ദേശീയ വിദ്യാഭ്യാസരേഖയും “പാറ്റകളുടെ” കാഴ്ച്ചയും

ദേശീയ വിദ്യാഭ്യാസരേഖയും “പാറ്റകളുടെ” കാഴ്ച്ചയും
Published on

നാട്ടിലെ വിദ്യാഭ്യാസാനുഭവങ്ങൾ എങ്ങനെയാണ് യുവാക്കളിലും പുതുതലമുറയിലും സ്വപ്നങ്ങൾ സൃഷ്ടിക്കുന്നത്? “വിദേശത്തുപോകണം” - എന്ന തീരുമാനത്തിൽ അവർ എത്തിച്ചേരുന്നു. ഇന്ത്യയിൽ തങ്ങളുടെ ഭാവിയെ സ്വപ്നം കാണാൻ അവർക്കാകുന്നില്ല. പഠന വിഷയങ്ങൾ, സാങ്കേതിക വിദ്യ, വിദ്യാഭ്യാസ രീതി, സമൂഹത്തിന്റെ സ്വഭാവം, സൗകര്യങ്ങൾ... ഏതു മൂലമാണ് വിദ്യാഭ്യാസ കുടിയേറ്റം നടക്കുന്നത്?

കുടിയേറ്റത്തിന്റെ കണക്കുകൾ ഭയപ്പെടുത്തുന്നവയാണ്. നാട് വിട്ടോടുന്ന യുവത, തനിച്ചാകുന്ന മാതാപിതാക്കൾ, ലോൺ... വ്യത്യസ്തമായ - വേദനിപ്പിക്കുന്ന പ്രതിസന്ധികൾ. ഇതിനോടു ചേർത്തുവേണം നീറ്റ്, സി ബി എസ് ഇ പരീക്ഷാ ക്രമക്കേടുകളും പെൺകുട്ടികൾ പഠിക്കാനായി കറങ്ങിനടക്കാതെ വീട്ടിലിരിക്കണം എന്ന ബി ജെ പി എം.എൽ.എയുടെ ആഹ്വാനവും യുവജനങ്ങളെ ‘പാഴ്മരമാക്കി’ മോശക്കാരാക്കി ഗവൺമെന്റിന്റെ ഉത്തരവാദിത്വത്തിനു മറപിടിക്കുന്ന ചീഫ് ജസ്റ്റിസിനെയുമെല്ലാം മനസ്സിലാക്കാൻ.

കുടിയേറ്റത്തിന് വ്യത്യസ്ത കാരണങ്ങളുണ്ടാകാം. എന്നിരുന്നാലും ഇന്ത്യയുടെ മനസ്സാക്ഷിയിലും പ്രതികരണത്തിലും പെരുമാറ്റത്തിലും ആശയങ്ങളിലും സംസ്കാരത്തിലും ഒരു മതവിഭാഗത്തിന്റെ കടന്നുകയറ്റത്തിന്റെ ഫലമായി, പടർന്ന് പിടിച്ചിരിക്കുന്ന അപകടം പിടിച്ച സാമൂഹിക ധാരണ ഗൗരവമായി മനസ്സിലാക്കേണ്ടതുണ്ട്. മതവികാരങ്ങളെ ഊതിക്കത്തിച്ചു ശക്തിപ്പെടുന്ന രാഷ്ട്രീയവും അധികാരവും, അവർ നിർമ്മിക്കുന്ന (post-truth) സാമൂഹ്യബോധവും വിദ്യാഭ്യാസത്തെയും യുവതലമുറയുടെ സ്വപ്നങ്ങളെയും അടിമുടി ഉലയ്ക്കുന്നുണ്ട്.

വിദ്യാഭ്യാസത്തെ പല രീതിയിൽ മനസ്സിലാക്കാം. വിദ്യാഭ്യാസ സാഹചര്യവും സാമൂഹിക ധാരണയും ഇതിൽ പ്രാധാന്യമർഹിക്കുന്നു. ക്ലാസ് മുറിയിലെ സഹകരണവും സഹവർത്തിത്വവും ‘അറിവിനെ മനസ്സിലാക്കി പ്രായോഗികമാക്കുന്ന ഭൂമികയിൽ’ ഗൗരവസ്ഥാനം വഹിക്കുന്നു. ഇന്ത്യയുടെ (diversity) വൈവിധ്യം ബഹുമാനിക്കപ്പെട്ട്, പഠനവിഷയത്തിൽ ചരിത്രത്തിന്റെ ശരിയായ അവതരണം നടന്ന്, സമൂഹത്തിലെ പ്രശ്നങ്ങൾക്ക് ഒന്നായി ഉത്തരം കണ്ടെത്തി മുന്നേറുന്ന സമൂഹത്തിന്റെ പതിപ്പാണ് ക്ലാസ്റൂം.

"നാട്ടിലെ വിദ്യാഭ്യാസാനുഭവങ്ങൾ എങ്ങനെയാണ് യുവാക്കളിലും പുതുതലമുറയിലും സ്വപ്നങ്ങൾ സൃഷ്ടിക്കുന്നത്? “വിദേശത്തുപോകണം” - എന്ന തീരുമാനത്തിൽ അവർ എത്തിച്ചേരുന്നു. ഇന്ത്യയിൽ തങ്ങളുടെ ഭാവിയെ സ്വപ്നം കാണാൻ അവർക്കാകുന്നില്ല. പഠന വിഷയങ്ങൾ, സാങ്കേതിക വിദ്യ, വിദ്യാഭ്യാസ രീതി, സമൂഹത്തിന്റെ സ്വഭാവം, സൗകര്യങ്ങൾ... ഏതു മൂലമാണ് വിദ്യാഭ്യാസ കുടിയേറ്റം നടക്കുന്നത്? കുടിയേറ്റത്തിന്റെ കണക്കുകൾ ഭയപ്പെടുത്തുന്നവയാണ്. നാട് വിട്ടോടുന്ന യുവത, തനിച്ചാകുന്ന മാതാപിതാക്കൾ, ലോൺ... വ്യത്യസ്തമായ - വേദനിപ്പിക്കുന്ന പ്രതിസന്ധികൾ."

സംരക്ഷിക്കപ്പെടേണ്ട, ഭാരതീയന്റെ സ്വഭാവമാകേണ്ട സാമൂഹ്യമൂല്യങ്ങൾ, ഏറെ പ്രാധാന്യത്തോടെ ആമുഖത്തിൽ ഭരണഘടന എടുത്തു പറയുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങളായ നമുക്ക് നീതിയും സ്വാതന്ത്ര്യവും സമത്വവും ലഭിക്കണം. സാഹോദര്യം പുലർത്തണം. വൈവിധ്യത്തിൽ ഏകത്വത്തിലൂടെയാണ് ഇന്ത്യയിൽ സാമൂഹിക പുരോഗതി കൈവരിക്കേണ്ടത്. എല്ലാവർക്കും ലഭിക്കുന്ന സംരക്ഷണവും ബഹുമാനവും നീതിയും രാജ്യത്തെ വളർത്തുന്നു. മതങ്ങളോ വ്യത്യസ്തവിഭാഗങ്ങളോ ഇല്ലാതാവുകയല്ല, ഓരോരുത്തരും ഉയർന്നുനിന്ന് കൈകോർത്ത് ശക്തരാകുകയാണ് ഇന്ത്യയിൽ നടക്കേണ്ടത്. ഇത് ഇന്ത്യയുടെ കാതലാണ്.

കാലം മാറി കഥമാറി. നീതിയും ബഹുമാനവും ഇന്ന് സംസാരിക്കാനോ ചിന്തിക്കാനോ സാധ്യമല്ല. മാധ്യമങ്ങൾ വിലക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ അടിമത്തം ഇന്ത്യൻ സ്വരൂപം കൈക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സംസ്കാരവും ജനതയും കീഴ്പ്പെടുത്തപ്പെട്ട്, വിദ്യാഭ്യാസ സംരക്ഷണ അവകാശവും കോടതി ഉറപ്പുവരുത്തുന്ന നീതിയുമെല്ലാം ‘അധികാര ഗർവ്വിന്റെ’ മുന്നിൽ ഒലിച്ചുപോയി. അധികാരത്തിലിരിക്കുന്നവന്റെ ഇഷ്ടങ്ങളെ കോടതി വിധിയാക്കും. പഠിക്കാൻ നിശ്ചയിക്കപ്പെടുന്ന വിഷയങ്ങളും ചരിത്രവും ആഘോഷങ്ങളും നിയമങ്ങളും പരീക്ഷകളും പൗരത്വരേഖകളും വോട്ടർ പട്ടിക പരിഷ്കരണവുമെല്ലാം അധികാരം ഉറപ്പിക്കുന്നതിന് മറഞ്ഞിരിക്കുന്ന ഹിഡൻ അജണ്ടയിൽനിന്ന് രൂപപ്പെടുന്നു. ഇവിടെ സാധാരണക്കാരന് സംരക്ഷണം കിട്ടില്ല.

ഇന്ത്യയിലെ വിദ്യാഭ്യാസ ഭൂമികയുടെ രാഷ്ട്രീയസ്ഥിതി അന്വേഷിച്ചുചെല്ലുമ്പോൾ കണ്ടെത്തുന്ന നീരാളിപ്പിടുത്തം തിരിച്ചറിയേണ്ടതുണ്ട്. വിഭജനത്തിന്റെ രാഷ്ട്രീയനേതൃത്വം മതവൈരത്തെ ആളിക്കത്തിച്ച് തങ്ങൾക്കാവശ്യമായ ധാരണകളെ സൃഷ്ടിക്കുന്നു, വിതരണം ചെയ്യുന്നു, വളർത്തുന്നു. ഇന്ത്യാമഹാരാജ്യത്ത് നടക്കുന്ന ‘പഠിപ്പിക്കലിന്റെ രീതി’യിൽ വിമർശനാത്മക ഇടപെടലിനോ, ക്രിയാത്മക നേതൃത്വത്തിനോ, ചോദ്യംചെയ്യലിനോ ഇൻക്ലൂഷനോ (ഉൾക്കൊള്ളിക്കൽ) സ്ഥാനമില്ല. ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങൾ വച്ച് ഇന്ത്യയെ നിർവചിച്ച് ‘ഇതാണ് ഇന്ത്യ’ എന്ന് നിരന്തരം പ്രചരിപ്പിച്ച് ‘ഇന്ത്യയുടെ ആത്മാവിനെ - ഭരണഘടനാപരമായ സത്തയെ’ ‘ഇന്ത്യ’ എന്നതിന്റെ അർഥത്തിൽ പര്യായപദമായി പോലും ഇല്ലാത്ത തലത്തിലെത്തിച്ചു. ‘അറിവുകളെക്കൊണ്ടുള്ള’ ഈ വശീകരണം ‘സത്യാനന്തരയുഗത്തിന്റെ’ സ്വഭാവമാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ പ്രക്രിയയിലെ നയങ്ങൾക്കും നിർബന്ധങ്ങൾക്കും എന്തിന് പരീക്ഷാക്രമക്കേടുകൾക്കു പിന്നിലും ഈ സ്വാധീനമാണുള്ളത്.

"സംരക്ഷിക്കപ്പെടേണ്ട, ഭാരതീയന്റെ സ്വഭാവമാകേണ്ട സാമൂഹ്യമൂല്യങ്ങൾ, ഏറെ പ്രാധാന്യത്തോടെ ആമുഖത്തിൽ ഭരണഘടന എടുത്തു പറയുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങളായ നമുക്ക് നീതിയും സ്വാതന്ത്ര്യവും സമത്വവും ലഭിക്കണം. സാഹോദര്യം പുലർത്തണം. വൈവിധ്യത്തിൽ ഏകത്വത്തിലൂടെയാണ് ഇന്ത്യയിൽ സാമൂഹിക പുരോഗതി കൈവരിക്കേണ്ടത്... കാലം മാറി കഥമാറി. നീതിയും ബഹുമാനവും ഇന്ന് സംസാരിക്കാനോ ചിന്തിക്കാനോ സാധ്യമല്ല. മാധ്യമങ്ങൾ വിലക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ അടിമത്തം ഇന്ത്യൻ സ്വരൂപം കൈക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സംസ്കാരവും ജനതയും കീഴ്പ്പെടുത്തപ്പെട്ട്, വിദ്യാഭ്യാസ സംരക്ഷണ അവകാശവും കോടതി ഉറപ്പുവരുത്തുന്ന നീതിയുമെല്ലാം ‘അധികാര ഗർവ്വിന്റെ’ മുന്നിൽ ഒലിച്ചുപോയി."

സാധാരണക്കാരിലെ മതവികാരത്തെ ഉണർത്തി, അവരുടെ മനോ-മേഖലയെ അപഹരിക്കുന്നതിൽ ഇന്ത്യയിലെ ഭൂരിപക്ഷ മതവിഭാഗത്തിന്റെ രാഷ്ട്രീയനേതൃത്വം വിജയിക്കുന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബി.ജെ.പിയുടെ പോഷക ഘടകങ്ങൾ നടത്തുന്ന അഴിഞ്ഞാട്ടങ്ങളുടെ വാർത്തകളിൽ ഭരണഘടന ഉറപ്പുനൽകുന്ന ഇന്ത്യയില്ല. ഇതിനുവേണ്ടി, മാധ്യമം, ജനപ്രതിനിധികൾ, ജനാധിപത്യം, സ്ഥാപനങ്ങൾ എന്നിവയെല്ലാം സ്വന്തമാക്കി, ഉപയോഗിച്ച് മേധാവിത്വ ആശയവും അടിച്ചമർത്തലും വ്യാപകമാക്കുന്നതിൽ മികവുപ്രകടിപ്പിക്കുന്നവരാണ് ഇന്നത്തെ ഇന്ത്യയുടെ ഭരണ നേതൃത്വം.

സാമൂഹിക ഉൾപ്പെടുത്തൽ Social inclusion എന്നതിന്റെ അർഥം ഇന്ന് ഇന്ത്യയിൽ പഠിക്കുന്നില്ല, പഠിപ്പിക്കുന്നില്ല, അംഗീകരിക്കുന്നില്ല, അനുവദിക്കുന്നില്ല, ചർച്ച ചെയ്യപ്പെടുന്നില്ല. ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന വിദ്യാഭ്യാസനയത്തിന്റെ മാതൃകയെടുക്കുക. വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്ത വിഭാഗങ്ങൾ നൽകിയ വിലയേറിയ സാമൂഹിക സംഭാവനകളെ അംഗീകരിച്ചിട്ടില്ല. യഥാർത്ഥ ചരിത്രം, വിവിധ സമൂഹങ്ങളുടെ വിദ്യാഭ്യാസ - സാമൂഹിക ഇടപെടൽ എന്നിവ സ്ഥിരീകരിച്ച് പ്രോത്സാഹിപ്പിക്കാൻ ഇന്നത്തെ ഭരണകൂടത്തിന്റെ ചിന്താധാരയ്ക്ക് സാധിക്കുന്നില്ല. അധികാരവും കോടതി വിധികളും ഭാവിയും നിയമവും പഠനവിഷയങ്ങളും എല്ലാം ഒരു മതത്തിലേക്ക് ചുരുങ്ങുകയാണ്. പൊതുവായ പ്രവേശന പരീക്ഷകൾക്ക് ഒരു മതവിഭാഗത്തിലുള്ളവർക്ക് മേൽക്കൈ കിട്ടുന്ന തരത്തിൽ സിലബസ് ക്രമീകരിക്കുന്നു.

"ഇന്ത്യാമഹാരാജ്യത്ത് നടക്കുന്ന ‘പഠിപ്പിക്കലിന്റെ രീതി’യിൽ വിമർശനാത്മക ഇടപെടലിനോ, ക്രിയാത്മക നേതൃത്വത്തിനോ, ചോദ്യംചെയ്യലിനോ ഇൻക്ലൂഷനോ (ഉൾക്കൊള്ളിക്കൽ) സ്ഥാനമില്ല. ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങൾ വച്ച് ഇന്ത്യയെ നിർവചിച്ച് ‘ഇതാണ് ഇന്ത്യ’ എന്ന് നിരന്തരം പ്രചരിപ്പിച്ച് ‘ഇന്ത്യയുടെ ആത്മാവിനെ - ഭരണഘടനാപരമായ സത്തയെ’ ‘ഇന്ത്യ’ എന്നതിന്റെ അർഥത്തിൽ പര്യായപദമായി പോലും ഇല്ലാത്ത തലത്തിലെത്തിച്ചു. ‘അറിവുകളെക്കൊണ്ടുള്ള’ ഈ വശീകരണം ‘സത്യാനന്തരയുഗത്തിന്റെ’ സ്വഭാവമാണ്. ഇന്ത്യയിലെ വിദ്യാഭ്യാസ പ്രക്രിയയിലെ നയങ്ങൾക്കും നിർബന്ധങ്ങൾക്കും എന്തിന് പരീക്ഷാക്രമക്കേടുകൾക്കു പിന്നിലും ഈ സ്വാധീനമാണുള്ളത്."

സമൂഹം ഒന്നാകെ, ഓരോ വിഭാഗങ്ങളുടെയും വളർച്ചയും സുരക്ഷയുമായി അനുഭവിക്കേണ്ട “സാമൂഹിക സുരക്ഷ” എന്നതിന്റെ അർഥം സ്വാധീനമുള്ള കച്ചവടക്കാരുടെ വിജയത്തിനും നേട്ടത്തിനും ഉതകുന്ന നിയമങ്ങളും സുരക്ഷയുമായി വഴിമാറുന്നു. ഭീമമായ ലോണുകൾ, പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള അനുവാദ പത്രങ്ങൾ, പേപ്പർ സർവ്വകലാശാലകൾക്കുള്ള ഉയർന്ന നിലവാര രേഖകൾ എന്നിവയിലൂടെ സാമൂഹിക സുരക്ഷ ഒരു വിഭാഗത്തിനുള്ള പ്രത്യേക പരിഗണനകളായി മാറുന്നു. FCRA നിബന്ധനകളും ഭൂരിപക്ഷ മതസ്ഥാപനങ്ങൾക്കു നേരെ ‘അന്വേഷണങ്ങളും ഏജൻസികളും ഇല്ലാത്തതും’ NGO കൾ അടച്ചുപൂട്ടുന്ന നയങ്ങളും എല്ലാം ഇന്ത്യയിലെ പാവപ്പെട്ടവന്റെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ അടിവേരറുക്കുകയാണ്. സാധാരണക്കാരന്റെ സുരക്ഷ, നീതി, ജീവിത നിലവാര ഉയർച്ച, വിദ്യാഭ്യാസാവകാശം എന്നിവയെല്ലാം നിശ്ശബ്ദമായി നിഷേധിക്കപ്പെടുകയാണ്. ഇവയൊന്നും വാർത്തയോ ചർച്ചയോ ആകാത്ത അധികാരത്തിന്റെ ഭയപ്പെടുത്തുന്ന നിയന്ത്രണം ഇന്ത്യയിൽ വ്യാപകമാണ്. ഭൂരിപക്ഷ മതസ്ഥാപനങ്ങൾക്ക് ലഭിക്കുന്ന പരിരക്ഷയും പരിഗണനയും കച്ചവടക്കാർക്ക് വാരിക്കോരി നൽകപ്പെടുന്ന പ്രത്യേക പദവികളും നയങ്ങളും ഇന്ത്യയുടെ വളർച്ചയായി അവതരിപ്പിക്കപ്പെടുന്നു; രാജ്യം വളരുന്നു എന്ന പ്രചാരണവും ശക്തമാക്കുന്നു.

ഉപജാപകവൃന്ദം സംരക്ഷിക്കപ്പെടുകയും സാധാരണക്കാർ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന അനുഭവം “പാറ്റകളുടെ” പ്രതികരണത്തിലെത്തിച്ചിരിക്കുകയാണ്; രക്ഷപെടാൻ കുടിയേറ്റത്തിൽ അഭയം തേടുകയാണ് ഇളംതലമുറക്കാർ.

ഇന്ത്യയുടെ സാമൂഹിക സാഹചര്യത്തെ മറയ്ക്കുള്ളിലാക്കി നിശ്ശബ്ദമാക്കുന്ന രീതിയാണുള്ളത്. സാമൂഹിക ഓഡിറ്റിങ് നടത്തുന്നതിൽ അതിക്രമങ്ങൾ നടത്തി സമൂഹത്തിന്റെ യഥാർത്ഥ ചിത്രവും നിജസ്ഥിതിയും പുറത്തുപറയാനോ ചർച്ച ചെയ്യാനോ ഗവൺമെന്റ് തയ്യാറാകുന്നില്ല. ആറാമത് ദേശീയ കുടുംബാരോഗ്യ സർവേയും മോദിയുടെ ഇന്റർവ്യൂ, പത്രസമ്മേളന ചരിത്രവും കാണുക.

ഇന്ത്യയുടെ സാമൂഹിക സാഹചര്യത്തിനു പറ്റിയ വിദ്യാഭ്യാസമല്ല ഇന്ന് ഇന്ത്യയിൽ നൽകപ്പെടുന്നത്. ഇവിടുത്തെ സാമൂഹിക കാലാവസ്ഥ മനസ്സിലാക്കാനും അതിനു പറ്റിയ കഴിവുകൾ പരിശീലിപ്പിച്ച് വളർത്താനും സാമൂഹിക മേഖലയിലെ പ്രശ്നപരിഹാര ക്രിയാത്മക ശേഷികൾ വളർത്താനും മാന്യമായ സംരംഭങ്ങൾ ഇല്ല. ഇന്ത്യയിലെ പ്രവേശന - പൊതു പരീക്ഷകളുടെ സ്വഭാവവും സാമൂഹിക സാഹചര്യത്തെ യഥാർത്ഥത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന ശരിയായ രീതിയിൽ മനസ്സിലാക്കി - വിലയിരുത്താനുള്ള ശ്രമവും പരിശോധിക്കേണ്ടതാണ്.

വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നുള്ളവരും പല മതസ്ഥരും ഭാഷക്കാരും ഒന്നിക്കുന്നിടമാണ് ക്ലാസ്റൂം. വിശുദ്ധമായി സംരക്ഷിക്കപ്പെടേണ്ട ഇടം. ഇവിടെ നടക്കുന്ന വിഭാഗീയത, ഭയപ്പെടുത്തൽ, ഭൂരിപക്ഷത്തിനു ലഭിക്കുന്ന മേൽക്കോയ്മ, രാഷ്ട്രീയാധികാരികളുടെ കടന്നുകയറ്റം എല്ലാം ഇന്ത്യൻ ക്ലാസ് റൂമിന്റെ വിദ്യാഭ്യാസത്തിന്റെ പരിമിതി വെളിപ്പെടുത്തുന്നു. വിദ്യാഭ്യാസ മേഖലയെ വശത്താക്കി, മതവികാരവും ദേശീയതാവാദവും ഉപയോഗിച്ച് രാഷ്ട്രീയ ധാരണകൾ നിലനിർത്താനും പ്രചരിപ്പിക്കാനും വിദ്യാഭ്യാസ പ്രക്രിയയെ മുഴുവൻ ഉപയോഗിക്കുകയാണ് കേന്ദ്ര രാഷ്ട്രീയ അധികാരികൾ. ഇന്ത്യയുടെ വിദ്യാഭ്യാസ ഭൂമികയെ വിലയിരുത്താൻ “അന്തർദേശീയ വിദ്യാർത്ഥി വിലയിരുത്തൽ പ്രോഗ്രാമിന്” (PISA) അനുവദിക്കാതിരുന്നതും ഇതിനോടു ചേർത്തു വായിക്കണം.

"സാമൂഹിക സാംസ്കാരിക ചരിത്രവും സാഹചര്യവും അംഗീകരിക്കുന്ന leadership നേതൃത്വം രൂപപ്പെടണം. രാജ്യത്തിന്റെ വൈവിധ്യത്തെ ബഹുമാനിക്കുന്ന, വ്യത്യസ്ത മത-ഭാഷ-സാംസ്കാരിക വിഭാഗങ്ങൾ എന്നിവ ഒന്നുച്ചേർന്ന് മുന്നേറുന്ന കർമ്മപദ്ധതി തയ്യാറാക്കണം... ക്ലാസ് മുറികൾ സാമൂഹിക സാഹചര്യം, സാമൂഹിക ശീലങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നല്കണം. ഇന്ത്യയുടെ സാമൂഹിക-ചരിത്ര സാഹചര്യത്തോട് ചേർന്നു പോകുന്ന പഠനരീതിയും വിഷയങ്ങളും വിദ്യാഭ്യാസത്തിന്റെ ഭാഗമാകണം."

തകർക്കപ്പെടുന്ന വിദ്യാർത്ഥികളും ദരിദ്രരും

സമൂഹത്തിൽ ഇടപെടാനുള്ള വഴികളും സാമൂഹിക ഭാവനയും നിയന്ത്രിച്ച്, ശിക്ഷിക്കുന്ന രീതിയാണ് ഇന്നുള്ളത്. തുറന്നുപറച്ചിൽ അനുവദിക്കാത്ത, ചോദ്യങ്ങൾ നേരിടാത്ത, സാമൂഹിക വിമർശനം അടിച്ചൊതുക്കുന്ന, ‘ഞാൻ പറയുന്ന കഥകളും ചരിത്രവും വീരവാദങ്ങളും കേട്ടാൽ മതി’ എന്ന പ്രധാന മന്ത്രിയുടെ ധാർഷ്ട്യവുമെല്ലാം “സാധാരണക്കാരന്റെ ആശയങ്ങൾക്ക് ഇന്ത്യയുടെ രാഷ്ട്രീയ-അധികാര ഭൂമികയിലുള്ള സാധ്യതകളെ കൊട്ടിയടയ്ക്കുകയാണ്.”

രാഷ്ട്രീയ നേതൃത്വം താലോലിച്ചുവളർത്തുന്ന ‘അനീതി പരമായ’ സാമൂഹിക ധാരണയിൽ നിന്ന് ഒരു വിഭാഗം കൈവരിക്കുന്ന ഭയമില്ലായ്മയാണ് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അനീതികളെ വളർത്തുന്നതും സംരക്ഷിക്കുന്നതും. ഭൂരിപക്ഷ മതത്തിന് സംരക്ഷണം, അവരുടെ ചരിത്രം അംഗീകരിക്കപ്പെടുന്നു, അവർക്ക് വളരാൻ പറ്റുന്ന ഭാഷയും കഴിവുകളും ശീലങ്ങളും പോളിസികളും മതി എന്ന നിർബന്ധം, ഇന്നത്തെ ഇന്ത്യയുടെ സാമൂഹിക ധാരണയിലെ ശക്തമായ രാഷ്ട്രീയവിചാരമാണ്. ഇതിനു പറ്റിയ പരിപാടികളും ആഘോഷങ്ങളും വന്നുകൊണ്ടേയിരിക്കുന്നു. ഭൂരിപക്ഷത്തിന്റെ സംരക്ഷണത്തിനായി, അവർക്ക് വിജയം കിട്ടുന്ന തരത്തിൽ തിരഞ്ഞെടുപ്പും പരീക്ഷയും അവധിയും ചരിത്രവും എല്ലാം ക്രമീകരിക്കുകയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഒന്നൊന്നായി നിഷേധിക്കുകയും ചെയ്ത് മുന്നേറ്റം തുടരുകയാണ്. വളർച്ചയും കച്ചവടസാധ്യതയും സാങ്കേതികകഴിവുകളും ഉയർത്തിക്കാട്ടി, വിദ്യാഭ്യാസത്തിന്റെ മറവിൽ ഇന്ത്യൻ സമൂഹത്തിലെ കൂട്ടായ്മ, ബഹുമാനം, നീതി എന്നിവയെ ചൂഷണം ചെയ്യുന്നതിൽ ദേശീയ നേതൃത്വം വിജയിക്കുന്നു. അങ്ങനെ, സമൂഹത്തിന്റെ നേർക്കാഴ്ചയിൽ നിന്ന് വഴിമാറിയ വിദ്യാഭ്യാസം ഇന്ത്യയിൽ നടപ്പാക്കുന്നു.

"സാമൂഹിക ഉൾപ്പെടുത്തൽ Social inclusion എന്നതിന്റെ അർഥം ഇന്ന് ഇന്ത്യയിൽ പഠിക്കുന്നില്ല, പഠിപ്പിക്കുന്നില്ല, അംഗീകരിക്കുന്നില്ല, അനുവദിക്കുന്നില്ല, ചർച്ച ചെയ്യപ്പെടുന്നില്ല. ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കുന്ന വിദ്യാഭ്യാസനയത്തിന്റെ മാതൃകയെടുക്കുക. വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്ത വിഭാഗങ്ങൾ നൽകിയ വിലയേറിയ സാമൂഹിക സംഭാവനകളെ അംഗീകരിച്ചിട്ടില്ല. യഥാർത്ഥ ചരിത്രം, വിവിധ സമൂഹങ്ങളുടെ വിദ്യാഭ്യാസ - സാമൂഹിക ഇടപെടൽ എന്നിവ സ്ഥിരീകരിച്ച് പ്രോത്സാഹിപ്പിക്കാൻ ഇന്നത്തെ ഭരണകൂടത്തിന്റെ ചിന്താധാരയ്ക്ക് സാധിക്കുന്നില്ല. അധികാരവും കോടതി വിധികളും ഭാവിയും നിയമവും പഠനവിഷയങ്ങളും എല്ലാം ഒരു മതത്തിലേക്ക് ചുരുങ്ങുകയാണ്."

വിദ്യാഭ്യാസം സമൂഹത്തോടുള്ള പ്രതികരണമാണ് (ജോൺ ഡ്യൂയി - Education is a social process). സമൂഹത്തിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരവും സമൂഹത്തെ മനസ്സിലാക്കിയുള്ള മുന്നേറ്റവുമാണിത്. വിദ്യനേടി ശക്തരാകേണ്ട ചൂഷിതവർഗത്തിന്റെ പെഡഗോജിക്ക് (Pedagogy) ഇന്ത്യയിൽ സാധ്യതയില്ല. ഭരണാധികാരികളുടെ സംരക്ഷണമുള്ള സമ്പന്നന്റെയും മാധ്യമങ്ങളുടെയും ഓൺലൈൻ അണികളുടെയും ഫാസിസത്തോട് പൊരുതാൻ താഴെക്കിടയിലുള്ളവർക്കും കീഴ്ജാതിക്കാർക്കും ശക്തിയില്ലാതാകുന്നു. ഇവിടെയാണ് “പാറ്റകൾ പറന്നിറങ്ങിയിരിക്കുക.”

താളം തെറ്റുന്ന പൊതുപരീക്ഷകളും വിദ്യാഭ്യാസ മേഖലയും വലിയ വിപത്തിന്റെ “ചെറിയ തെളിവുകളാണ്.” അധികാരികളുടെ ഒത്താശയും പ്രശ്നങ്ങൾ വന്നാൽ സംരക്ഷിക്കുമെന്ന ഉറപ്പും കഴിവുകൾ നോക്കാതെ ഉന്നതസ്ഥാനങ്ങൾ മോഹിക്കാം എന്ന നേട്ടവും അധികാരിയുടെ ഇഷ്ടങ്ങളും മതവിശ്വാസത്തെ കൂട്ടുപിടിക്കലുമാണ് മുഖ്യകാര്യം. ഇവയിലെല്ലാമാണ് അണികളുടെയും ആശ്രിതരുടെയും ശ്രദ്ധ. വിദ്യാഭ്യാസ നിലവാരമോ ഭാരതത്തിന്റെ മൂല്യങ്ങളോ ഭരണഘടനാ തത്ത്വങ്ങളോ ഗൗരവശ്രദ്ധയുടെ വിഷയങ്ങളല്ലാതാകുന്നു. ചോദ്യച്ചോർച്ച വിഷയങ്ങളിൽ പാഠം പഠിക്കാത്ത നാഷണൽ ടെസ്റ്റിങ് ഏജൻസിയെ സുപ്രീം കോടതി ശാസിച്ചു. തീവ്രവാദ ചിന്താഗതിയും മതപ്രീണന അധികാരവും പാഠമായവർക്ക് മറ്റെന്തു പാഠം!

കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഏകമാനദണ്ഡത്തിൽ (Standardised tests) പൊതു പരീക്ഷയുടെ നിയന്ത്രണത്തിന് സ്ഥാപനം കൊണ്ടുവന്നത് ഏറെ പ്രതിഷേധം ഉയർത്തിയ കാര്യമാണ്. ഗവൺമെന്റിന്റെ നേരിട്ടുള്ള ഇടപെടലുകൾ, തങ്ങൾക്കിഷ്ടപ്പെട്ടവർക്കായുള്ള ‘അടിയൊഴുക്കുകൾ' സൃഷ്ടിക്കലാണ്. ഭൂരിപക്ഷ മതവിഭാഗത്തിന് കൂടുതൽ അവസരവും പ്രാധാന്യവും കിട്ടുന്ന രീതിയിൽ പഠന വിഷയത്തെ ക്രമീകരിച്ച്, പരീക്ഷയുടെ രഹസ്യാത്മകതയെ ഉടച്ച് രാഷ്ട്രീയ മത അധികാരികൾക്ക് കടന്നുകയറാൻ അവസരങ്ങളൊരുക്കുകയാണ്.

പ്രതികരിക്കേണ്ടതുണ്ട്; മാറ്റങ്ങൾ കൊണ്ടുവരാൻ ‘പാറ്റ പാർട്ടിക്കാകട്ടെ’.

സാമൂഹിക സാംസ്കാരിക ചരിത്രവും സാഹചര്യവും അംഗീകരിക്കുന്ന നേതൃത്വം രൂപപ്പെടണം. രാജ്യത്തിന്റെ വൈവിധ്യത്തെ ബഹുമാനിക്കുന്ന, വ്യത്യസ്ത മത-ഭാഷ-സാംസ്കാരിക വിഭാഗങ്ങൾ എന്നിവ ഒന്നുച്ചേർന്ന് മുന്നേറുന്ന കർമ്മപദ്ധതി തയ്യാറാക്കണം. സാമൂഹിക ശേഷിയിൽ ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേക പരിശീലനം നൽകണം. സാമൂഹ്യാവബോധവും ബഹുമാനത്തിന്റെ വഴികളും കൂട്ടായ്മയുടെ ശീലങ്ങളും എല്ലാ ഇന്ത്യക്കാരും പഠിക്കണം. വിലയ്ക്കുവാങ്ങി - അടിച്ചമർത്തി ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന രീതി അവസാനിക്കണം.

ക്ലാസ് മുറികൾ സാമൂഹിക സാഹചര്യം, സാമൂഹിക ശീലങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നല്കണം. ഇന്ത്യയുടെ സാമൂഹിക-ചരിത്ര സാഹചര്യത്തോട് ചേർന്നു പോകുന്ന പഠനരീതിയും വിഷയങ്ങളും വിദ്യാഭ്യാസത്തിന്റെ ഭാഗമാകണം. നിയമനിർമ്മാണ, ഭരണനിർവഹണ, നീതിന്യായ സ്ഥാപനങ്ങൾ സമൂഹത്തിന്റെ കാവൽക്കാരാകണം. ഇന്ത്യയിലെ കോടതി വിധികളുടെ സോഷ്യൽ ഓഡിറ്റിങ് വിഭജനത്തിന്റെയും വൈരുദ്ധ്യത്തിന്റെയും ഭയാനക ചിത്രമാണിന്നു നൽകുക. ഇത് മാറണം.

വിദ്യാഭ്യാസ അനുഭവത്തിന്റെയും ആർജ്ജിക്കേണ്ട കഴിവുകളുടെയും പരിശീലന മേഖലയായി സാമൂഹ്യാന്തരീക്ഷത്തെ പ്രയോജനപ്പെടുത്തണം. ജീവിതചുറ്റുപാടിന്റെ പ്രതിസന്ധിയും സ്വഭാവവും വിലയിരുത്തി, പരിഹരിക്കുന്ന ഇടപെടലിലൂടെ, വ്യത്യസ്ത വിഷയങ്ങൾ ശാസ്ത്രീയമായി പഠിക്കാൻ വിദ്യാർത്ഥികളെ ഒരുക്കണം. ജീവിതമേഖലയോട് ബന്ധപ്പെട്ട്, ബഹുമാനിച്ച് പഠിക്കാനും വളരാനും പരിശീലിക്കുമ്പോൾ, സ്വന്തം നാട്ടിൽ തങ്ങളുടെ സ്വപ്നങ്ങൾ പൂവിടുന്നത്, യുവതലമുറയ്ക്ക് അനുഭവിക്കാനാകും.

logo
Sathyadeepam Online
www.sathyadeepam.org