സാഹിത്യവും നവോത്ഥാനവും

രണ്ടാം ഭാഗം
സാഹിത്യവും നവോത്ഥാനവും
ജാതിസമൂഹത്തില്‍ നിന്ന് പൗരസമൂഹത്തിലേക്ക് നാം മാറിയിട്ടുണ്ടെങ്കില്‍ നമ്മുടെ പൂര്‍വികര്‍ കൊളുത്തിവച്ച വഴിവിളക്കുകളാണ് കാരണം. ഈ വഴിവിളക്കുകള്‍ കരിന്തിരി കത്തുമ്പോള്‍ എണ്ണയൊഴിച്ച് അതിനെ ആളിക്കത്തിക്കാന്‍, വീണ്ടും പൗരബോധത്തിന്റെ, സ്വാതന്ത്ര്യബോധത്തിന്റെ, സമത്വബോധത്തിന്റെ ബെഞ്ചുകളില്‍ ഇരുത്തി എല്ലാവരെയും പഠിപ്പിച്ച ചാവറയച്ചനെപ്പോലുള്ള നമ്മുടെ പൂര്‍വസൂരികള്‍ നമുക്കു പ്രചോദനമാകട്ടെ.

മുസ്ലിം സമുദായത്തില്‍ നിലമ്പൂര്‍ ആയിഷ എന്ന പേരുള്ള ഒരു ആദ്യകാല നാടക നടിയുണ്ട്. കേരളത്തില്‍ അനേകം പ്രാവശ്യം മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ വ്യക്തിയാണ്. ആദ്യകാലത്ത് അഭിനയിക്കാനായി പോകുമ്പോള്‍ മഞ്ചേരിയില്‍ വച്ച് അവര്‍ക്ക് നേരെയും വെടിയുതിര്‍ക്കുന്നുണ്ട്. അവര്‍ ഭാഗ്യത്തിന് രക്ഷപ്പെട്ടതാണ്. ഇങ്ങനെ നരകം ആയിരുന്നു സ്ത്രീകളുടെ അവസ്ഥ. എം ആര്‍ ബി ഒരു കൃതി എഴുതിയിട്ടുണ്ട്, 'മറക്കുടയ്ക്കുള്ളിലെ മഹാനരകം.'

കുമാരനാശാന്‍ 1919 ല്‍ 'ചിന്താവിഷ്ടയായ സീത'യില്‍ അന്ന് എഴുതിയത് ഇന്നും ബാധകമാണ്. തന്നെ രാവണന്‍ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്നു സംശയത്തിന്റെ പേരില്‍ രാമന്‍ സീതയെ ഉപേക്ഷിക്കുമ്പോള്‍ സീത തിരിച്ചു രാമനോട് ചോദിക്കുന്ന ചോദ്യമുണ്ട്, ''പടുരാക്ഷസ ചക്രവര്‍ത്തി എന്നുടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ?''

ഉത്തരമില്ല. ഈ ചോദ്യം പിന്നെയും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നിര്‍ഭയ എന്ന പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായപ്പോള്‍ ചില സദാചാര പൊലീസുകാര്‍ ചോദിച്ചു, എന്തിനാണ് രാത്രി പെണ്‍കുട്ടികള്‍ പുറത്തിറങ്ങുന്നത്? നിര്‍ഭയ തിരിച്ചു ചോദിക്കുന്നു, ''പടുരാക്ഷസ ചക്രവര്‍ത്തി എന്നുടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ?'' യു പി യിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി. വൈകിട്ട് ഏഴുമണിക്ക് വയലിലേക്ക് പോയതാണ്. അവിടെയുള്ള എം എല്‍ എ ശ്രീവാസ്തവ ചോദിക്കുകയാണ്, എന്തിനാണ് അവര്‍ ഈ രാത്രി വയലിലേക്ക് പോയത്? ബേഠി പഠാവോ, ബേഠി ബചാവോ എന്നു പറയുന്ന നമ്മുടെ പ്രധാനമന്ത്രിയുടെ പിന്തുണക്കാരനാണ് ഈ ശ്രീവാസ്തവ. ഈ പാവപ്പെട്ട ദളിത് സ്ത്രീകള്‍ക്ക് ശൗചാലയങ്ങള്‍ ഇല്ല, ഇരുളിന്റെ മറവില്‍ മാത്രമേ അവര്‍ക്ക് പ്രാഥമികകൃത്യങ്ങള്‍ ചെയ്യാന്‍ കഴിയൂ എന്ന് തിരിച്ചറിയാതെ ചോദിക്കുകയാണ്, എന്തിനാണ് രാത്രി പുറത്തേക്ക് പോകുന്നത്? ഹത്രാസിലെ പെണ്‍കുട്ടികള്‍ ചോദിക്കും, പടു രാക്ഷസ ചക്രവര്‍ത്തി എന്നുടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ?

കേരള ഹൈക്കോടതിയില്‍ ബസന്ത് എന്ന പേരുള്ള ന്യായാധിപന്‍ ഉണ്ടായിരുന്നു. സൂര്യനെല്ലിയിലെ പെണ്‍കുട്ടിയോട് അദ്ദേഹം കോടതിയില്‍ ചോദിച്ചതാണ്, 40 ദിവസങ്ങള്‍ ഉണ്ടായിട്ട് നീ എന്തുകൊണ്ട് രക്ഷപ്പെട്ടില്ല? ഒരുപക്ഷേ ബാലവേശ്യ എന്ന് അവളെ മുദ്രകുത്തുമ്പോള്‍ ഇന്നവള്‍ ചോദിക്കും, പടുരാക്ഷസ ചക്രവര്‍ത്തി എന്നുടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ?

ജ്ഞാനപീഠം നേടിയ ആദ്യ മലയാളിയായ ജി ശങ്കരക്കുറുപ്പും പുരുഷാധിപത്യത്തിനെതിരെ സംസാരിക്കുകയും സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുകയും ചെയ്തിരുന്ന ആളാണ്. അദ്ദേഹത്തിന്റെ വിഖ്യാതമായ കവിതയാണ് 'യശോധര'. ബുദ്ധന്റെ പൂര്‍വാശ്രമത്തില്‍ അദ്ദേഹം കപിലവസ്തുവിലെ രാജകുമാരനായിരുന്നു. അപ്പോള്‍ സിദ്ധാര്‍ത്ഥന്റെ ഭാര്യയായിരുന്നു യശോധര. ഒരു സുപ്രഭാതത്തില്‍ തന്നെയും തന്റെ മകനായ രാഹുലിനെയും ഉപേക്ഷിച്ചു പോയ ബുദ്ധന്‍ തിരിച്ചുവരുമ്പോള്‍ യശോധര ചോദിക്കുന്ന ചോദ്യമായിട്ടാണ് അദ്ദേഹം എഴുതുന്നത്. ''നാരി പുരുഷനു ചങ്ങല മാത്രമോ, ഒന്നു വലിച്ചാല്‍ കിലുങ്ങുന്ന ചങ്ങല?'' ബോധോദയം കിട്ടിയ ബുദ്ധനോട് അനുഭവജ്ഞാനമാര്‍ജ്ജിച്ച ഒരു, സ്ത്രീ ചോദിക്കുന്ന ചോദ്യമാണ്.

67 കൊല്ലമായി കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട്. ഇത്രയും നാളായിട്ടും നമുക്കൊരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ഒരു കെ പി സി സി പ്രസിഡണ്ട്, സി പി എം സെക്രട്ടറി വനിതയായിട്ടുണ്ടോ? 1987 ല്‍ തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഇടതുമുന്നണി ഉയര്‍ത്തിയ മുദ്രാവാക്യം കേരം തിങ്ങും കേരള നാട്ടില്‍ കെ ആര്‍ ഗൗരി ഭരിച്ചിടും എന്നാണ്. എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞ് ഫലം വന്നപ്പോള്‍ നായനാര്‍ മുഖ്യമന്ത്രിയായി. വിമോചന സമരകാലത്ത് മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. ഗൗരിച്ചോത്തി പെണ്ണല്ലേ പുല്ലു പറിക്കാന്‍ പൊക്കൂടെ എന്നായി. സി പി എം പിന്നീട് ഗൗരിയമ്മയെ പുറത്താക്കുന്നുണ്ട്. ബാലചന്ദ്രന്‍ ചുള്ളിക്കാട് അന്ന് ഗൗരി എന്ന പേരില്‍ ഒരു കവിത എഴുതി.

  • മതി ഗൗരിയമ്മേ കൊടിതാഴെവയ്ക്കു

  • ഒരു പട്ടുടുക്കൂ കൊടുങ്ങല്ലൂര്‍ ചെല്ലൂ

  • ഒരു കാവ് തീണ്ടു

  • ഫലിതത്തിനെന്നും നമ്പൂരി നല്ലൂ

  • സമരത്തിനെന്നും അടിയാത്തി വേണം.

നമ്മുടെ നാട്ടിലെ സ്ത്രീകളുടെ അവസ്ഥ അന്നും ഇന്നും വലിയ മാറ്റമില്ലാതെ തുടരുകയാണ് സാഹിത്യകാരന്മാര്‍ കൊളുത്തിയ വിളക്കുകള്‍ കരിന്തിരി കത്തി തുടങ്ങുന്നുണ്ടോ? മലബാറില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് സംഭവിക്കുന്ന ഒരു കാര്യമുണ്ട്. ഭാര്യയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എങ്കിലും ഭര്‍ത്താവിന്റെ ഫോട്ടോയാണ് ഫ്‌ളക്‌സില്‍ വയ്ക്കുക.

സാഹിത്യം സമഭാവനയും സമത്വബോധവും യാഥാര്‍ത്ഥ്യമാക്കി. ഫ്രഞ്ച് ചിന്തകനായ മിഷേല്‍ ഫുക്കോ പറഞ്ഞു, "man is a recent invention.' മനുഷ്യന്‍ അടുത്തകാലത്ത് കണ്ടുപിടിക്കപ്പെട്ട ഒരാളാണ്. അതായത് സ്വതന്ത്രനായ, അവകാശങ്ങള്‍ ഉള്ള ഒരു വ്യക്തി, പ്രജയില്‍ നിന്ന് പൗരനിലേക്ക് രൂപാന്തരം വന്ന വ്യക്തി കണ്ടുപിടിക്കപ്പെട്ടിട്ട് അധികം കാലം ആയിട്ടില്ല. സമത്വവും സമബോധവും കൊണ്ടുവരുവാന്‍ വേണ്ടി നവോത്ഥാനം ചെയ്ത ഒരു കാര്യം ദൈവസങ്കല്‍പങ്ങളെ പുനര്‍നിര്‍ണയിച്ചു, പുനര്‍നിര്‍വചിച്ചു എന്നതാണ്. പ്രോസസ് ഫിലോസഫിയുടെ ആചാര്യനായ എ എന്‍ വൈറ്റ് ഹെഡ് പറയുന്നു, ""There is only one dogma in debate; what you mean by God.'' വിവാദപരമായി ഒരു വിശ്വാസസത്യമേ ഉള്ളൂ ദൈവം എന്നതുകൊണ്ട് നിങ്ങള്‍ എന്ത് അര്‍ത്ഥമാക്കുന്നു? ദൈവസങ്കല്പങ്ങളില്‍ ഉള്ള വ്യത്യാസം മനുഷ്യ സമൂഹത്തിന്റെ പുരോഗതിയെ ബാധിക്കും. ചിലപ്പോള്‍ പോസിറ്റീവായും ചിലപ്പോള്‍ നെഗറ്റീവായും. ദൈവസങ്കല്‍പ്പങ്ങളിലുള്ള മാറ്റം യുക്തിരഹിത മതത്തില്‍ നിന്ന് യുക്തിസഹിത മതത്തിലേക്കുള്ള മാറ്റമാണ്. ജര്‍മ്മന്‍ നവീകരണം നടന്നപ്പോള്‍ ലൂഥര്‍ പറഞ്ഞു, യുക്തി പിശാചിന്റെ ദാസിയാണ്. യുക്തിരഹിതമായ മതം നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. വസൂരി വന്നാല്‍ ചികിത്സിക്കില്ല, അത് അമ്മ വിളയാട്ടം ആണ്, ദേവിയുടെ പ്രസാദമാണ് എന്ന് കരുതി മനുഷ്യരെ മരണത്തിന് വിട്ടുകൊടുത്തിരുന്ന നാടാണ് ഇത്. അനീതി നിറഞ്ഞ സാമൂഹ്യവ്യവസ്ഥിതിയെ പ്രോത്സാഹിപ്പിക്കുന്ന ദൈവസങ്കല്‍പത്തിന്റെ തിരുത്തലുകള്‍ ആവശ്യമാണ്. ജാതിയെ സാധൂകരിക്കുന്ന സ്മൃതികളും ശ്രുതികളും തിരുത്തി കൊണ്ടാണ് ഇവിടെ നവോത്ഥാനം സാധ്യമായത്. ഭഗവത്ഗീതയില്‍ നമ്മള്‍ വായിക്കുന്നു 'ചാതുര്‍വര്‍ണ്യം മയാസൃഷ്ടം'. ഞാനാണ് ചാതുര്‍വര്‍ണ്യം സൃഷ്ടിച്ചത് എന്ന് ഭഗവാന്‍ പറയുന്നു. ബ്രഹ്മാവിന്റെ ശിരസ്സില്‍ നിന്ന് ബ്രാഹ്മണനും കൈകളില്‍ നിന്ന് ക്ഷത്രിയനും ഉദര ഭാഗത്തുനിന്ന് വൈശ്യനും അധോഭാഗത്ത് നിന്ന് ശൂദ്രനും ജനിച്ചു എന്ന് പറയുന്ന, അനീതിയെ വ്യവസ്ഥാപിതമാക്കുന്ന ന്യായീകരിക്കുന്ന ഒരു ചിന്ത. തമിഴകത്തെ നവോത്ഥാന നായകനായ ഇ വി രാമസ്വാമി നായ്ക്കര്‍ എന്ന തന്തൈപ്പെരിയോര്‍ ഇതിനെക്കുറിച്ച് ചോദിക്കുന്നു, പുലയനും പറയനും ഒക്കെ എവിടുന്നു ജനിച്ചു? അദ്ദേഹം തന്നെ ഉത്തരം പറയുന്നു, അവരൊക്കെ അവരവരുടെ തന്തയ്ക്കും തള്ളയ്ക്കും പിറന്നു. അനീതി നിറഞ്ഞ ദൈവസങ്കല്പങ്ങള്‍ ഇവിടെ നടക്കുന്ന ജാതി വ്യവസ്ഥയെ സാധൂകരിച്ചു.

1924 ല്‍ വൈക്കം സത്യാഗ്രഹം നടക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് ഇ വി രാമസ്വാമി ഇവിടെ വരുന്നുണ്ട്. കൂടെ അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മാളുമുണ്ട്. അവരന്നു പ്രസംഗിക്കുമ്പോള്‍ ചോദിക്കുന്ന ചോദ്യമിതാണ്, 'പന്നിക്കും പട്ടിക്കും പൂച്ചയ്ക്കും നടക്കാന്‍ കഴിയുന്ന വഴിയില്‍ എന്തുകൊണ്ട് മനുഷ്യന് നടന്നു കൂടാ?' വൈക്കം സത്യാഗ്രഹത്തിന്റെ സമയത്ത് നിരോധിക്കപ്പെട്ട വഴിയിലൂടെ ഒരു ബ്രിട്ടീഷുകാരന്‍ വരികയാണ്. കൂടെ ഒരു ഈഴവനും ഉണ്ട്. സായിപ്പിന്റെ കൂടെ വന്നതുകൊണ്ട് ഈഴവനെ ആരും തടയുന്നില്ല. ശ്രീനാരായണഗുരു പറഞ്ഞു, 'കന്നിന്‍തോല്‍ കാലില്‍ ചേര്‍ന്നാല്‍ ക്ഷേത്രത്തില്‍ പ്രവേശനമില്ല.' അതായത് ചെരിപ്പിട്ടാല്‍. എന്നാല്‍ കന്നിന്‍തോല്‍ ചെണ്ടയില്‍ ചേര്‍ന്നാല്‍ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ട്.

നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 1861 ലെ ഇന്ത്യന്‍ പീനല്‍ കോഡും 1882 ല്‍ സി ആര്‍ പി സിയും നിലവില്‍ വന്നശേഷം സന്യാസം ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രമാണെന്ന് പറഞ്ഞ വ്യവസ്ഥയെ തിരുത്തി എഴുതുമ്പോഴാണ് ഗുരു പറയുക, നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷുകാരാണ്. ഇങ്ങനെ സമഭാവന ഇല്ലാത്ത ഒരു ലോകമായിരുന്നു നമ്മുടേത്. നമ്മുടെ ഭരണഘടനയുടെ രൂപീകരണ കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്നു അംബേദ്കര്‍. മഹര്‍ സമുദായക്കാരനായിരുന്നു അദ്ദേഹം. ഈ സമുദായക്കാര്‍ പകല്‍ പുറത്ത് സഞ്ചരിക്കാന്‍ പാടില്ല. കാരണം അവരുടെ നിഴല്‍ വീണാല്‍ ഭൂമി അശുദ്ധമാകും. സഞ്ചരിക്കുമ്പോള്‍ പുറകില്‍ ഒരു ചൂല്‍ തൂക്കണം. നടക്കുമ്പോള്‍ അയാളുടെ കാല്‍പ്പാടുകള്‍ മായ്ച്ചു കളഞ്ഞു കൊണ്ട് വേണം പോകാന്‍. കഴുത്തില്‍ ചിരട്ട കെട്ടി തൂക്കണം. നിലത്തു തുപ്പാന്‍ പാടില്ല, ഭൂമി അശുദ്ധമാകും. അങ്ങനെ നടന്നിരുന്ന ഒരു വ്യക്തി. അദ്ദേഹം ഗാന്ധിജിയോട് ചില സമയത്ത് കലഹിക്കുന്നുണ്ട്. ജാതി ഉന്മൂലനം എന്ന ഗ്രന്ഥത്തില്‍ ഇതിനെക്കുറിച്ച് ധാരാളം പരാമര്‍ശങ്ങളും രേഖകളും ഉണ്ട്. ദളിത് വിമോചനത്തിന്റെ കാഹളമുയര്‍ത്തി അംബേദ്കര്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ഗാന്ധിജി പറഞ്ഞു, 'ദളിത് വിമോചന പ്രവര്‍ത്തനങ്ങള്‍ മാതൃഭൂമിയുടെ സ്വാതന്ത്ര്യലബ്ധിയെ വൈകിക്കും.' അംബേദ്കര്‍ പറഞ്ഞു, 'ഞങ്ങള്‍ക്ക് മാതൃഭൂമിയില്ല.'

ബ്രിട്ടീഷുകാര്‍ പോയാല്‍ അവര്‍ക്ക് ഇവിടെ രാഷ്ട്രീയസ്വാതന്ത്ര്യം കിട്ടും പക്ഷേ സാമൂഹ്യസ്വാതന്ത്ര്യം കിട്ടില്ല. പൊതുവഴിയിലൂടെ നടക്കാനും പൊതു കുളത്തില്‍ കുളിക്കാനും അവകാശം ഇല്ലാത്തവന് രാഷ്ട്രീയ സ്വാതന്ത്ര്യം കിട്ടിയിട്ട് എന്തുകാര്യം? വെളുത്ത സായിപ്പ് പോയാല്‍ കറുത്ത സായിപ്പ് വരുമെന്ന തിരിച്ചറിവുണ്ടായപ്പോള്‍ അംബേദ്കര്‍ പറയുകയാണ്, ഞങ്ങള്‍ക്കൊരു മാതൃഭൂമിയില്ല. മഹാരാഷ്ട്രയില്‍ അദ്ദേഹം ആയിരത്തോളം അനുയായികളുമായി വന്നു പൊതുകുളത്തില്‍ ഇറങ്ങി വെള്ളം കൈകൊണ്ട് തൊടുകയും അത് കുടിക്കുകയും ചെയ്യുന്നു.

മതഗ്രന്ഥങ്ങളിലെ മനുഷ്യവിരുദ്ധ പരാമര്‍ശങ്ങളെ വെല്ലുവിളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു കൊണ്ടാണ് നവോത്ഥാന നായകന്മാര്‍ ഇവിടെ സമഭാവന കൊണ്ടുവന്നത്. 'മനുസ്മൃതി'യില്‍ ഒരു ശ്ലോകം ഉണ്ട്. 'ബ്രാഹ്മണോ മമ ദൈവതം' എന്ന് അവസാനിക്കുന്ന ഒരു ശ്ലോകമാണ്. ദൈവം മന്ത്രാധികാരത്തിന് കീഴ്‌പെട്ടതാണ്, മന്ത്രാധികാരം ബ്രാഹ്മണനു കീഴ്‌പ്പെട്ടതാണ്, അതുകൊണ്ട് ബ്രാഹ്മണന്‍ എന്റെ ദൈവമാണ്. ഇതു വായിച്ചിട്ട് കേരളത്തിന്റെ നവോത്ഥാന നായകനായ വി ടി ഭട്ടതിരിപ്പാട് പറയുന്നു, 'ഇത് എഴുതിയ ആള്‍ക്ക് ഏതോ നമ്പൂരിമനയിലെ കാര്യസ്ഥന്റെ വായനാറ്റം ഉണ്ട്.' അങ്ങനെയാണ് യോഗക്ഷേമസഭ നമ്പൂതിരിയെ മനുഷ്യനാക്കുക എന്നു പറഞ്ഞത് അവന്‍ പച്ചമണ്ണില്‍ ചവിട്ടി നടക്കണം. അപ്പുറത്ത് പുലയനെയും പറയനെയും മനുഷ്യരാക്കുന്ന പ്രവര്‍ത്തനം അയ്യങ്കാളിയും മറ്റും നടത്തുന്നുണ്ട്.

എസ് എന്‍ ഡി പി യോഗം അവരുടെ ആദ്യകാല യോഗങ്ങള്‍ക്കായി തിരഞ്ഞെടുത്ത പ്രാര്‍ത്ഥന നിരീശ്വരവാദിയായ സഹോദരന്‍ അയ്യപ്പന്‍ എഴുതിയ സമഭാവന എന്ന കവിതയിലെ വരികളാണ്.

  • വലുതിന്നിര ചെറുതെന്നത് മൃഗജീവിത നിയമം,

  • ചെറുതിന്‍ തുണ വലുതെന്നതുതന്നേ നരധര്‍മ്മം.

'കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍' എന്നത് കാട്ടുനീതിയാണ്. 'അര്‍ഹതയുള്ളവന്റെ അതിജീവനം' എന്ന ഡാര്‍വീനിയന്‍ പരികല്പന, ശക്തിയുള്ളവന്‍ വിജയിക്കുകയും ബലഹീനന്‍ ചവിട്ടി അരയ്ക്കപ്പെടുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി. അവിടെയാണ് സഹോദരന്‍ അയ്യപ്പന്‍ ഈ വരികള്‍ എഴുതിയത്. ഉള്ളൂര്‍ ബൈബിള്‍ പ്രചോദിതനായി എഴുതുന്ന ഒരു കവിതയുണ്ട്, 'അടുത്തുനില്‍പ്പൊരനുജനെ നോക്കാന്‍ അക്ഷികളില്ലാത്തോര്‍ക്കരൂപനീശ്വരന്‍ അദൃശ്യനായാലതിലെന്താശ്ചര്യം?'

മാനവസേവ മാധവസേവയാണ്. ഫ്രഞ്ച് ചിന്തകനായ ഇമ്മാനുവല്‍ ലെവിനാസ് എഴുതുന്നു, 'self is the host of the other' സ്വത്വം അപരന് ആതിഥേയമാണ്. ദൈവത്തിന്റെ പ്രത്യക്ഷം എവിടെയാണ് കാണേണ്ടത്? മുഖത്താണ്. ഗര്‍ഭപാത്രം കുഞ്ഞിനെ പൊതിഞ്ഞ് സംരക്ഷിക്കുന്നതുപോലെ അപരനെ സംരക്ഷിക്കണം. അദ്ദേഹം എഴുതുന്നത് രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്.

1912 നടന്ന പുലയ മഹാ സമ്മേളനത്തില്‍ കവിതിലകന്‍ പണ്ഡിറ്റ് കെ പി കറുപ്പന്‍ എഴുതിയ ഒരു പദ്യപത്രിക അവതരിപ്പിച്ചു. 'പശുക്കളെ അടിച്ചെന്നാല്‍ ഉടമസ്ഥര്‍ തടുത്തീടും, പുലയരെ അടിച്ചെന്നാല്‍ ഒരുവനുമില്ല. റോട്ടില്‍ നടന്നാല്‍ ആട്ടുകൊള്ളും അതുകൊണ്ട് തോട്ടിലേക്ക് ഇറങ്ങിയാല്‍ കല്ലേറു കൊള്ളും.' പുലയന്റെ അവസ്ഥയാണിത്. 1908 ല്‍ കൊച്ചിയില്‍ ഒരു കാര്‍ഷിക പ്രദര്‍ശനം നടക്കുന്നുണ്ട്. അതില്‍ കൊച്ചി ദിവാനായിരുന്ന ജോസഫ് ബോര്‍ അതിഥിയായി സംബന്ധിക്കുന്നുണ്ട്. കെ പി കറുപ്പന്‍ മാസ്റ്റര്‍ പ്രഭാഷകനായി ചെല്ലുന്നു. കാര്‍ഷിക വിഭവങ്ങള്‍ മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയത് പുലയരാണ് എന്നാല്‍ പ്രദര്‍ശനത്തില്‍ അവര്‍ക്ക് പങ്കെടുക്കാനോ കാണാനോ വാങ്ങാനോ ഉള്ള അവകാശം ഇല്ല. ഈ പരാതി പറഞ്ഞ കെ പി കറുപ്പന്‍ മാസ്റ്ററുടെ അപേക്ഷ കേട്ട ജോസഫ് ബോര്‍ പുലയര്‍ക്കുമന്ന് പ്രവേശനം അനുവദിക്കുന്നുണ്ട്.

നവോത്ഥാനത്തിന്റെ മറ്റൊരു വഴി ഭാഷയുടെ നവീകരണം ആണ്, അച്ചടിയാണ്. അച്ചടി അറിവിന്റെ ജനാധിപത്യവല്‍ക്കരണം കൊണ്ടുവന്നു, കോവിലകങ്ങളിലും പ്രഭു കുടുംബങ്ങളിലും രാജകൊട്ടാരങ്ങളിലും മാത്രം ഒതുങ്ങി നിന്ന അറിവിനെ സാര്‍വത്രികവല്‍ക്കരിച്ച ഒരു പ്രതിഭാസം ആയിരുന്നു അച്ചടി. വേദം പഠിച്ച ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്നു പറഞ്ഞ ഒരു പാരമ്പര്യം ഉണ്ടായിരുന്ന നാടാണിത്. അക്ഷരം പഠിച്ച ശൂദ്രനെ അകറ്റിനിര്‍ത്തിയിരുന്ന കാലം, അറിവ് താളിയോലകളില്‍ മാത്രം ഒതുങ്ങിയിരുന്ന കാലം. അച്ചടി അറിവിനെ ജനാധിപത്യവല്‍ക്കരിക്കുന്നു, വ്യാപകമാക്കുന്നു. പൊതുവിദ്യാഭ്യാസം വ്യാപകമാകുന്നു, ആധുനിക കവിത്രയത്തിലെ വള്ളത്തോള്‍ എഴുതുന്നു, 'ഇരുളിലാണ്ടുകിടക്കുന്ന പാഴ് കുടിലുകള്‍ ഒരുപാടുണ്ടല്ലോ നിങ്ങളുടെ ചുറ്റിലും, അതിങ്കലൊരു വെളിച്ചത്തെ കാണിപ്പാനായി, സുതരേ ജ്വലിപ്പിക്കിന്‍ നിങ്ങള്‍തന്‍ വിജ്ഞാനത്തെ.'

ഭാഷയുടെ നവീകരണം വഴി നവോത്ഥാനം ഉണ്ടാകുന്നുണ്ട്. നവോത്ഥാനം എന്നത് ആചാരഭാഷയില്‍ നിന്ന് സ്വാഭിമാനഭാഷ ഉണ്ടായതിന്റെ കഥ കൂടിയാണ്. എന്താണ് ആചാരഭാഷ? പുലയന്റെ ഭക്ഷണം ഭാഷയില്‍ കരിക്കാടിയാണ്. നമ്പൂരിയുടെ ഭക്ഷണം അമൃതേത്താണ്. നമ്പൂതിരിയെ തിരുമേനി എന്ന് വിളിക്കുന്നു. നമ്മള്‍ കുളിക്കുമ്പോള്‍ കുളിയാണ്, രാജാവിന്റേത് പള്ളി നീരാട്ടാണ്. നമ്മള്‍ പോത്തുപോലെ കിടന്നുറങ്ങുമ്പോള്‍ രാജാവിന്റേത് പള്ളിയുറക്കമാണ്. എന്നും വാ പൊത്തി നിന്ന് റാന്‍, അടിയന്‍ എന്നൊക്കെ പറഞ്ഞു ശീലിച്ചവര്‍ ഞാന്‍ എന്നു പറഞ്ഞതിന്റെ കഥ കൂടിയാണ് നവോത്ഥാനം. ആചാരഭാഷ സ്വാഭിമാന ഭാഷയാകുമ്പോള്‍ കര്‍തൃത്വത്തിന്റെ പ്രകാശനം നടക്കുന്നുണ്ട്. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലാണ് ഇന്ദുലേഖ. നായര്‍ സ്ത്രീയാണ് ഇന്ദുലേഖ. സൂരി നമ്പൂതിരിപ്പാട് അവിടെ വരുമ്പോള്‍ റാന്‍ എന്നോ അടിയന്‍ എന്നോ പറയേണ്ട ഇന്ദുലേഖ, സൂര്യ നമ്പൂതിരിപ്പാടിന് നേരെ തിരിഞ്ഞു നിന്ന് ഞാന്‍ എന്നു പറഞ്ഞപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി എന്നാണ് പറയുന്നത്. ഇത് ജാതിശരീരത്തില്‍ നിന്ന് പൗരശരീരത്തിലേക്ക് ഉള്ള ഒരുവന്റെ കയറ്റമാണ്. തിരുവിതാംകൂറില്‍ രാജവാഴ്ച കാലത്ത് ശ്രീചിത്തിരത്തിരുനാള്‍ തിരുമനസ്സു കൊണ്ട് എന്നാണു പറഞ്ഞിരുന്നത്. കേസരി കേസരി ബാലകൃഷ്ണപിള്ള അദ്ദേഹത്തിന്റെ പത്രത്തില്‍ എഴുതി, മിസ്റ്റര്‍ ബാലരാമവര്‍മ്മ. അവിടെ ചരിത്രം തിരുത്തപ്പെടുകയാണ്. ഭരണാധികാരിയെ നാവെടുത്തു വിളിക്കാന്‍ അവകാശമില്ലാത്ത പ്രജയല്ല, ഞാന്‍ അവകാശങ്ങളുള്ള പൗരനാണ് എന്നു പറയുകയാണ്. ഭാഷ നമ്മെ രൂപപ്പെടുത്തുന്നുണ്ട്, നവോത്ഥാനത്തിലേക്ക് നയിക്കുന്നുണ്ട്.

വിവര്‍ത്തനം ഒരു നവോത്ഥാന പ്രക്രിയയാണ്. നാരായണഗുരു സംവാദത്തിന് പോകുമ്പോള്‍ അദ്ദേഹത്തോട് സംവദിക്കാന്‍ വന്ന പണ്ഡിതര്‍ പറഞ്ഞു, നമുക്ക് സംസ്‌കൃതത്തില്‍ സംസാരിക്കാം. ഗുരു പറഞ്ഞു, ഇവിടെ വന്നിരിക്കുന്നവരില്‍ ഭൂരിഭാഗം പേരും മലയാളികളാണ്, അവര്‍ക്ക് സംസ്‌കൃതം അറിയില്ല, നമുക്ക് മലയാളത്തില്‍ സംസാരിക്കാം. അതൊരു വിപ്ലവമാണ്. ലോകചരിത്രത്തില്‍ വിവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. മാര്‍ട്ടിന്‍ ലൂഥര്‍ ലാറ്റിനില്‍ നിന്ന് ജര്‍മ്മന്‍ ഭാഷയിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്തു, സാധാരണക്കാര്‍ക്ക് ബൈബിള്‍ ലഭ്യമായി. അതുവരെ അല്‍മാരുടെ ജോലി പ്രാര്‍ത്ഥിക്കുക, പണം അടയ്ക്കുക, അനുസരിക്കുക എന്നതുമാത്രമായിരുന്നല്ലോ. അവര്‍ക്ക് ബൈബിള്‍ ലഭ്യമാവുകയാണ്. വൈക്ലിഫ് ഇംഗ്ലീഷിലേക്ക് ബൈബിള്‍ വിവര്‍ത്തനം ചെയ്തു. അദ്ദേഹത്തിന് എന്തുപറ്റിയെന്ന് നമുക്കറിയാം. നമ്മുടെ നാട്ടിലെ മാര്‍ത്തോമ്മ സഭയില്‍ ഉണ്ടായിരുന്ന അബ്രഹാം മല്‍പ്പാന്‍ കൂദാശകളെ സുറിയാനിയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ദേവഭാഷയായ സംസ്‌കൃതത്തില്‍ അല്ല മലയാളത്തില്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞ നവോത്ഥാന നായകരുണ്ട്. അറബിയില്‍ നിന്ന് മലയാളത്തിലേക്ക് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്ത ആളാണ് സനാവുള്ള മക്തി തങ്ങള്‍. ദേവഭാഷയില്‍ അഭിരമിച്ചിരുന്ന ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രം ലഭ്യമായിരുന്ന മത ഗ്രന്ഥങ്ങളെ സാധാരണക്കാരുടെ ഭാഷയിലേക്ക് കൊണ്ടുവരാന്‍ വിവര്‍ത്തന പ്രക്രിയക്കൊണ്ട് സാധിച്ചു.

കാള്‍ ജാസ്‌പേഴ്‌സ് എന്ന ജര്‍മ്മന്‍ ചിന്തകന്‍ പറയും, 'നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന മാനവസംസ്‌കാരം എന്ന അഗ്‌നിപര്‍വതം, അതില്‍ പുകഞ്ഞുക്കൊണ്ടിരിക്കുന്ന ചെന്നായസ്വഭാവത്തിന്റെ ലാവ, അതിനെ സംസ്‌കാരത്തിന്റെ തൊലികൊണ്ട് മൂടുന്നവനാണ് ചിന്തകനും സാഹിത്യകാരനും. നമ്പൂരിയെ മനുഷ്യനാക്കിയതും പുലയനെ മൃഗത്തിന്റെ തലത്തില്‍ നിന്ന് മനുഷ്യതലത്തിലേക്ക് ഉയര്‍ത്തിയതും അതിനു പ്രചോദിപ്പിച്ചതും സാഹിത്യകാരന്മാരാണ്. കേരളം ഭ്രാന്താലയം എന്നു പറഞ്ഞ വിവേകാനന്ദന്റെ കാലത്തില്‍ നിന്ന്, ജാതിസമൂഹത്തില്‍ നിന്ന് പൗരസമൂഹത്തിലേക്ക് നാം മാറിയിട്ടുണ്ടെങ്കില്‍ നമ്മുടെ പൂര്‍വികര്‍ കൊളുത്തിവച്ച വഴിവിളക്കുകളാണ് കാരണം. ഈ വഴിവിളക്കുകള്‍ കരിന്തിരി കത്തുമ്പോള്‍ എണ്ണയൊഴിച്ച് അതിനെ ആളിക്കത്തിക്കാന്‍, വീണ്ടും പൗരബോധത്തിന്റെ, സ്വാതന്ത്ര്യബോധത്തിന്റെ, സമത്വബോധത്തിന്റെ ബെഞ്ചുകളില്‍ ഇരുത്തി എല്ലാവരെയും പഠിപ്പിച്ച ചാവറയച്ചനെപ്പോലുള്ള നമ്മുടെ പൂര്‍വസൂരികള്‍ നമുക്കു പ്രചോദനമാകട്ടെ.

  • (വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ നവോത്ഥാനത്തിന്റെ ബഹുസ്വരവായനകള്‍ എന്ന സിമ്പോസിയത്തില്‍ നടത്തിയ പ്രഭാഷണം)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org