
ഫാ. ജേക്കബ് പുതുശേരി
1996-98 കാലയളവില്‍ രണ്ടു വര്‍ഷക്കാലം കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ സെക്രട്ടറിയായിരുന്നു ഞാന്‍. അക്കാലയളവില്‍ പിതാവിനോടുകൂടെ സ്വദേശത്തും വിദേശത്തും വളരെയധികം യാത്രകള്‍ നടത്തുവാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. അതില്‍ പിതാവിന് തന്റെ പ്രിയപ്പെട്ടവരോടും തന്റെ ശുശ്രൂഷകളെ സഹായിച്ചവരോടുമുള്ള കൃതജ്ഞത പ്രകാശിപ്പിക്കുവാനുള്ള രണ്ടു യാത്രകള്‍ എനിക്കു മറക്കാനാകില്ല. അതില്‍ ആദ്യത്തേത് മദര്‍ തെരേസയെ കാണുവാനായി കല്‍ക്കട്ടയിലേക്കു നടത്തിയ യാത്രയാണ്. രണ്ടാമത്തേത് തന്റെ നിരവധിയായ ഉപകാരികളെ നേരില്‍ കണ്ട് നന്ദി പറയുവാന്‍ വിദേശ രാജ്യങ്ങളിലേക്കു നടത്തിയ യാത്രയും.
മദര്‍ തെരേസയുമായി കര്‍ദ്ദി നാള്‍ മാര്‍ ആന്റണി പടിയറ നല്ല ആത്മബന്ധം പുലര്‍ത്തിയിരുന്നു. മദര്‍ തെരേസ രോഗിയായി കല്‍ക്കട്ടയില്‍ ചികിത്സയിലായിരിക്കുന്ന സമയം. മദറിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണ് എന്ന വാര്‍ത്ത പത്രങ്ങളിലും മറ്റു ദൃശ്യ മാധ്യമങ്ങളിലും എന്നും നിറഞ്ഞു നിന്നിരുന്നു. ആ വാര്‍ത്ത അറിഞ്ഞ പിതാവ് പറഞ്ഞു എനിക്ക് നാളെ മദര്‍ തെരേസയെ കാണണം. പിറ്റേന്ന് രാവിലെ തന്നെ കല്‍ക്കട്ടയ്ക്കു യാത്രയായി. വൈകിട്ട് അവിടെ എത്തി. ബിഷപ്പ് ഹൗസില്‍ താമസിച്ചു. അടുത്ത ദിവസം മദര്‍ തെരേസയെ കാണുവാന്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കര്‍ശന നിയന്ത്രണങ്ങളാണ് അന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. പ്രഭാതത്തില്‍ മദറിനു വേണ്ടി ബലിയര്‍പ്പിക്കുന്ന വൈദികനും, രൂപത മെത്രാനുമൊഴികെ മറ്റാര്‍ക്കും മദറിന്റെ മുറിയിലേക്ക് പ്രവേശനം അുവദിച്ചിരുന്നില്ല. ആശുപത്രി കോമ്പൗണ്ടില്‍ നിരവധി പത്രപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും ദൃശ്യമാധ്യമങ്ങളുടെ കാമറാമാന്‍മാരും റിപ്പോര്‍ട്ടര്‍മാരും കാത്തു നില്‍പ്പുണ്ടായിരുന്നു. ആ കൂട്ടത്തില്‍ മലയാളത്തിലെ ഒരു ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫറേയും കണ്ടു. പിതാവിനെ കണ്ടതോടെ എല്ലാവരും പിതാവിന്റെ ചുറ്റും കൂടി. തിരിച്ചു വരുമ്പോള്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാം എന്നു പറഞ്ഞ് പിതാവ് നടന്നു.
ആശുപത്രിയിലെ ചെറിയ ഒരു മുറിയിലാണ് മദര്‍ കിടന്നിരുന്നത്. ഞങ്ങള്‍ മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ മദര്‍ കട്ടിലില്‍ ഇരിക്കുകയായിരുന്നു. മദറിനെ ശുശ്രൂഷിക്കുന്ന ഒന്നു രണ്ടു സിസ്റ്റേഴ്‌സും അവിടെ ഉണ്ടായിരുന്നു. വളരെ സ്‌നേഹത്തോടെ പിതാവിനെ മദര്‍ സ്വീകരിച്ച് സംസാരിച്ചു. മദറിന്റെ ശിരസില്‍ കൈകള്‍വച്ച് പിതാവ് പ്രാര്‍ത്ഥിച്ചു. തിരിച്ചു പോരാന്‍ നേരം, മദറിന്റെ കല്‍ക്കട്ടയിലുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച ശേഷമേ കേരളത്തിലേക്ക് മടങ്ങാവൂ എന്നു മദര്‍ പിതാവിനോടു പറഞ്ഞതും എന്റെ ശിരസില്‍ കൈകള്‍ വച്ച് അനുഗ്രഹിച്ചതും എന്നെ സന്തോഷിപ്പിച്ചു. മദറിനെ കണ്ട് വളരെ സന്തോഷത്തോടെ മദറിന്റെ സ്ഥാപനങ്ങളും സന്ദര്‍ശിച്ചാണ് കല്‍ക്കട്ടയില്‍ നിന്നും കര്‍ദ്ദിനാള്‍ മടങ്ങിയത്. അത് അവരുടെ അവസാനത്തെ കൂടിക്കാഴ്ച്ചയായിരുന്നു. പിന്നീട് ഏതാണ്ട് എട്ടു മാസങ്ങള്‍ക്കു ശേഷം മദര്‍ തെരേസ മരിക്കുമ്പോള്‍ പിതാവ് അയര്‍ലണ്ടില്‍ ആയിരുന്നു. സംസ്‌ക്കാര കര്‍മ്മങ്ങള്‍ ടെലവിഷനില്‍ കണ്ട പിതാവ് ആ ദിവസം മുഴുവന്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു.
ഓരോ മാസത്തേക്കുമായി പിതാവ് സൂക്ഷിച്ചിരുന്ന പന്ത്രണ്ടു കാര്‍ഡുകള്‍ പിതാവിന്റെ പക്കല്‍ ഉണ്ടായിരുന്നു. അതില്‍ ഓരോ മാസവും ജന്മദിനവും നാമഹേതുക തിരുനാളും വിശേഷദിവസങ്ങളുടെ വാര്‍ഷികവും ആഘോഷിക്കുന്നവരുടെ വിശദവിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. അതനുസരിച്ച് ആ വിശേഷദിവസത്തിനു മുമ്പു തന്നെ ലഭിക്കത്തക്ക വിധം ആശംസാകാര്‍ഡുകള്‍ പിതാവ് അയക്കുമായിരുന്നു. അതുപോലെ തന്നെ നവംബര്‍ മാസത്തിന്റെ അവസാനത്തിലും ഡിസംബര്‍മാസത്തിന്റെ ആരംഭത്തിലുമായി ലഭിക്കത്തക്ക വിധം എല്ലാവര്‍ക്കും ക്രിസ്മസ് നവവത്സര ആശംസാ കാര്‍ഡുകളും പിതാവ് അയക്കുമായിരുന്നു. ബന്ധങ്ങള്‍ സൂക്ഷിക്കുന്നതില്‍ പിതാവ് കാണിച്ചിട്ടുള്ള താല്പര്യവും അതിലുള്ള ശ്രദ്ധയുമാണ് ഇത് വ്യക്തമാക്കുന്നത്. ഈ ബന്ധങ്ങള്‍ പിതാവ് തന്റെ ചുമതലയിലുള്ള രൂപതകളുടെ വളര്‍ച്ചയ്ക്ക് വളരെയധികം ഉപയോഗിച്ചിട്ടുണ്ട്.
മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ചുമതലകളില്‍ നിന്ന് വിരമിച്ച് അധികം വൈകാതെ തന്നെ കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറ ഇറ്റലി, ജര്‍മ്മനി, അമേരിക്ക, കാനഡ, അയര്‍ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്റ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. സന്ദര്‍ശനോദേശ്യം തന്റെ ഉപകാരികളെ നേരില്‍ കണ്ട് നന്ദി പറയുക എന്നതും. അഞ്ചു മാസങ്ങള്‍ നീണ്ട യാത്രയായതിനാലും പ്രായത്തിന്റെയും രോഗത്തിന്റെയും ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതിനാലും യാത്രയില്‍ ഒരു സഹായിയായി എന്നെയും കൂട്ടി. അമേരിക്കയില്‍ മിനസോട്ടയില്‍ സെന്റ് പോള്‍ പട്ടണത്തിലെ വികാരിയായിരുന്നു കര്‍ദ്ദിനാളിന്റെ എറ്റവും അടുത്ത സുഹൃത്തായിരുന്ന റവ. ഫാ. ആല്‍ബര്‍ട്ട് ബേണ്‍. അവിടെ താമസിക്കുമ്പോള്‍ എല്ലാ ദിവസവും ഉപകാരികളെ നേരില്‍ കാണുകയും നന്ദി പറയുകയും ചെയ്യുമായിരുന്നു. പല ദിവസങ്ങളിലും രാത്രി അത്താഴ ശേഷമാണ് തിരിച്ചെത്തിയിരുന്നത്. പിതാവിനെ കിടത്തി ഉറക്കിയ ശേഷം വേണം എനിക്ക് വസ്ത്രങ്ങള്‍ അലക്കി, ഉണക്കി, തേച്ചെടുക്കാന്‍. ഒരു രാത്രിയില്‍ വസ്ത്രങ്ങള്‍ എടുത്തുവച്ച ശേഷം എന്റെ മുറിയിലേക്കു പോകുമ്പോള്‍ ഒരു മണി കഴിഞ്ഞിരുന്നു. പിതാവിന്റെ മുറിയില്‍ നിന്നും കരച്ചില്‍ കേട്ട് ഞാന്‍ മുറിയിലേക്ക് ഓടിക്കയറി. പിതാവ് നെഞ്ചു തിരുമിക്കൊണ്ട് നിലവിളിക്കുന്ന കാഴ്ചയാണ് ഞാന്‍ കണ്ടത്. എന്റെ മാതാവേ, എന്നെ രക്ഷിക്കണേ, ഞാനിപ്പോള്‍ മരിക്കും എന്നു പറഞ്ഞാണ് കരയുന്നത്. എന്നില്‍'ഭയം സങ്കടം ആകുലത തുടങ്ങി എന്തെന്നില്ലാത്ത വികാരങ്ങള്‍ നിറഞ്ഞു. എന്തു ചെയ്യണമെന്ന് അറിയാതെ ഞാന്‍ വിഷമിച്ചു. നെഞ്ചു തിരുമി കൊടുത്തു, ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരെയാകാന്‍ അറിയാവുന്ന രീതിയില്‍ ഇജഞ കൊടുത്തു. കുലുക്കി വിളിച്ചു. കരച്ചിലും ബഹളവും മാത്രം. അവസാനം ആകുലതയോടെ പോയി ഒരു ഗ്ലാസ് വെള്ളം കൊണ്ടുവന്ന് മുഖത്തു തളിച്ചു. എന്തേ എന്തേ എന്നു ചോദിച്ച് പിതാവ് ചാടി എണീറ്റു. എന്തേ എന്ന് എന്നോടൊരു ചോദ്യം. ഞാന്‍ ചോദിച്ചു എന്തേ എന്ന് എന്നോടോ? എന്താ പറ്റിയേ? പിതാവിന്റെ ഉത്തരം കേട്ട് ഞാന്‍ പൊട്ടിച്ചിരിച്ചു. ഞാനൊരു സ്വപ്നം കണ്ടതാണ്. മണിമല പാലം തകര്‍ന്നു, ഞാനും കൂടെ കുറച്ചാളുകളും മണി മലയാറ്റില്‍ ഒഴുക്കില്‍പ്പെട്ടു.
ഇതൊരു സ്വപ്നമാണെങ്കിലും ഈ സ്വപ്നത്തിലും പിതാവിന്റെ ദിനചര്യയുടെ സ്വാധീനമുണ്ട്. എല്ലാ യാത്രകളിലുമുടനീളം ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്ന ആ ളാണ് കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറ. യാത്രകളില്‍ ഞങ്ങള്‍ പൊതുവായി ചൊല്ലുന്ന ജപമാല കൂടാതെ ജപമാലമണികള്‍ ഉരുട്ടി പിതാവ് എപ്പോഴും പ്രാര്‍ത്ഥിക്കുമായിരുന്നു. പൊതു ജപമാലയ്ക്കു ശേഷം ലത്തിന്‍ ഭാഷയില്‍ പിതാവ് ഉയര്‍ന്ന സ്വരത്തില്‍തന്നെ മരിയ സ്തുതി ഗീതം ആലപിക്കുമായിരുന്നു. മരിയ ഭക്തനായ പിതാവ് ഉറക്കത്തിലും സ്വപ്നത്തില്‍ പോലും മാതാവിന്റെ സഹായം പ്രാര്‍ത്ഥിച്ചിരുന്നു. ഇന്ന് തന്റെ നൂറാം ജന്മവര്‍ഷത്തില്‍ മാതാവിന്റെ അടുത്തിരുന്ന് കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറ നമുക്കും നമ്മുടെ സഭയ്ക്കും വേണ്ടി ദൈവസന്നിധിയില്‍ മാദ്ധ്യസ്ഥം വഹിക്കട്ടെ.