അമ്മയെന്ന ഭൂമിയും അച്ഛനെന്ന സൂര്യനും

അമ്മയെന്ന ഭൂമിയും അച്ഛനെന്ന സൂര്യനും

അറിഞ്ഞാല്‍ സ്‌നേഹിക്കാതിരിക്കാനും സ്‌നേഹിച്ചാല്‍ ആരാധിക്കാതിരിക്കാനും ആരാധിച്ചാല്‍ അനുഗമിക്കാതിരിക്കാനും അനുഗമിച്ചാല്‍ പ്രഘോഷിക്കാതിരിക്കാനും കഴിയാത്ത സ്‌നേഹത്തിന്റെ മൂര്‍ത്തരൂപമായ യേശുക്രിസ്തുവിനെ സ്വന്തമാക്കാന്‍ മക്കളെ സഹായിക്കാതിരുന്നാല്‍ ക്രിസ്തീയ മാതാപിതാക്കള്‍ എന്ന നിലയില്‍ നമ്മുടെ ജീവിതം നിരര്‍ത്ഥകമാകും.

കല്ലറയ്ക്കു വെളിയില്‍ കണ്ണീര്‍ വാര്‍ത്ത് നില്‍ക്കവെ യേശുവിനെ കണ്ട മഗ്ദലേനമറിയം, 'അത് തോട്ടക്കാരനാണെന്നു വിചാരിച്ചു' എന്നാണ് സുവിശേഷകന്‍ രേഖപ്പെടുത്തുന്നത് (യോഹ. 20:15). തോട്ടത്തിലെ കല്ലറയില്‍ അടക്കപ്പെട്ടവനെ തിരഞ്ഞു വന്നവള്‍ക്ക് തോട്ടത്തില്‍ കാണപ്പെട്ടവന്‍ തോട്ടക്കാരനായി തോന്നിയതില്‍ അപാകതയില്ല. ഒരര്‍ത്ഥത്തില്‍ അവന്‍ തോട്ടക്കാരന്‍ തന്നെയല്ലേ? സ്‌നേഹത്തിന്റെ ശാശ്വതമായ പൂന്തോപ്പുകള്‍ നട്ടുവളര്‍ത്തുന്ന തോട്ടക്കാരന്‍? കരുണയുടെ നിത്യവസന്തങ്ങള്‍ നനച്ചു പരിപാലിക്കുന്ന തോട്ടക്കാരന്‍? പൂക്കളെ സൃഷ്ടിക്കുന്നതിലും അനായാസമായാകും ദൈവം മനുഷ്യരെ സൃഷ്ടിക്കുന്നത്! ഒരു പുഷ്പം അതിന്റെ സാകല്യതയില്‍ മനുഷ്യനെ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നുണ്ട്. ''ലില്ലികളെ നോക്കുവിന്‍'' എന്ന് യേശു പറയുന്നുണ്ടല്ലോ (ലൂക്കാ 12:27). വേണമെങ്കില്‍ മനുഷ്യര്‍ക്ക് പൂക്കളിലേക്കും ഒരു മെറ്റെമോര്‍ഫോസിസ് ആകാവുന്നതാണ്! ഒരു പുഷ്പ പരിണാമപ്രാപ്തിക്ക് പരിശ്രമിക്കാവുന്നതാണ്. ഭൂമിയില്‍ താന്‍ നട്ടുവളര്‍ത്തുന്ന പൂവാടിയെ യേശു വിളിച്ചത് ദൈവരാജ്യം എന്നാണ്. നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോ ഷവും (റോമാ 14:17) സ്‌നേഹവും ആനന്ദവും ക്ഷമയും ദയയും നന്മയും വിശ്വസ്തതയും സൗമ്യതയും ആത്മസംയമനവും (ഗലാ. 5:22) വിടര്‍ന്നു വിരാജിക്കുന്ന ആ അനശ്വരാരാമത്തിലെ സുരഭിലപുഷ്പമാകാനാണ് മാമ്മോദീസായിലൂടെയും തൈലാഭിഷേകത്തിലൂടെയും ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത്. ആ പൂന്തോപ്പിലേക്കുള്ള കവാടമാണ് ക്രിസ്തീയ കുടുംബം. മറ്റൊരര്‍ത്ഥത്തില്‍ ആ പൂന്തോപ്പ് ക്രിസ്തീ യ കുടുംബം തന്നെയാണ്.

യാത്ര

'മാമ്മോദീസായിലൂടെ ആരംഭിക്കുന്ന ഒരു യാത്ര' എന്നാണ് ഭാഗ്യസ്മരണാര്‍ഹ നായ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 'വിശ്വാസത്തിന്റെ വാതില്‍' എന്ന അപ്പസ് തോലിക രേഖയില്‍ വിശ്വാസത്തെ നിര്‍വ ചിക്കുന്നത്. അതൊരു മഹായാത്രയാണ്. മരുഭൂമികളും മരുപ്പച്ചകളും താഴ്‌വരകളും മലനിരകളും ശാന്തമായ തടാകങ്ങളും സാ ഗരഗര്‍ജ്ജനങ്ങളും ഒറ്റയടിപ്പാതകളും രാജ വീഥികളും താണ്ടുന്ന ഒരു മഹായാത്ര. നിലവിളികളും ആത്മഹര്‍ഷങ്ങളും മഹാമൗ നങ്ങളും പൊട്ടിച്ചിരികളും നൊമ്പരങ്ങളും സ്വപ്നങ്ങളും പാപപുണ്യങ്ങളുമെല്ലാം അകമ്പടിയേകുന്ന ഒരു മഹായാത്ര. ആ യാത്ര ആരംഭിക്കുന്നതും പുരോഗമിക്കുന്നതുമെല്ലാം കുടുംബങ്ങളിലൂടെയാണ്. ആ യാത്രയെ സാര്‍ത്ഥകമാക്കാനും ശിഥിലമാക്കാനും നയിക്കാനും വഴിതെറ്റിക്കാനും കുടുംബങ്ങള്‍ക്ക് കഴിയും. വിശ്വാസം അതിസ്വാഭാവികവും അമൂല്യവുമായ പൂമ്പൊടിയാണെന്ന് സങ്കല്പിക്കുക-അങ്ങനെയെങ്കില്‍ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് വിശ്വാസത്തിന്റെ പരാഗവിതരണം (pollination) നടക്കുന്നത് കുടുംബങ്ങളിലാണ്. വിശ്വാസത്തിന്റെ ഈ സംക്രമണം അഥവാ കൈമാറ്റമാണ് ക്രിസ്തീയ മാതാപിതാക്കളുടെ സുപ്രധാനമായ കര്‍ത്തവ്യം. മക്കള്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ ഉറപ്പാക്കുന്നതില്‍ തീരുന്നതല്ല അവരുടെ ദൗത്യം. പിന്നെയോ, മക്കളുടെ ഹൃദയത്തിന് കലവറയില്ലാത്ത സ്‌നേഹത്തിന്റെ ഭക്ഷണവും ആത്മാവിന് വിശുദ്ധിയുടെ വസ്ത്രവും അവര്‍ക്കായി നിത്യതയില്‍ അനശ്വരമായ പാര്‍പ്പിടവും ഒരുക്കിക്കൊടുക്കേണ്ടവരാണ് തങ്ങളെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുമ്പോഴാണ് കുടുംബത്തിലെ വിശ്വാസപരിശീലനം ആരംഭിക്കുന്നത്.

വിശ്വാസമെന്ന പാഠ്യവിഷയം

കത്തോലിക്കാസഭയുടെ യുവജനമതബോധന ഗ്രന്ഥമായ യൂകാറ്റിന്റെ ആമുഖത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ യുവജനങ്ങള്‍ക്ക് നല്കുന്ന ആഹ്വാനമുണ്ട്. ''നിങ്ങള്‍ എന്തു വിശ്വസിക്കുന്നുവെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. ഒരു ഐ ടി സ്‌പെഷ്യലിസ്റ്റ് കംപ്യൂട്ടറിന്റെ ആന്തരിക പ്രവര്‍ത്തനങ്ങള്‍ അറിയുന്നതുപോലുള്ള കൃത്യതയോടെ നിങ്ങളുടെ വിശ്വാസം നിങ്ങള്‍ അറിയണം. നല്ല സംഗീതജ്ഞന്‍ അയാള്‍ ഉപയോഗിക്കുന്ന സംഗീതോപകരണം അറിയുന്നതു പോലെ നിങ്ങള്‍ അതിനെ മനസ്സിലാക്കണം. അതെ, നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളുടെ തലമുറയെക്കാള്‍ കൂടുതല്‍ ആഴത്തില്‍ വിശ്വാസത്തില്‍ വേരുറച്ചവരാകണം. ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളും പ്രലോഭനങ്ങളും ശക്തിയോടും ദൃഢനിശ്ചയത്തോടും കൂടെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കു കഴിവുണ്ടാകാനാണത്.'' വിശ്വാസം എന്നതിനോളം ബൃഹത്തായ മറ്റൊരു പാഠ്യവിഷയമില്ല. കാരണം, 'ഈ ജീവിതത്തെയും വരാനിരിക്കുന്ന ജീവിതത്തെയും സംബന്ധിക്കുന്ന വാഗ്ദാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന' (1 തിമോ 4:8) പാഠ്യവിഷയം അതുമാത്രമാണ്. the occupation or concerns of parents - മാതാപിതാക്കന്മാരുടെ തൊഴില്‍; അവരുടെ ധര്‍മ്മം എന്നാണ് parenting എന്ന വാക്കിന്റെ അര്‍ത്ഥം. ക്രിസ്തീയ മാതാപിതാക്കളുടെ ഏറ്റവും വലിയ ധര്‍മ്മം വിശ്വാസം എന്ന രക്ഷാകരമായ വിഷയം പഠിക്കുകയും മക്കളെ പഠിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഈ അധ്യയനവും അധ്യാപനവും ആയുസ്സ് മുഴുവനും അവിരാമമായി തുടരേണ്ട ഒരു പ്രക്രിയയാണ്. വിശ്വാസം എന്ന വിഷയം ആരും ഇതുവരെ പൂര്‍ണ്ണമായി പഠിച്ചു പാസായിട്ടില്ലല്ലോ!

ദാനവും സമ്മാനവും

'കര്‍ത്താവിന്റെ ദാനമാണ് മക്കള്‍, ഉദരഫലം ഒരു സമ്മാനവും' എന്ന് സങ്കീര്‍ത്തകന്‍ ഉദ്‌ബോധിപ്പിക്കുന്നുണ്ട് (127:3).

മക്കള്‍ ദാനവും സമ്മാനവുമാണെന്ന് നമുക്കറിയാം. എന്നാല്‍ അവരെ വിശ്വാസത്തിലും ദൈവഭക്തിയിലും വളര്‍ത്താനുള്ള കൃപ, ദാനവും സമ്മാനവുമായി കര്‍ത്താവില്‍ നിന്ന് ചോദിച്ചു വാങ്ങേണ്ടതാണെന്ന് പലപ്പോഴും നാം ഓര്‍മ്മിക്കാറില്ല. അതിനാലാണ് മക്കള്‍ക്ക് വിശ്വാസം എന്ന ദാനം പകരാനും അവര്‍ക്ക് ദൈവത്തെ സമ്മാനിക്കാനും നാം പരാജയപ്പെടുന്നത്. അറിഞ്ഞാല്‍ സ്‌നേഹിക്കാതിരിക്കാനും സ്‌നേഹിച്ചാല്‍ ആരാധിക്കാതിരിക്കാനും ആരാധിച്ചാല്‍ അനുഗമിക്കാതിരിക്കാനും അനുഗമിച്ചാല്‍ പ്രഘോഷിക്കാതിരിക്കാനും കഴിയാത്ത സ്‌നേഹത്തിന്റെ മൂര്‍ത്തരൂപമായ യേശുക്രിസ്തുവിനെ സ്വന്തമാക്കാന്‍ മക്കളെ സഹായിക്കാതിരുന്നാല്‍ ക്രിസ്തീയ മാതാപിതാക്കള്‍ എന്ന നിലയില്‍ നമ്മുടെ ജീവിതം നിരര്‍ത്ഥകമാകും. ദാനങ്ങള്‍ നല്കുന്നത് നിരുപാധികമായാണെങ്കിലും അവയുടെ വിനിമയം കര്‍ത്താവ് കണിശമായി 'ഫോളോ അപ്' ചെയ്യുമെന്നതിന് താലന്തുകളുടെ ഉപമയേക്കാള്‍ നല്ല ധ്യാനപാഠമില്ല (മത്താ. 25:14-30).

ചൊട്ട = ചുടല

ചൊട്ടയിലെ ശീലം ചുടലവരെ എന്നാണ് പ്രമാണം. തൊട്ടിലിലേ ശീലം ചുടലയിലേ എന്നും പറയാറുണ്ട്. വിടരാത്ത പൂക്കുലയാണ് ചൊട്ട. ശവം ചുടുന്ന സ്ഥലമാണ് ചുടല. തൊട്ടിലിലേ ശീലിക്കുന്നവ ചുടലക്കളം വരെ കൂട്ടിനുണ്ടാകും എന്ന് സാരം. ആരാണ് ശീലിപ്പിക്കേണ്ടത്? മാതാപിതാക്കള്‍ എന്നല്ലാതെ മറ്റൊരു ഉത്തരമില്ല. 'ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക; വാര്‍ധക്യത്തിലും അതില്‍നിന്നു വ്യതിചലിക്കുകയില്ല' എന്ന് സുഭാഷിതകാരന്‍ പറയുന്നതിന്റെയും പൊരുളതാണ് (22:6). അതെ, "catch them young' അല്ലാതെ മറ്റൊരു മാര്‍ഗമില്ല. ശിശുവായിരിക്കുമ്പോഴേ വിശ്വാസത്തിന്റെ വഴിയേ പിച്ചവയ്പിക്കുക. പാദങ്ങള്‍ ദുര്‍ബലമാണെങ്കിലും ആ മഹായാത്രയിലേക്ക് പാദമൂന്നാന്‍ പഠിപ്പിക്കുക. നമ്മുടെ മാതാപിതാക്കള്‍ക്ക് ഈ സത്യം നന്നായി അറിയാമായിരുന്നു. വിശ്വാസത്തിന്റെ പൂമ്പൊടികള്‍ നമ്മില്‍ ഇപ്പോഴും അവശേഷിക്കുന്നതിന്റെ കാരണമതാണല്ലോ! ആ വിശ്വാസപരിശീലനത്തിന്റെ ഗുണഭോക്താക്കളായിട്ടും നമ്മുടെ മക്കളെ അത്തരമൊരു പരിശീലനത്തിലേക്ക് ആനയിക്കാന്‍ കഴിയുന്നില്ല എന്നതാണ് നമ്മുടെ പരാധീനത. ജീവിതരീതികളില്‍ വന്നു ഭവിച്ച വലിയ മാറ്റങ്ങള്‍, സാംസ്‌കാരികമായ അപചയങ്ങള്‍, സാങ്കേതികവിദ്യയിലെ വിപ്‌ളവങ്ങള്‍, ധനാസക്തി, സുഖലോലുപത, ലഹരിയുടെ അതിപ്രസരം, ലൈംഗിക അരാജകത്വം, കുടിയേറ്റം എന്നിങ്ങനെയുള്ള 'കലികാല വൈഭവ ങ്ങളെ' പഴിചാരി നമുക്ക് ഒഴിയാനാവില്ല. മക്കളുടെ വിശ്വാസ രൂപീകരണത്തില്‍ നാം എത്രമാത്രം ശ്രദ്ധാലുക്കളും തത്പരരും പരിശ്രമശാലികളുമാണ് എന്നതാണ് അടിസ്ഥാന ചോദ്യം. 'ദൈവഭക്തിയില്‍ ദൃഢതയും തീക്ഷ്ണതയും ഇല്ലാത്തവന്റെ ഭവനം അതിവേഗം നശിക്കും' എന്നൊരു വചനം പ്രഭാഷകന്റെ പുസ്തകത്തിലുണ്ട് (27:3). നമ്മുടെ കുടുംബത്തകര്‍ച്ചകളുടെ അടിസ്ഥാന കാരണം എന്തെന്ന ചോദ്യത്തിന് ഈ വചനമല്ലേ ഉത്തരം?

വത്തിക്കാന്‍ കൗണ്‍സിലും മതബോധനഗ്രന്ഥവും

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥവും മാതാപിതാക്കളുടെ കടമകളെക്കുറിച്ച് വാചാലമാകുന്നുണ്ട്. 'ഗാര്‍ഹിക സഭ' എന്നും 'ഉത്കൃഷ്ടതരമായ മനുഷ്യത്വത്തിന്റെ വിദ്യാലയം' എന്നുമൊക്കെ കുടുംബത്തെ വിശേഷിപ്പിച്ച കൗണ്‍സില്‍, മാതാപിതാക്കളെ വിശേഷിപ്പിച്ചത് മക്കളുടെ പ്രഥമ അധ്യാപകരും പ്രധാന അധ്യാപകരും എന്നാണ്. 'പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും ശ്രേഷ്ഠതയാലും ദൗത്യത്താലും അലംകൃതരായ' മാതാപിതാക്കളുടെ പ്രധാന ചുമതലയാണ് മക്കളുടെ വിശ്വാസരൂപീകരണം എന്ന് പ്രമാണരേഖ പഠിപ്പിക്കുന്നുണ്ട്. മതബോധന ഗ്രന്ഥത്തിന്റെ മനോഹരമായ പ്രബോധനം നോക്കൂ: 'തങ്ങളുടെ കുട്ടികള്‍ക്ക് വിശ്വാസരഹസ്യങ്ങളുടെ പ്രഥമ മുന്നോടികളായ മാതാപിതാക്കള്‍ അവരെ ആ രഹസ്യത്തിലേക്ക് ചെറുപ്രായത്തില്‍ തന്നെ പ്രവേശിപ്പിക്കണം. കുട്ടികളെ അവരുടെ ശൈശവത്തില്‍ തന്നെ സഭയുടെ ജീവിതവുമായി ബന്ധിപ്പിക്കണം' (CCC 2225). വിശ്വാസ രഹസ്യങ്ങളുടെ പ്രഥമ മുന്നോടികള്‍ എന്ന വിശേഷണം തന്നെ മാതാപിതാ ക്കള്‍ക്കുള്ള വലിയ ബഹുമതിയും പ്രചോദനവും വെല്ലുവിളിയുമല്ലേ? മക്കളെ ലോകത്തിന്റെ ആഭിമുഖ്യങ്ങളോടും ചിന്താധാരകളോടും ബന്ധിപ്പിക്കാന്‍ പല മാതാപിതാക്കളും അത്യധികം ഉത്സുകരാണ്. എന്നാല്‍ അവരെ വിശ്വാസത്തിന്റെ നാഥനോടും സഭയുടെ ജീവിതത്തോടും ബന്ധിപ്പിക്കാതെയുള്ള 'നേട്ടങ്ങള്‍' അവര്‍ക്കും മാതാപിതാക്കള്‍ക്കും വിനാശകരമാകും എന്നതല്ലേ യാഥാര്‍ത്ഥ്യം? കുടുംബത്തിലും ദേവാലയത്തിലുമായി നടക്കുന്ന വിശ്വാസ പരിശീലനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ നമ്മുടെ മക്കളും മാതാപിതാക്കളായ നമ്മളുമാണെന്ന് നാം തിരിച്ചറിയണം. 'കുടുംബത്തിലെ മതബോധനം വിശ്വാസത്തിന്റെ മറ്റു രൂപങ്ങള്‍ക്ക് മുമ്പേ പോകുകയും സഹഗമിക്കുകയും അവയെ സമ്പന്നമാക്കുകയും ചെയ്യുന്നു' എന്നും മതബോധന ഗ്രന്ഥം തുടരുന്നുണ്ട് (CCC 2226). ഞായറാഴ്ചകളില്‍ ദേവാലയങ്ങളില്‍ നടക്കുന്നത് വിശ്വാസ പരിശീ ലനത്തിന്റെ സുപ്രധാനമെങ്കിലും ചെറിയ ഒരു രൂപം മാത്രമാണ്. ആഴ്ചയില്‍ ഒന്നരമണിക്കൂര്‍ എന്ന കണക്കില്‍ 32 ആഴ്ചകളിലായി കഷ്ടിച്ച് 50 മണിക്കൂറാണ് ക്ലാസ്സുകളില്‍ വിശ്വാസ പരിശീലനത്തിനായി ലഭിക്കുന്നത്. വര്‍ഷത്തില്‍ രണ്ടു ദിവസം മാത്രം ദൈര്‍ഘ്യമുള്ള ഒരു വിശ്വാസപരിശീലനരൂപമാണ് സണ്‍ഡേ സ്‌കൂള്‍! അതൊരിക്കലും കുടുംബമതബോധനത്തിന് പകരമല്ല. വാസ്തവത്തില്‍ കുടുംബത്തിലെ വിശ്വാസപരിശീലനമാണ് ദേവാലയത്തിലെയും മറ്റെല്ലായിടത്തെയും മതബോധന പ്രവര്‍ത്തനങ്ങളെ ഫലദായകവും പൂര്‍ണ്ണവുമാക്കുന്നത്. കാറ്റെക്കിസം പഠിച്ചിട്ട് എന്ത് പ്രയോജനം എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം മാതാപിതാക്കള്‍ ഇന്നുമുണ്ട് എന്നത് ഖേദകരമാണ്.

അമ്മയെന്ന ഭൂമിയും അച്ഛനെന്ന സൂര്യനും

'കര്‍ത്താവിന്റെ അള്‍ത്താര അലങ്കരിക്കുന്ന പൂക്കള്‍ നിര്‍മ്മിക്കുന്ന ഉദ്യാനമാണ് കുടുംബം' എന്ന സുന്ദരമായ വാക്യം വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടേതാണ്. അതെ, കുടുംബം ഉദ്യാനമാണ്. മക്കള്‍ പൂക്കളും മാതാപിതാക്കള്‍ ഉദ്യാനപാലകരുമാണ്. മറ്റൊരു വാക്കില്‍, അമ്മയെന്ന ഭൂമിയും അച്ഛനെന്ന സൂര്യനും ചേര്‍ന്നു വിരിയിക്കുന്ന പൂക്കളാണ് മക്കള്‍. വെള്ളവും വളവും നല്കി ഭൂമി എപ്രകാരമാണോ ചെടിയെ പരിപാലിക്കുന്നത് അതുപോലെയാണ് അമ്മ മക്കളെ പരിപാലിച്ച് വളര്‍ത്തുന്നത്. ചെടി ഭൂമിയിലെന്നതുപോലെ മക്കള്‍ അമ്മയിലും അമ്മയാലും വളരുന്നു. സൂര്യപ്രകാശത്തിന്റെ സാന്നിധ്യമാണ് സസ്യങ്ങളെ പ്രകാശസംശ്ലേഷണത്തിന് (photosynthesis) സഹായിക്കുന്നത്. അതുപോലെ അച്ഛന്റെ ക്രിയാത്മകമായ സാന്നിധ്യവും മാതൃകയുമാണ് മക്കളെ ആത്മീയമായ പ്രകാശസംശ്ലേഷണത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്നത്. ചുരുക്കത്തില്‍ ഒരു സസ്യത്തിന് ഭൂമിയും സൂര്യനും എന്താണോ അതുതന്നെയാണ് ഓരോ മക്കള്‍ക്കും അമ്മയും അച്ഛനും. 'പരിശുദ്ധമായ അനുരാഗം' എന്നാണ് ദാമ്പത്യസ്‌നേഹത്തെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിശേഷിപ്പിച്ചത്. അത്തരമൊരു അനുരാഗത്തിന്റെ മാധുര്യവും ശക്തിയും സൗന്ദര്യവും നുകരുന്ന മാതാപിതാക്കള്‍ക്ക് മക്കളുടെ വിശ്വാസ പരിശീലനം ഒരിക്കലും വെല്ലുവിളിയാകില്ല. പിന്നെയോ, അവരുടെ സ്‌നേഹത്തിന്റെ സഹജമായ ഒരു ഒഴുക്കായി മക്കളുടെ വിശ്വാസ പരി ശീലനം സംഭവിക്കും. ബ്രിട്ടീഷ് ഗവണ്‍മെന്റ് ചെയ്തതുപോലെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും മാതാപിതാക്കളുടെയും കുട്ടികളു ടെയും അവകാശങ്ങളും വിശദീകരിക്കുന്ന "Parent's Charter' കത്തോലിക്കാസഭ പ്രസിദ്ധീകരിച്ചിട്ടില്ല. എങ്കിലും കാലാകാലങ്ങളിലൂടെ ദൈവവചനവും സഭാ പ്രബോധനങ്ങളും വിശുദ്ധരും മാര്‍പാപ്പമാരുമെല്ലാം ക്രിസ്തീയ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മനോഹരമായി വിശദീകരിച്ചിട്ടുണ്ട്. 'ഒരു ഉത്തമ കത്തോലിക്കാകുടുംബം ആകാശമോക്ഷത്തിന് സദൃശ്യമാണ്' എന്ന വിശു ദ്ധ ചാവറയച്ചന്റെ പ്രബോധനം ഒരിക്കലും ധ്യാനിച്ചു തീര്‍ക്കാനാകാത്ത ഉജ്വലമായ ഒരു പാഠമല്ലേ? ജീവിതരീതികളും ചിന്താധാരകളും മാറിക്കൊണ്ടിരിക്കും. പ്രതിസന്ധികളും വെല്ലുവിളികളും വന്നുകൊണ്ടേയിരിക്കും. എന്നാല്‍ 'യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍ തന്നെയാണ്' (ഹെബ്രാ. 13:8) എന്ന പരമസത്യം നാം മറക്കരുത്. മാറ്റമില്ലാത്ത ഈ മഹേശ്വരനെ നമ്മുടെ ജീവിതത്തിലൂടെ മക്കള്‍ക്ക് നല്കാന്‍ കഴിഞ്ഞാല്‍ മാത്രമാണ് മാതാപിതാക്കള്‍ എന്ന നിലയില്‍ നമ്മുടെ നിയോഗം പൂര്‍ണ്ണമാകുന്നത്. 'ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുകരിക്കുവിന്‍' എന്ന അപ്പസ്‌തോലന്റെ വാക്കുകള്‍ (1 കോറി. 11:1) മക്കളുടെ മുഖത്തുനോക്കി ആത്മധൈര്യത്തോടെ ആവര്‍ത്തിക്കാനായാല്‍ ഉദ്യാനപാലകര്‍ എന്ന നിലയില്‍ നമ്മുടെ മഹാദൗത്യം സഫലമായി എന്നുറപ്പിക്കാം. മുന്‍വിധികളും കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും വിപരീതഫലം മാ ത്രമേ ഉളവാക്കുകയുള്ളൂ. ഉപദേശങ്ങള്‍ കൊണ്ട് വെറുപ്പിക്കുകയല്ല, മാതൃകകളായി മാറിക്കൊണ്ട് അനുകരിക്കാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടത്. 'പ്രകോപനവരം' നിഷ്പ്രയോജനമാണ്. പകരം പ്രചോദനവരം സമൃദ്ധമായി പ്രയോഗിക്കാം. സ്‌നേഹവരം നിരുപാധികമായും കലവറയില്ലാതെയും ചൊരിയാം. സാന്നിധ്യവരം, സാമീപ്യവരം, ശ്രദ്ധാവരം, ശ്രവണവരം, ആലിംഗനവരം, ചുംബനവരം എന്നിങ്ങനെ വേദപുസ്ത കം പ്രകടമായി പറയാത്ത ചില വരങ്ങളും ഉപയോഗിച്ചാല്‍ മാത്രമേ ഇക്കാലത്ത് മക്കളെ വിശ്വാസത്തിലും ദൈവാനുഭവത്തിലും വളര്‍ത്താന്‍ കഴിയുകയുള്ളൂ. ''നീ എവിടെയാണ്?'' (ഉല്പ. 3:8), ''നിന്റെ സഹോദരന്‍ എവിടെ?'' (ഉ ല്പ. 4:9), ''നീ ഇവിടെ എന്തു ചെയ്യുന്നു?'' (1 രാജാ. 19:13) എന്നതൊക്കെ ദൈവം മനുഷ്യരോട് ചോദിച്ച മൗലികമായ ചില ചോദ്യങ്ങളാണ്. ''നിന്റെ പൂവാടിയിലെ പുഷ്പങ്ങള്‍ എവിടെയാണ്?'' എന്നതായിരിക്കും മാതാപി താക്കളായ നമ്മോട് അവിടുന്നു ചോദിക്കുന്ന ചോദ്യം. മനസ്സ് പതറാതെയും മിഴി നിറയാതെയും ആ ചോദ്യത്തിന് ഉത്തരമേകാന്‍ കുടുംബത്തിലെ വിശ്വാസ പരിശീലനം മാത്രമാണ് മാര്‍ഗം. സര്‍വേശ്വരന്റെ ആ ചോദ്യം നേരിടാനാകാതെ 'മാറി ഒളിക്കേണ്ട' ദുരവസ്ഥ, ആദിമാതാപിതാക്കളുടേതുപോലെ അമ്മയെന്ന ഭൂമിക്കും അച്ഛനെന്ന സൂര്യനും സംഭവിക്കാതിരിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org