അമാവാസി നാളിലെ നുറുങ്ങുവട്ടം

അമാവാസി നാളിലെ നുറുങ്ങുവട്ടം
2002-ല്‍ തുടങ്ങി ഇപ്പോഴും തുടര്‍ന്നുവരുന്ന, ഇതേ സംസ്ഥാനത്തിന്റെ ഭരണാധികാരികളുടെ കരാളഹസ്തങ്ങളില്‍ പെട്ട്, വാളിന്റെയും കത്തിയുടെയും തോക്കിന്റെയും ബോംബിന്റെയും ഇടയില്‍പ്പെട്ട് ജീവനും സ്വത്തും നഷ്ടപ്പെട്ട പാവങ്ങള്‍ക്ക്, നീതി ലഭ്യമാക്കിയില്ലെങ്കിലും, മേലിലെങ്കിലും അവരെയും മനുഷ്യരായി പരിഗണിക്കുവാന്‍ നിലവിലെ മുഖ്യമന്ത്രിയും സംഘപരിവാറും കരുണ കാണിക്കുമോ?

മാര്‍ഷല്‍ ഫ്രാങ്ക്

''ഇവിടെ ചോദ്യം ചെയ്യപ്പെടുന്ന അത്യന്തം ഹീനവും, പൈശാചികവും, വര്‍ഗീയ വിദ്വേഷത്തിന്റെ സൃഷ്ടിയുമായ സമാനതകളില്ലാത്ത ഈ കുറ്റകൃത്യത്തില്‍ ഒട്ടനവധി വ്യക്തികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും പന്ത്രണ്ട് പ്രതികളെയാണ് കൃത്യതയോടെ നിയമത്തിന്റെ മുമ്പില്‍ ഹാജരാക്കിയിട്ടുള്ളത്. ബില്‍ക്കിസ് യാക്കൂബ് റസൂല്‍ എന്ന ഹര്‍ജിക്കാരി ഗര്‍ഭിണിയായിരിക്കേ മൃഗീയമായി ബലാത്സംഗത്തിന് വിധേയമാക്കി എന്ന ജുഗുത്സാവഹമായ കുറ്റകൃത്യമാണ് ഇവരില്‍ ചുമത്തപ്പെട്ടിട്ടുള്ളത്. ഇതിനുപുറമേ ഹര്‍ജിക്കാരിയുടെ മാതാവിനെ കൂട്ടബലാത്സംഗം ചെയ്തിട്ട് മരണത്തിലേക്ക് വലിച്ചെറിഞ്ഞു. സംഭവത്തിന് തൊട്ടു മുന്‍പ് ഒരു കുഞ്ഞിന് ജന്മം നല്‍കിയ ബന്ധുവായ ഒരു സ്ത്രീയും കൂട്ടബലാത്സംഗത്തിനുശേഷം ദാരുണമായി വധിക്കപ്പെട്ടു. കൂടാതെ ഈ നരാധമന്മാരുടെ സംഹാരതാണ്ഡവത്തില്‍ രണ്ടുദിവസം മാത്രം പ്രായമുള്ള ഒരു കുട്ടിയടക്കം പ്രായപൂര്‍ത്തിയെത്താത്ത എട്ടു കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഹര്‍ജിക്കാരിയുടെ ഒരു പിഞ്ചുകുഞ്ഞിനെ തൂക്കിയെടുത്ത് കരിങ്കല്ലില്‍ അടിച്ചാണ് വധിച്ചത്. ഇവരുടെ കൈകളാല്‍ വധിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഹര്‍ജിക്കാരിയുടെ പ്രായപൂര്‍ത്തിയെത്താത്ത രണ്ടു സഹോദരന്മാരും, രണ്ടു സഹോദരി മാരും, ഒരമ്മാവന്‍, ഒരമ്മായി, രണ്ടു മച്ചുനന്മാര്‍ തുടങ്ങി എട്ടുപേരും ഉള്‍പ്പെടുന്നു.''

2024 ജനുവരി 8-ാം തീയതി ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ പരമോന്നതപീഠമായ സുപ്രീംകോടതിയില്‍, ഒരു കേസിന്റെ തീര്‍പ്പു കല്പിച്ചുകൊണ്ട് ജസ്റ്റീസ് നാഗരത്‌ന, ജസ്റ്റീസ് ഉജ്ജ്വല്‍ ഭൂയാന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചില്‍നിന്നും വന്ന ഒരു വിധിന്യായത്തിലെ ഒരു ഭാഗമാണ് മേല്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇന്നേക്ക് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കുമുന്‍പ് കൃത്യമായി പറഞ്ഞാല്‍ 2002 ല്‍ ഗുജറാത്തില്‍ ക്രൂരമായ നരഹത്യയുടെ ഒരു പരമ്പര തന്നെ അരങ്ങേറി. ഇന്നത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയായിരുന്നു അന്നു ഗുജറാത്ത് ഭരിച്ചിരുന്ന മുഖ്യമന്ത്രി.

ഈ കേസിലെ ഹര്‍ജിക്കാരി അന്ന് ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനു ക്രൂരമായ പീഡനത്തിനൊടുവില്‍ മൃഗീയമായി ഒരു കൂട്ടം കശ്മലന്മാരാല്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. ഒടുവില്‍ ചലനമറ്റു കിടന്ന 'ഇര' മരിച്ചുവെന്നു തീര്‍പ്പു കല്പിച്ച് നരാധമന്മാര്‍ രംഗത്തു നിന്ന് പലായനം ചെയ്തു. ഏതു കുറ്റകൃത്യവും ഭാവിയില്‍ തെളിയിക്കപ്പെടുവാന്‍ പാക ത്തില്‍ അക്രമികള്‍ തന്നെ തെളിവിന്റെ തുമ്പ് ഉപേക്ഷിച്ചിട്ടുപോ കുമെന്നുള്ള പ്രകൃതി നിയമം ഇവിടെയും ആവര്‍ത്തിക്കപ്പെടുകയായിരുന്നു. ബില്‍ക്കിസിന് ബോധം നഷ്ടപ്പെട്ടുവെങ്കിലും കടിച്ചു കീറിയ ശരീരത്തില്‍ ജീവന്റെ കണിക ബാക്കിയുണ്ടായിരുന്നു. തന്നെ പിച്ചിച്ചീന്തിയ ഓരോ വ്യക്തിയുടെ മുഖം ബില്‍ക്കീസിനു പരിചിതമായിരുന്നുവെന്നുള്ള തെളിവും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുവാന്‍ അനുകൂല സാഹചര്യം സൃഷ്ടിച്ചു. പട്ടാപ്പകല്‍ നടന്ന സംഭവങ്ങള്‍ പൊതുസമൂഹത്തിനു മുമ്പിലും മാധ്യമങ്ങളുടെ മുമ്പിലും ബില്‍ക്കീസ് വിവരിച്ചു. നീതിന്യായ കോടതിയില്‍ ഇന്ത്യയിലെ പ്രഗത്ഭരായ അഭിഭാഷകരെ ലക്ഷങ്ങളും കോടികളും നല്കി പ്രതിഭാഗം ഹാജരാക്കി. അവരുടെ പ്രകോപനപരമായ ക്രോസ് വിസ്താരത്തില്‍ പോലും സംയമനം വെടിയാതെ നടന്ന സംഭവങ്ങള്‍ വള്ളിപുള്ളി വിസര്‍ഗലേശമെന്യേ കോടതി മുമ്പാകെ ധൈര്യസമേതം ശ്രീമതി ബാനു തുറന്നു പറഞ്ഞു. ബൈബിള്‍ പഴയ നിയമത്തിലെ ദാവീദും ഗോലിയാത്തിന്റെയും കഥയുടെ പുനരാവിഷ്‌കരണമായിട്ടാണ് ഇന്ത്യയിലെ ചില മാധ്യമപ്രവര്‍ത്തകര്‍ ഈ വിഷയത്തെ താരതമ്യപ്പെടുത്തിയത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തിലുള്ള കക്ഷികളുടെ സജീവ പ്രവര്‍ത്തകരായ പ്രതികള്‍ക്കുവേണ്ടി ആളും അര്‍ത്ഥവും ആവോളം പെയ്തിറങ്ങി. പൊലീസും പട്ടാളവും തുടങ്ങിയുള്ള അധികാരശക്തികളുടെ ഭീഷണി മറ്റൊരു വശത്ത്, ഇത്തരത്തില്‍ ഭീമാകാര രൂപത്തില്‍ എതിര്‍ശക്തികള്‍ മറുവശത്ത് ആക്രോശങ്ങളുമായി ആഞ്ഞടിച്ചിട്ടും, അചഞ്ചലയായി ജീവനിലുള്ള ഭീഷണിയെ തൃണവല്‍ഗണിച്ച് നിന്നിടത്ത് ഉറച്ചുനിന്ന് ഗോലിയാത്തുമാരോട് പോരാടി അവസാനം വിജയം കണ്ട ബില്‍ക്കിസ് ബാനുവിനെ കുഞ്ഞു ദാവീദിനോടു താരതമ്യം ചെയ്ത മാധ്യമങ്ങളുടെ കണ്ടെത്തല്‍ ഉചിതമായിരുന്നുവെന്ന് നിസ്സംശയം പറയുവാന്‍ കഴിയും. 2024 ആരംഭത്തില്‍ കേരളത്തിലെ തൃശ്ശൂരില്‍ സ്ത്രീകളുടെ സമ്മേളനത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇന്ത്യയില്‍ വനിതകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക സംരക്ഷണത്തെ വനിതാശാക്തീകരണത്തെ സംബന്ധിച്ച് ഉറച്ച ശബ്ദത്തില്‍ ആധികാരികമായി പ്രസംഗിച്ച്, വനിതകളുടെ കൈയടി നേടിയതിന്റെ തൊട്ടടുത്ത നാളുകളില്‍ തന്നെ ഇത്തരമൊരു വിധി പരമോന്നത നീതിന്യായ പീഠത്തില്‍ നിന്നു വന്നത് ഒരു കാവ്യനീതിയായി കരുതാം.

ഇത്തരുണത്തില്‍ ഗുജറാത്ത് സംഭവത്തിലെ നാള്‍വഴിയിലേക്ക് ചെറുതായൊന്നു എത്തി നോ ക്കാം. 2022 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലാണ് ഈ അക്രമസംഭവങ്ങള്‍ നടക്കുന്നത്. 2022 മാര്‍ച്ച് 4-ന് പൊലീസ് ഇതിനെ സംബന്ധിച്ചു പ്രഥമവിവര റിപ്പോര്‍ട്ട് (FIR) കോടതിയില്‍ സമര്‍പ്പിച്ചു. പ്രസ്തുത റിപ്പോര്‍ട്ടില്‍ തീവ്രമായി അന്വേഷിച്ചിട്ടും അക്രമത്തില്‍ പങ്കെടുത്ത പ്രതികളെ തിരിച്ചറിയുവാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് പൊലീസ് രേഖപ്പെടുത്തിയിരുന്നത്. ഈ റിപ്പോര്‍ട്ട് ഗുജറാത്തിലെ കോടതി യാതൊരു എതിര്‍ പരാമര്‍ശവും രേഖപ്പെടുത്താതെ അംഗീകരിക്കുകയും അതുവഴി കേസിന്റെ തുടരന്വേഷണം അടച്ചു പൂട്ടിയ അവസ്ഥയില്‍ എത്തിച്ചേരു കയും ചെയ്തു. ഇന്ത്യയിലെ ഇനിയും മനസാക്ഷി മരവിച്ചിട്ടില്ലാത്ത മനുഷ്യരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു പ്രസ്തുത കോടതി നടപടി.

കോടതിയുടെ തീര്‍പ്പ് മനസ്സിനേല്പിച്ച ആഘാതത്തില്‍ വീട്ടിനുള്ളില്‍ അടച്ചിരുന്നു വിധിയെ പഴിച്ച് കണ്ണീരൊഴുക്കിയിരിക്കുവാന്‍ ബില്‍ക്കിസ് തയ്യാറായിരുന്നില്ല. ഗുജറാത്ത് കോടതിയുടെ വിധിയില്‍ നീതി ലഭിച്ചില്ലെന്ന പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി, സംസ്ഥാന കോടതിയുടെ വിധിയിലെ അപാകതകള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന്, പരാതി ഫയലില്‍ സ്വീകരിക്കുകയും മേലില്‍ ഈ കേസ്സി ന്മേലുള്ള വിചാരണ ഗുജറാത്തിനു വെളിയില്‍ മഹാരാഷ്ട്ര സംസ്ഥാനത്തു തുടരുവാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഒപ്പം സംസ്ഥാന പൊലീസിനെ ഒഴിവാക്കി, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ (സി ബി ഐ) അന്വേഷണച്ചുമതല ഏല്പിക്കുകയും ചെയ്തു. സി ബി ഐ യ്ക്ക് ഈ കേസ്സന്വേഷണം ഒരു ബാലികേറാമലയായാണ് ആദ്യം അനുഭവപ്പെട്ടത്. ഒരു സംസ്ഥാന സര്‍ക്കാര്‍ മൊത്തമായി അവരോട് ആദ്യം നിസ്സഹരിക്കുകയാണുണ്ടായത്. കുറ്റവാളികളില്‍ ഒട്ടേറെ പൊലീസുകാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സംസ്ഥാന ഭരണകക്ഷിയിലെ നേതാക്കളും ഉള്‍പ്പെട്ടിരുന്നു എന്നതാണ് കാരണം. ഒട്ടേറെ കടമ്പകള്‍ കടന്ന് അന്വേഷണത്തിന്റെ ഭഗീരഥപ്രയത്‌നത്തിനൊടുവില്‍ കുറെ യഥാര്‍ത്ഥ കുറ്റവാളികളെ ഒഴിവാക്കിയിട്ടായാലും പന്ത്രണ്ടുപേരെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയും, വിചാരണയ്‌ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ കോടതി അതില്‍ പതിനൊന്നു പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു.

ജീവപര്യന്തം കഠിനതടവാണ് വിധിച്ചതെങ്കിലും പ്രയോഗത്തില്‍ തടവുപുള്ളികള്‍ സുഖജീവിതമാണ് ജയിലില്‍ അനുഭവിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രിയപ്പെട്ട അതിഥികളെ പോലെയായിരുന്നു ഇവര്‍ പരിഗണിക്കപ്പെട്ടിരുന്നത്. ഒരുപക്ഷേ, അവര്‍ സ്വന്തം വീടുകളില്‍ അനുഭവിച്ചതിനെക്കാള്‍ സുഖസൗകര്യങ്ങള്‍ തടവറയില്‍ നിര്‍ലോഭം ആസ്വദിച്ചിരുന്നുവെന്നതാണ് സത്യം. ആവശ്യപ്പെടുമ്പോഴെല്ലാം പരോള്‍, ഭാര്യമാരോടും കുടുംബാംഗങ്ങളോടൊപ്പം ഒത്തു ചേര്‍ന്നുള്ള താമസമുള്‍പ്പെടെ ഒട്ടേറെ ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു.

ഗുജറാത്ത് ഗവണ്‍മെന്റിന്റെ ഇഷ്ടതോഴന്മാരായിരുന്ന പ്രതികള്‍ക്ക് ജയിലിലെ സുഖസൗകര്യങ്ങള്‍ക്കു പുറമേ ഒട്ടേറെ മറ്റു പരിഗണനകളും ലഭിക്കുവാന്‍ തുടങ്ങി. ജയിലധികാരികളെക്കൊണ്ട് ഇവരെ സംബന്ധിച്ചും ജയിലിലെ പെരുമാറ്റത്തെ സംബന്ധിച്ചും 'മര്യാദരാമന്മാര്‍' പട്ടം കല്പിച്ചു നല്‍കി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ എഴുതി വാങ്ങി. സ്വാതന്ത്ര്യദിനം തുടങ്ങിയുള്ള പ്രത്യേക ദിവസങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ശിക്ഷാ കാലാവധിയില്‍ മറ്റാര്‍ക്കും കിട്ടാത്ത ഒട്ടേറെ ഇളവുകള്‍ ഇവര്‍ക്ക് നല്കി പോന്നു. ഇതിനിടയില്‍ ശിക്ഷിക്കപ്പെട്ട പ്രതികളില്‍ ഷാ എന്നു പേരുള്ള തടവുകാരന്‍ 2022 ല്‍ സുപ്രീം കോടതിയിലെ ഒരു ബഞ്ചില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. ഗുജറാത്തുകാരനായ തന്റെ കേസ്, മഹാരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്ത തിനാല്‍ ഒട്ടേറെ പ്രയാസങ്ങള്‍ നേരിട്ടുവെന്നും ആയതിനാല്‍ തന്റെ അപ്പീല്‍ ഗുജറാത്തു കോടതിയില്‍ വിചാരണ ചെയ്യണമെന്നുമായിരുന്നു അപേക്ഷ.

അപ്പീല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഫയലില്‍ സ്വീകരിച്ച സുപ്രീം കോടതിയിലെ ബഞ്ച്, അപ്പീല്‍ അനുവദിക്കുകയും കേസ് ഗുജറാത്ത് കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. പിന്നീട് കാര്യങ്ങളെല്ലാം നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പുരോഗമിക്കുകയായിരുന്നു. കേസ്സ് ഫയലില്‍ സ്വീകരിച്ച ഗുജറാത്ത് കോടതി വളരെ പ്രാധാന്യം നല്‍കി കേസ് വിചാരണ ചെയ്തു. ഗുജറാത്തിലെ ഒരു ബി ജെ പി (എം എല്‍ എ) പ്രതികള്‍ക്കുവേണ്ടി ഹാജരാക്കിയ രേഖ ആധികാരിക തെളിവായി കോടതി പരിഗണിച്ചു. പ്രതികളെല്ലാം തന്നെ തനിക്ക് നേരിട്ട് പരിചയമുള്ളവരാണെന്നും, തികച്ചും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളില്‍ വന്നവരും സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക പശ്ചാത്തലമുള്ള മേല്‍ ജാതിയില്‍ പെട്ടവരാണെന്നും ഇവര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ യാതൊരു കാരണവശാലും ചെയ്യുവാന്‍ സാധ്യതയുള്ളവരല്ലെന്നും തുടങ്ങിയുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് എം എല്‍ എ ഹാജരാക്കിയത്. കോടതി ഈ രേഖ യാതൊരു തടസ്സവുമില്ലാതെ അംഗീകരിക്കുകയും എല്ലാ ജീവപര്യന്തം തടവുകാരെ വെറുതെ വിടുകയും ചെയ്തു.

ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജനനവുമായി ബന്ധപ്പെട്ട കഥ ഇത്തരുണത്തില്‍ ഓര്‍മ്മ വരുന്നു. മഥുരാപുരിയിലെ രാജാവായിരുന്ന കംസന്‍ ഒരു ക്രൂരനായ ഭരണാധികാരിയായിരുന്നു. പ്രജകളെ ദ്രോഹിക്കുന്നതിലും ശിക്ഷിക്കുന്നതിലും ആനന്ദം കണ്ടെത്തിയിരുന്ന ഒരു ഹിംസകഥാപാത്രമായിരുന്നു കംസന്‍. ഇയാളുടെ ഭരണ ത്തിന് അറുതി വരുത്തുവാനും പ്രജകളെ രക്ഷിക്കുവാനും ഒരു രക്ഷകന്‍ അവതരിക്കും എന്ന് ജ്ഞാനികള്‍ പ്രവചിച്ചു. ഇദ്ദേഹത്തിന്റെ സഹോദരി ദേവകി ഒരു പുത്രനെ പ്രസവിക്കുമെന്നും ആ പുത്രന്‍ വളര്‍ന്ന് കംസന്റെ അന്തകനായി ഭവിക്കും എന്നായിരുന്നു പ്രവചനം. ഇതറിഞ്ഞ കംസന്‍ സഹോദരി ദേവകിയെയും ഭര്‍ത്താവ് വസുദേവരെയും ബന്ധിച്ച് കാരാഗൃഹത്തില്‍ അടച്ചു. ഓരോ വര്‍ഷവും ദേവകി പ്രസവിച്ചു. പ്രസവം അറിയുന്ന മാത്രയില്‍ രാജകിങ്കരന്മാര്‍ വന്ന് കുട്ടിയെ എടുത്തുകൊണ്ടു പോവുകയും കംസന്‍ പിഞ്ചുകുഞ്ഞിന്റെ തല കരിങ്കല്ലില്‍ അടിച്ച് തകര്‍ത്ത് കൊല്ലുകയും ചെയ്തിരുന്നു. എന്നാല്‍ ദേവകി എട്ടാമത് പ്രസവിച്ച ആണ്‍കുഞ്ഞ് മരണത്തെ അതിജീവിച്ച് കംസന്റെ അന്തകനായി ഭവിച്ച കഥ നമുക്കേവര്‍ക്കും സുവിദം.

പ്രസ്തുത കഥയുടെ ഓര്‍മ്മകള്‍ ഗുജറാത്ത് കലാപസമയത്ത് ചില മാധ്യമപ്രവര്‍ത്തകര്‍ ഓര്‍മ്മപ്പെടുത്തുകയുണ്ടായി. ഒന്നും രണ്ടും മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളെയാണ് അമ്മയുടെ മാറിടത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് നരാധമന്മാര്‍ പാറയില്‍ അടിച്ചു കൊന്നത്. ഈ 'പഞ്ചപാവങ്ങളായ മാന്യന്മാരെ'യാണ് ഗുജറാത്ത് കോടതി നിരപരാധി പട്ടം ചാര്‍ത്തി വെറുതെ വിട്ടത് . ഇവര്‍ ജയില്‍ മോചിതരായപ്പോള്‍ ലഭിച്ച സ്വീകരണവും നാം അച്ചടിദൃശ്യ മാധ്യമങ്ങളില്‍ കൂടി കണ്ടതാണ്. ധീരയോദ്ധാക്കളുടെ പട്ടികയില്‍ പെടുത്തി ഹാരങ്ങള്‍ അണിയിച്ച്, പുഷ്പവൃഷ്ടി നടത്തി, വാദ്യഘോഷങ്ങളുടെ അകമ്പടിയില്‍ ജാഥയായിട്ടാണ് ഇവരെ തെരുവില്‍ കൂടി ആനയിച്ച് കൊണ്ടുപോയത്. വീഥിയുടെ ഇരുവശത്തും അണിനിരന്ന് നിന്ന ജനം, പണ്ട് സ്വാതന്ത്ര്യ സമരപോരാളികള്‍ ജയില്‍ മോചിതരായി വന്നപ്പോള്‍ നല്‍കിയിരുന്ന വരവേല്പിന്റെ നൂറിരട്ടി ആദരവ് നല്‍കിയാണ് എതിരേറ്റത്. മധുരപലഹാരങ്ങള്‍ ആവോളം വിതരണം ചെയ്യുന്നുണ്ടായിരുന്നു.

ഇതിലേറെ ഹൃദയഭേദകമായി തോന്നിയ കാഴ്ച ഇവിടെ പരാമര്‍ശിക്കാതിരിക്കുവാന്‍ കഴിയുന്നില്ല. പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി കശാപ്പു ചെയ്ത 'സദ്ഗുണസമ്പന്നര്‍' ജയിലില്‍ നിന്ന് പുറത്തുവന്നപ്പോള്‍ വായ്ക്കുരവയിട്ട്, മധുരം നല്‍കി, ആരതി ഉഴിഞ്ഞ് സ്വീകരിച്ചത് മക്കളെ നൊന്തുപെറ്റ ഗുജറാത്തി അമ്മമാര്‍ തന്നെ ആയിരുന്നു.

തിരിച്ചടിയില്‍ തളരാതെ, വര്‍ധിത വീര്യത്തോടെ ബില്‍ക്കിസ് ബാനു വീണ്ടും നിയമപോരാട്ടവേദിയില്‍ സജീവമായി. ഈ നീതിരഹിത വിധിക്കെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ബാനുവിനോടൊപ്പം ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും തീപ്പൊരി പ്രസംഗകയും പാര്‍ലമെന്റ് മെമ്പറുമായ മഹുവാ മൊയ്തയും റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്തു. (പാര്‍ലമെന്റില്‍ ബി ജെ പി യുടെ ഭരണവൈകല്യങ്ങളും അഴിമതികളും ക്രൂരകൃത്യങ്ങളും തെളിവുകള്‍ നിരത്തി അക്കമിട്ട് ആരോപണങ്ങളുടെ ശരപരങ്ങളും എയ്തുവിട്ട് കേന്ദ്രസര്‍ക്കാരിന്റെ ഉറക്കം കെടുത്തിയിരുന്ന ഫയര്‍ ബ്രാന്‍ഡ് മെമ്പറായിരുന്നു മഹുവാ മൊയ്ത. ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാളിയിലും അനര്‍ഗളമായ വാക്‌ധോരണിയില്‍ ആഞ്ഞടിച്ചിരുന്ന ഈ എം പി യെ ഒഴിവാക്കാന്‍ നെടുനാളായി ഭരണകക്ഷി കരുക്കള്‍ നീക്കുകയായിരുന്നു. ആയത് ഈ അടുത്തിടെ ഫലം കണ്ടു. ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തില്‍ ഇതഃപര്യന്തം കേട്ടിട്ടില്ലാത്ത നടപടിയിലൂടെ മഹുവാ മൊയ്തയുടെ എം പി സ്ഥാനം നഷ്ടപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പ്രതികാരം ചെയ്തത് പിന്നീട് നാം കണ്ട ചരിത്രം. ഒപ്പം ജന്മം കൊണ്ട് ഹിന്ദുവായ ഒരു മുന്‍ വൈസ് ചാന്‍സലറായ അമ്മയും കേസില്‍ കക്ഷി ചേര്‍ന്നു. പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ച സുപ്രീം കോടതി, ജസ്റ്റീസ് ബി വി നാഗരത്‌ന, ജസ്റ്റീസ് ഉജ്ജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബഞ്ചിലേക്ക് കേസ് റഫര്‍ ചെയ്തു.

കേസ് വിശദമായി പരിശോധിച്ച ബഹു നീതിന്യായ കോടതി ഒടുവില്‍ 254 പേജു വരുന്ന വിധി ന്യായം പുറപ്പെടുവിച്ചു. പ്രതികള്‍ എല്ലാം തന്നെ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരാണെന്നും, ആയതിനാല്‍ ഇവര്‍ അല്പം പോലും ദയയുടെ ആനുകൂല്യത്തിന് അര്‍ഹരല്ലെന്നും അസന്നിഗ്ധ ഭാഷയില്‍ വിധിയില്‍ പറഞ്ഞു വച്ചു. ഒപ്പം, മേലില്‍ കേസ്സിന്മേല്‍ അപ്പീല്‍ ഫയല്‍ ചെയ്യപ്പെടുകയാണെങ്കില്‍ ആയത് മഹാരാഷ്ട്ര ഹൈക്കോടതിയില്‍ മാത്രമേ കേള്‍ക്കാവൂ എന്നും വിധിന്യായത്തില്‍ അടിവരയിട്ടു രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് പ്രതികള്‍ പതിനൊന്നു പേരും വീണ്ടും ജയിലഴികള്‍ക്കുള്ളിലായി.

ശിക്ഷിക്കപ്പെട്ട ഒരു കൊലപാതകി നല്കിയ പരാതി സ്വീകരിച്ച സംസ്ഥാന സര്‍ക്കാരും, കുറ്റവാളികള്‍ക്ക് 'മര്യാദരാമ പട്ടം നല്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഭരണകക്ഷി എം എല്‍ എ യും, ഫയലുകള്‍ ഞൊടിയിടയില്‍ നീക്കി കോടതിയിലെത്തിക്കുവാന്‍ ആവേശം കാണിച്ച ഗുജറാത്ത് മുഖ്യമന്ത്രിയും, മറ്റ് ഭരണമേഖലയിലെ ഉന്നതരും, ഇത്തരത്തിലുള്ള ഒരു തിരിച്ചടി സുപ്രീം കോടതിയില്‍ നിന്നു വന്നിട്ടും യാതൊരു ചാഞ്ചല്യവുമില്ലാതെ ഭരണ സോപാനത്തില്‍ എല്ലാവിധ ആധീശാധികാരങ്ങളും ആവോളം ആസ്വദിച്ച് ഇപ്പോഴും അധികാര സിംഹാസനങ്ങളില്‍ അമര്‍ന്നിരിക്കുന്നു. മുസ്ലീം ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളെ മുച്ചൂടും നശിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സംഘപരിവാര്‍ അണികള്‍ സദാ വ്യാപൃതരായിരിക്കുന്നു. മതന്യൂനപക്ഷങ്ങളുടെ നൂറുകണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ആരാധനാലയങ്ങളുടെ അടിത്തറ തോണ്ടി ഹൈന്ദവസാന്നിധ്യത്തിന്റെ പൊട്ടും പൊടിയും തെരയുന്ന തിരക്കിലാണ് ഇക്കൂട്ടര്‍. 2024 ഫെബ്രുവരി ആദ്യവാരത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐക്യ അറബിനാട്ടിലെ (യു എ ഇ) അബുദാബി ദുബൈ ദേശീയപാതയോരത്തു ഇസ്ലാമിക സര്‍ക്കാര്‍ ദാനമായി നല്കിയ അന്‍പത് ഏക്കര്‍ വിസ്തൃതിയിലുള്ള ഭൂമിയില്‍ പണിതുയര്‍ത്തിയ ഹൈന്ദവക്ഷേത്രത്തിന്റെ ബാപ്‌സ് ഹിന്ദു മന്ദിര്‍ (BAPS HINDU MANDIR) ഉദ്ഘാടനത്തില്‍ പങ്കെടുത്ത് ഇസ്ലാമിക സമൂഹത്തിന്റെ സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും നന്മ പ്രവൃത്തികളുടെയും മേന്മകള്‍ എടുത്തു പറഞ്ഞു പ്രാര്‍ത്ഥിക്കുന്നതിന്റെ കാഴ്ചയും നമുക്കു കാണുവാന്‍ കഴിഞ്ഞു. ഗുജറാത്തില്‍, ഗള്‍ഫ് രാജ്യത്തുനിന്നും ലക്ഷക്കണക്കിന് കോടികളുടെ മുതല്‍മുടക്കില്‍ പദ്ധതികള്‍ തുടങ്ങുന്നതിന്റെ ചിട്ടവട്ടങ്ങള്‍ പരുവപ്പെടുത്തുന്നതിന്റെ തിരക്കില്‍, 2002-ല്‍ തുടങ്ങി ഇപ്പോഴും തുടര്‍ന്നുവരുന്ന, ഇതേ സംസ്ഥാനത്തിന്റെ ഭരണാധികാരികളുടെ കരാളഹസ്തങ്ങളില്‍ പെട്ട്, വാളിന്റെയും കത്തിയുടെയും തോക്കിന്റെയും ബോംബിന്റെയും ഇടയില്‍പ്പെട്ട് ജീവനും സ്വത്തും നഷ്ടപ്പെട്ട പാവങ്ങള്‍ക്ക്, നീതി ലഭ്യമാക്കിയില്ലെങ്കിലും, മേലിലെങ്കിലും അവരെയും മനുഷ്യരായി പരിഗണിക്കുവാന്‍ നിലവിലെ മുഖ്യമന്ത്രിയും സംഘപരിവാറും കരുണ കാണിക്കുമോ?

ഇവിടെ കുറ്റവാളികളില്‍ ആരും തന്നെ അവര്‍ ചെയ്ത ക്രൂരവും മനുഷ്യത്വരഹിതവുമായ പ്രവൃത്തികളില്‍ അല്പം പോലും പശ്ചാത്താപം പ്രകടിപ്പിച്ചു കാണുന്നില്ല. വാദിയായ ബില്‍ക്കിസ് ബാനുവിനോട് ഒരു വാക്കു കൊണ്ടോ നോട്ടം കൊണ്ടുപോലുമോ മാപ്പു പറയുവാന്‍ തയ്യാറാകുന്നില്ല. ആയതിനാല്‍ യാതൊരുവിധത്തിലുള്ള ദയയും കോടതിയുടെ ഭാഗത്തു നിന്ന് ഇവര്‍ അര്‍ഹിക്കുന്നില്ല എന്ന് ഡിവിഷന്‍ ബഞ്ച് വിലയിരുത്തി.

ജസ്റ്റീസ് ശ്രീമതി നാഗരത്‌നയും, ഉജ്ജ്വല ഭൂയാനും അടങ്ങിയ ഉന്നത നീതിന്യായ പീഠത്തില്‍ നിന്നും 2024 ജനുവരി 8-ാം തീയതി ലഭിച്ച വിധിന്യായം, അമാവാസി നാളിലെ കൂരിരുട്ടില്‍ തെളിഞ്ഞുവന്ന മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടമായി, സുമനസ്സുകളായ സാധാരണ ഇന്ത്യക്കാരന് തോന്നുന്നുവെങ്കില്‍, അവരെയും ശത്രുപക്ഷത്തു നിര്‍ത്തി ശിക്ഷിക്കാന്‍ തുനിയരുതേയെന്ന് അപേക്ഷ.

ഏവര്‍ക്കും നന്മ വരട്ടെ.

ജയ് ഹിന്ദ്.

  • ബാപ്‌സ് ഹിന്ദു മന്ദിര (BAPS) =

ബാപ്‌സ് (ബോചഡന്‍ വാസി അക്ഷര പുരുഷോത്തം സ്വാമി നാരയണ ബി എ പി എസ്) പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാക്ഷേത്രമാണ് ബാപ്‌സ് ഹിന്ദു മന്ദിര്‍, സ്വാമി നാരായണ്‍, അക്ഷര പുരുഷോത്തം, രാധാകൃഷ്ണന്‍, രാമന്‍ സീത, ലക്ഷ്മണന്‍, ഹനുമാന്‍, ശിവപാര്‍വതി, ഗണപതി, കാര്‍ത്തികേയന്‍, പദ്മാവതി വെങ്കടേശ്വരന്‍, ജഗന്നാഥന്‍, അയ്യപ്പന്‍ എന്നീ ദേവന്മാരാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org