നാളാഗമത്തിൽ നിന്നൊരു നാട്ടുചരിത്രം [ഭാഗം - 3]

പാലാക്കുന്നേല്‍ മത്തായി മറിയം കത്തനാരുടെ നാളാഗമം: ഒരു പഠനം
നാളാഗമത്തിൽ നിന്നൊരു നാട്ടുചരിത്രം [ഭാഗം - 3]
Published on
  • രവിവര്‍മ്മയുടെ മഡോണ

സ്വപ്നത്തില്‍ താന്‍ ദര്‍ശിച്ച മാര്‍ യൗസേപ്പിനേയും കന്യാമറിയത്തേയും മാന്നാനം കൊവന്തയില്‍ കണ്ട ചിത്രത്തോട് പാലാക്കുന്നേല്‍ വല്യച്ചന്‍ സാദൃശ്യപ്പെടുത്തു ന്നതു നോക്കുക.

“ഇതുവരെ തീര്‍ത്തു ചായമിട്ട് ഒപ്പിച്ചിരിക്കുന്ന ചിത്രപ്പണിക്കാര് ആരും തന്റെ നിറം അല്പ മെങ്കിലും ഒപ്പിച്ച് എഴുതുവാന്‍ കഴിഞ്ഞിട്ടില്ല എന്ന് ഞാന്‍ സത്യമായി പറയുന്നു. എങ്കിലും തിരുവനന്തപുരം മഹാരാജാവ് മാന്നാനത്തു ഗുവേന്തക്കു കൊടുത്തിരിക്കുന്ന പടത്തിന്റെ സൊമ്പരവും (സൗന്ദര്യം) നിറവും മാഹാണി അംശം ഒപ്പിക്കാം എന്നുതോന്നുന്നു. അല്ലാതെ ഞാന്‍ എന്തു പറയുന്നു.’’

തികച്ചും ബോധധാര സമ്പ്രദായത്തിലെഴുതിയ ഒരു നോവലിന്റെ അധ്യായം പോലെ ഈ സ്വപ്ന വ്യാഖ്യാനം തുടരുന്നുണ്ട്. മനസ്സില്‍ തങ്ങിനില്ക്കുന്ന നിഷ്‌ക്കളങ്ക മായ വര്‍ണ്ണനയാണ് വല്യച്ചന്റേത് (പേജ് 174-176). ചിത്രകാരനായ രാജാരവിവര്‍മ്മ (1848-1906) വരച്ച് മാന്നാനം കൊവേന്തക്കുകൊടുത്ത കന്യാമറിയത്തിന്റെ ചിത്രമാണി തെന്ന് നിസ്സംശയം പറയാം.

കേരളക്കരയില്‍ ആരു മരിച്ചാലും അതിനെ നന്മരണം എന്നും പെടുമരണം എന്നും വിവേചിച്ചെടുത്ത് രേഖപ്പെടുത്തുന്നുണ്ട് വല്യച്ചന്‍. പെടുമരണം സംഭവിക്കുന്നത് ദൈവത്തിന്റെ ശിക്ഷയാ ണെന്നും അന്ത്യകൂദാശകള്‍ കൈക്കൊള്ളാതെ മരിക്കാനാണ് അത്തരക്കാരുടെ വിധിയെന്നും ഊന്നിപ്പറയുന്നുണ്ട് നാളാഗമത്തില്‍.

  • ആലപ്പുഴയിലെ തീപിടിത്തം

അക്കാലത്തെ പത്ര റിപ്പോര്‍ട്ടുകള്‍ പകര്‍ത്തി എഴുതിയിരിക്കുന്നവയുടെ കൂട്ടത്തില്‍; 1879-ല്‍ ആലപ്പുഴ കൊത്തുവാന്‍ പാലത്തിനും കുരിശുപള്ളിയോടു അനുബന്ധിച്ചുള്ള സ്ഥലം തീപിടിച്ചും മാപ്പിളമാര്‍ക്കും ചവളക്കാര്‍ക്കും വളരെ നഷ്ടങ്ങള്‍ സംഭവിച്ചു. വല്യച്ചന്റെ ഓര്‍മ്മയില്‍ത്തന്നെ ഇവിടെ നാല് തവണ തീപിടിത്ത മുണ്ടായി. കൊല്ലവര്‍ഷം 1021 ലെ തീപിടിത്തത്തില്‍ ചിന്തിക്കാരുടെ (സിന്ധി/ഹിന്ദി) തെരുവ് അശേഷം കത്തിപ്പോയി. കൊല്ലവര്‍ഷം 1042-ല്‍ ഇപ്പോള്‍ തീപിടിച്ച കുരിശുപള്ളിക്കു സമീപം ഉള്ളതെല്ലാം തീ കത്തിപ്പോയി. ഇതിന്റെ ഭയങ്കരം വര്‍ണ്ണിച്ച് ആലപ്പുഴ ചവളക്കാരന്‍ തേല അരുളപ്പന്‍ എന്ന അണ്ണാവി ഒരു കവിത കെട്ടിയിട്ടുണ്ട്.

മൂന്നാം തവണ ചവളക്കുടി കള്‍ മാത്രം തീപിടിച്ച സമയം ഒരു തെങ്ങിന്റെ മണ്ടയില്‍ തീകേറി അതിന്റെ കോഞ്ഞാട്ടകള്‍ തീയോടെ പറന്നു. മാപ്പിളമാരുടെ അങ്ങാടിക്കുമേല്‍ചെന്ന തീ തെങ്ങുംമൂട്ടില്‍ വറുഗീസിന്റെ പുരമേല്‍ വീണ് അത് മുഴുവനും കത്തി. സമീപെ ഒരു വീടും കത്തി തീ കെട്ടു. നാലാം തവണത്തെ തീപിടിത്തത്തിലും തെങ്ങുംമൂട്ടില്‍ വറുഗീസിന്റെ പുര കത്തിനശിച്ചു. ദൈവകോപമാണിതെന്നാണ് വല്യച്ചന്റെ ഭാഷ്യം.

ഈ ആണ്ടത്തെ പെരുന്നാളിനും ഗോവായില്‍ പരിശുദ്ധ ശൗരിയാരുടെ അഴിയാതെ ഇരിക്കുന്ന ഉടമ്പിനെ (ശരീരം) എടുത്ത് ജനങ്ങള്‍ക്കു കാട്ടി എല്ലാവരും അതിശയമായി കണ്ട് മുത്തി. ആലപ്പുഴനിന്നും ഒരു വാതരോഗിയായ പട്ടക്കാരന്‍ പോയിരുന്നു. അയാള്‍ക്കു പ്രത്യക്ഷത്തില്‍ സൗഖ്യമുണ്ടായി എന്നും ഞാന്‍ പറഞ്ഞുകേട്ടിരിക്കുന്നു.

1878-ല്‍ ചങ്ങനാശേരിയില്‍ വസൂരിദീനം കലശലായി. ക്രിസ്ത്യാനികളില്‍ 700 ജനങ്ങ ളോളം മരിച്ചു. 300 ജനങ്ങ ളോളം പലജാതിയില്‍ ആയിട്ടും. അങ്ങനെ 1000 ന് മേല്‍ വസൂരിദീനം കൊണ്ടും ആ ആണ്ടില്‍ മരണമുണ്ടായി.

1881-ല്‍ കേരളക്കരയിലു ണ്ടായ ഭൂമികുലുക്കത്തെക്കുറിച്ച് വിവരിക്കുന്നുണ്ട് വല്യച്ചന്‍. തമാശരൂപത്തില്‍, അപ്പോള്‍ താന്‍ കക്കൂസില്‍ ഇരിക്കുക യായിരുന്നുവെന്ന് ഏറ്റ് പറയുന്നുമുണ്ട്.

1882-ല്‍ തീബോട്ട് ആലപ്പുഴ വന്നതും കൊച്ചിക്കും ആലപ്പുഴക്കും ഇപ്പോള്‍ നടപ്പു ണ്ടെന്നും എന്നാല്‍ കൊല്ല ത്തിനും തിരുവനന്തപുരത്തിനും തീ ബോട്ട് ഓടിതുടങ്ങിയിട്ടി ല്ലെന്നും രേഖപ്പെടുത്തുന്നുണ്ട്.

കേരളക്കരയില്‍ നടക്കുന്ന ആദ്യത്തെ ധ്യാനത്തെക്കുറിച്ച് നാളാഗമത്തില്‍ വിവരിക്കു ന്നുണ്ട്. 1866-ല്‍ മാന്നാനം കൊവേന്തയില്‍ വികാരി പോരൂക്കര അച്ചനും അദ്ദേഹത്തിന്റെ സഹായി സ്‌ക്കറിയാ പട്ടക്കാരനും പുരോഹിതന്മാരുടെ ധ്യാനം സംഘടിപ്പിക്കുന്നുണ്ട്. കര്‍മ്മലസഭയിലെ ലിയോപോഡ് മൂപ്പന്‍ പാതിരിയാല്‍ പൊരുള്‍ തിരിച്ച ധ്യാനത്തില്‍ 24 പട്ടക്കാര്‍ സംബന്ധിച്ചിരുന്നു.

  • ഗോവയിലെ തിരുശേഷിപ്പ് വണക്കം

1552-ല്‍ ചൈനയിലെ സാങ്ചുവാന്‍ ദ്വീപില്‍ വച്ച് അന്തരിച്ച് 1553 മലാക്കയിലെ മാതാവിന്റെ പള്ളിയില്‍ സംസ്‌കരിച്ചിരുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതിക ശരീരം 1554-ല്‍ ഗോവയിലെ ബോം ജിസസ്സ് ബെസലിക്കയില്‍ കൊണ്ടുവന്ന് പ്രദര്‍ശനത്തിന് വച്ചത് വിവരി ക്കുന്നുണ്ട് നാളാഗമത്തില്‍ (1878).

1890-മാണ്ട് ലവീഞ്ഞ് മെത്രാന്റെ പിറവിയുടെ 50-ാം വര്‍ഷം ചങ്ങനാശേരി പള്ളിയില്‍ വച്ച് ആഘോഷിക്കുന്നതും വരാപ്പുഴ മെത്രാപ്പോലീത്ത 1879-ല്‍ നിരോധിച്ചതുമായ നാടകം ചങ്ങനാശേരി പള്ളിയുടെ മുറിയുടെ വലിയ ശാലയില്‍ വച്ച് കളിക്കുന്നതും വല്യച്ചന്‍ വിവരിക്കുന്നുണ്ട്.

“ഈ ആണ്ടത്തെ പെരുന്നാളിനും ഗോവായില്‍ പരിശുദ്ധ ശൗരിയാരുടെ അഴിയാതെ ഇരിക്കുന്ന ഉടമ്പിനെ (ശരീരം) എടുത്ത് ജനങ്ങള്‍ക്കു കാട്ടി എല്ലാവരും അതിശയമായി കണ്ട് മുത്തി. ആലപ്പുഴനിന്നും ഒരു വാതരോഗിയായ പട്ടക്കാരന്‍ പോയിരുന്നു. അയാള്‍ക്കു പ്രത്യക്ഷത്തില്‍ സൗഖ്യമുണ്ടായി എന്നും ഞാന്‍ പറഞ്ഞു കേട്ടിരിക്കുന്നു.’’

1879 മിഥുനം 26-ന് മാര്‍ ഏല്യ മേലൂസ് മെത്രാനെ കാണാന്‍ വല്യച്ചന്‍ മദിരാശിക്ക് യാത്രതിരിക്കുന്നുണ്ട്. അര്‍മേനിയക്കാരുടെ കുര്‍ബാന ക്രമം കാണാന്‍ പള്ളിയിലെ ത്തുന്നതും നോഹയുടെ കപ്പല്‍ ഉറച്ച അറാറത്ത് പര്‍വ്വതത്തിന്റെ അടിവാരത്തില്‍ നിന്നെത്തിയ പുരോഹിതനെ കാണുന്നതും വിവരിക്കുന്നുണ്ട് വല്യച്ചന്‍ (പേജ് 195, നാളാഗമം).

നാളാഗമത്തിന്റെ അവസാന പേജുകള്‍ മുഴുവനും സ്വന്ത ക്കാരുടേയും ഇഷ്ടക്കാരുടേയും മരണവൃത്താന്തങ്ങളാണ്. നല്‍മരണവും പെടുമരണവും എടുത്ത് പറയുന്നുണ്ട്.

  • പ്രകൃതി ദുരന്തങ്ങള്‍

തൊണ്ണൂറ്റി ഒന്‍പതിലെ (1099/1924) വെള്ളപ്പൊക്കത്തെ ക്കുറിച്ച് കഴിഞ്ഞ തലമുറക്ക് ഏറെ അറിയാം.അതേക്കുറിച്ചുള്ള പത്രവാര്‍ത്തകളും ലഭ്യമാണ്. എന്നാല്‍ 1882-ലെ വലിയ വെള്ളപ്പൊക്കത്തില്‍ (1057) മനുഷ്യരും മൃഗങ്ങളും ഏറെ ചത്തുപൊങ്ങിയതും തോട്ടയ്ക്കാട് ഇരുപതോളംപേര്‍ ചത്തതും തുരുത്തിക്കാട്ടില്‍ ഉറങ്ങിയിരുന്ന പുലയനെ മാടത്തോടെ പുഴ എടുത്തുകൊണ്ടുപോയി, പിറ്റേന്ന് വെള്ളമിറങ്ങിയപ്പോള്‍ ഒരു ഒട്ടിലിന്റെ ഇടയില്‍ മരിച്ചിരുന്നതായും വര്‍ണ്ണിക്കുന്നു.

ഏഴുപുന്ന പാറായി വര്‍ക്കി തരകനും അദ്ദേഹത്തിന്റെ അനുജന്‍ ഉറുമീസ് തരകനും മാടമ്പിസ്ഥാനം (ഷെവലിയാര്‍) ലഭിക്കുന്നത് 1888-ലെ കുറിപ്പില്‍ രസകരമായി വിവരിക്കുന്നുണ്ട്. നാലു മെത്രാന്മാരും നൂറിനുമേല്‍ പട്ടക്കാരും വികാരിമാരിയുമായിട്ട് ഘോഷിച്ച ആ ദിവസം രണ്ടായിരം രൂപയും തരകന്മാര്‍ ചെലവഴിക്കുന്നുണ്ട്. ഈ ചടങ്ങില്‍ മുടിധരിപ്പിച്ച വരാപ്പുഴ മെത്രാന് ഒരു കുരിശുമാലയും ശേഷം മൂന്ന് മെത്രാന്മാര്‍ക്ക് ഓരോ മോതിരവും പാറായി നല്‍കുന്നുണ്ട്. റോമായിലെ മാര്‍പ്പാപ്പയുടെ ജൂബിലിക്കു 1000 രൂപയും 500 രൂപയ്ക്ക് ഒരു വെള്ളിക്കുരിശും വരാപ്പുഴ മെത്രാന്‍വഴി തരകന്മാര്‍ കൊടുത്തയച്ചതിന് പ്രതിഫല മായിട്ടാണ് ഷെവലിയര്‍ സ്ഥാനം കൊടുത്തതെന്ന് തുറന്നെഴുതുന്നുമുണ്ട് വല്യച്ചന്‍.

  • ചാവറ കുര്യാക്കോസ് ഏല്യാസച്ചന്റെ മരണം

1871-ല്‍ വിശുദ്ധ ചാവറ കുര്യാക്കോസ് ഏല്യാസച്ചന്റെ മരണശേഷം 1889-ല്‍ കൂനമ്മാവു കൊവേന്തയില്‍ നിന്നും സുറിയാനിക്കാരെ ഒഴിവാക്കുന്ന വല്യച്ചന്റെ രേഖ കാണുക. ഇറക്കിയ അച്ചന്മാരില്‍ പ്രധാനികള്‍ തോപ്പില്‍ ചാണ്ടപ്പിള്ളയച്ചനും പുളിങ്കുന്നു തച്ചില്‍ ഔസേപ്പച്ചനും പെടുന്നു.

ചാവറയച്ചന്റെ കബറിടക്കം സംബന്ധിച്ച വിവരണം കാണുക. “സുറിയാനിക്കാരുടെ പണം ചെലവുചെയ്ത് പണിയിച്ച കൂനമ്മാവ് കോവന്തേയില്‍ നിന്ന് അവരെ ഇറക്കിയശേഷം സുറിയാനിക്കാരുടെ പിതാവായ ചാവറ കുര്യാക്കോസ് മല്‍പ്പാനച്ചന്റെ ശവം ആ പള്ളി യില്‍ അടക്കി ഇരുന്നതിനാല്‍ അസ്ഥികള്‍ കൂടെ എങ്കിലും തരണമെന്ന് ഗുവേന്ത അച്ചന്മാരു സിദ്ധാന്തിച്ചതില്‍ സമ്മതിക്കാ ത്തതിനാല്‍ ഇവര് സ്വമേതയാല്‍ കബറിടം മാന്തി അസ്ഥികള്‍ എടുക്കാന്‍ ഭാവിച്ചും മാന്തി ത്തുടങ്ങിയ വിവരം മഞ്ഞുമ്മേല്‍ മെത്രാപ്പോലീത്തയെ ഇത്തിക്കാരു (ലത്തീന്‍കാര്‍) ജനങ്ങള്‍ അറിയിച്ച് വടി, തടി, ആയുധങ്ങളോടുകൂടെ തടസ്സപ്പെട്ടതിനാല്‍ ഗുവേന്ത അച്ചന്മാരു എടുക്കാതെ പുറത്തിറങ്ങിപ്പോരുകയും ഈ വിവരത്തിന് ഒട്ടക്കമേണ്ടിനു (ഊട്ടി) ദെലഗാദിനെ ബോധിപ്പിച്ച് വിസ്താരം കഴിച്ച് അസ്ഥികള്‍ ഗുവേന്തക്കാര്‍ക്ക് കൊടുക്കുന്നതിന് കല്പന വന്നു. കുറേദിവസം കഴിഞ്ഞപ്പോള്‍ ആ പരിശുദ്ധ പുണ്യാളന്റെ (വല്യച്ചന്‍ അന്ന് പ്രവചിച്ചെഴുതിയ വിശുദ്ധനായിത്തീര്‍ന്നു ചാവറ കുര്യാക്കോസച്ചന്‍) അസ്ഥി കൊടുക്കുന്ന സുറിയാനിക്കാരെ വിളിച്ച് നിങ്ങള്‍ക്ക് അസ്ഥി തരുവാന്‍ കല്പന വന്നിരിക്കുന്നതിനാല്‍ അസ്ഥികള്‍ എടുത്തുകെള്ളുവിന്‍ എന്നു അറിയിച്ചതിനെ സമ്മതിച്ച് ഈ പാവപ്പെട്ട അച്ചന്മാര്‍ അതിനെ ഘോഷമായിട്ടാണ് എടുത്തുകൊണ്ടു വന്ന് മാന്നാനത്ത് അടക്കിയിരിക്കുന്നു.

1889 ഇടവം 24-ാം തീയതി ചാവറ പ്രിയോരു പരിശുദ്ധ കുറിയാക്കോസ് മല്‍പ്പാനച്ചന്റെ ഒരു തലയോട്ടിയും രണ്ടുമൂന്ന് അസ്ഥികളും മാന്നാനത്തില്‍ കൊണ്ടുവന്നു വല്യ ഘോഷമായിട്ടു അടക്കി (പേജ് 260). ഈ അസ്ഥി അടക്കുന്നതിന് മാന്നാനത്ത് നിന്ന് വല്യച്ചനേയും ക്ഷണിച്ചിരുന്നു.

  • നാടകം തിരിച്ചുവരുന്നു

1890-മാണ്ട് ലവീഞ്ഞ് മെത്രാന്റെ പിറവിയുടെ 50-ാം വര്‍ഷം ചങ്ങനാശേരി പള്ളിയില്‍ വച്ച് ആഘോഷിക്കുന്നതും വരാപ്പുഴ മെത്രാപ്പോലീത്ത 1879-ല്‍ നിരോധിച്ചതുമായ നാടകം ചങ്ങനാശേരി പള്ളിയുടെ മുറിയുടെ വലിയ ശാലയില്‍ വച്ച് കളിക്കുന്നതും വല്യച്ചന്‍ വിവരിക്കുന്നുണ്ട്.

ഇരുപതു സംവത്സരമായി വരാപ്പുഴ മെത്രാനായിട്ട് മുടക്കി (വരാപ്പുഴ വിഗാരിയാത്തിലെ കല്പനകളും നിയമങ്ങളും കൂനമ്മാലുങ്കല്‍- 1879), കളിക്കുന്നവര്‍ക്ക് മഹറോനും കാണുന്നവര്‍ക്ക് പള്ളിക്കുറ്റവും കല്‍പ്പിച്ച നാടകം മെത്രാന്റെ ജന്മദിനാഘോഷവേളയില്‍ എല്ലാ പള്ളികളിലും എല്ലാ പെരുന്നാളിനും ആടിക്കൊള്ളുന്നതിന് അനുവാദം കൊടുത്തു. പള്ളിമൈതാനത്ത് നാടകം കളിക്കുന്നത് നിരോധിക്കുന്നുണ്ടെങ്കിലും അതിനുമുമ്പ് 1856-1857 കാലഘട്ടത്തില്‍ ചാവറ കുര്യാക്കോസച്ചന്‍ ചിട്ടപ്പെടുത്തിയ 12 ഇടയനാടകങ്ങള്‍ (ഏകാങ്കങ്ങള്‍) കൂനമ്മാവ്, വരാപ്പുഴ ഭാഗത്തെ പള്ളികളിലും സെമിനാരികളിലും കളിക്കുന്നുണ്ട്. ഇന്ത്യയില്‍ ഈ സംരംഭം നടാടെയാണ്. മലയാള നാടക ചരിത്രം ആരംഭിക്കുന്നത് ചാവറയച്ചന്റെ നാടകങ്ങളോടെയെന്ന് നിസ്സംശയം പറയാം. (ഇടയനാടകങ്ങള്‍: ചാവറ കുര്യാക്കോസ് ഏല്യാസ്, സമാഹരണം: ജോണ്‍ പോള്‍, സാഹിത്യ അക്കാദമി, തൃശ്ശൂര്‍)

കള്ളുകുടി മൂലം കുടുംബം നശിക്കുന്നതിനെ കളിയാക്കി സ്ത്രീകള്‍ വിലപിക്കുന്നതും “കഞ്ഞിക്കിരുന്നത് കള്ളിന് കൊണ്ടുപോയല്ലോ’’ എന്ന് പരിതപിക്കുന്നതും 1890-ല്‍ മെത്രാന്റെ അറിവോടെ മധുവര്‍ജ്ജന സഭയെ നിര്‍മ്മൂലമാക്കുന്നതും ചങ്ങനാശ്ശേരിയില്‍ കുടിയന്മാര്‍ പെരുകുന്നതും വിഷയമാകുന്നുണ്ട് നാളാഗമത്തില്‍.

1900 മാര്‍ച്ച് 15-ാം തീയതി എഴുതി രജിസ്ട്രര്‍ ചെയ്ത വല്യച്ചന്റെ വില്‍പത്രത്തില്‍ (ഉയില്‍ പത്രം) അദ്ദേഹം പണിയിച്ച പാലാക്കുന്നേല്‍ സ്‌കൂളില്‍ ക്ലാസ്സുകളെ ഉയര്‍ത്തി മലയാളവും സംസ്‌കൃതവും പാടുണ്ടെങ്കില്‍ സുറിയാനിയും പഠിപ്പിക്കണമെന്നും, പുസ്തകങ്ങളും വര്‍ത്തമാന പത്രവും അച്ചടിച്ച് പ്രചരിപ്പിക്കാന്‍ ഒരു അച്ചുകൂടവും സ്ഥാപിക്കണമെന്നും നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. 1500 ല്‍ ഏറെ ഹരിജനങ്ങളെ താന്‍ മാമ്മോദീസ മുക്കിയെന്നും വല്യച്ചന്റെ വില്‍പത്രത്തില്‍ കാണുന്നു.

വിശുദ്ധ ചാവറ കുര്യാക്കോസ് ഏല്യാസ് (1805-1871), നിധീരിക്കല്‍ മാണികത്തനാര്‍ (1842-1904), മാര്‍ ളൂയിസ് പഴേപറമ്പില്‍ (1847- 1919), പാലാക്കുന്നേല്‍ മത്തായി മറിയം കത്തനാര്‍ (1831-1900) എന്നിവര്‍ സമകാലീനരായിരുന്നു. ക്രൈസ്തവ സഭയിലെ പ്രമുഖനേതാക്കളായിരുന്ന ഈ പുരോഹിത ശ്രേഷ്ഠന്മാരാണ് കലുഷിതമായ കേരളസഭയെ വിഭജനത്തില്‍നിന്നും രക്ഷിച്ചെടുത്തത്.

വിശുദ്ധ ചാവറ കുര്യാക്കോസ് ഏല്യാസ് (1805-1871), നിധീരിക്കല്‍ മാണികത്തനാര്‍ (1842-1904), മാര്‍ ളൂയിസ് പഴേപറമ്പില്‍ (1847- 1919), പാലാക്കുന്നേല്‍ മത്തായി മറിയം കത്തനാര്‍ (1831-1900) എന്നിവര്‍ സമകാലീനരായിരുന്നു. ക്രൈസ്തവ സഭയിലെ പ്രമുഖനേതാക്കളായിരുന്ന ഈ പുരോഹിത ശ്രേഷ്ഠന്മാരാണ് കലുഷിതമായ കേരളസഭയെ വിഭജനത്തില്‍നിന്നും രക്ഷിച്ചെടുത്തത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തില്‍ പുരോഗമനപരമായ പല ആശയങ്ങളുടെ ഉപജ്ഞാതാവും സാമൂഹ്യപരിഷ്‌ക്കര്‍ത്താവും സ്ഥാപക നേതാവുമായ പാലാക്കുന്നേല്‍ മത്തായി മറിയം കത്തനാര്‍ കേരള നവോത്ഥാന നായകന്മാരുടെ മുന്‍പന്തിയില്‍ നിലകൊള്ളുന്നുവെന്ന് അദ്ദേഹംതന്നെ എഴുതിയ നാളാഗമം സാക്ഷ്യപത്രമാകുന്നു.

  • (അവസാനിച്ചു.)

logo
Sathyadeepam Online
www.sathyadeepam.org