എന്റെ ദൈവമേ, അങ്ങ് എവിടെയാണ്?

എന്റെ ദൈവമേ, അങ്ങ് എവിടെയാണ്?

എം.ജെ. തോമസ് എസ്.ജെ.

മഹാമാരിക്കാലം ഏവര്‍ക്കും ഒരു പരീക്ഷണഘട്ടം തന്നെ ആയിരുന്നു. ജീവിതത്തിന്റെ സമസ്ത കാര്യങ്ങളും വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു. ജീവിക്കുക എന്നാല്‍ പല വിട്ടുവീഴ്ചകള്‍ക്കും തയ്യാറാവുകയാണെന്ന വസ്തുത നാം അനുഭവത്തില്‍നിന്നും പഠിക്കുകയാണ്. ഒന്നിനും ഒരു സ്ഥിരതയുമില്ല. എല്ലാം മാറിയിരിക്കുന്നു. ഒന്നും ഇനി മുമ്പത്തേതുപോലെ ആയിരിക്കുകയില്ല. വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്തവര്‍ സ്വയം തകരും.

നമ്മുടെ ജീവിതത്തിന്റെ മനഃശാസ്ത്രപരവും ആദ്ധ്യാത്മികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് പ്രതിപാദിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ജനങ്ങളുടെ കൊടിയ ദുഃഖവും വേദനയും എവിടെയും ദര്‍ശിക്കാം. ശ്വാസതടസ്സം നേരിടുന്നവര്‍, മരണത്തിന് കീഴ്‌പ്പെടുന്നവര്‍, കോവിഡ് പ്രോട്ടൊക്കോള്‍ അനുസരിച്ചുള്ള ശവസംസ്‌കാരം, ശവശരീരങ്ങളുടെ കൂമ്പാരം, അനാഥകുട്ടികള്‍, വാക്‌സിന്റെ ദൗര്‍ലഭ്യം, ഓക്‌സിജന്റെ കുറവ്, ആശുപത്രി സേവനത്തിന്റെ അഭാവം! ഇതൊക്കെ കാണുന്നവര്‍ ചോദിച്ചുപോകുന്നു: "എവിടെയാണ് ദൈവം? ദൈവം നമ്മെ ഉപേക്ഷിച്ചോ? ദൈവം നമ്മെ ശിക്ഷിക്കയാണോ? എന്തിനാണ് ദൈവം ഈ മഹാമാരി അയച്ചത്, അല്ലെങ്കില്‍ അനുവദിച്ചത്? എല്ലാം സാധ്യമായ, സര്‍വ്വശക്തനായ ദൈവം എന്തുകൊണ്ടാണ് ഇതൊക്കെ അവസാനിപ്പിക്കാത്തത്? നിരുപാധിക സ്‌നേഹമായ ദൈവം ദശലക്ഷക്കണക്കിനു വരുന്ന ആളുകളുടെ കദനക്കരച്ചിലുകള്‍ കേള്‍ക്കാഞ്ഞതെന്ത്? പ്രായമായവരും ആദ്ധ്യാത്മികജീവിതം നയിക്കുന്നു എന്നു കരുതുന്നവരും ഉന്നയിക്കുന്ന ചോദ്യങ്ങളാണിവ. "ദൈവം തന്നു, ദൈവം എടുത്തു. ദൈവം ആരാധിക്കപ്പെടട്ടെ" എന്നായിരുന്നു ജോബിന്റെ ഉത്തരം. തോബിത്തിന്റെ ഉത്തരം: "അവിടുന്ന് എനിക്ക് ദുരിതങ്ങള്‍ അയച്ചു. എന്നാലും എന്നോടു കരുണ കാണിച്ചു" എന്നും (11:15). ഇതിലും കൂടുതലായ ഒരുത്തരം നമുക്കാവശ്യമാണ്.

ഉത്തരത്തിനുള്ള ഉദ്യമം

എയ്ഡ്‌സ് രോഗം എങ്ങനെ ഉത്ഭവിച്ചെന്നും എങ്ങനെ പകരുന്നുവെന്നും ശാസ്ത്രം നമ്മെ പഠിപ്പിച്ചതിനു ശേഷം, അതിന് നാം ദൈവത്തെ പഴിക്കാറില്ല. കൊറോണാ വൈറസിന്റെ ഉത്ഭവം ലബോറട്ടറിയിലായിരിക്കാമെന്നുള്ള വായനനിലനില്‍ക്കുമ്പോള്‍, ഒരു ജൈവായുധ യുദ്ധത്തിന്റെ സാധ്യതയുമുള്ളപ്പോള്‍, സ്വാര്‍ത്ഥരും ദുഷ്ടരുമായ ഭരണാധികാരികള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ ദൈവത്തെ ഈ മഹാമാരിക്ക് ഉത്തരവാദിയാക്കേണ്ടതുണ്ടോ? യേശുവിനെ ഒറ്റിക്കൊടുക്കുവാന്‍ ദൈവത്തിന്റെ അനുവാദം ചോദിച്ചു മേടിച്ചിട്ടല്ല. ഇതെല്ലാം ചെയ്യുന്നതിന് ദൈവം അവരെ ഏല്പിച്ചിരുന്നുമില്ല. ഈ വൈറസോ ഏതെങ്കിലും ശാസ്ത്രജ്ഞനോ ഈ ദുരിതങ്ങള്‍ ജനങ്ങള്‍ക്കു നല്കുവാന്‍ ദൈവത്തിന്റെ അനുവാദം തേടിയിരുന്നോ? പിന്നെ എങ്ങനെയാണ് ഈ മഹാമാരിക്ക് ദൈവത്തെ കുറ്റപ്പെടുത്തുക!

മനുഷ്യന്റെ സഹനങ്ങളില്‍ ദൈവം നിസംഗനാണോ? 'അല്ലാ' എന്നാണ് വിശുദ്ധ ഗ്രന്ഥം നല്കുന്ന ഉത്തരം. തന്റെ ജനത്തിന്റെ വിലാപത്തോട് ഫലപ്രദമായി, രക്ഷാകരമായി പ്രവര്‍ത്തിക്കുന്നവനാണ് ദൈവം. തന്റെ ജനത്തിന്റെ വിശപ്പും ദാഹവും ശമിപ്പിക്കുന്നവന്‍, യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേയ്ക്കു നയിക്കുന്നവന്‍, ജനതയോടൊപ്പം കൂടാരമടിച്ചു വസിക്കുന്നവന്‍, അമ്മയെപ്പോലെ തന്റെ മക്കളെ ആശ്വസിപ്പിക്കുന്നവന്‍. ഈ ദൈവമാണ് ഏവര്‍ക്കും വേദനാജനകമായി മരിക്കുന്നത്. എവിടെയാണ് ഇതിലും വലിയ സ്‌നേഹം! ദൈവം സ്‌നേഹം തന്നെയാണ്.

ജനങ്ങളുടെ കൊടിയ ദുഃഖവും വേദനയും എവിടെയും ദര്‍ശിക്കാം. ശ്വാസതടസ്സം നേരിടുന്നവര്‍, മരണത്തിന് കീഴ്‌പ്പെടുന്നവര്‍, കോവിഡ് പ്രോട്ടൊക്കോള്‍ അനുസരിച്ചുള്ള ശവസംസ്‌കാരം, ശവശരീരങ്ങളുടെ കൂമ്പാരം, അനാഥകുട്ടികള്‍, വാക്‌സിന്റെ ദൗര്‍ലഭ്യം, ഓക്‌സിജന്റെ കുറവ്, ആശുപത്രി സേവനത്തിന്റെ അഭാവം! ഇതൊക്കെ കാണുന്നവര്‍ ചോദിച്ചുപോകുന്നു: "എവിടെയാണ് ദൈവം? ദൈവം നമ്മെ ഉപേക്ഷിച്ചോ?"

നാം സഹനത്തിലൂടെ കടന്നുപോകുമ്പോള്‍ എവിടെയാണ് ദൈവം? നാസി തടങ്കലിലായിരുന്ന വിക്ടര്‍ ഫ്രാങ്ക് എന്ന മനഃശാസ്ത്രജ്ഞന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ അനുഭവം പങ്കുവയ്ക്കുന്നു: ഏതോ ഒരു ചെറിയ തെറ്റിന് ആരും ഉത്തരവാദിത്വം ഏറ്റെടുക്കാത്തതുകൊണ്ട് പത്തു തടവുകാരെ പൊതുസ്ഥലത്തുവച്ച് തൂക്കിക്കൊല്ലുവാന്‍ തീരുമാനിച്ചു. അതില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടിരുന്നു. മുതിര്‍ന്നവര്‍ പെട്ടെന്നുതന്നെ മരിച്ചു. കുട്ടിയാകട്ടെ മരിക്കാതെ ഏറെ നേരം തൂങ്ങിക്കിടന്ന് പിടയുന്നതുകണ്ട്, ഒരു സഹതടവുകാരന്‍ അട്ടഹസിച്ചു: "എവിടെയാണ് ദൈവം?" കുട്ടിയെ ചൂണ്ടിക്കാട്ടി വേറൊരു തടവുകാരന്‍ പറഞ്ഞു: "അവിടെ കുട്ടിയോടൊപ്പം ദൈവം തൂക്കിലുണ്ട്" എന്ന്. ഇതാണ് വിശ്വാസത്തിന്റെ ഉത്തരം. കാരുണ്യം പ്രകടമല്ലെങ്കിലും ദൈവത്തിന്റെ കരുണയിലുള്ള വിശ്വാസം ദൈവം 'നിസ്സഹായനാണെന്ന്,' നിഷ്‌ക്രിയനാണെന്ന് തോന്നാം.

മഹാമാരിക്കാലത്ത് അനേകര്‍ ജീവിക്കുന്നത് ഭയത്തിലാണ്. ഇത് വിശ്വാസക്കുറവിന്റെ സൂചനയാണ്. വിശ്വാസം നമുക്കു നല്കുന്നത് ധൈര്യവും പ്രത്യാശയുമാണ്. ഗ്യാസ് ചേമ്പറിലേക്ക് നയിക്കപ്പെട്ട ഒരുവളോട് അന്തേവാസിയായ ഒരു സുഹൃത്ത് ചോദിച്ചു: "നാസികളുടെ പിടിയിലായിരിക്കുന്നതില്‍ നിനക്കു ഭയമില്ലേ?" എന്ന്. "ഒട്ടുമില്ല. ഞാന്‍ നാസികളുടെ പിടിയിലല്ല. ദൈവത്തിന്റെ പിടിയിലാണ്. ദൈവത്തിന്റെ കരങ്ങളിലായതുകൊണ്ട് എനിക്ക് തെല്ലും ഭയമില്ല." ഇതാണ് ഭയത്തെ അതിജീവിക്കുന്ന വിശ്വാസം. നാസികളാല്‍ തൂക്കിക്കൊല്ലപ്പെടുന്നതിനു അല്പം മുമ്പ് ആല്‍ഫ്രഡ് ഡെല്‍പ് എസ്.ജെ. ഒരു തുണ്ടുകടലാസില്‍ കുറിച്ചുവച്ചു: "ദൈവത്തിന്റെ സ്‌നേഹം (ജയിലിന്റെ) എല്ലാ സുഷിരങ്ങളില്‍ നിന്നും എന്നിലേക്ക് ഊറി വരുന്നു" എന്ന്. വിശ്വാസം തരുന്ന ആശ്വാസം.

എന്തുകൊണ്ടാണ് ദൈവം ദുരന്തങ്ങള്‍ക്കൊരന്ത്യം വരുത്താത്തത് എന്ന് നമ്മള്‍ ദൈവത്തോടു ചോദിക്കുമ്പോള്‍, അതേ ചോദ്യം ദൈവം നാം ഓരോരുത്തരോടും ചോദിക്കയാണ്: "എന്തുകൊണ്ടാണ് നീ ഇതവസാനിപ്പിക്കാത്തത്? നീ എന്തു ചെയ്യുന്നു?" എന്ന്. ദൈവം ആഗ്രഹിക്കുന്നത് നമുക്ക് നമ്മോടും, മറ്റുള്ളവരോടും ഉത്തരവാദിത്വം ഉണ്ടായിരിക്കണമെന്നാണ്. ആവിലായിലെ വിശുദ്ധ തെരേസ പറഞ്ഞതുപോലെ: "ഇപ്പോള്‍ ക്രിസ്തുവിന് നിന്റേതല്ലാതെ വേറെ ശരീരമില്ല. നിന്റേതല്ലാതെ വേറെ കരങ്ങളില്ല. നിന്റെ കരങ്ങളിലൂടെയാണ്…" ദൈവത്തിനും ജനങ്ങള്‍ക്കും നമ്മെക്കൊണ്ട് ആവശ്യമുണ്ട്.

ലളിതജീവിതം നയിക്കാനും ധൂര്‍ത്തും ആഡംഭരങ്ങളും ഒഴിവാക്കാനും മഹാമാരി നമ്മെ പഠിപ്പിക്കുന്നു. ദേവാലയ ശുശ്രൂഷകളുടെ അഭാവത്തില്‍, പതിവുള്ളതും നിര്‍ബന്ധിതവുമായ ഭക്താനുഷ്ഠാനങ്ങളുടെ അസാന്നിദ്ധ്യത്തില്‍, സ്വന്തം ആദ്ധ്യാത്മിക ജീവിതത്തിന് നമ്മള്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. "ഭാവിയിലെ ക്രിസ്ത്യാനി ഒരു ാ്യേെശര ആയിരിക്കുമെന്നും, അല്ലാത്തപക്ഷം അവന് നിലനില്പുണ്ടാകയില്ലെന്നുമുള്ള ഗമൃഹ ഞമവിലൃ ടെ ഉള്‍ക്കാഴ്ച ശരിയെന്നു തെളിയിക്കുകയാണ്.

കണ്ണു തുറപ്പിക്കുന്ന ഒരനുഭവം പങ്കുവയ്ക്കട്ടെ. ഹൈന്ദവരായ ഡോക്ടര്‍ ദമ്പതികളുടെ മിടുമിടുക്കിയായ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് രക്താര്‍ബുദം ഏറെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിക്കഴിഞ്ഞിരിക്കുന്നു എന്ന് വൈദ്യശാസ്ത്രം വിധിയെഴുതി. മാതാപിതാക്കള്‍ തകര്‍ന്നുപോയി. നിരാശരായി അവര്‍ ചോദിച്ചുകൊണ്ടിരുന്നു, 'എന്തുകൊണ്ടാണ് ദൈവം ഇത് അനുവദിച്ചത്' എന്ന്. ദുരിതങ്ങളുടെ ദിനങ്ങള്‍. അപ്പോഴാണ് കുടുംബസുഹൃത്തായ ഫാദര്‍ വിന്‍സെന്റ് എസ്.ജെ. അവരെ സന്ദര്‍ശിച്ചത്. അവരോടൊപ്പം ഏറെ നേരം ചെലവിടുകയും, വിഷമാവസ്ഥയില്‍ പങ്കുചേരുകയും ചെയ്തശേഷം, സൗഹൃദം നല്കുന്ന അധികാരത്തോടെ അച്ചന്‍ അവരോടു പറഞ്ഞു: "ദൈവത്തെ ചോദ്യം ചെയ്യുന്നത് ദയവായി നിറുത്തുക. ഉത്തരം എന്തായാലും അത് പ്രശ്‌നപരിഹാരമാവില്ല. പകരം, വേദന നിറഞ്ഞ ഈ അവസ്ഥയെ സ്വീകരിക്കുക. എന്നിട്ട് സ്വയം ചോദിക്കുക, മകളുടെ ആരോഗ്യത്തിനുവേണ്ടി എന്ത് ചെയ്യാനാകുമെന്ന്." അത് അവരുടെ കണ്ണു തുറന്നു. രോഗം ചികിത്സിച്ചു ഭേദമാക്കുന്നതില്‍ അവര്‍ പ്രതിബദ്ധതയോടും പ്രത്യാശയോടും കൂടി ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചു. അത് അവരുടെ ജീവിതത്തിന് അര്‍ത്ഥം നല്കി, ലക്ഷ്യബോധവും ഉണര്‍വ്വും ഉണ്ടാക്കി.

മഹാമാരി നമ്മെ ആകമാനം വെല്ലുവിളിക്കയാണ്. പൂര്‍ണ്ണ ആരോഗ്യം ഒരു മരീചികയാണ്. മരണം യഥാര്‍ത്ഥ്യവും അടുത്ത സാദ്ധ്യതയും. ആംബുലന്‍സുകളുടെ തുടരെത്തുടരെയുള്ള സൈറന്‍ വാഹനത്തിലൂടെ കടന്നുപോകുന്ന ജനലക്ഷങ്ങളുടെ ഓര്‍മ്മ നമ്മിലെത്തിക്കുന്നു. അവരോടു അനുകമ്പയും കരുതലും പുലര്‍ത്തണമെന്നും, സ്വന്തം കാര്യത്തില്‍ മാത്രം വ്യാപൃതരായി ജീവിക്കരുതെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. "മരണാനന്തരം എന്ത്?" എന്ന ചോദ്യം ഗൗരവത്തോടെ പരിഗണിക്കേണ്ടി വരുന്നു. ഇത്തരം പരിഗണനകള്‍ ആരോഗ്യകരമായ നല്ല ആദ്ധ്യാത്മികതയ്ക്ക് വഴിയൊരുക്കും. നല്ല ആദ്ധ്യാത്മികത സമ്മാനിക്കുന്നത് ജീവസുറ്റ, അര്‍ത്ഥവത്തായ, പ്രസന്നമായ, സന്തോഷകരമായ, ഫലപ്രദമായ ജീവിതമാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org