കര്‍മ്മയോഗിനി എറണാകുളത്തിന്റെ അമ്മ

(ദൈവദാസി മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ)
കര്‍മ്മയോഗിനി എറണാകുളത്തിന്റെ അമ്മ
സന്യാസത്തിനുള്ള പങ്ക് എന്ത്? എന്ന ചോദ്യം ആവര്‍ത്തിക്കപ്പെടുന്ന ഇക്കാലയളവില്‍ സന്യസ്ത ജീവിതത്തിന്റെ ആത്മീയ സന്തോഷം അനുഭവിക്കുന്ന ഞാന്‍ എന്നിലേക്കും ഞങ്ങളുടെ സഭാസ്ഥാപക ദൈവദാസി മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ എന്ന കര്‍മ്മയോഗിനിയിലേക്കും നിങ്ങളുടെ ചിന്തയെ നയിക്കട്ടെ.

ഇപ്പോഴത്തെ വിവാദങ്ങളില്‍ തമസ്‌കരിക്കപ്പെടുന്ന ഒരു വശമാണ് സന്യാസത്തിന്റെ നന്മകള്‍. മറഞ്ഞിരിക്കുന്നതും, വെളിച്ചത്തു വെളിപ്പെട്ടതുമായ നിരവധി നന്മകള്‍ ഓരോ സന്യസ്തര്‍ക്കും വിവരിക്കാനാകും. വീടും നാടും കുടുംബവുമെല്ലാം പരിത്യജിച്ച് ജീവിതം ദൈവമക്കള്‍ക്കായ് ഹോമിച്ചവര്‍.കര്‍ത്താവിലുള്ള ബന്ധം വചനത്തിന്റെ പ്രവാചകരും, സ്‌നേഹത്തിന്റെ സാക്ഷികളുമാക്കി തീര്‍ക്കുന്നു. 'ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നു' (2 കോറി. 5:14) എന്ന് വി. പൗലോസപ്പോസ്തലനോടൊപ്പം ഞങ്ങള്‍ സന്യസ്തര്‍ക്ക് ആത്മനിര്‍വൃതിയോടെ ഏറെ ചാരിതാര്‍ത്ഥ്യത്തോടെ പറയുവാനാകും.

ലോക അതിര്‍ത്തിയോളം ക്രിസ്തുവിന് സാക്ഷ്യം വഹിക്കുക എന്നത് ഏതൊരു ക്രൈസ്തവന്റേയും നിയോഗവും കടമയുമാണെന്ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ പറയുന്നു. ദൈവസ്‌നേഹത്തിന്റെ ആനന്ദം നമ്മെ സ്പര്‍ശിക്കുകയും രൂപാന്തരീകരിക്കുകയും ചെയ്യുന്നു. ഇത് ഒരിക്കലും നമ്മില്‍ മാത്രം ഒതുക്കി വയ്ക്കാവുന്ന ഒന്നല്ല. അത് ഒരു ശിഷ്യ സമൂഹത്തെ കൂടുതല്‍ ഉത്തേജിപ്പിക്കുന്നു. അങ്ങനെ അത് ഒരു പ്രേഷിത ആനന്ദമായി മാറുന്നു. പരിമിതികളുടെ ലോകത്തിലും, ദാരിദ്ര്യത്തിലെ ഇല്ലായ്മയിലും സന്തുഷ്ടയായി ദൈവപരിപാലനയിലാശ്രയിച്ച കര്‍മ്മയോഗിനിയുടെ ജീവിതം ഇക്കാലഘട്ടത്തിലും ഉദാത്തവും, അനുയോജ്യവും, മാതൃകാപരവുമാണ്. സന്യാസത്തെ എക്കാലവും ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് സമൂഹനിര്‍മ്മിതിക്ക് ആരോഗ്യവും, മൂല്യബോധവും, വിദ്യാഭ്യാസവുമുള്ള ഒരു ജനത അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിഞ്ഞ കര്‍മ്മയോഗിനിയായ ദൈവദാസി മദര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമയുടെ 166-ാം ജന്മദിനത്തിന്റെ അനുഗ്രഹീത മാസത്തില്‍ അമ്മയുടെ ജീവചരിത്രം നമുക്ക് പ്രചോദനമാകട്ടെ.

1858 ജനുവരി 29 ന് മദ്രാസില്‍ പീറ്റര്‍ ദിലീമയുടേയും മേരി ദിലീയുടേയും മകളായി മദര്‍ തെരേസ എന്ന മേരി ഗ്രെയ്‌സ് ജനിച്ചു. ജനുവരി 31 ന് മദ്രാസ് ജോര്‍ജ് ടൗണിലെ സെന്റ് മേരീസ് കോ കത്തീഡ്രലില്‍ ആയിരുന്നു മാമ്മോദീസ. മാമ്മോദീസയില്‍ ലഭിച്ച പേരു പോലെ 'ഗ്രെയ്‌സ്' അനുഗ്രഹവും കൃപയും നിറഞ്ഞ ജീവിതം. നന്നെ ചെറുപ്പത്തിലേ കര്‍മ്മല സഭയിലെ വേദപാരംഗതരായ മറ്റ് തെരേസമാരെപ്പോലെ അമ്മയെ നഷ്ടമായി. അമ്മ ഇല്ലാത്തതിന്റെ ഒരു കുറവും ജീവിതത്തില്‍ അനുഭവിക്കുവാന്‍ ഇടവരുത്താതെ പീറ്റര്‍ ദിലീമ മക്കളെ വളര്‍ത്തി. പ്രാര്‍ത്ഥനയിലും, ദൈവഭക്തിയിലും മനോഹരമാക്കിയ കുട്ടിക്കാലം.

തന്നെ പോലെ തന്റെ മകളും ഒരു അധ്യാപികയാകണമെന്ന ആഗ്രഹം, തന്റെ മകള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ പീറ്റര്‍ ദിലീമയെ പ്രേരിപ്പിച്ചു. ജോര്‍ജ് ടൗണില്‍ പ്രസന്റേഷന്‍ സിസ്റ്റേഴ്‌സിന്റെ സ്ഥാപനത്തില്‍ പഠനം പൂര്‍ത്തിയാക്കി ഉയര്‍ന്ന മാര്‍ക്കോടെ മെട്രിക്കുലേഷനും ടീച്ചേഴ്‌സ് ഹയര്‍ ഗ്രേഡ് പരീക്ഷയും പാസ്സായി അധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ടു.

സ്ത്രീകളുടെ വിദ്യാഭ്യാസവും ഉന്നമനവും വഴി മാത്രമേ സഭയിലേയും സമൂഹത്തിലേയും ജനങ്ങളെ ഉദ്ധരിക്കാനാവൂ എന്നു മനസ്സിലാക്കിയ അന്നത്തെ മലബാര്‍ വികാരി അപ്പസ്‌തോലിക് ഡോ. ലെയോനാര്‍ദ് മെല്ലാനോ മെത്രാപ്പോലീത്ത ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി ഒരു വിദ്യാലയം ആരംഭിക്കാന്‍ തീരുമാനിച്ചു. പ്രസിദ്ധ കര്‍മ്മലീത്ത മിഷനറിയും ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ പള്ളി വികാരിയുമായ റവ. ഫാ. അല്‍ഫോന്‍സസിന് നിര്‍ദേശം നല്‍കുകയും അദ്ദേഹത്തിന്റെ ഇടപെടല്‍ മുഖേന മദ്രാസ്സ് ജോര്‍ജ് ടൗണിലെ ഇടവക വികാരി റവ. ഫാ. ഡോയലിന്റെ പീറ്റര്‍ ദിലീമയോടൊപ്പമുള്ള കാര്യഗൗരവപൂര്‍വമായ ചര്‍ച്ച ദൈവീക പദ്ധതിക്കനുസൃതമായ തീരുമാനത്തില്‍ എത്തിച്ചു. ഏറെ വേദനയോടെ ആണെങ്കിലും പീറ്റര്‍ ദിലീമ തന്റെ മകളെ ദൈവഹിതപ്രകാരം ആലപ്പുഴയിലേക്ക് യാത്രയാക്കുന്നു. വിദ്യാലയത്തിന്റെ പ്രധാന അധ്യാപികയായി മിസ്സ് ഗ്രെയ്‌സ് ആലപ്പുഴയില്‍ നിയമിതയാവുകയും ചെയ്യുന്നു. അങ്ങനെ തന്റെ 21-ാമത്തെ വയസ്സില്‍ 1879 മെയ് മാസത്തില്‍ കേരളവുമായുള്ള മേരി ഗ്രെയ്‌സിന്റെ ബന്ധം ആരംഭിച്ചു. വിദ്യ പകര്‍ന്നു നല്‍കിയ ഗ്രെയ്‌സ് അവര്‍ക്ക് അനുഗ്രഹമായി മാറുന്നു.

ഒരു ക്രിസ്തീയ അധ്യാപിക എന്നതിലുപരി ഒരു മിഷനറി ജീവിതം നയിക്കുവാന്‍ കര്‍മ്മലീത്ത വൈദികരുടെ ആത്മീയ ജീവിതം മേരി ഗ്രെയ്‌സിനെ വല്ലാതെ ആകര്‍ഷിച്ചു. ദൈവവിളിയിലേക്കുള്ള ഗ്രെയ്‌സിന്റെ യാത്ര ഇവിടെ ആരംഭിക്കുന്നു. എത്രയോ നാളത്തെ ആഗ്രഹം... എത്രയോ നാളത്തെ പ്രാര്‍ത്ഥന... സ്‌നേഹമാകുന്ന ദൈവത്തില്‍ ലയിക്കാന്‍ ദൈവത്തിന്റെ സ്വന്തമായി മാറിക്കൊണ്ട് സമൂഹത്തിനായി വേല ചെയ്യുവാന്‍ തന്റെ ഉറ്റവരേയും ഉടയവരേയും ഉപേക്ഷിച്ച് കേരള മക്കള്‍ക്കായി അക്ഷീണം യത്‌നിച്ചു.

ക്രിസ്തുവിനായി തന്നെത്തന്നെ പൂര്‍ണ്ണമായി നല്‍കുവാന്‍ 1882 ല്‍ മേരി ഗ്രെയ്‌സ് കര്‍മ്മലീത്ത ആത്മീയ ജീവിതത്തിലേക്ക് പ്രവേശിച്ചു. 1883 ഏപ്രില്‍ 29 ന് സിസ്റ്റര്‍ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ എന്ന പേര് സ്വീകരിച്ചു. 1885-ല്‍ മെയ് 25 ന് കാര്‍മ്മലിന്റെ മകളായി വ്രതവാഗ്ദാനം നടത്തി.

ദൈവഭയവും, ദൈവസ്‌നേഹവും നിറഞ്ഞ ജീവിതം സമൂഹത്തിനായി ഉഴിഞ്ഞു വച്ച് അനുസരണമെന്ന പുണ്യം ജീവിതത്തില്‍ നടപ്പിലാക്കി ഡോ. ലെയോനാര്‍ദ് മെല്ലാനോയുടെ നിര്‍ദ്ദേശപ്രകാരം റവ. ഫാ. കാന്‍ഡിഡസിന്റെ നേതൃത്വത്തില്‍ എറണാകുളമെന്ന കൊച്ചു ഗ്രാമത്തിലേക്ക് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി 1887-ല്‍ സിസ്റ്റര്‍ തെരേസ തന്റെ കര്‍മ്മമണ്ഡലം സ്വീകരിക്കുന്നു. ഇത് കാര്‍മ്മലൈറ്റ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് തെരേസാസ് (CSST) സഭയുടെ എളിയ തുടക്കത്തിന് കാരണമായി. 1887 ഏപ്രില്‍ 24 ന് എറണാകുളം സെന്റ് തെരേസാസ് കോണ്‍വെന്റ് സ്ഥാപിതമായി. ഏറെ സന്തോഷത്തില്‍ പ്രകൃതിയോടും, മനുഷ്യരോടും, ദൈവത്തോടും ഇണങ്ങി ജീവിച്ചു. സേവനത്തിലും അഗ്രഗണ്യയായി.

അറിവില്ലാത്തവനെ പഠിപ്പിച്ച് വിദ്യയാകുന്ന വെളിച്ചം പകര്‍ന്ന് അജ്ഞതയുടെ അന്ധകാരം നീക്കുന്നത്, ഒരു ജീവകാരുണ്യ പ്രവൃത്തി മാത്രമായിട്ടല്ല മറിച്ച് തന്റെ കടമയായി സിസ്റ്റര്‍ തെരേസകണ്ടു. അറിവിന്റെ വെളിച്ചം വളര്‍ച്ചയുടെ മൂലക്കല്ലാണെന്ന് തിരിച്ചറിഞ്ഞു വര്‍ണ്ണ വര്‍ഗ ലിംഗ ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ഒരുപോലെ സ്വീകരിച്ച് വിദ്യാഭ്യാസം നല്കി നാടിനും രാജ്യത്തിനും ഉപകരിക്കുന്ന പൗരന്മാരാക്കുന്നതില്‍ മാതൃക കാട്ടി. 1887 മെയ് മാസത്തില്‍ കോണ്‍വെന്റിനോടു ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്കുവേണ്ടി ഇംഗ്ലീഷ് മീഡിയവും 1894 ല്‍ മാതൃഭാഷാ വിദ്യാലയവും ആരംഭിച്ചു. ധാര്‍മ്മികതയിലുറച്ച ഗുണാധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് സിസ്റ്റര്‍ തെരേസ പ്രാധാന്യം നല്‍കി. 1899-ല്‍ ഇന്‍ഡസ്ട്രിയല്‍ ടെയിനിംഗ് സ്‌കൂള്‍ സ്ഥാപിച്ചു വിദ്യാഭ്യാസത്തോടൊപ്പം കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനവും നല്‍കി. നിരവധി പേര്‍ തയ്യല്‍, കയര്‍ പിരിക്കല്‍, ചിത്രപ്പണികള്‍ തുടങ്ങിയവയില്‍ പ്രാവീണ്യം നേടി.

കോണ്‍വെന്റിനോടു ചേര്‍ന്നു, ആരുമില്ലാത്തവര്‍ക്കായി സംരക്ഷണ ഭവനം ആരംഭിച്ചു. കുഞ്ഞുമക്കളെ പ്രത്യേകിച്ച് വഴിയരികിലും മറ്റും ഉപേക്ഷിക്കപ്പെട്ട ആരുമില്ലാത്ത മക്കളെ സ്വീകരിക്കുക തന്റെ പ്രധാന ദൗത്യമായി ഏറ്റെടുത്തു.

ഗവണ്‍മെന്റും, ഡോക്ടര്‍മാരും, ഭക്തരായ ജനങ്ങളും മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുമക്കളെ ആ കരവലയത്തില്‍ ഏല്പിച്ചു. പ്ലേഗ് മഹാരോഗം തന്റെ കുഞ്ഞു മക്കള്‍ക്ക് പടര്‍ന്നു പിടിച്ചപ്പോള്‍ സിസ്റ്റര്‍ തെരേസ ഒരമ്മയുടെ സംരക്ഷണവും ശുശ്രൂഷയും ആ കുഞ്ഞു മക്കള്‍ക്കു നല്‍കി. രാത്രിയില്‍ വഞ്ചിയില്‍ കയറി മഞ്ഞുമ്മല്‍ ആശുപത്രിയില്‍ എത്തുകയും തന്റെ കുഞ്ഞുമക്കളുടെ അസുഖം ഭേദമാകുന്നതു വരെ അവരോടൊത്തു കഴിയുകയും ചെയ്തു.

1892-ല്‍ നിരാലംബരായ മാതാപിതാക്കള്‍ക്കായി വൃദ്ധമന്ദിരം സ്ഥാപിച്ചു. അനാഥരാക്കപ്പെട്ട സ്ത്രീകള്‍ക്കുവേണ്ടി അഭയ കേന്ദ്രവും തുറന്നു.

നിരാലംബരുടേയും അവശരുടേയും ആശ്രയകേന്ദ്രമായിരുന്നു 1899 മെയ് 17 ന് സിസ്റ്റര്‍ തെരേസ തുടക്കമിട്ട ആതുരാലയം. സമൂഹത്തിന്റെ വിവിധ തുറകളില്‍പെട്ട അനേകര്‍ ഇവിടെ ചികിത്സ തേടിയെത്തി.

നിരന്തരം രോഗികളുടെ വീടുകള്‍ സന്ദര്‍ശിച്ച് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുക പതിവായിരുന്നു. ഇതോടൊപ്പം തടവറയില്‍ കഴിയുന്നവരുടെ മാനസാന്തരത്തിനും ആശ്വാസത്തിനുമായി പ്രത്യേകം ശുശ്രൂഷകള്‍ നടത്തി. സമൂഹത്തിന് ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കുന്നതിനുവേണ്ടി തന്റെ സഹോദരിമാരെ കേരളത്തിലും, ഇന്ത്യയ്ക്കു പുറത്തുമയച്ച് പഠിപ്പിച്ച് അവരുടെ ഉപരിപഠനം പൂര്‍ത്തിയാക്കി തന്റെ സേവനം ഏറ്റവും ഹൃദ്യമാക്കുവാന്‍ സിസ്റ്റര്‍ തെരേസ ശ്രദ്ധിച്ചിരുന്നു.

തന്റെ ഏതു പ്രക്ഷുപ്ത നിമിഷങ്ങളിലും അമ്മ അഭയം തേടിയത് ദിവ്യകാരുണ്യ സന്നിധിയിലായിരുന്നു. ആതുര ശുശ്രൂഷയിലും അമ്മ ശോഭിച്ചു. യുവതികള്‍ക്കും ആലംബഹീനര്‍ക്കും അത്താണിയായി. വിവാഹം കഴിക്കാതെ അമ്മമാരായിത്തീര്‍ന്ന സ്ത്രീകള്‍ക്ക് കൈത്തൊഴില്‍ നല്‍കി ജീവിക്കുവാന്‍ പ്രേരണ നല്‍കി. തന്റെ ജീവിതവും സമയവും ദൈവമക്കള്‍ക്കായി നീക്കിവച്ചു. ദാരിദ്ര്യത്തിലും സന്തോഷം കണ്ടെത്തി. എളിമയും തെളിമയുമാര്‍ന്ന ജീവിതത്തിലൂടെ "A Worthy Daughter Of St Teresa' എന്ന അഭിസംബോധന കാര്‍മ്മലൈറ്റ് വൈദികരില്‍ നിന്ന് നേടിയെടുത്തു.

അങ്ങനെ പോര്‍ച്ചുഗീസ് വംശജയായ മേരി ഗ്രെയ്‌സ് എറണാകുളത്തിന്റെ സമുദ്ധാരികയായി... അമ്മയായി... കര്‍മ്മയോഗിനിയായി.

പഠനം പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ബിയാട്രിസ്റ്റ്‌സിനെ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും തിരികെക്കൊണ്ടുവരുവാനായി 1902 സെപ്തംബര്‍ 12 ന് തന്റെ ഇളയ സഹോദരി സിസ്റ്റര്‍ ജോസഫിനൊപ്പം മദ്രാസില്‍ നിന്നും ബോംബെയിലേക്ക് ട്രെയിന്‍ യാത്ര ചെയ്യവേ ആന്ധ്രയിലെ മംഗപട്ടണത്തില്‍ വച്ച് ഒട്ടും പ്രതീക്ഷിക്കാതെയുണ്ടായ ട്രെയിന്‍ അപകടത്തില്‍ സിസ്റ്റര്‍ തെരേസും സഹോദരിയും മറ്റ് യാത്രികരോടൊപ്പം സ്വര്‍ഗം പൂകി. അങ്ങനെ കാര്‍മ്മലിന്റെ റോസ ദൈവകരങ്ങളിലേക്ക് 44-ാം വയസ്സില്‍ എടുക്കപ്പെട്ടു. ഏവര്‍ക്കും കൃപാമാരി പൊഴിഞ്ഞു കൊണ്ട് മംഗപട്ടണത്തില്‍ അമ്മയുടെ നാമഥേയത്തിലെ സ്ഥാപനം സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിച്ചു പോരുന്നു.

ഇന്നും അമ്മയുടെ സ്വപനങ്ങള്‍ പൂവണിയുന്നു... CSST സഭാംഗങ്ങളായ ഞങ്ങളിലൂടെ, വിദ്യാലയങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകരിലൂടെ, പഠിക്കുന്ന കുഞ്ഞുമക്കളിലൂടെ... യുവതലമുറയിലൂടെ, പഠനം പൂര്‍ത്തിയാക്കി കടന്നുപോയ ഒട്ടനവധി വ്യക്തിത്വങ്ങളിലൂടെ... ഇടടഠ സഭയുടെ ആത്മീയത പങ്കുവയ്ക്കുന്ന CSST അസോസ്സിയേറ്റ്‌സിലൂടെ...

ദൈവദാസി പദത്തിലേക്ക് ഉയര്‍ത്തപ്പെട്ട അമ്മ സ്വര്‍ഗത്തില്‍ നിന്നും കൃപ ചൊരിയുന്നു... ആ കെടാവിളക്ക് പ്രകാശിക്കുകയാണ് രാത്രിയിലും, ആപത്ഘട്ടങ്ങളിലും, മാറാ രോഗങ്ങളിലും... CSST സഭാസമൂഹത്തിലൂടെ എന്നും അനുഗ്രഹം പൊഴിക്കുന്ന 'ഗ്രെയ്‌സ്' ആയി ഇനിയും ഏവരുടേയും ഹൃദയത്തില്‍ ജ്വലിക്കട്ടെ: ആത്മ സംതൃപ്തിയോടെ ഏവരും മനസ്സിലാക്കട്ടെ.... സന്യസ്ത സഭകള്‍ ഇന്നിന്റെ ആവശ്യമാണ്!!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org