ദേശീയ ബ്ലൂ ഇക്കോണമി നയം: പ്രത്യേകതകളും പ്രതികരണങ്ങളും
ഡോ. മാത്യു ഏര്‍ത്തയില്‍ എസ്.ജെ.
ഒമ്പത് കടലോര സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയ്ക്ക് 7,517 കിലോമീറ്റര്‍ നീളമുള്ള കടലോരവും 1,382 ഉള്‍നാടന്‍ ജലാശയങ്ങളുമുണ്ട്. അവയിലെ 12 വന്‍കിട തുറമുഖങ്ങളും 187 ചെറുതുറമുഖങ്ങളും വഴി 2019-ല്‍ 633.87 ദശലക്ഷം ടണ്‍ ചരക്കുകള്‍ കച്ചവടം ചെയ്തു. ഇന്ത്യയുടെ സ്വന്തമായ സമുദ്ര സാമ്പത്തിക മേഖലയില്‍ (ഋഃരഹൗശെ്‌ല ഋരീിീാശര ദീില) രണ്ട് ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശമുണ്ട്. 40 ദശലക്ഷം മീന്‍പിടുത്തക്കാരും തീരദേശ സമൂഹങ്ങളും കടലോരത്ത് വസിക്കുന്നു. രാജ്യത്തിന്റെ സമുദ്ര വിഭവങ്ങളുടേയും തീരദേശങ്ങളുടേയും സാമ്പത്തിക വളര്‍ച്ചയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും ദേശീയ സുരക്ഷയ്ക്കും ഉപകരിക്കുന്ന രീതിയില്‍ സുസ്ഥിര സാമ്പത്തിക വികസനമാണ് 'നാഷണല്‍ ബ്ലൂ ഇക്കോണമി' അഥവാ 'ദേശീയ നീല സമ്പദ് വ്യവസ്ഥ' എന്ന പേരുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
പ്രത്യേകതകള്‍: 2021 ഫെബ്രുവരി 17-ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം പ്രസിദ്ധീകരിച്ച ഈ കരട് നയരേഖയ്ക്ക് എട്ട് വിഭാഗങ്ങളുണ്ട്.
1) ബ്ലൂ ഇക്കോണമിയെപ്പറ്റിയുള്ള വിവരശേഖരണം
ഈ വിഷയത്തെപ്പറ്റി വ്യാപകമായ വിവരശേഖരണവും പഠനവും നടത്താന്‍ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്നതും അതിന്റെ റിപ്പോര്‍ട്ടുകള്‍ കാലാകാലങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്.
2) സമുദ്രത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിന് പദ്ധതികള്‍
കടലിലെ പ്ലാസ്റ്റിക്കും ഖരമാലിന്യങ്ങളും നീക്കം ചെയ്ത് അതിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിന്, വിവിധ കേന്ദ്ര മന്ത്രാലയങ്ങളേയും സംസ്ഥാന സര്‍ക്കാരുകളേയും തീരദേശ ജനങ്ങളേയും ഏകോപിപ്പിച്ച് ശാസ്ത്രീയവും കൃത്യവുമായ പദ്ധതികള്‍ നടപ്പിലാക്കുന്നതാണ്.
3) മത്സ്യബന്ധനവും സംസ്‌കരണവും
കടലിലെ മത്സ്യോല്പാദനത്തിനും മത്സ്യക്കൃഷിക്കും, ഡിജിറ്റല്‍ സംവിധാനങ്ങള്‍, ടെലി കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തും. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും ജീവനും സഹായിക്കുന്ന ആധുനിക ആശയവിനിമയ മാര്‍ഗ്ഗങ്ങളും മത്സ്യസംസ്‌ക്കരണ സംവിധാനങ്ങളും വികസിപ്പിച്ചെടുക്കും.
4) വ്യവസായ-വ്യാപാര വളര്‍ച്ച
കപ്പല്‍ നിര്‍മ്മാണം, തീരദേശ ഉള്‍നാടന്‍ ജലാശയങ്ങളിലെ ക്രൂസ് ടൂറിസം തുടങ്ങിയവയിലൂടെ സാമ്പത്തിക വികസനവും തൊഴില്‍ വളര്‍ച്ചയും ഉറപ്പാക്കും. ഇവയ്ക്ക് ധാരാളം മൂലധനം വേണ്ടതുകൊണ്ട് സ്വകാര്യസംരംഭകരുടെ സഹായം തേടുന്നതാണ്.
5) കപ്പല്‍ ഗതാഗതവും അടിസ്ഥാന സൗകര്യ വികസനവും
കപ്പല്‍ ഗതാഗതത്തിനുള്ള തുറമുഖങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കുന്നതിന് നൂതന സാങ്കേതിക വിദ്യകള്‍ ഇന്ത്യയില്‍ത്തന്നെ വികസിപ്പിച്ചെടുക്കാന്‍ 30 വര്‍ഷത്തെ ഒരു ബൃഹത് പദ്ധതി രൂപപ്പെടുത്തും.
6) ആഴക്കടല്‍ ഖനനവും ഊര്‍ജ്ജോല്പാദനവും
സമുദ്രത്തിലെ ലോഹങ്ങള്‍, ധാതുക്കള്‍ പുനരുദ്ധാരക ഊര്‍ജ്ജസ്രോതസ്സായ ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയവ ഖനനം ചെയ്യുവാന്‍ ഗവേഷണങ്ങളും പ്രവര്‍ത്തനങ്ങളും അന്താരാഷ്ട്ര ഏജന്‍സികളുടെയും ബഹുരാഷ്ട്ര കമ്പനികളുടേയും സഹായത്തോടെ നടപ്പിലാക്കും. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മിക വെല്ലാം ഇതിന് പ്രയോജനപ്പെടുത്തുന്നതാണ്.
7) കടല്‍ സുരക്ഷയും മറ്റു രാജ്യങ്ങളുമായു ള്ള ബന്ധങ്ങളും
മത്സ്യജൈവ സംരക്ഷണത്തിനും വളര്‍ച്ചയ്ക്കും മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് തന്ത്രങ്ങളും പരിപാടികളും ആവിഷ്‌ക്കരിക്കുന്നതാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നിരീക്ഷണവും രാജ്യസുരക്ഷയും ഉറപ്പാക്കുവാന്‍ അയല്‍ രാജ്യങ്ങളുമായി ധാരണയും സഹകരണവും വര്‍ദ്ധിപ്പിക്കും.
8) പ്രത്യേക ഭരണ സംവിധാനങ്ങള്‍
ബ്ലൂ ഇക്കോണമി നയം നടപ്പിലാക്കുവാന്‍ ദേശീയ ബ്ലൂ ഇക്കോണമി കൗണ്‍സില്‍ എന്ന പേരില്‍ ഒരു ദേശീയ ഉന്നതാധികാര സമിതി രൂപീകരിക്കുന്നതാണ്. അതിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് നടപ്പിലാക്കുവാന്‍ ഒരു നിര്‍വ്വാഹക സമിതിയും ഉണ്ടായിരിക്കും. കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സ്ഥിരഫണ്ടും ആവശ്യമായ നിയമങ്ങളും സമയാസമയം ഉണ്ടാക്കുന്നതാണ്.
ബ്ലൂ ഇക്കോണമി നയം ഇന്ത്യയുടെ സമുദ്രത്തെയും വിഭവങ്ങളെയും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തീറെഴുതും എന്ന ശക്തമായ ആശങ്ക നിലനില്ക്കുന്നു. ഇത് ദുരീകരിക്കുവാന്‍ ജനങ്ങള്‍ ഈ നയത്തോട് വിമര്‍ശനാത്മകമായി പ്രതികരിക്കേണ്ടതുണ്ട്. ജനങ്ങളുടെ വിവിധ വേദികളിലും പാര്‍ലമെന്റിലും ഇത് നടക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അവസരം ഉണ്ടാക്കണം.
പ്രതികരണങ്ങള്‍
ബ്ലൂ ഇക്കോണമി കരടു രേഖയെപ്പറ്റി വളരെക്കുറച്ച് പ്രതികരണങ്ങളേ കേരളത്തില്‍ ഉണ്ടായിട്ടുള്ളൂ. സംസ്ഥാന സര്‍ക്കാരിന്റെ ആഴക്കടല്‍ മത്സ്യബന്ധന കരാറിനെപ്പറ്റിയുള്ള വിവാദമാകാം ഇതിനൊരു കാരണം. എന്നാല്‍ കോഴിക്കോട്ടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കടലില്‍ വള്ളങ്ങള്‍ നിരത്തി ഈ നയത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. മറ്റു ചില പ്രതികരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1) നമ്മുടെ സമുദ്രത്തെപ്പറ്റി ദീര്‍ഘവീക്ഷണത്തോടുകൂടിയ ഒരു സമഗ്രപദ്ധതിയാണ് ബ്ലൂ ഇക്കോണമി നയം. ഭൂമി കൂടുതലും കടലായതുകൊണ്ട് അതിന്റെ വിഭവങ്ങള്‍ മനുഷ്യനന്മയ്ക്കായി ഉപയോഗിക്കുന്നത് നല്ലതുതന്നെ.
2) ഈ നയരേഖയ്ക്ക് പ്രതികരണം അറിയിക്കുവാന്‍ പൊതുജനങ്ങള്‍ക്ക് 10 ദിവസമേ കൊടുത്തുള്ളൂ. കൂടാതെ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമാണ് ഈ രേഖ പ്രസിദ്ധീകരിച്ചത്.
3) കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന വിവിധ ജനവിഭാഗങ്ങളെ പ്രത്യേകിച്ച് അതിനെ ആശ്രയിച്ചുകഴിയുന്ന മീന്‍പിടുത്തക്കാരെ ഇത് കാര്യമായി പരിഗണിച്ചില്ല. പ്രസിദ്ധനായ ഒരു ഫിഷറീസ് ശാസ്ത്രജ്ഞന്‍ നിരീക്ഷിച്ചതുപോലെ, സമുദ്രവുമായി ബന്ധപ്പെട്ട മനുഷ്യരെ പ്രത്യേകിച്ച് മത്സ്യബന്ധന തൊഴിലാളികളെ കണക്കിലെടുക്കാതെ, അതിനെ ഒരു സാമ്പത്തിക സ്രോതസ് മാത്രമായി നോക്കിക്കാണുന്ന നയമാണിത്.
4) കടലിലെ ലോഹങ്ങളും ധാതുക്കളും ഖനനം ചെയ്യുമ്പോള്‍, അത് മത്സ്യങ്ങളുടെ ആവാസ കേന്ദ്രത്തേയും മത്സ്യസമ്പത്തിനെയും നശിപ്പിക്കുവാന്‍ സാധ്യതയുണ്ട്. അങ്ങനെ കടലിന്റെ പരിസ്ഥിതിയെ (ങമൃശില ഋരീഹീഴ്യ) അത് ദോഷകരമായി ബാധിക്കും. മത്സ്യത്തിന്റെ ലഭ്യത അത് കുറയ്ക്കുകയും, മീന്‍ കഴിക്കുന്നവരേയും പിടിക്കുന്നവരേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
5) തുറമുഖങ്ങളുടേയും അടിസ്ഥാന സൗകര്യങ്ങളുടേയും വ്യാപകമായ നിര്‍മ്മാണങ്ങള്‍ തീരത്തെ പരിസ്ഥിതി ലോലപ്രദേശങ്ങളെ ദുര്‍ബലമാക്കുകയും, കടലാക്രമണവും മറ്റു പ്രകൃതി ക്ഷോഭങ്ങളും രൂക്ഷമാക്കുകയും ചെയ്യും. ഇത് തീരദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കും.
6) ആഴക്കടല്‍ മത്സ്യക്കൃഷിയും ഖനനവും മറ്റും വലിയ സാമ്പത്തിക മുതല്‍ മുടക്കും ഉയര്‍ന്ന സാങ്കേതിക വിദ്യയും ആവശ്യമായതുകൊണ്ട് ബഹുരാഷ്ട്ര കമ്പനികള്‍ക്കു മാത്രമേ ഇത് ചെയ്യാനാകൂ. കടലുമായി ബന്ധപ്പെട്ട മീന്‍പിടുത്തക്കാര്‍ക്ക് ഇതില്‍ ഒരു പങ്കാളിത്തവും ഉണ്ടാകില്ല. അങ്ങനെ ഈ നയത്തിന്റെ ഗുണം അധികവും വിന്‍കിട കമ്പനിക്കാര്‍ക്കായിരിക്കും ലഭിക്കുക.
ബ്ലൂ ഇക്കോണമി നയം ഇന്ത്യയുടെ സമുദ്രത്തെയും വിഭവങ്ങളെയും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തീറെഴുതും എന്ന ശക്തമായ ആശങ്ക നിലനില്ക്കുന്നു. ഇത് ദുരീകരിക്കുവാന്‍ ജനങ്ങള്‍ ഈ നയത്തോട് വിമര്‍ശനാത്മകമായി പ്രതികരിക്കേണ്ടതുണ്ട്. ജനങ്ങളുടെ വിവിധ വേദികളിലും പാര്‍ലമെന്റിലും ഇത് നടക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ അവസരം ഉണ്ടാക്കണം. ഇല്ലെങ്കില്‍, ഈ നയം രാജ്യത്തിന് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. അത് ഉണ്ടാകാതിരിക്കട്ടെ.
(ലേഖകന്‍ മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുകയും അതിനെപ്പറ്റി ഗവേഷണം നടത്തി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.)