രാത്രിസത്രങ്ങൾ

തവിട്ട് പാത - ആറ്
thavittupatha 06 Night Inns
Published on

ആശ്രമസെമിനാരിയിൽ പ്രവേശിച്ച രാത്രി. കാര്യങ്ങൾ കരുതിയതിനേക്കാളും ബുദ്ധി മുട്ടുണ്ടാക്കുമെന്ന് ഒരു ഗട്ട് ഫീലിങ്. ഉറക്കം കിട്ടുന്നില്ല. ചെറിയ ഓരോരോ ഇടവേളകളിൽ കാതടപ്പിക്കുന്ന ഒരു ശബ്ദം കേൾക്കാം. കെട്ടിടത്തിന് കുലുക്കമുണ്ട്. മൂന്നു മണിയായിട്ടു ണ്ടാവും. ഒരാൾ അടുത്തുവന്നിരുന്നു, കുശലം തിരക്കി, ധൈര്യപ്പെടുത്തി. കഷ്ടിച്ച് ഒരു വയസ്സു മൂപ്പുണ്ട്. പേടി മാറ്റിത്തന്നു, റെയിൽപ്പാളം ഡോർമിറ്ററിയുടെ മതിലിനോടു ചേർന്നാണ്! തീവണ്ടി ആലപ്പുഴക്കാർക്കന്ന് പരിചയമില്ലായി രുന്നു. പേരു ചോദിച്ചു: ബ്രദർ ആഞ്ചലോസ്; ഇയാളുടെ ഗാർഡിയൻ ഏഞ്ചലാണ് - കാവൽ മാലാഖ.

അതവിടുത്തെ മാമൂലുകളിലൊന്നായിരുന്നു. പുതുതായി ചേരുന്നവരെ അടുത്ത ക്രിസ്മസുവരെ ഇനിഷ്യേറ്റ് ചെയ്യാനും പ്രചോദിപ്പിക്കാനും തിരു ത്താനും സീനിയേഴ്സിൽ നിന്ന് ഒരാളെ നിശ്ചയി ച്ചിട്ടുണ്ട്. തന്റെ പേരിനെ അന്വർത്ഥമാക്കുന്ന വിധം - ആഞ്ചലോസ് - മാലാഖയേപ്പോലെ അയാൾ സദാ കൂടെയുണ്ടായിരുന്നു. നമ്മളോട് ലേശം മൊടയെടുത്തവരെ സഹജമായ സൗമ്യത വിട്ടുപോലും അയാൾ തടഞ്ഞിരുന്നു. ബുള്ളിയിംഗ് ഏത് കാലത്ത് എവിടെയാണ് ഇല്ലാത്തത്.

വൈകാതെ ഫ്രാൻസിസിന്റെ മരണ പത്രിക യിൽ (testament) നിന്ന് നമ്മളതു പെറുക്കി പെറുക്കി വായിച്ചെടുക്കും. And after that the Lord gave me brothers, no one showed me what I had to do, but the same Most High revealed to me that I had to live according to the form of the holy Gospel. ദൈവം നമുക്കും സഹോദരന്മാരെ തന്നു തുടങ്ങുകയാണ്. ഏതു പാതിരാത്രിയിലും വിളിച്ചുണർത്താവുന്നവർ.ഏതൊക്കെയോ ബസ്.സ്‌റ്റോപ്പിലിറങ്ങുമ്പോൾ ഒരു ബൈക്കിന്റെ ഹെഡ് ലൈറ്റ് തെളിയുന്നു. മഴ പെയ്ത്തുള്ള കഴിഞ്ഞ രാത്രി പോലും അതങ്ങനെയായിരുന്നു.

ഏകാകിയുടെ പാതയാണ് തന്റേതെന്ന് അയാൾ ആരംഭത്തിൽ വിചാരിച്ചത്. അയാളെ അടുത്തും അകന്നും മമതയോടെ കണ്ട മറ്റൊരു ചെറുപ്പക്കാരനുണ്ട്, ക്വിന്റവാലെയിലെ ബെർണാഡോ (Bernard of Quintavalle).തൊഴിലുകൊണ്ട് ഒരു അഭിഭാഷകനാണ്. ഫ്രാൻ സിസിന്റെ പ്രാർഥനാനിർഭരമായ ജീവിതവും ദാരിദ്ര്യത്തോടുള്ള പ്രതിബദ്ധതയും കണ്ട് ആകൃഷ്ടനായ ബെർണാഡോ, തന്റെ സമ്പത്ത് മുഴുവൻ ദാനം ചെയ്ത് ഫ്രാൻസിസിന്റെ ആദ്യത്തെ സഹോദരനായി മാറുകയായിരുന്നു. കടന്നു പോകുമ്പോൾ ഫ്രാൻസീസിന്റെ അവസാനത്തെ ആശീർവാദങ്ങളിലൊന്ന് അയാളുടെ മീതെ യാണ്. 1241-ൽ ബർണാഡ് മരിക്കുമ്പോൾ ഫ്രാൻസീസിനോട് ചേർത്ത് അയാളെ സംസ്‌ക്കരി ക്കാനാണ് സമൂഹം തീരുമാനിച്ചത്.സാഹോദര്യ ത്തിന്റെ ആഘോഷം പിന്നീട് ഒരു ഫ്രാൻസിസ്ക്കൻ ശൈലിയായി മാറും. സഹോദരന്മാർ ഒരമ്മ മക്കളെ സ്‌നേഹിക്കുന്നതിനെക്കാൾ തീവ്രമായി സ്‌നേഹിക്കണമെന്ന് അയാൾ നിയമാവലിയിൽ എഴുതി വച്ചിട്ടുണ്ട്.

കുടുംബം എപ്പോഴും രക്തബന്ധത്തിന്റെയോ ജനിതകത്തിന്റെയോ മൂലക്കല്ലിൽ പണിതുയർ ത്തപ്പെടണം എന്നൊന്നുമില്ല. അത് നിങ്ങൾക്ക് ബോധപൂർവം സൃഷ്ടിച്ചെടുക്കാവുന്ന സ്നേഹ പരിസരമാണ്. ചിലപ്പോൾ ഇത്തരം തിരഞ്ഞെടു പ്പുകൾ കുറേക്കൂടി അഗാധമായ ബന്ധത്തിന് നാന്ദിയാവുന്നു. Shoplifters അങ്ങനെയാണ് ചങ്കിൽ തൊട്ടത്. ഒറ്റനോട്ടത്തിൽ ഗാഢമായി ചേർന്നു നിൽക്കുന്ന കുടുംബം. ഗൃഹനാഥൻ ശകലം കുഴപ്പം പിടിച്ച പണിയിലാണ് ഏർപ്പെടു ന്നത്; കടകളിൽനിന്ന് നുള്ളിക്കവർച്ച - pilfering. വൈകിയാണ് കാണികൾക്കു പിടുത്തം കിട്ടുന്നത് അഞ്ചു പേരുള്ള ആ കുടുംബത്തിൽ ആരും ആരോടും ഏതെങ്കിലും തരത്തിൽ ബന്ധമുള്ള വരല്ലെന്ന്. അതിനിടയിൽ ഒരു ചെറിയ മോളുമെത്തുന്നുണ്ട്. അവളും കുടുംബത്തിന്റെ ഭാഗമാകുന്നു.

ദത്ത് - adoption - ഗൗരവമായി ട്ടെടുക്കാവുന്ന വിചാരമാണ്. രക്തബന്ധങ്ങൾക്ക് ആവശ്യത്തി ലേറെ വൈകാരികത കല്പിച്ച് അത്തരമൊരു സാധ്യത തീരെ ശ്രദ്ധിക്കാതെ പോയി. കേരള ത്തിന്റെ ഇൻഫെർട്ടിലിറ്റി അനു പാതം നമ്മെ നിസ്സഹായരാക്കുന്ന വിധത്തിൽ ഉയർന്നുപോവുക യാണ്. ഒന്നോ രണ്ടോ കുഞ്ഞു ങ്ങളെ തങ്ങളുടെ വിരസമാകാ വുന്ന ജീവിതത്തിലേക്ക് കൂട്ടി ക്കൊണ്ടുവരുവാൻ തയ്യാറാവുന്ന ചെറുമുറക്കാരോട് അത്ര അനു ഭാവം പുലർത്തുന്നില്ല അവരുടെ മുതിർന്നവർ.

ഒ.വി. വിജയന്റെ ‘ഗുരുസാഗര’ ത്തിൽ കുഞ്ഞുണ്ണി കുറുകേ കടക്കുന്ന ഒരു വ്യർത്ഥാഭിമാന മുണ്ട്. കല്യാണി തന്റെ മകളല്ലെന്ന് അവളുടെ മരണനേരത്താണ് അമ്മ കുമ്പസാരിക്കുന്നത്. മരണ വാർത്ത തന്റെ പണിയിടത്തിലേക്ക് വിളിച്ചുപറയേണ്ടിവരുന്ന അയാൾ അടിമുടി വിഭജിക്കപ്പെട്ട ഒരാളാണ്.

“ഇതു കുഞ്ഞുണ്ണിയാണ്.”

എന്നിട്ട് പറഞ്ഞുതുടങ്ങി, “എന്റെ ...”

പറയാൻ വയ്യാതെ ഒരു നിമിഷം അറച്ചുനിന്നു; ദൈവമേ, എന്തിനാണ് ഞാൻ അറയ്ക്കുന്നത്? ജൈവസരിത്തുകളിൽ കുളിച്ചു കയറി നിൽക്കുന്ന ഒരു കുട്ടിയുടെ സ്നേഹത്തിനു പകരമാണോ എന്റെ തുച്ഛമായ അഹംഭാവത്തിന്റെ അറപ്പ്? പ്രായശ്ചിത്തത്തിന്റെ അലിവിൽ കുഞ്ഞുണ്ണി പറഞ്ഞു, “എന്റെ മകൾ മരിച്ചു.”

ഇന്നു നമ്മൾ തിരുക്കുടുംബമായി വാഴ്ത്തുന്ന സുവിശേഷം ആരംഭിക്കുന്നത് ദത്തിലാണ്; ജീസസ് തന്റെ മകനല്ലെന്നറിയാ വുന്ന ജോസഫ് എന്ന തച്ചൻ. അതൊടുങ്ങുന്നതും അങ്ങനെ; യോഹന്നാനെന്ന ചെറുപ്പക്കാര നോട് കുരിശാരോഹിതനായ ഗുരു പറഞ്ഞു, “ഇനി മുതൽ നീ മേരിയുടെ മകനാണ്.” അമ്മയോട് തിരിച്ചും. ആ നിമിഷം മുതൽ അയാൾ അവളെ തന്റെ ഭവനത്തിൽ സ്വീകരിച്ചു എന്ന ചെറുവാചകത്തിൽ എത്ര ഭംഗിയുള്ള ഒരു സായന്തനമാണ് അടക്കം ചെയ്തിട്ടുള്ളത്.

നമ്മുടെ സർക്കാർ സംവിധാനത്തിലെ ഓർഫനേജുകളിൽ നിന്ന് അവധിക്കാലത്ത് കുഞ്ഞുങ്ങളെ വീട്ടിൽ കൊണ്ടുവന്ന് പാർപ്പിക്കാ നുള്ള അവസരമുണ്ട്; ‘സനാഥ ബാല്യം’ എന്ന പേരിൽ. വരുന്ന ഒഴിവുകാലത്ത് അതൊന്നു ചിന്തിച്ചാലോ? തീരെച്ചെറിയ ഒരു ഇടവേളയാണെങ്കിൽപ്പോലും കുറച്ചുകൂടി ഊഷ്മളതയും ഭംഗിയു മുള്ള ഒരു ബാല്യമുണ്ടെന്ന അറിവ് അവരുടെ ശിഷ്ടജീവിതത്തിന് ഔഷധമായി മാറിയെന്നിരിക്കും. ദോശയും ഇഡ്ഡലിയുമല്ലാതെ വേറെയും ചില പലഹാരങ്ങൾ അടുക്കളകളിൽ പ്രാതലിനായി വേവുന്നുണ്ടെന്നെങ്കിലും അവർ അറിഞ്ഞോട്ടെ.

‘ഷോപ്‌ലിഫ്റ്റേഴ്സി’ലെ ഷിബാത ഓർമ്മിക്കുന്നതുപോലെ, sometimes it’s better to choose your own family.

logo
Sathyadeepam Online
www.sathyadeepam.org