ദേശീയതാ കര്‍ഷകരും വംശീയ കുടിപ്പള്ളിക്കൂടങ്ങളുടെ സിലബസ്സും

ദേശീയതാ കര്‍ഷകരും വംശീയ കുടിപ്പള്ളിക്കൂടങ്ങളുടെ സിലബസ്സും
വംശമായാലും, മതമായാലും, സംസ്‌കാരമായാലും, അത് ആധിപത്യത്തിനുള്ള ഒരു ടൂള്‍ ആക്കി മാറ്റുമ്പോള്‍ സമത്വബോധത്തിന്റെ ദൈവമക്കള്‍ സങ്കല്പം വേരറ്റുപോകും. പിന്നെ മനുഷ്യദൈവങ്ങള്‍ ആറാം ദിവസം, സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള അടിമകളെ സൃഷ്ടിക്കും.

''ഭാവനാസൃഷ്ടികളായ സമൂഹങ്ങള്‍'' (Imagined communities) എന്ന തലക്കെട്ടില്‍ ബെനഡിക്ട് ആന്റേഴ്‌സണ്‍ എഴുതിയ പുസ്തകം വംശീയ ദേശീയതകള്‍ക്കും ജനാധിപത്യങ്ങള്‍ക്കുമെതിരായ ഒന്നാന്തരം സാക്ഷ്യമാണ്. അതിതീവ്രമായ ദേശീയ ബോധങ്ങളെ ജനതകളുടെ അബോധതലങ്ങളിലേക്ക് വിതച്ചിട്ട് അതില്‍നിന്ന് അധികാരം കൊയ്‌തെടുക്കുന്ന വംശീയ-മത-സാംസ്‌കാരിക ദേശീയതാ കര്‍ഷകര്‍ തരാതരം പോലെ വരയ്ക്കുന്ന അതിര്‍ത്തികളാണ് സമൂഹത്തിന്റെ അതിരുകളാകുന്നതെന്നാണ് ആന്റേഴ്‌സണ്‍ സാക്ഷിക്കുന്നത്. വിശ്വസാഹോദര്യമെന്ന ആശയത്തെ പടിക്കു പുറത്താക്കി, മലയാള കവി ഇടശ്ശേരി പാടിയതുപോലെ, ''ആര്‍ക്കാര്‍ക്കും ഉടമയോരാത്ത ഭൂപടമെന്ന പാഴ്‌വര'' വരയ്ക്കുന്ന വംശീയ ഭൂപട നിര്‍മ്മാതാക്കളുടെ രചനാ കൗശലങ്ങളെ വെളിച്ചം കാണിക്കുക എന്നതാണീ ലേഖനത്തിന്റെ ശ്രമം. അതിനായി വംശ, മത, സാംസ്‌കാരിക ദേശീയതകളുടെ കുടിപ്പള്ളിക്കൂടങ്ങളുടെ സിലബസ് വിശകലനം ചെയ്യുന്നു ഈ ലേഖനത്തില്‍.

ഹിറ്റ്‌ലര്‍ മുതല്‍ നവനാസികള്‍ വരെ: വംശീയ ദേശീയതകളുടെ വംശാവലി

ബ്രസല്‍സിലെ യൂറോപ്യന്‍ പാര്‍ലിമെന്റിനടുത്തുള്ള ചരിത്ര മ്യൂസിയത്തില്‍ നാസി കാലഘട്ടത്തിലെ ആര്യന്‍ ടെസ്റ്റിന്റെ ചിത്രമുണ്ട്. കമ്പുപോലുള്ള ഒരു ഉപകരണം കൊണ്ട് മനുഷ്യ നാസികയുടെ നീളം അളന്ന് ''ദീര്‍ഘമൂക്കന്മാരെ'' ആര്യന്മാരായും ''പതിഞ്ഞമൂക്കന്മാരെ'' ഒഴിവാക്കപ്പെടേണ്ട അധഃകൃതരായും മുദ്രകുത്തുന്ന ചിത്രം. വിശ്വവിഖ്യാതമായ മൂക്കുള്ളവന്‍ സൂര്യനു കീഴെയുള്ള എല്ലാറ്റിനെയും കുറിച്ച് ആധികാരികമായ അജ്ഞത വിളമ്പുന്ന ബഷീറിയന്‍ പരികല്പന ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. എന്തായിരുന്നു ആര്യന്‍ - നാസി വംശീയതയുടെ പ്രമാണ വാക്യം? അത് ഗീബല്‍സിയന്‍ നുണകളുടെ പെരുമ്പറയുടെ പ്രതിധ്വനിതന്നെ!

Lebensraum (Living Space) എന്ന പരികല്പനയെ ആസ്പദമാക്കിയാണ് നാസി വംശീയത ജര്‍മ്മനിയില്‍ വേരുറപ്പിച്ചത്. "We are the best race; so we need space to expand" എന്ന വംശീയ മുന്‍വിധി ശാഠ്യമാണ് യൂറോപ്പിലെ ഇതര രാജ്യങ്ങളെ ആക്രമിക്കാന്‍ നാസികളെ പ്രേരിപ്പിച്ചത്.

''മുയലുകളെപ്പോലെ പെറ്റുകൂട്ടുന്നു'' എന്ന് ഹിറ്റ്‌ലര്‍ ഭക്തര്‍ പരിഹസിച്ച സ്ലാവ് വംശജരെ അടിമകളാക്കിയോ ഉന്മൂലനം (Either enslavement or extermination) ചെയ്‌തോ വേണം നാസീ ജര്‍മ്മനിയുടെ വ്യാപനം എന്നു കരുതിയപ്പോഴാണ് നാസികള്‍ 1939-ല്‍ പോളണ്ടിനെ ആക്രമിക്കുന്നത്.

''വിജയിക്കുന്ന നുണയാണ് സത്യം'' എന്ന ഉമ്പര്‍ത്തോ എക്കോയുടെ സമവാക്യത്തെ ''നിര്‍മ്മിക്കപ്പെടുന്ന ബോധ്യമാണ് സത്യം'' (Truth is a created conviction) എന്ന സമാവാക്യത്തിലേക്ക് തര്‍ജ്ജമ ചെയ്യുവാന്‍ ഹിറ്റ്‌ലറും പ്രചാരണ കാര്യമന്ത്രിയായ ഗീബല്‍സും വിജയിച്ചു. ഒന്നാം ലോക മഹായുദ്ധത്തിലെ ജര്‍മ്മനിയുടെ പരാജയത്തെ തങ്ങളുടെ വംശീയ രാഷ്ട്രീയത്തിന്റെ വിപണനത്തിനായി വിപരീതാര്‍ത്ഥത്തില്‍ പരാവര്‍ത്തനം ചെയ്ത ഹിറ്റ്‌ലര്‍ തന്റെ വികാരാവേശ ഭ്രാന്തമായ പ്രസംഗങ്ങളിലൂടെ ആര്യന്‍ വംശീയതയ്ക്കു തീ കൊടുത്തു. ജര്‍മ്മനിയുടെ മഹത്വശോഷണ (The Lost German pride) ത്തിനു കാരണക്കാര്‍ ജൂതന്മാരാണെന്ന വികലവാദം ഉയര്‍ത്തിയ ഹിറ്റ്‌ലര്‍ ജൂത ഉന്മൂലനത്തിനായി തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. പോരാത്തതിന് ആര്യന്‍ വംശീയതയുടെ കട്ടിലില്‍ ഒതുങ്ങാത്തവരെ ഗ്രീക്കുപുരാണത്തിലെ പ്രോട്ടീയൂസിനെപ്പോലെ അറുത്തു മാറ്റുകയോ വലിച്ചു നീട്ടുകയോ ചെയ്തു. ജിപ്‌സികളും സ്ലാവ് വംശജരും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമൊക്കെ ഈ വംശീയ ദേശീയതയുടെ അഗ്നികുണ്ഠത്തില്‍ എരിഞ്ഞടങ്ങിയ ഏതാനും ശലഭങ്ങള്‍ മാത്രം!

"How to spot a Fascist" എന്ന ഗ്രന്ഥത്തില്‍ ഉമ്പര്‍ത്തോ എക്കോ എഴുതുന്നതു പോലെ പാരമ്പര്യവാദവും ആധുനിക മൂല്യങ്ങളുടെ തിരസ്‌കാരവും അയുക്തികതയും അടിസ്ഥാനമില്ലാത്ത ഗൂഢാലോചനാസിദ്ധാന്തങ്ങളുമാണ് വംശീയ-മത-സാംസ്‌കാരിക ദേശീയതയുടെ രാസത്വരകങ്ങളായി വര്‍ത്തിക്കുന്നത്. ജര്‍മ്മന്‍ ജനതയുടെ പുരോഗതിക്കും സാംസ്‌കാരിക വികാസത്തിനും ജൂതന്മാരും സ്ലാവ് വംശജരും തടസ്സമാണെന്ന നുണകളെ പരത്തിവിട്ട് വംശീയ ദേശീയതയുടെ മൂക്കുകയറുകൊണ്ട് അനേകരെ നിയന്ത്രിച്ച ഹിറ്റ്‌ലര്‍ എതിര്‍ സ്വരങ്ങളെ നിശ്ശബ്ദമാക്കിയും നിശ്ചലമാക്കിയുമാണ് തന്റെ തേര്‍വാഴ്ചയുടെ രഥചക്രങ്ങളെ തെളിച്ചത്. ഹിറ്റ്‌ലറിന്റെ ഭരണകാലത്ത് ജര്‍മ്മനിയിലൂടെ സഞ്ചരിക്കുന്ന വിദേശികള്‍ കവിയും നാടകകൃത്തുമായ ബെര്‍തോള്‍ഡ് ബ്രെഹ്റ്റിനോടു ചോദിച്ചു: ''ആരാണ് ജര്‍മ്മനിയെ ഭരിക്കുന്നത്?'' യാഥാര്‍ത്ഥ്യത്തിന്റെ നേരെ തിരിച്ചുപിടിച്ച കണ്ണാടിയായി ബ്രെഹ്റ്റിന്റെ ഉത്തരം. ''ഭയം, ഭയമാണ് ജര്‍മ്മനിയെ ഭരിക്കുന്നത്.''

മതദേശീയതയുടെ പത്മവ്യൂഹങ്ങള്‍

ബഹുസ്വരതയുടെ സംഗീതധാരകള്‍ ഇന്ത്യയിലെ എല്ലാവര്‍ക്കും എത്തിക്കാനായി പ്രതിജ്ഞാ ബദ്ധമായിരുന്ന ആകാശവാണിയുടെ ആപ്തവാക്യം ''ബഹുജനഹിതായ, ബഹുജന സുഖായ'' എന്നതായിരുന്നു. ലോകം ഒരു പക്ഷിക്കൂടുപോലെയാകട്ടെ (യത്രവിശ്വം ഭവത്വേക നീഢം) എന്നു പ്രാര്‍ത്ഥിച്ച വിശ്വപൗരനായ ടാഗോറിന്റെ നാട് ഇടുങ്ങിയ മതദേശീയതയുടെ നാടായിരിക്കുന്നു. ''ആര്‍ഷഭാരത പാരമ്പര്യം, ഇന്ത്യന്‍ സംസ്‌കൃതി'' എന്നിങ്ങനെ അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുന്ന പദാവലികളുടെ മറവില്‍ മതദേശീയതയെ ഒളിപ്പിച്ചു കടത്തുന്ന ഹിന്ദു ഫാസിസം ദേശീയതയാകുമ്പോള്‍ അനുവാചകരോര്‍ക്കുന്നു 1947-ലെ നെഹ്‌റുവിന്റെ പ്രവചനാത്മകമായ താക്കിത്. ഭരണഘടനാ അസംബ്ലിയുടെ രൂപീകരണവേളിയല്‍ നെഹ്‌റു പറഞ്ഞു: ''ഇന്ത്യന്‍ സാഹചര്യത്തില്‍ ഭൂരിപക്ഷ വര്‍ഗീയത ദേശീയതയായും ന്യൂനപക്ഷ വര്‍ഗീയത തീവ്രവാദമായും ഗണിക്കപ്പെടാനുള്ള സാധ്യതയുണ്ട്.''

ഉത്തരേന്ത്യയിലെ സവര്‍ണ്ണര്‍ക്കിടയില്‍ മാത്രമുണ്ടായിരുന്ന രക്ഷാബന്ധന്‍ പോലുള്ള ഉത്സവങ്ങള്‍ രാജ്യവ്യാപകമാകുന്നതും യോഗയെ ഹൈന്ദവ വത്കരിച്ചു ബ്രാന്‍ഡ് ചെയ്യുന്നതും ചരിത്രത്തെ കാവിവത്കരിച്ച് വര്‍ഗ്ഗീയാടിത്തറകള്‍ തീര്‍ക്കുന്നവരും മതഫാസിസത്തിന്റെ ഫത്‌വകള്‍ പുറപ്പെടുവിച്ച് പെരുമാള്‍ മുരുകന്മാരുടെ മഷിക്കു പ്പിയുടക്കുന്നവരും എം.എഫ്. ഹുസൈനെപ്പോലുള്ളവരുടെ കലയുടെ കാന്‍വാസില്‍ കുത്തിവരക്കുന്നവരും നെഹ്‌റുവിന്റെ പ്രവചനം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സൂചനയാണ്.

കാലഹരണപ്പെട്ട ആചാരങ്ങളെയും ചിന്താഗതികളെയും ഭൂതകാല കുളിരോടെ അവതരിപ്പിക്കുന്ന ശൈലി മതദേശീയതയുടെ ട്രേഡ്മാര്‍ക്കാണ്. "Why I am not a Hindu" എന്ന ഗ്രന്ഥത്തില്‍ കാഞ്ച ഐലയ്യ ചോദിക്കുന്ന ചോദ്യങ്ങള്‍ മേല്‍പറഞ്ഞ ഭൂതകാല കുളിരിനെ ആവിയാക്കുന്നതാണ്. ''സവര്‍ണ്ണ ഹിന്ദു സംസ്‌കാരത്തെ ഇന്ത്യന്‍ ദേശീയതയാക്കി അവതരിപ്പിക്കുകയും സവര്‍ണ്ണ ഹൈന്ദവ ചിഹ്നങ്ങള്‍ എല്ലാ വിഭാഗം ഹിന്ദുക്കളുടേയും മേല്‍ അടിച്ചേല്പിക്കുകയും ചെയ്യുന്നതിന്റെ നൈതികത''യെയാണ് കാഞ്ച ഐലയ്യ തന്റെ ഗ്രന്ഥങ്ങളില്‍ ചോദ്യം ചെയ്യുന്നത്.

മതാചാരങ്ങള്‍ കാലത്തിന്റെയും സമൂഹത്തിന്റെയും യുക്തിയുടെ ഓഡിറ്റിന് വിധേയമാകണമെന്ന് വാദിച്ച രാജാറാം മോഹന്‍ റോയിയെപ്പോലുള്ളവര്‍ പ്രാരംഭകരായ ഭാരതീയ നവോത്ഥാനം ഇന്ന് ഒരു വിപരീത പരിണാമത്തിലാണ്. മാമൂലുകളിലേക്കുള്ള മടക്കത്തിന്റെ റിവൈവലിസമാണ് ഇന്ന് പല മൗലികവാദികളുടേയും ഏറ്റവും മൂര്‍ച്ചയേറിയ ആയുധം.

ഈ റിവൈവലിസത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് എഴുത്തുകാരനും ചിന്തകനുമായ ആനന്ദ്, കബീര്‍ദാസിന്റെ മാതൃക ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ആറ്-ഏഴ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് കൈയ്യിലൊരു പന്തം ഉയര്‍ത്തിപ്പിടിച്ച് ഗ്രാമചന്തയുടെ മധ്യത്തില്‍ നിന്ന് കബീര്‍ദാസ് പറഞ്ഞു. ''ജൊ ഘര്‍ ഫൂകെ അപ്നാ, ചലെ ഹമാരാ സാഥ്'' - മാമൂലുകളുടെ വീടുകള്‍ കത്തിച്ചു കളയൂ എന്നിട്ട് എന്റെ കൂടെ വരൂ. എന്നാല്‍ പൊളിറ്റിക്കല്‍ ഹിന്ദുത്വ മുന്നോട്ടു വയ്ക്കുന്ന പരിണാമം കബീര്‍ വിഭാവനം ചെയ്ത നവോത്ഥാനത്തിന്റെ എതിര്‍ദിശയിലേക്കാണ് പിന്‍മടങ്ങുന്നത്. മാമൂലുകളുടേയും അന്ധവിശ്വാസങ്ങളുടേയും വീടുകള്‍ കത്തിച്ചുകളഞ്ഞ് പൊതു ഇടങ്ങളുടെ തുറസ്സിലേക്ക് വരുന്നതിനു പകരം പലരുമിന്ന് തുറസ്സുകളില്‍നിന്ന് കുടുസ്സുകളിലേക്ക് മടങ്ങാനാണ് താത്പര്യപ്പെടുന്നത്. മതദേശീയതയുടെ ഈ ഘര്‍വാപസി ഭൂതകാലത്തിന്റെ ഇരുളടഞ്ഞ കെട്ടിടത്തില്‍ ചങ്ങലകളിലേക്കല്ലേ മനുഷ്യരെ നയിക്കുക. അവര്‍ നിര്‍മ്മിക്കുന്ന കുടുസ്സുകള്‍ പ്ലേറ്റോയുടെ ഗുഹയിലേക്കാള്‍ ഇരുട്ടു നിറഞ്ഞവയാണ്. ഭിത്തിയിലെ നിഴലുകള്‍ പോലും ഘര്‍വാപസിക്കാര്‍ക്ക് ദൃശ്യമല്ലാതാകുമ്പോള്‍ കബീര്‍ദാസ് മുന്നോട്ടു വച്ച നവോത്ഥാനത്തിന്റെ പന്തം കുടുസ്സുകളില്‍ കരിന്തിരികത്തി കാളിമയേറ്റുന്നു.

സാംസ്‌കാരിക ദേശീയതയുടെ ആസുരഭാവങ്ങള്‍

ഇറ്റാലിയന്‍ സംസ്‌കാരം ലോകത്തിലെ മറ്റെല്ലാ സംസ്‌കാരങ്ങളെക്കാളും മുകളിലാണെന്നും അതിനാല്‍ തന്നെ ഇറ്റലി ലോകത്തെ ഭരിക്കണമെന്നുമുള്ള മുസ്സോളിനിയുടെ രക്തരൂക്ഷിത തീരുമാനമാണ് രണ്ടാം ലോക മഹായുദ്ധത്തിന്റെ അഗ്നിയെ ആളിക്കത്തിച്ചത്. ഹിറ്റ്‌ലര്‍ ആര്യന്‍ വംശീയ മേല്‍ക്കോയ്മ അവകാശപ്പെട്ടപ്പോള്‍ മുസ്സോളിനി ഇറ്റാലിയന്‍ സാംസ്‌കാരിക മേല്‍ക്കോയ്മയാണ് അവകാശപ്പെട്ടത്. താനൊരു കൊല്ലപ്പണിക്കാരന്റെ മകനാണെന്നും അടിസ്ഥാന വര്‍ഗത്തിന്റെ കാവലാളാണെന്നും പറഞ്ഞ മുസ്സോളനി ഭരണത്തിലെത്തിയപ്പോള്‍ ആദ്യം കൂട്ടുകൂടിയത് കോര്‍പ്പറേറ്റുകളുമായിട്ടാണ്. ഫാസിസത്തിന് അദ്ദേഹം കൊടുത്ത നിര്‍വചനം അദ്ദേഹത്തിന്റെ ഇരട്ടത്താപ്പിനെ സാധൂകരിക്കുന്നതാണ്: ഫാസിസം എന്നാല്‍ ഭരണകൂടവും കോര്‍പ്പറേറ്റുകളും തമ്മിലുള്ള സമ്പൂര്‍ണ്ണ ലയനമാണ്.

മസ്തിഷ്‌ക ക്ഷാളനം ചെയ്യപ്പെട്ട കരിങ്കുപ്പായക്കാര്‍ (Black shirts) എന്ന അനുയായി വൃന്ദത്തിന്റെ ആക്രമണോത്സുകതയെ അധികാരത്തിലേക്കുള്ള തന്റെ പ്രയാണത്തിന്റെ മൂലധനമാക്കി മാറ്റി മുസ്സോളിനി. ചിന്താശൂന്യരായ (Thoughtless) മനുഷ്യരാണ് ഫാസിസത്തെ വളര്‍ത്തുന്നതെന്ന ഹന്നാ ആരെന്റിന്റെ (Hannah Arendt) നിരീക്ഷണം ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്.

റോമന്‍ സാമ്രാജ്യത്തിലൂടെ ലോകത്തെ അടക്കി ഭരിച്ചിരുന്ന സീസര്‍മാരുടെ പിന്തുടര്‍ച്ചക്കാരാകുവാന്‍ വേണ്ടി മുസ്സോളിനി ഇറ്റാലിയന്‍ സാമ്രാജ്യത്വ വ്യാപനത്തിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. 1935-ല്‍ നിഷ്‌കളങ്കരായ എത്യോപ്യന്‍ ജനതയെ ആക്രമിച്ചുകൊണ്ടാണ് ഇറ്റാലിയന്‍ സാംസ്‌കാരിക മേല്‍ക്കോയ്മയുടെ പടക്കുതിരയെ മുസ്സോളനി അഴിച്ചുവിട്ടത്. ചരിത്രത്തിന്റെ രഥചക്രങ്ങളെ തിരിക്കുന്ന ഇന്ധനം രക്തമാണെന്ന് പറഞ്ഞ മുസ്സോളിനി വൈരുദ്ധ്യാത്മകതയുടെ ചരിത്രസാക്ഷ്യമായി. മനുഷ്യകുലത്തിന് സഹജമെന്ന് തോമസ് ഹോബ്‌സിനെപ്പോലുള്ള രാഷ്ട്രീയചിന്തകര്‍ പറഞ്ഞു വച്ച മനുഷ്യന്റെ ചെന്നായ സ്വഭാവത്തില്‍നിന്ന് സംസ്‌കാരത്തിന്റെ മെരുക്കലിലേക്കും മിതത്വത്തിലേക്കും കടന്നുവന്നപ്പോഴാണ് രക്തരഹിത സമൂഹം ഇവിടെ രൂപംകൊണ്ടത്. സാംസ്‌കാരിക മേല്‍ക്കോയ്മയുടെ വരേണ്യവാദക്കാരാണ് സംസ്‌കാരം രൂപപ്പെടുത്തിയ നാട്ടില്‍നിന്ന് കൈയ്യൂക്കുള്ളവന്‍ കാര്യക്കാരനാകുന്ന കാട്ടിലേക്ക് മടങ്ങുന്ന വൈരുദ്ധ്യമാണ് ഇറ്റലിയുടെ എത്യോപ്യന്‍ ആക്രമണത്തിലും രണ്ടാം ലോക മഹായുദ്ധത്തിലെ അച്ചുതണ്ടു ശക്തികളുടെ (Axis Powers) പരാക്രമണങ്ങളിലും കാണുന്നത്. വംശമായാലും, മതമായാലും, സംസ്‌കാരമായാലും, അത് ആധിപത്യത്തിനുള്ള ഒരു ടൂള്‍ ആക്കി മാറ്റുമ്പോള്‍ സമത്വബോധത്തിന്റെ ദൈവമക്കള്‍ സങ്കല്പം വേരറ്റുപോകും. പിന്നെ മനുഷ്യദൈവങ്ങള്‍ ആറാം ദിവസം, സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള അടിമകളെ സൃഷ്ടിക്കും.

ഉപസംഹാരം

ദേശീയതകളുടെ ആസുരത മനുഷ്യമഹത്വത്തെ വിഴുങ്ങുന്നതു കണ്ടപ്പോഴാണ് വിശ്വമഹാകവി ടാഗോര്‍ ഇപ്രകാരം എഴുതിയത്: "Patriotism is not my spritual shelter. My shelter is humanity. I will not allow Patriotism to trumph over my humanity as long as I live." ഇസ്രായേല്‍ സ്വതന്ത്ര രാജ്യമായപ്പോള്‍ യഹൂദനായതിന്റെ പേരില്‍ ആദ്യ പ്രസിഡന്റാവാന്‍ ക്ഷണം ലഭിച്ചപ്പോള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ അത് നിരസിച്ചുകൊണ്ടു പറഞ്ഞു. ''കേവലമായ രാജ്യസ്‌നേഹത്തിന്റെ പേരില്‍ അവതരിപ്പിക്കുന്ന ദേശീയതയ്ക്കുപോലും ഞാന്‍ എതിരാണ്.'' വംശീയ വിവേചനത്തിന്റെ ക്രൂരമുഖം മറക്കാനാഗ്രഹിച്ച മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് അമേരിക്കയില്‍ കണ്ട സ്വപ്നം ദക്ഷിണാഫ്രിക്കയില്‍ നെല്‍സണ്‍മണ്ടേലയിലൂടെ പൂര്‍ത്തിയായെന്ന് ആശ്വസിക്കുന്നതിനിടയ്ക്കാണ്, ജോര്‍ജ് ഫ്‌ളോയിഡെന്ന കറുത്തവര്‍ഗക്കാരനെ വെള്ളക്കാരന്‍ പൊലീസ് ശ്വാസംമുട്ടിച്ചു കൊല്ലുന്നത്. സ്വപ്നങ്ങളേ, നിങ്ങള്‍ സ്വര്‍ഗ കുമാരികളല്ലോ! കാര്‍മേഘങ്ങള്‍ക്കിടയിലും ടാഗോറിന്റെ ഗീതാഞ്ജലിയിലെ പ്രാര്‍ത്ഥന ആശ്വാസം തരുന്നു: ''എവിടെയാണ് വിഭജനത്തിന്റെ ഇടുങ്ങിയ ഭിത്തികളാല്‍ ലോകം വിഭജിക്കപ്പെടാതിരിക്കുന്നത്. ആ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗത്തിലേക്ക് ഞങ്ങളെ ഉയര്‍ത്തണമേ.'' സ്വപ്നം ഒന്നേയുള്ളൂ - ''യത്രവിശ്വാംഭവത്വേക നീഢം - ലോകം പക്ഷിക്കൂടുപോലെ ഒന്നാകട്ടെ, വാത്സല്യ നിര്‍ഭരമാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org