ആദരിക്കല്‍ അല്ല; കരുതല്‍ വേണം!

കത്തോലിക്കാ സഭയിലെ ഒരു പുതിയ ട്രെന്‍ഡ് ആയി മാറികഴിഞ്ഞ വലിയ കുടുംബങ്ങളെ ആദരിക്കല്‍ എന്ന ചടങ്ങ് ആര്‍ക്കുവേണ്ടി? എന്തിനു വേണ്ടി? ഒരു വിലയിരുത്തല്‍...
ആദരിക്കല്‍ അല്ല; കരുതല്‍ വേണം!

കത്തോലിക്കാ സഭയിലെ ഒരു പുതിയ ട്രെന്‍ഡ് ആയിമാറി കഴിഞ്ഞു വലിയ കുടുംബങ്ങളെ ആദരിക്കല്‍ എന്ന ചടങ്ങ്. അവ എന്തിനു വേണ്ടി? ആര്‍ക്കുവേണ്ടി? വലിയ കുടുംബങ്ങള്‍ക്ക് എന്തുഗുണം? ആത്മീയ അനുഗ്രഹം നല്‍കാനാണെങ്കില്‍ ഇതുവരെ ദൈവത്തിന്റെ കൃപയില്‍ ആശ്രയിച്ച് അവിടുത്തെ അനുഗ്രഹം കൊണ്ട് മാത്രം പലരുടെയും പഴികള്‍ കേട്ട് ജീവിച്ച അങ്ങനെ ഒരു വിഭാഗത്തിന് ദൈവത്തിന്റെ അനുഗ്രഹം ഒന്നുമാത്രം ഉണ്ടെന്ന് നല്ല ബോധ്യം ഉള്ളവരാണ്. ഇല്ലെങ്കില്‍ അവര്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയില്ലായിരുന്നല്ലോ.

വലിയ കുടുംബങ്ങളെ സൂമില്‍ വിളിച്ച് ആദരിച്ചാല്‍ അവരുടെ ആവശ്യങ്ങള്‍ക്ക് എന്തെങ്കിലും ഗുണം ചെയ്യുമോ? അതു ചെയ്യാനുള്ള നടപടികള്‍ എടുക്കാതെയുള്ള ആദരിക്കല്‍ ചടങ്ങുകള്‍ എന്തിന്റെയോക്കെയോ ഒരു പുകമറ സൃഷ്ടിക്കലാണ്.

'നിങ്ങള്‍ക്ക് ഒന്നിനും കുറവുണ്ടാകില്ല. ദൈവം കാത്തുകൊള്ളും ഞങ്ങള്‍ കൂടെയുണ്ട്' എന്നൊക്കെ പറയുക എന്നത് സ്ഥിരം പരിപാടിയാണ്. പകരം ആത്മാര്‍ത്ഥതയും ഉത്തരവാദിത്വ ബോധമുള്ളവരും അവരുടെ ആവശ്യങ്ങളിലേക്കും ക്ഷേമപ്രവര്‍ത്തനങ്ങളിലേക്കും ശ്രദ്ധകേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കും.

സത്യത്തില്‍ ഇന്ന് വലിയ കുടുംബങ്ങളെ സഹായിക്കുക എന്ന ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പമാര്‍ഗമാണ് അവരെ ആദരിക്കുന്ന പരിപാടി. ദൈവകല്‍പന അനുസരിച്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയവരെ കുറേ പുകഴ്ത്തിപറയും. ഫോട്ടോ എടുക്കും. അവര്‍ ആദരിച്ച വാര്‍ത്തയും വരും. അതാണ് ഇവര്‍ ആഗ്രഹിക്കുന്നതും. ഇത് ആദരവുകളല്ല. അറിയപ്പെടാനുള്ള ചിലരുടെ ദാഹമാണ്. അതിന്റെ ഇരകള്‍ വലിയ കുടുംബങ്ങളും. സുഖിപ്പീരു കൊടുക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു പോകാതെ ക്രിയാത്മകമായ നടപടികളില്‍ ശ്രദ്ധ ചെലുത്തുക തന്നെ വേണം ഇക്കൂട്ടര്‍.

12-ല്‍ പഠനം കഴിഞ്ഞു നില്‍ക്കുന്ന കുട്ടിക്ക് Nursing/Engineering ന് അഡ്മിഷന്‍ സൗജന്യമായി കിട്ടിയാല്‍ ആദരം കൊള്ളാം. അല്ലെങ്കില്‍ ഇതൊക്കെ അവര്‍ക്കുള്ള ആദരാജ്ഞലികള്‍ ആയി കരുതാം.

പാലായിലോ താമരശ്ശേരിയിലോ ജനിച്ചാലും നാലാമത്തെ കൊച്ചിനെ അഡ്മിഷന്‍ പറയുന്നുള്ളു. ചികിത്സ പറയുന്നുള്ളൂ. പിന്നീട് ഇതിന്റെയൊക്കെ പ്രായോഗിക തലത്തില്‍ നടക്കുന്ന അവസ്ഥ ദയനീയമാണ്. രാഷ്ട്രീയക്കാരുടെ മോഹന സുന്ദര വാഗ്ദാനങ്ങള്‍ എങ്ങനെയൊക്കെ നടപ്പാക്കുന്നു എന്ന് ഇക്കൂട്ടര്‍ നന്നായി പഠിച്ചു കഴിഞ്ഞു. അതേ രീതി സഭയിലും നടക്കുന്നതു കണ്ടിട്ട് വേദന തോന്നുന്നു.

നാലാമത്തെ അല്ലെങ്കില്‍ അഞ്ചാമത്തെ കൊച്ചിനെ മാമ്മോദീസ മുക്കിയാല്‍ മാത്രം സാമ്പത്തിക ബുദ്ധിമുട്ടുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായോ? വാടക കൊടുത്തു സഹായിച്ചാല്‍, വിദ്യാഭ്യാസ ചെലവുകള്‍ നല്‍കി സഹായിച്ചാല്‍, വീട് പണിയാന്‍ സഹായിച്ചാല്‍, ഒരു ജോലി മക്കള്‍ക്കു കൊടുത്തു സഹായിച്ചാല്‍, അതാണ് ആദരിക്കേണ്ടവര്‍ ചെയ്യേണ്ടതും അവരുടേ സാമുദായിക കടമയും ഉത്തരവാദിത്വവും. അവരെ ആദരിച്ചു ബുദ്ധിമുട്ടിക്കാതെ അവര്‍ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും ജോലിക്കും ഒക്കെ പലരുടെയും കാലുപിടിച്ചു നടക്കാന്‍ ഇടവരാതെ മക്കളുടെ ചികിത്സാ ഇളവ് ലഭിച്ചാല്‍ അതല്ലെ ശരിയായ ആദരം?

ഇപ്പോള്‍ മത്സരിച്ചു പലരും വിളിച്ചു ചേര്‍ക്കുന്ന മീറ്റിംഗ് കൊണ്ട് ആറു മക്കള്‍ ഉള്ളവര്‍ക്ക് വീട്/ ജോലി /കടം ഇളച്ചു കൊടുക്കല്‍/ വിദ്യാഭ്യാസ ചെലവ്, സ്വയം തൊഴില്‍ സഹായങ്ങള്‍, ചികിത്സാ ചെലവ്, പഠനഫീസ് ഒക്കെ കൊടുക്കും എന്ന് ഉറപ്പ് പറഞ്ഞു അവ പ്രവര്‍ത്തികമാക്കിയാല്‍ അതാണ് അവര്‍ക്ക് നല്‍കാവുന്ന ശരിയായ ആദരം.

ഡെലിവറി ചെലവ്, സിസേറിയന്‍ ഒക്കെ ഫ്രീ ആണ് നാലാമത്തെ മുതല്‍ എന്ന് പരസ്യം കാണാറുണ്ട്. പക്ഷേ മുഴുവന്‍ സൗജന്യം അല്ല, സൗജന്യം ഡോക്ടറുടെ ഫീസ് മാത്രം. ചിലയിടത്ത് ജനറല്‍ വാര്‍ഡ് ആണെങ്കില്‍ വാടകയും ഇളവ്. ഒരു നോര്‍മല്‍ ഡെലിവറിക്ക് കുറഞ്ഞത് 20000 രൂപ വേണ്ടിവരും. സിസേറിയനാണെങ്കില്‍ 30000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ ആശുപത്രി അനുസരിച്ച് കൈയില്‍ കരുതേണ്ടി വരും. സംശയം ഉണ്ടെങ്കില്‍ ഈയിടെ പ്രസവിച്ചവരോട് ആരായുക.

സത്യത്തില്‍ ഇന്ന് വലിയ കുടുംബങ്ങളെ സഹായിക്കുക എന്ന ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പമാര്‍ഗമാണ് അവരെ ആദരിക്കുന്ന പരിപാടി. ദൈവകല്‍പന അനുസരിച്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയവരെ കുറേ പുകഴ്ത്തി പറയും. ഫോട്ടോ എടുക്കും. അവര്‍ ആദരിച്ച വാര്‍ത്തയും വരും. അതാണ് ഇവര്‍ ആഗ്രഹിക്കുന്നതും. ഇത് ആദരവുകളല്ല. അറിയപ്പെടാനുള്ള ചിലരുടെ ദാഹമാണ്.

അണുകുടുംബങ്ങള്‍ നിയന്ത്രിക്കുന്ന വലിയ കുടുംബങ്ങള്‍.

മിനിമം 4 മക്കള്‍ ഉള്ളവരെ നേതൃസ്ഥാനത്ത് കൊണ്ടുവരേണ്ടത് സഭാ നേതൃത്വം അറിഞ്ഞു ചെയ്യേണ്ടത് അല്ലേ? ഇപ്പോഴത്തെ നേതൃത്വനിരയിലെ 'ജീവശുഷ്‌ക'മായവര്‍ സത്യത്തില്‍ ബാര്‍ മുതലാളി മദ്യപാനത്തിന് എതിരെ പ്രസംഗിക്കും പോലെയാണ്. സ്ഥാനമാനങ്ങള്‍, മാധ്യമങ്ങളിലെ ഫോട്ടോ, സഭയുടെ ബഹുമതി, അംഗീകാരം, ഇവയൊക്കെ ലക്ഷ്യമാക്കി പ്രോഗ്രാം വിഭാവനം ചെയ്യുമ്പോള്‍ അവര്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങള്‍ തന്നെ ട്രോള്‍ ചെയ്യപ്പെടുകയാണ്. സഭാ നേതൃത്വം ശക്തമായി ധീരമായ നിലപാടുകള്‍ എടുത്താല്‍ ചില മാറ്റങ്ങള്‍ വരാം. കസേരകൊതിമൂത്ത 2 മക്കളുടെ ജീവസമൃദ്ധി പറയുന്ന ജീവശുഷ്‌കമായ മാതാപിതാക്കള്‍, വേശ്യ ചാരിത്ര്യപ്രസംഗം നടത്തും പോലെ അല്ലെ? സഭ ജീവസമൃദ്ധി പിന്താങ്ങുന്നു എന്ന് പറഞ്ഞു ജീവശുഷ്‌കമായവരെ തലപ്പത്ത് ഇരുത്തി പ്രോലൈഫ്, അമ്മമാരുടെയും അപ്പന്മാരുടെയും വേദികളും പ്രസ്ഥാനങ്ങളും അല്ലേ ഇപ്പോള്‍ മുന്നോട്ടുകൊണ്ട് പോകുന്നത്? ആരെ ബോധ്യപ്പെടുത്താന്‍ ആണ് ഇതൊക്കെ? ചിലര്‍ നല്ല ഉദ്ദേശത്തോടെ ഉണ്ടാകാം. അവര്‍ ക്ഷമിക്കുക. മറ്റു പലരും സഭയില്‍ കൃപയില്ലാതെ കയറി പറ്റിയ ഇത്തിള്‍കണ്ണികളും അത്തിവൃക്ഷങ്ങളുമാണ്. അവരുടെ അംഗീകാരദാഹത്തോടും, അധികാരമോഹത്തോടും, അറിയപ്പെടാനുള്ള ആഗ്രഹത്തോടും, കൂടി വിറളി പിടിച്ചു കാട്ടികൂട്ടുന്ന വേഷംകെട്ടലുകള്‍ അരോചകമായി തുടരുന്നു... ഇനിയും ഒരു മാറ്റം വേണ്ടെ?

സിറോ മലബാര്‍ സഭയുടെ പ്രോലൈഫ് സെല്‍ നയിക്കേണ്ടവര്‍ 2 മക്കള്‍ ഉള്ള പ്രസവം നിര്‍ത്തിയവര്‍ ആകേണ്ട ഗതികേട് കഷ്ടം തന്നെ. അതിനെപ്രതി അനുതപിച്ച് പാപകടങ്ങളുടെ പൊറുതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ക്ഷമിക്കുക. അതിനുള്ള മാര്‍ഗം ആദരവ് അല്ല, കരുതല്‍ ആണ് എന്ന് തിരിച്ചറിഞ്ഞ് ചുവടു മാറ്റി നടക്കുക.

സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ 'സീറോ മലബാര്‍ സഭ ന്യൂ ക്ലീയര്‍ ഫാമിലി അപ്പസ്‌തോലേറ്റ്' തുടങ്ങി അവിടെ കസേര കൊടുത്തു അണുകുടുംബങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാം.

സീറോ മലബാര്‍ സഭയില്‍ ചുറുചുറുക്കും മിടുക്കും ദൈവ പ്രമാണം അനുസരിച്ച് വന്ധീകരണം ചെയ്യാത്തവരും ജീവന്റെ തുറവിയെ തടയാത്തവരുമായവരെ ഒഴിവാക്കി മറ്റുള്ളവരെ തലപ്പത്ത് ഇരുത്തുന്നത് ദൈവത്മാവോ എന്ന് ന്യായമായ സംശയം.

സഭയില്‍ എങ്കിലും നേതൃത്വം മാറി മാറി വരുന്നത് വളരെ നല്ലതാണ്. പ്രോലൈഫ് പ്രസ്ഥാനങ്ങളുടെ തലപ്പത്ത് കയറി മാറി മാറി അട്ടി പേറു കിടക്കുന്നവരെ മാറ്റുക. അവരുടെ ബിനാമികളെ അല്ല സഭയുടെ സംവിധാനങ്ങള്‍ ഏല്‍പ്പിക്കേണ്ടത്. പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കാന്‍ വേണ്ടി ദൈവകല്‍പന അനുസരിച്ച് ജീവിക്കുന്ന മാതൃക കുടുംബജീവിതക്കാരെ സഭയുടെ വിവിധ സംഘടനാ തലങ്ങളില്‍ എത്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

കുഞ്ഞുങ്ങളെ നിയന്ത്രിച്ച അമ്മമാരില്‍ ചിലരെങ്കിലും കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കിയവരുടെ ദൈവപരിപാലന കേട്ട് അനുസരിക്കാന്‍ തയ്യാറായാല്‍ ഒന്നോ രണ്ടോ മക്കളെ കൂടി സ്വീകരിച്ചാല്‍ അവര്‍ക്കും കുടുംബത്തിനും സമുദായത്തിനും സമൂഹത്തിനും കുറച്ചെങ്കിലും ഗുണം ചെയ്‌തേനെ...

ആദരം പ്രതീക്ഷിച്ചല്ല, വചനം അനുസരിച്ചാണ് കുഞ്ഞുങ്ങള്‍ ജനിക്കേണ്ടത്!

നിങ്ങളുടെ സംഖ്യ കുറഞ്ഞു പോകരുത്, മക്കള്‍ ദൈവത്തിന്റെ ദാനമാണ്, നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകുക എന്നീ ദൈവകല്പനകള്‍ പാലിച്ചവര്‍ക്ക് ദൈവം നല്‍കിയ സമ്മാനമാണ് വലിയ കുടുംബത്തിലെ മക്കളുടെ എണ്ണം. അവര്‍ ആരും സഭ ആദരിക്കും, അവരുടെ ചിലവുകള്‍ നോക്കും എന്നു വിചാരിച്ചിട്ടൊന്നുമല്ല കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ദൈവം അവരെ സംരക്ഷിക്കും എന്ന ഉറച്ച വിശ്വാസത്തിലും ദൈവാശ്രയത്തിലുമാണ് അവര്‍ ദൈവം നല്‍കിയ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ തയ്യാറായത് എന്ന് വലിയ കുടുംബങ്ങളെ അടുത്തറിയാവുന്ന എനിക്കു അറിയാം.

മക്കള്‍ കൂടുതല്‍ ഉണ്ടാകുമ്പോള്‍ ഈ കാലഘട്ടത്തില്‍ അവരെ പോറ്റുവാന്‍ ഒത്തിരി ചെലവുകളും ബുദ്ധിമുട്ടുകളും ഉണ്ട്. ഒരു കുട്ടിയുടെ ഗര്‍ഭധാരണം മുതല്‍ അമ്മയ്ക്ക് നല്‍കേണ്ട പരിചരണം മുതല്‍ പ്രസവവും അമ്മയുടെയും കുഞ്ഞിന്റയും പരിപാലനവും അവര്‍ക്ക് വേണ്ട ശുശ്രൂഷകളും വിദ്യാഭ്യാസവും തുടങ്ങി അനേകം ചെലവുകളും കഷ്ടപ്പാടുകളും അവര്‍ക്കുണ്ട്. അവ ഒന്നും നോക്കാതെയാണ് കൃപയില്‍ വസിച്ചിരുന്ന കുടുംബങ്ങള്‍ കുഞ്ഞുങ്ങളെ സ്വീകരിച്ചത് എന്ന് വ്യക്തമാണ്. എന്നാല്‍ ഇവയൊക്കെ ചിന്തിച്ച് കണക്കുകള്‍ കൂട്ടിയും കുറച്ചും ഈ ലോകത്തിന് അനു രൂപമായി വസിച്ചവര്‍ ദൈവവചനത്തില്‍ അല്ല ആശ്രയിച്ചത്. പകരം സ്വാര്‍ത്ഥതയുടെ കടന്നുകയറ്റം സമ്പത്തില്‍ ആശ്രയിക്കുവാന്‍ അവരെ പ്രേരിപ്പിച്ചു. ആഗ്രഹിച്ചിട്ടും ലഭിക്കാത്ത ചില കുടുംബങ്ങള്‍ ഒഴികെ അധിക കുടുംബങ്ങളും ഈ ലോകത്തിന്റെ വഴിക്ക് പോവുകയായിരുന്നു. അങ്ങനെ ക്രൈസ്തവ കുടുംബങ്ങളില്‍ കുഞ്ഞുങ്ങള്‍ ജനിക്കാതെ പോയതു കൊണ്ട് ഇന്ന് ക്രൈസ്തവ ജനം സമുദായപരമായും സാമൂഹികപരമായും രാഷ്ട്രീയപരമായും ആത്മീയപരമായും സഭാപരമായും ഒക്കെ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. ഈ സാഹചര്യത്തില്‍ വലിയ കുടുംബങ്ങള്‍ സഭയുടെ നട്ടെല്ലാണ്. സഭയുടെ ആത്മീയമായ കരുത്തും ബലവും എല്ലാം ദൈവവചനം അനുസരിച്ച് കൃപയില്‍ കുടുംബ ജീവിതം നയിക്കുന്ന വലിയ കുടുംബങ്ങളാണ്. ഇത് തിരിച്ചറിയുന്ന ചില ക്രൈസ്തവ സംഘടനകള്‍ അവരെ കരുതല്‍ നല്‍കി ആദരിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നു. എന്നാല്‍ വലിയ കുടുംബങ്ങള്‍ക്ക് ആദരം നല്‍കുക, വിളിച്ചുകൂട്ടി അവര്‍ക്ക് വാക്കുകള്‍ കൊണ്ട് പ്രോത്സാഹനം നല്‍കുക, വാഗ്ദാനങ്ങള്‍ നല്‍കുക എന്നിവയില്‍ ചുരുങ്ങി ഇതൊക്കെ ഒരു ഫാഷനായി മാറി ചിലര്‍ക്ക്.

പിതാക്കന്മാര്‍ നാലും അഞ്ചും മക്കളെ മാമ്മോദീസ മൂക്കാന്‍ വേണ്ടി മാത്രമുള്ള സെലിബ്രിറ്റികള്‍ ആയി മാറി. പലരും കിട്ടിയ വേദികളില്‍ ഒത്തിരി സുഖിപ്പിച്ചു വാനോളം പുകഴ്ത്തി. എന്നാല്‍ അവര്‍ ഈ കൊറോണ കാലത്ത് എങ്ങനെ ജീവിക്കുന്നു, ബുദ്ധിമുട്ടുകള്‍ എന്തെങ്കിലുമുണ്ടോ, മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ എങ്ങനെ പോകുന്നു, ഇതിനുവേണ്ടി സഭാ സംവിധാനങ്ങള്‍ പ്രയോ ജനപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോ, എന്ന് തുടങ്ങി അവരോട് അന്വേഷിച്ച് വേണ്ട ഉത്തരവാദിത്വത്തോടെ ചെയ്യുമ്പോളാണ് പിതാവ് എന്ന സ്ഥാനത്തിന് യോഗ്യരാകുന്നത്. അതിനെയാണ് പിതാക്കന്മാരുടെ ഗാര്‍ഹിക സഭയോടുള്ള responsible parent hood എന്നു പറയുക.

വലിയ കുടുംബങ്ങള്‍ക്ക് ആദരം നല്‍കുക, വിളിച്ചുകൂട്ടി അവര്‍ക്ക് വാക്കുകള്‍ കൊണ്ട് പ്രോത്സാഹനം നല്‍കുക, വാഗ്ദാനങ്ങള്‍ നല്‍കുക എന്നിവയില്‍ ചുരുങ്ങി ഇതൊക്കെ ഒരു ഫാഷനായി മാറി ചിലര്‍ക്ക്. പിതാക്കന്മാര്‍ നാലും അഞ്ചും മക്കളെ മാമ്മോദീസ മൂക്കാന്‍ വേണ്ടി മാത്രമുള്ള സെലിബ്രിറ്റികള്‍ ആയി മാറി.

കാപട്യം ഇല്ലാത്ത സാക്ഷ്യം കൊണ്ട് പിതാക്കന്മാര്‍ മക്കള്‍ക്ക് മാതൃക ആകണം

ഈയടുത്ത കാലത്ത് ഒരു പിതാവ് വലിയ കുടുംബങ്ങളെ സഹായിച്ചു പ്രോത്സാഹിപ്പിക്കുന്ന ശുശ്രൂഷകനോട് responsible parenthood എന്നത് പറഞ്ഞ് പഠിപ്പിക്കുക. കൂടുതല്‍ മക്കള്‍ എന്ന് പറയരുതെന്ന് കല്പിച്ചു. അതേ പിതാവ് തന്നെ മാസങ്ങള്‍ക്കുള്ളില്‍ എട്ടാമത്തെ കുട്ടിയുടെ മാമ്മോദീസ മുക്കി സെലിബ്രിറ്റിയായി വന്നു അവരെ വാനോളം പുകഴ്ത്തി അവര്‍ എങ്ങനെ ജീവിക്കുന്നു എന്ന് പോലും തിരക്കാതെ പോയി. ഗാര്‍ഹിക സഭയോട് Responsible Parent hood ഇല്ലാതെ responsible parent hood പഠിപ്പിക്കുന്ന ആധുനിക വേദജ്ഞരെയും ഫരിസേയരേയും മാത്രമേ അവരില്‍ ദര്‍ശിക്കാനാവൂ. കാരണം ഈശോ പറഞ്ഞത് പോലെ അവര്‍ പറയുന്നത് അവര്‍ ചെയ്യുന്നില്ല. എന്നാല്‍ ആ വാര്‍ത്തയും ജനം ഞെട്ടുന്ന ജീവന്റെ പ്രസ്താവനയും ക്രിസ്തീയ മാധ്യമങ്ങളില്‍ വന്നു. അതു പ്രഘോഷിക്കാന്‍ ക്രിസ്തീയ മാധ്യമങ്ങളും സഭാ സ്‌നേഹികളും മത്സരത്തോട് മത്സരവും.

ഗാര്‍ഹിക സഭയാകുന്ന കുടുംബങ്ങളില്‍ responsible parent hood ഉണ്ടാകണമെന്ന് പഠിപ്പിച്ചു വിധിക്കുന്നവരില്‍ സമുദായത്തോട് responsible parent hood ഇല്ലാത്തതിന്റെ തെളിവാണ് ഈ പറഞ്ഞത്.

കാപട്യത്തിന്റെ മുഖംമൂടി വലിച്ചുകീറിയ യേശുക്രിസ്തുവിന് അനുരൂപമായ ഈ മുഖംമൂടികള്‍ വലിച്ചുകീറാനും ഇതെവിടെ തുറന്നു പറയാനും മടിയില്ലാത്ത ഒരാളായതുകൊണ്ട് ഉടായിപ്പുകള്‍ ആരുടെയായാലും വെളിപ്പെടുത്തപ്പെടും. അതിനാല്‍ എന്നോട് ദേഷ്യം തോന്നിയിട്ട് കാര്യമില്ല. ക്രിസ്തുവിനെ പ്രതി മാറ്റങ്ങളാണ് അനിവാര്യം. വലിയ കുടുംബങ്ങള്‍ക്ക് കരുതലോ സഹായമോ അതിനു വേണ്ടിയുള്ള പദ്ധതികളോ നടപടികളോ അധികാരികള്‍ സ്വീകരിക്കുക. പ്രായോഗിക നിരീശ്വരവദികളെ പോലെ ദൈവത്തെ മറന്നുള്ള പ്രവര്‍ത്തനങ്ങളല്ല സഭയ്ക്ക് ആവശ്യം.

ആദിമ ക്രൈസ്തവ കൂട്ടായ്മയില്‍ നിന്ന് സഭ ചൈതന്യം ഉള്‍ക്കൊണ്ട് മാറണം. ഇല്ലെങ്കില്‍ എല്ലാത്തിനും കണക്ക് കൊടുക്കേണ്ട ഒരു വിധി ദിനം ഉണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org