![വിശ്വാസിസമൂഹത്തിന്റെ അമ്മ [Mater Populi Fidelis]: ചില നിരീക്ഷണങ്ങള്‍](http://media.assettype.com/sathyadeepam%2F2025-11-13%2F3t3a9thi%2Fmater-populi-fidelis-01.jpg?w=480&auto=format%2Ccompress&fit=max)
![വിശ്വാസിസമൂഹത്തിന്റെ അമ്മ [Mater Populi Fidelis]: ചില നിരീക്ഷണങ്ങള്‍](http://media.assettype.com/sathyadeepam%2F2025-11-13%2F3t3a9thi%2Fmater-populi-fidelis-01.jpg?w=480&auto=format%2Ccompress&fit=max)
ഫാ. ഡോ. സെബാസ്റ്റ്യന്‍ ചാലയ്ക്കല്‍
റെക്ടര്‍, മേരിമാതാ സെമിനാരി തൃശൂര്‍
സെക്രട്ടറി, സീറോമലബാര്‍സഭ ഡോക്‌ട്രൈനല്‍ കമ്മീഷന്‍
2025 നവംബര്‍ 4-ാം തീയതി വിശ്വാസകാര്യങ്ങള്‍ക്കായുള്ള കാര്യാലയം പ്രസിദ്ധീകരിച്ച വിശ്വാസിസമൂഹത്തിന്റെ അമ്മ (Mater Populi Fidelis) എന്ന പ്രബോധനത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. കത്തോലിക്കാസഭയിലെ ഒരു പ്രബോധനവും ഒറ്റതിരിഞ്ഞ് വേര്‍പെട്ട് നില്‍ക്കുന്നതല്ല. അതുകൊണ്ടുതന്നെ ഈ പ്രബോധനരേഖയുടെ അടിസ്ഥാനപഠനങ്ങള്‍ തിരുസഭയുടെ പ്രബോധനങ്ങളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ ലേഖനത്തിലൂടെനടത്തുന്നത്.
രക്ഷാകര പദ്ധതിയില്‍ മറിയം വഹിച്ച അതുല്യമായ സഹകരണത്തെ പ്രകടമാക്കുന്ന ദൈവമാതാവ്, വിശ്വാസികളുടെ മാതാവ്, സഭയുടെ മാതാവ് തുടങ്ങിയ അഭിധാനങ്ങള്‍ മറിയത്തെ ആദരിക്കാന്‍ ഉപയോഗിക്കണമെന്ന് ഈ പ്രബോധനരേഖ വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നു.
മറിയത്തെക്കുറിച്ച് വിവേകത്തോടും ശ്രദ്ധയോടുംകൂടെ ഉപയോഗിക്കേണ്ട വിശേഷണങ്ങള്‍: മധ്യസ്ഥ, സകല കൃപകളുടെയും മധ്യസ്ഥ.
മറിയത്തെക്കുറിച്ച് സകല കൃപകളുടെയും മധ്യസ്ഥ, മധ്യസ്ഥ എന്നീ വിശേഷണങ്ങള്‍ വിവേകപൂര്‍വ്വം ഉപയോഗിക്കണമെന്ന് ഈ രേഖ ഓര്‍മ്മിപ്പിക്കുന്നു.
ഈശോയാണ് ഏകമധ്യസ്ഥന്‍ എന്നതും മറിയത്തിന്റെ മാധ്യസ്ഥം വഹിക്കലും രണ്ടും രണ്ടു കാര്യങ്ങളായിത്തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. മനുഷ്യവര്‍ഗ്ഗത്തിനും ദൈവത്തിനും ഇടയിലുള്ള ഏക മധ്യസ്ഥന്‍ ഈശോ മാത്രമാണ്. ഈ സത്യം വിശുദ്ധ ഗ്രന്ഥത്തിലും വിശുദ്ധ പാരമ്പര്യത്തിലും അടിസ്ഥാനമുള്ള സഭയുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളില്‍ ഒന്നാണ്. ഈശോ എപ്രകാരമാണ് ഏകമധ്യസ്ഥനായി തീരുന്നത്? ദൈവം മനുഷ്യനായി അവതരിച്ചവനാണ് ഈശോ. അത് ഈശോ മാത്രമേയുള്ളൂ. അപ്രകാരം ഈശോ ഒരേ സമയം സത്യദൈവവും സത്യമനുഷ്യനുമാണ്. അസ്തിത്വാത്മകമായിതന്നെ, ഈശോ മധ്യസ്ഥനാണ്, ഏക മധ്യസ്ഥനാണ്. ആ ഒരു സ്ഥാനം മറ്റാര്‍ക്കും നല്‍കാന്‍ സാധിക്കുകയില്ല. തന്റെ പെസഹാരഹസ്യങ്ങളിലൂടെ ഈശോ മനുഷ്യവര്‍ഗ്ഗത്തെ ദൈവവുമായി അനുരഞ്ജിപ്പിച്ചു. ഈ അര്‍ഥത്തില്‍ മനുഷ്യവര്‍ഗ്ഗത്തിനും ദൈവത്തിനും ഇടയിലുള്ള ഏക മധ്യസ്ഥന്‍ ഈശോ മാത്രമാണ്. മറ്റാരും ആ വിശേഷണത്തിന് അര്‍ഹരല്ല. മനുഷ്യവര്‍ഗ്ഗത്തെ ദൈവവുമായി അനുരഞ്ജിപ്പിച്ച രക്ഷാകരദൗത്യം ഈശോയ്ക്ക് മാത്രം ചെയ്യാവുന്നതാണ്. ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ മധ്യസ്ഥനായി ഒരുവനേയുള്ളൂ - മനുഷ്യനായ യേശുക്രിസ്തു (1 തിമോ. 2:5).
യേശുക്രിസ്തുവിന്റെ അനന്യതയെക്കുറിച്ചുള്ള പുതിയ നിയമത്തിന്റെ ഭാഷ വ്യക്തവും ശക്തവുമാണ്. യേശുവിന്റെ അനന്യതയിലും സാര്‍വ്വത്രികതയിലുമുള്ള വിശ്വാസം ക്രിസ്തീയ വിശ്വാസത്തില്‍ ഒറ്റതിരിഞ്ഞുനില്‍ക്കുന്ന ഒന്നല്ല. ത്രിതൈ്വക ദൈവത്തിലുള്ള വിശ്വാസവും പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമാളായ പുത്രനായ ദൈവം മനുഷ്യനായി അവതരിച്ചതാണ് ഈശോ എന്നതും ഈ വിശ്വാസ സത്യവുമായി അഭേദ്യമായി ബന്ധപ്പെട്ടു നില്‍ക്കുന്ന കാര്യങ്ങളാണ്. യേശുവിനെ പല രക്ഷകരില്‍ ഒരാളായി മാത്രം അവതരിപ്പിക്കുന്നത് ദൈവിക വെളിപാടിനോട് ചേര്‍ന്നുപോകുന്നതല്ല.
ഈശോയാണ് ഏകമധ്യസ്ഥന്‍ എന്നതും മറിയത്തിന്റെ മാധ്യസ്ഥം വഹിക്കലും രണ്ടും രണ്ടു കാര്യങ്ങളായിത്തന്നെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. മനുഷ്യവര്‍ഗ്ഗത്തിനും ദൈവത്തിനും ഇടയിലുള്ള ഏക മധ്യസ്ഥന്‍ ഈശോ മാത്രമാണ്. ഈ സത്യം വിശുദ്ധ ഗ്രന്ഥത്തിലും വിശുദ്ധ പാരമ്പര്യത്തിലും അടിസ്ഥാനമുള്ള സഭയുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളില്‍ ഒന്നാണ്.
ഈശോ എല്ലാവരുടെയും രക്ഷയ്ക്കുവേണ്ടി മനുഷ്യനായിത്തീര്‍ന്ന ദൈവവചനമാണ്. യേശുക്രിസ്തു മധ്യസ്ഥനും സാര്‍വത്രിക രക്ഷകനുമാണെന്ന് ദൈവിക വെളിപാടിനോട് വിശ്വസ്തത പുലര്‍ത്തി സഭ എപ്പോഴും പഠിപ്പിച്ചിട്ടുണ്ട്. തന്റെ ദൈവിക വ്യക്തിത്വത്തിന്റെ ഐക്യത്തില്‍ യേശുക്രിസ്തു സത്യദൈവവും സത്യമനുഷ്യനുമാണ്. ഇക്കാരണത്താല്‍ അവിടുന്ന് ദൈവത്തിന്റെയും മനുഷ്യരുടെയുമിടയ്ക്കുള്ള ഒരേയൊരു മദ്ധ്യസ്ഥനാണ്. (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 480).
പരിശുദ്ധ അമ്മ നമുക്കുവേണ്ടി മാധ്യസ്ഥം വഹിച്ച് പ്രാര്‍ഥിക്കുന്നുണ്ട്. എന്നാല്‍ മാതാവ് വഹിക്കുന്ന മാധ്യസ്ഥ്യം ഈശോ ഏകമധ്യസ്ഥനാണ് എന്ന സത്യത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഈ ആശയം വളരെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. നാം ജപമാല ചൊല്ലുമ്പോള്‍ ലുത്തിനിയായില്‍ കര്‍ത്താവേ അനുഗ്രഹിക്കണമേ, മിശിഹായെ അനുഗ്രഹിക്കണമേ എന്ന് അനുഗ്രഹം യാചിക്കുമ്പോള്‍ പരിശുദ്ധ അമ്മയോട് ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്നാണ് നമ്മള്‍ പ്രാര്‍ഥിക്കുന്നത്.
യേശുക്രിസ്തുവിന്റെ അനന്യതയെക്കുറിച്ചുള്ള പുതിയ നിയമത്തിന്റെ ഭാഷ വ്യക്തവും ശക്തവുമാണ്. യേശുവിന്റെ അനന്യതയിലും സാര്‍വ്വത്രികതയിലുമുള്ള വിശ്വാസം ക്രിസ്തീയ വിശ്വാസത്തില്‍ ഒറ്റതിരിഞ്ഞുനില്‍ക്കുന്ന ഒന്നല്ല.
മധ്യസ്ഥ എന്ന പദം മറിയത്തെക്കുറിച്ച് വിശേഷിപ്പിക്കുമ്പോള്‍, ക്രിസ്തുവില്‍ നിന്ന് സ്വതന്ത്രമായ ഒരു മധ്യസ്ഥ ശക്തി മറിയത്തിന് ഉണ്ടെന്ന് സൂചിപ്പിക്കാന്‍ സാധ്യതയുണ്ട്. സത്യത്തില്‍ മറിയത്തിന്റെ മാധ്യസ്ഥ്യം പൂര്‍ണ്ണമായും അവളുടെ പുത്രനുമായുള്ള ബന്ധത്തില്‍നിന്നും ഉടലെടുക്കുന്നതാണ്. ഈശോയുടെ ഏക മാധ്യസ്ഥത്തിനു സമാനമായി മറിയത്തിന്റെ മാധ്യസ്ഥ്യാപേക്ഷയെ മനസ്സിലാക്കരുത്. മറിയത്തിന്റെ മാധ്യസ്ഥ്യം ഏക മധ്യസ്ഥനായ ക്രിസ്തുവിന്റെ മഹത്വത്തെയോ ഫലദായകശക്തിയെയോ ഏതെങ്കിലും തരത്തില്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നുണ്ടെന്ന് മനസിലാക്കേണ്ടതില്ല (തിരുസഭ 62).
മറിയത്തെക്കുറിച്ച് ഒഴിവാക്കേണ്ട വിശേഷണം: സഹരക്ഷക
പരിശുദ്ധ കന്യകാമറിയത്തെ സഹരക്ഷക എന്ന് വിശേഷിപ്പിക്കുന്നത് ഉചിതമല്ലെന്ന് ഈ രേഖ വ്യക്തമാക്കുന്നു. സഭ ഒരുകാലത്തും മറിയത്തെ സഹരക്ഷകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മറിയത്തെ സഹരക്ഷകയായി അവതരിപ്പിക്കുന്നത് വിശ്വാസികളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കര്‍ദിനാള്‍ റാറ്റ്‌സിങ്ങര്‍ (ബെനഡിക്ട് പതിനാറാമന്‍ പാപ്പ) അഭിപ്രായപ്പെട്ടിരുന്നു. സഭയില്‍ ചില വ്യക്തികളും പ്രസ്ഥാനങ്ങളും മറിയത്തെ സഹരക്ഷകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് ദൈവശാസ്ത്രപരമായ ഒരു അടിസ്ഥാനവുമില്ല എന്ന സത്യം ഈ പ്രബോധന രേഖ വ്യക്തമാക്കുകയാണ്. ഈ വിഷയത്തെക്കുറിച്ച് സഭയില്‍ ഇനിയും ഒരു ആശയക്കുഴപ്പമുണ്ടാകരുതെന്ന് തിരുസഭ ആഗ്രഹിക്കുന്നു.
മറിയം സഹരക്ഷകയല്ല; എന്നാല്‍ രക്ഷാകരദൗത്യത്തില്‍ സവിശേഷമായ വിധം സഹകരിച്ചവളാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇപ്രകാരം പഠിപ്പിക്കുന്നു: മറിയത്തിന് രക്ഷാകരപദ്ധതിയില്‍ സവിശേഷമായ സ്ഥാനമുണ്ട്. മറിയത്തിന്റെ സ്ഥാനത്തിനു അടിസ്ഥാനകാരണം ഈശോയുടെ യോഗ്യതകളാണ്.
എന്തുകൊണ്ടാണ് ഈ പ്രബോധന രേഖ മറിയത്തെ സഹരക്ഷക എന്ന് വിശേഷിപ്പിക്കരുത് എന്ന് പറയുന്നത്? മറിയത്തെ സഹരക്ഷക എന്ന് വിശേഷിപ്പിക്കുമ്പോള്‍ ക്രിസ്തുവാണ് ഏക രക്ഷകന്‍ എന്ന അടിസ്ഥാന വിശ്വാസ സത്യത്തിന് മങ്ങലേല്‍പ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. ''മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല''(അപ്പ. 4:12). മറിയം ക്രിസ്തുവിന്റെ രക്ഷാകരമായ കൃപയാല്‍ രക്ഷിക്കപ്പെട്ടവളാണ്. അതിനാല്‍ അവള്‍ക്ക് ക്രിസ്തുവിനോടൊപ്പം സഹരക്ഷകയാകാന്‍ സാധിക്കുകയില്ല.
മറിയം സഹരക്ഷകയല്ല; എന്നാല്‍ രക്ഷാകരദൗത്യത്തില്‍ സവിശേഷമായ വിധം സഹകരിച്ചവളാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇപ്രകാരം പഠിപ്പിക്കുന്നു: മറിയത്തിന് രക്ഷാകരപദ്ധതിയില്‍ സവിശേഷമായ സ്ഥാനമുണ്ട്. മറിയത്തിന്റെ സ്ഥാനത്തിനു അടിസ്ഥാനകാരണം ഈശോയുടെ യോഗ്യതകളാണ്. മറിയം ഈശോയിലേക്കു നമ്മെ അടുപ്പിക്കുന്നവളാണ് (തിരുസഭ 60-62) ''മറിയത്തെ ദൈവത്താല്‍ നിഷ്‌ക്രിയയായി ഉപയോഗിക്കപ്പെട്ടവളായല്ല; പ്രത്യുത, സ്വതന്ത്രമായ വിശ്വാസത്തോടും അനുസരണത്തോടും കൂടെ മനുഷ്യരക്ഷയ്ക്കു സഹകരിച്ചവളായി'' സഭ കരുതുന്നു (തിരുസഭ 56). മറിയത്തിന് മനുഷ്യരിലുള്ള രക്ഷാകരമായ സ്വാധീനം ദൈവത്തിന്റെ തിരുവിഷ്ടത്തില്‍ നിന്നുളവാകുന്നതും ഈശോയുടെ യോഗ്യതകളില്‍ നിന്ന് പ്രവഹിക്കുന്നതുമാണ്. മറിയത്തിന്റെ രക്ഷാകരമായ സ്വാധീനം ഈശോയുടെ മധ്യസ്ഥതയില്‍ അടിസ്ഥാനമുള്ളതും അതിനെ ആശ്രയിച്ചിരിക്കുന്നതും അതില്‍നിന്ന് സകല ശക്തിയും സംഭരിക്കുന്നതുമാണ്. (തിരുസഭ 60). ''മറിയം ദൈവവചനത്തിന് സമ്മതം നല്കിക്കൊണ്ട് ഈശോയുടെ അമ്മയായിത്തീര്‍ന്നു. അങ്ങനെ, ദൈവത്തിന്റെ രക്ഷാകരമായ തിരുവിഷ്ടം മുഴുമനസ്സോടെയും പാപത്താല്‍ അല്പംപോലും തടയപ്പെടാതെയും ആശ്ലേഷിച്ചുകൊണ്ട് സ്വയം പുത്രന്റെ വ്യക്തിത്വത്തിനും പ്രവര്‍ത്തനത്തിനും വേണ്ടി മുഴുവനുമായി സമര്‍പ്പിച്ചു. അവനു വിധേയയായും അവനോടുകൂടെ സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപയാല്‍ രക്ഷയുടെ രഹസ്യത്തിന് ശുശ്രൂഷ ചെയ്തു'' (തിരുസഭ 56).
തിരുസഭയില്‍ മറിയത്തിനുള്ള സ്ഥാനം
കത്തോലിക്കാസഭ എക്കാലത്തും മറിയത്തിന് സവിശേഷമായ സ്ഥാനം നല്‍കിയിട്ടുണ്ട്. മറിയത്തെക്കുറിച്ച് 4 വിശ്വാസ സത്യങ്ങള്‍ കത്തോലിക്കാസഭ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു വ്യക്തിയെക്കുറിച്ചും ഈ നാല് വിശ്വാസ സത്യങ്ങളും തിരുസഭ പ്രഖ്യാപിച്ചിട്ടില്ല, പ്രഖ്യാപിക്കുകയുമില്ല. മറിയത്തിന്റെ ദൈവമാതൃത്വം, നിത്യകന്യാത്വം, അമലോത്ഭവം, സ്വര്‍ഗാരോപണം എന്നിവയാണ് സഭ പരിശുദ്ധ കന്യകാ മറിയത്തെക്കുറിച്ച് പ്രഖ്യാപിച്ചിട്ടുള്ള വിശ്വാസസത്യങ്ങള്‍.
പരിശുദ്ധ കന്യകാമറിയത്തെ കത്തോലിക്കാസഭ എപ്രകാരമാണ് മനസ്സിലാക്കുന്നത് എന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പഠനങ്ങളില്‍ നിന്നും വ്യക്തമാണ്. പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ച് മാത്രമായി ഒരു രേഖ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പുറപ്പെടുവിച്ചിട്ടില്ല. തിരുസഭയെ ക്കുറിച്ചുള്ള കോണ്‍സ്റ്റിറ്റിയൂഷനില്‍ അവസാനത്തേതായ എട്ടാമത്തെ അദ്ധ്യായം മറിയത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തെ ക്രിസ്തുരഹസ്യത്തോടും സഭയോടും ബന്ധപ്പെടുത്തി അവതരിപ്പിക്കുകയാണ് കൗണ്‍സില്‍ ചെയ്തത്. ഈശോയുടെ അമ്മയായ മറിയത്തിന് തിരുസഭയില്‍ അദ്വിതീയ സ്ഥാനമാണുള്ളതെന്ന് കൗണ്‍സില്‍ പഠിപ്പിച്ചു. വിശുദ്ധ സഭയില്‍ ഈശോ കഴിഞ്ഞാല്‍ സര്‍വോന്നതസ്ഥാനം അലങ്കരിക്കുന്നവളും നമുക്കേറ്റവും സമീപസ്ഥയുമാണ് മറിയം (തിരുസഭ 54).
മറിയം പിതാവിന്റെ പുത്രിയും പുത്രന്റെ മാതാവും പരിശുദ്ധാത്മാവിന്റെ ആലയവുമാണ് (തിരുസഭ 53). മറിയം സഭയിലെ അതിശ്രേഷ്ഠവും അതുല്യവുമായ അംഗവും, സ്‌നേഹത്തിലും വിശ്വാസത്തിലും തിരുസഭയുടെ അതിവിശിഷ്ടമായ പ്രതിരൂപവുമാണ്. പുത്രസഹജമായ സ്‌നേഹത്തോടെ സഭ മറിയത്തെ മാതാവായി ബഹുമാനിക്കുന്നു (തിരുസഭ 53). മറിയം സഭയ്ക്ക് മാതൃകയാണ്. വിശ്വാസത്തിലും ഉപവിയിലും ക്രിസ്തുവിനോടുള്ള പൂര്‍ണ്ണമായ യോജിപ്പിലും ദൈവജനനി സഭയുടെ മാതൃകയാണ് (തിരുസഭ 63). മറിയത്തിന്റെ സുകൃതങ്ങള്‍ സഭയ്ക്ക് മാതൃകയാണ്. രക്ഷാകരചരിത്രവു മായി ഗാഢമായി ബന്ധപ്പെട്ടിട്ടുള്ള മറിയം ഒരുതരത്തില്‍ വിശ്വാസത്തിന്റെ കേന്ദ്രസത്യങ്ങളെല്ലാം അതില്‍ സംയോജിപ്പിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട് (തിരുസഭ 65). തീര്‍ത്ഥാടകയായ സഭയ്ക്ക് സമാശ്വാസവും പ്രതീക്ഷയും നല്‍കുന്ന അടയാളമാണ് മറിയം. മാതാവിന്റെ സ്വര്‍ഗാരോപണം നമുക്ക് പ്രത്യാശ നല്‍കുന്ന ഒരു വിശ്വാസസത്യമാണ് (തിരുസഭ 68).
മറിയത്തെക്കുറിച്ച് 4 വിശ്വാസസത്യങ്ങള്‍ കത്തോലിക്കാസഭ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റൊരു വ്യക്തിയെക്കുറിച്ചും ഈ നാല് വിശ്വാസസത്യങ്ങളും തിരുസഭ പ്രഖ്യാപിച്ചിട്ടില്ല, പ്രഖ്യാപിക്കുകയുമില്ല.
ഉപസംഹാരം
ചുരുക്കത്തില്‍, വിശ്വാസിസമൂഹത്തിന്റെ അമ്മ എന്ന ഈ രേഖ സഭയില്‍ മറിയത്തിന്റെ സ്ഥാനത്തെയോ മഹത്വത്തെയോ കുറയ്ക്കുകയല്ല, മറിച്ച്; ശരിയായ അര്‍ത്ഥത്തില്‍ കത്തോലിക്കാവിശ്വാസമനുസരിച്ച് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലും തുടര്‍ന്നുള്ള സഭാപ്രബോധനങ്ങളിലും പ്രതിപാദിച്ചിട്ടുള്ള പ്രബോധനങ്ങളുടെ തുടര്‍ച്ചയാണ് വിശ്വാസിസമൂഹത്തിന്റെ അമ്മ എന്ന ഈ രേഖ.