
ദശകങ്ങള്‍ക്കുമുമ്പ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു ക്ലാസ് ഫോര്‍ ജീവനക്കാരന്റെ ജോലി തരപ്പെട്ടപ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാമെന്നു തോന്നി പി.യു. തോമസിന്. ആദ്യ മാസത്തെ ശമ്പളം വാങ്ങി പോക്കറ്റില്‍ ഇട്ടപ്പോള്‍ അനുഭവിച്ചതിലേറെ സന്തോഷമായിരുന്നു ആ തുകയില്‍നിന്നും ചില രോഗികള്‍ക്ക് മരുന്നും ഭക്ഷണവും വാങ്ങിക്കൊടുത്തപ്പോള്‍.
അതിനു മുമ്പേ ആ ചെറുപ്പക്കാരന് ആശുപത്രിയിലെ മെസ്സില്‍ പണിക്കു നില്ക്കുമ്പോള് അവിടെ ബാക്കി വരുന്ന ഭക്ഷണം അധികൃതരുടെ അനുവാദത്തോടെ ഒട്ടേറെ പൊതികളിലാക്കി കിടപ്പുരോഗികള്‍ക്കും അവര്‍ക്ക് കൂട്ടിരിക്കുന്നവര്‍ക്കും വിതരണം ചെയ്യുമായിരുന്നു.
തന്റെ പതിനാറാമത്തെ വയസ്സില്‍ കഠിനമായ അള്‍സര്‍ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വീട്ടില്‍ നിന്നും കൊണ്ടുവരുന്ന ആഹാരത്തില്‍നിന്നും ഒരു പങ്ക് തൊട്ടടുത്തു കിടക്കുന്ന രോഗിക്ക് പങ്കുവയ്ക്കുമായിരുന്നു.
ഏഴാം ക്ലാസ്സുവരെ മാത്രമേ തോമസിനു പഠിക്കാന്‍ കഴിഞ്ഞുള്ളൂ എങ്കിലും, ആ കൗമാരകാലത്തുതന്നെ വിശന്നിരിക്കുന്ന കൂട്ടുകാര്‍ക്ക് വീട്ടില്‍നിന്നും ഭക്ഷണം എന്തെങ്കിലുമൊക്കെ കൊടുക്കുമായിരുന്നു. ചില വീടുകളില്‍ നിന്നും കഞ്ഞിവാങ്ങിയും സഹപാഠികളുടെ വിശപ്പിനു ശമനം വരുത്തിയിരുന്നു. മറ്റുള്ളവരുടെ നിസ്സഹായതയും വിശപ്പും തോമസിനു കാണാനും, അവരെ സഹായിക്കാനും എന്തെന്നില്ലാത്ത വ്യഗ്രതയായിരുന്നു.
എന്തേ തോമസ് അങ്ങനെ എന്ന് ഒരു ചോദ്യം ഉണ്ടായാലോ? ആ ചെറുക്കന് അങ്ങനെയായിരുന്നു. അതായിരുന്നു, അതൊന്നും ആരും പറഞ്ഞിട്ടല്ല. ഒരു നിര്‍ബന്ധവും അതിനു പിന്നിലില്ല.
മെഡിക്കല്‍ കോളേജിന്റെ വരാന്തകളിലും, ഇടനാഴികളിലും തന്റെ ഡ്യൂട്ടി എന്തോ അത് നടത്തുമ്പോഴും മറ്റുള്ളവരുടെ കണ്ണുകളിലെ നിശബ്ദ രോദനങ്ങള്‍ക്ക് തോമസ് കാതു കൊടുക്കുമായിരുന്നു. മനോരോഗ വാര്‍ഡിലായിരുന്നു ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ബോധാബോധങ്ങള്ക്കിടയില് കുടുങ്ങിപ്പോയ രോഗികള്‍ ആ ചെറുപ്പക്കാരന് ഒരു തീരാവേദനയായിരുന്നു, കളങ്കമില്ലാത്ത സ്നേഹവും പ്രവൃത്തിയും ഉണ്ടെങ്കില്‍ അത്തരം രോഗികള്‍ക്ക് സാന്ത്വനമായിരിക്കുമെന്ന് സ്വയമേ തോമസിനു വെളിപാടുണ്ടായിരുന്നു. സ്വന്തക്കാരും നാട്ടുകാരും തെരുവിലേക്കിറക്കി വിട്ട ആ അനാഥരെ എങ്ങനെ രക്ഷിക്കാം എന്ന ആര്‍ദ്ര വിചാരങ്ങള്‍ അയാളില്‍ എന്തെന്നില്ലാത്ത വിങ്ങലുണ്ടാക്കിയിരിക്കണം.
ആശുപത്രിയിലും പരിസരങ്ങളിലും അയാള്‍ ഒട്ടേറെ പേരുടെ തോമസുചേട്ടനായി. ഡോക്ടര്‍മാരുടെയും മറ്റും സുഹൃത്തായി. തോമസുചേട്ടനെ കണ്ടാല്‍ തങ്ങള്‍ക്ക് എന്തെങ്കിലും സഹായം കിട്ടാതിരിക്കില്ല എന്ന് പട്ടിണിപ്പാവങ്ങളായ രോഗികള്ക്കറിയാമായിരുന്നു.
വേദപുസ്തകവും പള്ളിയും പ്രാര്‍ത്ഥനയും ആത്മാവിന്റെ അകത്തളങ്ങളില്‍ ശാന്തി പ്രദാനം ചെയ്യുമ്പോഴും ഒരു തിരിച്ചറിവും കൂടി അയാളില്‍ തെളിഞ്ഞു വന്നു.
ജെറുസലേമില്‍ നിന്നും ജറീക്കോയിലേക്കുള്ള വഴിയില്‍ മാത്രമല്ല നിസ്സഹായര്‍ വീണു കിടക്കുന്നതെന്ന്. തനിക്കു ചുറ്റുമൊക്കെ ഉണ്ടത്രേ. അങ്ങനെ വിശക്കുന്നവര്‍ക്കും രോഗികള്‍ക്കും മനോനില തെറ്റിയവര്ക്കുമൊക്കെ ഒരു നല്ല സമരിയാക്കാരനായി പരിണമിക്കുകയായിരുന്നു ആ മനുഷ്യന്. മെല്ലെ മെല്ലെ അയാള്‍ തോമസു ചേട്ടനില്‍നിന്നും നവജീവന്‍ തോമസിലേക്കു കൂടുവിട്ടു കൂടുമാറുകയായിരുന്നു. ദൈവഹിതത്തിന്റെ അകപ്പൊരുള്‍ തിരിച്ചറിഞ്ഞ് കോട്ടയം പ്രദേശത്തിന്റെ രക്ഷകനായി ആ വ്യക്തി മാറുമ്പോള്‍...
അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമല്ലോ വിവേകികള്‍...
അത്തരം ചാരിതാര്ത്ഥ്യങ്ങളില് നിന്നും അതിരമ്പുഴ പാക്കത്തുകുന്നേല്‍ ഉലഹന്നാന്റെയും അന്നത്തിന്റെയും മകന് ജീവകാരുണ്യം എന്ന ദൈവികതയുടെ ഒരു മഹാപ്രസ്ഥാനമായി വളരുകയായിരുന്നു. ശുഭ്രവസ്ത്രധാരിയായി രോഗികളുടെയും വിശപ്പുകാരുടെയുമൊക്കെ ദിനരാത്രങ്ങളില്‍ ഇടപെടുന്ന ആ മനുഷ്യന്റെ മുഖഭാവം ഒന്നു ശ്രദ്ധിച്ചാലോ... അതിഭാവുകത്വങ്ങള്‍ ഒഴിഞ്ഞുപോയ ആത്മസ്ഥിരത... ചുളിവു വീഴാന്‍ കൊതിക്കുന്ന കവിള്‍ത്തടങ്ങളിലെ ആ ആര്‍ദ്രത... കണ്ണുകളില്‍ അനേകര്‍ക്കു കൊടുക്കാന്‍ നിറച്ചിരിക്കുന്ന കാരുണ്യം... പ്രായമേറെയായിട്ടും ഏറെ കര്‍മോത്സുകന്‍...
തോമസുചേട്ടനുമായുള്ള അഭിമുഖത്തില്‍ നിന്ന്...
ആദ്യകാലത്ത് സാമൂഹ്യപ്രവര്‍ത്തനം ഒരൊറ്റയാള്‍ പോരാട്ടമായിരുന്നല്ലോ. അങ്ങനെയൊക്കെ സ്നേഹകാരുണ്യാദികള് ചൊരിയുമ്പോഴും ഒട്ടേറെപേര്‍ക്ക് മരുന്നും ആഹാരവും മറ്റും കൊടുക്കുമ്പോള്‍ ഒരു സംഘടന ഉയര്ത്തിയെടുക്കണമെന്നു തോന്നിയത്....
എല്ലാം ദൈവനിശ്ചയം നാം അവശരേയും രോഗികളെയും സഹായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈശോ തമ്പുരാന് കൂടുതല്‍ പേര്‍ക്കു വേണ്ടി ജീവിക്കാന്‍ പലതും തോന്നിപ്പിക്കുമല്ലോ. എനിക്ക് ഒറ്റയ്ക്കു ചെയ്യാന്‍ കഴിയുന്ന ആതുരശുശ്രൂഷകള്‍ക്ക് ഒരു പരിമിതിയൊക്കെ ഉണ്ടല്ലോ...
വിശുദ്ധ അല്‍ഫോന്‍സാമ്മയ്ക്ക് ജന്മം നല്കിയ പുണ്യഭൂമിയായ കുടമാളൂരിലാണ് ഇപ്പോള്‍ ഈ നവജീവന്‍. ഒന്നര ഏക്കറില്‍നിന്നും അഞ്ച് ഏക്കറിലേക്ക് വ്യാപിച്ചിരിക്കുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു. ഒട്ടേറെ പേര്‍ക്ക് താങ്ങും തണലുമായി ട്രസ്റ്റിന്റെ തുടക്കം...
ആദ്യകാലത്ത് ആതുരശുശ്രൂഷ തുടങ്ങുമ്പോഴൊന്നും ഇങ്ങനെ ഒരു നവജീവന്‍ ട്രസ്റ്റ് മനസ്സിന്റെ അരികത്തുപോലും വന്നെത്തിയിട്ടില്ല. മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ ഒരു മുറി തന്നു. അവിടെ ഒരു മാനസികരോഗിയെ താമസിപ്പിച്ചു. റിവേഴ്സ് ബാബു എന്നു വിളിയുണ്ടായ ഒരു ചെറുപ്പക്കാരന്. കോട്ടയം നഗരത്തില്‍ പിന്നോട്ടു മാത്രം നടക്കാറുണ്ടായിരുന്ന ഒരു മാനസികരോഗി. ഒട്ടേറെ മാനസികരോഗികള്‍ ഈ കോട്ടയം ജില്ലയില്‍ അലഞ്ഞു നടക്കുകയായിരുന്നില്ലേ? പിന്നീട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അവര്‍ താമസിക്കുന്ന കെട്ടിടം എനിക്ക് മൊത്തമായി തന്നു. താമസിക്കാന്‍ ഇടമില്ലാത്തവരും ബുദ്ധിഭ്രമം സംഭവിച്ചവരുമൊക്കെ അവിടെ താമസമായി. ഡോക്ടര്‍മാരും മറ്റു ജോലിക്കാരുമൊക്കെ എല്ലാ കാര്യത്തിലും തുണയായി.
നവജീവന്‍ എന്ന അര്‍ത്ഥവത്തായ നാമധേയം ആരുടെ സംഭാവനയാണ്?
ഒരു സിസ്റ്റര്‍ റോസ് എന്ന കന്യാസ്ത്രീയാണ് ആ പേരു നല്‍കിയത്. അതോടെ നവജീവന്‍ ഒരു സംഘടനയായി. 1991-ല്‍ നാല്‍പ്പത്തിനാലു മനോരോഗികളുമായി ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തു.
ട്രസ്റ്റിനു പിന്നില്‍ എന്തെങ്കിലും മോട്ടിവേഷന്‍...
മോട്ടിവേഷന്‍ എന്നു പറയാന്‍ പറ്റില്ല. വേണമെങ്കില്‍ ഒരു ഇന്സ്പിരേഷന് എന്നു പറയാം. ലോ കത്ത് ഒരു മനുഷ്യനും വേദനിക്കരുത്. സ്നേഹം എന്തെന്നറിയാതെ ഒരാളും മരിക്കരുത്. അവഗണിക്കപ്പെടുന്നതിന്റെ പേരില്‍ കണ്ണീരൊഴുക്കരുത്.
ഹൃദയസ്പര്‍ശികളായ ഒട്ടേറെ സംഭവങ്ങള്‍ തോമസുചേട്ടന് ഉണ്ടാകുമല്ലോ... ഒന്നു രണ്ട് അവിസ്മരണീയതകള്...
ഒട്ടേറെയുണ്ട്. എന്റെ മേഖല അത്തരത്തിലുള്ളതാണല്ലോ. ട്രസ്റ്റിനു ഒരു കെട്ടിടവും സൗകര്യവും ഉണ്ടാകുന്നതിനു മുമ്പ് ദയനീയമായ ഒരു കാഴ്ച കാണേണ്ടി വന്നു. ആശുപത്രിയുടെ പിന്നാമ്പുറത്തെ വേസ്റ്റു കുഴിയില്‍ വിശപ്പിനെ അകറ്റാന്‍ ഭക്ഷണം തിരയുന്ന ഒരു പെണ്ണ്. കണ്ടിട്ടും കാണാതെ പോകാനായില്ല. പാവം... മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളുടെ സഹായത്തോടെ ആ പാവത്തിനെ കുളിപ്പിച്ച് വസ്ത്രമൊക്കെ ഉടുപ്പിച്ച് ഭക്ഷണവും കൊടുത്ത് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അന്ന് ആ പെണ്ണ് ഗര്‍ഭിണിയായിരുന്നു എന്നതാണ് പരമസങ്കടം. രാജസ്ഥാന്‍കാരിയായ മനുഭായി. ആ സ്ത്രീ പ്രസവിച്ചു. കുട്ടിയെ ഒരാള്‍ക്കു നല്കി. ഡിസ്ചാര്‍ജ് ആയതിനു ശേഷം അതിനെ പിന്നെ കണ്ടില്ല. കുറെ ദിവസം കഴിഞ്ഞപ്പോള്‍ അതാ പഴയ വേസ്റ്റിടുന്ന സ്ഥലത്ത് ചെന്നിരിക്കുന്നു. ഏതോ ജന്മവാസന പോലെ...
അവരെ കൈവിട്ടോ?
അതിനു കഴിയണ്ടേ... പിന്നീട് ഊളമ്പാറയിലെ മാനസികാരോഗാശുപത്രിയിലാക്കി. ഞാന്‍ തിരിച്ചുപോരാന്‍ തുടങ്ങിയപ്പോള്‍ എന്റെ കൈയില്‍പിടിച്ച് തേങ്ങിതേങ്ങിക്കരയാന് തുടങ്ങി. തിരിച്ചുവരാം എന്നൊക്കെ പറഞ്ഞു ഞാന്‍ സാന്ത്വനിപ്പിച്ചു. ബസിലിരുന്ന് ഒരേ ചിന്തയായിരുന്നു. ആ മനുഭായിയുടെ മുഖഭാവവും കരച്ചിലും വിട്ടുപോകുന്നില്ല. ആരും പോരുമില്ലാത്തവരുടെ പ്രയാസങ്ങളേ... പിന്നെ ചിലര്‍ക്ക് ആരെങ്കിലുമൊക്കെ ഉണ്ടായിട്ടെന്തിനാണ്? മനോനില തെറ്റിയാല്‍ തെരുവിലാക്കുകയല്ലേ? ബുദ്ധിഭ്രമം ബാധിച്ചവര്‍ക്ക് ഒരു കേന്ദ്രം വേണമെന്ന് വല്ലാത്തൊരു ജ്വരമായി.
ആത്മാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും ചേര്‍ന്ന ഒരു തീവ്രാഗ്രഹം ഉണ്ടായാല്‍ അതൊക്കെ സംഭവിക്കുമല്ലോ. ആ മനുഭായി ജീവിതകാലം മുഴുവന്‍ ഊളമ്പാറയിലായിരുന്നോ?
നവജീവന്‍ ട്രസ്റ്റിന് ഒരു കെട്ടിടമൊക്കെ ആയപ്പോള്‍ ഞാന്‍ അ വരെ ഇങ്ങോട്ടു കൊണ്ടു വന്നു. നവജീവനിലെ ആദ്യത്തെ വനിതാ അന്തേവാസി എന്നു പറയാം. ഒരുപക്ഷേ, മനുഭായിയുടെ ആ ദയനീയസ്ഥിതി കണ്ടില്ലായിരുന്നെങ്കില്‍ നവജീവന്‍ സംഭവിക്കുമായിരുന്നോ എന്നു സംശയമാണ്. അതോടെ ഒട്ടേറെപ്പേര്‍ ഇവിടെ അഭയം തേടി എത്തി. കുറച്ചുനാളിനു മുമ്പ് അവര്‍ മരിച്ചു.
എല്ലാം ഒരു നിയോഗം. ഇന്നത്തെ ചെലവേറിയ കാലത്ത് അനേകം പേരെ നോക്കാനും മറ്റും പണം വേണ്ടേ? ട്രസ്റ്റ് എങ്ങനെ നടന്നുപോകുന്നു?
ഇവിടെ വരുന്നവര്‍ക്കൊക്കെ അതൊക്കെ അറിയണം. പലരും ധരിച്ചിരിക്കുന്നത് ഭയങ്കര വിദേശ ഫണ്ടൊക്കെ കിട്ടുമെന്നാണ്. നവജീവന്‍ എന്ന പ്രസ്ഥാനം മുന്നോട്ടുപോകുന്നത് ഒരത്ഭുതമാണ്. 'ദൈവകൃപ' എന്ന് ഒറ്റവാക്കില്‍ പറയാം. എനിക്കുപോലും അറിയില്ല, എല്ലാ കാര്യങ്ങളും എങ്ങനെ മുന്നോട്ടു പോണെന്ന്. എന്റെ കൈയില്‍ ഒരു പൈസയും ഇല്ല. ഇന്നത്തെ കാര്യം ഇന്ന്, നാളത്തെകാര്യം നാളെ. 'അന്നന്നുവേണ്ടുന്ന ആഹാരം ഇന്നും തരണേ' എന്ന പ്രാര്‍ത്ഥന ഫലവത്തായി തീര്‍ന്നിരിക്കുന്നു. അനേകമനേകം സുമനസ്സുകളുടെ അകമഴിഞ്ഞ സഹായങ്ങള്‍ ട്രസ്റ്റിനുണ്ട്. കോട്ടയംകാര്‍ക്ക് എന്നെ അറിയാം. നവജീവനേയും അറിയാം.
ട്രസ്റ്റുകളൊക്കെ ആരോപണ വിധേയമാകുന്ന കാലമല്ലേ... അങ്ങനെ എന്തെങ്കി ലും വല്ലതും...
ശരിയാണ്. എന്റെ കാര്യത്തില്‍ ഒന്നുമുണ്ടായിട്ടില്ല. പറഞ്ഞല്ലോ ഒരു പൈസയും എന്റെ പക്കല്‍ ഇല്ല എന്ന്. തികച്ചും ദൈ വികമായ ഒരു ആതുരശുശ്രൂഷാകേന്ദ്രം. നാട്ടുകാര്‍ വച്ചുതന്ന ഒരു വീട്ടിലാണ് ഞാനും കുടുംബവും താമസിക്കുന്നത്. ജോലിയുള്ളപ്പോള്‍ ഞാനും കുടുംബവും പട്ടിണി കിടന്നിട്ടുണ്ട്. എന്നെ ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന് ഒരു പരിഭവവും ഉണ്ടായിട്ടില്ല. സര്‍വ്വീസില്‍ നിന്നു പിരിഞ്ഞപ്പോള്‍ സേവനം മാനിച്ച് ഒരു വര്‍ഷം കൂടി ജോലി നീട്ടിത്തന്നു. ആശുപത്രിയില്‍ നിന്നും വിരമിച്ചപ്പോള്‍ കിട്ടിയ ആനുകൂല്യം മെഡിക്കല്‍ കോളേജിലെ ചില വാര്‍ഡുകള്‍ അറ്റകുറ്റപ്പണി നടത്താനും പെയിന്റിംഗിനുമായി ഉപയോഗിച്ചു.
സമൂഹ്യപ്രവര്ത്തനവും ആതുരശുശ്രൂഷയുമൊക്കെ നടത്തുമ്പോള്‍ വീടും കുടിയും നോക്കാതിരുന്നാല്‍ അതൊരു പരാജയമല്ലേ? വലിയ ജീവിതക്കാരനാകാനല്ല...
വീട്ടുകാര്‍ ഫുള്‍ സപ്പോര്‍ട്ടല്ലേ? ചുറ്റും ഒത്തിരി പേര് വല്ലാതെ വിഷമിക്കുമ്പോള്‍ അതു കണ്ടില്ലെന്നു വച്ചാലോ? കുടുംബജീവിതം ഉണ്ടല്ലോ.
സ്വന്തമായി ഒന്നും നേടിയില്ല എന്നത് ഇക്കാലത്ത് ഒരു പരാജയമല്ലേ... അമിത സമ്പാദനത്തെക്കുറിച്ചല്ല പറഞ്ഞു വരുന്നത്...
ഏയ്... അത്തരം നാട്ടുനടപ്പൊന്നും വേണ്ടന്നേ; പരോപകാരം പുണ്യം. അതുതന്നെ ഏറ്റവും വലിയ സമ്പാദ്യം.
പൂര്‍വ്വികമായി വല്ലതും ഉണ്ടായിരുന്നോ?
ചെറിയ ഒരു കുടുംബസ്വത്ത് ഉണ്ടായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്കായി സ്ഥലമെടുത്തപ്പോള്‍ കുടുംബസ്വത്ത് വകയില്‍ കിട്ടിയ പണം സഹോദരങ്ങള്‍ക്ക് വീതം വച്ചതിനു ശേഷം ഒക്കെ രോഗികള്‍ക്ക് മരുന്നും ഭക്ഷണവും വസ്ത്രവും വാങ്ങി തീര്‍ന്നു. ഉള്ള കിടപ്പാടവും ഇല്ലാതായി. പതിനാറു വര്‍ഷത്തോളം വാടക വീട്ടിലായിരുന്നു.
കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ...
ഒരു ചറിയ വീടുണ്ടല്ലോ. ജന്മനാ തളര്‍ന്ന മകന് എട്ടാം വയസ്സില്‍ മരിച്ചു. എനിക്ക് വല്ലാത്ത ഒരാഘാതമായിരുന്നു അത്. പെണ്മക്കളെ എങ്ങനെയൊക്കെയോ കല്യാണം കഴിച്ചയച്ചു. ഒരുത്തിയുടെ കല്യാണത്തിനു കുറച്ചധികം പണം ബാക്കിവന്നു. അത് നവജീവനിലെ അന്തേവാസികള്‍ക്കായി ചെലവഴിച്ചു. അതൊന്നും എന്റെ പണമല്ലല്ലോ. അത് കൈവശം വയ്ക്കാനോ ആഡംബരാദികള്ക്ക് ഉപയോഗിക്കാനോ പാടില്ലല്ലോ...
നവജീവന്‍ ഒട്ടെറെപ്പേര്ക്കാണ് ദിവസവും ഭക്ഷണം കൊടുക്കുന്നത്. അത് എല്ലാവര്ക്കും അറിയാം. വര്‍ഷം എത്രയായി. കാലങ്ങളായിട്ടുള്ള ആ കര്‍മ്മ പദ്ധതി ഒട്ടും മുടങ്ങാതെ നടക്കുന്നു എന്നത് ചെറിയ കാര്യമല്ലല്ലോ.
അയ്യായിരത്തോളം പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. അത് മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, ആയുര്‍വേദാശുപത്രി അങ്ങനെയങ്ങനെ നീണ്ടു പോകുന്നു. ഒരു ലക്ഷം രൂപ ഒരു ദിവസം ഭക്ഷണം, മരുന്ന്, ചികിത്സ തുടങ്ങിയവയ്ക്കൊക്കെ വേണം.
സാമ്പത്തികമായി ഞെരുക്കവും ഉണ്ടായിട്ടുണ്ടല്ലോ. വലിയ ഒരു പദ്ധതിയല്ലേ നടക്കുന്നത്.
ഒട്ടേറെ തവണ നവജീവന്റെ കെട്ടിടം പണി നടക്കുന്ന സമയം. നൂറിലേറെ മാനസികരോഗികളെയും മറ്റ് അനാഥരേയും പാര്പ്പിക്കണ്ടേ? വല്ലാത്ത സാമ്പത്തിക ഞെരുക്കം. ദൈവം പറഞ്ഞയച്ചതുപോലെ അതാ ഒരു സ്ത്രീ വണ്ടിയില്‍ വന്നിറങ്ങി. ഒരു തൂവാലയില്‍ പൊതിഞ്ഞ് പത്തു പതിനാറോളം സ്വര്‍ണ്ണ വളകളാണ് തന്നിട്ടുപോയത്. ഏക മകന് ക്യാന്‍സര്‍ രോഗത്തില്‍നിന്നു രക്ഷപ്പെട്ടതിനു ദൈവത്തിനു നന്ദിയായി അവര്‍ക്കു കിട്ടിയ സ്ത്രീധനത്തില്‍ നിന്നും കൊണ്ടുവന്നതാണ്. സത്യത്തില്‍ എന്റെ കണ്ണു നിറഞ്ഞുപോയി.
ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ എന്ന അവസ്ഥ...
തീര്‍ച്ചയായും. പിന്നീടങ്ങോട്ട് ഒരു നിരാശയും ഉണ്ടായിട്ടില്ല. നവജീവനിലെ അന്തേവാസികള്‍ക്ക് ഒരു ക്രിസ്മസ് കാലത്ത് ഉച്ചഭക്ഷണം ഇല്ലതിരുന്ന നേരത്ത് ആകെ വല്ലാതായി. കലങ്ങളില്‍ വെള്ളം തിളച്ചുകൊണ്ടിരിക്കുന്നു. ഒരു മണി അരിപോലും ഇവിടെയില്ല. പ്രാര്‍ത്ഥിക്കാനല്ലാതെ എനിക്കു മറ്റെന്തു കഴിയും? രോഗികളും മറ്റും വിശന്നു കൊണ്ടിരിക്കയല്ലേ... ഭക്ഷണം സമയത്തു കൊടുത്തില്ലെങ്കിലോ... പെട്ടെന്നു നവജീവനു മുന്നില്‍ ഒരു ഓട്ടോ വന്നു നിന്നു. ദൈവം കൊടുത്തു വിട്ടതുപോലെ ഒരു ചാക്ക് അരിയുമായിട്ടാണ് അയാള്‍ വന്നത്. പിന്ന മറ്റൊന്നും ആലോചിക്കാന്‍ നേരമുണ്ടായില്ല. വന്നയാളും ഞാനും കൂടി തിരക്കിട്ട് അരി കഴുകി അടുപ്പത്തിട്ടു. അപ്പോഴാണ് ഒന്നു സമാധാനമായത്.
മനോരോഗികളെയും മറ്റും പരിചരിക്കാന്‍ വേണ്ടത്ര ആളുകള്‍ ഉണ്ടല്ലോ...
പിന്നെ... ഒട്ടേറെ അഭ്യുദയകാംക്ഷികള്‍. ഡോക്ടര്‍മാരും നേഴ്സുമാരുമൊക്കെ അവരാല്‍ കഴിയുന്നതുപോലെ ശുശ്രൂഷിക്കാന്‍ വരും. പട്ടക്കാരും കന്യാസ്ത്രീകളും എത്തും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പഞ്ഞവുമില്ല. ദൈവം ഒന്നിനും ഒരു മുട്ടും വരുത്തുന്നില്ല.
നവജീവനു പുറത്തുള്ള പ്രത്യേക സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍..
നിവൃത്തിയില്ലാത്ത കുടുംബങ്ങളില്‍ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചുകൊടുക്കല്... വീടു നിര്‍മ്മാണം... തുടങ്ങി ദരിദ്ര മേഖലകളിലൊക്കെ പലതും ചെയ്തു വരുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായങ്ങളും ഉണ്ട്. ക്യാന്‍സര്‍ മൂലം ദുരിതമനുഭവിക്കുന്നവരുടെ കുടുംബങ്ങളില്‍ വീട്ടു ചെലവുകളും നോക്കുന്നുണ്ട്.
ഒട്ടേറെ അവാര്‍ഡുകളും മറ്റും കിട്ടിക്കാണുമല്ലോ...
അതൊക്കെ ഒരു വശത്തങ്ങനെ നടക്കും. അവാര്‍ഡില്‍ ക്യാഷ് ഉണ്ടെങ്കില്‍ നവജീവനിലേക്ക് സ്വരൂപിക്കാമല്ലോ. അവാര്‍ഡുകളുടെ പെരുമഴക്കാലമാണല്ലോ ഇന്നുള്ളത്. അനങ്ങുന്നവര്ക്കും അനങ്ങാത്തവര്ക്കും ഫ്ളക്സ് ബോര്‍ഡുകളാണ്. അനുമോദനങ്ങളും പിന്നെ കുറെ ആഘോഷങ്ങളും ഒട്ടനേകങ്ങള്. ഇല്ലായ്മക്കാരെ കണ്ടിട്ടും കാണാതെ പോകുന്നു എന്നതാണ് എന്റെ മനഃപ്രയാസം.