പുതിയ വിദ്യാഭ്യാസ നയം: വെല്ലുവിളികളും അവസരങ്ങളും

പുതിയ വിദ്യാഭ്യാസ നയം: വെല്ലുവിളികളും അവസരങ്ങളും

ഡോ. ജയ്‌സണ്‍ മുളേരിക്കല്‍ സിഎംഐ
പ്രിന്‍സിപ്പാള്‍, ജ്യോതി എഞ്ചിനീയറിംഗ് കോളേജ്, തൃശൂര്‍

ഏതു പ്രതിസന്ധിയിലും ഒരവസരമുണ്ടെന്നാണ് പറയാറ്. ബ്യൂബോണിക് പ്ലേഗിനെ പോലും ഒര വസരമാക്കിയെടുത്ത് ഗണിതശാസ്ത്രത്തിലെ കാല്‍കുലസും, ഊര്‍ജ്ജതന്ത്രത്തിലെ ഗുരുത്വാകര്‍ ഷണ സിദ്ധാന്തവും ഒറ്റപ്പെട്ടൊരു ഗ്രാമത്തിലെ ഏകാന്തതയില്‍ ഇരു ന്ന് രൂപപ്പെടുത്തിയെടുത്ത ഐസക് ന്യൂട്ടന്റെ ഉദാഹരണം ചൂണ്ടിക്കാണിച്ചു കൊണ്ട്, കോവിഡെന്ന മഹാമാരി പോലും ഒരവസരമാക്കി മാറ്റണമെന്ന് നാം നമ്മുടെ കുട്ടികളോട് പോലും പറയാറുണ്ട്. രണ്ടാം വട്ടം അധികാരത്തിലേറി ഒരു മാസത്തിനകം പുറത്തിറക്കിയ കരടിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തിനിപ്പുറം നരേന്ദ്ര മോഡി സര്‍ക്കാര്‍ പുതിയ വിദ്യാഭ്യാസ നയം ഔദ്ധ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്തില്ല എന്ന ആക്ഷേപം നിലനില്‍ക്കുന്നു എങ്കിലും ഒരു വര്‍ഷത്തിലേറെ നീണ്ട കണ്‍സള്‍ട്ടേഷനിലൂടെ ലക്ഷക്കണക്കിന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് അഞ്ഞൂറോളം പേജുണ്ടായിരുന്ന കരടിനെ വെട്ടിച്ചുരുക്കി 66 പേജിലേക്ക് ഒതുക്കി സമഗ്രവും ഋജുവുമായ ഒരു നയരേഖ അവതരിപ്പിച്ചുവെന്ന് അഭിമാനപൂര്‍വ്വം സര്‍ക്കാര്‍ പറയുമ്പോള്‍, അത് ഉളവാക്കാന്‍ പോകുന്ന ടെക്‌ടോണിക് ഷിഫ്റ്റിനിടയിലും അവസരങ്ങള്‍ കണ്ടെത്താന്‍ നമുക്ക് സാധിക്കണം.

വിദ്യാഭ്യാസ രംഗത്ത് അടുത്ത പത്ത് പതിനഞ്ച് വര്‍ഷത്തിനിടയില്‍ വലിയ വ്യത്യാസങ്ങള്‍ കൊണ്ടു വരുവാനിടയുള്ളതാണ് ഈ പുതിയ നയം. ഇതില്‍ ഏറിയ പങ്കും പണ്ടേക്ക് പണ്ടേ പാശ്ചാത്യ രാജ്യങ്ങള്‍ നടപ്പിലാക്കിയതാണെന്നും, ഒരു പരിധി വരെ അവയുടെ അനുകരണമാണിതെന്നും, ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നമ്മള്‍ ഒരു പത്തിരുപത് വര്‍ഷം വൈകിപ്പോയി എന്നുമുള്ള ആക്ഷേപങ്ങള്‍ നിലനില്‍ക്കെ തന്നെ, ഭാരതത്തിന്റെ പശ്ചാത്തലത്തില്‍ ഈ നയരേഖയില്‍ വിഭാവനം ചെയ്തിട്ടുള്ളത്ര ബൃഹത്തായ കാര്യങ്ങള്‍ വിപ്ലവാത്മകമെന്നേ പറയാനുള്ളൂ. മാറ്റങ്ങള്‍ വലുതായിരിക്കും. വിദ്യാഭ്യാസത്തിന്റെ എല്ലാ മേഖലകളേയും അത് ബാധിക്കയും ചെയ്യും. പക്ഷെ, മാറ്റങ്ങളുടെ പിന്നിലെ ചേതോവികാരമെന്ത്, ഒളിയജണ്ടകള്‍ അതിനുണ്ടാകുമോ, പ്രഫഷണലായി അത് നടപ്പിലാക്കുമോ, വാക്കിനൊപ്പം പ്രവൃത്തി യും അര്‍ത്ഥവും കൂടെയുണ്ടാകുമോ എന്നതൊക്കെയാണ് ഇനിയും അറിയാന്‍ കിടക്കുന്നത്.

അലകും പിടിയും മാറുന്ന സ്‌കൂള്‍ വിദ്യാഭ്യാസം

കരട് രേഖയില്‍ ഉണ്ടായിരുന്നതു പോലെ തന്നെ 10+2 എന്ന സമ്പ്രദായം പൊളിച്ചെഴുതി 5+3+3+4 സമ്പ്രദായം കൊണ്ടു വ ന്നിട്ടുണ്ട്. മൂന്ന് വയസ്സു മുതല്‍ 18 വയസ്സുവരെ വിദ്യാഭ്യാസം മൗലിക അവകാശമാക്കപ്പെടുന്നത് തികച്ചും സ്വാഗതാര്‍ഹം. ഇതെല്ലാം നടത്തേണ്ടത് ബാലവാടികള്‍ മു തല്‍ സെക്കണ്ടറി സ്‌ക്കൂള്‍ വരെ ഒരുമിച്ച് കൂട്ടി സൃഷ്ടിക്കുന്ന സ്‌കൂള്‍ കോംപ്ലക്‌സുകളിലുമാണ്.
5+3+3+4 എന്ന രീതി തത്വത്തില്‍ ശരിയാണെങ്കിലും, അത് കൊണ്ടുവരാന്‍ പോകുന്ന മാറ്റങ്ങളുടെ വ്യാപ്തി എന്തായിരിക്കുമെന്ന് ഇനിയും പ്രവചിക്കാറായിട്ടില്ല. ഉദാഹരണത്തിന്, ഈ അങ്കണ്‍വാടികളെയും, എല്‍.ക്കെ.ജികളെയും ഒക്കെ എങ്ങനെ സ്‌കൂളുകളുമായി ബന്ധിപ്പിക്കും? അതും സ്‌കൂള്‍ കോംപ്ലക്‌സാണെങ്കില്‍ എന്തായിരിക്കും അവയുടെ സ്ഥിതി? എല്‍.ക്കെ.ജി ഇല്ലാത്ത സ്‌ക്കൂളുകള്‍ അത് തുടങ്ങേണ്ടി വരുമോ, അല്ലെങ്കില്‍ അംഗനവാടികള്‍ എവിടെക്കൊണ്ട് കെട്ടും, അതില്‍ പ്രൈവറ്റ് ഗവണ്‍മെന്റ് പ്രസ്ഥാനങ്ങള്‍ തമ്മില്‍ കൂട്ടികെട്ടേണ്ടി വരുമോ, ഒരു ട്രസ്റ്റിനു കീഴിലുള്ള പല പ്രസ്ഥാനങ്ങള്‍ക്ക് ഒരുമിച്ച് വരാനാകുമോ, പല ട്രസ്റ്റിനു കീഴിലുള്ള പല പ്രസ്ഥാനങ്ങള്‍ക്ക് ഒരുമിച്ച് വരാനാകുമോ, വരാന്‍ തീരുമാനിച്ചാല്‍ നിയമം അനുവദിക്കുമോ, ജിയോഗ്രഫിക്കല്‍ അടുപ്പം വേണ്ടിവരുമോ, വേണ്ടായിരിക്കുമോ, അങ്ങനെ ജിയോഗ്രഫിക്കല്‍ അടുപ്പം ഇല്ലെങ്കില്‍ നയം വിഭാവനം ചെയ്യുന്ന റിസോഴ്‌സ് ആന്റ് പീപ്പിള്‍ ഷെയറിങ്ങ് സാധിക്കുമോ, ഇങ്ങനെ ചിന്തിക്കാനാണെങ്കില്‍ കാടുകയറാന്‍ ഒത്തിരിയുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും, എല്ലാ രൂപതകളും, സന്യാസ സഭകളും, ഏജന്‍സികളും, സ്ഥാപനങ്ങളും, ഇരുത്തി ചിന്തിക്കേണ്ടി വരും.
അതുപോലെ ടെക്സ്റ്റ് ബുക്കും, പരീക്ഷകളുമെല്ലാം ഒരു സെന്‍ട്രല്‍ കമാന്റിന്റെ മേല്‍നോട്ടത്തില്‍ അവരുടെ നിര്‍ദ്ദേശമനുസരിച്ച് വരണമെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ പ്രത്യയശാസ്ത്ര വാങ്ങലുകള്‍ കൂടാന്‍ ഇടയുണ്ട്. പാഠ്യ പദ്ധതി നടപ്പാക്കാന്‍ സ്‌കൂളുകള്‍ക്കോ ക്ലസ്റ്ററുകള്‍ക്കോ അധികാരം ഉണ്ടാകുമോ, അതോ മൂന്നു വയസ്സു മുതല്‍ ദേശീയത കുത്തി നിറയ്ക്കുന്നതാകുമോ പാഠ്യ പദ്ധതി. ഒരു കാവിവത്കരണത്തെ ആളുകള്‍ പേടിച്ചാലും തെറ്റ് പറയാന്‍ ഇടയില്ല. ശ്രദ്ധയോടും കരുതലോടും സഭ നില്‍ക്കേണ്ട മേഖലകള്‍ ആണിവ.

അതോടൊപ്പം ശ്രദ്ധിക്കേണ്ടത് ദിവ്യാംഗ വിദ്യാര്‍ത്ഥികളോടുള്ള കരുതലാണ്. ആ പ്രയോഗം തന്നെ മനോഹരം – പലവിധത്തിലുള്ള പരിമിതികള്‍ ഉള്ള കുട്ടികളെ കുറിച്ചാണ് ഈ വിവക്ഷ. അതോടൊപ്പം തന്നെ പെണ്‍കുട്ടികളോടും, ന്യൂനപക്ഷങ്ങളോടും, SC/ST, ട്രൈബല്‍ വിഭാഗങ്ങളോടും പ്രത്യേക മമത പുതിയ നയം കാണിക്കുന്നുണ്ട്. സഭയും സമൂഹവും ഇവിടെയുള്ള സേവന അവസരങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തണം.

ഭാഷയുടെ ഭാഷാന്തരങ്ങള്‍

ഏറ്റവും വലിയ മലക്കം മറിച്ചില്‍ ഭാഷയുടെ കാര്യത്തിലാണ് – ത്രിഭാഷ ഉണ്ടെങ്കിലും ഒരു ഭാഷയും, അതായത് ഹിന്ദി നിര്‍ബന്ധിക്കില്ല. ശരിക്കും പറഞ്ഞാല്‍ 'ഹിന്ദി' എന്ന പദം തന്നെ ഈ രേഖയില്‍ ഒരൊറ്റ പ്രാവശ്യമേ ഉപയോഗിച്ചിട്ടുള്ളൂ. സംസ്‌കൃത പഠനത്തിന് കൂടുതല്‍ ഊന്നലുണ്ട്, കൂടാതെ ചൈനീസ് ഒഴികെ വിദേശഭാഷകളുടെ ഒരു നിരയും വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാം. മാതൃഭാഷയ്ക്ക് വലിയ പ്രാമുഖ്യം കൊടുത്തിട്ടുണ്ട്. മാതൃഭാഷ എന്നത് ഒരു കുട്ടി വീട്ടില്‍ ആദ്യമായി പരിചയപ്പെടുന്ന, സംസാരിക്കുന്ന, മാതാപിതാക്കളുടെ ഭാഷയെന്ന തിരുത്തുമുണ്ട്. അന്യസംസ്ഥാന അതിഥികളുടെ മക്കളുടെ മാതൃഭാഷ അവര്‍ താമസിക്കുന്ന ദേശത്തിന്റെ ഭാഷയാകണമെന്നില്ല! അത്തരം കുട്ടികളെ അവരുടെ മാതാപിതാക്കളുടെ ഭാഷയില്‍ പഠിപ്പിക്കണമെന്ന് സാരം. സ്വാഗതാര്‍ഹം. സഭയും സ്ഥാപനങ്ങളും ഇത്തരം കുട്ടികളുടെ ഉന്നമനത്തിനായി വിവിധ ഭാഷാ വിദ്യാലയങ്ങള്‍ തുടങ്ങുന്ന കാര്യം കാര്യമായി ചിന്തിക്കണം.
അഞ്ചാം ക്ലാസ് വരെ മാതൃഭാഷയില്‍ പഠിപ്പിക്കണമെന്ന് പറയുന്നുണ്ട്. മുഴുവനായി പറ്റിയില്ല എങ്കില്‍ ഇരട്ട ഭാഷയിലെങ്കിലും പഠിപ്പിക്കണമെന്നും, പുസ്തകങ്ങള്‍ പോലും അത്തരത്തിലാകണമെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. അപ്പോള്‍ ഒരു പ്രധാന സംശയം ഉണ്ടാകാവുന്നത് അഞ്ചാം ക്ലാസ് വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂ ളുകള്‍ ഇല്ലാതാകുമോയെന്നതാണ്. അതുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷെ, മാതൃഭാഷയാണ് പ്രോത്സാഹിപ്പിക്കുന്നത്, ചിലപ്പോള്‍ ഇംഗ്ലീഷില്‍ ക്ലാസെടുത്ത് മലയാളത്തില്‍ വിശദീകരിക്കേണ്ടി വരാം!

സ്‌കൂള്‍ കോംപ്ലക്സ്സുകളും അധ്യാപക പരിശീലനവും

സ്‌കൂള്‍ കോംപ്ലക്‌സ് അല്ലെങ്കില്‍ ക്ലസ്റ്റര്‍ ഒരു വെല്ലുവിളി തന്നെയാവും. ഇതെല്ലാം കൂടി നടത്തിക്കാനുള്ള ഭരണസംവിധാനം ഒരവിയല്‍ പരുവമായിട്ടാണ് തോന്നിയത്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ആയതുകൊണ്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ അവഗണിക്കാനും വയ്യ അതേ സമയം കേന്ദ്രം പറയുന്നത് നടക്കുകയും വേണം, അതിന് സ്‌കൂള്‍ കോംപ്ലക്‌സ് മാനേജ്‌മെന്റ് കമ്മറ്റിയും വേണം അതില്‍ അധ്യാപകരും വേണം. അപ്പോള്‍ മാനേജ്‌മെന്റിന് നമ്മള്‍ ഇപ്പോള്‍ കരുതുന്ന രീതിയിലുള്ള പല അധികാരങ്ങളും വെട്ടിക്കുറയ്ക്കപ്പെടുന്ന സ്ഥിതിയുണ്ടാകാം. ഇക്കാര്യങ്ങള്‍ നി യമനിര്‍മ്മാണത്തിലേക്ക് പോകുമ്പോഴേ കൂടുതല്‍ വ്യക്തമാകൂ.
ടീച്ചര്‍മാരാകാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് പണി കിട്ടിയിട്ടുണ്ട്. 4 വര്‍ഷത്തെ ബി.എഡ്, അതും യൂണിവേഴ്‌സിറ്റിയില്‍ പോയി പഠിക്കേണ്ടി വരും. അല്ലെങ്കില്‍ ഡിഗ്രി കഴിഞ്ഞ് 2 വര്‍ഷം, അല്ലെങ്കില്‍ പി ജി കഴിഞ്ഞ് 1 വര്‍ഷം കൂടെ പഠിച്ച് ബി.എഡ്. എടുക്കാം. പിന്നെ ഓണ്‍ഗോയിങ്ങ് ഫോര്‍മേഷന്‍ വര്‍ ഷത്തില്‍ മിനിമം 7 മുഴു ദിനങ്ങള്‍ അല്ലെങ്കില്‍ 50 മണിക്കൂര്‍. അത് നല്ലതാണ്, നന്നാവട്ടെ.

അടിമുടി മാറുന്ന ഉന്നത വിദ്യാഭ്യാസം

വളരെ വഴക്കമുള്ള, ലിബറലായ, വിദൂര ഓണ്‍ലൈന്‍ പഠനത്തിന് ഒത്തിരി പ്രാമുഖ്യം കൊടുക്കുന്ന, കൂടുതല്‍ സാര്‍വ്വത്രി കമായ ഉന്നത വിദ്യാഭ്യാസ സമ്പ്രദായമാണ് പുതിയ നയം മുന്നോട്ട് വയ്ക്കുന്നത്.

BYO ക്രെഡിറ്റ്‌സ്

ഏതു കോളേജിലും, ഏതു കോഴ്‌സും, ഏതു ബ്രാഞ്ചിലും, എങ്ങനെയും പഠിക്കാം. എല്ലാം കൂടെ ABC (Academic Bank of Credits) യില്‍ ചെന്ന് കിടക്കും. ആവശ്യത്തിനനുസരണം കൂട്ടിയും കുറച്ചും പാകത്തിന് ചേര്‍ത്തും ആര്‍ക്കും അതൊരു ഡിഗ്രി യോ, ഡിപ്ലോമയോ, സര്‍ട്ടിഫിക്കറ്റോ ആക്കാം. ഇത്തരത്തിലുള്ള വലിയ മെയ്‌വഴക്കം അക്കാദമിക്ക് ക്രെഡിറ്റ്‌സിന്റെ കാര്യത്തില്‍ പുതിയ രേഖ കാണിക്കുന്നുണ്ട്. ഇതൊരുകണക്കില്‍ BYO (Bring Your Own) ക്രെഡിറ്റ്‌സ് എന്നു പറയാം. എവിടെ പഠിക്കണം, എന്തു പഠിക്കണം, എപ്പോള്‍ പഠിക്കണം, എത്ര വരെ പഠിക്കണം എന്നൊക്കെ വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാം. ഇടയ്ക്ക് വച്ച് നിറുത്തിപ്പോയാലും പഠിച്ചതിനത്രയും വച്ച് ആ ക്രെഡിറ്റുകള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റോ, ഡിപ്ലോമയോ കൊടുക്കുവാന്‍ തയ്യാറാകുന്ന ഏതു സ്ഥാപനത്തില്‍ നിന്ന് തന്നെ അത് വാങ്ങുവാന്‍ വിദ്ധ്യാര്‍ത്ഥികള്‍ക്കു സാധിക്കുന്ന സ്ഥിതി വിശേഷമാ ണിത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ രാജാക്കന്മാരാകും.

ലിബറല്‍ അദ്വൈതവാദം

ഇനി മുതല്‍ നാം ഇന്ന് കാണുന്ന രീതിയിലുള്ള കോളേജുകള്‍ ഇല്ല, പ്രത്യേകിച്ച് എഞ്ചിനീയറിംഗ്, മെഡിക്കല്‍, ആര്‍ട്‌സ് സയന്‍സ്, ബിഎഡ് എന്നൊക്കെ തിരിച്ചുള്ള കോളേജുകള്‍. എല്ലാം എല്ലായിടത്തും ഉണ്ടാകണം, അതും വലുതായിരിക്കണം – പത്തു മൂവായിരം വിദ്യാര്‍ത്ഥികള്‍ എങ്കിലും ഉണ്ടാകണം. അതൊക്കെ സ്വയം ഭരണ സ്ഥാപനങ്ങള്‍ ആയിരിക്കും. അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റികള്‍ – എല്ലാ കലകളും ഒന്നാണെന്ന അദ്വൈത സിദ്ധാന്തം – അതാണ് ലിബറല്‍. വിവിധ വിജ്ഞാന ശാഖകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇടയാക്കുന്നത് കൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ കുതിച്ച് ചാട്ടത്തിനും, അതോടൊപ്പം തന്നെ ഘടനാപരമായ മാറ്റത്തിനും ഈ നയം വഴിതെളിക്കും. മഹാ"മേരു"ക്കളായി റിലയന്‍സിന്റെ ഉള്‍പ്പടെയു ള്ള ശ്രേഷ്ഠ സര്‍വ്വകലാശാലകള്‍ കൂടെ കളത്തിലെത്തുമ്പോള്‍ ഈ രംഗത്തെ ക്രിയാത്മക മത്സരം കടുക്കും. മറ്റുള്ളവരെല്ലാം അവരോടൊപ്പം ഓടിയെത്താനുള്ള തയ്യാറെടുപ്പുകള്‍ സഭാ സ്ഥാപനങ്ങള്‍ ഇപ്പൊഴേ തുടങ്ങണം.

സാങ്കേതിക വിദ്യയുടെ ചിറകിലേറി സാര്‍വ്വത്രികതയിലേക്ക്

വലിയ ഊന്നല്‍ കാണുന്നത് ഓണ്‍ലൈന്‍ ആന്‍ഡ് ഓപ്പണ്‍ കോഴ്‌സുകള്‍ക്കാണ്. റെഗുലര്‍ കോഴ്‌സ് പോലെ മേല്പറഞ്ഞ എല്ലാ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ആന്‍ഡ് ഓപ്പണ്‍ കോഴ്‌സു കള്‍ നടത്തണം. അതിലൂടെ ഉന്നത വിദ്യാഭ്യാസം ആര്‍ജിക്കുന്ന വരുടെ ശതമാനം ഗണ്യമായി വര്‍ദ്ധിപ്പിക്കാമെന്ന് പുതിയ നയം കണക്ക് കൂട്ടുന്നു. ലോകോത്തര നിലവാരത്തില്‍ ഗുണമേന്മയുള്ള ഓണ്‍ലൈന്‍ ഓപ്പണ്‍ സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോമുകളും അതിനു തക്ക പഠന വിഭവങ്ങളും സഭാ സ്ഥാപനങ്ങള്‍ ഒന്നിച്ചു നിന്ന് വികസിപ്പിച്ചെടുക്കേണ്ടി വരും.

ഭരണപരമായ ഘടനാ സംവിധാനം

അനിതര സാധാരണമായ സ്ട്രക്ച്ചറല്‍ ചേഞ്ചസും മള്‍ട്ടിപ്പിള്‍ ഹയരാര്‍ക്കിയിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് സ്ട്രക്ച്ചറും കൂടെ കുഴഞ്ഞ് സ്‌കൂള്‍ വിദ്യാഭ്യാസ രംഗം ഒരവിയല്‍ പരുവത്തിലായോ എന്ന് സംശയം. കൂടാതെ, പ്രത്യേക പ്രത്യയശാസ്ത്ര ങ്ങള്‍ കുത്തിത്തിരുകാനും, സ്ഥാപനങ്ങളുടെ നിയന്ത്രണം കൈ മാറ്റം ചെയ്യപ്പെടാനുമുള്ള ഒത്തിരി ലൂപ്പ് ഹോളുകളുമില്ലേ എന്നും സംശയം. അതെ സമയം ഉന്നത വിദ്യാഭ്യാസ രംഗത്ത് ഭരണപര മായ ഘടനാ സംവിധാനം ലഘൂകരിക്കപ്പെട്ടിട്ടുണ്ട്. അവിടെ ഒത്തിരി കൗണ്‍സിലുകളും ബോര്‍ഡുകളും ഒന്നും ഉണ്ടാവില്ല. ഒരൊറ്റ ബോര്‍ഡ്, അതിനു നാല് വെര്‍ട്ടിക്കല്‍സ്, ടീച്ചര്‍ എഡ്യൂ ക്കേഷന്‍ ഉള്‍പ്പടെ. പിന്നെ ആരോഗ്യ നിയമ പഠനങ്ങള്‍ക്ക് മാത്രം പ്രത്യേക ബോര്‍ഡുകള്‍. അങ്ങനെ വളരെ ലളിതമായ, എന്നാല്‍ വളരെ ഏകാധിപത്യപരമായ ഒരു സംവിധാനമായിരിക്കാന്‍ സാധ്യതയുണ്ട് അത്.
ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒത്തിരി നന്മയുള്ള, ഇരുപത്തി ഒന്നാം നൂറ്റാണ്ടിനെ നേരിടാന്‍ ഭാരതത്തിലെ യുവതയെ ശക്തി പ്പെടുത്തുന്ന, ക്രിയാത്മകമായ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന ഒരു നയ പ്രഖ്യാപനം തന്നെയാണിത്. സംശയം ഇത് എങ്ങനെ പ്രയോഗത്തില്‍ വരുത്തും എന്നതിനെക്കുറിച്ച് മാത്രമാണ്. പ്രത്യയ ശാസ്ത്രപരമായ കുത്തിത്തിരുപ്പുകള്‍ ഇല്ലാ തെ, എല്ലാവരുടെയും അഭിപ്രായങ്ങള്‍ ശ്രവിച്ചു കൊണ്ട്, എല്ലാവ രെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട്, ആവശ്യത്തിന് പണം വകയിരു ത്തിക്കൊണ്ട് ഇത് നടപ്പിലാക്കുകയാണെങ്കില്‍ ഭാരതത്തിന്റെ ഭാവി ഭാസുരമായിരിക്കും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org