നമ്പൂതിരി അതിര്‍വരകളില്ലാത്ത വരലോകം

നമ്പൂതിരി അതിര്‍വരകളില്ലാത്ത വരലോകം

മലയാളത്തിന്റെ വരയുടെ തമ്പുരാനെന്നും പെരുന്തച്ചനെന്നും വിശേ ഷിപ്പിക്കപ്പെട്ട കരുവാട്ടുമന വാസുദേവന്‍ നമ്പൂതിരി എന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരി അവസാന നിമിഷം വരെ തന്റെ വരകളിലൂടെ പ്രതിഭയുടെ വസന്തം തീര്‍ത്ത് നിത്യതയിലേക്ക് യാത്രയായി. ''ജീവിതത്തെ ഇത്രയും സ്വാഭാവികമായി നേരിടുന്ന മറ്റൊരാളെ ഞാന്‍ പരിചയപ്പെട്ടിട്ടില്ല. സ്വന്തം സിദ്ധിയെപ്പറ്റി ഇത്രയും വിനയത്തോടെ സംസാരിക്കുന്ന ഒരാളും അപൂര്‍വമായിരിക്കും.'' ഇന്ത്യയിലെ ഏറ്റവും ഉത്കൃഷ്ടനായ രേഖാചിത്രകാരന്‍ നമ്പൂതിരിയെക്കുറിച്ച് പ്രശസ്ത കലാകാരനും എഴുത്തുകാരനുമായിരുന്ന എം വി ദേവന്‍ അഭിപ്രായപ്പെട്ടതാ ണിത്.

രേഖകള്‍ കൊണ്ടാണ് നമ്പൂതിരി സ്വന്തം ലോകം സൃഷ്ടിച്ചത്. രേഖകളുടെ സാധ്യതകൊണ്ട് കലയുടെ കൊടുമുടി കയറി അദ്ദേഹം. ആ വരകള്‍ മലയാളിയുടെ സാഹിത്യ വായനയെ പുതിയൊരു ആസ്വാദനതലത്തിലേക്കുയര്‍ത്തി. തന്റെ വരകള്‍ കൊണ്ട് അനവധി കാഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കുകയും അതു മലയാളി മനസ്സില്‍ പതിപ്പിക്കുകയും ചെയ്തു. കുട്ടിക്കാലത്ത് നനഞ്ഞ മണ്ണില്‍ ഈര്‍ക്കില്‍ കൊണ്ടു വരച്ചു തുടങ്ങി, പിന്നെ കരിക്കട്ട കൊണ്ട് ചുമരില്‍ വരച്ചു. യാതൊരു പാരമ്പര്യവും അവകാശപ്പെടാനില്ലാതെ കലയുടെ വഴിയില്‍ സ്വന്തമായ ഇടവും ശൈലിയും കണ്ടെത്തിയ നമ്പൂതിരിയെന്ന കലാചാര്യന്‍ കേരള സംസ്‌കൃതിക്കും വളരെ വ്യതിരിക്തമായി കലാ ലോകത്തിനും കാതലായ സംഭാവന നല്കിക്കൊണ്ടാണ് വിടവാങ്ങിയത്. അദ്ദേഹം സ്‌കൂളില്‍ പോയിട്ടില്ല. സംസ്‌കൃതം പഠിച്ചു, പിന്നെ അല്പം വൈദ്യവും. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ കെ സി എസ് പണിക്കര്‍, റോയ് ചൗധരി തുടങ്ങിയ പ്രമുഖരുടെ കീഴില്‍ ചിത്ര കലാപഠനം നടത്താന്‍ അദ്ദേഹത്തിനു ഭാഗ്യം ലഭിച്ചു. 1960-ല്‍ 'മാതൃഭൂമിയില്‍' ചിത്രകാരനായി ചേര്‍ന്നതു മുതല്‍ കഴിഞ്ഞ ഏഴു പതിറ്റാണ്ടോളം മലയാളി ആസ്വാദകരെ പുതുഭാവുകത്വത്തിലേക്ക് നയിച്ച കലാവിസ്മയങ്ങളാണ് അദ്ദേഹം നല്കിയത്.

'വരയുടെ പരമശിവന്‍' എന്നാണ് വി കെ എന്‍ നമ്പൂതിരിയെ വിശേഷിപ്പിച്ചത്. എന്നാല്‍ കലയുടെയും പ്രശസ്തിയുടെയും ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴും എളിമയുടെയും വിനയത്തിന്റെ സ്വരൂപമായിരുന്നു നമ്പൂതിരി. വരയേക്കാള്‍ മൃദുലമായ മനസ്സാണ് അദ്ദേഹത്തിന്റേത് എന്നു തോന്നിക്കത്ത ക്കതായിരുന്നു അദ്ദേഹത്തിന്റെ ജീവിത സമീപനങ്ങള്‍. ആരോടും കാലുഷ്യമോ വൈര്യമോ ലേശം പോലും അദ്ദേഹ ത്തിന്റെ മനസ്സിലുണ്ടായിരുന്നില്ല. എല്ലാവരോടും സൗമ്യതയോടും വിനയത്തോടും മാത്രമേ ഇടപെട്ടിരുന്നുള്ളൂ. 'ആര്‍ട്ടിസ്റ്റ് നമ്പൂതിരി' എന്ന് ഒരു ഇന്റര്‍വ്യൂവില്‍ ചോദ്യകര്‍ത്താവ് അഭിസംബോധന ചെയ്തപ്പോള്‍ അദ്ദേഹം അതു തിരുത്തി. 'ആര്‍ട്ടിസ്റ്റ്' എന്ന വിശേഷണം പറയേണ്ട കാര്യമില്ലെന്നും വെറും നമ്പൂതിരി എന്നു വിളിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ഒരു കലാകാരനായിരിക്കുക എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെ സ്വാഭാവികമായ ഒന്നാണെന്നും അത് പ്രത്യേകം എടുത്തു പറഞ്ഞ് മഹത്വവത്കരിക്കേണ്ട കാര്യമില്ലായെന്നുമുള്ള സമീപനമായിരുന്നു നമ്പൂതിരിയുടേത്. ജീവിതത്തിലെ ഓരോ നിമിഷത്തെയും അതിശയത്തോടെയാണ് അദ്ദേഹം നോക്കിക്കണ്ടത്. അതുപോലെ വളരെ സ്വാഭാവികമായി തന്നെയാണ് കലയുടെ വിവിധ വഴികളില്‍ സഞ്ചരിക്കുന്നതും കലയില്‍ തന്റെ കര്‍മ്മ ജീവിതത്തെ പ്രതിഷ്ഠിക്കുന്നതും അതില്‍ സമ്പൂര്‍ണ്ണമായി അര്‍പ്പിക്കുന്നതും. അവസാന നിമിഷം വരെ അദ്ദേഹം വരച്ചു, ആശുപത്രിയില്‍ ആകുന്നതിന് ഒരാഴ്ച മുമ്പുവരെ. വരയുടെ താളത്തിനൊത്ത് നമ്പൂതിരിയുടെ ജീവിതവും പ്രസാദാത്മകമായി ഒഴുകി, വളരെ തെളിമയോടെ. അദ്ദേഹത്തിന് വാര്‍ദ്ധക്യമില്ലായിരുന്നു എന്ന് വേണം പറയാന്‍. 97-ാം വയസ്സുവരെ യൗവന യുക്തമായ ഊര്‍ജത്തോടെയും തന്മയത്വത്തോടെയുമാണ് തന്റെ കര്‍മ്മത്തില്‍ അദ്ദേഹം മുഴുകിയത്. ''കണക്കുകൂട്ടാന്‍ അദ്ദേഹത്തിന് സമയമില്ല. അതുകൊണ്ട് ചോദിക്കേണ്ടതുമില്ല. അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രായത്തിന് ഒരു പ്രസക്തിയുമില്ലായിരുന്നു'' എന്നായിരുന്നു നമ്പൂതിരിയുടെ പ്രായത്തെ പറ്റി എം ടി പറഞ്ഞത്.

1925 സെപ്റ്റംബര്‍ 13-ന് പൊന്നാനിയിലെ കരുവാട്ടു മനയ്ക്കലാണ് കെ എം വാസുദേവന്‍ നമ്പൂതിരിയുടെ ജനനം. മാതൃഭൂമി, മലയാളം വാരിക, കലാകൗമുദി, ഭാഷാപോഷിണി തുടങ്ങിയ മലയാള സാഹിത്യ പ്രസിദ്ധീകരണങ്ങളിലൂടെ, സാഹിത്യ കഥാപാത്രങ്ങളെ മലയാളി ലാവണ്യ ബോധത്തിന്റെയും ഭാവാത്മകതയുടെയും ലോകത്ത് അദ്ദേഹം കുടിയിരുത്തി. പല്ലവ ചോള പാരമ്പര്യത്തിലെ വെങ്കല ശില്പങ്ങളും ദക്ഷിണേന്ത്യയിലെ ക്ഷേത്ര ശില്‍പ്പങ്ങളും പകര്‍ന്നു നല്‍കിയ സ്വാധീനത്താല്‍ സാഹിത്യകൃതികളിലെ കഥാപാത്രങ്ങളുടെ വൈകാരിക നിമിഷങ്ങളെ തീവ്രതയോടെ അവതരിപ്പിക്കാന്‍ നമ്പൂതിരിക്ക് കഴിഞ്ഞു.

മലയാളത്തില്‍ ഇല്ലസ്‌ട്രേഷന്റെ അപ്രമാദിത്യം ഉറപ്പിക്കുന്നത് ദേവന്‍ - നമ്പൂതിരി - എ എസ് എന്നീ ചിത്രകാരന്മാരിലൂടെയാണ്. ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്ക് ചിത്രകാരന്റെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണെന്ന ധാരണയെ വളര്‍ത്തിയെടുക്കുന്നതില്‍ ഈ മൂവരുടെയും പങ്ക് നിസ്തുലമാണ്. സാഹിത്യത്തിന്റെയോ മറ്റ് ഏതെങ്കിലും വിഷയങ്ങളുടെയോ കൂടെ ചിത്രവും ചേര്‍ക്കുമ്പോള്‍ അതിന്റെ സംവേദന ക്ഷമത കൂടുന്നു. ചിത്രം വാക്കുകളേക്കാള്‍ ശക്തമാണ് എന്ന ഒരു തത്ത്വം ഉണ്ടല്ലോ. എഴുത്തുഭാഷയെക്കാള്‍ കൂടുതലായി ചിത്രഭാഷയാണ് മനസ്സില്‍ ആദ്യം പതിയുന്നതും കൂടുതല്‍ കാലം നിലനില്‍ക്കുന്നതും. മധ്യകാലഘട്ടത്തിലെ 'ഇല്യുമിനേഷന്‍' എന്നറിയപ്പെടുന്ന ചിത്രങ്ങളും ചിത്രാലങ്കാരങ്ങളും ബൈബിള്‍ ടെക്സ്റ്റിനോടൊപ്പം വരച്ചു ചേര്‍ത്തിരുന്നു. ഇവ രേഖകള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്ന അലങ്കാര ഇല്ലസ്‌ട്രേഷന്‍ ചിത്രങ്ങളായിരുന്നു. ചിത്രീകരണ കലയില്‍ അതിപ്രധാനമായ ഒരു കാല്‍വയ്പ്പായി ഇതിനെ കണക്കാക്കാം. ആധുനികകാലത്ത് ഗ്രന്ഥങ്ങള്‍ പ്രശസ്തരായ ചിത്രകാരന്മാരുടെ രചനകളോടെ പ്രസിദ്ധീകരിക്കുന്ന ഒരു സാഹിത്യ-ദൃശ്യ സം സ്‌കാരം ഉണ്ടായി വന്നു. ഈ രേഖാചിത്രങ്ങള്‍ സാഹിത്യത്തിലെ വിവരണത്തില്‍ നിന്നും കടഞ്ഞെടുത്ത പ്രധാന അര്‍ത്ഥത്തെയോ ഭാവത്തെയോ കാണിക്കുകയും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പ്രധാന കഥാപാത്രത്തെ ഭാവാത്മകതയോടെ അവതരിപ്പിക്കുകയും ചെയ്യുന്നു. ചിത്രീകരണവും സാഹിത്യവും തമ്മിലുള്ള സംവേദനവും പരസ്പര പൂരകത്വവുമാണ് പ്രധാനം. ഇങ്ങനെ ''ചിത്രകാരനും ഒരെഴുത്തുകാരന്‍ ആകുന്നു. അവിടെ ചിത്രം സ്വതന്ത്രാസ്തിത്വമുള്ള സാഹിത്യ തുല്യത പ്രാപിച്ച് പാരസ്പര്യം പ്രകടിപ്പിക്കുന്ന മാധ്യമമായി മാറുന്നു'' എന്ന് പ്രശസ്ത കലാ ചിന്തകനായ വിജയകുമാര്‍ മേനോന്‍ അഭിപ്രായപ്പെടുന്നു. ''സാഹിത്യ രചനകള്‍ക്ക് നമ്പൂതിരിയുടെ ചിത്രീകരണങ്ങള്‍ ആ കൃതിയുടെ മറുപാഠം (counter text) ആയിത്തീരുന്നു. ഏത് സാഹിത്യ രചനയുടെയും ചിത്രീകരണം അത്തരം ഒരു മറുപാഠമാണ്.''

മലയാളത്തില്‍ സാഹിത്യത്തിന്റെ ആധിപത്യം നിലനിന്നിരുന്ന കാലത്തുതന്നെ ചിത്രീകരണത്തിനു സാഹിത്യത്തോടൊപ്പം സ്ഥാനം പിടിക്കാന്‍ കഴിഞ്ഞതില്‍ ഒരു പ്രധാന പങ്ക് നമ്പൂതിരി ക്കുണ്ട്. പൊതുവെ സാഹിത്യത്തിനാണ് കേരള സാംസ്‌കാരിക മണ്ഡലത്തില്‍ ഔന്നത്യം നല്‍കപ്പെടുന്നത്. ചിത്രകലയ്ക്ക് അധികപ്രാധാന്യം നല്കുന്ന ഒരു സമീപനമല്ല പൊതുവേ ഉള്ളത്. എസ് കെ പൊറ്റക്കാട്, വി കെ എന്‍, എം ടി വാസുദേവന്‍ നായര്‍, ഓ വി വിജയന്‍, മാധവിക്കുട്ടി, ടി പത്മനാഭന്‍, കാരൂര്‍ തുടങ്ങിയ മലയാള സാഹിത്യത്തിലെ മഹാരഥന്മാരുള്‍പ്പെടെ പുതുകാല എഴുത്തുകാര്‍ക്കുവരെ അദ്ദേഹം ചിത്രങ്ങള്‍ വരച്ചു. എം ടി യുടെ 'രണ്ടാമൂഴ'ത്തിലെ ഇതിഹാസ കഥാപാത്രങ്ങള്‍ക്ക് കൊടുത്ത രൂപം എടുത്തു പറയേണ്ടതാണ്. അമാനുഷിക ഭാവാത്മകത ആ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം നല്‍കി. നമ്പൂതിരിയുടെ വരകളോടുകൂടി എഴുതുന്നത് പ്രസിദ്ധീകരിക്കുക എന്നത് എഴുത്തുകാരുടെ മോഹമായിത്തീര്‍ന്നു. വായനാ സമൂഹത്തിന് ചിത്രാഭിരുചി ഉണ്ടാക്കാനും വായനാശീലത്തെ വളര്‍ത്താനും മാധ്യമങ്ങളിലെ രേഖ ചിത്രീകരണം സഹായിച്ചിട്ടുണ്ട്. വായനയെ കൂടുതല്‍ ഊഷ്മളവും ഉത്സാഹഭരിതവും ആക്കുന്നതിന് രേഖാചിത്രങ്ങള്‍ പങ്കുവഹിക്കുന്നുണ്ട്. ''നമ്പൂതിരി ചിത്രങ്ങളില്‍ കേരളത്തിലെ എല്ലാ ജാതിക്കാരും മതക്കാരും വന്നു. രതിഭാവം മുറ്റിയ സ്ത്രീകളും ഹാസ്യം വിളയുന്ന പുരുഷന്മാരും വന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും വന്നു. കളികളും കലകളും വന്നു. ഇതിഹാസവും പരിഹാസവും വന്നു. എം ടി യുടെ 'രണ്ടാമൂഴ'ത്തിനും വി കെ എന്നിന്റെ 'പിതാമഹനും' വരച്ച ചിത്രങ്ങളാവും ഭാവിയില്‍ ഏറ്റവും അധികം ഓര്‍മ്മിക്കപ്പെടുക'' (കെ സി നാരായണന്‍). എഴുത്തിന്റെ പിന്‍ബലം ഇല്ലാതെ തന്നെ നമ്പൂതിരി ചിത്രങ്ങള്‍ക്ക് സ്വതന്ത്രമായ ഒരു അസ്തിത്വമുണ്ട്. താളുകള്‍ മറിക്കുമ്പോള്‍ ആ വരകളിലൂടെ വിസ്മയകരമായി പ്രകാശിക്കുന്ന ലളിത സുന്ദര രൂപങ്ങളുടെയും വൈകാരിക ഭാവാത്മകതയുടെയും മായികവലയത്തില്‍ നോക്കി നിന്നുപോകും പ്രേക്ഷകര്‍. ലാളിത്യത്തിന്റെ സൗന്ദര്യം നമ്പൂതിരിയുടെ വരകളില്‍ എമ്പാടുമുണ്ട്. കേവല രേഖയുടെ തനിമയും സൂക്ഷ്മതയുമാണ് നമ്പൂതിരി വരകളുടെ പ്രത്യേകത. കുറഞ്ഞ വരകള്‍ കൊണ്ടും കോറലുകള്‍ കൊണ്ടും രൂപങ്ങള്‍ക്ക് ത്രിമാനസ്വഭാവം കൊടുക്കുന്ന അത്ഭുതസിദ്ധിയാണ് നമ്പൂതിരി ചിത്രങ്ങളില്‍ കാണുന്നത്. വരകളില്‍ കാണുന്ന ലാളിത്യം ചിത്രങ്ങളെ ഏറ്റവും സുന്ദരമാക്കുന്നു.

ഏതു വിഷയങ്ങളും ഏതുതരം ആള്‍ക്കാരും അദ്ദേഹത്തിന്റെ വരകള്‍ക്ക് വഴങ്ങുമായിരുന്നു. നമ്പൂതിരിയുടെ ചിത്രങ്ങളിലൂടെ എത്രയെത്ര വൈവിധ്യം നിറഞ്ഞ മനുഷ്യരാണ് അവതരിപ്പിക്കപ്പെട്ടത്. എഴുത്തുകാരുടെ കഥാപാത്രങ്ങളെ ചിത്രമെഴുത്തിലൂടെ മറു സര്‍ഗസൃഷ്ടിയായി നമ്പൂതിരി സാക്ഷാത്കരിക്കുന്നു. അദ്ദേഹത്തിന്റെ സ്ത്രീരൂപങ്ങള്‍ വളരെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. മലയാളി സ്ത്രീകളുടെ വിവിധ വൈകാരികത ഭാവാദികള്‍ നിറഞ്ഞ ശരീര ഭാഷയും മുഖകാന്തിയുമാണ് നമ്പൂതിരി വരച്ച സ്ത്രീ രൂപങ്ങളുടെ മൗലികത. ''സ്ത്രീയുടെ ശരീരത്തില്‍ ഒളിഞ്ഞിരിക്കുന്ന ലാവണ്യ ഭാവങ്ങളെ നമ്പൂതിരി നേരിയ വരകള്‍ കൊണ്ട് സാക്ഷാത്കരിക്കുന്നു'' എന്ന് എന്‍ പി വിജയകൃഷ്ണന്‍ അഭിപ്രായപ്പെടുന്നു. പല പ്രായത്തിലും വ്യത്യസ്ത കാലങ്ങളിലും സാംസ്‌കാരിക പശ്ചാത്തലത്തിലുമുള്ള സ്‌ത്രൈണ ഭാവങ്ങളെയും സൗന്ദര്യത്തെയും നമ്പൂതിരി സൃഷ്ടിച്ചെടുക്കുന്നു.

കലാ ലോകത്തു ചരിച്ചിരുന്ന നമ്പൂതിരിയുടെ ഹൃദയം വിശാലമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. യാതൊരു സങ്കുചിത മത വര്‍ഗീയ ചിന്തകളും അദ്ദേഹത്തില്‍ ഇല്ലായിരുന്നു. എല്ലാ മതങ്ങളോടും ആദരവുണ്ടായിരുന്നു. കല മനസ്സിലുള്ളവരുടെ കാഴ്ചപ്പാടില്‍ മൗലികമായ അലിവും ആദരവും എപ്പോഴും ഉണ്ടായിരിക്കും. മനുഷ്യകേന്ദ്രീകൃതമായിരുന്നു നമ്പൂതിരിയുടെ സമീപനം. മറ്റ് വസ്തുതകള്‍ക്ക് അധികമായി കഥകളില്‍ നിന്നും നോവലുകളില്‍ നിന്നും മനുഷ്യരൂപങ്ങള്‍ സ്വീകരിച്ചാണ് അദ്ദേഹം ഭാവന ചെയ്തതും കലാസൃഷ്ടി ചെയ്തതും. യേശുവിന്റെ തിരുവത്താഴവും ഉയര്‍പ്പ് ഉള്‍പ്പെടെ ക്രൈസ്തവ വിഷയങ്ങളും ആസ്പദമാക്കി പല ചിത്രങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. കഥകളി ചിത്രങ്ങളോടുള്ള ആഭിമുഖ്യം പോലെ ക്രിസ്തു ചിത്രങ്ങളോടും അദ്ദേഹത്തിനു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു എന്നു വേണം കരുതാന്‍. 1988-ല്‍ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച സെബാസ്റ്റ്യന്‍ പള്ളിത്തോടിന്റെ 'ആഞ്ഞൂസ് ദേയി' എന്ന നോവലിനു വേണ്ടി നമ്പൂതിരി വരച്ച രേഖ ചിത്രങ്ങള്‍ ക്രൈസ്തവ സംസ്‌കൃതിയുടെ പശ്ചാത്തലത്തില്‍ വളരെ ശ്രദ്ധേയമാണ്. 80-കളില്‍ കേരളത്തില്‍ ശ്രദ്ധേയമായ മത്സ്യത്തൊഴിലാളി സമരം ഉള്‍പ്പെടെ നീതിക്കും പാവപ്പെട്ടവരുടെ മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച ക്രൈസ്തവ സന്യസ്തരുടെയും പുരോഹിതരുടെയും ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള നോവലാണ് 'ആഞ്ഞൂസ് ദേയി'. നോവലിന്റെ നാടകീയതയെയും ഉള്ളടക്കത്തെയും അതില്‍ ഉള്‍ക്കൊണ്ട ആന്തരിക സംഘര്‍ഷത്തെയും തീവ്രതയോടെ ആവിഷ്‌കരിക്കുന്നതാണ് നമ്പൂതിരിയുടെ രേഖ ചിത്രങ്ങള്‍.

കല ശക്തമായ ഒരു ആവിഷ്‌കാര മാധ്യമമാണ്. മനുഷ്യന്റെ സംഭവബഹുലമായ ജീവിതത്തെ അത് പകര്‍ത്തുന്നു. കലാവിഷ്‌കാരത്തിന്റെ അതിര്‍വരമ്പുകള്‍ തുടര്‍ച്ചയായി ഭേദിച്ച ഒരു കലാകാരനാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി. ആ ശൈലിക്ക് പകരക്കാരനില്ല. അദ്ദേഹത്തിന്റെ വര സംസ്‌കാരവും ചരിത്രവും ഇതിഹാസവും രേഖപ്പെടുത്തുന്നതു കൂടിയാണ്. മനുഷ്യകേന്ദ്രീകൃതമായ നമ്പൂതിരിയുടെ കലാ ജീവിത തപസ്യ എല്ലാ വിഭജനങ്ങള്‍ക്കും കാലുഷ്യങ്ങള്‍ക്കും അതീതമായി വരകളിലൂടെ മനുഷ്യത്വത്തിന്റെയും മനുഷ്യജീവിതത്തിന്റെയും സംശുദ്ധ ഭാവാത്മകതയെ പുനര്‍പ്രതിഷ്ഠിക്കുകയാണ് ചെയ്തത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org