റീത്തുവ്യത്യാസമില്ലാത്ത പുതിയ ഒത്തുചേരലുകളുണ്ടാകട്ടെ

റീത്തുവ്യത്യാസമില്ലാത്ത പുതിയ ഒത്തുചേരലുകളുണ്ടാകട്ടെ

(മംഗലപ്പുഴ സെമിനാരിയുടെ നവതി ആഘോഷസമാപനസമ്മേളനത്തില്‍ ചെയ്ത പ്രഭാഷണത്തില്‍ നിന്ന്)
സ്വയംഭരണാധികാരമുള്ള സുറിയാനി സഭയുടെ സ്വാഭാവികവും ന്യായവുമായ വളര്‍ച്ചയുടെ പരിണതിയാണ് സെമിനാരി വിഭജനം. അങ്ങനെ മനസ്സിലാക്കണം. അതിനാല്‍ വിഭജനം ഒരു ദുരന്തമാണ് എന്നു പറയാന്‍ പറ്റില്ല. വിഭജനത്തിന്റെ മാനസിക കാലാവസ്ഥ രൂപപ്പെട്ടു വരുന്നത് ശ്രദ്ധിച്ചില്ല എന്നതാണ്.

അയ്യായിരത്തിലധികം അച്ചന്മാരെ ലോകാതിര്‍ത്തികളിലേക്കു പറഞ്ഞുവിട്ട ഒരു സ്ഥാപനമാണിത്. ചലനാത്മകതയുള്ള ഒരു സ്ഥാപനം. ഫിലോസഫി പഠിച്ച ശേഷം, മറ്റു സെമിനാരികളിലേക്കു പോയ ആയിരത്തിലധികം പേര്‍ വേറെയുണ്ട്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ സെമിനാരികളിലൊന്നായിരുന്നു ഇത്. അടുത്ത കാലം വരെ മൂന്നു റീത്തുകളിലുംപെട്ടവര്‍ ഒന്നിച്ചു പഠിച്ചിരുന്ന ഒരു സ്ഥാപനം. ഇന്ന് മംഗലപ്പുഴ സെമിനാരി സുറിയാനിക്കാര്‍ക്കു മാത്രമായും കാര്‍മ്മല്‍ഗിരി ലത്തീന്‍കാര്‍ക്കു മാത്രമായും വിഭജിച്ചു നല്‍കപ്പെട്ടിരിക്കുന്നു. പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി & ഫിലോസഫി മൂന്നു സഭകള്‍ക്കുമുള്ള പൊതുഅക്കാദമിക കേന്ദ്രവുമാണ്. ഒന്നിച്ചായിരുന്ന കാലം നല്ല കാലമായിരുന്നു. ഒന്നിച്ചു പഠിച്ചിരുന്നപ്പോള്‍ എല്ലാവര്‍ക്കും എല്ലാവരേയും അറിയാമായിരുന്നു, നല്ല ചങ്ങാത്തമുണ്ടായിരുന്നു. എന്നും അങ്ങനെയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. പക്ഷേ ആ പഴയ കാലം പഴയ രീതിയില്‍ ഇനി തിരിച്ചുവരില്ല എന്നു നാം മനസ്സിലാക്കണം. പുതിയ രീതിയില്‍ ആ ഒന്നിച്ചിരിപ്പ് പതുക്കെ നടന്നുകൊണ്ടിരിക്കുന്നുവെന്നത് കാണാതെ പോകുകയുമരുത്.

സെമിനാരി വിഭജനം ഒരു ദുരന്തമായിരുന്നോ? ചോദിക്കുക. എന്റെ നോട്ടത്തിലെ ഉത്തരം ഞാന്‍ പതുക്കെ പറയാം.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കഴിഞ്ഞതോടെ സഭകളുടെ കൂട്ടായ്മയാണു കത്തോലിക്കാസഭ എന്നതു ദൈവശാസ്ത്രപരമായി അംഗീകരിക്കപ്പെട്ടു. ഒരു സ്വതന്ത്രസഭയാണ്, സ്വയംഭരണമുള്ള സഭയാണ് സീറോ മലബാര്‍ സഭ എന്ന ആശയത്തിന്, വസ്തുതയ്ക്ക് നിയമപരമായ ചട്ടക്കൂടുകളും ആവിഷ്‌കാരങ്ങളും പതുക്കെ ഉണ്ടാകാന്‍ തുടങ്ങി. ഭാരതത്തിലെല്ലായിടത്തും രൂപതകള്‍ സ്ഥാപിക്കാനും മെത്രാന്മാരെ നിയമിക്കാനുമുള്ള അവകാശം കൈവന്നു.

കോട്ടയം, വടവാതൂരില്‍ ഒരു സെമിനാരി സ്ഥാപിക്കപ്പെട്ടപ്പോള്‍ അതു കൂടുതല്‍ ശെമ്മാശ്ശന്മാരെ ഉള്‍ക്കൊള്ളാനുള്ള ഒരു സൗകര്യമായിട്ടു മാത്രം കണ്ടെങ്കില്‍, അങ്ങനെ മനസ്സിലാക്കിയെങ്കില്‍ അവരുടേത് ലളിതമനസ്സ് എന്നു മാത്രമാണ് പറയാന്‍ തോന്നുന്നത്. വേണ്ടത്ര ചര്‍ച്ചകളും മറ്റും നടത്തിയിട്ടാകണം സീറോ മലബാര്‍ മെത്രാന്‍ സമിതി ആരാധനാക്രമ പരിഷ്‌കരണത്തിനും മറ്റും തുടക്കമിട്ടത്. മാര്‍ത്തോമ്മാ പാരമ്പര്യങ്ങളുടെ വീണ്ടെടുപ്പിനുള്ള കേന്ദ്രമായി വടവാതൂര്‍ സെമിനാരി വളര്‍ന്നു വന്നു.

നോമ്പാരംഭമായ കരിക്കുറി പെരുന്നാള്‍ തിങ്കളാഴ്ചയായിരുന്നു. ബുധനാഴ്ചയെന്ന പഴയ രീതി എറണാകുളത്തു മാത്രമല്ല വേറെ ചില രൂപതകളിലും കുറച്ചു നാളത്തേക്കു തുടര്‍ന്നു. വി. കുര്‍ബാനയുടെ തിരുനാള്‍, സ്വര്‍ഗാരോഹണ തിരുനാള്‍ തുടങ്ങിയവ ലത്തീന്‍ ക്രമത്തിലെ വ്യാഴം, വെള്ളി എന്നീ ദിവസങ്ങളില്‍ നിന്നു ഞായറാഴ്ചത്തേക്കു മാറ്റപ്പെട്ടു. ഒരുമിച്ചു പഠിച്ച്, ആരാധനയില്‍ പങ്കെടുത്തിരുന്ന നമ്മുടെ സെമിനാരിയില്‍ ഇത്തരം മാറ്റങ്ങളുണ്ടാക്കിയ ബുദ്ധിമുട്ട് കാര്യങ്ങളറിയുന്നവര്‍ ഓര്‍ക്കുന്നതു നന്നായിരിക്കും. ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച നെറ്റിയില്‍ കുരിശു വരച്ച് ആഘോഷിക്കും. ബുധനാഴ്ച പൊതുവായത് ആഘോഷിക്കും. നേരത്തെ ആചരിച്ചവരില്‍ ചിലര്‍ അവിടെ വരികയുമില്ല. ഇതു കണ്ടിട്ടും ആരും ഒന്നും ചെയ്യുന്നില്ലായിരുന്നു.

മറ്റു തിരുനാളുകളുടെ കാര്യത്തിലും ഇരട്ടിപ്പുണ്ടായിരുന്നു. രണ്ടു പ്രാവശ്യം തിരുനാള്‍ ആഘോഷിക്കും. ഇതുമൂലം വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ടാകുന്ന സംഘര്‍ഷത്തെ ക്രിയാത്മകമായി നേരിടാനായി അത്ര ശ്രദ്ധ ഉണ്ടായെന്ന് എനിക്കു തോന്നുന്നില്ല. ഞാന്‍ ചില പ്രൊഫസര്‍മാരോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ അവര്‍ നിസ്സഹായതയാണു പ്രകടിപ്പിച്ചത്.

ഓര്‍ക്കണം, സകല മെത്രാന്മാരുടെ നേരിട്ടുള്ള ഇടപെടലിന്റെ കേന്ദ്രമായ പി ഒസിയില്‍ 15 വര്‍ഷം ജീവിച്ചവനാണു ഞാന്‍. അവിടെ ഇങ്ങനെയുള്ള വ്യത്യാസങ്ങളുണ്ടായാലും ഓരോ വര്‍ഷവും മാറി മാറി ഒരു സംഘര്‍ഷവും കൂടാതെ ഞങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ടുപോയിരുന്നു. ഒരു മെത്രാനും അതിനെ ചോദ്യം ചെയ്യാനൊന്നും വന്നില്ലെന്നതു സത്യമാണ്.

ഒരുമിച്ചായിരിക്കുന്ന മതബോധന ഗ്രന്ഥങ്ങള്‍ക്കു പകരം സീറോ മലബാര്‍ സഭ സ്വന്തമായ മതബോധനഗ്രന്ഥങ്ങളും ഉപപാഠപുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ചെറുപ്പം മുതലേ ഇത്തരം പരിശീലനമുണ്ടായില്ലെങ്കില്‍ പ്രത്യേക സഭ എന്ന ആശയം സാദ്ധ്യമാകില്ല എന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുകയും മനസ്സിലാക്കപ്പെടുകയും ഉണ്ടായി.

ഒരു നിയമം പാസ്സായാല്‍ ധാരാളം പുതിയ കാര്യങ്ങള്‍ അതില്‍ നിന്നുണ്ടാകും എന്നറിയാതെ നിയമം പാസ്സാക്കാന്‍ കൈ പൊക്കിയിട്ടു കാര്യമൊന്നുമില്ല. എവിടെ വരെ എത്തും എന്നറിയാനുള്ള കുറച്ചു ദീര്‍ഘദൃഷ്ടിയൊക്കെ അത്യാവശ്യമാണ്.

തടസ്സം കൂടാതെയുള്ള പ്രവര്‍ത്തനവും ഭാരതത്തിലാകമാനമുള്ള പ്രവര്‍ത്തനസ്വാതന്ത്ര്യവും എന്നതിനെ ദൈവരാജ്യത്തിന്റെ അടിസ്ഥാനത്തിലാണോ, അതോ ആളും അര്‍ത്ഥവും ഉള്ളതുകൊണ്ട് സാമ്രാജ്യത്വനിര്‍മ്മിതിയുടെ സങ്കല്‍പത്തിലാണോ മനസ്സിലാക്കി പ്രവര്‍ത്തിച്ചത് എന്ന സന്ദേഹം പലര്‍ക്കുമുണ്ടായിരുന്നു. ഈ രണ്ടു പ്രവണതകളുടെയും ഇടയിലകപ്പെട്ട ലത്തീന്‍കാരെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. നിങ്ങള്‍ അതു മനസ്സിലാക്കിയോ എന്നറിയില്ല.

സ്റ്റാഫിന്റെ ഒഴിവുണ്ടാകുമ്പോള്‍ ഒരു ആചാരം പോലെ വരാപ്പുഴ മെത്രാപ്പോലീത്തായോടു ചോദിക്കും, ആരെങ്കിലും ഉണ്ടോ എന്ന്. അദ്ദേഹം പറയും, ആരുമില്ലെന്ന്. അങ്ങനെ പോകുമ്പോള്‍ ആരുമില്ലാത്ത അവസ്ഥയുണ്ടായിരുന്നു. അതു മാറിയിട്ടുണ്ട്, ഞങ്ങളതു മാറ്റിയിട്ടുണ്ട്.

വടവാതൂര്‍ സെമിനാരിയില്‍ ഒരു പ്രത്യേക ട്രെന്‍ഡില്‍ പരിശീലനവും മറ്റു പരിപാടികളുമായി മുന്നോട്ടു പോയപ്പോള്‍ മറ്റൊരു ട്രെന്‍ഡിന്റെ പരീക്ഷണസ്ഥാനമായി മംഗലപ്പുഴയെ കണ്ടത് എറണാകുളം-അങ്കമാലി അതിരൂപതക്കാര്‍ മാത്രമായിരുന്നില്ല. ഓര്‍ക്കണം, എല്ലാ സുറിയാനി രൂപതകളില്‍ നിന്നുള്ള പ്രൊഫസര്‍മാരും ഇവിടെയുണ്ടായിരുന്നു. അവരില്‍ ബഹുഭൂരിപക്ഷവും ഈ ട്രെന്‍ഡിന്റെ കൂടെയായിരുന്നു.

ഇങ്ങനെ പോയാല്‍ ലത്തീന്‍ സഭ ഒരിക്കലും വളരില്ലെന്നും സുറിയാനിസഭ സ്വാഭാവിക വളര്‍ച്ചയുടെ വഴിക്കു പോകുമ്പോള്‍ ലത്തീന്‍ സഭ വഴിയാധാരമാകും എന്നുമുള്ള ആശങ്കകള്‍ പലര്‍ക്കും ഉണ്ടായിരുന്നു. അതുകൊണ്ട്, ആരെയെങ്കിലും ഒരാളെ കണ്ടെത്തി അയാളുടെ ദുഷ്ടലാക്കു കൊണ്ടാണ് വിഭജനം ഉണ്ടായതെന്നു പറഞ്ഞിട്ടു കാര്യമില്ല. സ്വയംഭരണാധികാരമുള്ള സുറിയാനി സഭയുടെ സ്വാഭാവികവും ന്യായവുമായ വളര്‍ച്ചയുടെ പരിണതിയാണ് സെമിനാരി വിഭജനം. അങ്ങനെ മനസ്സിലാക്കണം. അതിനാല്‍ വിഭജനം ഒരു ദുരന്തമാണ് എന്നു പറയാന്‍ പറ്റില്ല. വിഭജനത്തിന്റെ മാനസിക കാലാവസ്ഥ രൂപപ്പെട്ടു വരുന്നത് ശ്രദ്ധിച്ചില്ല എന്നതാണ്. മേഘമുയര്‍ന്നു വരുമ്പോള്‍ മഴയുണ്ടാകും എന്നു മനസ്സിലാക്കണം. പ്രകൃതിയുടെ കാര്യങ്ങള്‍ നോക്കാന്‍ നിങ്ങള്‍ മിടുക്കരാണല്ലോ എന്നു കര്‍ത്താവു തന്നെ പറഞ്ഞല്ലോ.

പലര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ കൂടി പറയാം. മംഗലപ്പുഴ, കാര്‍മ്മല്‍ഗിരി സെമിനാരികളെ താമസസ്ഥലങ്ങള്‍ എന്ന അര്‍ത്ഥത്തിലാണു റോം മനസ്സിലാക്കിയത്. സഭാചരിത്രവും ലിറ്റര്‍ജിയും മാത്രം ഒറ്റയ്‌ക്കൊറ്റയ്ക്കു പഠിക്കുകയും ബാക്കിയുള്ള സകല വിഷയങ്ങളും എല്ലാവരും ഒന്നിച്ചു പഠിക്കുകയും ചെയ്യുന്ന ഒരു വിഭജനത്തിന്റെ ഉത്തരവാണ് നമുക്കു റോമില്‍ നിന്നു കിട്ടിയത്. എന്നു പറഞ്ഞാല്‍, ഫിലോസഫി എല്ലാവരും കര്‍മ്മല്‍ഗിരിയില്‍ വന്നു പഠിക്കും, തിയോളജി എല്ലാവരും മംഗലപ്പുഴയില്‍ വന്നു പഠിക്കും. ഇതില്‍ യാത്രാസൗകര്യത്തിന്റെ ഒരു പ്രശ്‌നമുണ്ട്. യാത്രാസൗകര്യം ലഭ്യമാക്കപ്പെടും എന്നു തീരുമാനിക്കപ്പെട്ടു. ഇത്രയും തീരുമാനമൊക്കെ കഴിഞ്ഞപ്പോള്‍, പിന്നെ വ്യത്യാസങ്ങള്‍ വന്നു. ഒരു മാസം ലീവിലായിരുന്നതിനാല്‍ ഞാന്‍ ഒന്നും അറിഞ്ഞില്ല. വന്നപ്പോള്‍ കാണുന്നത് വ്യത്യസ്തമായ ഒരവസ്ഥയാണ്. രണ്ടു കൂട്ടരും അവരവരുടെ താമസസ്ഥലത്തു തന്നെ എല്ലാം പഠിക്കുന്ന അവസ്ഥ അംഗീകരിക്കപ്പെട്ടതുപോലെ ആയിരുന്നു. ഏറ്റവും സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കേണ്ട പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് സെമിനാരി റെക്ടറുടെ കാരുണ്യത്തില്‍ പ്രവര്‍ത്തിക്കേണ്ട അവസ്ഥയും ഉണ്ടായിരുന്നു.

കാരണങ്ങളൊന്നും അന്വേഷിക്കാതെ കാര്യങ്ങള്‍ നടപ്പാക്കുന്നതില്‍ പങ്കു ചേരുക എന്ന ചുമതലയാണ് എനിക്കുണ്ടായിരുന്നത്. ഉദ്ദേശിച്ചതു പോലെ കാര്യങ്ങള്‍ നടക്കാതിരുന്നതിനാല്‍ പ്രൊഫസര്‍മാരോ മറ്റുള്ളവരോ ഒരുമിച്ചു പഠിക്കുക എന്ന ആദ്യത്തെ തീരുമാനത്തിന് എതിരു നിന്നതാകാം. അല്ലെങ്കില്‍, കര്‍മ്മലഗിരിയില്‍ ലത്തീന്‍കാര്‍ എങ്ങനെ കാര്യങ്ങള്‍ നടത്തുമെന്ന ചിന്തയുമാകാം. അങ്ങോട്ടുമിങ്ങോട്ടുമുള്ള ബസ് യാത്ര പ്രായോഗികമായി ബുദ്ധിമുട്ടായതിനാല്‍ വേണ്ടെന്നു വച്ചതുമാകാം. എന്താണു കാരണമെന്നു അന്വേഷിക്കാന്‍ ഞാന്‍ മെനക്കെട്ടില്ല. കാര്‍മ്മല്‍ഗിരിയിലെ പോരായ്മകള്‍ പരിഹരിക്കാനായി രണ്ടു സ്ഥലത്തും പോയി പഠിപ്പിച്ച, വളരെ വിശാലമനസ്‌കതയോടെ കാര്യങ്ങള്‍ കണ്ട ആള്‍ക്കാരും ഇവിടെയുണ്ട്. 1967 മുതല്‍ എന്റെ അടുത്ത സുഹൃത്തായ ജോര്‍ജ് കാരക്കുന്നേലച്ചനാണ് ഒരാള്‍. അങ്ങനെ വിശാലമനസ് കാണിച്ചവരെ നന്ദിപൂര്‍വം ഓര്‍ക്കുകയാണ്.

ഇന്നു ഫാക്കല്‍റ്റി സ്വന്തം സ്ഥലത്തു പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഓഫീസായി. എല്ലാവര്‍ക്കും ഒരുമിച്ചു പഠിക്കാനുള്ള കെട്ടിടത്തിന്റെ പണി നടക്കുകയാണ്. ഇരുപതിനായിരം സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടത്തിന്റെ പണി തുടങ്ങിയിരിക്കുന്നു. ധാരാളം മേഖലാപഠന കൂട്ടായ്മകള്‍ ഇന്നു നടക്കുന്നുണ്ട്. പി ഒ സിയിലും റീത്തു വ്യത്യാസമില്ലാതെ താമസിച്ചു പരിശീലനം കൊടുക്കുന്ന കൂട്ടായ്മകളൊക്കെ ഉണ്ട്.

പുതിയ പുതിയ രീതിയിലുള്ള ഒന്നിച്ചു വരവുകള്‍ ഉണ്ടാകുന്നുണ്ട് എന്നര്‍ത്ഥം. ഒന്നാകലിന്റെ പുതിയ രൂപങ്ങള്‍. കാലത്തിന്റെ ഭീഷണമായ അവസ്ഥകളെ നേരിടാനായി പുതിയ പുതിയ രൂപങ്ങളെടുക്കുന്നു. അതു കാണുക.

കാലം ഇനിയുമുരുളും വിഷു വരും

വര്‍ഷം വരും തിരുവോണം വരും

പിന്നെയോരോ തളിരിനും പൂവരും കായ് വരും

അപ്പോഴാരെന്നുമെന്തെന്നുമാര്‍ക്കറിയാം

നമുക്കിപ്പൊഴീയാര്‍ദ്രയെ ശാന്തരായി

സൗമ്യരായെതിരേല്‍ക്കാം

പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യമൂന്നുവടികളായി നില്‍ക്കാം.

എല്ലാവരുടെയും യാത്ര സഫലമാകട്ടെ, എല്ലാവര്‍ക്കും സഫലമീ യാത്ര എന്നു പറയാനാകട്ടെ എന്നതാണ് എന്റെ പ്രാര്‍ത്ഥന.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org