

2024-ൽ BMC Public Health പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ തലക്കെട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്: “എന്റെ മകളുടെ കയ്യിൽ നിന്ന് എന്റെ ഫോൺ എടുക്കാൻ ഞാൻ ശ്രമിച്ചു, പക്ഷേ എനിക്ക് മുഖത്ത് അടി കിട്ടി.’ കൗമാരക്കാരുടെ സ്‌ക്രീൻ ഉപയോഗത്തിൽ മാതാപിതാക്കളുടെ വെല്ലുവിളികളെക്കുറിച്ചുള്ള... (I tried to take my phone off my daughter, and I got hit in the face’: a qualitative study of parents’ challenges with adolescents’ screen use and a toolbox of their tips”). ഇപ്പോഴത്തെ രക്ഷകർത്താക്കൾ കേട്ടറിഞ്ഞ, പിന്നീട് പഠിച്ചെടുത്ത സാങ്കേതിക വിദ്യയിൽ (Digital Technology) ജനിച്ചു വളർന്ന കുട്ടികളെ എങ്ങനെ നമ്മുടെ കൂടെ കൂട്ടാം അല്ലെങ്കിൽ നമുക്കെങ്ങനെ അവരുടെ കൂടെ കൂടാം എന്ന അവലോകനം നമ്മെ എത്തിക്കുന്നത് മാറുന്ന മാതാ പിതൃത്വത്തിലേക്കും / രക്ഷാകർതൃത്വത്തിലേക്കും അതിന്റെ സവിശേഷതകളിലേക്കു മാണ്. ഇന്നത്തെ കുട്ടികളും കൗമാരക്കാരും വളരുന്നത് ഡിജിറ്റൽ ലോകത്തിനകത്താണ്. സ്മാർട്ട്ഫോണുകൾ, സോഷ്യൽ മീഡിയ, കൃത്രിമബുദ്ധി (AI), ഓൺലൈൻ പഠനം, ഗെയിമിംഗ്, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ എന്നിവ അവരുടെ പഠനത്തെയും സൗഹൃദ ങ്ങളെയും വ്യക്തിത്വവികസനത്തെയും സ്വാധീനിക്കുന്നു. അതിനാൽ, ഡിജിറ്റൽ യുഗത്തിലെ മാതാപിതൃത്വം (Digital Parenting) എന്നത് കുട്ടികളെ സാങ്കേതിക വിദ്യയിൽ നിന്ന് അകറ്റി നിർത്തുന്ന തല്ല; മറിച്ച് സാങ്കേതികവിദ്യയെ ഉത്തരവാദിത്തത്തോടെയും വിമർശനാത്മക ചിന്തയോടെയും ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുന്നതാണ്. അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ചില പഠനങ്ങൾ മാതാപിതാക്കളുടെ പങ്കിനെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകൾ മുന്നോട്ടു വയ്ക്കുന്നു. മുമ്പ് പ്രാധാന്യം നൽകിയിരുന്ന “നിയന്ത്രണാധിഷ്ഠിത മാതാപിതൃത്വം” ഇന്ന് “സഹകരണാധിഷ്ഠിതവും ബന്ധ കേന്ദ്രിതവുമായ രക്ഷാകർതൃത്വത്തിലേക്കു” മാറിക്കൊണ്ടിരിക്കുകയാണ്. എന്താണ് മാറിയിരിക്കുന്നത്?
സ്ക്രീൻ സമയം മാത്രമല്ല, സ്ക്രീൻ ഗുണനിലവാരവും പ്രധാനമാണ്
ഒരു കാലത്ത് മാതാപിതാക്കൾ ചോദിച്ചിരുന്നത് “എത്ര മണിക്കൂർ ഫോൺ ഉപയോഗിച്ചു?” എന്നായി രുന്നു. എന്നാൽ പുതിയ ഗവേഷണ ങ്ങൾ സൂചിപ്പിക്കുന്നത് “എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്?” എന്ന ചോദ്യമാണ് കൂടുതൽ പ്രാധാന്യ മുള്ളത് എന്നതാണ്. പഠനം, സൃഷ്ടിപരമായ പ്രവർത്തനങ്ങൾ, ആശയവിനിമയം എന്നിവയ്ക്കായുള്ള ഉപയോഗവും, അനിയന്ത്രിതമായ സ്ക്രോളിംഗും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
നിയന്ത്രണത്തിൽ നിന്ന് സംവാദത്തിലേക്ക്
മൊബൈൽ പിടിച്ചുവാങ്ങുക, ആപ്പുകൾ നിരോധിക്കുക, പാസ്‌വേഡ് നിയന്ത്രിക്കുക തുടങ്ങിയ കർശന നിയന്ത്ര ണങ്ങൾ മാത്രം ഫലപ്രദമല്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. മാതാപിതാക്കളും കുട്ടി കളും തമ്മിലുള്ള തുറന്ന സംഭാഷണവും പരസ്പര വിശ്വാസവും ദീർഘകാല സുരക്ഷയ്ക്കും ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പെരുമാറ്റത്തിനും സഹായകമാണ്. ഇവിടെയാണ് സഹകരണാധിഷ്ഠിതമായ പാരന്റിങ്ങ് അത്യന്താപേക്ഷിതമാകുന്നത്. ഇത് കൂടുതൽ നല്ല ബന്ധം ഉണ്ടെങ്കിൽ മാത്രമേ നേടിയെടുക്കാൻ കഴിയുകയുള്ളൂ.
ഡിജിറ്റൽ സാക്ഷരത പുതിയ ജീവിതനൈപുണ്യമായി വായിക്കാനും എഴുതാനും പഠിപ്പിക്കുന്നതുപോലെ തന്നെ, വ്യാജവാർത്ത തിരിച്ചറിയുക, സ്വകാര്യത സംരക്ഷിക്കുക, ഓൺലൈൻ തട്ടിപ്പുകൾ മനസ്സിലാക്കുക, AI സൃഷ്ടിക്കുന്ന ഉള്ളടക്കത്തെ വിമർശനാ ത്മകമായി വിലയിരുത്തുക എന്നിവയും കുട്ടികൾ പഠിക്കേണ്ട അടിസ്ഥാന ജീവിത നൈപുണ്യങ്ങളായി മാറിയിരിക്കുന്നു.
കുട്ടികളുടെയും കൗമാരക്കാരുടെയും രൂപീകരണത്തിൽ ഡിജിറ്റൽ ലോകത്തിന്റെ സ്വാധീനം വളരെ വലുതാണ്. പ്രതേകിച്ചും അവ ചുവടെ കൊടുത്തിരിക്കുന്ന മേഖല കളെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന് നമുക്ക് വ്യക്തമായി മനസിലാക്കാനും അതിനെ ഉൾക്കൊണ്ടുള്ള പാരന്റിങ് ശൈലികൾ സ്വീകരിക്കാനും സാധിക്കണം.
ഒരു കാലത്ത് മാതാപിതാക്കൾ ചോദിച്ചിരുന്നത് “എത്ര മണിക്കൂർ ഫോൺ ഉപയോഗിച്ചു?” എന്നായിരുന്നു. എന്നാൽ പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് “എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്?” എന്ന ചോദ്യമാണ് കൂടുതൽ പ്രാധാന്യമുള്ളത് എന്നതാണ്. പഠനം, സൃഷ്ടിപരമായ പ്രവർത്തനങ്ങൾ, ആശയവിനിമയം എന്നിവയ്ക്കായുള്ള ഉപയോഗവും, അനിയന്ത്രിതമായ സ്ക്രോളിംഗും തമ്മിൽ വലിയ വ്യത്യാസമുണ്ട്.
ബൗദ്ധിക വികസനം: ഡിജിറ്റൽ ഉപകരണങ്ങൾ അറിവിലേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നു. എന്നാൽ അമിതമായ ഡിജിറ്റൽ ഉത്തേജനം ശ്രദ്ധ നിലനിർത്താനുള്ള കഴിവിനെയും ആഴത്തിലുള്ള വായനയെയും ബാധിക്കും.
വൈകാരിക വികസനം: സോഷ്യൽ മീഡിയയിലെ താരതമ്യസംസ്കാരം, ലൈക്കു കൾ, ഫോളോവേഴ്സ് എന്നിവ ആത്മാഭി മാനത്തെയും മാനസികാരോഗ്യത്തെയും സ്വാധീനിക്കുന്നു. അമിതമായ സ്ക്രീൻ ഉപയോഗവും ഉൽക്കണ്ഠ, വിഷാദം, വൈകാരിക പ്രശ്നങ്ങൾ എന്നിവയും തമ്മിൽ ബന്ധമുണ്ടെന്ന് വലിയ തോതിലുള്ള പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
സാമൂഹിക വികസനം: ഓൺലൈൻ ഇടപെടലുകൾ സൗഹൃദങ്ങൾ വികസിപ്പി ക്കും. എന്നാൽ മുഖാമുഖം ആശയവിനിമയം കുറയുന്നത് സഹാനുഭൂതി, ആശയവിനിമയ നൈപുണ്യങ്ങൾ തുടങ്ങിയവയെ വിപരീതമായി ബാധിക്കാം. അതിനാൽ ഓൺലൈൻ-ഓഫ്‌ലൈൻ ജീവിതങ്ങളിൽ സന്തുലിതാവസ്ഥ നിർണ്ണായകമാണ്.
മൂല്യങ്ങളും സ്വഭാവ രൂപീകരണവും: കൗമാരക്കാരുടെ ഡിജിറ്റൽ വളർച്ചയിൽ മാതാപിതാക്കളുടെ ആശയവിനിമയ ശൈലിയും കുടുംബബന്ധങ്ങളും നിർണ്ണായകമാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുടുംബബന്ധങ്ങൾ ശക്തമായിടത്ത് ഡിജിറ്റൽ ലോകത്തിന്റെ പ്രതികൂല സ്വാധീനങ്ങൾ കുറവാണ്.
ഏറ്റവും വിജയകരമായ ചില രക്ഷാകർതൃ തന്ത്രങ്ങൾ (Parenting tips)
സമീപകാല സിസ്റ്റമാറ്റിക് റിവ്യൂകളും മെറ്റാ-അനാലിസിസുകളും ചില തന്ത്രങ്ങൾ സ്ഥിരമായി ഫലപ്രദമാണെന്ന് കാണിക്കുന്നു.
1. സജീവ മാർഗനിർദ്ദേശം (Active Mediation)
കുട്ടികൾ എന്താണ് കാണുന്നത്, ആരു മായി ഇടപെടുന്നു, എന്താണ് പഠിക്കുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പതിവായി സംസാരിക്കുക. മാതാപിതാക്കൾ കുട്ടികളോടൊപ്പം ഒരുമിച്ച് ഇത്തരം ചർച്ചകൾ നടത്തുന്നത് ഉപകാരപ്രദമാ ണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് ഏറ്റവും ഫലപ്രദമായ ഡിജിറ്റൽ മാതാപിതൃ തന്ത്രങ്ങളിലൊന്നാണ്.
2. ഒരുമിച്ചുള്ള ഉപയോഗം (Co-Use)
കുട്ടികളോടൊപ്പം സിനിമ കാണുക, വിദ്യാഭ്യാസ ആപ്പുകൾ ഉപയോഗിക്കുക, ഓൺലൈൻ ഉള്ളടക്കത്തെക്കുറിച്ച് ചർച്ച ചെയ്യുക. ഇത് കുട്ടികളുടെ വിമർശനാത്മക ചിന്തയും സുരക്ഷാബോധവും വർധിപ്പിക്കുന്നു.
3. മാതൃക കാണിക്കൽ / മാതൃക ആകുക (Role Modelling)
ഈ യുഗത്തിൽ മാത്രമല്ല, കാലങ്ങളായുള്ള ആവശ്യകതയാണ് മാതൃകയാകുക എന്നത്. ഈ ഡിജിറ്റൽ യുഗത്തിൽ പ്രത്യേകിച്ചും. കുട്ടികൾക്ക് കാണാൻ കഴിയുന്ന ഏറ്റവും വ്യക്തമായ ഉദാഹരണമാണ് രക്ഷകർത്താക്കൾ എങ്ങനെ ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കുന്നു എന്നുള്ളത്. മാതാപിതാക്കൾ തന്നെയാണ് കുട്ടികളുടെ പ്രധാന മാതൃക. ഭക്ഷണസമയത്ത് ഫോണിൽ മുഴുകുന്ന മാതാപിതാക്കൾക്ക് കുട്ടികളിൽ നിന്ന് വ്യത്യസ്തമായ പെരുമാറ്റം പ്രതീക്ഷിക്കാൻ കഴിയില്ല. മാതാപിതാക്കളുടെ ഡിജിറ്റൽ ശീലങ്ങൾ കുട്ടികളുടെ ശീലങ്ങളെ നേരിട്ട് സ്വാധീനിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.
4. ഡിജിറ്റൽ കരാർ (Family Digital Agreement)
മാതാപിതാക്കളും-കുട്ടികളുമായി ഒരു ഡിജിറ്റൽ കരാർ വളരെ വലിയ ഉപാധിയാണ്. കുടുംബമായി ചർച്ച ചെയ്ത് ഡിജിറ്റൽ നിയമങ്ങൾ രൂപപ്പെടുത്തുക. ഉദാഹരണത്തിന്:
ഭക്ഷണസമയത്ത് മൊബൈൽ ഉപയോഗിക്കരുത്.
ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് സ്ക്രീൻ ഒഴിവാക്കുക.
വ്യക്തിഗത വിവരങ്ങൾ പങ്കിടരുത്.
ഓൺലൈൻ പ്രശ്നങ്ങൾ ഉടൻ മാതാപിതാക്കളെ അറിയിക്കുക.
സഹകരണത്തോടെ രൂപപ്പെടുത്തിയ നിയമങ്ങൾ കൂടുതൽ പാലിക്കപ്പെടുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികൾ കൂടി പങ്കാളികളാകുന്ന ഒരു കരാർ പിന്തുടരാൻ കുട്ടികൾ പരിശ്രമിക്കും. ഇത് ഒരിക്കലും തെറ്റിക്കുന്നത് രക്ഷകർത്താക്കൾ ആകരുത്.
കർശന നിയന്ത്രണങ്ങളെക്കാൾ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള തുറന്ന സംഭാഷണവും പരസ്പര വിശ്വാസവും ദീർഘകാല സുരക്ഷയ്ക്കും ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പെരുമാറ്റത്തിനും സഹായകമാണ്.
5. വൈകാരികതയെ പരുവപ്പെടുത്തൽ (Emotional Coaching)
ഇമോഷണൽ കോച്ചിംഗ് എന്നത് കുട്ടികളുടെ വികാരങ്ങളെ (സന്തോഷം, ദുഃഖം, കോപം, ഭയം, നിരാശ, അസൂയ തുടങ്ങിയവ) മനസ്സിലാക്കാനും അംഗീകരിക്കാനും അവയെ ആരോഗ്യകരമായി പ്രകടിപ്പിക്കാനും കൈകാര്യം ചെയ്യാനും മാതാപിതാക്കളെ സഹായിക്കുന്ന ഒരു രക്ഷാകർതൃ സമീപനമാണ്. ഈ ആശയം മനഃശാസ്ത്രജ്ഞരായ John Gottman, Julie Gottman എന്നിവരുടെ ഗവേഷണങ്ങളിൽ നിന്നാണ് വികസിച്ചത്. കരച്ചിൽ നിർത്താൻ ഫോണോ ടാബ്‌ലറ്റോ നൽകുന്ന ശീലം കുട്ടികളുടെ സ്വയം നിയന്ത്രണ കഴിവിനെ ദുർബലമാക്കുന്നു. പകരം വികാരങ്ങളെ തിരിച്ചറിയാനും കൈകാര്യം ചെയ്യാനും കുട്ടികളെ പഠിപ്പിക്കണം.
6. ഡിജിറ്റൽ ഉള്ളടക്ക പ്രതിരോധശേഷി വികസിപ്പിക്കുക (Develop Digital Content Resilience)
ഡിജിറ്റൽ ലോകത്തിൽ എല്ലാ അപകടങ്ങളും ഒഴിവാക്കാ നാവില്ല. അതിനാൽ അപകടങ്ങളെ തിരിച്ചറിയാനും സഹായം തേടാനും തെറ്റായ ഉള്ളടക്കങ്ങളെ വിമർശനാത്മകമായി വിലയിരു ത്താനുമുള്ള കഴിവ് കുട്ടികളിൽ വളർത്തണം. ഇതാണ് പുതിയ തലമുറ ഡിജിറ്റൽ മാതാപിതൃത്വത്തിന്റെ പ്രധാന സങ്കൽപ്പം.
മാതാപിതാക്കൾക്കുള്ള പ്രായോഗിക നിർദ്ദേശങ്ങൾ
• ദിവസവും കുറഞ്ഞത് 20 മിനിറ്റ് കുട്ടികളുമായി ഡിജിറ്റൽ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുക.
• “എത്ര സമയം?” എന്നതിനേക്കാൾ “എന്താണ് പഠിച്ചത്?” എന്ന് ചോദിക്കുക.
• കുടുംബത്തിൽ സ്ക്രീൻ-രഹിത സമയങ്ങളും ഇടങ്ങളും സൃഷ്ടിക്കുക.
• കുട്ടികൾക്ക് ഡിജിറ്റൽ സാക്ഷരതയും AI സാക്ഷരതയും പഠിപ്പിക്കുക.
• ഓൺലൈൻ സുരക്ഷയെക്കുറിച്ച് ഭയപ്പെടുത്താതെ ബോധവൽക്കരിക്കുക.
• കളി, വായന, കായികപ്രവർത്തനങ്ങൾ, കുടുംബസമയം എന്നിവയ്ക്ക് തുല്യ പ്രാധാന്യം നൽകുക.
• ഡിജിറ്റൽ ലോകത്തെ ശത്രുവായി കാണാതെ പഠനത്തിന്റെയും വളർച്ചയുടെയും ഉപാധിയായി കാണുക.
ഉപസംഹാരം
ഡിജിറ്റൽ യുഗത്തിലെ മികച്ച രക്ഷാകർതൃത്വം സാങ്കേതികവിദ്യയെ നിരോധിക്കുന്നതല്ല; മറിച്ച് അതിനെ മാനുഷിക മൂല്യങ്ങളുമായി ബന്ധിപ്പിക്കുന്നതാണ്. കുട്ടികൾക്ക് ഉപകരണങ്ങൾ ഉപയോഗിക്കാൻ മാത്രമല്ല, വിവേകത്തോടെ തിരഞ്ഞെടുക്കാനും ഉത്തരവാദിത്തത്തോടെ ഇടപെടാനും മനുഷ്യബന്ധങ്ങളെ വിലമതിക്കാനും പഠിപ്പിക്കേണ്ടത് ഇന്നത്തെ മാതാപിതാക്കളുടെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. ആധുനിക ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്, കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയുടെയും മാനസികാരോഗ്യത്തിന്റെയും അടിസ്ഥാനം നിയന്ത്രണമല്ല, മറിച്ച് വിശ്വാസം, ആശയവിനിമയം, മാതൃകാപരമായ പെരുമാറ്റം, കുടുംബബന്ധങ്ങൾ എന്നിവയാണെന്നതാണ്.