ദൈവദാസി മദര്‍ മേരി സെലിന്‍: മഠം മനുഷ്യര്‍ക്കുവേണ്ടിയാകണം എന്ന് നിഷ്‌ക്കര്‍ഷിച്ച ആത്മീയനേത്രി

ദൈവദാസി മദര്‍ മേരി സെലിന്‍: മഠം മനുഷ്യര്‍ക്കുവേണ്ടിയാകണം എന്ന് നിഷ്‌ക്കര്‍ഷിച്ച ആത്മീയനേത്രി
സംയോജിത കേരള കര്‍മ്മലീത്താ സന്യാസിനി സമൂഹത്തിന്റെ (സി എം സി) പ്രഥമ സുപ്പീരിയര്‍ ജനറലായിരുന്ന മദര്‍ മേരി സെലിന്‍ പയ്യപ്പിള്ളിയുടെ നാമകരണ നടപടികളുടെ അതിരൂപതാതല പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി സമാപിച്ചു കഴിഞ്ഞു. ഔദ്യോഗികമായ നടപടിക്രമങ്ങള്‍ക്കപ്പുറം, കാര്‍മ്മലിന്റെ ഈ സുഗന്ധവാഹിനി നല്കുന്ന ആത്മീയതയുടെ സമകാലിക സാംഗത്യം നമ്മുടെ ശ്രദ്ധയാകര്‍ഷിക്കേണ്ടതാണ്.

എറണാകുളം-അങ്കാലി അതിരൂപതയിലെ മള്ളുശ്ശേരി ഇടവകയില്‍ പയ്യപ്പിള്ളി കുടുംബത്തില്‍ 1906 ഡിസംബര്‍ 2-ന് ജനിച്ച അന്നക്കുട്ടി എന്ന മേരി സെലിനാ 1993 ഏപ്രില്‍ 23 വരെ നീണ്ട തന്റെ 87 വര്‍ഷത്തെ ജീവിതത്തില്‍ 65 വര്‍ഷവും ഒരു കര്‍മ്മലീത്ത സമര്‍പ്പിതയായിട്ടാണ് ജീവിച്ചത്. 1933 മുതല്‍ 68 വരെ അധ്യാപന ശുശ്രൂഷ നിര്‍വഹിച്ച സെലീനാമ്മ 1963 മുതല്‍ 1974 വരെ ഏകീകൃത സി എം സി സഭയുടെ പ്രഥമ ജനറാളായി. തുടര്‍ന്ന് പ്രാര്‍ത്ഥനയുടേയും ധ്യാനയോഗത്തിന്റേയും ആഴങ്ങളിലേക്കിറങ്ങാന്‍ കറുകുറ്റിയില്‍ സാന്‍ജോ ഭവന്‍ തുടങ്ങി. അവിടെ 1990 വരെ ധ്യാനോപാസകയായി. 1993-ല്‍ കറുകുറ്റി തിരുഹൃദയ മഠത്തില്‍ വച്ച് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട മേരി സെലിന്റെ വിശുദ്ധ ജീവിതത്തിന്റെ സുഗന്ധ പ്രസരണം ഇന്നും തുടരുന്നു.

കര്‍മ്മലീത്ത ആത്മീയതയുടെ അന്തഃസത്തയും കരുത്തും, ധ്യാനാത്മകഭാവവും കര്‍മ്മയോഗവും സമജ്ഞസമായി സമ്മേളിപ്പിക്കുന്നതിലാണ് അടങ്ങിയിരിക്കുന്നത്. പ്രവാചകനായ ഏലിയാ മുതല്‍ നീളുന്ന ആ ആത്മീയസമൃദ്ധി ഭാരതീയ സംസ്‌കൃതിയുടെ ഭാഗമായിത്തീര്‍ന്നപ്പോള്‍ അതിന്റെ സ്ത്രീ സാക്ഷ്യത്തിന് നേതൃത്വം കൊടുക്കാന്‍ മദര്‍ മേരി സെലിനു ഭാഗ്യമുണ്ടായി. വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചനും വി. എവുപ്രാസ്യാമ്മയും ഈ കര്‍മ്മലീത്താ ആത്മീയതയുടെ ദീപ്തസാക്ഷ്യങ്ങളായിത്തീര്‍ന്നതുപോലെ, അള്‍ത്താരയുടെ ആധികാരികതയിലേക്കു നീങ്ങുകയണ് സെലീനാമ്മയും.

വിശുദ്ധിയെന്നത് ലോകത്തില്‍ നിന്നും വിട്ടുനില്‍ക്കലും മാറി നില്‍ക്കലുമല്ല. അത് മനുഷ്യരില്‍ നിന്നും ദൈവത്തില്‍ നിന്നും മാറാതെ നില്‍ക്കലാണ്. ജീവിതത്തിന്റെ സമഗ്രതയില്‍ ജീവിക്കലാണ് യഥാര്‍ത്ഥ വിശുദ്ധിയുടെ അനന്യത. വി. ഇരനേവൂസ് സൂചിപ്പിക്കുന്നതുപോലെയുള്ള ''സമ്പൂര്‍ണ്ണ മനുഷ്യത്വം സര്‍വേശ മഹത്വം'' (Humans fully Alive is God's Glory) എന്ന ജീവിതശൈലി കൊണ്ട് തന്റെ ആത്മീയതയെ അടയാളപ്പെടുത്തുകയാണ് മദര്‍ മേരി സെലിന്‍ ചെയ്തത്.

നിരന്തരമായ ദൈവൈക്യത്തിലേക്കു നയിക്കുന്ന പ്രാര്‍ത്ഥനയും ദൈവസാന്നിധ്യസ്മരണയുമായിരുന്നു, സെലീനാമ്മയുടെ ആത്മീയതയുടെ കാതല്‍. പരിശുദ്ധ ത്രിത്വത്തില്‍ കേന്ദ്രീകൃതമായ ആത്മീയത ഉടനീളം ജീവിക്കാന്‍ സെലീനാമ്മ പരിശ്രമിച്ചിരുന്നു. തന്റെ ഹൃദയാന്തരാളത്തില്‍ കുടികൊള്ളുന്ന ത്രിയേക ദൈവത്തെ സ്മരിക്കലും സ്തുതിക്കലുമായിരുന്നു ആ ജീവിതം. ''പരിശുദ്ധ ത്രിത്വമേ, എന്റെ ഭാഗ്യമേ, പരിശുദ്ധ ത്രിത്വമേ, എന്റെ സൗന്ദര്യമേ, പരിശുദ്ധ ത്രിത്വമേ, എന്റെ ആനന്ദമേ'' എന്നു നിരന്തരം പ്രാര്‍ത്ഥിച്ചിരുന്ന സെലീനാമ്മ, ഈദൃശ ത്രിയേക ദൈവാനുഭവത്തെ, മണിക്കൂറുകള്‍ ദിവ്യകാരുണ്യത്തിന്റെ മുമ്പില്‍ എല്ലാം മറന്നിരുന്നുകൊണ്ട് കൂടുതല്‍ സമ്പന്നമാക്കി. ആഴമേറിയ മൗനവും ഏകാഗ്രതയും വഴി ഈ ത്രിയേക ദൈവാനുഭവം സ്വന്തമാക്കാന്‍ സഹോദരിമാരെ ഉപദേശിച്ചു. വ്യക്തിഗതവും ധ്യാനാത്മകവുമായ ഈ പ്രാര്‍ത്ഥനാനുഭവം സഭ മുഴുവനും ദൈവജനത്തിനും വരും തലമുറയ്ക്കും സംലഭ്യമാകാന്‍ വേണ്ടിയാണ് സെലീനാമ്മ, ഈ ഭൂപ്രദേശത്ത് തന്നെ സാന്‍ജോ ഭവന്‍ പടുത്തുയര്‍ത്തിയതും, അവിടെ മാതാവും മാതൃകയുമായതും. ത്രിയേക ദൈവാനുഭവം വെളിപ്പെടുത്തിയ പാരസ്പര്യത്തിന്റേയും കൂട്ടായ്മയുടേയും ഭാവങ്ങളാകണം സെലീനാമ്മയുടെ പരസ്‌നേഹപ്രവൃത്തികളുടേയും മാതൃനിര്‍വിശേഷമായ നേതൃശുശ്രൂഷയുടേയും അടിസ്ഥാനമായത്.

ഒരു സമൂഹത്തില്‍ രോഗികളായി കഴിയുന്ന സഹോദരങ്ങള്‍ ആ സമൂഹത്തിന്റെ ആഭരണങ്ങളാണെന്ന മഹത്തായ ദര്‍ശനം പകര്‍ന്ന അധികാരിയാണ് സെലീനാമ്മ. താനും സഭാംഗങ്ങളും ദൈവസ്‌നേഹത്തിന്റെ കൈത്തോടുകളായി വര്‍ത്തിക്കണമെന്ന് സെലീനാമ്മ നിഷ്‌ക്കര്‍ഷിച്ചു.

ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി കേവലമൊരു ഭക്താനുഷ്ഠാനമായിരുന്നില്ല സെലീനാമ്മയ്ക്ക്. ഈശോയുടെ തിരുഹൃദയത്തിന്റെ ആര്‍ദ്രതയും സര്‍വാശ്ലേഷിയായ സ്‌നേഹവും തന്റെ സന്യാസ നേതൃശുശ്രൂഷ സമ്മാനിച്ച വെല്ലുവിളികളുടേയും ചുമതല നിര്‍വഹണത്തിന്റേയും ഇടയിലെ പ്രതിസന്ധികളില്‍ സെലീനാമ്മയ്ക്കു പ്രചോദനമായി. പരിശുദ്ധ മറിയവും വി. യൗസേപ്പും സെലീനാമ്മയ്ക്ക് മാതാവും, പിതാവും ഗുരുനാഥനുമായിരുന്നു. സഹനങ്ങളെ ദൈവത്തിന്റെ സംസാരഭാഷയായി സെലീനാമ്മ കണ്ടു. പീഡാനുഭവ ഘടികാര ധ്യാനം അമ്മയെ അതിജീവനത്തിന്റേയും ആത്മസമര്‍പ്പണത്തിന്റേയും വഴികളിലൂടെ നടത്തി.

മേരീ സെലീനാമ്മയുടെ ജീവിതവിശുദ്ധ നല്കുന്ന സന്ദേശം 'ജീവിതക്രമ'മാണ്, അടുക്കും ചിട്ടയുമുള്ള ജീവിതമാണ് വിശുദ്ധിയുടെ 'ബ്ലൂപ്രിന്റ്' എന്നതത്രേ. സെലീനാമ്മുടെ ''Plan of Life''' (ജീവിത പദ്ധതി) മനോഹരമായി വെളിപ്പെടുത്തുന്നതും ഈ യാഥാര്‍ത്ഥ്യമാണ്. ഉണരുമ്പോള്‍ മുതല്‍ ഉറങ്ങുന്നതുവരെ ഓരോ വിനാഴികയും എങ്ങനെ കടത്തിവിടണമെന്നും ദൈവം ദാനമായി നല്കിയ ഓരോ ദിവസവും, ഓരോ നിമിഷവും എങ്ങനെ ഉപയോഗിക്കണമെന്നും ഈ ജീവിതപദ്ധതി വെളിവാക്കുന്നു. ഓരോ നിമിഷവും ബോധപൂര്‍വകമായി ജീവിക്കലാണ് വിശുദ്ധിയുടെ മാനദണ്ഡമെന്ന സാക്ഷ്യമാണിത്. എല്ലാക്കാര്യങ്ങളിലുമുള്ള ഉദ്ദേശശുദ്ധിയും വിശുദ്ധിയുടെ ലക്ഷണമായിരുന്നു, സെലീനാമ്മയ്ക്ക്.

ഒരു നേതൃശുശ്രൂഷക എന്ന നിലയിലും ആത്മീയനേത്രി എന്ന നിലയിലും സഭാംഗങ്ങള്‍ക്ക് സെലീനാമ്മ മാതാവും മാതൃകയുമായിരുന്നു. സഭാതനയരുടെ സമഗ്രമായ വളര്‍ച്ച ലക്ഷ്യംവച്ചാണ് തന്റെ നേതൃശുശ്രൂഷ അമ്മ നിര്‍വഹിച്ചത്. എല്ലാവര്‍ക്കും ഒരിടം കൊടുത്ത ഇടയശുശ്രൂഷയായിരുന്നു, സെലീനാമ്മയുടേത്. സന്യാസസമൂഹത്തിലേയും സഭയിലേയും നിറവുകളുടേയും വിജയങ്ങളുടേയും ഉടമസ്ഥാവകാശം മാത്രമല്ല, കുറവുകളുടേയും പരാജയങ്ങളുടേയും ഉത്തരവാദിത്തം കൂടി ഏറ്റെടുത്ത ആത്മീയനേത്രിയായിരുന്നു സെലീനാമ്മ. ഒരു സമൂഹത്തില്‍ രോഗികളായി കഴിയുന്ന സഹോദരങ്ങള്‍ ആ സമൂഹത്തിന്റെ ആഭരണങ്ങളാണെന്ന മഹത്തായ ദര്‍ശനം പകര്‍ന്ന അധികാരിയാണ് സെലീനാമ്മ. താനും സഭാംഗങ്ങളും ദൈവസ്‌നേഹത്തിന്റെ കൈത്തോടുകളായി വര്‍ത്തിക്കണമെന്ന് തന്റെ നേതൃശുശ്രൂഷ സമയങ്ങളില്‍ സെലീനാമ്മ നിഷ്‌ക്കര്‍ഷിച്ചു. ''മഠം മനുഷ്യര്‍ക്കുവേണ്ടിയാകണം'' എന്ന തന്റെ കത്തുകളിലെ നിഷ്‌ക്കര്‍ഷ ഈ ദര്‍ശനത്തെ കൂടുതല്‍ സാധൂകരിക്കുന്നു. സ്ഥാപനത്തിനുശേഷം ഏകദേശം ഒരു നൂറ്റാണ്ടു പിന്നീടുമ്പോഴാണല്ലോ സെലീനാമ്മ സംയോജിത കര്‍മ്മലീത്ത സന്യാസിനീ സമൂഹത്തിന്റെ സാരഥിയാകുന്നത്. ഒരു മേലധികാരി, അജപാലിക, ആത്മീയനേത്രി ഒരുമയുടേയും അനുരജ്ഞനത്തിന്റയും ആള്‍രൂപമാകണമെന്ന് സെലീനാമ്മയുടെ നേതൃശൈലി പറഞ്ഞു തരുന്നു. വിശാലമായ വീക്ഷണം, സ്വീകരണ മനോഭാവം, ശ്രവിക്കല്‍, സംവദിക്കല്‍ എല്ലാം സഭാസംയോജന നാളുകളില്‍ മദര്‍ സെലീനാമ്മയുടെ പ്രവര്‍ത്തനരീതികളായിരുന്നു. കര്‍മ്മലീത്താസഭയ്ക്ക് സെലീനാമ്മ, ദൈവഹിതാന്വേഷണത്തിന്റെ വഴികാട്ടിയും, സ്ഥാപകസിദ്ധിയുടെ സംരക്ഷകയും കാലോചിതമായ വ്യഖ്യാനത്തിനുള്ള ആചാര്യയുമായിരുന്നു. തന്റെ ഈ ശുശ്രൂഷയെ സഭയെ പടുത്തുയര്‍ത്താന്‍ ലഭിച്ച പരിപാവനമായൊരു വരമായി കണ്ടു. സമാനതകളില്ലാത്ത തിരുസഭാ സ്‌നേഹം സെലീനാമ്മയുടെ ജീവിതവിശുദ്ധിയുടെ മാറ്റുകൂട്ടുന്നുണ്ട്. Sentire Cum Ecclesia - ''സഭയോടൊത്തു ചിന്തിക്കലാ''യിരുന്നു. സെലീനാമ്മയ്ക്കു സര്‍വവും. സന്യാസസമൂഹത്തിന്റെ സ്പന്ദനം തിരുസഭയുടെ സ്പന്ദനത്തിനൊപ്പമാകണമെന്ന് മദര്‍ സെലീന്‍ എഴുതി. തന്റെ സന്യാസ സമൂഹം തിരുസഭയിലെ ഒരു സുന്ദരോദ്യാനം കണക്കെ പരിമളം പരത്തുകയും പ്രഭ തൂകുകയും ചെയ്യണമെന്ന് നിഷ്‌ക്കര്‍ഷിച്ചു.

കര്‍മ്മയോഗവും ഭക്തിയോഗവും ജ്ഞാനയോഗവും സമജ്ഞസമായി സമ്മേളിപ്പിച്ച കേരളത്തിന്റെ അമ്മത്രേസ്യ മദര്‍ മേരി സെലിന്‍ തന്റെ കര്‍മ്മകാണ്ഡത്തെ കര്‍ത്താവില്‍ കേന്ദ്രീകരിച്ചുകൊണ്ട് അനിതര സാധാരണമാം വിധം വിശുദ്ധിയുടെ പരിമളം പരത്തിയ വ്യക്തിയാണ്. ആ വിശുദ്ധിക്ക് തിരുസഭയില്‍ ഔദ്യോഗികമായി അംഗീകാരം നല്കാനുള്ള രൂപതാതല നടപടി ക്രമങ്ങള്‍ സമാപിച്ചുകഴിഞ്ഞു. മദര്‍ മേരി സെലിന്റെ നാമകരണ തുടര്‍ന്ന നടപടികളില്‍ അത്ഭുതങ്ങളുടെ ആധികാരികതയുണ്ടാകണം. അവ ചിലപ്പോള്‍ രോഗസൗഖ്യങ്ങളാകാം. പക്ഷേ, ചെറുതും വലുതുമായ അവളുടെ രചനകളും, സര്‍വോപരി ആ ''ജീവിത പദ്ധതിയും'' വെളിവാകുന്ന ഒരു കാര്യമുണ്ട്: പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും സമന്വയിപ്പിച്ച് ജീവിതത്തിന്റെ സമഗ്രത കണ്ടെത്തുന്ന ഒരാള്‍ക്ക്, അധികാര ശുശ്രൂഷ നിര്‍വഹിക്കുന്ന വ്യക്തിയാണെങ്കിലും, സാധാരണ ശുശ്രൂഷ നിര്‍വഹിക്കുന്നയാളാണെങ്കിലും, വിശുദ്ധിയുടെ പരിമളം പരത്തുക അസാധ്യമല്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org