ന്യായക്കോടതി

(കൗതുകവിധികള്‍ തുടര്‍ച്ച)
ന്യായക്കോടതി

രണ്ട്

വളരെയേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നതാണ്. തുര്‍ക്കിയിലാണ് സംഭവം. ഒരിക്കല്‍ ധനികനായ ഒരു കച്ചവടക്കാരന്‍ പട്ടണത്തില്‍ വന്നു. ചരക്കുകള്‍ വാങ്ങി തന്റെ നാട്ടിലേക്കു കൊണ്ടുപോവുക എന്നതാണ് ഉദ്ദേശ്യം. കമ്പോളത്തില്‍ നിന്ന് ആഗ്രഹിച്ച സാധനങ്ങളെല്ലാം വാങ്ങി.

പണം കൊടുക്കാനായിട്ടു തപ്പിയപ്പോള്‍ പണസഞ്ചി കാണുന്നില്ല. അത് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. അതില്‍ നിറയെ പണ വും ഇരുന്നൂറു സ്വര്‍ണ്ണനാണയങ്ങളുമുണ്ടായിരുന്നു. വേവലാതി പൂണ്ട് അയാള്‍ കടന്നുപോന്ന വഴികളിലെല്ലാം അന്വേഷിച്ചു. ഒരു തു മ്പും കിട്ടിയില്ല. തുടര്‍ന്ന് അയാള്‍ നഗരത്തിലെല്ലായിടത്തും ഈ വിവരം പ്രസിദ്ധം ചെയ്തു.

സഞ്ചിയും സ്വര്‍ണ്ണനാണയങ്ങളും കിട്ടുന്ന ആള്‍ സത്യസന്ധതയോടെ അതു തിരിച്ചേല്പിക്കുന്ന പക്ഷം അയാള്‍ക്കു പകുതി സ്വര്‍ ണ്ണനാണയങ്ങളും കച്ചവടക്കാരന്‍ വാഗ്ദാനം ചെയ്തു. കച്ചവടക്കാരന്‍ ഭാഗ്യമുള്ളവനാണ്. അയാളുടെ പണസഞ്ചി സത്യസന്ധനായ ഒരു നാവികോദ്യോഗസ്ഥന് ലഭിച്ചു. നല്ലവനായ ആ മനുഷ്യന്‍ പണസഞ്ചി കച്ചവടക്കാരന്റെ മുമ്പില്‍ ഹാജരാക്കി. കച്ചവടക്കാരന് എന്തെന്നില്ലാത്ത സന്തോഷമായി. നാവികന് നന്ദി പറഞ്ഞു.

കച്ചവടക്കാരന്‍ വാഗ്ദാനം ചെയ്ത പ്രതിഫലം നാവികന്‍ ആവശ്യപ്പെട്ടു. പക്ഷേ, പണസഞ്ചി തിരിച്ചുകിട്ടിയ കച്ചവടക്കാരന്റെ നിറം മാറി. അയാള്‍ പ്രതിഫലം കൊടുക്കാന്‍ തയ്യാറായില്ല. മാത്രവുമല്ല അതു കൊണ്ടുവന്നവന്റെ മേല്‍ കുറ്റം ആരോപിക്കുക കൂടി ചെയ്തു. ''സ്വര്‍ണ്ണനാണയങ്ങള്‍ കൂടാതെ സഞ്ചിയില്‍ വിലയേറിയ ഒരു രത്‌നമോതിരവും കൂടി ഉണ്ടായിരുന്നു. അതു നിങ്ങള്‍ മോഷ്ടിച്ചിരിക്കുന്നു.''

നാവികന്‍ ഈ ദുരാരോപണം നിഷേധിച്ചു. പക്ഷേ, കച്ചവടക്കാരന്‍ സമ്മതിച്ചില്ല. അയാള്‍ തന്റെ ആരോപണത്തില്‍ ഉറച്ചുനിന്നു. നാവികനെ കള്ളനായി അയാള്‍ മുദ്രകുത്തി. ''എത്രയും വേഗം എന്റെ മോതിരം എനിക്കു തിരിച്ചുതരണം. അല്ലെങ്കില്‍ അതു കിട്ടാനുള്ള വഴി ഞാനെടുക്കും.''

''വാഗ്ദാനം ചെയ്ത പ്രതിഫലം എനിക്കു തരാതിരിക്കാനുള്ള തന്ത്രമാണ് നിങ്ങള്‍ നടത്തുന്നത്. ഇങ്ങനെ വാക്കു മാറാന്‍ നാണമില്ലല്ലൊ നിങ്ങള്‍ക്ക്.''

കച്ചവടക്കാരന്‍ പ്രതിഫലം കൊടുക്കാതെ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. അങ്ങോട്ടുമിങ്ങോട്ടും തര്‍ക്കമായി. നാവികനും വിട്ടുകൊടുത്തില്ല. തര്‍ക്കം രൂക്ഷമായി. ഒടുവില്‍ സത്യസന്ധനായ നാവികന്‍ അവിടത്തെ കോടതിയില്‍ പരാതി ബോധിപ്പിച്ചു. കേസ് ന്യായാധിപന്റെ മുമ്പിലെത്തി. കച്ചവടക്കാരന്റെ പണസഞ്ചിയും കോടതിയില്‍ ഹാജരാക്കപ്പെട്ടു. വിശദമായി കേസുവിസ്താരം നടന്നു. ഇരുകൂട്ടരം തങ്ങള്‍ക്കു പറയാനുള്ളത് കോടതിയില്‍ ബോധിപ്പിച്ചു. കച്ചവടക്കാരന്‍ ഒന്നും കൊടുക്കാതെ തന്ത്രപൂര്‍വം തടിതപ്പാനുള്ള സകല അടവും പയറ്റി.

എല്ലാം കേട്ടശേഷം ജഡ്ജി വിധി പ്രസ്താവിച്ചു. അത് ഇപ്രകാരമായിരുന്നു: ''പണസഞ്ചി കി ട്ടിയ വ്യക്തി അതു കച്ചവടക്കാരന് തിരിച്ചേല്പിച്ചതിനാല്‍ അയാളെ വിശ്വസിക്കേണ്ടിയിരിക്കുന്നു. അയാള്‍ സത്യസന്ധനാണ്. അല്ലായിരുന്നെങ്കില്‍ അയാള്‍ പണസഞ്ചി കച്ചവടക്കാരന് തിരിച്ചുകൊടുക്കുമായിരുന്നില്ല. പിന്നെ രത്‌നമോതിരത്തിന്റെ കാര്യം. പണസഞ്ചിയില്‍ രത്‌നമോതിരം ഇല്ലായിരുന്നു എന്നതാണ് സത്യം. ഉണ്ടായിരുന്നെങ്കില്‍ അതുകൂടി നഷ്ടപ്പെട്ടെന്ന് കച്ചവടക്കാരന്‍ മുമ്പേ പറയുമായിരുന്നു. അതു പറഞ്ഞില്ല. അതുകൊണ്ട് ഈ പണസഞ്ചി കച്ചവടക്കാരന്റേതല്ല. ഒരു മാസത്തിനകം മറ്റാരും ഇതിന്റെ ഉടമസ്ഥാവകാശവുമായി വരുന്നില്ലെങ്കില്‍ ഈ സഞ്ചിയും അതിലെ പണവും സ്വര്‍ണ്ണനാണയങ്ങള്‍ മുഴുവനും നാവികോദ്യോഗസ്ഥന് സ്വന്തമായി എടുക്കാം. കച്ചവടക്കാരന്‍ ഇടിവെട്ടേറ്റ പോലെ സ്തംഭിച്ചു നിന്നു.

നമുക്കതിനെ 'ന്യായക്കോടതി' എന്നു വിളിക്കാം.

(തുടരും)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org