അവന്‍ നമ്മെ ഐകരൂപ്യത്തില്‍ തളച്ചിടുന്നില്ല

അവന്‍ നമ്മെ ഐകരൂപ്യത്തില്‍ തളച്ചിടുന്നില്ല
യഥാര്‍ത്ഥത്തില്‍ സര്‍വത്രികസഭ കേരള സഭയോട് ആവശ്യപ്പെടുന്നതും വ്യത്യസ്തമായ റീത്തുകളും, സഭകളും, സംസ്‌കാരങ്ങളുമുള്ള സമ്പന്നമായ ഈ സമൂഹത്തില്‍ വ്യത്യസ്തതയില്‍ നിന്നുകൊണ്ട് ക്രിസ്തുവിന്റെ ഒരുമ യുടെ ഭാഗമാകുക എന്നാണ്.

ബഹ്‌റൈനിലെ തന്റെ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസത്തിലുള്ള എക്യുമെനിക്കല്‍ സമ്മേളനത്തിലും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനയിലും ഫ്രാന്‍സിസ് മാര്‍പാപ്പ 'നാനാത്വത്തില്‍ ഏകത്വം,' 'ജീവിതത്തിന്റെ സാക്ഷ്യം' എന്നീ രണ്ടു പുണ്യങ്ങളെ ഉയര്‍ത്തികാട്ടുന്നു. വ്യത്യസ്തമായ സഭാപാരമ്പര്യവും അതിലേറെ ഒരേ പാരമ്പര്യത്തില്‍തന്നെ വ്യത്യസ്തമായ ആരാധനാക്രമ പാരമ്പര്യമുള്ള വ്യത്യസ്ത റീത്തുകളിലും സഭകളിലും ജീവിക്കുന്ന കേരളസഭാ സമൂഹത്തിനു പരിശുദ്ധ പിതാവിന്റെ ഈ വാക്കുകള്‍ ഊര്‍ജം നല്‍കുന്നവയാണ്. ജറുസലേം സഭയുടെ പെന്തക്കോസ്ത് അനുഭവത്തിന്റെ പശ്ചാത്തലം ഊന്നിപ്പറഞ്ഞാണ് പരിശുദ്ധ പിതാവ് തന്റെ പ്രസംഗം ആരംഭിച്ചത്. 'ദൈവത്തിന്റെ വിസ്മയകരമായ പ്രവൃത്തികള്‍ നിമിത്തം, വിവിധ ജനങ്ങളില്‍നിന്നും ഭാഷകളില്‍ നിന്നും സ്ഥലങ്ങളില്‍നിന്നും മതപരമായ ആചാരങ്ങളില്‍നിന്നും നമ്മള്‍ ഇവിടെ ഒത്തുകൂടി. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലാകാത്ത പെന്തക്കോസ്തിന്റെ പ്രഭാതത്തിലെന്നപോലെ നമുക്ക് സമാധാനത്തോടെ ജീവിക്കാം. ഉത്ഭവത്തിന്റെയും ഭാഷകളുടെയും വൈവിധ്യം, എല്ലായ്‌പ്പോഴും ഉണ്ടായിരുന്നതുപോലെ, ഒരു പ്രശ്‌നമല്ല, മറിച്ച് ഒരു വിഭവമാണ്.'

ആദിമസഭ തങ്ങള്‍ പോയ നാടുകളിലെ സംസ്‌കാരവും ഭാഷയും അവളുടെ നാനാത്വ ത്തിന്റെ ഭാഗമാക്കി. ഇന്ന് സഭയില്‍ കാണുന്ന നാനാത്വം അപ്പസ്‌തോലന്മാരുടെ തുറവിയുടെ സാക്ഷ്യമാണ്. വ്യത്യസ്തമായ ആചാര ങ്ങളും അനുഷ്ഠാനങ്ങളും ഐക്യത്തിന്റെ സാധ്യതയെ അതില്‍ത്തന്നെ തള്ളിക്കളയുന്നില്ല എന്നതിന്റെ ശ്രദ്ധേയമായ ദൃഷ്ടാന്ത മാണ് കത്തോലിക്കാസഭ.

'നാനാത്വത്തില്‍ ഏകത്വം'

പരിശുദ്ധ പിതാവ് പ്രസ്താവിച്ച 'നാനാത്വത്തില്‍ ഏകത്വം' എന്ന ആശയത്തിന്റെ വികാസത്തിലേക്ക് നമ്മെ നയിച്ചത് സഭയ്ക്കുണ്ടായ അപ്പസ്‌തോലിക അനുഭവമാണ്. ദൈവത്തെ ആരാധിക്കാനും മറ്റുള്ളവരെ സഹായിക്കാനും ഈ അപ്പസ്‌തോലന്മാര്‍ക്ക് കഴിഞ്ഞു, അവര്‍ ഒരു ശരീരമായി ഒത്തുചേര്‍ന്നപ്പോള്‍, ദൈവത്തിന്റെ പ്രവൃത്തിയുടെ വാതിലുകള്‍ തുറക്കപ്പെട്ടു. നമ്മുടെ ഇടയില്‍ ദൈവത്തിന്റെ അത്ഭുതപ്രവൃത്തികള്‍ നടക്കേണ്ടതിന് ക്രിസ്ത്യാനികള്‍ എന്ന് സ്വയം വിളിക്കുന്ന നാം ഓരൊരുത്തരും ക്രിസ്തുവില്‍ ഒന്നുചേരണം.

എന്നിരുന്നാലും, നാം പ്രയത്‌നിക്കുന്ന ഐക്യം നമ്മുടെ 'നാനാത്വത്തില്‍ വേരൂന്നിയ ഏകത്വമാണ്' എന്നു നാം മറക്കരുതെന്ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മുന്നറിയിപ്പ് നല്‍കി. ഓരോ ക്രിസ്ത്യാനിയും മനസ്സില്‍ കരുതേണ്ടത് അത്യാവശ്യമായ ഒരു കൃപയാണ്: 'സാദൃശ്യം' അല്ല ഐക്യം ഉണ്ടാക്കുന്നത്; മറിച്ച് 'നാനാത്വങ്ങള്‍ക്കിടയിലുള്ള ഏകത്വമാണ്.' പെന്തക്കോസ്ത് ദിനത്തിന്റെ വിവരണമനുസരിച്ച്, ഓരോ വ്യക്തിയും അപ്പസ്‌തോലന്മാര്‍ 'അവരുടെ സ്വന്തം ഭാഷയില്‍' സംസാരിക്കുന്നത് കേട്ടു (അപ്പ. 2:6). ആത്മാവ് എല്ലാവര്‍ക്കുമായി ഒരു പുതിയ ഭാഷ കണ്ടുപിടിക്കുന്നില്ല, പകരം ഓരോ വ്യക്തിയെയും മറ്റ് ഭാഷകള്‍ സംസാരിക്കാന്‍ അനുവദിക്കുന്നു (അപ്പ. 4). അതുവഴി മറ്റുള്ളവര്‍ സംസാരിക്കുന്ന അവരവരുടെ ഭാഷ എല്ലാവര്‍ക്കും കേള്‍ക്കാനാകും (അപ്പ. 11). മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അവന്‍ നമ്മെ ഐകരൂപ്യത്തില്‍ ഒതുക്കുന്നില്ല, മറിച്ച് നാം വ്യത്യസ്തരാണെങ്കിലും പരസ്പരം ആലിംഗനം ചെയ്യാന്‍ നമ്മെ പ്രാപ്തരാക്കുന്നു. വ്യക്തികള്‍ അവരുടെ ജീവിതം ആത്മാവിന് അനുസൃതമായി നടത്തുമ്പോള്‍ വ്യത്യസ്തത അംഗീകരിച്ചു ഐക്യം ഫലമണിയുന്നു. പരിശുദ്ധാത്മാവില്‍ നിറഞ്ഞ വ്യക്തികള്‍ തങ്ങള്‍ വ്യക്തിപരമായി ഉള്‍പ്പെടുന്ന ഈ വലിയ ശരീരത്തിന്റെ ഒരു ഘടകമായി ഓരോ സംസ്‌കാരത്തിനെയും ഭാഷയെയും തങ്ങളുടെ ഓരോ സഹവിശ്വാസികളെയും കാണാനുള്ള കഴിവ് നേടുന്നു, കൂടാതെ പരസ്പരം ഇടപഴകുന്നതിലൂടെ ഇത് ചെയ്യാന്‍ അവര്‍ പഠിക്കുന്നു. ഇത് സഭാ ഐക്യത്തിന്റെ സാരാംശം ഉള്‍ക്കൊള്ളുന്നു.

'ജീവിതത്തിന്റെ സാക്ഷ്യം'

നാനാത്വത്തില്‍ ഏകത്വത്തിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്ത ശേഷം, 'ജീവിതത്തിന്റെ സാക്ഷ്യം' എന്ന രണ്ടാമത്തെ ഘടകത്തെ മാര്‍പാപ്പ ഊന്നി പറയുന്നു. പെന്തക്കോസ്ത് അനുഭവത്തെത്തുടര്‍ന്നു, ശിഷ്യന്മാര്‍ തങ്ങളെത്തന്നെ 'തുറന്ന്,' ഒരു രൂപാന്തരത്തിന് വിധേയരായി, തുടര്‍ന്ന് അവര്‍ ആയിരുന്ന മുറിവിട്ടു. ലോകമെമ്പാടും തങ്ങള്‍ക്കു ലഭിച്ച കൃപ പ്രചരിപ്പിക്കുന്നതിനായി പുറപ്പെടുന്നു. അവരുടെ ആഗമനകേന്ദ്രമായി തോന്നിയ ജറുസലേം അവര്‍ക്ക് അസാധാരണമായ ഒരു സാഹസിക യാത്രയുടെ തുടക്കമായി മാറുന്നു. മുമ്പ് അവരെ വീട്ടില്‍ നിര്‍ത്തിയിരുന്ന ഭയം ഇപ്പോള്‍ ഒരു വിദൂര ഓര്‍മ്മയാണ്; ഇനി മുതല്‍, അവര്‍ എല്ലായിടത്തും സഞ്ചരിക്കുന്നു, മറ്റുള്ളവരില്‍ നിന്ന് വേറിട്ടു നില്‍ക്കാനല്ല, സമൂഹത്തിന്റെയും ലോകത്തിന്റെയും ക്രമം തകിടം മറിക്കാനല്ല, മറിച്ച് അവരുടെ ജീവിതരീതിയിലൂടെ ദൈവ സ്‌നേഹത്തിന്റെ സൗന്ദര്യം എല്ലായിടത്തും പ്രസരിപ്പിക്കാനാണ്. ഞങ്ങളുടെ സന്ദേശം വാക്കുകള്‍ കൊണ്ട് നല്‍കുന്ന ഒരു വിലാസമല്ല, അത് പ്രവൃത്തികള്‍ നല്‍കുന്ന സാക്ഷ്യമാണ്, ഈ സാക്ഷ്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ക്രിസ്തീയ വിശ്വാസം അവകാശപ്പെടാനുള്ള അവകാശമല്ല, മറിച്ച് മറ്റുള്ളവര്‍ക്ക് പങ്കിടാനുള്ള ഒരു സമ്മാനമാണ്.

ക്രിസ്ത്യാനികളായ നാം പരസ്പരം വ്യത്യസ്തരാണ്, കാരണം വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങളും സംസ്‌കാരങ്ങളും ഭാഷകളും പാലിക്കുന്ന ഒരു സാര്‍വത്രിക സമൂഹമാണ്. ഓരോ മനുഷ്യന്റെയും ഉത്ഭവം ദൈവത്തിലാണെങ്കിലും അത് സാക്ഷാത്കരിച്ചത് ഈ ലോകത്താണ് എന്നതിനു പുറമേ, ലോകത്തില്‍ നിര്‍വഹിക്കാനുള്ള ഒരു ദൗത്യം ദൈവം മനുഷ്യര്‍ക്കു നല്‍കുന്നു. ക്രിസ്തുവില്‍ ഐക്യപ്പെടുമ്പോള്‍ തന്നെ നമ്മുടെ തനതായ സ്വത്വം നിലനിറുത്താന്‍ നമ്മളോട് ഓരോരുത്തരോടും ദൈവം ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയുടെ സംസ്‌കാരം അതിന്റെ ഏകത്വത്താലും അതിന്റെ ഘടകങ്ങളുടെ സമ്പന്നമായ വൈവിധ്യത്താലും സമാനമായതുപോലെ ആദിമ സഭ തങ്ങള്‍ പോയ നാടുകളിലെ സംസ്‌കാരവും ഭാഷയും അവളുടെ നാനാത്വത്തിന്റെ ഭാഗമാക്കി. ഇന്ന് സഭയില്‍ കാണുന്ന നാനാത്വം അപ്പസ്‌തോലന്മാരുടെ തുറവിയുടെ സാക്ഷ്യമാണ്. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഐക്യത്തിന്റെ സാധ്യതയെ അതില്‍ത്തന്നെ തള്ളിക്കളയുന്നില്ല എന്നതിന്റെ ശ്രദ്ധേയമായ ദൃഷ്ടാന്തമാണ് കത്തോലിക്കാസഭ. കത്തോലിക്കാസഭയുടെ പശ്ചാത്തലത്തില്‍, ഓരോ സഭയുടെയും സംസ്‌കാരത്തിന്റെയും ഭാഷയുടെയും സാന്നിധ്യം സഭ ഒരേ മൂല്യമുള്ളതായി കാണുന്നു. യഥാര്‍ത്ഥത്തില്‍ സാര്‍വത്രികസഭ കേരളസഭയോട് ആവശ്യപ്പെടുന്നതും വ്യത്യസ്തമായ റീത്തുകളും, സഭകളും, സംസ്‌കാരങ്ങളുമുള്ള സമ്പന്നമായ ഈ സമൂഹത്തില്‍ വ്യത്യസ്തതയില്‍ നിന്നുകൊണ്ട് ക്രിസ്തുവിന്റെ ഒരുമയുടെ ഭാഗമാകുക എന്നാണ്.

(റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണു ലേഖകന്‍. ക്രിസ്ത്യന്‍ മുസ്ലിം മതാന്തര ബന്ധങ്ങളാണു വിഷയം. നേരത്തെ ഹൈദരാബാദിലെ ഹെന്റി മാര്‍ട്ടിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇസ്ലാമിക പഠനങ്ങളില്‍ ബിരുദാനന്തര ഡിപ്ലോമയും അറബി, ഉറുദു ഭാഷകളില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org