മാതൃഭാഷാമധുരം

മാതൃഭാഷാമധുരം
Published on

നല്ല പോഷകസമ്പുഷ്ടമായ ഭക്ഷണം; അമ്മ മക്കള്‍ക്കുവേണ്ടി തയ്യാറാക്കുന്നു.... ഈ ഭക്ഷണം അമ്മ തന്നെ മക്കള്‍ക്ക് വാരി കൊടുക്കുന്നു; ഇതേ ഭക്ഷണം ഏതെങ്കിലും ഒരു വ്യക്തി മക്കള്‍ക്ക് വാരി കൊടുക്കുന്നു!? ഒരേ ഭക്ഷണമാണ്; പോഷകസമൃദ്ധിക്കു മാറ്റമില്ല എന്നിരുന്നാലും അമ്മ മക്കള്‍ക്കു വാരി കൊടുക്കുന്ന ഭക്ഷണത്തിന് രുചിയനുഭവം ഒന്നു വേറെ തന്നെയല്ലേ? ഭക്ഷണം എത്ര പോഷകസമൃദ്ധമോ അല്ലയോ എന്നതിനേക്കാള്‍ അമ്മയുടെ വാരിക്കൊടുക്കലിന് ഒരു ഹൃദയം കൂടി കൂട്ടായുണ്ട്. മക്കള്‍ ഏറെ അനുഭവത്തോടെ 'അമ്മയുടെ ഭക്ഷണം' കഴിക്കുകയും ശരീരവും മനസ്സും ഈ ഭക്ഷണത്തെ ഏറെ സ്വീകാര്യതയോടെ സ്വാംശീകരിക്കുകയും ചെയ്യും. ഇതര വ്യക്തി നല്‍കുന്ന ഭക്ഷണത്തിനും കുറവില്ലെങ്കിലും ഹൃദ്യതയുടെ ഏറ്റക്കുറച്ചില്‍ മൂലം മക്കള്‍ക്ക് രുചിയനുഭവം കുറയും എന്നു തീര്‍ച്ച!

പറഞ്ഞുവന്നത് മാതൃഭാഷയിലേക്ക് ഒന്നു ചേര്‍ത്തുവയ്ക്കാം. ഭാഷയ്‌ക്കൊപ്പം ഒരു ജീവിതവും സംസ്‌കാരവുമുണ്ട്. ഒരു മാതൃ-ശിശു ഇഴചേരല്‍ അഥവാ ഒരു ഹൃദ്യത മാതൃഭാഷയോടുകൂടി ചേര്‍ന്നു പോകുന്ന പഠനത്തിനും ജീവിതത്തിനും ഉണ്ടാകും. നാം കണ്ടും കേട്ടും അനുഭവിച്ചും വരുന്ന നാടിനോടു ചേര്‍ന്നുള്ള ഭാഷയ്ക്ക് നമ്മുടെ ഹൃദയത്തിലേക്ക് 'കയറിയിരിക്കാന്‍' ഉറപ്പുണ്ടാകുന്നു; അഥവാ സംഭാഷണത്തിനും സംവേദനത്തിനും മാതൃഭാഷ ഒരു 'രുചിയനുഭവം' നമുക്ക് നല്‍കുന്നുണ്ട്. ഈ രുചിയനുഭവം നമ്മുടെ തുടര്‍ ജീവിതത്തിനും പഠനത്തിനും പ്രവര്‍ത്തനമേഖലയിലെ വിജയത്തിനും ഊര്‍ജവും ഉണര്‍വും ഉത്സാഹവും നല്‍കുമെന്ന് അറിയണം. വീട്ടിലെ ഭക്ഷണത്തിനും നാടിന്റെ ഭക്ഷണക്രമത്തിനും വിഭവസമൃദ്ധിക്കുമൊപ്പം 'ദൈവം പാകപ്പെടുത്തി'യിരിക്കുന്ന ഒരു ശരീര സ്വീകാര്യതയും ആരോഗ്യക്രമവും ഉണ്ടെന്ന് നാം അറിയണം. നമ്മുടെ യാത്രയില്‍ 'വീട്ടിലെ ഊണ്' എന്ന പരസ്യബോര്‍ഡ് നമ്മെ ആകര്‍ഷിക്കാറില്ലേ? നാടന്‍ വിഭവങ്ങള്‍ എന്ന് കേട്ടാല്‍ നാം കേള്‍വിയില്‍ തന്നെ 'രുചിയനുഭവം' സ്വന്തമാക്കിയല്ലേ സ്വീകരിക്കാറും ഭക്ഷിക്കാറും. മലയാളിയായ ഒരാള്‍ ഒരു മാങ്ങ കാണുന്നതും മലയാളവുമായി ഒരു ബന്ധവുമില്ലാത്ത ഒരാള്‍ ഒരു മാങ്ങ കാണുന്നതും ഒരുപോലെയാണോ? മാങ്ങ എന്ന് കേള്‍ക്കുമ്പോഴേ വായില്‍ വെള്ളമൂറും. മാങ്കോ എന്ന് കേട്ടാലോ ഒരു പേരെന്നതിലുപരി ഒന്നും ഉണ്ടാകാനിടയില്ല; ഇതാണ് ഭാഷയുടെ തനിമയും പെരുമയും ആകര്‍ഷണീയതയും; 'രുചിയനുഭവവും!?'

അധികം പഠിച്ചവരെക്കാള്‍ നന്നായി പഠിച്ചവരാണ് യഥാര്‍ത്ഥ ജീവിതം നയിക്കുന്നവരെന്നു പലപ്പോഴും തോന്നാറുണ്ട്. നാടിന്റെ ഭാഷ അമ്മയുടെ ഭാഷയാണ്; ഈ ഭാഷയ്ക്ക് ലോകത്തോളം വളരാനുള്ള ശക്തിയുണ്ട്. ഈയിടെ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയോട് ഒന്നു മുതലുള്ള സംഖ്യകള്‍ കാണിച്ചിട്ട് ഇതു വായിക്കാമോ എന്ന് ചോദിച്ചു... വണ്‍, ടു, ത്രീ, ഫോര്‍... എന്നിങ്ങനെ വായിച്ചപ്പോള്‍ മലയാളത്തില്‍ വായിക്കാമോ എന്നു ചോദിച്ചു അതായത് ഒന്ന്... രണ്ട്... മൂന്ന്... എന്നിങ്ങനെ; പക്ഷേ 'അതു പഠിപ്പിച്ചിട്ടില്ല' എന്നു കുട്ടി പറഞ്ഞു. നമ്മുടെ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ക്കും സ്‌കൂളധികാരികള്‍ക്കും പാഠ്യപദ്ധതി തയ്യാറാക്കു ന്നവര്‍ക്കും എന്താണ് ഇത്ര വിമുഖതയെന്ന് മനസ്സിലാകുന്നില്ല!!

നമ്മുടെ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുള്ള താണ്. രണ്ടായിരം വര്‍ഷത്തെ പഴക്കമാണ് ശ്രേഷ്ഠഭാഷാ പദവി ലഭിക്കാനുള്ള ഭാഷയുടെ യോഗ്യത. 2300 വര്‍ഷത്തെ പാരമ്പര്യവും പൈതൃകവു മുള്ള നമ്മുടെ ഭാഷയെ നമുക്ക് താല്‍പര്യമില്ലാതെ പോകുന്നതിന്റെ സാംഗത്യം പഠിക്കേണ്ടതല്ലേ? സംസാരി ക്കുന്നവരുടെ എണ്ണം കൊണ്ട് മുപ്പതാമത്തെ സ്ഥാനമാണ് മലയാളത്തി നുള്ളത്. ഉപയോഗിക്കുന്ന വരുടെ എണ്ണം കുറയുന്ന തനുസരിച്ച് നമ്മുടെ ഭാഷ പിന്‍തള്ളപ്പെട്ടേക്കാം! ശൈശവ, ബാല്യ, കൗമാര കാലത്ത് മാതൃഭാഷയില്‍ വിദ്യ അഭ്യസിക്കുന്നത് നമ്മുടെ ജീവിതത്തിന് കൂടുതല്‍ ഹൃദ്യതയും ആത്മവിശ്വാസവും വര്‍ധിക്കാന്‍ ഇടവരുത്തും.

അമ്മയുടെ താരാട്ടിന്റെ ഈണവും താളവും ഭാഷയും ഒരു സംഗീതജ്ഞനും അളക്കാന്‍ പറ്റാത്ത അവര്‍ണ്ണനീയ സ്‌നേഹവായ്പ് ഉള്‍ക്കൊള്ളുന്നതാണ്. മാതൃഭാഷയുടെ ആഴത്തിലുള്ള സ്‌നേഹവാത്സല്യം അമ്മയുടെ മടിയില്‍ ലഭ്യമാണ്. ഇത് ലഭിക്കുന്നതിന് അമ്മയുടെ സംസ്‌കാരത്തിലും തനിമയിലും തലമുറ വളരണം.

അമ്മയുടെ താരാട്ടിന്റെ ഈണവും താളവും ഭാഷയും ഒരു സംഗീത ജ്ഞനും അളക്കാന്‍ പറ്റാത്ത അവര്‍ണ്ണനീയ സ്‌നേഹവായ്പ് ഉള്‍ക്കൊ ള്ളുന്നതാണ്. മാതൃഭാഷ യുടെ ആഴത്തിലുള്ള സ്‌നേഹവാത്സല്യം അമ്മയുടെ മടിയില്‍ ലഭ്യമാണ്. ഇത് ലഭിക്കുന്ന തിന് അമ്മയുടെ സംസ്‌കാര ത്തിലും തനിമയിലും തലമുറ വളരണം.

നമ്മുടെ വായനയും സൗഹൃദങ്ങളുമൊക്കെ ഇല്ലാതാവുകയാണ്. മക്കള്‍ക്കും കൊച്ചു മക്കള്‍ക്കും മലയാളഭാഷ യോട് താല്‍പര്യമില്ലാത്ത തിനാല്‍ നമ്മുടെ വീടുകളില്‍ മുത്തച്ഛന്‍ മുത്തശ്ശിയൊക്കെ ഒറ്റപ്പെട്ടു കഴിഞ്ഞു; അവരുമായുള്ള സംഭാഷണത്തിനുള്ള സാധ്യതകളും അടയുകയാണ്. പലപ്പോഴും ഇന്നത്തെ മക്കള്‍ക്ക് ചോദിക്കുന്നതിന് വ്യക്തമായ മറുപടി പറയാന്‍ വാക്കുകള്‍ ഇല്ലെന്നുമായിരി ക്കുന്നു. ഇന്നത്തെ തലമുറ യൂട്യൂബ് (youtube) നോക്കിയിരുന്ന് 'U' പോലെ യായിരിക്കുന്നു; സെല്‍ഫോണിലേക്ക് നോക്കി കൂനികുത്തിയിരിക്കുന്ന മക്കള്‍ പരിസരം മറക്കുന്നു. ലോകത്തിലേക്ക് തലയുയര്‍ത്തി കണ്ണ് തുറന്നുനോക്കാന്‍ അവര്‍ക്ക് നേരമില്ലെന്നായിരിക്കുന്നു. ചുറ്റും എന്തു നടന്നാലും അവസരോചിത മായി പ്രതികരിക്കാന്‍ ഇന്നത്തെ മക്കള്‍ക്ക് കഴിയാതെ പോകുന്നതിലെ സാംഗത്യവും, മലയാളി മലയാളത്തെ മറക്കുന്നതിലെ ചില 'ശേഷകാഴ്ചകള്‍' ആണ്.

സ്വന്തം നാടുമായി യാതൊരു ബന്ധവുമില്ലാത്ത വിധം പ്ലേ സ്‌കൂള്‍ മുതല്‍ ഇതര ഭാഷയില്‍ മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുമ്പോള്‍, അവരറിയാതെ തന്നെ അവര്‍ നാട്ടില്‍ നിന്ന് അകലുകയാണ്. ഇവിടെയുള്ള സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടാതെയും അന്വേഷിക്കാതെയും പഠനം തുടരുമ്പോള്‍ 'ഇവിടെ നിന്നാല്‍ രക്ഷയില്ല' എന്നൊരു തോന്നല്‍ മക്കളില്‍ രൂപപ്പെടുന്നു. വളരെയധികം സാമ്പത്തിക ബാധ്യതകളോടെ മക്കള്‍ നമ്മുടെ നാട്ടില്‍ പഠിക്കുകയും അതിനു സമാനമായ ജോലിയും വേദനവും ഇവിടെ ലഭ്യമാകാതെ വരുകയും ചെയ്യുന്ന അവസ്ഥ രൂപപ്പെടുന്നുണ്ട്. ശമ്പളവും ഇതര ആനുകൂല്യങ്ങളും വരുമാനവും ഒക്കെ ഉപയോഗിച്ച് മക്കളെ 'മെച്ചപ്പെട്ട വിദ്യാഭ്യാസം' ചെയ്യിക്കുകയും മക്കളെ വിദേശത്തേക്ക് പറഞ്ഞയക്കുകയും ചെയ്യുന്നതിലെ ശരി തെറ്റുകള്‍ ചര്‍ച്ച ചെയ്യപ്പെടണം. നമ്മുടെ നാട്ടിലെ എല്ലാ സൗകര്യങ്ങളും യഥാവിധി ഉപയോഗപ്പെടുത്തുകയും അതുവഴി പുറത്തിറങ്ങുന്ന 'അക്കാഡമിക് എക്‌സലന്‍സു'കളെ ഈ നാടിന്റെ പുരോഗതിക്കും തുടര്‍ തൊഴില്‍ സാധ്യതകള്‍ക്കും അവരുടെ തന്നെ നാട്ടിലെ നിലനില്‍പ്പിനും ഉപയോഗപ്പെടുന്നില്ലെന്ന് വരുന്നത് നമ്മുടെ നാടിന്റെ ശക്തിക്ഷയമായി മാറില്ലേ? തിരികെയെത്താത്ത വിധം മക്കള്‍ വിദേശത്ത് കുടിയേറുന്നതിലെ 'അപകടം' എന്തുകൊണ്ടാണ് നാം തിരിച്ചറിയാത്തതെന്ന് മനസ്സിലാകു ന്നേയില്ല. വിദേശത്ത് പി ആറും സിറ്റിസണ്‍ഷിപ്പുമൊക്കെ എടുത്ത് മക്കള്‍ വാസം ഉറപ്പിക്കുമ്പോള്‍ അവരുടെ മക്കളും സ്വാഭാവികമായും ആ രാജ്യക്കാരാകും. നാട്ടിലെ കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും തമ്മിലുള്ള ബന്ധം പാടെ വിച്ഛേദിക്കപ്പെടുന്നു. അവധിക്ക് നാട്ടിലെത്തിയാലും വെറും അതിഥികളോ സന്ദര്‍ശകരോ ടൂറിസ്റ്റുകളോ ഒക്കെയായി മാത്രം അവധിക്കാലം തീര്‍ക്കും; നാട്ടിലെ ആരോടും സംഭാഷിക്കാനുള്ള ഭാഷ ഇല്ലല്ലോ. വല്യപ്പച്ചനേയും വല്യമ്മച്ചിയെയും കാഴ്ചബംഗ്ലാവില്‍ എന്നതുപോലെ കൊച്ചുമക്കള്‍ കണ്ടിട്ടു മടങ്ങും... യാന്ത്രികമായ വരവും കാഴ്ചയും ക്രമേണ നിലയ്ക്കും, കഴിയുമെങ്കില്‍ നാട്ടിലെ ബന്ധുക്കളെ കൂടി വിദേശത്തേക്ക് കൊണ്ടുപോകും... അവിടെ മരിച്ച് മണ്ണടിയുകയും ചെയ്യും. പഴമക്കാര്‍ കഷ്ടപ്പെട്ട് സന്തോഷത്തോടെ ജീവിച്ചിരുന്ന നാടും വീടും പറമ്പും കൃഷിയും ബന്ധുജനങ്ങളുമൊക്കെ വെറും ചരിത്രമാകും; ചലനമില്ലാത്ത ചരിത്രം!!

പണ്ടൊക്കെ ഉന്നത യോഗ്യതകള്‍ കരസ്ഥമാക്കുവാന്‍ വിദേശ സര്‍വകലാശാലകളെ ആശ്രയിച്ച് പോയിരുന്നവര്‍ പക്ഷേ പഠനം കഴിഞ്ഞ് കേരളത്തിലെത്തി കേരളത്തിനും അവനവനും വേണ്ടി ജോലി എടുത്തിരുന്നു. ഇന്ന് കേരളത്തില്‍ ഉന്നത വിദ്യാഭ്യാസം നേടി 'സ്റ്റഡി വിസ' എന്ന കുറുക്കുവഴിയില്‍ അക്കരയ്ക്ക് കടക്കുകയാണ്; ഇവിടെ കരസ്ഥമാക്കിയ യോഗ്യതയൊക്കെ വെറും 'നീര്‍ക്കുമിള' മാത്രം! പല യോഗ്യതകളും വിദേശത്ത് പണിയെടുക്കാന്‍ പാകത്തിലുള്ള യോഗ്യതകളല്ലെന്നതിനാല്‍ കാര്യമായ യോഗ്യത വേണ്ടാത്ത 'ശമ്പളം കിട്ടുന്ന' തൊഴിലില്‍ പ്രവേശിക്കും. ഇവിടെ സര്‍ക്കാര്‍ ജോലിയും എക്‌സിക്യൂട്ടീവ് ജീവിതവും വലിയ വാര്‍ക്കവീടും വിലയേറിയ വാഹനവുമൊക്കെ സ്വപ്നം കണ്ട് അലസത കൈമുതലാക്കിയ മലയാളി അവിടെയെത്തിയാല്‍ 'ഒറ്റമുറി വീട്ടില്‍ ഉള്ളതുകൊണ്ട് ഓണംപോലെ'യും ജീവിക്കും. പരസ്പരം തുറന്നു ചിരിക്കാന്‍ പോലും നേരം കിട്ടാത്ത വിധം തൊഴിലെടുക്കുവാനും; ഒരു മടിയുമില്ല. വൈറ്റ്‌കോളര്‍ ചിന്തയുമില്ല. പണിയെടുത്താല്‍ ജീവിക്കാം അത്രതന്നെ! പണിയെടുക്കാന്‍ മടിയില്ലാതിരുന്നെങ്കില്‍ നമുക്കിവിടെയും ജീവിക്കാനാകുമായിരുന്നില്ലെ?

ഇവിടെയാണ് ഭാഷ മറന്നുള്ള പഠനത്തിന്റെ അവിവേകം തിരിച്ചറിയുന്നത്. എത്രയോ രാജ്യം മാതൃഭാഷകൊണ്ട് സുഖമായി മുന്നോട്ടുപോകുന്നു?! ലോകഭാഷ സ്വന്തമാക്കിയ മലയാളി ലോകഭാഷ പോലും അറിയാതെ മാതൃഭാഷയില്‍ വേരൂന്നി സസന്തോഷം ജീവിതം നയിക്കുന്ന രാജ്യത്തേക്ക് സഞ്ചാരികളായി പോകുന്നു?! ആധുനിക മക്കള്‍ ഗൂഗിളില്‍ തിരഞ്ഞാല്‍ ഇംഗ്ലീഷ് അറിയില്ലാത്ത രാജ്യങ്ങളും മാതൃഭാഷയില്‍ മാത്രം ജീവിക്കുന്നതും പഠിക്കുന്നതും വികസിതമായി ജീവിക്കുന്നതുമൊക്കെ ഹൃദയം തുറന്ന് തിരിച്ചറിയാനാകും; യാഥാര്‍ത്ഥ്യം തിരിച്ചറിയണം.

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ ചിട്ടപ്പെടുത്തിയ മലയാളത്തിന്റെ 51 അക്ഷരങ്ങളും ഇംഗ്ലീഷിലെ ഇരുപത്താറ് അക്ഷരവും തമ്മിലുള്ള ഒരു ആപേക്ഷിക പഠനവും നാം സ്വന്തമാക്കണം. ഇംഗ്ലീഷിന്റെ പദസമുച്ചയവും (vocabulary) മലയാളത്തിന്റെ പദസമുച്ചയവും പഠനത്തിന് വിധേയമാക്കണം. മലയാളത്തിന്റെ ശബ്ദകോശം വഴി ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ന്ന പണ്ഡിതരെയും എഴുത്തുകാരെയും നാമോര്‍ക്കുന്നത് നന്ന്. പഴയകാല അധ്യാപകരെ ശ്രദ്ധിക്കുക; അവര്‍ക്ക് എല്ലാ വിഷയത്തിലും വിവരമുണ്ട്; വിവേകവുമുണ്ട്; അറിവിനൊപ്പം നെറിവുമുണ്ട്!? ഇന്ന് എല്ലാവരും പണ്ഡിതരാണ് നിഷേധിക്കുന്നില്ല. സ്വഭാവ ശുദ്ധി കൂടാതെയുള്ള അറിവ് അപകടകരവും ഭീകരവുമാണെന്നത് കാലികമായ സാമൂഹ്യാന്തരീക്ഷം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്; പഠനത്തിനു കുറവില്ല... സംഭവങ്ങള്‍ കേട്ടാല്‍ ഞെട്ടും!?

എത്രയോ രാജ്യം മാതൃഭാഷ കൊണ്ട് സുഖമായി മുന്നോട്ടുപോകുന്നു?! ലോകഭാഷ സ്വന്തമാക്കിയ മലയാളി ലോകഭാഷ പോലും അറിയാതെ മാതൃഭാഷയില്‍ വേരൂന്നി സസന്തോഷം ജീവിതം നയിക്കുന്ന രാജ്യത്തേക്ക് സഞ്ചാരികളായി പോകുന്നു?!

നാട്ടില്‍ ജീവിക്കാന്‍ പ്രേരകമാകുന്ന ഒന്നാണ് മാതൃഭാഷയോട് ചേര്‍ന്നുള്ള പഠനവും, പ്രത്യേകിച്ച് സ്‌കൂള്‍ വിദ്യാഭ്യാസം ശേഷം ഇതര ഭാഷയും ഇതര ഇഷ്ട വിഷയങ്ങളും മക്കള്‍ തിരഞ്ഞെടുക്കട്ടെ. മക്കളെ 'ലേബര്‍ റൂം മുതല്‍ അന്യഭാഷയും അന്യദേശവും' പരിചയപ്പെടുത്തി വളര്‍ത്തുന്നതില്‍ നമ്മുടെ 'അഹം' ഒളിഞ്ഞിരിക്കുന്നു. പക്ഷേ അപകടം തിരിച്ചറിയണം, തിരുത്തണം; മക്കളെ മലയാളിയാക്കി വളര്‍ത്തി മലയാളി കരയോട് നീതിപുലര്‍ത്തണം. നമ്മുടെ പൂര്‍വികരുടെ വീടും പറമ്പും കൃഷിയും ഒന്നും വില കുറഞ്ഞതല്ല. ശതകോടീശ്വരന്റെ ഭക്ഷണമേശയിലിരിക്കുന്നതും വിയര്‍പ്പൊഴുക്കാന്‍ മടിയില്ലാത്ത അഭിമാനിയായ കര്‍ഷകന്റെ അധ്വാന'ഫല'ങ്ങളാണെന്ന് ഓര്‍ക്കുന്നത് നന്ന്. കേരളത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ത്തെറിയുന്ന 'ഭരണ തന്ത്ര'ങ്ങളും ഉണര്‍ന്നു ചിന്തിക്കണം. കൃഷി ചെയ്ത് പഠിപ്പിച്ച മക്കളെ കൃഷി ചെയ്ത് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് തള്ളിയിട്ട ജീവിത ചുറ്റുപാടുകളില്‍ നമ്മുടെ വിദ്യാഭ്യാസത്തിനും പങ്കുണ്ട്!?

'കൃഷിക്കാരനെ ആര്‍ക്കുവേണം' എന്ന ചോദ്യം സമൂഹത്തില്‍ മാറ്റൊലി കൊള്ളുന്നുണ്ട്. കൃഷി കൊണ്ട് ഒന്നും നേടാനില്ലെന്നും ഈ നാട്ടിലെ വിദ്യാഭ്യാസ ചെലവും ചികിത്സാ ചെലവും താങ്ങാനാവുന്ന ഏത് കര്‍ഷകരാണ് ഇവിടുള്ളത് എന്ന് ചോദിക്കുന്ന പുതുതലമുറയോട് എന്തു പറയും? തൊഴില്‍ നേടാനുള്ള 'ഉപാധി' മാത്രമായി ഭാഷയെ തരംതാഴ്ത്തരുത്; ഓരോ വ്യക്തിയെയും ദൈവം സൃഷ്ടിച്ച് പ്രവര്‍ത്തിക്കാനേല്‍പ്പിച്ച ചുറ്റുപാടുകളുണ്ട്. അത് ഓരോരുത്തര്‍ക്കും യോജിക്കും വിധമാണ്. മരുഭൂമിയിലെ ചെടികള്‍ നമ്മുടെ നാട്ടില്‍ വളരുമോ? അന്റാര്‍ട്ടിക്കയിലെ ജീവികള്‍ ഇവിടെ ജീവിക്കുമോ? സസ്യലതാദികള്‍ക്കും ജന്തുക്കള്‍ക്കുമൊക്കെ ജീവിത സാഹചര്യങ്ങള്‍ നിശ്ചിതമായിട്ടുണ്ട്; ദേശാടനങ്ങള്‍ക്കപ്പുറം ദേശങ്ങളുണ്ടെന്ന് മറക്കരുത്; ഒപ്പം ഭാഷയും സംസ്‌കാരവും സംസ്‌കൃതിയും പാരമ്പര്യവുമൊക്കെയുണ്ട്; മലയാളിയുടെ തനിമയാണ് പെരുമ; ഈ പെരുമയില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ മലയാളം പഠിച്ചേ തീരൂ; പഠിപ്പിച്ചേ തീരൂ!!

മനുഷ്യന്റെ ക്രിയാത്മകതയും അഭിരുചികളും പുറത്തെടുക്കുന്ന വിദ്യാഭ്യാസം അനിവാര്യം. സര്‍ക്കാര്‍ ജോലിയും വൈറ്റ്‌കോളര്‍ ജോലിയും ലക്ഷ്യം വച്ചുള്ള വിദ്യാഭ്യാസ വീക്ഷണം പുതിയ തലമുറ മാറ്റിയെടുക്കണം. ബാല്യം മുതല്‍ നമ്മുടെ നാടിന്റെ ഗുണവും മേന്മയും തിരിച്ചറിഞ്ഞ് മലയാളഭാഷയില്‍ പ്രാഥമിക പഠനം പുരോഗമിക്കണം. സ്വന്തം മാതൃഭാഷയില്‍ പ്രാവീണ്യമുള്ളയാള്‍ മറ്റേതു ഭാഷയിലും പ്രാവീണ്യം നേടും അനായാസേന തന്നെ. മാതൃഭാഷയില്‍ അറിവില്ലാത്തതുകൊണ്ട് സൗഹൃദങ്ങളും സംഭാഷണങ്ങളും ഹൃദയതുറവിയും ഇല്ലാതെ പോകുന്നു.

കൃഷി ചെയ്ത് പഠിപ്പിച്ച മക്കളെ കൃഷി ചെയ്ത് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് തള്ളിയിട്ട ജീവിത ചുറ്റുപാടുകളില്‍ നമ്മുടെ വിദ്യാഭ്യാസത്തിനും പങ്കുണ്ട്!?

ആശയം - വാക്യം - വാക്ക് - അക്ഷരം (സ്തൂലത്തില്‍ നിന്ന് സൂക്ഷ്മത്തിലേക്ക്) എന്ന ആധുനിക ഭാഷാപഠനം ഉപേക്ഷിച്ച് അക്ഷരം - വാക്ക് - വാക്യം - ആശയം (സൂക്ഷ്മത്തില്‍ നിന്ന് സ്തൂലത്തിലേക്ക്) എന്ന പഴയ രീതി തുടരണം. അക്ഷരമാലയും ഗുണന ഹരണ അധിക ന്യൂന പട്ടികകള്‍ പഴയതുപോലെ മക്കളെ പഠിപ്പിക്കുകയും വേണം. ഇതുകൊണ്ടൊന്നും കുട്ടികള്‍ ഇംഗ്ലീഷ് ഭാഷ പഠിക്കാതെ വരില്ല.

നമ്മുടെ നാട്ടിലെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത കൊണ്ട് ഈ നാട്ടില്‍ മക്കള്‍ക്കും തലമുറയ്ക്കും നാടിന്റെ പുരോഗതിക്കും ഉപകാരമുണ്ടാകും വിധം വിദ്യാഭ്യാസ വീക്ഷണം മാറണം; മാനസികവും ജ്ഞാനികവും, സാമൂഹികവും ശാസ്ത്രീയവും കാലികവുമായ ബോധവല്‍ക്കരണം മക്കള്‍ക്ക് നല്‍കണം. തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനും അതുവഴി അനേകര്‍ക്ക് തൊഴില്‍ നല്‍കുവാനും മക്കള്‍ക്ക് ആത്മധൈര്യവും ആത്മവിശ്വാസവും പൊതു വീക്ഷണങ്ങളും ഉണ്ടാകണം. വീടും പറമ്പും വിറ്റ് ഉള്ളതെല്ലാം ഏജന്റുമാര്‍ക്കും വിദേശ സര്‍വകലാശാലകള്‍ക്കും കൊടുക്കാതെ ഇത്തരം പണം മുടക്കി നാട്ടില്‍ 'നവ സംരംഭ'കരാകാന്‍ പുതുതലമുറ വിദ്യാഭ്യാസം നേടണം. ഓര്‍ക്കുക ഭാഷയ്ക്ക് സമ്പര്‍ക്ക മാധ്യമമെന്ന ഒരേയൊരു ലക്ഷ്യമേയുള്ളൂ. ഈ മാധ്യമത്തെ നാം ഉപയോഗിക്കുന്ന 'ഇച്ഛാശക്തി'യെയാണ് മാറ്റിയെടുക്കേണ്ടത്; കാലികമായി മലയാളം മാറണം, കമ്പ്യൂട്ടറില്‍ മലയാളം കീബോര്‍ഡ് വരണം; ഭാഷയില്‍ പുതിയ വാക്കുകള്‍ വരണം; ഭാഷ കൊണ്ട് തന്നെ മലയാളി മലയാളക്കരയില്‍ പിടിച്ചു നില്‍ക്കണം. പഴമക്കാര്‍ മണ്ണടിയുന്നതോടെ മലയാളവും മലയാളിയും വേരറ്റു പോകുമോ?

ഇംഗ്ലീഷ് അക്ഷരം കൊണ്ട് മലയാളം 'മെസ്സേജ്' ടൈപ്പ് ചെയ്യുന്ന മലയാളി മക്കള്‍ക്ക് മലയാള അക്ഷരങ്ങള്‍ അറിയാമെങ്കിലല്ലേ ആശയം ശരിയാകൂ. നാടിനെ തള്ളിപ്പറഞ്ഞ് 'പണവും സുഖവും' മാത്രമാണോ നമുക്ക് ആവശ്യം! എല്ലാം ഉണ്ടെങ്കിലും അനാഥരെപ്പോലെ ജീവിക്കേണ്ടിവരുന്ന നമ്മുടെ മാതാപിതാക്കളുടെ രോഗാതുരമായ ജീവിതത്തെക്കുറിച്ച് ആലോചിക്കണം. ആരോരുമില്ലല്ലോ എന്ന 'നെടുവീര്‍പ്പ്' ബ്ലഡ് ഷുഗറും, പ്രഷറും, വിഷാദവും, ഡിമെന്‍ഷ്യയും, സ്‌ട്രോക്കും, അറ്റാക്കും തുടങ്ങി സര്‍വത്ര രോഗവും കൂടപ്പിറപ്പായെത്തുന്നു. 'ദൈവത്തിലുള്ള ഇന്‍ഷുറന്‍സ് തവണ മുടങ്ങിക്കിടക്കുന്നു'; കമ്പനികളുടെ ഇന്‍ഷുറന്‍സ് മുടങ്ങാതെയുള്ള ഓട്ടത്തിലാണ്; അമ്മയും അമ്മത്തവും മലയാളവും മറന്ന് മലയാളി ഉണ്ടോ?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org