിക്കുന്നതാണ്. റഷ്യയുടെ കിരാതമായ ഈ അധിനിവേശത്തിനെതിരെ ആദ്യദിനങ്ങളില്‍ തികച്ചും നിശബ്ദത പാലിച്ച പാത്രിയാര്‍ക്കിസ് കിറില്‍, പിന്നീട് ഇത് ന്യായീകരിക്കുകയാണ് ചെയ്തത്. വിശുദ്ധ ഭൂമിയെയും ശ്രേഷ്ഠമായ മതപാരമ്പര്യങ്ങളെയും സംരക്ഷിക്കുവാന്‍ ചിലപ്പോള്‍ പട്ടാളത്തെ ഉപയോഗിക്കേണ്ടിവരും എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. റഷ്യയുടെയും ഉക്രൈനിന്റെയും ബലാറൂസിന്റെയും വിശുദ്ധ പാരമ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രവുമല്ല ദൈവവിദ്വേഷകരും മതനിരാസരും അനുഭവിക്കേണ്ടിവരുന്ന ശിക്ഷാവിധിയെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഉക്രൈന്‍ അധിനിവേശത്തെക്കുറിച്ചുള്ള ഇതര ക്രൈസ്തവ സഭാമേലധ്യക്ഷന്മാരുടെ നിലപാടുകളില്‍ നിന്നും തികച്ചും ഘടകവിരുദ്ധമായിരുന്നു പാത്രിയാര്‍ക്കിസിന്റെ ഇത്തരം സമീപനങ്ങള്‍.
ഇതുവരെയുള്ള എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ചുകൊണ്ടാണ് പോപ്പ് ഫ്രാന്‍സിസ് വത്തിക്കാനിലെ റഷ്യന്‍ കാര്യാലയത്തിലെത്തി യുദ്ധം അരുതെന്ന് അഭ്യര്‍ത്ഥിച്ചത്. 'മനുഷ്യവംശത്തിനും മാനവികതയ്ക്കും എതിരായ കിരാതമായ ആക്രമണം' എന്നാണ് കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കിസ് ബര്‍ത്തലോമിയ ഒന്നാമന്‍ ഈ അധിനിവേശത്തെ വിശേഷിപ്പിച്ചത്. ഉക്രൈന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ഒനുഫ്രീസ് മെത്രാപ്പോലീത്ത യുദ്ധം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡന്റിന് അയച്ച കത്ത് അത്യന്തം ശക്തവും ഹൃദയസ്പര്‍ശിയുമായിരുന്നു. പോളണ്ടിലെ സഭാകൂട്ടായ്മയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് സ്റ്റനിസ്ലാവ് ഗൊണ്ടേസ്‌ക്കി റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ യുക്തിരഹിതമായ ഈ യുദ്ധം അവസാനിപ്പിക്കുവാന്‍ പുടിനോട് അഭ്യര്‍ത്ഥിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പാത്രിര്‍യാക്കിസ് കിറിലിന് കത്ത് അയച്ചിരുന്നു. എല്ലാ സഭകളുടെയും പൊതു വേദിയായ സഭകളുടെ ലോക കൂട്ടായ്മ (World Council of Churches) ജനറല്‍ സെക്രട്ടറി റവ ഡോ. ഐയോണ്‍ സൂസ യുദ്ധം അവസാനിപ്പിക്കുവാന്‍ പുടിനെ പ്രേരിപ്പിക്കണം എന്ന അഭ്യര്‍ത്ഥനയോടെ പാത്രിയാര്‍ക്കിസ് കിറിലിന് കത്ത് നല്‍കുകയും ചെയ്തു. എന്തിനേറേ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ തന്നെ മുന്നൂറിലേറെ വൈദികര്‍ തങ്ങളുടെ മേലധികാരിയായ പാത്രിയാര്‍ക്കിസ് കിറിലിന്റെ യുദ്ധത്തിന് അനുകൂലമായ നിലപാടുകളെ എതിര്‍ത്തുകൊണ്ട് പരസ്യമായി രംഗത്തെത്തുകയും ചെയ്തു. പ്രസിദ്ധ ഓര്‍ത്തഡോക്‌സ് ദൈവ ശാസ്ത്രജ്ഞന്‍ ജോണ്‍ ക്രിസാവ്ഗ്‌സ് എഴുതി; 'അനാവശ്യവും അനുചിതവും അനീതിപരവും മനുഷ്യരാശിക്ക് എതിരായതുമായ ഈ യുദ്ധത്തിന് കാരണക്കാരനായ പുടിനെ യുദ്ധകുറ്റവാളിയായി കരുതുന്നതു പോലെ പാത്രിയാര്‍ക്കിസ് കിറിലിനെയും യുദ്ധകുറ്റവാളിയായി പരിഗണിക്കേണ്ടി വരും.'
എന്നാല്‍ ഈ അഭ്യര്‍ത്ഥനകള്‍ എല്ലാം പാത്രിയാര്‍ക്കിസ് കിറില്‍ തിരസ്‌കരിക്കുകയാണ് ചെയ്തത്. മാത്രവുമല്ല കഴിഞ്ഞ മാര്‍ച്ച് ആറിന് ഓര്‍ത്തഡോക്‌സ് സഭയുടെ നോമ്പിന് ആരംഭം കുറിച്ചു കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ യുദ്ധത്തെ ന്യായീകരിച്ചതിനുമപ്പുറം ഇതിന് ഒരു ആത്മീയ പരിവേഷം കൂടി നല്‍കുവാന്‍ ശ്രമിച്ചു. തിന്മക്കെതിരായുള്ള പോരാട്ടമെന്ന് നെറികെട്ട ഈ അധിനിവേശത്തെ വിശേഷിപ്പിച്ച അദ്ദേഹം മഹത്തായ പിതൃഭൂമിയുടെ (great fatherland) വിശുദ്ധി സംരക്ഷിക്കുവാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ഓര്‍മിപ്പിച്ചു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി ഉക്രൈന്‍ പാസാക്കിയിരിക്കുന്ന പുതിയ നിയമങ്ങളാണ് ദൈവവിരുദ്ധതയ്ക്ക് തെളിവായി അദ്ദേഹം നിരത്തിയത്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ കേവലം രാഷ്ട്രീയമാനങ്ങള്‍ക്ക് അതീതമായ അതിഭൗതികതലങ്ങള്‍ (metaphysical dimensions) ഈ യുദ്ധത്തിനുണ്ട്. ദൈവവിശ്വാസികള്‍ അത് മനസ്സിലാക്കുകയും അതിനനുസരിച്ച് പ്രതികരിക്കുകയും വേണം. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ നല്‍കിയ സന്ദേശത്തിലാവട്ടെ, യുദ്ധം വളരെ വേഗം അവസാനിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചെങ്കിലും യുദ്ധത്തിന് കാരണക്കാരനായവനെ അപലപിക്കുവാനോ ഇതിന്റെ ഇരകളെക്കുറിച്ച് പരാമര്‍ശിക്കാനോ ശ്രമിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
ഒരു കാലത്ത് ക്രൈസ്തവര്‍ വിശുദ്ധയുദ്ധങ്ങളെക്കുറിച്ച് അഥവാ ന്യായ യുദ്ധങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അത്തരം പരാമര്‍ശങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും പോപ്പ് ഫ്രാന്‍സിസ് പാത്രിയാര്‍ക്കിസ് കിറിലിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. യുദ്ധത്തെക്കുറിച്ചുള്ള ക്രൈസ്തവദര്‍ശനത്തില്‍ ഉണ്ടായ മാറ്റത്തെയാണ് പോപ്പ് ഇവിടെ സൂചിപ്പിച്ചത്. യുദ്ധബാധിതമായ ഉക്രൈനില്‍ യഥാര്‍ത്ഥ സമാധാനത്തിന്റെ സംവാഹകരാകുവാന്‍ പരിശുദ്ധാത്മാവ് തങ്ങളുടെ ഹൃദയങ്ങളെ പരിവര്‍ത്തനപ്പെടുത്തട്ടെ എന്നാണ് ഈസ്റ്റര്‍ദിനത്തില്‍ പാപ്പാ പാത്രിയാര്‍ക്കിസ് കിറിലിനയച്ച സന്ദേശവും. അടുത്ത ജൂണില്‍ റഷ്യന്‍ പാത്രിയാര്‍ക്കിസ് കിറിലുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച വത്തിക്കാന്‍ റദ്ദാക്കിയതിനെ വിലയിരുത്തേണ്ടത് ഈ പശ്ചാത്തലത്തിലാണ്. ഈ കൂടിക്കാഴ്ച റദ്ദാക്കിയതില്‍ തനിക്ക് വലിയ കുറ്റബോധം തോന്നുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ പാത്രിയാര്‍ക്കിസ് കിറിലുമായി താന്‍ ഒരു കൂടിക്കാഴ്ച നടത്തിയാല്‍ അത് ആഗോള തലത്തില്‍ പല സംശയങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും ഇടനല്‍കാന്‍ സാധ്യതയുണ്ട് എന്നുമാണ് പാപ്പയുടെ പക്ഷം. താന്‍ പാത്രിയാര്‍ക്കിസ് കിറിലുമായി യുദ്ധത്തെക്കുറിച്ച് സുദീര്‍ഘമായി വീഡിയോയില്‍ സംസാരിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം യുദ്ധത്തിന് അനുകൂലമായി നിരത്തിയ നിരവധി ന്യായീകരണങ്ങള്‍ തനിക്ക് ബോധ്യമായില്ല എന്നുമാണ് പിന്നീട് ഒരു അഭിമുഖത്തില്‍ പോപ്പ് ഫ്രാന്‍സിസ് പറഞ്ഞത്. കേവല വിഘടിതരാഷ്ട്രീയത്തിന്റെ ഭാഷ ഒഴിവാക്കി ക്രിസ്തുവിന്റെ ഭാഷ സംസാരിക്കാനായി പാത്രിയാര്‍ക്കിസ് കിറിലിനെ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. പ്രസിഡണ്ട് പുടിന്റെ കേവലം ഒരു അള്‍ത്താര ബാലന്‍ (Altar boy) എന്ന പോലെ പാത്രിയാര്‍ക്കിസ് പെരുമാറരുത് എന്ന പോപ്പ് ഫ്രാന്‍സീസിന്റെ വിമര്‍ശനത്തിന് ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാവും. ഇറാഖിലെ മോസുള്‍ സന്ദര്‍ശനത്തിനിടയില്‍ പോപ്പ് പറഞ്ഞതുപോലെ, വെറുപ്പ് പ്രചരിപ്പിക്കുകയോ അസമാധാനത്തിന് കാരണമാവുകയോ ജീവന്‍ ഹനിക്കുകയോ ചെയ്യുന്ന മതം സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ജീവന്റെയും ഉറവിടമായ ദൈവത്തില്‍ നിന്നും ഉള്ളതല്ല.
തങ്ങളുടെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് വേണ്ടി ദൈവദത്തമായ അധികാരത്തെ ദുര്‍വിനി യോഗം ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ അടിസ്ഥാനപരമായ ധാര്‍മികത പുലര്‍ത്തുവാന്‍ കഴിയുകയില്ല. ഭൗതികലാഭത്തിനായി രാഷ്ട്രീയ നേതൃത്വത്തെ ക്രമവിരുദ്ധമായി ആശ്രയിക്കേണ്ടി വരുന്ന ഒരു ക്രൈസ്തവനേതൃത്വത്തിനും ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധവും അനീതിപരവുമായ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാനാവില്ല. ഏകാധിപത്യത്തിന്റെ സ്വാര്‍ത്ഥനിലപാടുകളോട് രാജിയാവേണ്ടി വരുന്നത് ക്രൈസ്തവ നേതൃത്വത്തിന് ഉണ്ടാകാവുന്ന ഏറ്റവും വലിയ അപചയമാണ്. യാഥാസ്ഥിതികമായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമായി നിലകൊള്ളുകയും സത്യത്തെയും നീതിയെയും തമസ്‌കരിക്കുകയും ചെയ്യുന്ന ഇത്തരം നേതൃത്വങ്ങളെയാണ് ഒട്ടകത്തെ വിഴുങ്ങുകയും കൊതുകിനെ അരിച്ചു മാറ്റുകയും ചെയ്യുന്നവര്‍ എന്ന് യേശു വിശേഷിപ്പിച്ചിരിക്കുന്നത്. സുവിശേഷമൂല്യങ്ങള്‍ക്ക് യാതൊരു വിലയും കൊടുക്കാതെ താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി അധികാരത്തെ ദുര്‍വിനിയോഗം ദുരുപയോഗിക്കുന്നവര്‍ സുവിശേഷത്തില്‍ നിന്നും ക്രിസ്തുവില്‍ നിന്നും അനേകം കാതം അകലെയാണ് താനും.