നിധീരിക്കല്‍ മാണിക്കത്തനാര്‍ കുറവിലങ്ങാടിന്റെ അണയാത്ത ദീപം!

നിധീരിക്കല്‍ മാണിക്കത്തനാര്‍ കുറവിലങ്ങാടിന്റെ അണയാത്ത ദീപം!

ജോണ്‍ കുര്യന്‍ വടക്കേക്കര
മൈന്‍ഡ് റെജുവിനേഷന്‍ ട്രെയിനര്‍

"പുരോഹിതന്‍മാരുടെ പുരോഹി തന്‍" – കര്‍ദിനാള്‍ ആന്റണി പടിയറ

"കേരള സഭാ ചരിത്രത്തിലെ തിളക്കമാര്‍ന്ന അദ്ധ്യായം" – ആര്‍ച്ച്ബിഷപ്പ് അഗസ്റ്റിന്‍ കണ്ടത്തില്‍

"കരുത്തനും കര്‍മ്മനിരതനുമായ വൈദികനേതാവ്" -ബിഷപ്പ് സെബാ സ്റ്റ്യന്‍ വയലില്‍

"മലബാറിലെ സഭാചരിത്രം നിര്‍ണ്ണായകമായ വഴിത്തിരിവുകളിലൂടെ സധൈര്യം തിരുത്തിക്കുറിച്ച യുഗവിധാതാവ്" – ആര്‍ച്ച്ബിഷപ്പ് മാര്‍ ഇവാനി യോസ്

"സമുദായത്തെ ഒന്നിപ്പിച്ച് നിര്‍ത്താനും അവരില്‍ സ്വാശ്രയബോധം വളര്‍ത്താനും വേണ്ടി കുടിയേറ്റ സംരംഭങ്ങള്‍ ആരംഭിച്ച ദീര്‍ഘദര്‍ശി" – ബിഷപ്പ് എമിരിറ്റസ് മാര്‍ ജോസഫ് പള്ളിക്കാപ്പറ മ്പില്‍, പാലാ.

"മാണിയച്ചന്‍ ഒരു പണ്ഡിതനായിരുന്നതു പോലെ തന്നെ പണ്ഡിതന്‍മാരുടെ സംഖ്യ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉത്സുകനായിരുന്നു" – റവ. ഡോ. ജോസഫ് ഏറ്റുമാനൂര്‍ക്കാരന്‍.

"മലയാളം എന്നൊരു ഭാഷ ഉള്ളിടത്തോളം കാലം അതിന്റെ ചുമരിന്മേല്‍ മായാതെയും, മങ്ങാതെയും നില്‍ക്കുന്ന ഒരു മനോജ്ഞചിത്രമാണ് നിധീരിക്കല്‍ മാണിക്കത്തനാര്‍" – മഹാകവി വള്ളത്തോള്‍

"തെക്കേ ഇന്ത്യയില്‍ മണിക്കത്തനാരെപ്പോലെ ഒരു മഹാനില്ല" – പി. താണു പിള്ള, ചീഫ് സെക്രട്ടറി (1903)

"ഭാഷാ പോഷിണി മാസിക അനു വാചകരില്‍നിന്നും പരേതരായ 15 മലയാളി മഹാന്മാരുടെ പട്ടിക തയ്യാറാക്കിയതില്‍ ശങ്കരാചാര്യര്‍, മാര്‍ത്താണ്ഡ വര്‍മ്മ, ശക്തന്‍ തമ്പുരാന്‍, രാജാ കേശവദാസന്‍, എന്നിവരോടൊപ്പം മാണിക്കത്തനാരും ഉള്‍പ്പെട്ടിരുന്നു" – കെ.പി. എസ്സ്. മേനോന്‍

"കേരളത്തിലെ ആദ്യത്തെ ബഹു ജന പ്രസ്ഥാനമാണ് മലയാളി മെമ്മോറിയല്‍. അതിന്റെ മുഖ്യ സംഘാടകരില്‍ ഒരാള്‍ നിധീരിക്കല്‍ മണിക്കത്തനാരാണ്" – ജോണ്‍ പെല്ലിശ്ശേരി, പെല്ലിശ്ശേരി പബ്ലിക്കേഷന്‍സ്

"കരിയാറ്റി മെത്രാപ്പോലീത്താ, പാറേമ്മാക്കല്‍ ഗോവര്‍ണ്ണദോര്‍ മുതലായവര്‍ സ്വയംഭരണ പ്രസ്ഥാനത്തിന്റെ ശ്രമത്തില്‍ ഇടപെട്ട് മഹത്വം പ്രാപിച്ചവരാണ്. ഈ പരമ്പരയിലെ അവസാനത്തെ പ്രവര്‍ത്തകന്‍ ബഹുമാനപ്പെട്ട മാണിയച്ചന്‍ ആണ്" – ഡോ. പി.ജെ. തോമസ്

"നിധീരിക്കല്‍ മാണിക്കത്തനാര്‍ കത്തോലിക്ക സുറിയാനി സമുദായത്തിന്റെ ചരിത്രത്തില്‍ തെളിഞ്ഞു നില്‍ക്കുന്ന നക്ഷത്രങ്ങളില്‍ ഏറ്റവും ശോഭകൂടിയതാണെന്നു പറയാം" – ഷവ. ഐ.സി. ചാക്കോ

"എന്നെ സംബന്ധിച്ചിടത്തോളം നിധീരിക്കല്‍ മണിക്കത്തനാര്‍ എന്ന ഗ്രന്ഥം എന്റെ കൃതജ്ഞതയുടെ ഒരു പ്രകടനം മാത്രമാണ്. കുറവിലങ്ങാട്ടെ പുരാതന നാലില്ലങ്ങളില്‍ ഒന്നായ കാ ളികാവ് അഥവാ കാളിയാങ്കല്‍ കുടുംബത്തില്‍ ജനിച്ച ഞാന്‍, മാണിക്കത്തനാര്‍ എന്ന എന്റെ മഹാചാര്യന്‍ കുറവിലങ്ങാട് പള്ളി വികാരിയായിരുന്ന കാലത്ത്, പള്ളിവകയായി ഒരു ഇംഗ്ലീഷ് സ്‌കൂള്‍ അവിടെ സഥാപിക്കാതിരുന്നിരുന്നുവെങ്കില്‍ കുടുംബപാരമ്പര്യമനുസരിച്ചുള്ള പ്രശസ്തിയും പേറി കുറവിലങ്ങാട് പള്ളിയും പരിസരവും ആയി ഞാന്‍ ഒതുങ്ങി പോകുമായിരുന്നു" – ഷെവ. വി.സി. ജോര്‍ജ്ജ്, ഗ്രന്ഥകര്‍ത്താവ്

"കേരളത്തിലെ വലിയ ജീവചരിത്രങ്ങളില്‍ ഒന്നാണിത്. ഇതില്‍ ഒരു വ്യക്തിയുടെ ജീവിതകഥ മാത്രമല്ല, കേരള സുറിയാനിക്കാരുടെ ചരിത്രവും സഭാ സംബന്ധമായ കാര്യങ്ങളില്‍ വിദേശികള്‍ ചെലുത്തിയ സ്വാധീന ശക്തികളുടെ ഗുണദോഷ വിവേചനവും ഉള്‍പ്പെടുന്നു. 19-ാം നൂറ്റാണ്ട് വരെയുള്ള കേരള ക്രൈസ്തവരുടെ ചരിത്രം" – ഡോ. കെ.എം. ജോര്‍ജ്ജ്

ജോണ്‍ കുര്യന്‍ വടക്കേക്കര
ജോണ്‍ കുര്യന്‍ വടക്കേക്കര

നിധീരിക്കല്‍ മാണിക്കത്തനാരെ കുറിച്ചുള്ള പ്രഗല്‍ഭ വ്യക്തികളുടെ ഈ അനുസ്മരണങ്ങള്‍, 117-ാം ചരമ വാര്‍ഷികമായ ഈ വര്‍ഷം, ഷെവ. വി.സി. ജോര്‍ജ്ജ് 1950-ല്‍ പ്രസിദ്ധീകരിച്ച നിധീരിക്കല്‍ മാണിക്കത്തനാര്‍ എന്ന ജീവചരിത്രഗ്രന്ഥത്തില്‍ നിന്നും തിരഞ്ഞെടുത്തതാണ്. ആ പുസ്തകത്തെ ആസ്പദമാക്കിയാണ് അദ്ദേഹത്തെക്കുറിച്ചുള്ള അറിവുകള്‍ ഞാന്‍ പങ്കു വയ്ക്കുന്നത്. വിശ്വപ്രസിദ്ധമായ കുറവിലങ്ങാട്ടു ഇടവകയില്‍ നിധീരിക്കല്‍ ഇട്ടിയവിരാ റോസ ദമ്പതിമാരുടെ രണ്ടാമത്തെ പുത്രനായി 1842 മേയ് മാസം 27-ാം തീയതി മാണിക്കത്തനാര്‍ ഭൂജാതനായി. ചെറുപ്പത്തിലെ അമ്മ റോസ് മരിച്ചതിനാല്‍, പോറ്റമ്മ തട്ടേലമ്മ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മറിയാമ്മയുടെ ശിക്ഷണത്തിലും പരി പാലനയിലും ആണ് പിന്നീട് കൊച്ചുമാണി വളര്‍ന്നത്. അപ്പന്‍ ഇട്ടിയവിര, പുത്തന്‍കൂറില്‍ നിന്നും പുനര്‍വിവാഹം ചെയ്തതിനാലാവാം അദ്ദേഹത്തിന് പിന്നീട് ഇരു കൂട്ടരുടെയും പുനരൈക്യ പ്രവര്‍ത്തനങ്ങളിലേയ്ക്ക് കൂടുതല്‍ ശ്രദ്ധ തിരിഞ്ഞത് എന്ന് അനുമാനിക്കുന്നു. ചെറുപ്പത്തില്‍ കൊച്ചുമാണി, വിദ്യാഭ്യാസപരമായി വളരുന്നതിനോടൊപ്പം തന്നെ അന്നത്തെ സാമൂഹ്യ ചുറ്റുപാടുകളും രീതികളും വീക്ഷിച്ച് മനസ്സിലാക്കിയിരുന്നു. അതിനാല്‍ മാതൃഭാഷയ്ക്ക് പുറമേ തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ്, ലാറ്റിന്‍, പോര്‍ട്ടുഗീസ്, സുറിയാനി, ഇറ്റാലിയന്‍, സ്പാനീഷ്, ഫ്രഞ്ച്, ഗ്രീക്ക്, ഹിന്ദി, ഉറുദു, കന്നട തുടങ്ങി 18 ഭാഷകള്‍ കരസ്ഥമാക്കിയ ബഹുഭാഷാ പണ്ഡിതനായിരുന്നു. കളരിപ്പയറ്റും ഗുസ്തിമുറകളിലും അദ്ദേഹം പ്രാവീണ്യം നേടിയിരുന്നു. കാരക്കുന്നത്ത് മല്‍പാന്റെ കീഴില്‍ വൈദീക വിദ്യാഭ്യാസം ചെയ്തു. 1861-ല്‍ ജൂലൈ മാസത്തില്‍ റോക്കോസ് മെത്രാന്റെ പക്കല്‍ നിന്നും ആസ്തപാടുപട്ടം (ഒരുക്കത്തിന്റെ പട്ടം) സ്വീകരിച്ചു. നവംബര്‍ മാസത്തില്‍ അദ്ദേഹം കൊടുങ്ങല്ലൂര്‍ ഗോവര്‍ണ്ണദോരുടെ (സ്ഥാന പേര്) സെക്രട്ടറിയായി, ഇക്കാലത്താണ് മംഗലപ്പുഴയില്‍ സുറിയാനിക്കാര്‍ക്കായി ഒരു സെമിനാരി സ്ഥാപിതമായത്. സെമിനാരിയില്‍ അദ്ദേഹം ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളുടെ അദ്ധ്യാപകനായിരുന്നു. അന്നത്തെ ധ്യാനഗുരുക്കന്മാരില്‍ ഒരാളായ അല്‍റോണിയോ കോയിലോയുടെ ദ്വിഭാഷിയായും അദ്ദേഹം വര്‍ത്തിച്ചു. അദ്ദേഹം ശെമ്മാശനായിരിക്കുമ്പോഴാണ് 1873 ല്‍ കുപ്രസിദ്ധനായ മാനസിങ്കു, കളത്തൂരിലെ ക്രിസ്ത്യാനികളെ അതിമൃഗീയമായി പീഡിപ്പിച്ചത്. നിധീരിക്കല്‍ ശെമ്മാശ്ശന്‍ രക്ഷകനായി അവരുടെ ഇടയില്‍ വന്നു. മാനസിങ്കുവിനെതിരെ കേസു നടത്തി, നീതി നടത്തി കൊടുത്തു. ഈ സംഭവം യുവ മാണിശെമ്മാശ്ശനു, ക്രൈസ്തവ സഭാ നേതൃത്വത്തിലേക്ക് ഉയരുവാന്‍ കാരണമായി.

പള്ളി നിര്‍മ്മാണം, സെമിത്തേരി സ്ഥാപനം, തിരുനാളുകള്‍ എന്നിവയുമായി ബന്ധപ്പെട്ട്, അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ കൊട്ടാരമുറ്റത്തും, റസിഡന്റ് ബംഗ്ലാവിലും തലകുമ്പിട്ട് നില്‍ക്കുവാന്‍ സമുദായം തയ്യാറല്ലെന്നും ഉറക്കെ പ്രഖ്യാപിച്ച സംഭവം ആയിരുന്നു മാന സിങ്കു കേസ്. സര്‍ക്കാര്‍ ഭരണ ഓഫീസുകളില്‍ വൈദികര്‍ക്ക്, ബഹുമാനം കൊടുക്കുന്നതിനും അവരുടെ ആവശ്യങ്ങളില്‍ ശ്രദ്ധ ചെലുത്തുവാനും മാണി ശെമ്മാശന്റെ പല ഇടപെടലുകള്‍ വഴി, സാധിച്ചു.

അനന്തരം മാണിശെമ്മാശന്‍ മാന്നാനം സെമിനാരിയില്‍ ചേരുകയും 1876 ജനുവരി 3-നു മാന്നാനത്ത് വച്ച് വൈദികപട്ടം സ്വീകരിക്കുകയും ചെയ്തു. കത്തോലിക്കാ സുറിയാനിക്കാരെ സംബന്ധിച്ചിടത്തോളം അന്നത്തെ പ്രധാന പ്രശ്‌നം സ്വയംഭരണമായിരുന്നു. അതായത്, നാട്ടുമെത്രാന്‍ വാഴ്ചയ്ക്കായുള്ള പരിശ്രമം അതിനായുള്ള പ്രക്ഷോഭണം തുടങ്ങിയ കാലഘട്ടവും ആയിരുന്നു അത്. വൈദികനായ ഉടനെ മാണിയച്ചന്‍ പ്രക്ഷോഭണത്തിന്റെ കേന്ദ്രത്തിലേക്ക് ആനയിക്കപ്പെട്ടു.

പാശ്ചാത്യവും പൗരസ്ത്യ വുമായ വിവിധ ഭാഷകളിലുള്ള പാണ്ഡിത്യം, വിജ്ഞാനം, സഹൃദയത്വം, ആത്മത്യാഗം, സ്വാര്‍ത്ഥരഹിതമായ പൊതു ജനസേവനം, എന്നിവയാല്‍ ദൈവകൃപ നിറഞ്ഞ മാണിയ ച്ചന്‍, സമുദായത്തിന്റെയും സഭയുടെയും ഉന്നതിക്കായി ജീവിതം അര്‍പ്പിച്ച ധ്യാനഗുരു വും ആയിരുന്നു.

കേരളീയ സുറിയാനിക്കാരുടെ പരാതികളെപ്പറ്റി അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട വിസിറ്റര്‍ അപ്പോസ്‌തോലിക്ക, ലെയോ മൊയിദീന്‍, മാണിയച്ചനെ തന്റെ സെക്രട്ടറിയും ദ്വിഭാഷിയുമായി നിയോഗിച്ചു. പാണ്ഡിത്യവും നൈസര്‍ഗ്ഗികമായ സാമര്‍ത്ഥ്യവും വാക് വിലാസവും നിമിത്തം സകലര്‍ക്കും ആദരണീയനായിരുന്ന മാണിയച്ചന്‍, മൊയിദീന്‍ മെത്രാന്റെ വിശ്വാസത്തിനും ആദരവിനും പാത്രമായി. ചിറ്റാട്ടുകര പള്ളികേസില്‍ വിജയം നേടിയത് മാണിയച്ചന്റെ പ്രശസ്തിയെ വര്‍ദ്ധിപ്പിച്ചു. മാണിയച്ചന്‍ അതിപ്രഗത്ഭനായ നിയമഞ്ജനും ആയിരുന്നു. പല കേസുകളും അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയില്‍ രമ്യമായി തീര്‍ത്തിരുന്നു.

മര്‍സലീനോസു മെത്രാന്റെ ഭരണകാലത്ത് അദ്ദേഹം മാണിയച്ചനെ ആലപ്പുഴ, കുറിവിലങ്ങാട്, മുട്ടുചിറ എന്നീ വലിയ പള്ളികളുടെ വികാരിയായി നിയമിച്ചു. ഇത് അദ്ദേഹത്തിന്റെ കഴിവിന്റെ അംഗീകാരമായിരുന്നു. ഇക്കാലത്താണ് പുത്തന്‍കൂര്‍ പഴയകൂര്‍ പുനരൈക്യത്തിനു വേണ്ടി അദ്ദേഹം തീവ്രമായ പരിശ്രമം ആരംഭിച്ചത്. പുലിക്കോട്ടില്‍ മാര്‍ ദിവന്നാസോസുമായുള്ള പുനരൈക്യ മൈത്രിയുടെ പ്രാരംഭമായി ഇരുകൂട്ടരും ചേര്‍ന്നിട്ടുള്ള ഒരു ജാതൈക്യ സംഘം ആരംഭിക്കുകയും ആ സംഘത്തിനുവേണ്ടി കോട്ടയത്തെ വുഡ് ലാന്റ്‌സ് എ സ്റ്റേറ്റ് വാങ്ങുകയും ചെയ്തു. ഇരു സമുദായങ്ങളും ഐക്യത്തിലാണ്, ഒന്നാണ് എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി, അവിടെ ഒരു കോളേജ് ആരംഭിക്കുക എന്നതായിരുന്നു മാണിയച്ചന്റെ ലക്ഷ്യം.

സ്വയംഭരണ പ്രക്ഷോഭണത്തിന്റെ ഫലമായി 1886-ല്‍ തിരുസിംഹാസനം (മാര്‍പാപ്പ) സുറിയാനിക്കാരെ വരാപ്പുഴ ഭരണത്തില്‍ നിന്നും വേര്‍പ്പെടുത്തി അവര്‍ക്കായി തൃശ്ശൂര്‍, കോട്ടയം എന്നീ രണ്ടു വികാരിയാത്തുകള്‍ (രൂപതയ്ക്കുമുന്‍പുള്ള മുന്നൊരുക്കം) സ്ഥാപിക്കുകയും അവയിലേയ്ക്ക് കര്‍മ്മലീത്തക്കാരല്ലാത്ത മെത്രാന്മാരെ നിയമിക്കുകയും ചെയ്തു. കോട്ടയം വികാരി അപ്പോസ്‌തോലിക്ക, മോണ്‍, ലവീഞ്ഞു മാണിയച്ചനെ ആദ്യം തന്റെ ആലോചനക്കാരനായും, പിന്നീട് 1889 സെപ്റ്റംബര്‍ മാസത്തില്‍ പൊന്തിഫിക്കല്‍ അധികാരത്തോടു കൂടിയ വികാരി ജനറലായും നിയമിച്ചു. നവംബര്‍ 14-നു പാലായില്‍ വെച്ച് മാണിയച്ചന്‍ ആദ്യമായി പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിച്ചു. 1890-ല്‍ ലവീഞ്ഞു മെത്രാന്റെ അഭാവത്തില്‍ മാണിയച്ചന്‍ ആയിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍.

സ്വയംഭരണ പ്രക്ഷോഭണത്തിന്റെ പേരില്‍ ലവീഞ്ഞു മെത്രാനും മാണിയച്ചനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി. മാണിയച്ചന്റെ പുനരൈക്യ സംരംഭങ്ങളെ മെത്രാന്‍ അനുകൂലിച്ചില്ല. സുറിയാനി കത്തോലിക്കര്‍ക്കു പകുതി അവകാശമുള്ള വുഡ്‌ലാന്റസ് വിട്ടുപോകാന്‍ മെത്രാന്‍ മാണിയച്ചനോട് ആവശ്യപ്പെട്ടതിനാല്‍ ഇരുകൂട്ടരും ചേര്‍ന്നുള്ള സംയുക്ത കോളേജ് സംരംഭം അവസാനിപ്പിക്കേണ്ടതായി തീര്‍ന്നു. മാണിയച്ചനോടുള്ള അനിഷ്ടത്താല്‍ ലവീഞ്ഞു മെത്രാന്‍ 1892 മേയ് മാസത്തില്‍ അദ്ദേഹത്തെ വികാരി ജനറാള്‍ സ്ഥാനത്തു നിന്നും നീക്കി കുറവിലങ്ങാട് പള്ളി വികാരിയായി അയച്ചു. മാര്‍പാപ്പയാല്‍ നേരിട്ടു ഉത്തരവ് ലഭിക്കുന്ന സഭയുടെ ഇന്നത്തെപ്പോലെയുള്ള കേന്ദീകൃത ഇടപെടലുകള്‍ അന്നു സാധ്യമല്ലായിരുന്നു. ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ മാര്‍പാപ്പ അറിയുന്നത്, അവിടുന്നു നിയോഗിക്കപ്പെട്ട മെത്രാന്‍മാര്‍ വഴിയായിരുന്നു. ഇവരുടെ ഇടപെടലുകളും ഭരണക്രമങ്ങളും വ്യത്യസ്തമായിരുന്നു. ശരിയായ സന്ദേശങ്ങള്‍ തിരുസിംഹാസനത്തില്‍ എത്തുവാനും നാടിനെ മനസ്സിലാക്കുന്ന സ്വദേശ മെത്രാന്മാരെ നിയോഗിക്കുവാനും വേണ്ടിയുള്ളതായിരുന്നു അന്നത്തെ സ്വയംഭരണ പ്രക്ഷോഭണം. എന്നാല്‍ ഏറിയ നിയുക്ത മെത്രന്മാര്‍, ഇവ അനുവദിച്ചിരുന്നില്ല എന്നു മാത്രമല്ല ഈ തീരുമാനങ്ങളെ ശക്തമായി എതിര്‍ത്തിരുന്നു. മാണിയച്ചന്റെ നേതൃത്വത്തില്‍ സ്വയംഭരണ പ്രക്ഷോഭണം തുടര്‍ന്നുകൊണ്ടിരുന്നു. ഇതിന്റെ ഫലമായി 1896-ല്‍ തിരുസിംഹാസനം കേരളാ സുറിയാനികാര്‍ക്ക് തൃശ്ശൂര്‍, എറണാകുളം, ചങ്ങനാശ്ശേരി എന്നീ മൂന്നു വികാരിയാത്തുകള്‍ സ്ഥാപിച്ചു. അതില്‍ നാട്ടുകാരെ തന്നെ മെത്രാന്മാരായി നിയമിച്ചു. അങ്ങനെ മാണിയച്ചന്‍ തന്റെ ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നു.

എന്നാല്‍ ഭൂരിപക്ഷം വടക്കും ഭാഗര്‍ അടങ്ങിയ ചങ്ങനാശ്ശേരി വികാരിയാത്തില്‍ അവരുടെ മെത്രാന്‍ വേണമെന്ന ആവശ്യം മാക്കില്‍ മെത്രാന്‍ റോമാ സിംഹാസനത്തില്‍ നേരിട്ട് ബോധിപ്പിക്കുകയും ചെയ്തു. മറ്റു രണ്ടു നാട്ടുമെത്രാന്മാരും അദ്ദേഹത്തോടുകൂടി സഹകരിച്ച് ഏകോപിപ്പിച്ച അപേക്ഷ അന്നത്തെ പത്താം പീയൂസ് മാര്‍പാപ്പ സ്വീകരിച്ചു. മോണ്‍. തോമസ് കുര്യാളശ്ശേരിയെ ചങ്ങനാശ്ശേരിയിലെ വടക്കുംഭാഗരുടെ വികാരി അപ്പോസ്‌തോലിക്കയായും (വികാരിയാത്തിന്റെ തലവന്‍) മാക്കില്‍ മെത്രാനച്ചനെ കോട്ടയം വികാരി അപ്പോസ്‌തോലിക്കയായും നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനായി ഏറെ യത്‌നിച്ച മാണിയച്ചന്റെ കാലശേഷമാണ്, ഈ ഉത്തരവ് നിവര്‍ത്തിതമായത്. മാണിയച്ചന്‍ തന്റെ അറിവും ആരോഗ്യവും അദ്ദേഹത്തിന്റെ കഴിവുകളും എല്ലാം സഭയ്ക്കുവേണ്ടി വിനിയോഗിച്ചു. ഒപ്പം പുത്തന്‍കൂറ് പഴയകൂറ് പുനരൈക്യത്തിനുവേണ്ടിയും. അദ്ദേഹത്തിന്റെ പോരാട്ടങ്ങളെല്ലാം വീരോചിതമായിരുന്നു. നെസ്‌തോറിയന്മാര്‍ ആയിരുന്നു എന്ന പാശ്ചാത്യ ചരിത്രകാരന്മാരുടെ അബദ്ധവാദത്തിന്റെ അടിസ്ഥാനരാഹിത്യം തെളിയിക്കുകയും ആരംഭം മുതല്‍ അവര്‍ സത്യവിശ്വാസികള്‍ ആയിരുന്നുവെന്ന വസ്തുത അംഗീകരിക്കുകയും അത് സ്വീകരിക്കുകയും ചെയ്തു. വി. ചാവറ കുര്യാക്കോസ് ഏലിയാസിന് ശേഷം നിധീരിക്കല്‍ മാണിക്കത്തനാര്‍ ആയിരുന്നു സുറിയാനിക്കാരുടെ വിമോചകനേതാവ്. സമുദായത്തിന്റെ വളര്‍ച്ച വിദ്യാഭ്യാസത്തില്‍ കൂടി മാത്രമേ സാധിക്കൂ എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു മാണിയച്ചന്‍. 1894-ല്‍ കുറവിലങ്ങാട് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരകനായ അദ്ദേഹം ഒരു ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥാപിച്ചു. പാലാ സെന്റ് തോമസ് ഹൈ സ്‌കൂളിന്റെ സ്ഥാപനത്തിനും അദ്ദേഹമായിരുന്നു ചൈതന്യ സ്രോതസ്സ്. ഈ സമുദായ സ്‌നേഹമാണ് സഭയ്‌ക്കൊത്ത നേതൃത്വം നല്‍കുവാന്‍ സാധിക്കുന്ന, വൈദികരെ പരിശീലിപ്പിക്കുവാനായി രൂപംകൊണ്ട ആലുവ സെമിനാരി വികസിപ്പിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. നിധീരിക്കല്‍ മാണിക്കത്തനാര്‍ എന്ന മാണിയച്ചന്‍ അക്കാലത്തെ പ്രശസ്ത കവിയും സാഹിത്യകാരനും ആയിരുന്നു. കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിളയും ഒത്ത് ഭാഷാപോഷണി പരിശ്രമങ്ങളില്‍ വ്യാപൃതനാവുകയും അതിന്റെ ഉപരക്ഷാധികാരിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മൂന്ന് ഖണ്ഡകാവ്യങ്ങളും രണ്ടു നാടകങ്ങളും രണ്ടു ഗദ്യ കൃതികളും അനേകം പ്രബന്ധങ്ങളും അദ്ദേഹം മലയാള ഭാഷയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. സത്യനാദ കാഹളം, നസ്രാണി ദീപിക, മലയാള മനോരമ എന്നീ പത്രങ്ങളുടെ ആവിര്‍ഭാവത്തില്‍ അദ്ദേഹം പങ്കുചേര്‍ന്നിട്ടുണ്ട്. നസ്രാണി ദീപികയുടെ ആദ്യപ്രതാധിപര്‍ മാണിയച്ചനായിരുന്നു.

കുറവില്ലാത്ത നാടിന്റെ അണയാത്ത ദീപമായി ഇന്നും, അനേകം ജനഹൃദയങ്ങളില്‍ നിധീരിക്കല്‍ മാണിക്കത്തനാര്‍ ജീവിക്കുന്നു.

മതവും വിഭാഗവും നോക്കാതെ സഹൃദയരെ സ്വീകരിച്ച പാരമ്പര്യമാണ് കുറവിലങ്ങാട് പള്ളിമേടയുടേത്? അക്കാലത്ത്, രാജാവും ദിവാനും റസിഡണ്ടും മാടമ്പിയും മറ്റും കുറവിലങ്ങാടുകൂടി കടന്നുപോകുമ്പോള്‍ പള്ളിമേടയില്‍ കയറുക പതിവാണ്. മാണിയച്ചന്‍ നല്ലൊരു കുതിര സവാരിക്കാരന്‍ ആയിരുന്നു. ദൂരെ യാത്രകള്‍ കുതിരവണ്ടിയിലും, കുതിര ലായത്തിലുണ്ടെങ്കില്‍, കേരള വര്‍മ്മ വലിയ കോയിതമ്പുരാന്‍, കൊട്ടാരത്തില്‍ ശങ്കുണ്ണി, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ നിത്യ സന്ദര്‍ശകര്‍ ആയിരുന്നു. ബഹുമുഖങ്ങളായ പ്രവര്‍ത്തനങ്ങളാല്‍ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക സാമ്പത്തിക രംഗങ്ങളില്‍ ഒട്ടേറ അനുയായികളെയും അധികാരികളെയും അദ്ദേഹം സമ്പാദിച്ചിരുന്നു.

പാശ്ചാത്യവും പൗരസ്ത്യവുമായ വിവിധ ഭാഷകളിലുള്ള പാണ്ഡിത്യം, വിജ്ഞാനം, ജന്മസിദ്ധമായ ബുദ്ധികൂര്‍മ്മത, അദ്ധ്യാപകന്‍, കവി, സാഹിത്യകാരന്‍, ഭിഷഗ്വരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും, കൂടാതെ അദ്ദേഹത്തിന്റെ സംഭാഷണചാതുര്യം, സഹൃദയത്വം, വിവിധ കലകളിലുള്ള പ്രാവീണ്യം, കായിക അഭ്യാസം, ദേശാഭിമാനം സമുദായ സ്‌നേഹം, ആത്മത്യാഗം, സ്വാര്‍ത്ഥരഹിതമായ പൊതുജന സേവനം, ജാതി മത ഭേതമേന്യേയുള്ള ബഹുജന സമ്മതി എന്നിവയാല്‍ ദൈവകൃപ നിറഞ്ഞ മാണിയച്ചന്‍, സമുദായത്തിന്റെയും സഭയുടെയും ഉന്നതിക്കായി ജീവിതം അര്‍പ്പിച്ച ധ്യാന ഗുരുവും ആയിരുന്നു. മാണിയച്ചന്‍ അവസാനമായി പങ്കെടുത്ത ചടങ്ങ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും സ്‌നേഹിതനും ആയിരുന്ന കുറവിലങ്ങാട് മറ്റത്തില്‍ യാക്കോബ് അച്ചന്റെ ശവസംസ്‌കാരകര്‍മ്മം ആയിരുന്നു. അതിനുശേഷമുള്ള അദ്ദേഹത്തിന്റെ ദിനങ്ങള്‍ മുഴുവന്‍, പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ആയിരുന്നു. 1904 ജൂണ്‍ മാസം 20-ാം തീയതി മാണിക്കത്തനാര്‍ എന്ന മഹാചാര്യന്‍ ജീവിതത്തോട് വിട പറഞ്ഞു. അദ്ദേഹത്തിന്റെ ഭൗതീക ശരീരം കുറവിലങ്ങാട് മര്‍ത്തമറിയം പള്ളിക്ക് അകത്ത്, മദ്ബഹായ്ക്കു താഴെ, പറമ്പില്‍ ചാണ്ടി മെത്രാന്റെ (പ്രഥമ തദ്ദേശീയ മെത്രാന്‍) കബറിടത്തിനരികെ, അന്ത്യവിശ്രമം കൊള്ളുന്നു. കുറവില്ലാത്ത നാടിന്റെ അണയാത്ത ദീപമായി ഇന്നും, അനേകം ജനഹൃദയങ്ങളില്‍ നിധീരിക്കല്‍ മാണിക്കത്തനാര്‍ ജീവിക്കുന്നു. മായാതെ, മങ്ങാതെ നില്‍ക്കുന്ന ഒരു മനോജ്ഞ ചിത്രമായി.

(ലേഖകന്‍ പ്രചോദനാത്മക പ്രഭാഷകനും മൈന്‍ഡ് റെജുവേഷണല്‍ ട്രെയിനറും എഴുത്തുകാരനും ആണ്. കുറവിലങ്ങാട് സ്വദേശിയും വടക്കേക്കര ഷെവ. വി.സി. ജോര്‍ജിന്റെ പൗത്രനും ആണ്.)

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org