കര്‍മ്മലീത്താ മാതൃസഭ (O.Carm.) ഭാരതത്തില്‍

കാര്‍മ്മല്‍ മലയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ സഹോദരന്മാരുടെ സഭ
കര്‍മ്മലീത്താ മാതൃസഭ (O.Carm.) ഭാരതത്തില്‍

സെന്റ് തോമസ് പ്രൊവിന്‍സ് ഇന്ത്യ

കര്‍മ്മലീത്താ സഭയുടെ (O.Carm.) ഇന്ത്യയിലെ സെന്റ് തോമസ് പ്രൊവിന്‍സ്, അപ്പര്‍ ജര്‍മ്മന്‍ പ്രൊവിന്‍സിന്റെ പ്രേഷിത തീക്ഷ്ണതയില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു യാഥാര്‍ത്ഥ്യമാണ്. ജര്‍മ്മന്‍ പ്രൊവിന്‍സിന്റെ 1973-ലെ പ്രൊവിന്‍ഷ്യല്‍ ചാപ്റ്ററില്‍, ഇന്ത്യയില്‍ സഭയുടെ ശാഖ ആരംഭിക്കുവാന്‍ തീരുമാനമായി. പ്രസ്തുത പ്രൊവിന്‍സിന്റെ പ്രൊ വിന്‍ഷ്യാളായിരുന്ന ഭാഗ്യസ്മരണീയനായ പെ. ബ. ജോസഫ് കോഷ്ണര്‍ അച്ചന്‍ കേരളത്തില്‍ ധാരാളം ദൈവവിളിയുണ്ടെന്നു മനസ്സിലാക്കി സഭ ഇവിടെ ആരംഭിക്കുവാന്‍ അതിയായി പരിശ്രമിച്ചു. തന്റെ ബാഹ്യമായ കാഴ്ചകക്കുറവ് പരിഗണിക്കാതെ ഇന്ത്യയില്‍ എത്തുകയും കേരളത്തിലെ വിവിധ രൂപതാദ്ധ്യക്ഷന്മാരും സന്യാസ സഭാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തുകയും അതില്‍ നിന്നും അദ്ദേഹത്തിനു കിട്ടിയ ഉള്‍ക്കാഴ്ചയാല്‍ സഭ കേരളത്തില്‍ ആരംഭിക്കേണ്ടത് എങ്ങനെയെന്നും അത് ഏതു വിധത്തിലായിരിക്കണമെന്നും വളരെ ദീര്‍ഘവീക്ഷണത്തോടെ പദ്ധതി ഉണ്ടാക്കുകയും ചെയ്തു. അതിന്‍ പ്രകാരം 1973, 74, 76 കാലഘട്ടങ്ങളില്‍ സിഎംഐ സന്യാസ വൈദികരുടെ സഹായത്തോടെ വൈദികാര്‍ത്ഥികളെ തെരഞ്ഞെടുത്ത് ജര്‍മ്മനിയിലെ ബാംബര്‍ഗിലെ സെമിനാരിയില്‍ അയച്ച് പരിശീലനം ആരംഭിച്ചു.

വൈദികപരിശീലനം പൂര്‍ത്തിയാക്കിയ സണ്ണി കൊടിയന്‍, തോമസ് കിഴക്കേമുറി എന്നിവര്‍ 1982ലും ജോണ്‍ അടപ്പൂര്‍, ഫ്രാന്‍സിസ് പാവര്‍ട്ടിക്കാരന്‍ എന്നിവര്‍ 1983-ലും ആദ്യത്തെ ഇന്ത്യന്‍ കര്‍മ്മലീത്താക്കാരായി കേരളത്തില്‍ തിരിച്ചെത്തി.

കേരളത്തില്‍ എത്തിയ ആദ്യാംഗങ്ങള്‍ കോതമംഗലം രൂപതയുമായി ചേര്‍ന്നു നിന്നുകൊണ്ട് അന്നു രൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ ജോര്‍ജ് പുന്നകോട്ടിലിന്റെ പ്രത്യേക താല്പര്യത്താല്‍ ഇന്ത്യയിലെ ആദ്യത്തെ കര്‍മ്മലീത്താ (O.Carm.) ഭവനമായ 'കാര്‍മ്മല്‍ നിവാസ്' കറുകടം എന്ന സ്ഥലത്ത് 1982-ല്‍ ആരംഭിച്ച് കൂദാശ ചെയ്തു. കാര്‍മ്മല്‍ നിവാസിനു വേണ്ടി വസ്തു വാങ്ങുന്നതിനും മറ്റും സഹായിച്ച ബ. പുളിക്കലച്ചനെ നന്ദിയോടെ സ്മരിക്കുകയും അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്യുന്നു. ഇവിടത്തെ മൈനര്‍ സെമിനാരിയായി അന്നു മുതല്‍ പ്രവര്‍ത്തിക്കുന്ന 'കാര്‍മ്മല്‍ നിവാസ്' 40 വര്‍ഷം പൂര്‍ത്തിയാക്കിക്കൊണ്ട് 'റൂബി' ജൂബിലിയുടെ നിറവിലാണെന്നു പ്രിയോര്‍ ഫാ. തങ്കച്ചന്‍ ഞാളിയത്ത് അനുസ്മരിക്കുന്നു.

ഇന്ത്യയിലെ രണ്ടാമത്തെ ഭവനം, മാനന്തവാടി രൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴിയുടെ പ്രത്യേക വാത്സല്യത്താല്‍ 1984-ല്‍ വയനാട് ജില്ലയിലെ കാട്ടിക്കുളത്ത് സ്ഥാപിതമായി. കാട്ടിക്കുളത്തെ 'കാര്‍മ്മല്‍ നികേതന്‍' സഭയുടെ നവസന്യാസ പരിശീലന ഭവന (നൊവിഷ്യേറ്റ് ഭവനം)മായി ഇന്നും നിലകൊള്ളുന്നു. 1988-ല്‍ മേജര്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കായി ബംഗളുരു കാര്‍മ്മല്‍ ജ്യോതി എന്ന സ്റ്റഡി ഹൗസ് സ്ഥാപിതമായി. കാര്‍മ്മല്‍ ജ്യോതി സ്ഥാപിതമാകുന്നതിനു മുമ്പ് സിഎംഐ സഭയുടെ സ്ഥാപനമായ ധര്‍മ്മാരാം കോളേജ്, മാനന്തവാടി രൂപതയുടെ സ്റ്റഡി ഹൗസ് ആയ 'സാന്തോം' എന്നിവിടങ്ങളിലാണ് മേജര്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ താമസിച്ചു പഠനം നടത്തിയിരുന്നത്. ഭരണ സിരാകേന്ദ്രമായ 'കാര്‍മ്മല്‍ സദന്‍' പ്രൊവിന്‍ഷ്യല്‍ ഹൗസ് 1994-ല്‍ തൃശൂര്‍ അതിരൂപതയിലെ ചേറ്റുപുഴയില്‍ സ്ഥാപിതമായി. ഇപ്പോള്‍ ധ്യാന നിലയമായി പ്രവര്‍ത്തിക്കുന്ന 'കാര്‍മ്മല്‍ ഭവന്‍' എറണാകുളം-അങ്കമാലി അതിരൂപതയില്‍ അങ്കമാലിയിലെ കറുകുറ്റിയില്‍ 1999-ല്‍ ആരംഭിച്ചു.

മുകളില്‍ പറഞ്ഞ കോതമംഗലം, മാനന്തവാടി, ബാംഗ്ലൂര്‍ (മാണ്ഡ്യ), തൃശൂര്‍, എറണാകുളം എന്നീ രൂപതകള്‍ക്കു പുറമേ താമരശ്ശേരി രൂപതയില്‍ പെരിന്തല്‍മണ്ണയിലും കാഞ്ഞിരപ്പള്ളി രൂപതയില്‍ വണ്ടന്‍മേടിലും ഇടുക്കി രൂപതയില്‍ തടിയമ്പാടും തലശ്ശേരി രൂപതയില്‍ കനകപ്പള്ളി(വെള്ളരിക്കുണ്ട്)യിലും ആന്ധ്രാപ്രദേശില്‍ കര്‍ണൂല്‍ രൂപതയിലും സഭയുടെ സാന്നിദ്ധ്യമുണ്ട്.

1982-ല്‍ ഇന്ത്യയില്‍ ആരംഭം കുറിച്ച കര്‍മ്മലീത്താ സഭയുടെ (O.Carm.) ശാഖ 1991-ല്‍ ഒരു 'റീജിയന്‍' തലത്തിലേക്കും 1993 ആയപ്പോഴേക്കും 'കമ്മിസറിയേറ്റ്' തലത്തിലേക്കും (പ്രൊവിന്‍സ് ആകുവാനുള്ള പടികള്‍) എത്തിച്ചേര്‍ന്നു. ബ. ഫാ. സണ്ണി കൊടിയന്‍ O.Carm. ആദ്യത്തെ കമ്മിസറി പ്രൊവിന്‍ഷ്യാളും തുടര്‍ന്നു. ബ. ഫാ. ജോണ്‍ അടപ്പൂര്‍ O.Carm., ബ. ഫാ. സോജന്‍ (മാത്യു) നീണ്ടൂര്‍ O.Carm. എന്നിവര്‍ യഥാക്രമം കമ്മിസറി പ്രൊവിന്‍ഷ്യാള്‍മാരായി സഭയെ വളര്‍ച്ചയുടെ പാതയിലേക്കു നയിച്ചു.

2007-ലെ കര്‍മ്മല മാതാവിന്റെ തിരുനാള്‍ ദിവസമായ ജൂലൈ 16-ാം തീയതി 'ഇന്ത്യന്‍ കമ്മിസറിയേറ്റ്' ഒരു സ്വതന്ത്ര പ്രൊവിന്‍സായി സഭയുടെ അന്നത്തെ ജനറാള്‍ പെ. ബ. ഫാ. ജോസഫ് ചാള്‍മേഴ്‌സ് പ്രഖ്യാപിച്ചു. അങ്ങനെ പെ. ബ. ജോസഫ് കോഷ്ണര്‍ അച്ചന്റെ സ്വപ്നങ്ങള്‍ പൂവണിഞ്ഞുകൊണ്ട് ദൈവത്തിന്റെ പരിപാവനയാല്‍ ഇന്ത്യയിലെ സെ. തോമസ് പ്രോവിന്‍സ് രൂപീകൃതമായി. പ്രൊവിന്‍സിന്റെ ആദ്യത്തെ പ്രൊ വിന്‍ഷ്യാളായി തെരഞ്ഞെടുക്കപ്പെട്ട പെ. ബ. സോജന്‍ നീണ്ടൂരച്ചന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും 2014 വരെ തല്‍സ്ഥാനത്തിരുന്ന് സഭയെ ധീരമായി നയിക്കുകയും ചെയ്തു. തുടര്‍ന്നു പ്രൊവിഷ്യല്‍ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട പെ. ബ. റോബര്‍ട്ട് തോമസ് പുതുശ്ശേരിയച്ചന്‍ സഭയെ പുതുകാലഘട്ടത്തിനനുസൃതമായ പാതയില്‍ നയിച്ചു. പെ. ബ. ഫാ. സോജന്‍ നീണ്ടൂര്‍ വീണ്ടും പ്രൊവിന്‍ഷ്യാളായി തെരഞ്ഞെടുക്കപ്പെട്ടു. പെ. ബ. ഫാ. ടൈറ്റസ് കാരിമറ്റത്തില്‍ ആണ് പ്രോവിന്‍ഷ്യാളായി സഭയെ നയിച്ചുകൊണ്ടിരിക്കുന്നത്. കൗണ്‍സിലര്‍മാരായി ഫാ. ആന്റണി പായിക്കാട്ട്, ഫാ. റെജി പുല്ലന്‍, ഫാ. ജോണ്‍സണ്‍ ഇളയിടത്തു കുന്നേല്‍, ഫാ. ഷിജോ കാരിക്കൂട്ടത്തില്‍ എന്നിവരും സേവനമുഷ്ഠിക്കുന്നു.

പ്രവര്‍ത്തനരംഗങ്ങള്‍: കര്‍മ്മലീത്താ പാരമ്പര്യത്തിന്റെ സത്തയായ ധ്യാനാത്മക ജീവിതം നയിക്കുന്ന സഭാംഗങ്ങള്‍ അവര്‍ ആയിരിക്കുന്ന പ്രദേശത്ത് വിശ്വാസികളുടെ ആത്മീയകാര്യങ്ങള്‍ സഫലമാക്കുന്നതോടൊപ്പം വിവിധ രൂപതകളുടെ കീഴില്‍ ഇടവക പ്രവര്‍ത്തനവും നടത്തി വരുന്നു. തൃശൂര്‍ അതിരൂപതയില്‍ കാര്‍മ്മല്‍ സദന്‍ പ്രൊവിഷ്യല്‍ ഹൗസിനോടു ചേര്‍ന്നുള്ള കര്‍മ്മലമാതാ ആശ്രമപള്ളി ചേറ്റുപുഴ ഇടവക, കാഞ്ഞിരപ്പിള്ളി രൂപതയില്‍ വണ്ടന്‍മേടിനടുത്തുള്ള പാമ്പാടും പാറ ഇടവക, മാനന്തവാടി രൂപതയില്‍ കാട്ടികുളത്തിനടുത്തുള്ള അപ്പപ്പാറ ഇടവക, മാണ്ഡ്യരൂപതയില്‍ ബാംഗ്ലൂര്‍ കൊത്തന്നൂര്‍ ഇടവക തുടങ്ങിയ ഇടവകകള്‍ സഭാംഗങ്ങള്‍ വികാരിമാരായിരുന്നു നടത്തുന്നതു കൂടാതെ വിവിധ രൂപതകളില്‍ മെത്രാന്മാര്‍ ആവശ്യപ്പെടുന്നതനുസരിച്ചും ശുശ്രൂഷ ചെയ്തു പോരുന്നു. ജര്‍മ്മനി, ഇറ്റലി, അയര്‍ലണ്ട്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ രൂപതകളിലും സെ. തോമസ് പ്രൊവിന്‍സ് അംഗങ്ങള്‍ സേവനമനുഷ്ഠിക്കുന്നു.

വിശ്വാസികളുടെ ആത്മീയ നവീകരണത്തിന് കറുകുറ്റിയിലെ ആശ്രമത്തോട് ചേര്‍ന്നു, ബ. ഫാ. ബോസ്‌കോ ഞാളിയത്തിന്റെ നേതൃത്വത്തില്‍ താമസിച്ചുള്ളതും അല്ലാത്തതുമായ നവീകരണ ധ്യാനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.

കാട്ടിക്കുളം കാര്‍മ്മല്‍ നികേതന്‍ നൊവിഷ്യറ്റ് ഹൗസിനോടനുബന്ധിച്ചുള്ള കരുണാഭവന്‍ എന്ന അഗതി മന്ദിരം അശരണരായ വൃദ്ധന്മാര്‍ക്ക് അഭയം നല്കിക്കൊണ്ട് 1988 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു.

കോതമംഗലത്തുള്ള കാര്‍മ്മല്‍ ബുക്‌സ്റ്റാള്‍ ഭക്തജനങ്ങള്‍ക്ക് ആവശ്യമായ ഭക്തവസ്തുക്കളും പുസ്തകങ്ങളും എത്തിച്ചുനല്കിക്കൊണ്ട് മാധ്യമരംഗത്തും സേവനം ചെയ്യുന്നു.

വിദ്യാഭ്യാസരംഗത്തു വിജയ പതാക പാറികൊണ്ട് 'കാര്‍മ്മല്‍ നിവാസ്' കറുകടം സെമിനാരിക്കടുത്തുള്ള 'മൗണ്ട് കാര്‍മ്മല്‍ കോളേജും', ബാംഗ്ലൂര്‍ ഗോട്ടിഗെരെ സ്ഥാപിതമായ 'കര്‍മ്മല്‍ അക്കാഡമി'യും വിജയത്തിന്റെ പാതയില്‍ മുന്നേറുന്നു.

ആന്ധ്രപ്രദേശ് മിഷന്‍: കര്‍മ്മലീത്താ സഭ (O.Carm.) ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച് ഏറെ താമസിയാതെ തന്നെ അതിന്റെ മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍ രൂപതയുടെ പ്രവര്‍ത്തന പരിധിയിലുള്ള 'സുങ്കേശ്വരി' എന്ന സ്ഥലത്താണ് മിഷന്‍ പ്രവര്‍ത്തനത്തിന്റെ ആരംഭം. ഏറ്റവും പാവപ്പെട്ട ജനങ്ങള്‍ വസിക്കുന്ന 'സുങ്കേശ്വരി' ഉള്‍പ്പെടുന്ന 12 ഗ്രാമങ്ങളുടെ പ്രവര്‍ത്തന രംഗത്തേക്ക് സധൈര്യം ഒറ്റയ്ക്ക് കടന്നുചെന്ന് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചത് ബ. ഫാ. സണ്ണി (ജെക്കബ്) തുരുത്തപ്പള്ളിയാണ്. അദ്ദേഹം കരസ്ഥമാക്കിയിരുന്ന സോഷ്യല്‍ വര്‍ക്കിലുള്ള ബിരുദാനന്തര ബിരുദം അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല അടിത്തറ ഇടുവാന്‍ കാരണമായി.

ഏല്പിക്കപ്പെട്ട ഗ്രാമങ്ങളിലെ വിശ്വാസികളുടെ ആത്മീയകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതോടൊപ്പം തദ്ദേശവാസികളുടെ ആരോഗ്യപരമായ മേഖലയിലും അദ്ദേഹം ശ്രദ്ധ ചെലുത്തി. അവരുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുവാന്‍ മൗണ്ട് കാര്‍മ്മല്‍ സ്‌കൂള്‍ ആരംഭിച്ചു. നിര്‍ദ്ധനരായ കുട്ടികള്‍ക്കായി കാര്‍മ്മല്‍ ബോയ്‌സ് ഹോം ആരംഭിച്ച് കുട്ടികള്‍ക്ക് പഠിക്കുവാനായി കൂടുതല്‍ സൗകര്യവും ആന്ധ്രാപ്രദേശ് മിഷനില്‍ ഒരുക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org